Tuesday, April 25, 2017

DGP സെൻ കുമാർ

തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും വിജയൻറെ ജീവിതം ബാക്കി.

പിണറായി സർക്കാരിന് കരണത്ത് കിട്ടിയ ശക്തമായ അടിയാണ് ടി.പി.സെൻ കുമാറിനെ തിരിച്ചു DGP ആയി നിയമിക്കണം എന്ന ബഹു.സുപ്രീം കോടതിയുടെ വിധി. ലക്ഷങ്ങൾ മുടക്കി  പ്രശസ്തനായ വക്കീലിനെ നിയോഗിക്കുകയും ആവനാഴിയിലെ സർവതും പുറത്തെടുത്തിട്ടും, തിരുത്തിയ ഫയലുകൾ സമർപ്പിച്ചിട്ടും   സുപ്രീം കോടതി സത്യം കണ്ടെത്തുകയും കേരള സർക്കാരിന്റെ വാദങ്ങൾ എല്ലാം തള്ളി സെൻ കുമാറിനെ നിഷ്ക്കാസിതനാക്കിയ ഉത്തരവ് റദ്ദ് ചെയ്തു തിരിച്ചു നിയമനം നടത്താൻ ഉത്തരവിടുകയും ചെയ്തത്. 

എന്തിനാണ് സെൻ കുമാറിനെ മാറ്റിയത്? മാറ്റിക്കൊണ്ടുള്ള  പിണറായിയുടെ ഉത്തരവ്."....his leadership has not been satisfactory leading to serious dissatisfaction among the general public ...especially in regard to   Puttingal Temple incident and the Jisha murder case". സെൻ കുമാറിന്റെ നേതൃത്വം പൊതു ജനങ്ങൾക്ക് ഗുരുതരമായ അസംതൃപ്തി ഉളവാക്കി.

കോടതി വിധിയിൽ  പറയുകയാണ് "Suddenly, these issues resurfaced as soon as the present government assumed office.This might perhaps be a coincidence but it might also be politically motivated, as suggested by learned counsel for  the appellant". സെൻ കുമാറിനെ നീക്കിയത്  രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയും ആകാം എന്ന് ബഹു.സുപ്രീം കോടതി..

എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഇതിനിടെ സെൻകുമാറിനെ നിയമിച്ചതും നിയമപരമായി അല്ലെന്നു പിണറായി സർക്കാർ സത്യ വാ ങ്മൂലത്തിൽ പറഞ്ഞു. ''അങ്ങിനെയെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല" എന്നും കോടതി പറഞ്ഞു.

"the appellant has been unfairly and arbitrarily dealt with".  സെൻകുമാറിനെ മാറ്റിയത് അന്യായവും സ്വേച്ഛാതിപത്യപരവും ആണ്.

പിണറായിയുടെ ഫേവറിറ്റ് വക്കീൽ ഹരീഷ് സാൽവെ ആണ് സർക്കാരിന് വേണ്ടി വാദിച്ചു തോറ്റത്. ലാവലിനും വാദിക്കുന്നത് ആ ദേഹമാണ്.


