Sunday, May 31, 2015

ജാതി സംഘടന

അനുരാഗിന് ഇപ്പോഴത്തെ  മെഡിക്കൽ പ്രവേശന പരീക്ഷയിൽ 804 റാങ്ക് ഉണ്ട്. ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടും. പക്ഷേ കുറഞ്ഞ സർക്കാർ ഫീസ്‌ കൊടുക്കാൻ പോലും കഴിവില്ല. ആലപ്പുഴ ആണ് സി.എസ്. അനുരാഗിന്റെ വീട്. കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത ആണ്. സുമനസ്സുകളുടെ സഹായം അഭ്യർത്തിച്ചു കൊണ്ട് അവരുടെ ബാങ്ക് അക്കൌണ്ട് നമ്പരും കൊടുത്തിരുന്നു.  ഇങ്ങിനെ സാമ്പത്തിക പരാധീനത ഉള്ള പഠിത്തത്തിൽ മിടുക്കരായ പലരുടെയും കാര്യങ്ങൾ പത്രത്തിലും മറ്റു മാധ്യമങ്ങളിലും വരാറുണ്ട്. രണ്ടു ലക്ഷം രൂപ ഇല്ലാത്തത് കൊണ്ട് കായിക മത്സരത്തിനു പോകാൻ കഴിയാത്ത ഒരു താരത്തിനെ കുറിച്ചും വാർത്ത ഉണ്ടായിരുന്നു.

ഇവിടെ എത്ര ജാതി സംഘടനകൾ ആണുള്ളത്? ധാരാളം. ഓരോ ജാതിയ്ക്കും ഓരോന്ന്. നായർക്ക്, നമ്പൂതിരിയ്ക്ക്, ഈഴവന്, തട്ടാന്, ആശാരിയ്ക്ക്, മൂശാരിയ്ക്ക്, വിളക്കിത്തലയ്ക്ക്,തണ്ടാന്, മരയ്ക്കാന്, പുലയന്.  മുസ്ലിമിന്   ആകമാനം , പിന്നെ സുന്നി, ഷിയാ തുടങ്ങിയ അതിന്റെ അവാന്തര വിഭാഗങ്ങൾക്ക്, ക്രിസ്ത്യാനിയ്ക്ക്, മാർത്തോമ, യാക്കോബ,കത്തോലിക്കാ, പെന്തക്കോസ്ത് തുടങ്ങിയവ. അങ്ങിനെ സംഘടന ഇല്ലാത്ത ജാതികൾ ഇല്ല എന്ന്  തന്നെ പറയാം. ശരിയായ കണക്കു വേണമെങ്കിൽ സെക്രട്ടറിയെറ്റ് പടിയ്ക്കൽ നോക്കിയാൽ മതി. ഈ സംഘടനകളുടെ ഒക്കെ ഉദ്ദേശ ലക്ഷ്യം ഒന്ന് തന്നെയാണ് തങ്ങളുടെ ജാതി ക്കാരെ ഉദ്ധരിയ്ക്കുക എന്നത്. അല്ലെങ്കിൽ ഇങ്ങിനെ ജാതി സംഘടന ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.

നായരുടെ സംഘടന ആയ NSS ൻറെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് 105 കോടി രൂപയാണ്. ഈഴവന്റെ സംഘടന ആയ SNDP യുടെ  ബഡ്ജറ്റ് 88 കോടി രൂപ.  നൂറു കണക്കിന് സ്കൂളുകളും കോളെജുകളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും ഒക്കെയായി നൂറു കണക്കിന് കോടികളുടെ ആസ്തി ആണ് ഇവർക്കുള്ളത്.  മറ്റു സംഘടനകൾക്കും ഇത്രയൊന്നും കാണുകില്ല എങ്കിലും സാമാന്യം, ഭേദപ്പെട്ട ആസ്തിയും വരവും അവർക്കും ഉണ്ട്.

അനുരാഗിനെ പ്പോലെയുള്ളവർ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു ജാതിയിൽ പ്പെട്ടവർ ആണല്ലോ.  അവരെ സഹായിയ്ക്കേണ്ട ചുമതല ആ സംഘടനകൾ ക്ക് അല്ലേ?  ഓരോ സംഘടനയുടെയും ലക്ഷ്യം തങ്ങളുടെ ജാതിക്കാരെ സംരക്ഷിയ്ക്കുക എന്നതാണല്ലോ. അങ്ങിനെ ഓരോ സംഘടനയും അവരുടെ അംഗങ്ങളെ  സഹായിച്ചാൽ ഈ പ്രശ്നം തീരുമല്ലോ. പിന്നെ  എന്ത് കൊണ്ട് ആ സംഘടനകൾ അവരെ സഹായിയ്ക്കുന്നില്ല?   അത് ചോദിയ്ക്കേണ്ടതും അത് നേടിയെടുക്കേണ്ടതും ഈ സംഘടനയിലെ അംഗങ്ങളുടെ ഉത്തരവാദിത്വം ആണ്. അത് കൊടുക്കേണ്ട ചുമതല ജാതി സംഘടന നേതാക്കൾക്കും.

മാതൃഭൂമിയിൽ വന്ന മറ്റൊരു വാർത്ത സാമ്പത്തികമായി കഷ്ട്ടപ്പെടുന്ന    ശ്രീലത മേനോൻ  എന്ന മുൻകാല സിനിമാ നടിയെ കുറിച്ചാണ്. 20 സിനിമകളിലും കുറെയേറെ സീരിയലിലും അഭിനയിച്ചവർ. ഇന്ന് വളരെയധികം  കഷ്ട്ടപ്പടിലാണ്. ഒരു തുണ്ട് ഭൂമിയില്ല, വീടില്ല. മാരക രോഗത്തിന്റെ പിടിയിൽ ആണ്, ചികിത്സയ്ക്ക് പണമില്ല. കുട്ടികളെ വളർത്താൻ പാട് പെടുന്നു.  ഈ സിനിമാ രംഗത്തുള്ളവർക്ക് അവരെയൊന്നു സഹായിച്ചു കൂടെ? ഇപ്പോഴുള്ളവർ പലരും കോടിപതികൾ ആണല്ലോ. ലക്ഷവും കോടിയും വാങ്ങുന്നവർ. എസ്റ്റേറ്റും വില്ലകളും മറ്റും വാങ്ങി കൂട്ടുന്നവർ. 5 കോടിയുടെ ഓഡി R 8 വാങ്ങണോ അതോ BMW i 8 വാങ്ങണോ എന്നൊക്കെ ആലോചിയ്ക്കുന്ന എത്രയോ  സിനിമാക്കാർ ഉണ്ട്. അത്രയും ഒന്നും ഇല്ലെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും ഇങ്ങിനെ കഷ്ട്ടപ്പെടുന്നവർക്ക് കൊടുക്കാൻ കഴിവുള്ളവർ ആണ് എല്ലാവരും. എന്നിട്ടും കഷ്ട്ടപ്പെടുന്നവർക്ക്   ഒരു സഹായവും ചെയ്യാതെ ദുഷ്ട്ട മനസ്സുമായി കഴിയുകയാണ്  സിനിമാക്കാർ.

Saturday, May 30, 2015

സഹതാപം

അരുവിക്കരയിൽ കോണ്‍ഗ്രസ്സിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു- "സഹതാപം".

അത് ദിവംഗതനായ ശ്രീ കാർത്തികേയന്റെ ഭാര്യ ആകാം. മകൻ ആകാം.. മരുമകൾ ആകാം. ചെറുമക്കൾ ആകാം. ജീവിച്ചിരിയ്ക്കുന്ന ബന്ധുക്കൾ ആരെങ്കിലും ആകാം. ഇവർ ആരുമാകാൻ തയ്യാറല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവർ ആകാം. വീട്ടു ജോലിക്കാരനാകാം.  അങ്ങിനെ ആരും ആകാം.   മറ്റു യോഗ്യതകൾ ഒന്നും പ്രശ്നമേയല്ല. വേണ്ട  ഒരേ ഒരു യോഗ്യത കാർത്തികേയനുമായി എന്തെകിലും തരത്തിൽ ഒരു ബന്ധം ഉണ്ടായിരുന്നിരിയ്ക്കണം. അത്ര  മാത്രം. ഒരു സഹതാപം വർക്ക് ഔട്ട്‌ ചെയ്യാനുള്ള സ്കോപ്പ്. അത് മതി.  ഇനി ഡ്രൈവറും വേലക്കാരനും  തയ്യാറല്ലെങ്കിൽ ശ്രീ കാർത്തികേയന്റെ നായയെ തന്നെ ആക്കിയെന്നും വരാം. സംഭവം സഹതാപം വേണം അത്ര തന്നെ.

കോണ്‍ഗ്രസ്സ് കാരുടെ പാരമ്പര്യം നോക്കൂ. നെഹ്രു മാറി. മകൾ ഇന്ദിര പ്രധാന മന്ത്രി ആയി. അവരുടെ കാലശേഷം സഹതാപ തരംഗത്തിൽ മകൻ രാജീവ് പ്രധാന മന്ത്രി ആയി. അത് കഴിഞ്ഞ് ഭാര്യയെ പ്രധാന മന്ത്രി ആക്കാൻ നമ്മുടെ കോണ്‍ഗ്രസ്സ് കാർ കിണഞ്ഞു പ്രരിശ്രമിച്ചു. ഇറ്റലി ക്കാരി എന്ന പ്രശ്നം എടുത്തിട്ടതു കൊണ്ട് അത് നടന്നില്ല. എന്നാൽ മക്കളെ ആരെയെങ്കിലും പ്രധാന മന്ത്രി ആക്കാം എന്ന കളി കളിച്ചു. ആദ്യം മകനെ, രാഹുലിനെ, പ്രധാന മന്ത്രി ആക്കാൻ ശ്രമം തുടങ്ങി. പക്ഷേ പയ്യന് വേറെ പല കാര്യങ്ങളിൽ ആണ് താൽപ്പര്യം.ഇടയ്ക്ക് ഗേൾ ഫ്രെണ്ടിനെയും കൊണ്ട് ഏതൊക്കെയോ ദ്വീപിൽ ഒക്കെ കറങ്ങി എന്ന് കേട്ടു. അപ്പോഴാണ്‌ മകളെ എന്ത് കൊണ്ട് പ്രൊജക്റ്റ് ചെയ്തു കൂടാ എന്ന് തോന്നിയത്. അങ്ങിനെ കുറെ പൊട്ടൻ നേതാക്കളും മന്തൻ അനുയായികളും ആർത്തു  വിളിച്ചു. "പ്രിയങ്കയെ വിളിയ്ക്കൂ"  ഇന്ദിരയെ വിളിയ്ക്കൂ ഇന്ത്യയെ രക്ഷിയ്ക്കൂ  എന്ന്   പണ്ട്  വിളിച്ച പോലെ. വിളിയൊക്കെ നടന്നു. പക്ഷെ 44 സീറ്റും കൊണ്ട് ലോക സഭയുടെ ഒരു മൂലയിൽ ഇരിയ്ക്കേണ്ട ഗതികേട് വന്നു.

അങ്ങിനെ അന്തരിച്ച ആ മനുഷ്യന്റെ പേരും ആയി ഇറങ്ങിയിരിയ്ക്കുകയാണ്  വോട്ട് പിടിയ്ക്കാൻ. എത്ര മഹാ കഷ്ട്ടം ആണ് ഇവരുടെ കാര്യം. സഹതാപം തോന്നുന്നു.

Friday, May 29, 2015

മുസ്ലിം നിഷേധം

മുസ്ലിം യുവതിയ്ക്ക് ഫ്ലാറ്റ് നിഷേധിച്ചു എന്ന വാർത്ത നാടെങ്ങും പടർന്നു പിടിയ്ക്കുന്നു. മിസ്ബ ക്വാദ്രി എന്ന യുവതിയ്ക്ക് മുംബൈ യിൽ താമസിയ്ക്കാൻ ഫ്ലാറ്റ് കൊടുക്കില്ല എന്ന് പറഞ്ഞത് മുസ്ലിം ആയതു കൊണ്ടാണ് എന്നാണു പറയുന്നത്. അതും മോഡിയുടെ ഇന്ത്യയിൽ നടക്കും എന്നും മോദി ഭരിയ്ക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്നും പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും വൻപിച്ച പ്രചരണം അഴിച്ചു വിട്ടു.  

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത മറ്റൊന്നാണ്. യുവതിയ്ക്ക് ഫ്ലാറ്റ് നിഷേധിച്ചത് ആവശ്യമായ രേഖകൾ നൽകാൻ വിസമ്മതിച്ചത് കൊണ്ടാണ്.ആ കാര്യം കാട്ടി വീട് ബ്രോക്കർ പോലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് വടാല പോലീസ് സ്റ്റെഷനിൽ പരാതി കിട്ടിയിട്ടുണ്ടായിരുന്നു എന്ന് സീനിയർ ഇൻസ്പെക്ടർ സായാജി റാവു ഫദ്തരെ പറയുന്നു.ഡെപ്യുട്ടി കമ്മീഷണർ കിരണ്‍ ചവാൻ ഇത് സമ്മതിയ്ക്കുന്നു. 

ഒരു കാര്യം കൂടി പുറത്തു വന്നു. ഈ മിസ്ബ ക്വാദ്രി ഒരു മോഡൽ അല്ല. ഒരു ജേർണലിസ്റ്റ് ആണ് എന്ന്. ആം ആദ്മി പാർട്ടി യുടെ പ്രവർത്തക. അപ്പോൾ അതാണ്‌ കാര്യം. മോദിയെ പേര് ദോഷം വരുത്തുക. അത്ര തന്നെ. എന്തിനും മോദിയെ  കുറ്റം പറയുക.

 മോദി ഫ്ലാറ്റ് ഓണറെ വിളിച്ചു പറയുകയാണ്‌ ഒരു മുസ്ലിം സ്ത്രീ വരും ഫ്ലാറ്റ് കൊടുക്കരുത്. അല്ലെങ്കിൽ ഫ്ലാറ്റ് ഓണർ മോഡിയെ വിളിച്ചു ചോദിയ്ക്കുന്നു. ഒരു മുസ്ലിം സ്ത്രീ വന്നിട്ടുണ്ട് ഫ്ലാറ്റ് കൊടുക്കണമോ? മോദി പറയുന്നു. വേണ്ട. എത്ര ജുഗുപ്സാവഹം ആണ് ഈ രാജ്യ ദ്രോഹികളുടെ ആരോപണങ്ങൾ.

ഈ രാഷ്ട്രീയ വർഗീയ കളികളിൽ വീണു തകരുന്നത് നമ്മുടെ ഇടയിലുള്ള ഐക്യം ആണ്. ഈ കള്ളം പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് കൊണ്ട് ബുദ്ധി കുറഞ്ഞവർ അത് വിശ്വസിയ്ക്കുകയും മറ്റു മതങ്ങളോട് വിരോധവും 
ദ്വേഷ്യവും പുലർത്തുകയും ചെയ്യും. അത് വർധിച്ച് തമ്മിൽ ഉള്ള ആക്രമണം വരെ  ആകും.ഇത്തരം വാർത്തകൾ ഉണ്ടാക്കാനും  പ്രചരിപ്പിയ്ക്കാനും  വർഗീയ,വിധ്വംസക ശക്തികൾ കച്ചയും കെട്ടി ഇരിപ്പാണ്. അത് അത് പോലെ വിഴുങ്ങാൻ വിഡ്ഢികളായ ജനവും.  

