2015, മേയ് 3, ഞായറാഴ്‌ച

അഴിമതി

വിൻസണ്‍ എം.പോൾ പെൻഷൻ പറ്റാറായോ?  സംശയം തോന്നാൻ കാരണമുണ്ട്. നാട്ടിൽ നടമാടുന്ന അഴിമതിയെ ക്കുറിച്ചും അഴിമതിയ്ക്കു പിന്നിൽ   രാഷ്ട്രീയ ക്കാർ ആണെന്നും അവർ ക്രിമിനലുകളോടൊപ്പം ചേർന്ന് അഴിമതി നടത്തുന്നു എന്നുമൊക്കെ ഇന്നലെ തിരുവനന്തപുരത്ത് അദ്ദേഹം ശക്തമായി പ്രസംഗിയ്ക്കുക ഉണ്ടായി. ആള് എ.ഡി.ജി.പി. റാങ്ക് ആണ്. ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു അഴിമതി വിരുദ്ധ നിലപാട് പെട്ടെന്ന് വന്നത് കൊണ്ടാണ് പെൻഷൻ പറ്റാറായോ എന്ന  സംശയം  ഉദിച്ചത്. ഉദ്യോഗത്തിൽ നിന്നും വിരമിയ്ക്കുന്നതിനു തൊട്ടു മുൻപോ, അല്ലെങ്കിൽ വിരമിച്ചു കഴിഞ്ഞ ഉടനയോ ഇങ്ങിനെ ചില പ്രസ്താവനകൾ ഇറക്കുന്നത്‌ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പതിവാണ്. 

അഴിമതി ക്കേസിൽ കുടുങ്ങുന്നത് നാണക്കേട്‌ ആയി കരുതാത്ത കാലമാണിത് എന്നും,അഴിമതി കേസിൽ അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിയ്ക്കാൻ കഴിയുന്നില്ല എന്നും    തുടങ്ങി  എല്ലാവർക്കും അറിയാവുന്ന കുറെ സത്യങ്ങൾ   സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.  അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുത്ത് മുകളിലേയ്ക്ക് അയയ്ക്കരുത് എന്നും കൂടി പറഞ്ഞു.   വളരെ പ്രധാന പ്പെട്ട ഒരു കുറ്റ സമ്മതവും അദ്ദേഹം നടത്തി. "വിജിലൻസിന് മേൽ സംസ്ഥാന സർക്കാരിൻറെ സമ്മർദ്ദമുണ്ട്". കാലാ കാലങ്ങളായി ജനം മനസ്സിലാക്കി കൊണ്ടും പറഞ്ഞു കൊണ്ടും ഇരുന്ന ഒരു കാര്യമാണ് അത്. ഇപ്പോഴെങ്കിലും ഡയരക്ടർ അത്  സമ്മതിച്ചല്ലോ. 

