Saturday, November 30, 2013

ബിഷപ്പിന് ക്വാറിമുതലാളിയുടെ ആശംസ.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയ മറ്റത്തിനു ക്വാറി,ക്രഷർ കമ്പനികളുടെ ജന്മ ദിനാശംസ പത്ര  പരസ്യങ്ങൾ.

കസ്തുരി രംഗൻ റിപ്പോർട്ടിനെതിരായി നടത്തിയ സമരത്തിൽ വളരെ ആസൂത്രിതമായി ആണ് ആക്രമണം  അഴിച്ചു വിട്ടത്. പോലീസിനെ ആക്രമിക്കുകയും, പോലീസിന്റേതു ഉൾപ്പടെ അനേകം വാഹനങ്ങളും പൊതു മുതലും   നശിപ്പിക്കുകയും, വന പാലകരെ ബന്ധികൾ ആക്കുകയും ചെയ്തു. അക്രമികൾ അഴിഞ്ഞാടുക ആയിരുന്നു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് തീയിടുകയും ചെയ്തു. പ്രധാനപ്പെട്ട കേസുകളിലെ തൊണ്ടി മുതൽ ഉൾപ്പടെ പ്രധാനപ്പെട്ട രേഖകൾ എല്ലാം കത്തി നശിച്ചു. അതായിരുന്നു അക്രമികളുടെ ഉദ്ദേശവും.  വളരെ ആസൂത്രിതമായിരുന്നു ആക്രമണം. അന്വേഷണം നടത്തുന്ന ഡി.വൈ.എസ.പി.യുടെ റിപ്പോർട്ട്‌ അനുസരിച്ച് പുറത്തു നിന്നുള്ള ഗൂണ്ടകൾ ആയിരുന്നു അക്രമികൾ. 
അവരെ  കൊണ്ട് വന്ന 7 ടിപ്പർ ലോറികളിൽ 2 എണ്ണം പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമഘട്ട റിപ്പോർട്ടുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമ ങ്ങൾക്കും പിന്നിൽ  ക്വാറി മാഫിയകളാണെന്ന ആക്ഷേപം നേരത്തെ  ഉണ്ടായിരുന്നു. കൂടാതെ കൊട്ടിയൂരിൽ ‍ വനപാലകരെ ബന്ദിയാക്കിയതിലും പോലീസിനെതിരെ ആക്രമണമഴിച്ച് വിട്ടതിനും പിന്നിൽ മാഫിയകളാണെന്നായിരുന്നു ഇന്റലിജന്റ്സ് റിപ്പോർട്ട്. പശ്ചിമ ഘട്ടത്തിൽ വൻതോതിൽ പാറ ഖനനവും വന നശീകരണവും നടക്കുന്നു. കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കിയാൽ ഈ ക്വാറി മാഫിയകൾ പുറത്താകും. അതിനാലാണ് അവരീ സമരം കൊണ്ട് വന്നത്. അതിനു നേത്രുത്വം നൽകാൻ ക്രിസ്തീയ സഭകൾ വരുകയും ചെയ്തു.  

ഈ പ്രതിഷേധങ്ങൾക്ക് എല്ലാം നേതൃത്വം നൽകിയത് ക്രിസ്തീയ പുരോഹിതന്മാർ ആയിരുന്നു. താമരശ്ശേരി ബിഷപ്‌ ഒരു പടി കൂടി കടന്ന് രക്ത ചൊരിച്ചിൽ ഉണ്ടാകും എന്ന് വരെ മുന്നറിയിപ്പ്നൽകി.

താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ T.S.സാജു ഡി.എഫ്.ഒ. ക്ക് നൽകിയ റിപ്പോർട്ട്‌ പറയുന്നത് ചെമ്പുകടവ് കത്തോലിക്കാ പള്ളി വികാരി ഫാ. സജി ആക്രമണത്തിൽ പങ്കാളി ആണെന്ന് സംശയിക്കുന്നു എന്നാണ്. 