മോദിയ്ക്കെതിരെയുള്ള പ്രചാരണങ്ങളുടെ ഭാഗമാണിത്. പക്ഷേ  ഇത് അതിലും അപ്പുറം പോകുന്നു. ഹിന്ദു-മുസ്ലിം സ്പർദ്ധ ഉണ്ടാക്കുകയും വളർത്തുകയും ആണ് ഇത് കൊണ്ട് ചെയ്യുന്നത്. ഡൽഹിയിൽ ക്രിസ്ത്യാനി പള്ളികൾ ആക്രമിച്ചത് ഹിന്ദുക്കൾ ആണെന്ന് ഒരു പ്രചാരണം അഴിച്ചു വിട്ടിരുന്നു. പോലീസ് സത്യം കണ്ടെത്തിയതോടെ അത് അവസാനിച്ചു. അത് പോലെ യുള്ള പ്രചാരണങ്ങൾ വൻ തോതിൽ നടക്കുന്നുണ്ട്. അത് കൊണ്ട് നേട്ടം ഉണ്ടാകുന്നത്  മത തീവ്ര വാദികൾക്ക് ആണെന്ന് മനസ്സിലാക്കണം. ഒന്നിച്ചു കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിയ്ക്കാൻ. 

മനുഷ്യനെ കൊല്ലാനും നശിപ്പിയ്ക്കാനും  വ്യത്യസ്ത മതങ്ങൾപോലും വേണ്ടെന്ന് ലോകത്ത് നടക്കുന്ന കാര്യങ്ങൾ തെളിയിയ്ക്കുന്നുണ്ടല്ലോ. ഐസിസ് കൊല്ലുന്നത് മുസ്ലിങ്ങളെ തന്നെ. പാകിസ്ഥാനിൽ മുസ്ലിങ്ങൾ തന്നെയാണ് മുസ്ലിങ്ങളെ കൊല്ലുന്നത്. അപ്പോൾ വ്യത്യസ്ത മതങ്ങൾ ആകുമ്പോൾ തീവ്രത കൂടുമല്ലോ. ഇപ്പോൾ ഐസിസ് ൻറെ ബ്ലോഗ്‌ മലയാളത്തിലും വന്നിട്ടുണ്ട് എന്ന് പറയുന്നു.

Thursday, May 28, 2015

കോമാളി വേഷം


ഈ രാഹുൽ ഗാന്ധിയെ കൊണ്ട് കോമാളി വേഷം കെട്ടിയ്ക്കുന്നത്‌ കോണ്‍ഗ്രസ്സുകാർക്ക്  ഒരു രസം ആണ്.പുള്ളിയുടെ സ്വഭാവം അതിനു പറ്റിയത് ആയതു കൊണ്ട് അത് എളുപ്പം ആണ് താനും.

 അടുത്തിടെ കണ്ടില്ലേ. ആരോടും പറയാതെ വീട്ടിൽ നിന്നും ഒരു ഇറങ്ങി പ്പോക്ക്. പരീക്ഷ തോൽക്കുന്ന പിള്ളാരോ അച്ഛനും അമ്മയും വഴക്ക് പറഞ്ഞ പിള്ളാരോ ചെയ്യുന്നത് പോലെ ഓർ പോക്ക്. എവിടെയാണെന്ന് ആർക്കും അറിഞ്ഞു കൂടാ. ഇന്ത്യയിൽ തന്നെ ഇല്ലായിരുന്നു എന്നാണു പറയുന്നത്. ഇത് വെറും പുള്ളാരല്ല. കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡനറ്. അടുത്ത പ്രധാന മന്ത്രി എന്ന് ഈ കോണ്‍ഗ്രസ്സുകാർ പൊക്കി കാട്ടുന്ന മഹാൻ. സാധാരണ ഗതിയിൽ ഇങ്ങിനെ പിള്ളാര് ഇറങ്ങി പ്പോയാൽ എവിടുന്നെങ്കിലും കാശുണ്ടാക്കി അച്ഛനമ്മമാർ പത്രത്തിൽ ഒരു പരസ്യം കൊടുക്കും. 
വയസ്സ്, നിറം, തുടങ്ങി ഒക്കുമെങ്കിൽ ഒരു ഫോട്ടോ കൂടി കൊടുക്കും. എന്നിട്ട്  " മകനേ മടങ്ങി വരൂ, അച്ഛനും അമ്മയും കാത്തിരിയ്ക്കുന്നു." 

രാഹുലിന്റെ കാര്യത്തിൽഅതും പറ്റിയില്ല. സംഭവം എന്ത് പറ്റി എന്ന് അറിഞ്ഞു കൂടെങ്കിലും നാണക്കേട്‌ വിചാരിച്ച് അമ്മയും കോണ്‍ഗ്രസ്സ് കാരും " എല്ലാം ഞങ്ങൾക്ക് അറിയാം, ലീവ് എടുത്തതാണ്" എന്നൊരു നിലപാട് ആണ് എടുത്തത്. അത് കൊണ്ട് അങ്ങിനെ ഒരു പരസ്യം കൊടുക്കാൻ പറ്റിയില്ല. പിന്നെ നമ്മുടെ സോഷ്യൽ മീഡിയ ആണ് ഇത്തരം പരസ്യങ്ങളും മറ്റും കൊടുത്തത്. ഏതായാലും മകൻ തിരിച്ചു വന്നു.

രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ്സുകാർ  കോമാളി വേഷം കെട്ടിയ്ക്കുന്നകഥ പറഞ്ഞല്ലോ. ഇത്തവണ കേരളത്തിൽ വന്നപ്പോൾ ഒരു കുടിലിൽ കയറ്റി കപ്പയും മീനും കൊടുത്തു. നേരത്തെ അറേൻജ്‌ ചെയ്തു വച്ചിരുന്നതാണ്.  കേരളത്തിലെ മത്സ്യ ത്തൊഴിലാളികളോട് ഐക്യ ദാർ ഡ്യം പ്രകടിപ്പിയ്ക്കാനാണ് രാഹുലിനെ കൊണ്ട് ഒരു മത്സ്യ ത്തൊഴിലാളി യുടെ വീട്ടിൽ കപ്പയും മീനും കഴിയ്ക്കാൻ പറഞ്ഞത്.

ആ ഫോട്ടോയിൽ അങ്ങേര് ഇരിയ്ക്കുന്നത് തന്നെ ഒരു വശം കെട്ട ഇരിപ്പാണ്. നിലത്തു ഇരിയ്ക്കാൻ അറിഞ്ഞു കൂടാ എന്ന് പറഞ്ഞാൽ സമ്മതിയ്ക്കാൻ കഴിയില്ല. കാരണം പണ്ട് തൊട്ടേ കോണ്‍ഗ്രസ്സ് കാർ തറ ആണ്. ഒരു ഉരുളൻ തലയിണയും കെട്ടിപ്പിടിച്ചു കൊണ്ട് നെഹ്രുവിന്റെ കാലം തൊട്ട് AICC മീറ്റിംഗ് തൊട്ട് എല്ലാറ്റിനും കോണ്‍ഗ്രസ്സുകാർ   തറയിൽ ഇരിയ്ക്കുന്നത് കണ്ടിട്ടില്ലേ.    (കോണ്‍ഗ്രസ്സ് പാരമ്പര്യം നില നിർത്താൻ കേരളത്തിൽ   അങ്ങിനെ സ്വന്തം പേരിൽ അത്  കൂട്ടിച്ചേർത്ത  കോണ്‍ഗ്രസ്സ് കാർ  വരെ ഉണ്ട്). ആ കുടിലിൽ ഇട്ട പായയിൽ അഴുക്കോ മീൻ കറിയോ വീണു കാണും. അതാണ്‌ ഓൻ ചന്തീം കുത്തി ഇരിയ്ക്കാഞ്ഞത്.

കൂടെ ആരൊക്കെയാ എന്ന് നോക്കാം. ഒരു  മൂലയ്ക്ക്‌ ഒതുക്കി ഇരുത്തിയേക്കുന്നത് ആരെയാ? നമ്മുടെ മുഖ്യ മന്ത്രി അല്ലിയോ.ഒരു കഷണം കപ്പയും കയ്യിൽ വച്ച് കൊണ്ട് മണ്ണും ചാരി വിഷമിച്ച്    ഇരിയ്ക്കുവാ ചാണ്ടിച്ചായൻ. ( "ഇവിടൊന്നും കിട്ടിയില്ല. ഇവിടെ ആരും ഒന്നും തന്നില്ല" എന്ന് പറഞ്ഞു കൊണ്ട്). ചട്ടിയിൽ നിന്നും  മീങ്കറി വിളമ്പി ക്കൊടുക്കുന്നതോ. സാക്ഷാൽ വി.എം. സുധീരൻ. ഇതെല്ലാം കണ്ടു കൊണ്ട് ചിരിച്ചു കൊണ്ടിരിയ്ക്കുന്നതോ. ആഭ്യന്തര മന്ത്രി രമേശ്‌. ആ ഇടതു കൈ കൊണ്ട് മീൻ തിന്നുന്ന ആളാ അടുത്ത കോണ്‍ഗ്രസ് പ്രധാന മന്ത്രി. ആ ഒഴിച്ച് കൊടുക്കുന്നത് എന്താണെന്നാ സംശയം. കപ്പയുടെയും മീൻകറിയുടെയും കോമ്പിനേഷൻ കള്ള് ആണ്. അത് എന്താണെന്ന്  മദ്യ മന്ത്രി ബാബു ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തി കണ്ടു പിടിയ്ക്കട്ടെ.

കപ്പേം മീനും തിന്ന് കയ്യും നക്കി അങ്ങേര് പോയി. മത്സ്യ തൊഴിലാളികളുടെ കഞ്ഞി കടലിൽ  തന്നെ.

Wednesday, May 27, 2015

മരുഭൂമി

ചൂട് കൊണ്ട് മനുഷ്യർ മരിച്ചു വീഴുന്നു. സഹാറ മരുഭൂമിയിലോ സൗദി മരുഭൂമിയിലോ ഉള്ള കഥ അല്ല ഇത്. ഇവിടെ നമ്മുടെ ഭാരതത്തിൽ. കേരളത്തിന്റെ തൊട്ടു അയൽപക്കമായ ആന്ധ്ര യിലും തെലംഗാനയിലും ചൂടിൽ മരിച്ചവരുടെ എണ്ണം 532 ആയി. പശ്ചിമ ബംഗാളിലും ഏതാണ്ട് 50 പേര് മരിച്ചു. ഡൽഹിയിൽ 44 ഡിഗ്രി ചൂട്. ഉത്തര പ്രദേശിൽ ചിലയിടങ്ങളിൽ 48 ഡിഗ്രി. ഒടിഷയിലും രാജസ്ഥാനിലും എല്ലാം ചൂട് വളരെ കൂടുതൽ ആണ്. ഇനിയും മൂന്നാലു ദിവസം ഇങ്ങിനെ നിൽക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

ഓരോ വർഷവും ചൂട് കൂടിക്കൊണ്ടിരിയ്ക്കുന്നു. ഇനിയും വളരെ കൂടാനാണ് സാധ്യത. നമ്മൾ അന്തരീക്ഷത്തിലേയ്ക്ക് തള്ളി വിടുന്ന വാതകങ്ങൾ ആണ് ഇതിനു ഒരു കാരണം. ആഗോള താപനം എന്നൊക്കെ പറയും.   കാറുകൾ എല്ലാം എയർ കണ്ടീഷൻ ആണ്. പിന്നെ ബസുകൾ.  എത്ര വാഹനങ്ങൾ ആണ് ഓടുന്നത്. അതെല്ലാം പുറത്തേയ്ക്ക് തള്ളുന്ന വാതകം അന്തരീക്ഷത്തിൽ നിൽക്കുന്നു. ഒരു എയർ കണ്ടീഷണർ ഇന്ന് എല്ലാവർക്കും വാങ്ങാവുന്ന തരത്തിൽ ആയി. ഒരെണ്ണത്തിന്‌ 25000 രൂപ മാത്രം. കോടികൾ മുടക്കി വീട് വയ്ക്കുന്നവർക്ക് എല്ലാ മുറിയി ലും ഓരോ   എയർ കണ്ടീഷണർ  വച്ചാലും ഒരു  ലക്ഷമോ രണ്ടു ലക്ഷമോ ആകും അത്ര തന്നെ. കച്ചവട സ്ഥലങ്ങൾ എല്ലാം എയർ കണ്ടീഷൻഡ് ആണ്. അതെല്ലാം ഇന്ന് "മാളുകൾ" ആണ്. അനാവശ്യമായ സ്ഥലം കെട്ടി പ്പോക്കി ഇട്ടിരിയ്ക്കുന്നു. മുഴുവൻ എയർ കണ്ടീഷൻഡ്. പ്രധാന നഗരങ്ങളിൽ മാത്രമല്ല ഗ്രാമ ങ്ങളിൽ വരെ ഇന്ന് "മാളുകൾ" ആണ്. അത് പോലെ സിനിമ കാണാൻ. "മൾട്ടിപ്ലെക്സ്" കൾ. ഇരുന്നു സിനിമ കണ്ടാൽ പോര. കിടന്നും തിന്നും കുടിച്ചും കാണുക. അത്രയും സൌകര്യങ്ങൾ ഒരുക്കാനുള്ള സ്ഥലം വെറുതെ എയർ കണ്ടീഷൻഡ് ആക്കി ഇട്ടിരിയ്ക്കുന്നു. തുണിക്കടകൾ, സ്വർണ ക്കടകൾ ലക്ഷ ക്കണക്കിന് ചതുരശ്ര അടി സ്ഥലം രാവിലെ മുതൽ രാത്രി വരെ എയർ കണ്ടീഷൻഡ് ആയി നില നിർത്തുന്നു.

പല വ്യഞ്ജന ക്കടകൾ എല്ലാം എയർ കണ്ടീഷൻഡ്  "മാർട്ട്'' കൾ ആയി. ഇന്ന് പച്ചക്കറി വാങ്ങാൻ പോലും  എയർ കണ്ടീഷൻഡ് ഷോ റൂമുകൾ. ശീതള അന്തരീക്ഷത്തിൽ പച്ചക്കറി നോക്കി എടുക്കാം. എത്ര ശീതളം ആയാലും വിഷ ലിപ്തമായ പച്ചക്കറികൾ ആണ് അതിനകത്തുള്ളത്. സാധാരണ പച്ചക്കറിക്കടകളിൽ പോകാൻ ആൾക്കാർക്ക് വൈമുഖ്യം. എന്തിന് മീൻ വിൽക്കാൻ പോലും എയർ കണ്ടീഷൻഡ് കടകൾ.  