തെറി വിളി

ജാത്യാലുള്ളത് തൂത്താൽ പോകില്ല. എം.എം.മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മണി കാണിക്കുന്നത്  മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്കാരമാണ്. അല്ലെങ്കിൽ എന്തിനാണ് മണിയെ മന്ത്രി ആക്കിയത്? മണിക്ക് ഒരു സുപ്രഭാതത്തിൽ പൊട്ടി വിരിഞ്ഞുണ്ടായതല്ല  ഈ സ്വഭാവ വിശേഷം. പാർട്ടിയിൽ കയറിയ കാലം തൊട്ടേ ഉണ്ട്. ഒരു പക്ഷേ അതായിരുന്നിരിക്കണം പാർട്ടിയിൽ കയറ്റാനുള്ള യോഗ്യത. എന്നിട്ടു മുഖ്യ മന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റും ഇവരുടെ കേന്ദ്ര നേതൃത്വവും  ഒരേ മനസ്സോടെ മണിയെ മന്ത്രിയാക്കി.1, 2, 3 പറഞ്ഞു കൊല നടത്തിയ കേസിലെ പ്രതിയാണ് മണി. അന്നേരം മാർക്സിസ്റ്റ് കാർക്ക് ധാർമിക പ്രശ്‍നം ഒന്നും ഉണ്ടായില്ല. മറ്റു പാർട്ടികൾ ചെയ്യുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നാണല്ലോ.ഈ ധാർമികം. 
 തുടക്കം മുതൽ മാണി അസഭ്യങ്ങളും സംസ്കാരമില്ലാത്ത ഭാഷയും പ്രയോഗങ്ങളും നടത്തി. അശ്ലീലം ആംഗ്യ ഭാഷയിലൂടെ പ്രകടിപ്പിച്ചു. മാർക്സിസ്റ്റ് കാരെല്ലാം ഇത് കണ്ടു ആസ്വദിച്ചു, കൈയടിച്ചു. ഇത്   ഗ്രാമ്യ ഭാഷ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഗ്രാമീണർ ഇത്തരം അസഭ്യമാണോ ഉപയോഗിക്കുന്നത്? ഏതു ഗ്രാമത്തിൽ ആണ് ഇത്തരം ആഭാസത്തരം സംസാരിക്കുന്നത്? ഇതിലൂടെ പാർട്ടി ഗ്രാമീണരെ അധിക്ഷേപിക്കുക കൂടി ആയിരുന്നു.

 എതിർ പാർട്ടികൾക്കെതിരെ  പരസ്യമായി ആഭാസം   പറയാൻ നേതൃത്വം നിയോഗിച്ച ആളാണെന്നു പറയാം. ഓരോന്നിനും  യോഗ്യത അനുസരിച്ചു നിയോഗിക്കാറുണ്ടല്ലോ. നിയമ സഭയിൽ ഉൾപ്പടെ സഭ്യേതര ഭാഷ പറഞ്ഞപ്പോഴും, നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ തെറി വിളിച്ചപ്പോഴും പാർട്ടി സന്തോഷിച്ചു.പാർട്ടിയുടെ മുഖമാണ് മണി. 


സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവന വന്നപ്പോൾ മാത്രമാണ് പിണറായിയും കോടിയേരിയും   മണിക്കെതിരെ പറയാൻ നിർബന്ധിതരായത്.അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു ശാസന. മിയ്ക്കവാറും പ്രശ്നം തീരും. മണി വീണ്ടും തെറി വിളിയുമായി സാംസ്കാരിക കേരളത്തിന് അപമാനമായി ഇങ്ങിനെ വിലസും. ഇവരെ തെരെഞ്ഞെടുത്ത ജനങ്ങൾ ഇത് അർഹിക്കുന്നു.

Sunday, April 23, 2017

കയ്യേറ്റ ഭൂമിയിലെ കുരിശുകൾമൂന്നാറിൽ കുരിശു നാട്ടി കൈയേറിയ സർക്കാർ ഭൂമി ഒഴിപ്പിച്ചത് കൈയേറ്റക്കാർക്കും അവർക്കു ചൂട്ടു പിടിച്ചു കൊടുക്കുന്ന രാഷ്ട്രീയക്കാർക്കും ഉള്ള ശക്തമായ ഒരു വാണിങ് ആയിരുന്നു. പ്രതീക്ഷിച്ചതു പോലെ കൈയേറ്റക്കാരെ പിൻതുണച്ച് രാഷ്ട്രീയക്കാർ, മാർക്സിസ്റ്റ് പാർട്ടി പരസ്യമായി  രംഗത്തു വന്നു. അത് കേരള മുഖ്യ മന്ത്രി തന്നെ ആയി എന്നുള്ളത് നമ്മുടെ ശാപം എന്ന് തന്നെ പറയാം.