കസ്തൂരിരംഗൻ  റിപ്പോർട്ടിനെതിരെ കണ്ണൂരിലെ മലയോര മേഖലയിലെ ജനങ്ങൾ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ നേതൃസ്ഥാനത്ത് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റമായിരുന്നു ഉണ്ടായിരുന്നത്.
ക്വാറി മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ഈ സമരങ്ങളുടെ ലക്ഷ്യം. ആ സമരത്തിന്‌ ഒരു ജനകീയ മുഖം നൽകാനും, രാഷ്ട്രീയ വില പേശലിനും ഒരു മതത്തിൻറെ ലേബൽ ആവശ്യം ആണെന്ന് ക്വാറി  മാഫിയ മനസ്സിലാക്കി. അവർക്ക് അതിന് ആവശ്യമായ സഹായവും സഹകരണവും നേതൃത്വവും ക്രിസ്തീയ സഭ നൽകി.

അതിൽ പ്രഥമ സ്ഥാനത്ത് നിന്ന തലശ്ശേരി ആർച്ച് ബിഷപ്പ്   മാർ ജോർജ്ജ് വലിയമറ്റത്തിന്റെ 71ആം ജന്മ ദിനത്തിനാണ് മലയാള മനോരമ പത്രത്തിൽ ബിഷപ്പിന് ആശംസകളർപ്പിച്ച് ക്വാറി- ക്രഷർ ‍ കമ്പനികളുടെ പരസ്യങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. വലിയ രണ്ട് പരസ്യങ്ങൾ. കണ്ണൂർ ജില്ലയിലെ പേരാവൂരിലും ഇരിട്ടിയിലുമുള്ള രണ്ട് കമ്പനികളാണ് പരസ്യം നൽകിയിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയിലടക്കം നിരവധി ക്വാറികളുള്ള കമ്പനികളാണ് ഇവ രണ്ടും. ഈ ക്വാറി കമ്പനികൾക്ക് ബിഷപ്പുമായി എന്താണ് ബന്ധം? ഇത് 71 ജന്മ ദിനം ആണ്. കഴിഞ്ഞ 70 ൽ ഏതെങ്കിലും ജന്മ ദിനത്തിൽ ഇത് പോലെ ആശംസകൾ നേർന്നിട്ടുണ്ടോ?  ഒരു പ്രത്വുപകാരം. പരസ്യമായി ഇതല്ലേ ചെയ്യാൻ പറ്റൂ. മുഖ്യ മന്ത്രി വരെ പങ്കെടുക്കുന്ന വലിയ ജന്മ ദിനാഘോഷ ചടങ്ങുകളാണ് നടക്കുവാൻ പോകുന്നത്. ഇതിനെല്ലാം  സ്പോണ്‍സർ ഷിപ്‌ ഉണ്ടോ എന്നും  പരിശോധിക്കേണ്ടി ഇരിക്കുന്നു. 

Friday, November 29, 2013

മാർക്സിസ്റ്റ് പ്ലീനം

ശത്രു സംഹാര പൂജകളും, പൂ മൂടലുകളും, തുലാഭാരങ്ങളും രഹസ്യമായി  നടത്തി ദൈവത്തെ പ്രീണിപ്പിച്ചു  കഴിയുന്ന മാർക്സിസ്റ്റ് കാർക്ക് ഇത്തരം ദൈവീക കാര്യങ്ങൾക്ക് വീണ്ടും വിലക്ക്. പാലക്കാട് നടക്കുന്ന  മാർക്സിസ്റ്റ്  പാർട്ടി പ്ലീനത്തിൽ ആണീ കാര്യങ്ങൾക്ക് വിലക്ക് കൽപ്പിച്ചത്. പ്ലീനം എന്ന് കേട്ടത് കൊണ്ട് തെറ്റിദ്ധരിക്കേണ്ട. അത് വെറും പാർട്ടി മീറ്റിംഗ് തന്നെ.  വർഗ്ഗാധിപത്യവും  കൊളോണിയലിസ്റ്റ് ചിന്താ സരണികളും ഉൾപ്പടെ വരട്ടു തത്വ വാദങ്ങൾ അവലോകനം നടത്തുന്ന  മീറ്റിംഗ് ആകയാൽ പേര് അൽപ്പം സ്റ്റൈലിൽ ആക്കി  പ്ലീനം എന്ന് പറയുന്നു എന്ന് മാത്രം. "വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമ  ദ്രിഷ്ട്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു"   എന്ന് തെളിയിച്ചു കൊണ്ട്  തക്കം പാർത്തിരുന്ന ബൂർഷാസിയായ   കെ.എം.മാണിയെ പൂവിട്ട് തൊഴുത്‌ പ്ലീനത്തിലേക്ക് ആനയിച്ചു  മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ.