 രാവിലെ എയർ കണ്ടീഷൻഡ് വീട്ടിൽ നിന്നും ഇറങ്ങി എയർ കണ്ടീഷൻഡ് കാറിൽ കയറി എയർ കണ്ടീഷൻഡ് ഓഫീസിൽ ജോലി ചെയ്ത് തിരിച്ചു വരുന്ന വഴി എയർ കണ്ടീഷൻഡ് കടയിൽ കയറി സാധനവും വാങ്ങി തിരിച്ച് എയർ കണ്ടീഷൻഡ് വീട്ടിൽ. ഇതായിരിയ്ക്കുന്നു നമ്മുടെ ജീവിത രീതി.


ആകെ എയർ കണ്ടീഷൻഡ് അല്ലാത്തത് നിരത്തുകൾ മാത്രമായിരിയ്ക്കുന്നു. ഇപ്പോൾ ഒരു നഗരം മുഴുവൻ വൈ ഫൈ ആക്കുന്നുണ്ടല്ലോ. കോഴിക്കോട് ആയെന്നും ഇനി അടുത്തത്‌ കൊച്ചി ആണെന്നും. അത് പോലെ പോലെ ഒരു നഗരം മുഴുവൻ എയർ കണ്ടീഷൻഡ് ആക്കാൻ ഉള്ള പദ്ധതി ഇടണം.

Monday, May 25, 2015

സ്വർണ കല്യാണം
ഇതൊരു സാമ്പിൾ. ഇനി ആ പാവം കുട്ടിയ്ക്ക് എടുക്കാൻ വയ്യ ആഭരണങ്ങൾ. അല്ലെങ്കിൽ കുറെ ക്കൂടി ഇട്ടേനെ. കേരളത്തിൽ നടക്കുന്ന വിവാഹങ്ങൾ എല്ലാം മിയ്ക്കവാറും ഇത് പോലൊക്കെ തന്നെ. 100 പവൻ. 200 പവൻ അങ്ങിനെ പോകുന്നു കണക്ക്. ( 25 ലക്ഷം 50 ലക്ഷം വില ) ഇതിൻറെ കൂടെ ഡയമണ്ട് ആഭരണങ്ങളും ഇപ്പോൾ ഫാഷൻ ആയി ത്തുടങ്ങി.   അത് വലിപ്പമില്ല ഇത്ര പൊലിപ്പും. ഇനി കടക്കാര് തരുന്നത് ഒറിജിനൽ വജ്രം ആണോ എന്ന് ദൈവത്തിനു അറിയാം. അവർ പറയുന്നു. നമ്മൾ വാങ്ങുന്നു. എല്ലാം ഒരു വിശ്വാസം. അവർ കളിപ്പിയ്ക്കുന്നു. അതും ഒരു വിശ്വാസം.

 


ഇതൊക്കെ നെറ്റിൽ നിന്നും എടുത്ത ചിത്രങ്ങൾ ആണ് ആരുടെതെന്ന് അറിയില്ല,Image result for kerala muslim bridegroom photos


സ്വർണം കാണിയ്ക്കാൻ വേണ്ടി എടുത്തു എന്ന് മാത്രം.

ഇതൊക്കെ പറയാൻ കാരണം കല്യാണത്തിന് 10 പവൻ മാത്രം സ്വർണമേ ഉപയോഗിയ്ക്കാവൂ എന്നൊരു നിയമ നിർമാണം നടത്തണം എന്ന് കേരള വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നു. നടപ്പാകും എങ്കിൽ നല്ലത്.

അങ്ങിനെയൊന്നു വരുമെങ്കിൽ വർഗീയ വാദികൾ ഇടപെടുമോ എന്നാണു സംശയം. ഇത്തരം ഒരു നിയമം മത വികാരങ്ങളെ വ്രണ പ്പെടുത്തും എന്ന് പറഞ്ഞ്.  കാശുള്ളവരോട് ഒപ്പമെത്താൻ കിടപ്പാടം എഴുതി വിറ്റാണ് ഇന്ന് പല കല്യാണങ്ങളും നടത്തുന്നത്. പലതും സ്ത്രീധന പ്രശ്നത്തിൽ പിരിയാറുമുണ്ട്. ആത്മഹത്യയും കൊലപാതകവും നടക്കുന്നുമുണ്ട്. Sunday, May 24, 2015

ഇനി ഇത് കൂടി

ഇത് മാത്രമേ ബാക്കിയുള്ളൂ. 

SSLC  പരീക്ഷാ ഫലം തകിടം മറിച്ചു. നാട്ടിൽ മുഴുവൻ പ്ലസ് 2 സ്കൂളുകൾ അനുവദിച്ച് കാശുണ്ടാക്കി. സർവകലാശാലകൾ കള്ള സർട്ടിഫിക്കറ്റുകളുടെയും  (കോഴിക്കോട്) കോപ്പിയടിയുടെയും  (MG ) കേന്ദ്രങ്ങൾ ആക്കി. കേരളത്തിലെ "ബിദ്യാബ്യാസ" നിലവാരം തന്റെതിനൊപ്പം തറ ആക്കി. 4 വർഷത്തെ ഭരണം  കൊണ്ട്  വിദ്യാഭ്യാസം ആകെ താറുമാറാക്കി.

ഇനി ഇതും കൂടിയേ ബാക്കിയുള്ളൂ. കേരള സമൂഹത്തെ മുണ്ട് പൊക്കി കാണിയ്ക്കുക.Saturday, May 23, 2015

മൊഴി ചൊല്ലി

ഈ സിദ്ദിക്കിന് എന്തിന്റെ കുഴപ്പമാ? ഈ സിദ്ദിക്ക് അല്ല. സാക്ഷാൽ  ടി. സിദ്ദിക്ക്. കോണ്‍ഗ്രസ്സിലെ കരുത്തനായ യുവ നേതാവ്. ചാനലുകളിൽ സ്ഥിരം വിഡ്ഢിത്തരം പറയുന്ന   പോപ്പുലർ നേതാവ്. ( ചാനലിൽ അങ്ങിനെ സിദ്ദിക്കിനെ ഒറ്റപ്പെടുത്തണ്ട. ഉണ്ണിത്താൻ, തറയിൽ,വാഴയ്ക്ക ഇങ്ങിനെ വരുന്ന എല്ലാവരും ഇങ്ങിനെ തന്നെ).  സിദ്ദിക്ക് അങ്ങേരുടെ ഫേസ് ബുക്കിൽ കുറെ കാര്യം എഴുതിയിരുന്നു. അങ്ങേരുടെ മുൻ ഭാര്യ അങ്ങേരെ ചീത്ത വിളിച്ചു എന്നും അതിന് അങ്ങേര് പോലീസിൽ പരാതി കൊടുത്തു എന്നും ആ പരാതിയുടെ കോപ്പിയും പരസ്യപ്പെടുത്തി.

അത് കൊണ്ടാ ചോദിച്ചത് ഇങ്ങേർക്ക് എന്തിന്റെ കേടാണെന്ന്? പഴയ ഭാര്യയുമായുള്ള വഴക്ക്. അത് തെരുവിൽ കൊണ്ടിട്ട് വിഴുപ്പലക്കുന്നത് എന്തിനാ? അൽപ്പം മാനാഭിമാനം ഉള്ളവർ വീട്ട് വഴക്ക് പത്തു പേര് അറിയാതെ ഇരിയ്ക്കാനാണ് നോക്കുന്നത്. പക്ഷേ സിദ്ദിക്ക് അങ്ങിനെയല്ല. നാട്ടുകാർ എല്ലാവരും അറിയണം.  സുതാര്യ കേരള ഭരണ പാർട്ടിയുടെ അംഗം ആണല്ലോ. അപ്പോൾ എല്ലാം സുതാര്യം.

ഇത് കുറെ നാളായി തുടങ്ങിയതാണ്‌. ആദ്യ ഭാര്യയെ മൊഴി ചൊല്ലി. അത് വളരെ എളുപ്പം ആണല്ലോ. തലാക്ക് എന്ന് മൂന്നു തവണ പറയുക. കെട്ടിയ ഭാര്യയും ജനിപ്പിച്ച പിള്ളാരും  പുറത്ത്. ഭാര്യയ്ക്ക് ക്യാൻസർ ആയതു കൊണ്ടാണ് കളഞ്ഞത്. അങ്ങിനെ ഒരു വകുപ്പ് തലാക്ക് ചൊല്ലാൻ ഉണ്ടത്രേ. കഷ്ട്ടം സിദ്ദിക്കെ. ആർക്കെങ്കിലും ക്യാൻസർ വന്നാൽ അവരെ കളയുക ആണോ വേണ്ടത്? അച്ഛനെ ഹൃദ്രോഹ പരിചരണത്തിനു ആശുപതിയിൽ കൊണ്ട് പോയി എന്ന് സിദ്ദിക്ക് പറയുന്നു. ഹൃദ്രോഹി അല്ലേ ? ഒഴിവാക്കി ക്കൂടായിരുന്നോ? സ്വയം ഇങ്ങിനെ ഒരു അസുഖം വന്നു എല്ലാവരും തള്ളിക്കളഞ്ഞു ഭാര്യയും പോയ ഒരവസ്ഥ സിദ്ദിക്ക് ആലോചിച്ചു നോക്കൂ.

ഭാര്യയെ മൊഴി ചൊല്ലിയാലും മക്കളോട് ഇങ്ങേർക്ക് ഒരു സ്നേഹവും ഇല്ലേ? സ്വന്തം ചോരയിൽ പിറന്ന മക്കളോട്? അവരെയും ഒഴിവാക്കിയോ? അടുത്ത കാലത്ത്  സിദ്ദിക്കിന്റെ മുൻ ഭാര്യ കുറെ ആരോപണങ്ങളു മായി വന്നിരുന്നു. പുതിയ പെണ്ണിനെ കണ്ടു പിടിച്ച് അടുപ്പത്തിലായി കൊണ്ട് നടന്നിട്ട് ആണ് അവരെ മൊഴി ചൊല്ലിയത് എന്ന്. സംഭവം ജീവനാംശത്തിന് അവര് കേസ് കൊടുത്തിരിയ്ക്കുകയാ.

 മൊഴി ചൊല്ലിയതിന് സിദ്ദിക്ക് ഒരു രാഷ്ട്രീയ നിറം കൂടി കൊടുക്കുന്നുണ്ട്. അവിടത്തെ എം.പി. ഷാനവാസ് ആണ് പഴയ ഭാര്യയെ ഇങ്ങിനെ കുത്തി പ്പോക്കി കൊണ്ട് വരുന്നത് എന്നാണ് പുള്ളി പറയുന്നത്.  ഏതോ ചാനലിൽ ഇങ്ങിനെ പറഞ്ഞതും കേട്ടു എന്നാണു ഓർമ . "മറ്റൊരു മുസ്ലിം വയനാട്ടിൽ നിന്നും വരുന്നതിലുള്ള അസൂയ". എന്താ ഈ കൊന്ഗ്രസ്സിൽ മുസ്ലിം സംവരണം ഉണ്ടോ? വയനാട്ടിൽ നിന്നും ഒരു മുസ്ലിം , അങ്ങിനെ വല്ലതും? അങ്ങിനെ ജാതി കെയറോഫിൽ ആണോ സിദ്ദിക്ക് കയറിയത്?എന്തൊരു കോണ്‍ഗ്രസ്സ് . എന്തൊരു കോണ്‍ഗ്രസ്സ് കാര്. ഇവരാണ് നമ്മെ ഭരിയ്ക്കുന്നത്.

Thursday, May 21, 2015

ഡോക്ടർ

"ഇന്ത്യയിൽ ഒരു ഡോക്ടർ ആകാൻ ഞാൻ ഒരിയ്ക്കലും നിന്നെ അനുവദിയ്ക്കില്ല മകളേ".  മറ്റെന്തൊക്കെ അനുവദിച്ചാലും. 

മകൾക്ക് എഴുതുന്ന കത്ത് എന്ന പോലെ ഒരു ഡോക്ടർ ബ്ലോഗ്‌ എഴുതിയതാണ്. God Years എന്ന ബ്ലോഗിൽ " Why  I will never allow my child to become a doctor in India"  എന്ന തല ക്കെട്ടിൽ  റോഷൻ രാധാകൃഷ്ണൻ എന്ന ഡോക്ടർ എഴുതിയതാണ്. പല ദേശീയ പത്രങ്ങളും ഈ ബ്ലോഗ്‌ പ്രസിദ്ധീകരിയ്ക്കുകയും അങ്ങിനെ ഇതിനു വലിയ പ്രചാരം ലഭിയ്ക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും പലതും അദ്ദേഹം നിരത്തുന്നുണ്ട്‌. ഡോക്ടർ - രോഗി അനുപാതം മറ്റ് രാജ്യങ്ങളെക്കാൾ വളരെ കുറവാണ്, ജോലി ഭാരം കൂടുതലാണ്, ശമ്പളം കുറവാണ്, രോഗികളുടെ ബന്ധുക്കളിൽ നിന്നുമുള്ള അക്രമം. അങ്ങിനെ പലതും. പലതും. 

പ്രധാനമായും ഗ്രാമീണ സേവനം ആണ് ഡോക്ടർമാർക്ക് ഏറ്റവും വലിയ തലവേദന. നഗരങ്ങളിലെ സുഖ സൌകര്യങ്ങളിൽ നിന്നും അഴുക്കു നിറഞ്ഞ, ശരിയായ താമസ സൌകര്യങ്ങൾ പോലുമില്ലാത്ത ഗ്രാമങ്ങളിലെ ജീവിതവും ജോലിയും ഒക്കെ ഇവർക്ക് പ്രയാസം നിറഞ്ഞതാണ്‌. പിന്നെ   ഇന്ത്യയിലെ രോഗികളുടെ നിലവാരം ആകട്ടെ മഹാ കഷ്ട്ടം. മറ്റു രാജ്യങ്ങളിൽ എന്ന പോലെയല്ല ഇവിടത്തെ ഭൂരിപക്ഷം രോഗികളും.  ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത മനുഷ്യരാണ് ഇവിടത്തെ രോഗികൾ. കുളിയ്ക്കുകയും നനയ്ക്കുകയും ചെയ്യാത്ത വർഗം. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത വർഗം. പേക്കോലങ്ങൾ.

ശമ്പളം വളരെ കുറവാണ് എന്ന് പറയുന്നു. ആവശ്യത്തിന് ശമ്പളം കിട്ടുന്നു എന്ന് സമ്മതിയ്ക്കുന്ന ഏതെങ്കിലും ഒരു തൊഴിൽ വർഗം നമ്മുടെ ഭാരതത്തിൽ ഉണ്ടോ? എല്ലാവർക്കും കൂടുതൽ വേണം. വീണ്ടും കൂടുതൽ വേണം. അത് കൂടുതൽ അധ്വാനിയ്ക്കാതെ. 