എന്തിനാണ് ഈ ഉന്നത ഉദ്യോഗസ്ഥർ അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നത്? നേരെ സത്യസന്ധമായി നിന്നാൽ ഭരണാധികാരികൾ ഇവരുടെ മൂക്ക് ചെത്തി ക്കളയുമോ?  ആകെ ചെയ്യാനുള്ളത്   വിൻസണ്‍ പോൾ പറഞ്ഞത് പോലെ   ഒരു സ്ഥലം മാറ്റം ആണ്. അതിനപ്പുറം ഒന്നും ചെയ്യാനില്ല. ഒരു സ്ഥലം മാറ്റത്തെ ഈ ഉദ്യോഗസ്ഥർ ഇത്ര കണ്ട്  പേടിയ്ക്കുന്നത് എന്തിനാണ് ?  അതിനെ അതിജീവി ക്കാനുള്ള   ധൈര്യം ഇവർക്കില്ലേ? ഹരിയാനയിലെ IAS ഉദ്യോഗസ്ഥൻ  അശോക്‌ കേംഖ ഇവർക്ക് മുന്നിൽ മാതൃക ആയില്ലേ? 22 വർഷം സർവീസിനിടയിൽ 46 സ്ഥലം മാറ്റം കിട്ടിയിട്ടും അഴിമതിയ്ക്ക് എതിരെ ഇന്നും  പോരാടുന്ന ധീരൻ.  അപ്പോൾ അതല്ല  കാര്യം. സത്യത്തിനും നീതിയ്ക്കും വേണ്ടി നിൽക്കാതെ അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ്. പണം ഉണ്ടാക്കാനും മറ്റു കാര്യ സാധ്യത്തിനും  വേണ്ടിയാണ്.  അല്ലാതെ  വിൻസണ്‍ എം.പോൾ പറയുന്നത് പോലെ സ്ഥലം മാറ്റം പേടിച്ചിട്ടല്ല.  ടി.ഓ. സൂരജ്, ടോമിൻ തച്ചങ്കരി, ടോം ജോസ് തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥർ  അഴിമതി നടത്തിയിട്ടും  ഇന്നും സുഖമായി കഴിയുന്നത് നമ്മുടെ കണ്‍ മുന്നിലുണ്ടല്ലോ.

ഇനി അഥവാ വിൻസൻ പോൾ പറയുന്നത് പോലെയാണെങ്കിൽ തന്നെ എത്ര ഉദ്യോഗസ്ഥരെ ഇങ്ങിനെ സ്ഥലം മാറ്റാൻ കഴിയും? ഒരാളെ മാറ്റുന്നത് അഴിമതിക്കാരനായ ഒരാളെ ആ സ്ഥലത്ത് കൊണ്ട് വരാനാണല്ലോ? എല്ലാ ഉദ്യോഗസ്ഥരും സത്യ സന്ധർ ആണെങ്കിലോ? അപ്പോൾ സ്ഥലം മാറ്റ പ്പേടി എന്നത് ഒരു  മുടന്തൻ ന്യായം ആണ്. അഴിമതിയ്ക്ക് കൂട്ട് നിൽക്കുന്നതിന്, സത്യ സന്ധമായി പ്രവർത്തിയ്ക്കാത്തതിന് കണ്ടെത്തുന്ന ഒരു ന്യായം. പോലീസിലെ ആണെങ്കിൽ സ്ഥലം മാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അതിനെതിരായി സ്ഥലം മാറ്റം നടത്തിയാൽ ചോദ്യം ചെയ്യാമല്ലോ. എന്ത് കൊണ്ടാണ് അതിനു കഴിയാതെ പോകുന്നത്? കാരണം എല്ലാവർക്കും അറിയാം. ടോം ജോസിനെ പ്പോലെ സിന്ധുദുർഗിൽ വാങ്ങിയ എസ്റെറ്റോ, സൂരജിനെ പ്പോലെ വാങ്ങിയ ഫ്ലാറ്റുകളോ ഒക്കെ അവർക്ക് ബലഹീനതകളായി കൂടെയുണ്ടാകുന്നത് കൊണ്ട്.   സത്യസന്ധനായ ഉദ്യോഗസ്ഥന് പദവി ഏതായാലും തന്റെ തട്ടകത്തിൽ ആത്മാർത്ഥമായി അഴിമതിയ്ക്കു എതിരെ പോരാടാനുള്ള അവസരം ഉണ്ട്.

ഇതാ അടുത്ത ഡി.ജി.പി. ആയി ആരെന്ന് മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ തർക്കം എന്ന് വാർത്ത വരുന്നു. സെൻ കുമാർ ആകണം എന്ന് ഒരാൾ, സിന്ഗ്ല ആകണമെന്ന് മറ്റൊരാൾ. എന്താണ് ഈ അഭിപ്രായ വ്യത്യാസം വരുന്നത്?  തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യം സംരക്ഷിയ്ക്കും എന്ന് ഉറപ്പുള്ളവരെ  ഡി.ജി.പി സ്ഥാനത്ത് പ്രതിഷ്ട്ടിയ്ക്കാൻ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിയ്ക്കുന്നു. അതാണ്‌ കാരണം.