ഗൃഹ പ്രവേശന ചടങ്ങുകളിൽ ഗണപതി ഹോമം ഉൾപ്പടെയുള്ള എല്ലാവിധ മത പരമായ ചടങ്ങുകളും ഒഴിവാക്കണമെന്നാണ്  സംഘടനാ രേഖയിലെ  നിർദേശം. ഈ വിലക്കുകളെല്ലാം ഹിന്ദു വിശ്വാസികളെ മാത്രം ഉദേശിച്ചു കൊണ്ടുള്ളതാണെന്ന് വ്യക്തം. കാരണം ക്രിസ്തീയ -മുസ്ലീം മതങ്ങളുടെ ചടങ്ങുകളെയും ആചാരങ്ങളെയും ധിക്കരിക്കാനുള്ള ചങ്കുറപ്പൊന്നും എത്ര കടുത്ത മാർക്സിസ്റ്റ് കാരനും കാണില്ല. പള്ളിയുടെ ആജ്ഞ ധിക്കരിക്കാൻ ഇവർക്കാകില്ല. മാമോദീസ മുക്കൽ, കല്ല്യാണം എന്നിവയിൽ  പള്ളിയും പട്ടക്കാരും പറയുന്നത് പോലെ അനുസരിച്ചില്ലെങ്കിൽ തെമ്മാടിക്കുഴിയിൽ ആയിരിക്കും മരിക്കുമ്പോൾ കിടക്കുന്നത്. അത് പോലെ തന്നെയാണ് മുസ്ലിം മത നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യത.  പരസ്യമായി മതത്തെ വെല്ലു വിളിക്കുമെങ്കിലും രഹസ്യമായി ഇവരെല്ലാം പള്ളിയുടെ വിനീത, വിധേയ  ശിഷ്യൻമാരാണ്. തങ്ങളുടെ മക്കളുടെയോ,ചെറു മക്കളുടെയോ മാമോദീസ,സുന്നത്ത്, എന്നീ മതപരമായ കാര്യങ്ങൾ ഇവർ നടത്തുന്നു.  വിവാഹം  തുടങ്ങിയ കാര്യങ്ങളെല്ലാം മതപരമായ ചടങ്ങുകളോടെയാണ് ഇവർ നടത്തുന്നത്. അതതു വ്യക്തികളുടെ  സ്വാതന്ത്ര്യവും ഇഷ്ട്ടവും ആണ് എന്നുള്ള ന്യായം പറഞ്ഞ് നേതാക്കൾ കൈ കഴുകും. മരണാനന്തര ചടങ്ങുകൾക്കും മത ആചാരങ്ങൾ പാടില്ല എന്ന് വിലക്കുന്നു സംഘടന രേഖ. അതും മത പരമായി തന്നെ നടക്കും. എത്ര  മുസ്ലിം-ക്രിസ്തീയ മാർക്സിസ്റ്റ് നേതാക്കൾ  വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറാകും? അപ്പോൾ പാവങ്ങളായ കുറെ ഹിന്ദുക്കളാണ് ഈ വിലക്കുകളെല്ലാം അനുഭവിക്കേണ്ടത്.

ഇത്തരം വിലക്കുകൾ ദേവസ്വം ബോർഡിലോ മറ്റു അമ്പല കമ്മിറ്റികളിലോ അംഗങ്ങളോ ഭരണാധികാരികളോ ആകാൻ മാർക്സിസ്റ്റ് പാർട്ടിക്കാർക്ക്   യാതൊരു തടസ്സവും ആകുന്നില്ല. കാരണം അവിടെ പണം ഉണ്ട്. ദൈവ വിശ്വാസികൾ സമർപ്പിക്കുന്ന പണം.അവിടെ വിലക്കുകളില്ല. അവിടെ കയറിക്കൂടാൻ ഈ അവിശ്വാസികൾ മത്സരമാണ്. മതങ്ങളെ നിഷേധിക്കുന്ന മാർക്സിസ്റ്റ്കാർ മതസ്ഥാപനങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള അന്തസ്സ് കൂടി കാണിക്കണം. 