24 മണിയ്ക്കൂറും ജോലി. ഒരു ജീവിതമില്ല. ഡോക്ടർ എല്ലാം ത്യാഗം ചെയ്യേണ്ടി വരുന്നു എന്നും പറയുന്നു.  ടെക്കിയും ഇത് തന്നെ പറയുന്നു, രാപകൽ ജോലി, ലൈഫ് ഇല്ല. ബാങ്ക് ജോലിക്കാരനും പറയുന്നു അധിക ജോലി, വീട്ടിൽ സമയത്ത് എത്താൻ കഴിയുന്നില്ല.  രാത്രി മുഴുവൻ വള്ളവും വലയുമായി കടലിൽ മീൻ പിടിയ്ക്കാൻ പോകുന്നവന് ഇങ്ങിനെ ഒരു  പരാതിയും ഇല്ല. റോഡു തൂത്ത് വാരുന്നവനും തോട്ടിയ്ക്കും ഇങ്ങിനെ ഒരു പരാതി ഇല്ല.കിട്ടുന്നത് കൊണ്ട് ഭക്ഷണം കഴിച്ച് അവർ "ലൈഫ്" ഉണ്ടാക്കുന്നു.

നിസ്വാർത്ഥ സേവനം എന്ന ലേബലിൽ ഇവരെ തളച്ചിട്ട് ഡോക്ടർമാരുടെ ജീവിതം മാത്രമല്ല ആത്മാവ് കൂടി നഷ്ട്ടപ്പെടുകയാണത്രെ.

ഇപ്പറയുന്നതൊന്നും ഇന്ത്യയിലെ ആശുപത്രി വ്യവസായത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികൾ ദിനം പ്രതി വന്നു കൊണ്ടും വളർന്നു കൊണ്ടും ഇരിയ്ക്കുന്നു. ഇവിടങ്ങളിലൊക്കെ ഡോക്റ്റർമാരെ ആവശ്യത്തിന് കിട്ടുന്നും ഉണ്ട്. പഠിച്ചിറങ്ങുന്ന ഡോക്ടർ മാർ സർക്കാർ സർവീസിനെ  ഒഴിവാക്കി സ്വകാര്യ ആശുപത്രികളിൽ ജോലി തന്നെയാണ് ഇഷ്ട്ടപ്പെടുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിലേയ്ക്ക് പി.എസ് .സി. വിളിച്ചിട്ട് ആരും പോകാൻ തയ്യാറില്ല. ഇപ്പോഴും നൂറു കണക്കിന് സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. 

അത് പോലെ മരുന്ന് വ്യവസായവും വളർന്നു കൊണ്ടിരിയ്ക്കുന്നു. അതും വലിയ തോതിൽ. 

ഓരോ ഡോക്ടറേയും വാർത്തെടുക്കാൻ നമ്മുടെ സമൂഹം എത്ര പണം ചിലവാക്കി എന്ന് ആരും ചിന്തിയ്ക്കുന്നില്ല. സ്വകാര്യ കോളേജുകളിൽ പണം കൊടുത്തായാലും അതും സമൂഹത്തിന്റെ സമയവും ദ്രവ്യവും ഉപയോഗിച്ചല്ലേ? സമൂഹത്തിന്റെ ദുർലഭമായ അവസരം ഉപയോഗിച്ചല്ലേ? അപ്പോൾ അവർക്ക് സമൂഹത്തോട് ഒരു പ്രതിബദ്ധത വേണ്ടേ? 

മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുഴപ്പങ്ങൾ ഉണ്ടാകുന്നത്. അവിടെ മെഡിക്കൽ ഇൻഷുരൻസ് ഉണ്ടാകാം, ജോലി സൌകര്യങ്ങൾ മെച്ചപ്പെട്ടതായിരിയ്ക്കാം. അങ്ങിനെ പലതും. ആ താരതമ്യം മറ്റു ചില രാജ്യങ്ങളുമായി ചെയ്തു നോക്കൂ. സൊമാലിയ, എത്യോപ്പിയ, എന്തിനു നമ്മുടെ അയൽ രാജ്യങ്ങളായ ബംഗ്ലാ ദേശ് തുടങ്ങിയവരുടെ സ്ഥിതി നമ്മളിലും പരിതാപകരം അല്ലേ ? 

എല്ലാ ജോലിയിലും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിയ്ക്കാൻ ശ്രമിയ്ക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ഡോക്ടർ മാർ സർക്കാർ സർവീസിന് ഒന്നാം സ്ഥാനം കൊടുത്തു നോക്കൂ. സ്വകാര്യ ആശുപത്രികളുടെ വരവ് കുറയും. സർക്കാർ ആശുപത്രികളുടെ സൗകര്യം വർദ്ധിയ്ക്കും. ആവശ്യത്തിനു മാത്രം സ്കാൻ,   മറ്റു പരിശോധനകൾ നടത്തിയ്ക്കുക. മരുന്ന് ആവശ്യത്തിനു മാത്രം കുറിച്ച് കൊടുക്കുക. തീർച്ചയായും കാര്യങ്ങൾ ഡോക്ടർമാരുടെ വശത്ത് തന്നെ വരും. I M A  എന്നൊരു സംഘടന ഉണ്ടല്ലോ. അവർക്ക്ഇതിനു മുൻകൈ എടുക്കാമല്ലോ. അതെങ്ങിനെയാണ്. മരുന്ന് കമ്പനികളുടെ ചിലവിൽ ആസ്വദിയ്ക്കുന്ന I M A യ്ക്ക് അവരെ ധിക്കരിയ്ക്കാൻ കഴിയില്ലല്ലോ.

പിന്നെ എളുപ്പത്തിൽ കാശ് ഉണ്ടാക്കുക എന്നത് നമ്മുടെ ഒരു രീതി ആണ്. അധ്വാനിയ്ക്കാതെ സുഖിയ്ക്കണമെങ്കിൽ വല്ല അംബാനിയുടെയോ അദാനിയുടെയോ കൊച്ചുങ്ങൾ ആയി ജനിയ്ക്കണം. മുൻ തലമുറ വാരിക്കൂട്ടിയ സ്വത്ത് ആസ്വദിയ്ക്കാം.

"I will remember that I remain a member of  society with special obligations to all my fellow human beings....."

 അനുബന്ധം:
( ഒരുഡോക്ടർ സ്വന്തം അഭിപ്രായം ബ്ലോഗ്‌ എഴുതിയതിന് വലിയ രീതിയിൽ പ്രതികരിയ്ക്കേണ്ട  ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ട് അന്ന് എഴുതിയ ഒരു ഭാഗം  പ്രസിദ്ധീകരിച്ചില്ല. ഇന്ന് ആലോചിച്ചപ്പോൾ അത് കൂടി ഉണ്ടാകുന്നത് കൊണ്ട് വലിയ കുഴപ്പമില്ല എന്ന് തോന്നി. അതിനാൽ   അത് കൂട്ടി ച്ചേർക്കുന്നു). 22.5.2015

ഡോക്ടർക്കെന്താ പ്രത്യേകത ?  അവർക്ക് മാത്രം "ലൈഫ്" ഇല്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. പട്ടാളക്കാരെ നോക്കൂ.  മഞ്ഞിലും മരുഭൂമിയിലും മഴയും തണുപ്പും എല്ലാം സഹിച്ച് ബാരക്കുകളിൽ കഴിയുന്നു. രാത്രി യെന്നില്ല  പകലെന്നില്ല.  നേരെ ചൊവ്വേ ഭക്ഷണം ഇല്ല. ഉറക്കമില്ല. നെഞ്ചിനു നേരെ വെടിയുണ്ട വരുന്നോ എന്ന ഭയം.  തലയ്ക്കു മീതെ ബോംബ്‌ വീഴുമോ എന്ന ഭയം.ആണ്ടിലൊരിയ്ക്കൽ ലീവ് കിട്ടിയാൽ  ഭാര്യയേയും മക്കളെയും അച്ഛനെയും അമ്മയെയും കാണാം. ഇതാണോ ജീവിതം? 

ട്രക്ക് ഡ്രൈവർമാരെ നോക്കൂ.  നിറച്ച് സാധനവും കേറ്റി പഞ്ചാബിൽ നിന്നും കാശ്മീരിൽ നിന്നും അഞ്ചും ആറും ദിവസം ഓടിച്ചാണ് കേരളത്തിൽ എത്തുന്നത്. ഉറക്കം ലോറിയുടെ സീറ്റിൽ. ഭക്ഷണം വല്ല ധാബയിലും. മാസത്തിൽ ഒരിയ്ക്കൽ വീട്ടുകാരെ കാണുന്നു.

ശാസ്ത്രജ്ഞൻ മാർ. പലതും ത്യജിച്ചല്ലേ അവർ തങ്ങളുടെ ജോലി ചെയ്യുന്നത്? 10 മണി മുതൽ 5 മണി വരെ മാത്രം അവർ ജോലി ചെയ്‌താൽ നമ്മുടെ റോക്കറ്റ് അങ്ങ് ചൊവ്വയിൽ എത്തുമോ? 

ഇങ്ങിനെ എത്രയെത്ര "ലൈഫ് ഇല്ലാത്ത" ഉദാഹരണങ്ങൾ.  

8 വർഷത്തെ പഠനം ആണ് ഇവരേക്കാൾ ഒക്കെ മുകളിൽ ആണ് തങ്ങൾ എന്ന് ഡോക്ടർമാർക്ക് തോന്നിയ്ക്കുന്നത്. എൻജിനീയർ 7 വർഷം വേണ്ടേ ഒരു പി.ജി. കിട്ടാൻ. പട്ടാള  ഓഫീസർമാർ. 4 വർഷം NDA യിൽ പരിശീലനം.  പിന്നെ പട്ടാളക്കാർ. രണ്ടോ മൂന്നോ വർഷം കടുത്ത പരിശീലനം അല്ലേ? അധ്യാപകർ, ശാസ്ത്രജ്ഞർ എല്ലാവരും പല വർഷം പഠനത്തിൽ ചിലവഴിയ്ക്കുന്നു.  അതിൽ ഒന്നോ രണ്ടോ വർഷം കൂടിയത് കൊണ്ട് ഒരു പ്രത്യേക പരിഗണന വേണമെന്ന് പറയുന്നത് അൽപത്വം എന്ന് മാത്രമേ പറയാൻ കഴിയൂ.  

ഭൌതിക സുഖങ്ങൾ മാത്രമാണ് ജീവിതം എന്ന് ധരിച്ചിരിയ്ക്കുന്നു ഇവർ. നേരായ മാർഗത്തിൽ അല്ലാതെ, ചതിച്ചും വഞ്ചിച്ചും പിടിച്ചു പറിച്ചും ഉണ്ടാക്കുന്ന പണം കൊണ്ട് ആസ്വദിയ്ക്കുന്ന ഒരു ന്യുന പക്ഷം ആണ് ഇവരുടെ മാതൃക. 

Wednesday, May 20, 2015

തേങ്ങ, കുതിര, ക്രൈസ്തവർ.

ജനങ്ങൾക്ക്‌ വേണ്ടി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രി ഉള്ളത് കേരളത്തിൻറെ മഹാ ഭാഗ്യം എന്ന് തന്നെ പറയാം. ബ്ലേഡ് മാഫിയ ജനങ്ങളെ കീറി മുറിയ്ക്കുന്നു. മണൽ മാഫിയ പോലീസുകാരെ തന്നെ കൊല്ലുന്നു. അങ്ങിനെ ക്രമ സമാധാന   നില ആകെ തകരാറിൽ   ആയിരിയ്ക്കുന്ന    ഈ അവസരത്തിൽ നമ്മുടെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എങ്ങിനെ ഈ പ്രശ്നങ്ങളെ   നേരിടുന്നു എന്ന് നോക്കുന്നത് നന്നായിരിയ്ക്കും.                 വിത്ത് തേങ്ങാ  ഉദ്പാദനം   ഇനി മന്ത്രി വിത്ത് കാള ഉദ്പാദനം കൂടി നടത്തുമോ എന്ന് തമാശയായി ചിന്തിയ്ക്കുന്ന മലയാളിയ്ക്ക് ഇതാ.
               വിത്ത് കാള അല്ല.   കുതിര വിത്ത് തേങ്ങ കഴിഞ്ഞു. വിത്ത് കുതിര കഴിഞ്ഞു. ഇനി അടുത്തത്   എന്താണെന്ന് നോക്കാം.
                       ദളിത ക്രൈസ്തവർ.


തേങ്ങ, കുതിര, ദളിതർ.  ഒരു ദിവസം കഴിഞ്ഞു കിട്ടി. നമ്മുടെ ആഭ്യന്തര മന്ത്രിയുടെ ഭരണം ഇത്രയും പോരേ?       

Tuesday, May 19, 2015

വെള്ളപ്പൊക്കം തട്ടിപ്പ്

കുറെ വെള്ളപ്പൊക്ക  വിശേഷങ്ങൾ.

ചാണ്ടി (സോളാർ അഴിമതി)  ശിവകുമാർ (ബാർ കോഴ)  ഇബ്രാഹിം കുഞ്ഞ്        ( pwd അഴിമതി) ഇവരൊക്കെയാണ് ഇതിന്റെ പുറകിൽ.
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലാണ് ഈ ബോർഡ്.   6 കോടി എവിടെ?  

                                                       ***********ബിജു രമേശ്‌  കോഴ കൊടുത്തു എന്ന് പറയുന്നത് 1 കോടി. അത് കുറഞ്ഞു പോയി. ഈ 40 ലക്ഷം കൂടി ഇരിയ്ക്കട്ടെ.


                              **************


റോഡു തെറ്റിയോ തെറ്റയിലെ ?

ഈ ചിത്രങ്ങൾ സ്വയം സംസാരിയ്ക്കുമ്പോൾ എന്തെങ്കിലും  എഴുതുന്നതിനു പ്രസക്തി ഇല്ലല്ലോ.

Monday, May 18, 2015

അരുണ ഷാൻബാഗ്

മനുഷ്യനും മനുഷ്യ നിർമിത നിയമങ്ങൾക്കും നീതി നൽകാൻ കഴിയാതിരുന്ന അരുണയ്ക്ക് ദൈവം തന്നെ മരണം നൽകിയിരിയ്ക്കുന്നു.

Image result for aruna shanbaug


42 വർഷം അബോധാവസ്ഥയിൽ കിടന്നിരുന്ന അരുണ ഷാൻബാഗ് എന്ന പെണ്‍കുട്ടി ആണ് 68 ആം വയസ്സിൽ ഇന്ന് മരണപ്പെട്ടത്. ബോംബെ കെ.ഇ.എം. ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുമ്പോൾ ക്രൂരനായ സഹപ്രവർത്തകന്റെ ബലാത്സംഗ ശ്രമത്തിനിടയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് കോമ യിൽ ആയ അരുണ  1973  മുതൽ ഒരേ കിടപ്പാണ്.  കൂട്ടുകാരുടെയും സഹ പ്രവർത്തകരുടെയും പരിചരണത്തിൽ അതെ ആശുപത്രിയിൽ 42 വർഷമായി കിടക്കുന്നു.

ദയാ വധത്തിന് 2011 ൽ അരുണയുടെ സുഹൃത്ത് പിങ്കി വിരാനി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അങ്ങിനെ അരുണ ജീവച്ചവം ആയി തുടർന്നു.