 വിൻസൻ പോൾ പഴയ  "S" കത്തി ഫെയിം ആണ്. മുത്തൂറ്റ് കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പോൾ മുത്തൂറ്റ്‌  കൊലപാതക കേസിനെ കുറിച്ച് ജനങ്ങൾക്ക്‌ ഇന്നും സംശയം മാറിയിട്ടില്ല, ദുരൂഹത നില നിൽക്കുന്നുമുണ്ട്. അടുത്ത കാലത്ത് നടന്ന സരിത-സോളാർ കേസ് വിജിലൻസും പോലീസും കൂടി ചാണ്ടിയെ രക്ഷിയ്ക്കാൻ എങ്ങിനെ ഒതുക്കി എന്ന് നാം കണ്ടു.   മാണി-ബാബു-ശിവകുമാർ -ചെന്നിത്തല മന്ത്രിമാർ ഉൾപ്പെട്ട ബാർ കോഴ കേസ് എങ്ങിനെയെല്ലാം അട്ടിമറിയ്ക്കാൻ കഴിയുമോ അതെല്ലാം ഉദ്യോഗസ്ഥർ ചെയ്യുന്നു. പാറ്റൂർ ഭൂമി കയ്യേറ്റ -ഫ്ലാറ്റ് കേസ് അട്ടിമറിയ്ക്കപ്പെട്ടു. സലിം രാജ് കടകം പള്ളി - ഇടപ്പള്ളി ഭൂമി തട്ടിപ്പ് കേസ് അട്ടി മറിച്ചു. അങ്ങിനെ രാഷ്ട്രീയക്കാർ ഇടപെട്ട കേസുകൾ എല്ലാം ഒതുക്കുന്നതും അട്ടി മറിയ്ക്കുന്നതും ഉദ്യോഗസ്ഥർ ആണ്.   ഇത്തരം   കേസുകളിൽ അധികാരി വർഗ്ഗത്തിന്റെ, രാഷ്ട്രീയ നേതൃത്വത്തിന്റെ വാലാട്ടികൾ ആയിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ ജനങ്ങൾ കാണുന്നത്. കേസുകൾ എങ്ങും എത്താതെ നിൽക്കുന്നതും അത് കൊണ്ട് മാത്രമാണ്. സമയ ബന്ധിതമായി കേസുകൾ തീർക്കുന്നതിനു പകരം  രാഷ്ട്രീയക്കാരെയും പണക്കാരെയും അതിൽ നിന്നും എങ്ങിനെ രക്ഷപ്പെടുത്താൻ ആകും എന്നാണ് ഉദ്യോഗസ്ഥർ ചിന്തിയ്ക്കുന്നതും പ്രവർത്തിയ്ക്കുന്നതും. 

പ്രസ്താവന നടത്താൻ എളുപ്പമാണ്. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ. എന്തെല്ലാം ആണ് വിളിച്ചു പറയുന്നത്. എന്നിട്ട് അതിന് നേർ വിപരീതം അല്ലേ ചെയ്യുന്നത്. ക്വിക്ക് വെരിഫിക്കേഷൻ നടത്താൻ വിജിലൻസിന് നിർദ്ദേശം നൽകി  എന്ന് പറയുന്ന ചെന്നിത്തല അതെ ശ്വാസത്തിൽ തന്നെ പറയുന്നു വിജിലൻസിൻറെ അന്വേഷണത്തിൽ ഇടപെടില്ല എന്ന്. ഇട പെടില്ലെങ്കിൽ പിന്നെ എങ്ങിനെ വിജിലൻസിന് നിർദ്ദേശം നൽകി?  ഇതാണ് രാഷ്ട്രീയക്കാർ. 