Thursday, November 28, 2013

മാണിയും എക്കണോമിക്സും

പണ്ട്, അതായത് 2006 ൽ, ലാലു പ്രസാദ് യാദവ് ഹാർവാർഡ്‌ യുണിവേഴ്സിറ്റി വിദ്യാർഥികൾക്ക് എക്കണോമിക്സ് പഠിപ്പിച്ചു കൊടുത്ത ഒരു കഥ ഉണ്ട്. ലാലു എങ്ങിനെ റെയിൽവേയെ ലാഭത്തിലാക്കി എന്നത് അവിടത്തെ പഠനത്തിൽ ഉൾപ്പെടുത്തി എന്നും കേട്ടിട്ടുണ്ട്.ആ വർഷം അത് പഠിച്ച ഹാർവാർഡ്‌ പിള്ളേരെല്ലാം തോറ്റു കാണും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. റെയിൽവേയുടെ ഗതി എന്താണെന്ന് നമുക്കറിയാം. കാലിതീറ്റയിൽ എങ്ങിനെ അഴിമതി നടത്താം എന്ന് നന്നായി പഠിച്ച  ലാലുഇന്ന്  ബീഹാർ ജയിലിൽ സുഖമായി കഴിയുന്നു എന്നത് വേറെ കാര്യം.

അത് പോലെ എക്കണോമിക്സ് അരച്ച് കലക്കി കുടിച്ച ആളാണ്‌ കേരളത്തിലെ ധനകാര്യ മന്ത്രി കെ.എം.മാണി എന്നാണു  മന്ത്രിയുടെ അണികളും കുറെ കോണ്‍ഗ്രസ് കാരും പറയുന്നത്.എത്രയോ   ബട്ജറ്റ്കൾ അവതരിപ്പിച്ചു എന്നാണു അവകാശ വാദം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇന്നും തഥൈവ. അദ്ദേഹത്തിന്റെ കഴിവ് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

2013 ആഗസ്റ്റിൽ  ശ്രീ മാണി പറയുകയുണ്ടായി പുതിയ 14 ട്രെഷറികൾ തുറക്കുകയാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതി ഭദ്രം എന്ന്.ആഗസ്റ്റ്‌ 25 ന് മന്ത്രി ആര്യാടൻ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആണെന്നാണ്. മാണി ഉണ്ടോ സമ്മതിക്കാൻ പോകുന്നു? സെപ്റ്റംബർ 13നു മാണി അൽപ്പം സമ്മതിച്ചു. സാമ്പത്തികം ഭദ്രമല്ല. പക്ഷെ കുഴപ്പമില്ല എന്ന്.ഒക്ടോബർ 9 നു പറഞ്ഞു നമ്മൾ മുണ്ട് മുറുക്കി ഉടുക്കണം, അതായത് ചെലവ് ചുരുക്കണം എന്ന്. ഇപ്പോൾ നമ്മൾ കടത്തിലാണ്. ഇതാണ് നമ്മുടെ ധന മന്ത്രിയുടെ പ്രാഗത്ഭ്യം. 