ആ ഹർജി മറ്റൊരു തീരുമാനത്തിന് വഴി തെളിച്ചു. "പാസീവ് യുത്തനെഷ്യ"  (ജീവൻ നിലനിർത്താൻ നൽകി ക്കൊണ്ടിരിയ്ക്കുന്ന കാര്യങ്ങൾ അവസാനിപ്പിയ്ക്കുക)  അനുവദനീയം ആണെന്ന് സുപ്രീം കോടതി ആദ്യമായി പറഞ്ഞു.  അത് ഹൈ കോർട്ട് തീരുമാനിയ്ക്കും എന്ന് കൂടി.Image result for aruna shanbaug
എന്തായാലും അരുണ വിട പറഞ്ഞു.


ഒരു പ്രധാന കാര്യം പറയാൻ വിട്ടു പോയി.  നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ. ഇത്രയും കാലം അരുണയെ പൊന്നു പോലെ നോക്കിയ സഹപ്രവർത്തകരുടെയും  മറ്റും എത്ര പ്രകീർത്തിച്ചാലും  തീരാത്ത കാരുണ്യം.

Sunday, May 17, 2015

ഇളിച്ചു കാട്ടിയ മന്ത്രി മുഖങ്ങൾ

The Supreme Court asked the Centre to constitute a three-member committee to regulate government advertisements.
കാണാൻ ഇഷ്ടപ്പെടാത്ത ദുർ മുഖങ്ങൾ നമ്മുടെ ചിലവിൽ പത്ര പ്പരസ്യങ്ങളിൽ കാണേണ്ടി വരുന്ന ദുര്യോഗം ആണ് ഒഴിവാക്കപ്പെട്ടത്, നമ്മുടെ ഭാഗ്യം. സുപ്രീം കോടതി വിധിയോടെ ജനങ്ങളെ നോക്കി ഇളിച്ചു കാട്ടി നിൽക്കുന്ന മന്ത്രി കോമരങ്ങളുടെ പടങ്ങൾ പത്രങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും അപ്രത്യക്ഷമായി.  

ദേ ഇന്നത്തെ പത്രത്തിൽ വന്ന ഒരു പരസ്യം നോക്കൂ. ചാണ്ടി സർക്കാർ 4 വർഷം തികച്ച ഒരു മുഴുവൻ പേജ് പരസ്യം. ചാണ്ടിയുമില്ല മാണിയുമില്ല കുഞ്ഞാലിയുമില്ല. സുപ്രീം കോടതി വിധി ഇല്ലായിരുന്നു വെങ്കിൽ കാണാമായിരുന്നു. 20 മന്ത്രിമാരും 32 പല്ലും ഇളിച്ചു  കാട്ടി ജനങ്ങളെ പുശ്ചിയ്ക്കുന്ന ആ വെടല ചിരിയും ആയി നിൽക്കുന്ന പടം. അതിൽ നിന്നും ജനം   രക്ഷപ്പെട്ടു.  ഇവന്മാര് പല്ലിളിയ്ക്കുന്ന  പരസ്യത്തിൻറെ പണം കൊടുക്കേണ്ടത് ആരാ? നമ്മൾ തന്നെ. പാവം ജനം. ഏതായാലും പടം ഇല്ലാത്തത് കൊണ്ട് ഇനി പരസ്യങ്ങൾ കുറയും എന്നത് തീർച്ചയാണ്. 

ഇനിയുള്ള പത്ര മാധ്യമ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാന മന്ത്രി,  ചീഫ് ജസ്റ്റീസ് എന്നിവരുടെ ചിത്രങ്ങൾ മാത്രമേ  സർക്കാർ പരസ്യങ്ങളിൽ വരാവൂ എന്നാണ് രഞ്ജൻ ഗോഗോയി,എൻ.വി. രമണ എന്നിവർ അടങ്ങിയ ബെഞ്ച്‌ ആണ് മെയ് 12 ൻറെ വിധിയിൽ ഈ സുപ്രധാന കാര്യം നിശ്ചയിച്ചത്. ജനങ്ങൾക്ക്‌ ഏറ്റവും പ്രയോജന കരമായ ഒരു വിധി ആണ് സുപ്രീം കോടതി വിധിച്ചത്.  

ഇതിനിടെ നമ്മുടെ സംസ്കാര മന്ത്രി ഒരു പ്രഖ്യാപനം നടത്തി. ഈ വിധി ശരിയല്ല എന്ന്. കേന്ദ്രത്തിൽ പ്രധാന മന്ത്രി പോലെയാണ് സംസ്ഥാനത്തിൽ മുഖ്യ മന്ത്രി. അതിനാൽ പരസ്യത്തിൽ പടം വേണമെന്ന്. ഇന്ന് വരെ സ്വന്തമായി ഒരു അഭിപ്രായം പറയാത്ത പാവം മനുഷ്യനാണ് കെ.സി.ജോസഫ്. ഹിസ്‌ മാസ്റ്റെർസ് വോയിസ് എന്ന് അടുത്തിടെ ആരോ അങ്ങേരെ പറ്റി പറയുകയുണ്ടായി. ഉമ്മൻ ചാണ്ടി വിചാരിയ്ക്കുന്നത് അങ്ങേര്പറയും/ അങ്ങിനെ പറഞ്ഞു എന്നേ ഉള്ളൂ. പാവം. വി.ഡി. സതീശനെ തെറി വിളിച്ചതും മാസ്റ്റർ പറഞ്ഞിട്ട് തന്നെ.

കരുണാനിധിയും ഈ വിധിയെ എതിർത്തു. കുഴിയിലോട്ടു കാലും നീട്ടി ഇരിയ്ക്കുമ്പോഴും സർക്കാർ (ജനം) ചിലവിൽ  പത്രത്തിൽ ചിരിച്ചു കാണിയ്ക്കാനുള്ള ആഗ്രഹം. ഈ വിധി രാഷ്ട്രീയക്കാർക്ക് ആർക്കും ഇഷ്ട്ടമായിട്ടില്ല. പക്ഷെ മിണ്ടാതിരിയുക്കുന്നു എന്ന് മാത്രം. നമുക്ക് സുപ്രീം കോടതിയ്ക്ക് നന്ദി പറയാം.

Wednesday, May 13, 2015

ഉദരം ഭരികൾ

ഈ കോണ്‍ഗ്രസ്സ് കാര് വെറും കൊജ്ഞാടൻമാർ ആണ്. അത് പറയേണ്ട കാര്യമില്ല. എല്ലാവർക്കും അറിയാം. എന്നാലും പറഞ്ഞു പോവുകയാ.

 രണ്ടു ദിവസമായി എന്തൊരു വാചകം ആയിരുന്നു ഈ മണ്ടന്മാർ.  ആദ്യം കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞു. "മേഖല ജാഥകൾ ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും. അതിനൊരു മാറ്റവും ഇല്ല".  അത് കഴിഞ്ഞ് വൈസ്  പ്രസിഡന്റ് അനിൽ കുമാർ ഏറ്റു പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും". തീർന്നില്ല.  പിന്നെ പി.പി. തങ്കച്ചൻ എന്നൊരു മനുഷ്യനെ അവിടെ കണ്‍വീനർ എന്നൊരു പോസ്റ്റും കൊടുത്തു ഇരുത്തിയിട്ടുണ്ടല്ലോ. അങ്ങേർക്കാകട്ടെ ജോലിയൊന്നും ഇല്ല. അങ്ങേരുടെ മുഖ ഭാവം കണ്ടാലറിയാം. ഇതിലൊന്നും വലിയ താൽപര്യമില്ല. കണ്ടും കേട്ടും ഇരിയ്ക്കുന്നത് കോടികളുടെ കഥകൾ അല്ലേ. ബാബു പത്തു കോടി, മാണി 1 കോടി. ശിവകുമാർ....അങ്ങിനെ എത്ര പേർ .  ഈ കണ്‍വീനർ എന്നും പറഞ്ഞു ഇരുത്തിയിട്ട് എന്ത് കാര്യം?  അങ്ങേരും പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും".  ദേ ഇന്നലെ മറ്റൊരു  സ്ഥിരം ഏറ്റു പറച്ചിലുകാരൻ കൂടി രംഗത്ത് വന്നു.  ആറു വർഷം അനാഥനായി ,  ഭിക്ഷക്കാരനെ പ്പോലെ കെ.പി.സി.സി. ആപ്പീസിന്റെ വാരാന്തയിൽ കതകു തുറക്കുന്നതും കാത്തു കിടന്ന ഒരു ഹത ഭാഗ്യൻ. കെ. മുരളീധരൻ. പഴയ കെ.പി.സി.  പ്രസിഡന്റ്.  ( അങ്ങേർക്ക്  കെ.പി.സി.സി. എന്ന് പൂർണമായിട്ടു പറയാൻ  ഇന്നും അ റിയില്ല. ഇനി ശ്രദ്ധിച്ചോളൂ  കെ.പി.സി.  എന്ന് വരയെ മുരളിയ്ക്ക് പറയാനറിയൂ).  

ഞങ്ങൾ  പണ്ട് ഡൽഹി  ഐഫക്സ് ഹാളിൽ ജി. ശങ്കര പിള്ളയുടെ  "അവതരണം ഭ്രാന്താലയം" എന്ന നാടകം   അവതരിപ്പിച്ചിരുന്നു. കെ. മുരളീധരനെ  കാണുമ്പോൾ അതിലെ ഡയലോഗ് ആണ് ഓർമ വരുന്നത്.
 " അന്ന് നമ്മൾ അടക്കി വാണതിവിടം"
 " ഇന്ന് അടക്കത്തോടെ വാഴ്വതും ഇവിടെ".
 " അന്ന് രാജ്യം ഭരിപ്പോർ" 
  "ഇന്ന് ഉദരം ഭരികൾ". 

അതെല്ലാം കഴിഞ്ഞ് ഒരു പരുവത്തിൽ അകത്തു കയറിയപ്പോൾ മുരളി  ചെന്നിത്തലയുടെ കുഴലൂത്തുകാരനായി.  മുരളിയും  ഏറ്റു പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും"
 " ഒലത്തും". 

പറഞ്ഞത് സാക്ഷാൽ മാണി.  മാണിയ്ക്കറിയാം കേരളം എങ്ങിനെയാ ഭരിയ്ക്കേണ്ടത് എന്ന്. ഈ കോണ്‍ഗ്രസ്സുകാർ എന്ന ഊളന്മാരെ എങ്ങിനെയാ നിലയ്ക്ക് നിർത്തേണ്ടത് എന്നും. "വിജിലൻസ് കേസ് ഒരു വഴി എത്തിച്ചിട്ട് മതി മേഖല ജാഥയും കോലാഹല ജാഥയും ഒക്കെ. ഒരു ജാഥയും കൊണ്ട് വന്നിരിയ്ക്കുന്നു പൊട്ടന്മാർ." ഭരണം പോകുമെന്ന് പേടിച്ചു  ഉമ്മൻ ചാണ്ടി   യു.ഡി.എഫ്. യോഗം വിളിയ്ക്കുന്നു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും". എന്ന് വീമ്പിളക്കിയ കൊജ്ഞാടന്മാർ എല്ലാം തലയാട്ടി സമ്മതിയ്ക്കുന്നു. മാണി പറയുമ്പോലെ എന്ന്. മാണിയുടെ ജാഥ മാറ്റി വച്ചു. 27 ന്.

ഇനി  കോണ്‍ഗ്രസ്സുകാർ മുഖം രക്ഷിയ്ക്കാൻ ( ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും ഇവരുടെ മുഖം രക്ഷിയ്ക്കാൻ കഴിയില്ല എന്നത് മറ്റൊരു കാര്യം.) പുതിയ എന്തെങ്കിലും കണ്ടു പിടിയ്ക്കും. സുധീരനും, അനിൽ  കുമാറിനും, തങ്കച്ചനും , മുരളീധരനും ഒക്കെ തടി തപ്പണ്ടേ. അതിതാണ്.

" ഞങ്ങൾ പറഞ്ഞത് പോലെ തന്നെ നടന്നു. ഞങ്ങടെ ജാഥ മാറ്റിയിട്ടില്ല. മാറ്റിയതു മാണിയുടെ. അത് അങ്ങേർക്ക് ഒരു അസൌകര്യം ഉള്ളത് കൊണ്ട്". എങ്ങനുണ്ട് ഞങ്ങടെ ബുദ്ധി?

Tuesday, May 12, 2015

ഭൂകമ്പം

 അവൾ നടന്നാൽ ഭൂമി കുലുങ്ങും ....... 

കഴിഞ്ഞ തവണ നേപ്പാൾ ഭൂകമ്പത്തിന്റെ ചലനങ്ങൾ കൊച്ചിയിൽ വന്നപ്പോഴും  സോളാർ സരിത കമ്മീഷൻ  ജോർജിന്റെ മൊഴി യെടുപ്പ്  നടത്തി ക്കൊണ്ടിരിയ്ക്കുകയായിരുന്നു.  ആ കമ്മീഷൻ കെട്ടിടത്തിൽ നിന്നും എല്ലാവരും ഇറങ്ങി ഓടി. ബഹുമാനപ്പെട്ട കമ്മീഷൻ ഉൾപ്പടെ. എന്നിട്ട് അന്നത്തെ തെളിവെടുപ്പ് നിറുത്തി വയ്ക്കുകയും ചെയ്തു. അന്നേ ഒരു സംശയം തോന്നിയതാണ്. ഈ സരിത തെളിവെടുപ്പിന് ജോർജ് വരുമ്പോൾ  മാത്രം എന്താണ് ഭൂകമ്പം ഉണ്ടാകുന്നത്? സരിതയുടെ പ്രഭാവം ആകാം കാരണം എന്ന് കരുതി അത് കളഞ്ഞു.

ഇതാ ഇന്ന് നേപ്പാളിൽ വീണ്ടും ചെറിയ ഭൂകമ്പം ഉണ്ടായി. അതിൻറെ പ്രകമ്പനങ്ങൾ കൊച്ചിയിലും വന്നു. ഇന്നും സരിതാ കമ്മീഷൻ തെളിവെടുപ്പ് നടത്തി കൊണ്ടിരിയ്ക്കുന്നു. പി.സി. ജോർജ് ആണ് മൊഴി കൊടുക്കുന്നത്. ഇതൊരു യാദൃശ്ചികം ആണോ?

കേരളത്തിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സരിത തന്നെ. സരിതയ്ക്കെതിരെ മൊഴി വന്നാൽ അപ്പോൾ കൊച്ചി കുലുങ്ങും. ഇനി കേരളം മുഴുവൻ എന്നാണാവോ കുലുങ്ങാൻ പോകുന്നത്.

Monday, May 11, 2015

അഴിമതി അമ്മാവ്

ഇന്നത്തെ ഞെട്ടിപ്പിയ്ക്കുന്ന വാർത്ത ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ജയലളിതയെ വെറുതെ വിട്ടു എന്നത്. 