കയ്യേറ്റ ഭൂമിയിലെ കുരിശുകൾ  പൊളിക്കാനായുള്ള മാർഗനിർദേശങ്ങൾ മുഖ്യമന്ത്രി പുറത്തിറക്കി.
1. പാർട്ടി എം.എൽ.എ.. പാർട്ടി ജില്ലാ സെക്രട്ടറി,ബ്രാഞ്ച് സെക്രട്ടറി,,L C സെക്രട്ടറി എന്നിവരുടെ രേഖാ മൂലമായ ഉത്തരവ് കളക്ടർ വാങ്ങണം.
2.ജെസിബി ,മൺവെട്ടി,പിക്കാസ്,കമ്പിപ്പാര   തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കരുത്.
3. പകരം മൊട്ടു സൂചി,ചെവിത്തോണ്ടി, പല്ലു കുത്തി ഇവ ഉപയോഗിക്കുക.
3 .ബിഷപ്പ്,പള്ളീലച്ചൻ,തുടങ്ങിയവരുടെ കാർമികത്വത്തിൽ കുരിശിനു  അന്ത്യ കൂദാശ ചെയ്യണം.
4. കയ്യേറ്റ മുതലാളിയോട് സമ്മതമാണോ എന്ന് മൂന്നു തവണ വിളിച്ചു ചോദിക്കണം.
5.അനന്തരം ഭക്ത്യാദര ബഹുമാനപുരസ്സരം കുരിശിനെ തൊട്ടു വ ണങ്ങി നോവിക്കാതെ എടുത്തു മാറ്റണം.
 6 . ഹാലേലുയ്യ ..സ്ത്രോത്രം സ്ത്രോത്രം  എന്ന് എല്ലാവരും ഒന്നിച്ചു ചൊല്ലുക. 

Thursday, April 20, 2017

ലേണഡ് ജഡ്ജ്

ഹൈക്കോടതി ജഡ്ജിമാരെ സഹോദര  ജഡ്ജിമാർ  ''ലേണഡ് ജഡ്ജ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. സുപ്രീം കോടതിയിലും അങ്ങിനെ തന്നെ വിളിക്കുന്നു.  പണ്ഡിതനായ ജഡ്ജി. ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധി കേട്ടോളൂ.

"(The).. tenant in the demised premises stands aggrieved by the pronouncement made by the learned Executing Court upon his objections constituted therefore...wherewithin the apposite unfoldments qua his resistance to the execution of the decree stood discountenanced by the learned Executing Court".

വല്ലതും മനസ്സിലായോ? ഇല്ല. നമ്മുടെ ഭാഷ മോശമായത് കൊണ്ടല്ല. ജഡ്ജിയുടെ ഭാഷ കേമമായതു കൊണ്ടാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയ്ക്കും സംഭവം  മനസ്സിലായില്ല. അത് കൊണ്ട് സുപ്രീം കോടതി (ജസ്റ്റീസ് എം.ബി. ലോക്കൂർ,ജസ്റ്റീസ് ദീപക് ഗുപ്ത)പറഞ്ഞു.
"We will have to set it aside because one cannot understand this."

വിധി മനസ്സിലാകുന്നില്ല എന്ന്. അത് കൊണ്ട് കേസും റദ്ദാക്കി.ഹിമാചൽ പ്രദേശ് ഹൈക്കോടതി യിലെ ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധിയാണിത്. ആർക്കു വേണ്ടിയാണ് വിധി? പ്രതിയുടെയും വാദിയുടെയും വക്കീലന്മാർക്കും ഇതിന്റെ അർഥം മനസ്സിലായില്ല. പ്രതിയ്ക്കും വാദിയ്ക്കും ഏകാഭിപ്രായം - വിധി മനസ്സിലായില്ല.

ഇത് പോലെ മറ്റൊരു സുപ്രീം കോടതി ബെഞ്ചും ഇതേ ജഡ്ജിയുടെ ഒരു വിധി ഇതേ പോലെ തള്ളി എന്ന് വക്കീൽ കോടതിയെ അറിയിച്ചു. ബഹു: ഹൈക്കോടതിയെ എല്ലാ ബഹുമാനത്തോടും പ്രതീക്ഷയോടും കാണുന്ന പാവം ജനങ്ങൾ ചെയ്യും? ''ലേണഡ് ജഡ്ജ്''മാരെ ആരാധനയോടെ നോക്കുന്ന പാവം ജനങ്ങൾ എന്ത് ചെയ്യും?


ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തപ്പോൾ 50% മാർക്ക് അഭിമുഖത്തിന് നിർബന്ധമാക്കിയപ്പോൾ തോറ്റ പരീക്ഷാർത്ഥികൾ അതിനെതിരെ സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ കേരള ഹൈ കോടതിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. വിധി അനുകൂലമെങ്കിൽ അഭിമുഖത്തിൽ തോറ്റ വരാണ് നാളത്തെ ജില്ലാ ജഡ്ജിമാർ, അവരാണ് മൂത്തു ഹൈക്കോടതിയിൽ എത്തുന്നത്. ലേണഡ് ജഡ്ജ് ആയി. ഇത്രയൊക്കെ
പ്രതീക്ഷിച്ചാൽ മതി.

Sunday, April 16, 2017

ജന വഞ്ചന.

വാണിയാനും വാണിയത്തിയും കളി എന്നൊരു പഴഞ്ചൊല്ലുണ്ട്. പൊതു ജനം ആട്ടാൻ കൊണ്ട് കൊടുക്കുന്ന കൊപ്രയിൽ നിന്നും എണ്ണ അടിച്ചു മാറ്റാൻ രണ്ടു പേരും കളിക്കുന്ന ഒരു നാടകം. തമ്മിൽ ഒരു വഴക്ക്. അടിയിൽ നിന്നും രക്ഷപ്പെടാൻ എന്ന വ്യാജേന ചക്ക് തുടയ്ക്കുന്ന തുണിയുമായി ആകെത്തേയ്ക്കു ഒരു ഓട്ടം. അവിടെ ഇരിക്കുന്ന പാത്രത്തിൽ എണ്ണ പിഴിഞ്ഞൊഴിച്ചു തിരിച്ചു വരുന്നു. കൊപ്ര കൊണ്ടു കൊടുത്തവൻ വിഡ്ഢിയായി നിൽക്കുന്നു.
അത് പോലാണ് CPI യും CPM ഉം കളിക്കുന്നത്. CPM ന്റെ പോളിസികൾക്കു എതിരെ ജന പക്ഷത്തു നിന്നു കൊണ്ട് CPI പ്രതികരിക്കുന്നു. സിപിഎം എതിർക്കുന്നു. പക്ഷേ ഈ സംഭവങ്ങളൊക്കെ നടക്കുന്നത് ഫേസ് ബുക്കിലും ജനയുഗ-ദേശാപമാനി പത്രത്താളുകളിലും വാർത്താ സമ്മേളനങ്ങളിലും മാത്രമാണ് എന്നതാണ് ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള നാടകം ആണെന്ന് പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും രൂക്ഷമായ പ്രതികരണങ്ങൾ വാദ പ്രതി വാദങ്ങൾ. ലാ അക്കാദമി വിഷയത്തിൽ ഇത് പോലെ ഇവർ തമ്മിൽ വഴക്കു ഉണ്ടാക്കിയതാണ്. കയ്യേറ്റം ഒഴിപ്പിക്കും എന്ന് സി.പി.ഐ. പറഞ്ഞു.ഒന്നും സംഭവിച്ചില്ല. പിണറായി പറഞ്ഞിടത്തു കാര്യങ്ങൾ നിന്നു.
മൂന്നാറിൽ സംഭവിക്കുന്നത്. മൂന്നാർ. റവന്യു ഭൂമി ഒഴപ്പിക്കാൻ പോയ സബ് കളക്ടറെ തടഞ്ഞു,തെറി വിളിച്ചു. സ്ഥിരം ശൈലിയിൽ CPI പ്രതികരിച്ചു. ഒന്നും സംഭവിച്ചില്ല. തടഞ്ഞ CPM കാർ സസുഖം വാഴുന്നു. CPI മുന്നണി യോഗങ്ങളിലും മന്ത്രി സഭാ യോഗത്തിലും ശബ്ദമുണ്ടാക്കുന്നു എന്ന് മാത്രം. ശക്തമായ ഒരു നിലപാട് എടുക്കുന്നില്ല. പുറത്തു പോര്, അകത്തു അഡ്ജസ്റ്റ്മെന്റ്. മുന്നണിയിലെ എല്ലാ പാർട്ടികളും തുല്യരാണ് എന്നൊക്കെ മാർക്സിസ്റ്റ് കാര് പറയുന്നെങ്കിലും അവരാണ് കാര്യങ്ങൾ നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. സി.പി.ഐ. ക്കും. അധികാരം വേണം. ജന പക്ഷത്താണ് എന്ന് ധാരണ പരത്തണം. അതാണ് ജന വഞ്ചന.