ഏതാണ്ട് 1200 കേസുകൾ വിജിലൻസ് കോടതികളിൽ കിടക്കുന്നു എന്ന് പോൾ പറയുന്നു. ഇപ്പോൾ നടക്കുന്നത് പോലെ വർഷത്തിൽ 50 കേസുകൾ വച്ച് തീർപ്പായാൽ 25 വർഷം എടുക്കും ഇവ തീരാൻ. കോടതി മാത്രമാണോ ഇതിന് ഉത്തരവാദി. കേസുകൾ മനപൂർവം വച്ച് വിജിലൻസ് താമസിപ്പിയ്ക്കുന്നില്ലേ? അധികാരവും സ്വാധീനവും ഉള്ളവരുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥരുടെ മുട്ട് വിറയ്ക്കും.  അത്തരം കേസുകൾ മിയ്ക്കവാറും ആട്ടിമറിയ്ക്കു കയാണ് ചെയ്യുന്നത്. അത്തരം കേസുകളുടെ ലിസ്റ്റ് വിൻസൻ പോളിന് തന്നെ അറിയാമല്ലോ.

 വിജിലൻസ് കേസുകൾ സത്യ സന്ധമായി അന്വേഷിയ്ക്കും എന്നുള്ള     വിൻസണ്‍ എം.പോളിന്റെ പ്രസ്താവന ഒരു വീണ്‍ വാക്ക് ആവില്ല എന്ന് നമുക്ക് കരുതാം. 2015 നവംബറിൽ ആണെന്ന് തോന്നുന്നു അദ്ദേഹം പടിയിറങ്ങുന്നത്. ഇനിയുള്ള അഞ്ചാറു മാസം  അത് പ്രവർത്തിച്ചു കാണിയ്ക്കാനുള്ള ആർജവം ഇനിയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ സത്യസന്ധ മായി അന്വേഷിച്ച് കോടതിയിൽ എത്തിയ്ക്കാനുള്ള അവസാന അവസരം.

8 അഭിപ്രായങ്ങൾ:

  1. പുകയുന്ന രാഷ്ട്രീയ.,തിളക്കുന്ന പൊതുജനം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൊതു ജനത്തിന്റെആവേശം തെരഞ്ഞെടുപ്പു വരെ നിന്നാൽ മതിയായിരുന്നു.

      ഇല്ലാതാക്കൂ
  2. പ്രസംഗങ്ങളേക്കാള്‍ ഉപരി സത്യസന്ധമായി പ്രവര്‍ത്തിക്കുകയും,അനീതികളെ തുടച്ചുനീക്കുകയും ചെയ്യുന്ന ഉദ്ദ്യോഗസ്ഥരെയും,മന്ത്രിമാരെയുമാണ് ജനങ്ങള്‍ക്കിഷ്ടം,അല്ലാത്തതെല്ലാം അവിശ്വാസത്തോടെയേ നോക്കികാണുകയുള്ളൂ.
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജനം തുനിഞ്ഞിറങ്ങിയാൽ അല്ലാതെ ഇവന്മാർ നന്നാവത്തില്ല ചേട്ടാ.

      ഇല്ലാതാക്കൂ
  3. പൊതുജനം കഴുത എന്ന ധാരണ ഇപ്പോഴുമുണ്ട് ചിലര്‍ക്ക് അത് മാറിയെ തീരൂ ,,നവ മാധ്യമങ്ങള്‍ അതിനു ഒരു തുടക്കമാവട്ടേ ,,

    മറുപടിഇല്ലാതാക്കൂ
  4. ബ്യൂറോക്രസിയിലെ ഉന്നതരും രാഷ്ട്രീയത്തിലെ ഉന്നതരും തമ്മിൽ സാധാരണക്കാർക്ക് മനസ്സിലാവാത്ത ചില അവിശുദ്ധ കൂട്ടുകെട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇത് രണ്ടും സമൂലമായി അഴിച്ചുപണിയാതെ ഈ നാട് രക്ഷപ്പെടില്ല

    മറുപടിഇല്ലാതാക്കൂ