ഇത്രയും ഭീകരമായ ഒരു വിധി വരുമെന്ന് ആരും വിചാരിച്ചില്ല. കാരണം അത്ര വ്യക്തമായ തെളിവുകൾ നിരത്തിയാണ് വിചാരണ കോടതി 4 വർഷം തടവ്‌ വിധിച്ചത്. അതിനെയൊക്കെ തള്ളിക്കളഞ്ഞാണ് ബെംഗളുരു ഹൈ ക്കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഇനി ജയലളിത മുഖ്യ മന്ത്രി ആയി തിരിച്ചു വരും. നല്ലൊരു സമയത്തിനുള്ള സമയം മാത്രം. ഇത്രയും നാൾ ആ കസേരയിൽ ഇരുന്ന ( തെറ്റ്. ആ പൊട്ടൻ ഇത് വരെ ആ കസേരയിൽ ഇരുന്നിട്ടില്ല. ചത്തു പോയ കാരണവന്മാരുടെ തുപ്പൽ കോളാമ്പി സൂക്ഷിച്ചു വയ്ക്കുന്നത് പോലെ ആ കസേരവച്ച് പൂജിയ്ക്കുകയായിരുന്നു) പനീർ സെൽവം എന്ന ഡമ്മിമുഖ്യ മന്ത്രി വഴി മാറും.

ഒരു ഏകാധിപതി യെ പ്പോലെ തന്നെ ആയിരുന്നു ജയലളിത ആ ഭരണ കാലത്ത് പെരുമാറിയിരുന്നത്. ധാരാളം അഴിമതി നടത്തുകയും സ്വത്തു വാരിക്കൂട്ടുകയും ചെയ്തു എന്നും എല്ലാവർക്കും അറിയാം. പക്ഷെ അപ്പീൽ കോടതി ആയ ഹൈ കോർട്ടിൽ ഇതൊന്നും കാണാനില്ല.  പബ്ലിക് പ്രോസിക്യുട്ടറെസുപ്രീം കോടതി ഇടപെട്ട് അടുത്ത കാലത്ത് മാറ്റുകയുണ്ടായി. പുതിയ  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ആയ ബി. വി ആചാര്യ  തനിയ്ക്ക് വാദങ്ങൾ അവതരിപ്പിയ്ക്കാൻ കോടതിയിൽ സമയം നൽകിയില്ല എന്ന് ഇന്ന് ഈ വിധിയ്ക്കു ശേഷം പറയുകയുണ്ടായി.

ഇനി ഒരേ ഒരു പ്രതീക്ഷ സുപ്രീം കോടതി ആണ്. അവിടെ കേസ് തെളിയിയ്ക്കപ്പെടുക തന്നെ ചെയ്യും. ജയലളിത വീണ്ടും അഴിയ്ക്കുള്ളിൽ ആകും. അതാണ്‌ വരാൻ പോകുന്നത്. 

Sunday, May 10, 2015

മമ്മൂഞ്ഞ്.

"അത് ഞമ്മളാണ്". ഓർമ വന്നില്ലേ കഥാ പാത്രത്തെ. അതെ അത് തന്നെ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് തന്നെ. നാട്ടിൽ എന്ത് നടന്നാലും അത് താനാണ് ചെയ്തത് എന്ന് പറഞ്ഞു അതിൻറെ   ക്രെഡിറ്റ് എടുക്കുന്ന  ഒരു ക്യാരക്റ്റർ.  ഒരാൾ പറഞ്ഞു "പാറുക്കുട്ടി ഗർഭിണിയാണ്"  മമ്മൂഞ്ഞ് ഉണ്ടോ വിടുന്നു." അത് ഞമ്മള് തന്നെ".  മനയ്ക്കലെ ആനയായിരുന്നു പാറുക്കുട്ടി. അതിനു ശേഷം മമ്മൂഞ്ഞ് ഇങ്ങിനെ അവകാശ പ്പെട്ടോ എന്ന് ചരിത്രം നോക്കണം.

മാവോവാദികൾ എന്ന പേരിൽ രൂപേഷിനെയും ഭാര്യ ഷൈനയെയും കോയമ്പത്തൂരിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരും മലയാളികൾ. കേരള പോലീസ് ലിസ്റ്റിൽ ഉള്ളവർ.  വരുന്നു കേരള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവന. "അത് ഞമ്മളാണ്". കേരളാ പോലീസും കൂടി ചേർന്നാണ് പിടിച്ചത് എന്ന്. ഇവിടെ നക്സലുകളെ പിടിയ്ക്കാൻ നടക്കുന്ന പോലീസും എല്ലാവരും സുഖമായി കിടന്നുറങ്ങുന്നു.  അപ്പോഴാണ് പറയുന്നത് "അത് ഞമ്മളാണ്". കഷ്ട്ടം. നാണമില്ലേ?

അത് കഴിഞ്ഞു രണ്ടു ദിവസം മുൻപ് പൂണെ യിൽ നിന്നും മാവോവാദികൾ എന്ന് സം ശയിക്കുന്ന രണ്ട്  മലയാളികളെ ( മുരളി കണ്ണമ്പിള്ളി - ഇസ്മയിൽ)  മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. "അത് ഞമ്മളാണ്" ഉടനെ വന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. കേരള പോലീസ് പണ്ടേ നോട്ടമിട്ടിരുന്നവരും   പരിചയക്കാരും ആയിരുന്നുവെന്ന്. എങ്ങിനെയുണ്ട് നമ്മുടെ   മമ്മൂഞ്ഞ്?.

SAI ആത്മഹത്യ

കാശ് ഒള്ള പിള്ളേര് വല്ല ടെന്നീസോ ക്രിക്കറ്റോ സ്ക്വാഷോ ഒക്കെ കളിയ്ക്കാൻ പോകും. വലിയ വലിയ സ്ഥലങ്ങളിൽ. വലിയ ഫീസ്‌ കൊടുത്ത്. പാവം പിള്ളേര് ആകട്ടെ  ഓട്ടവും ചാട്ടവും ഒക്കെ പഠിയ്ക്കാനായി "സായി"      (സ്പോർട്സ് അതോറിട്ടി ഓഫ് ഇൻഡ്യ) പള്ളിക്കൂടത്തിൽ പോകേണ്ടി വരുന്നു. മാനേജ്മെന്റ്റ് സ്കൂളും സർക്കാർ പള്ളിക്കൂടവും പോലെ ഉള്ള വ്യത്യാസം തന്നെ. ഒരു നേരം ആഹാരാരത്തിന് പോലും വകയില്ലാത്ത കുട്ടികൾ ആണ് പലരും. അച്ഛന്റെയും അമ്മയുടെയും  സ്പോർട്സ് നോടുള്ള സ്നേഹം. അതിലും ഉപരി ആ കുട്ടികൾക്ക്    സ്പോർട്സ് നോടുള്ള  സ്നേഹവും താൽപ്പര്യവും.  അതൊക്കെ കൊണ്ടാണ് ആ കുട്ടികൾ സായി യിൽ എത്തുന്നത്.

സായി സ്കൂളുകളിലെ കെടുകാര്യസ്ഥതയും ദുർ ഭരണവും താന്തോന്നിത്തവും ഒക്കെ പല തവണ വാർത്തകളിൽ വന്നിട്ടുള്ളതാണ്.  സർക്കാരിന്റെ പണം ആരൊക്കെയോ ദുർവിനിയോഗം ചെയ്യുന്നു. അത്ര തന്നെ. പിന്നെ കുട്ടികൾ അവരുടെ വിധിയെ പഴിച്ചു കൊണ്ട്  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്    സ്വന്തം കഴിവ് തേച്ചു മിനുക്കി എടുക്കുന്നു. 

ആലപ്പുഴ സായിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് അവിടത്തെ നടത്തിപ്പിന്റെ പരിണിത ഫലം ഒന്ന് കൊണ്ട് മാത്രമാണ്. 

ഇവിടെ നമുക്കും ഉണ്ടൊരു സ്പോർട്സ് മന്ത്രി. സാക്ഷാൽ തിരുവൻ ചോർ രാധാകൃഷ്ണൻ. തന്റെ മന്ത്രി  സ്ഥാനം പോകാതെ പിടിച്ചു നിൽക്കുക എന്ന കാര്യം മാത്രമാണ് മറ്റു മന്ത്രി മാരെ പ്പോലെ അദ്ദേഹവും ചെയ്യുന്നത്. എന്നാൽ ഇവിടത്തെ സ്പോര്ട്സ്നു വേണ്ടി അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് ആർക്കും അറിയില്ല. ആകെ അദ്ദേഹം സട കുടഞ്ഞ്‌ എഴുനേറ്റത്‌ നാഷണൽ ഗെയിംസ് സമയത്താണ്. അതിൽ എന്തെങ്കിലും ഗുണം കിട്ടിക്കാണും. വല്ലാപ്പൊഴുമെങ്കിലും ഈ സായി സെന്ററിൽ ഒന്ന് പോവുകയോ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിയ്ക്കുകയോ ചെയ്യാമായിരുന്നില്ലേ? അവിടത്തെ പരാതികൾ കേന്ദ്ര  സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാമായിരുന്നില്ലേ? ആർക്ക് ഇതിനൊക്കെ സമയം?

ഇപ്പോൾ നമ്മുടെ ചീഫ് സെക്രട്ടറി ആയിരിയ്ക്കുന്ന ജിജി തോംസണ്‍ സായി യുടെ ഡയരക്ടർ ജനറൽ ആയിരുന്നല്ലോ. ആ ദേഹവും ഈ ആത്മഹത്യയിൽ ഒന്നും  മിണ്ടി കണ്ടില്ല.  സായിയുടെ ഏറ്റവും  ഉന്നത പദവിയിൽ ഇരുന്നിട്ട് അദ്ദേഹം ചീഫ് സെക്രട്ടറി ആയി കേരളത്തിൽ വന്നിട്ട് ഇവിടത്തെ സായി സെൻററുകളെ ഒരിയ്ക്കലെങ്കിലും അന്വേഷിച്ചോ? വലിയ സ്പോര്ട്സ് സ്നേഹി ആയിരുന്നല്ലോ. കാശ് കിട്ടുന്ന ഒരു പദവിയിൽ ഇരുന്നു എന്നല്ലാതെ എന്ത് സ്പോര്ട്സ് സ്നേഹം?

Saturday, May 9, 2015

വഴങ്ങില്ല

"അച്ഛൻ തട്ടിൻ പുറത്തില്ല" എന്നൊരു പഴഞ്ചൊല്ലുണ്ട്.  അത് പോലെയാണ് ഇപ്പോൾ കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കോണ്‍ഗ്രസ്സ് കാരും.

രണ്ടു ദിവസം മുൻപ് നമ്മുടെ അഴിമതി വിരുദ്ധ പരമോന്നത സ്ഥാപനം ആയ കേരള വിജിലൻസ് മേധാവി വിൻസണ്‍ എം. പോൾ പറയുകയുണ്ടായി. വലിയ സമ്മർദ്ദം ആണ് നേരിടുന്നത്. പക്ഷെ "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല".

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഇന്ന് വീണ്ടും പറയുകയുണ്ടായി. "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല". 

ഇതാ മദ്യ നയം ഫെയിം സുധീരൻ ഇന്ന് പറയുന്നു. "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല." 

എന്തിനാണ് ഇവർ ഇങ്ങിനെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്?  അവർക്ക് തന്നെ സ്വയം ഒരു വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അവർ  ഇങ്ങിനെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്. ഇപ്പറഞ്ഞ മൂന്നു പേരും കള്ളം കാണിയ്ക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ പറയുന്നത്. 

  മുഖ്യ മന്ത്രി പറയുന്നത് കേട്ട് ബാബുവിനെയും മാണിയെയും രക്ഷിയ്ക്കുന്ന കളി തന്നെ വിജിലൻസ്  കളിയ്ക്കും. മേധാവിയ്ക്ക് റിട്ടയർ ആയാലും ഏതെങ്കിലും ശരീരമനങ്ങാത്ത സർക്കാർ ജോലി കിട്ടണമെങ്കിൽ തല ചൊറിഞ്ഞ് അനുസരണയോട് നിന്നാലേ പറ്റൂ.

പിന്നെ ചെന്നിത്തല ആണ്. ബാർ കോഴ ഇത്രടം വരെ കൊണ്ടെത്തിച്ചു എങ്കിലും വിചാരിയ്ക്കുന്ന കരയ്ക്ക്‌ അടുക്കുന്നില്ല. അതിന് ചില "വഴക്കം" കാണിയ്ക്കേണ്ടി വരും. അതാണ്‌ വഴങ്ങില്ല എന്ന് പറയുന്നത്.

സുധീരൻ ആകട്ടെ മദ്യ നയത്തിൽ നാണം കെട്ട് ഇരിയ്ക്കുകയാണ്. ( ഈ രാഷ്ട്രീയക്കാർക്ക് നാണം എന്നൊന്നുണ്ടോ?)  മുതുക് വളഞ്ഞു നിലത്തു മുട്ടാറായപ്പോഴും പറയുന്നത് സമ്മർദ്ദത്തിനു വഴങ്ങില്ല എന്നാണ്. 

Wednesday, May 6, 2015

സൽമാൻ ഖാൻ

സൽമാൻ ഖാന് 5 വർഷം ജയിൽ ശിക്ഷ. 2002 സെപ്റ്റംബർ 28 നു  മുംബൈ ബാന്ദ്രയിൽ അതിവേഗത്തിൽ സൽമാൻ ഓടിച്ചിരുന്ന കാർ ഫുട്പാത്തിൽ  പാഞ്ഞു കയറി ഉറങ്ങിക്കിടന്നയാളിനെ കൊലപ്പെടുത്തുകയും മറ്റു 5 പേർക്ക് പരിക്ക് വരുത്തുകയും ചെയ്തു. അപകടം നടന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും സൽമാൻ  ഇറങ്ങുന്നതായി ഒരു സാക്ഷി മൊഴി. അപകടത്തിൽ പെട്ടവരെ രക്ഷിയ്ക്കാതെ ഓടിപ്പോയി എന്ന് മറ്റൊരു സാക്ഷി മൊഴി. മദ്യപിച്ചിരുന്നതായി മറ്റൊരു സാക്ഷി മൊഴി. രക്തത്തിൽ അനുവദനീയ മായതിൽ അധികം ആൽക്കഹോൾ പരിശോധനയിൽ പറയുന്ന മെഡിക്കൽ റിപ്പോർട്ട് . എന്നിട്ടും വിധി വരാൻ .13 കൊല്ലം എടുത്തു. 2015 മെയ് 6 ന് ആണ് മുംബൈ സെഷൻസ് കോടതി വിധി വന്നത്. 

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ കുറഞ്ഞ കുറ്റം ആയ അശ്രദ്ധ മൂലമുള്ള മരണം എന്ന വകുപ്പ് ആണ് നേരത്തെ ചുമത്തിയിരുന്നത്. എന്നാൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സാക്ഷികളെ വിസ്തരിച്ച് മനപൂർവം അല്ലാത്ത നരഹത്യ എന്ന ഗൌരവമുള്ള വകുപ്പിൽ കുറ്റം ചുമത്തി  സെഷൻസ് കോടതിയിൽ കൊടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് സൽമാന്റെ ഡ്രൈവർ താനാണ് വണ്ടി ഓടിച്ചിരുന്നത് എന്നുള്ള  കള്ള മൊഴിയുമായി കോടതിയിൽ എത്തി. മദ്യം കഴിച്ചിരുന്നില്ല എന്നും ഹോട്ടലിൽ നിന്നും വെള്ളം ആണ് കുടിച്ചിരുന്നത്‌ എന്നും സൽമാനും മൊഴി നൽകി. കാറിന്റെ ടയർ ഊരിപ്പോയതാണ് കാരണം എന്ന് മറ്റൊരു വാദവും നിരത്തി. അവസാന രക്ഷാ മാർഗം എന്ന നിലയിൽ ആണ് ഈ കള്ളങ്ങൾ അവതരിപ്പിച്ചത്.

ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു. ശക്തമായ തെളിവുകൾ ഉണ്ടെന്നും സൽമാൻ കുറ്റക്കാരൻ ആണെന്നും കോടതി പറഞ്ഞു. ശിക്ഷയും കൊടുത്തു. 13 വർഷം കഴിഞ്ഞെങ്കിലും ഇങ്ങിനെയൊരു വിധി പറയാൻ ഒരു കോടതി ഉണ്ടായല്ലോ.

സിനിമാ താരങ്ങളുടെ സ്വഭാവം എല്ലാവർക്കും അറിയാം. പണത്തിന്റെ അഹങ്കാരമാണ് അവർക്ക്. മദ്യപാനം ലഹരി മരുന്ന് ഉപയോഗം വ്യഭിചാരം ഇതൊക്കെ അവർക്ക് സാധാരണ. എന്തും ചെയ്യാം എന്തും പണം കൊണ്ട് നേടാം എന്നൊരു ധാർഷ്ട്യം.  ഇത് ബോളിവുഡിൽ മാത്രമല്ല. ഇട്ടാ വട്ടത്തിൽ കിടക്കുന്ന മലയാളം സിനിമയിലും ഇതൊക്കെ തന്നെ സ്ഥിതി.

ഇവരെയൊക്കെ പൊക്കി കൊണ്ട് നടക്കുന്ന ഫാൻസ് എന്ന കുറെ മനോരോഗികൾ ഉണ്ട്. കുറച്ചു പേർക്ക് എന്തെങ്കിലും നക്കാപ്പിച്ച കിട്ടും. മറ്റുള്ളവർ  വെറുതെ വിഡ്ഢികൾ ആയി ഫാൻസ്‌ എന്നും പറഞ്ഞു പുറകെ നടക്കും.

ഇങ്ങിനെ കുറെ കളിച്ച് സഞ്ജയ്‌ ദത്ത് അകത്തായി. പുള്ളിയുടെ 5 വർഷ ശിക്ഷാ കാലാവധി തീരുന്ന 2016 നവംബർ വരെ യെർവഡ ജയിലിൽ കിടക്കും.
ഇങ്ങിനെയൊക്കെ ചില ശിക്ഷാ വിധികൾ വരുമ്പോൾ ആണ് ഇവിടെ നീതിയും നിയമവും ഒക്കെ ഉണ്ടെന്ന് പാവപ്പെട്ട ജനങ്ങൾക്ക്‌ വല്ലപ്പോഴുമെങ്കിലും തോന്നുന്നത്. 

 17 വർഷം മുൻപ് ജോധ്പൂരിൽ വച്ച്  വംശ നാശ ഭീഷണി നേരിടുന്ന ബ്ലാക്ക് ബക്ക് നെ വേദി വച്ച കൊന്ന കേസിൽ പ്രതി ആണ്. കൂട്ട് പ്രതികൾ സൈഫ്‌ അലി ഖാൻ, സോണാലി ബെന്ദ്രേ, ടാബൂ, നീലം എന്നിവർ. തീരുമാനം എടുക്കാൻ സുപ്രീം കോടതി 2015 ജനുവരിയിൽ വീണ്ടും കോടതിയിലേയ്ക്ക് വിട്ടിരിയ്ക്കുകയാണ്. ഇത്തരം പ്രവർത്തികൾ അവർക്കൊക്കെ  വെറും ഒരു രസം, ഒരു നേരം പോക്ക്.     

സൽമാൻ ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് തടവ്‌ കാലാവധി കുറയ്ക്കാൻ വേണ്ടി വക്കീലന്മാർ കോടതിയിൽ പറഞ്ഞത്. അങ്ങേരുടെ വീടും കാറും ഒക്കെ നോക്കൂ. ഓഡി , ലാൻഡ്‌ റോവർ, BMW അങ്ങിനെ കോടികളുടെ കാറുകൾ പലത്. വീട്. ഏതാണ്ട് 130 കൊടിയുടെത്‌/ എന്തൊരു ജീവ കാരുണ്യം.  


Tuesday, May 5, 2015

പോലീസ് കോപ്പി അടി

വൈസ് ചാൻസലർ മാര് കോപ്പി അടിയ്ക്കുന്നു. പിന്നാ പോലീസ് കാര് കോപ്പി അടിയ്ക്കുന്നത് വലിയ കാര്യം ആയിട്ട് പറയുന്നത്. കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ വീര മണികണ്ഠൻ വീരമായി കോപ്പി അടിച്ചാണ് പി.എച്.ഡി. പാസായത് എന്ന് അടുത്ത കാലത്ത് അങ്ങേരുടെ പ്രബന്ധം (തീസിസ്) നോക്കിയവർ പറഞ്ഞത്. മറ്റൊരാൾ എഴുതിയത് പകർത്തി അങ്ങേർക്ക് ഡോക്ടറേറ്റ് കിട്ടി. പറഞ്ഞു വന്നപ്പോൾ നമ്മുടെ വൈസ് ചാൻസലർ മാർ പലരും കോപ്പി അടിയിൽ കൂടെയാണ് ഡാക്ക്ട്ടർ മാർ ആയത്. പ്രശ്നം പരിശോധിയ്ക്കുമെന്നു ആയപ്പോൾ ഇവന്മാരുടെ തീസിസിന്റെ കോപ്പികൾ എല്ലാം അപ്രത്യക്ഷമായി. ലൈബ്രറിയിൽ നിന്നും എല്ലായിടത്ത് നിന്നും. അതാ നമ്മുടെ നാട്.

ഏറ്റവും അവസാനത്തെ വി,ഐ.പി. കോപ്പി അടി നടത്തിയത്   ഒരു ഐ.ജി. ആണ്. ടി.ജെ.ജോസ് I P S.   LLM പരീക്ഷയ്ക്ക്  ഗൈഡ് മുണ്ടിനടിയിൽ ( അതോ പാന്റോ) ഒളിപ്പിച്ചു വച്ച് അത് കോപ്പി അടിയ്ക്കുകയായിരുന്നു. അപ്പോഴാണ്‌ പിടി വീണത്‌. അത് പോലീസ്  ഐ.ജി. ആണെന്നറിഞ്ഞപ്പോൾ വൈസ് പ്രിൻസിപ്പാളും മാനേജ്മെന്റും ഇത് ഒതുക്കി തീർക്കാൻ ശ്രമം നടത്തി. ജോസ് ആകട്ടെ കോപ്പി അടിച്ച തെളിവായ ഗൈഡിന്റെ കടലാസുകളും കൊണ്ട് സ്ഥലം വിട്ടു.തൊണ്ടി മുതൽ മുക്കാൻ പോലീസിനെ ആരും പഠിപ്പിയ്ക്കണ്ടല്ലോ. 

ഇനിയാണ് ശരിയായ കാര്യങ്ങൾ നടക്കുന്നത്. ഈ സംഭവം നടന്ന് ഒന്നോ രണ്ടോ മണിയ്ക്കൂറുകൾക്കകം ഒരു അന്വേഷണത്തിന്  ആഭ്യന്തര മന്ത്രി ഉത്തരവിടുന്നു.  കോപ്പി അടിച്ച വിവരം ഡി.ജി .പി. ബാല സുബ്രമണ്യം സ്ഥിരീകരിയ്ക്കുന്നു. IG ജോസിനോട് നിർബ്ബന്ധിത അവധിയിൽ പ്രവേശിയ്ക്കാൻ ആവശ്യപ്പെടുന്നു. കേരളത്തിനാകെ നാണക്കേട്‌ ആണെന്നും  ഇങ്ങിനെയുള്ളവരെ പോലീസ് സേനയിൽ വച്ച് കൊണ്ടിരിയ്ക്കണമോ എന്ന് ആലോചിയ്ക്കും എന്ന് വരെ ചെന്നിത്തല പറഞ്ഞു കളഞ്ഞു.

കൊടിയേറ്റം സിനിമയിൽ ഗോപി പറഞ്ഞത് പോലെ  "എന്തൊരു സ്പീഡ്".  6 മാസമായി മാണി കോഴ വാങ്ങിയത് അന്വേഷിയ്ക്കുന്നു. ഒന്നുമായില്ല. ബാബു കോഴ വാങ്ങിയത് നിർവാഹമില്ലാതെ അന്വേഷിയ്ക്കാൻ ഉത്തരവ് ഇടുന്നു. സരിതയുടെ കേസ് അന്വേഷണം രണ്ടു വർഷമായി നടക്കുന്നു. നിസാം കേസ് ഇഴഞ്ഞു നീങ്ങുന്നു. ടി.ഓ. സൂരജിന്റെ കേസുകൾ ഇങ്ങിനെ നടക്കുന്നു. അങ്ങിനെ എല്ലാ ക്രിമിനൽ കേസുകളും ഇഴഞ്ഞാണ് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരാകട്ടെ മുട്ടിൽ ഇഴഞ്ഞും.  അപ്പോഴാണ്‌ ജോസിൻറെ കോപ്പി അടി കാര്യത്തിൽ ആഭ്യന്തര വകുപ്പിന്  ഇത്രയും വലിയ ശുഷ്കാന്തി. 

അസൌകര്യം ആയ കാര്യങ്ങൾ എന്ത് ചോദിച്ചാലും " അത് ഞാൻ കണ്ടില്ല" , "അത് ഞാൻ കേട്ടില്ല", അത് ഞാൻ അന്വേഷിച്ചിട്ട് പറയാം എന്നൊക്കെ പറയുന്ന ചെന്നിത്തല ആണ് സെക്കന്ഡ് കൾക്കകം കാര്യം എല്ലാം അറിഞ്ഞത്. എന്തൊരു ശുഷ്ക്കാന്തി. ഇതിലും വലിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത I P S കാര് പോലീസ് നിറയെ ഉള്ളപ്പോൾ ആണ് ജോസിന്റെ കാര്യത്തിൽ ഇത്ര ധൃതിയിൽ കാര്യങ്ങൾ നീങ്ങിയത്.

ജോസ് കാണിച്ചത് തെറ്റ് തന്നെ. പക്ഷെ ചെന്നിത്തലയ്ക്ക് എന്തോ കണക്കു തീർക്കാനുണ്ട്. അതാണ്‌ ഇത്രയും വലിയ വേഗത.

 പോലീസിൽ പലരും ഇത് പോലെ വലിയ ഡിഗ്രികളും   ഡോക്ടറേറ്റ് കളും കൊണ്ട് നടക്കുന്നത് എങ്ങിനെയെന്ന് ഇപ്പോൾ മനസ്സിലായല്ലോ.

Monday, May 4, 2015

ഗൾഫ് കൃഷി


സംശയിക്കേണ്ട. നമ്മുടെ കൃഷി മന്ത്രി കെ.പി. മോഹനൻ തന്നെ. ഒരു നെൽപ്പാടം ആണ് സ്ഥലം. കൊയ്തെടുത്ത  കറ്റയുമായി നിൽക്കുകയാണ് നമ്മുടെ കൃഷി മന്ത്രി. കൃഷി മന്ത്രി ആണെങ്കിൽ ഇങ്ങിനെ തന്നെ വേണം. കൃഷിയോട് സ്നേഹം വേണം. മന്ത്രി തന്നെ വിളവെടുപ്പിനു വരുമ്പോൾ കൃഷിക്കാർക്ക്‌ സന്തോഷം ആകുമല്ലോ. കൃഷിക്കാർക്ക് പ്രോത്സാഹനം ആകുമല്ലോ. എന്തൊരു നല്ല മന്ത്രി.

പക്ഷെ സംഭവം ഇവിടെ കേരളത്തിലല്ല. അങ്ങ് ഗൾഫിലാ.  ഖത്തറിൽ -ദോഹയിൽ. അവിടെ മണലാരണ്യത്തിൽ കൃഷി നടത്തിയ മലയാളികളോടൊപ്പം കൊയ്തു കൊണ്ട് നിൽക്കുന്ന മന്ത്രിയാണ് പടത്തിൽ .
ഇവിടെ കേരളത്തിൽ കൃഷി വികസിപ്പിയ്ക്കുകയല്ല നമ്മുടെ കൃഷി മന്ത്രിയുടെ ലക്ഷ്യം. അങ്ങ് ഗൾഫിൽ കൃഷി വികസിപ്പിയ്ക്കുകയാണ് അദ്ദേഹം.

കേരളത്തിൽ വയൽ ആയ വയൽ എല്ലാം നികത്തി കെട്ടിടം വയ്ക്കുന്നു. എങ്ങിനെയെങ്കിലും നെൽ കൃഷി ചെയ്യുന്ന കർഷകർക്ക് ആകട്ടെ യാതൊരു സഹായവും സർക്കാർ ചെയ്യുന്നില്ല. ഉൽപ്പാ ദിപ്പിയ്ക്കുന്ന നെല്ല് മാന്യമായ വില നൽകി വാങ്ങാൻ സർക്കാർ തയ്യാറാകുന്നില്ല. അവർക്ക് മറ്റു സൌകര്യങ്ങൾ നൽകുന്നില്ല.  അപ്പോഴാണ്‌ കൃഷി മന്ത്രി ഖത്തറിൽ കൃഷി വികസിപ്പിയ്ക്കാൻ പോയത്. സൗകര്യം അല്ലേ. പഞ്ച നക്ഷത്ര ഹോട്ടലിൽ സംഘാടകരുടെ  ചിലവിൽ സുഖ വാസം. പിന്നെ എല്ലാ സൌകര്യങ്ങളും. ഇടയ്ക്ക് അലക്കി ത്തേച്ച ഖദറും അണിഞ്ഞ് കൈ നനയാതെ അൽപ്പം കൊയ്ത് ഗൾഫുകാരുടെ മുന്നിൽ ഷൈൻ ചെയ്യാം.

ഈ ഗൾഫ് കൃഷി മോഹനൻ മന്ത്രിയുടെ സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു. കഴിഞ്ഞ വർഷവും അങ്ങേരുടെ  ഗൾഫ് കൃഷിയുടെ ഒരു പടം എന്ന പേരിൽ ഒരു ചിത്രം നെറ്റിൽ കണ്ടു. ഖത്തർ കൃഷി.ഇനി അറബികൾ പിടിച്ച് അങ്ങേരെ ഗൾഫിലെ കൃഷി മന്ത്രി ആക്കുമോ എന്നാണ് സംശയം.

Sunday, May 3, 2015

അഴിമതി

വിൻസണ്‍ എം.പോൾ പെൻഷൻ പറ്റാറായോ?  സംശയം തോന്നാൻ കാരണമുണ്ട്. നാട്ടിൽ നടമാടുന്ന അഴിമതിയെ ക്കുറിച്ചും അഴിമതിയ്ക്കു പിന്നിൽ   രാഷ്ട്രീയ ക്കാർ ആണെന്നും അവർ ക്രിമിനലുകളോടൊപ്പം ചേർന്ന് അഴിമതി നടത്തുന്നു എന്നുമൊക്കെ ഇന്നലെ തിരുവനന്തപുരത്ത് അദ്ദേഹം ശക്തമായി പ്രസംഗിയ്ക്കുക ഉണ്ടായി. ആള് എ.ഡി.ജി.പി. റാങ്ക് ആണ്. ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു അഴിമതി വിരുദ്ധ നിലപാട് പെട്ടെന്ന് വന്നത് കൊണ്ടാണ് പെൻഷൻ പറ്റാറായോ എന്ന  സംശയം  ഉദിച്ചത്. ഉദ്യോഗത്തിൽ നിന്നും വിരമിയ്ക്കുന്നതിനു തൊട്ടു മുൻപോ, അല്ലെങ്കിൽ വിരമിച്ചു കഴിഞ്ഞ ഉടനയോ ഇങ്ങിനെ ചില പ്രസ്താവനകൾ ഇറക്കുന്നത്‌ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പതിവാണ്. 

അഴിമതി ക്കേസിൽ കുടുങ്ങുന്നത് നാണക്കേട്‌ ആയി കരുതാത്ത കാലമാണിത് എന്നും,അഴിമതി കേസിൽ അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിയ്ക്കാൻ കഴിയുന്നില്ല എന്നും    തുടങ്ങി  എല്ലാവർക്കും അറിയാവുന്ന കുറെ സത്യങ്ങൾ   സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.  അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുത്ത് മുകളിലേയ്ക്ക് അയയ്ക്കരുത് എന്നും കൂടി പറഞ്ഞു.   വളരെ പ്രധാന പ്പെട്ട ഒരു കുറ്റ സമ്മതവും അദ്ദേഹം നടത്തി. "വിജിലൻസിന് മേൽ സംസ്ഥാന സർക്കാരിൻറെ സമ്മർദ്ദമുണ്ട്". കാലാ കാലങ്ങളായി ജനം മനസ്സിലാക്കി കൊണ്ടും പറഞ്ഞു കൊണ്ടും ഇരുന്ന ഒരു കാര്യമാണ് അത്. ഇപ്പോഴെങ്കിലും ഡയരക്ടർ അത്  സമ്മതിച്ചല്ലോ. 

എന്തിനാണ് ഈ ഉന്നത ഉദ്യോഗസ്ഥർ അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നത്? നേരെ സത്യസന്ധമായി നിന്നാൽ ഭരണാധികാരികൾ ഇവരുടെ മൂക്ക് ചെത്തി ക്കളയുമോ?  ആകെ ചെയ്യാനുള്ളത്   വിൻസണ്‍ പോൾ പറഞ്ഞത് പോലെ   ഒരു സ്ഥലം മാറ്റം ആണ്. അതിനപ്പുറം ഒന്നും ചെയ്യാനില്ല. ഒരു സ്ഥലം മാറ്റത്തെ ഈ ഉദ്യോഗസ്ഥർ ഇത്ര കണ്ട്  പേടിയ്ക്കുന്നത് എന്തിനാണ് ?  അതിനെ അതിജീവി ക്കാനുള്ള   ധൈര്യം ഇവർക്കില്ലേ? ഹരിയാനയിലെ IAS ഉദ്യോഗസ്ഥൻ  അശോക്‌ കേംഖ ഇവർക്ക് മുന്നിൽ മാതൃക ആയില്ലേ? 22 വർഷം സർവീസിനിടയിൽ 46 സ്ഥലം മാറ്റം കിട്ടിയിട്ടും അഴിമതിയ്ക്ക് എതിരെ ഇന്നും  പോരാടുന്ന ധീരൻ.  അപ്പോൾ അതല്ല  കാര്യം. സത്യത്തിനും നീതിയ്ക്കും വേണ്ടി നിൽക്കാതെ അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ്. പണം ഉണ്ടാക്കാനും മറ്റു കാര്യ സാധ്യത്തിനും  വേണ്ടിയാണ്.  അല്ലാതെ  വിൻസണ്‍ എം.പോൾ പറയുന്നത് പോലെ സ്ഥലം മാറ്റം പേടിച്ചിട്ടല്ല.  ടി.ഓ. സൂരജ്, ടോമിൻ തച്ചങ്കരി, ടോം ജോസ് തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥർ  അഴിമതി നടത്തിയിട്ടും  ഇന്നും സുഖമായി കഴിയുന്നത് നമ്മുടെ കണ്‍ മുന്നിലുണ്ടല്ലോ.

ഇനി അഥവാ വിൻസൻ പോൾ പറയുന്നത് പോലെയാണെങ്കിൽ തന്നെ എത്ര ഉദ്യോഗസ്ഥരെ ഇങ്ങിനെ സ്ഥലം മാറ്റാൻ കഴിയും? ഒരാളെ മാറ്റുന്നത് അഴിമതിക്കാരനായ ഒരാളെ ആ സ്ഥലത്ത് കൊണ്ട് വരാനാണല്ലോ? എല്ലാ ഉദ്യോഗസ്ഥരും സത്യ സന്ധർ ആണെങ്കിലോ? അപ്പോൾ സ്ഥലം മാറ്റ പ്പേടി എന്നത് ഒരു  മുടന്തൻ ന്യായം ആണ്. അഴിമതിയ്ക്ക് കൂട്ട് നിൽക്കുന്നതിന്, സത്യ സന്ധമായി പ്രവർത്തിയ്ക്കാത്തതിന് കണ്ടെത്തുന്ന ഒരു ന്യായം. പോലീസിലെ ആണെങ്കിൽ സ്ഥലം മാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അതിനെതിരായി സ്ഥലം മാറ്റം നടത്തിയാൽ ചോദ്യം ചെയ്യാമല്ലോ. എന്ത് കൊണ്ടാണ് അതിനു കഴിയാതെ പോകുന്നത്? കാരണം എല്ലാവർക്കും അറിയാം. ടോം ജോസിനെ പ്പോലെ സിന്ധുദുർഗിൽ വാങ്ങിയ എസ്റെറ്റോ, സൂരജിനെ പ്പോലെ വാങ്ങിയ ഫ്ലാറ്റുകളോ ഒക്കെ അവർക്ക് ബലഹീനതകളായി കൂടെയുണ്ടാകുന്നത് കൊണ്ട്.   സത്യസന്ധനായ ഉദ്യോഗസ്ഥന് പദവി ഏതായാലും തന്റെ തട്ടകത്തിൽ ആത്മാർത്ഥമായി അഴിമതിയ്ക്കു എതിരെ പോരാടാനുള്ള അവസരം ഉണ്ട്.

ഇതാ അടുത്ത ഡി.ജി.പി. ആയി ആരെന്ന് മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ തർക്കം എന്ന് വാർത്ത വരുന്നു. സെൻ കുമാർ ആകണം എന്ന് ഒരാൾ, സിന്ഗ്ല ആകണമെന്ന് മറ്റൊരാൾ. എന്താണ് ഈ അഭിപ്രായ വ്യത്യാസം വരുന്നത്?  തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യം സംരക്ഷിയ്ക്കും എന്ന് ഉറപ്പുള്ളവരെ  ഡി.ജി.പി സ്ഥാനത്ത് പ്രതിഷ്ട്ടിയ്ക്കാൻ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിയ്ക്കുന്നു. അതാണ്‌ കാരണം.

 വിൻസൻ പോൾ പഴയ  "S" കത്തി ഫെയിം ആണ്. മുത്തൂറ്റ് കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പോൾ മുത്തൂറ്റ്‌  കൊലപാതക കേസിനെ കുറിച്ച് ജനങ്ങൾക്ക്‌ ഇന്നും സംശയം മാറിയിട്ടില്ല, ദുരൂഹത നില നിൽക്കുന്നുമുണ്ട്. അടുത്ത കാലത്ത് നടന്ന സരിത-സോളാർ കേസ് വിജിലൻസും പോലീസും കൂടി ചാണ്ടിയെ രക്ഷിയ്ക്കാൻ എങ്ങിനെ ഒതുക്കി എന്ന് നാം കണ്ടു.   മാണി-ബാബു-ശിവകുമാർ -ചെന്നിത്തല മന്ത്രിമാർ ഉൾപ്പെട്ട ബാർ കോഴ കേസ് എങ്ങിനെയെല്ലാം അട്ടിമറിയ്ക്കാൻ കഴിയുമോ അതെല്ലാം ഉദ്യോഗസ്ഥർ ചെയ്യുന്നു. പാറ്റൂർ ഭൂമി കയ്യേറ്റ -ഫ്ലാറ്റ് കേസ് അട്ടിമറിയ്ക്കപ്പെട്ടു. സലിം രാജ് കടകം പള്ളി - ഇടപ്പള്ളി ഭൂമി തട്ടിപ്പ് കേസ് അട്ടി മറിച്ചു. അങ്ങിനെ രാഷ്ട്രീയക്കാർ ഇടപെട്ട കേസുകൾ എല്ലാം ഒതുക്കുന്നതും അട്ടി മറിയ്ക്കുന്നതും ഉദ്യോഗസ്ഥർ ആണ്.   ഇത്തരം   കേസുകളിൽ അധികാരി വർഗ്ഗത്തിന്റെ, രാഷ്ട്രീയ നേതൃത്വത്തിന്റെ വാലാട്ടികൾ ആയിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ ജനങ്ങൾ കാണുന്നത്. കേസുകൾ എങ്ങും എത്താതെ നിൽക്കുന്നതും അത് കൊണ്ട് മാത്രമാണ്. സമയ ബന്ധിതമായി കേസുകൾ തീർക്കുന്നതിനു പകരം  രാഷ്ട്രീയക്കാരെയും പണക്കാരെയും അതിൽ നിന്നും എങ്ങിനെ രക്ഷപ്പെടുത്താൻ ആകും എന്നാണ് ഉദ്യോഗസ്ഥർ ചിന്തിയ്ക്കുന്നതും പ്രവർത്തിയ്ക്കുന്നതും. 

പ്രസ്താവന നടത്താൻ എളുപ്പമാണ്. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ. എന്തെല്ലാം ആണ് വിളിച്ചു പറയുന്നത്. എന്നിട്ട് അതിന് നേർ വിപരീതം അല്ലേ ചെയ്യുന്നത്. ക്വിക്ക് വെരിഫിക്കേഷൻ നടത്താൻ വിജിലൻസിന് നിർദ്ദേശം നൽകി  എന്ന് പറയുന്ന ചെന്നിത്തല അതെ ശ്വാസത്തിൽ തന്നെ പറയുന്നു വിജിലൻസിൻറെ അന്വേഷണത്തിൽ ഇടപെടില്ല എന്ന്. ഇട പെടില്ലെങ്കിൽ പിന്നെ എങ്ങിനെ വിജിലൻസിന് നിർദ്ദേശം നൽകി?  ഇതാണ് രാഷ്ട്രീയക്കാർ. 

ഏതാണ്ട് 1200 കേസുകൾ വിജിലൻസ് കോടതികളിൽ കിടക്കുന്നു എന്ന് പോൾ പറയുന്നു. ഇപ്പോൾ നടക്കുന്നത് പോലെ വർഷത്തിൽ 50 കേസുകൾ വച്ച് തീർപ്പായാൽ 25 വർഷം എടുക്കും ഇവ തീരാൻ. കോടതി മാത്രമാണോ ഇതിന് ഉത്തരവാദി. കേസുകൾ മനപൂർവം വച്ച് വിജിലൻസ് താമസിപ്പിയ്ക്കുന്നില്ലേ? അധികാരവും സ്വാധീനവും ഉള്ളവരുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥരുടെ മുട്ട് വിറയ്ക്കും.  അത്തരം കേസുകൾ മിയ്ക്കവാറും ആട്ടിമറിയ്ക്കു കയാണ് ചെയ്യുന്നത്. അത്തരം കേസുകളുടെ ലിസ്റ്റ് വിൻസൻ പോളിന് തന്നെ അറിയാമല്ലോ.

 വിജിലൻസ് കേസുകൾ സത്യ സന്ധമായി അന്വേഷിയ്ക്കും എന്നുള്ള     വിൻസണ്‍ എം.പോളിന്റെ പ്രസ്താവന ഒരു വീണ്‍ വാക്ക് ആവില്ല എന്ന് നമുക്ക് കരുതാം. 2015 നവംബറിൽ ആണെന്ന് തോന്നുന്നു അദ്ദേഹം പടിയിറങ്ങുന്നത്. ഇനിയുള്ള അഞ്ചാറു മാസം  അത് പ്രവർത്തിച്ചു കാണിയ്ക്കാനുള്ള ആർജവം ഇനിയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ സത്യസന്ധ മായി അന്വേഷിച്ച് കോടതിയിൽ എത്തിയ്ക്കാനുള്ള അവസാന അവസരം.

Saturday, May 2, 2015

മെയ് 1


മെയ് ദിന റാലി. പുതു പുത്തൻ ചെങ്കൊടികൾ. ഓരോരുത്തർക്കും  ഇപ്പോൾ   പ്രിന്റ്‌ ചെയ്ത് എടുത്തത്. പി.വി.സി. പൈപ്പുകളിൽ കെട്ടിയത്. അതാണ്‌ ഇന്നത്തെ അധ്വാനിയ്ക്കുന്ന ജന വിഭാഗത്തിന്റെ റാലി. മെയ് ദിനത്തിൻറെ പ്രസക്തി ഇന്ന് ഈ റാലിയിൽ ഒതുങ്ങുന്നു. "റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പാർട്ടിയുടെ പ്രമുഖ നേതാക്കൾ പ്രസംഗിയ്ക്കുന്നു". തീർന്നു ഒരു മെയ് ഒന്ന്. 

തൊഴിലാളി വർഗത്തിൽ ഒരു വരേണ്യ വർഗം ഉടലെടുത്തിട്ട്‌ കാലം കുറെ ആയി. നോക്കു കൂലി വാങ്ങുന്നവരും, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവരും  ആയി ഒരു വർഗം.  അസംഘടിതരായ ഒരു വർഗം ഇന്ന് കീഴാള വർഗം ആയി നില നിൽക്കുന്നു.  8 മണിയ്ക്കൂർ- 10 മണിയ്ക്കൂർ ജോലി. ഒരു മിനിട്ട് പോലും ഇരിയ്ക്കാൻ അവകാശമില്ലാതെ. വലിയ തുണിക്കടകളിലും സ്വർണ ക്കടകളിലും അത് പോലുള്ള വൻ ഷോ റൂമുകളിലും ജോലി ചെയ്യുന്ന പാവങ്ങൾ. കൂടുതലും സ്ത്രീകൾ. അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആരുമില്ല. 

അങ്ങിനെ പലതും. മെയ് ദിന ആശംസകൾ. സർവ രാജ്യ തൊഴിലാളികൾക്ക്.