ഒരു ധന മന്ത്രി  ആകാൻ വലിയ കഴിവൊന്നും വേണ്ട. ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നോക്കിക്കോളും കാര്യങ്ങൾ എല്ലാം.   അവർ എല്ലാ വർഷവും ചെയ്യുന്ന അഭ്യാസം ആണിത്. ബട്ജറ്റിന് രണ്ടു മാസം മുൻപ് തന്നെ വരവ്,ചെലവ് കണക്കുകൾ എല്ലാം അവർ ശേഖരിക്കും. ചില നികുതി വർധന പണക്കാർക്ക് ദോഷമായി വരുന്നെങ്കിൽ അത് വെട്ടിക്കളയും മന്ത്രി. നികുതി വെട്ടിപ്പിനെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കും. കുടിശ്ശിക പിരിവ് കർശനമാക്കാനുള്ള   ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ചുവന്ന മഷി കൊണ്ട് തന്നെ വെട്ടും. ഇതൊക്കെ ആണ് മന്ത്രിയുടെ ജോലി. പിന്നെ  ബട്ജറ്റ് ദിവസം ഇതെല്ലാം കൂടി ഒരു പെട്ടിയിൽ ആക്കി കക്ഷത്തിൽ വച്ച് കൊണ്ട് പോവുക. അത് വലിയ അക്ഷര തെറ്റ് കൂടാതെ അവിടെ വായിക്കുക.അത്ര തന്നെ.

നമ്മുടെ ധന മന്ത്രിയെ ആണ് ഒരു സെമിനാർ ഉത്ഘാടനം ചെയ്യാൻ മാർക്സിസ്റ്റ് പാർട്ടി അവരുടെ പ്ലീനത്തിൽ വിളിച്ചത്. ഈ പ്ലീനം എന്ന് കേൾക്കുമ്പോൾ ഒരു ഗമ ഒക്കെ ഉണ്ട്.അതാണ്‌ അങ്ങിനെ വിളിക്കുന്നതിന്റെ കാരണവും. സംഭവം വെറും മീറ്റിംഗ് തന്നെ. മാണിയെ വിളിച്ചത് കേരളത്തിലെ രാഷ്ട്രീയം ഒന്ന് കലക്കാം എന്നുള്ള ഉദ്ദേശം വച്ച് തന്നെ. മാണി മണ്ടനാണോ? മാണി പോയതിന്റെ    ഉദേശവും അത് തന്നെ. ഉമ്മൻ ചാണ്ടിക്ക് ഒരു പണി കൊടുക്കുക. എക്കണോമിക്സും ധന കാര്യവും, പാവങ്ങളെ എങ്ങിനെ പട്ടിണിയിൽ നിന്നും രക്ഷിക്കാം എന്നൊക്കെ  പറയാൻ മാണിക്ക് എന്തറിയാം?  മാണി ഒരു രാഷ്ട്രീയ പ്രസംഗം നടത്തി രക്ഷപ്പെട്ടു.

Wednesday, November 27, 2013

ഇരുമ്പയിര് ഖനനം -കോഴിക്കോട്

നാട് കുഴിച്ച്  കുളം തോണ്ടാൻ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഒരു തെളിവ് കൂടി പുറത്തു വന്നിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടംപാറ എന്ന സ്ഥലത്ത് ഇരുമ്പയിര്  ഖനനം നടത്താൻ കേരള സർക്കാർ ഒരു സ്വകാര്യ കമ്പനിക്കു അനുമതി നൽകിയത് 2009 ൽ. അന്ന് ഭരിച്ചിരുന്ന ഇടതു മുന്നണി സർക്കാർ ആണ് കർണാടകയിലെ ബെല്ലാരിയിലെ എം.എസ.പി.എൽ. എന്ന കമ്പനിക്ക് ഖനനത്തിന് അനുമതി നൽകിയത്. വളരെ രഹസ്യമായി. പശ്ചിമ ഘട്ട മേഖലയിലെ പരിസ്ഥിതി ലോല മായ വില്ലേജ് ആണ് ചക്കിട്ടം പാറ. കസ്തുരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലം എന്ന് വിജ്ഞാപനം ചെയ്യാൻ ശുപാർശ ചെയ്തതാണീ പ്രദേശം. പ്ലാന്റെഷൻ കോർപറേഷൻറെ കൈവശം ഉള്ളതുൾപ്പടെ 545 ഹെക്ടർ വന ഭൂമി ആണ് ഖനന ത്തിനായി 30 വർഷത്തേക്ക് പാട്ടത്തിനു നൽകാനായിരുന്നു തീരുമാനം.അന്ന് വ്യവസായ മന്ത്രി ആയിരുന്ന എളമരം കരിം ഇതിനായി 5 കോടി രൂപ പുള്ളിയുടെ ബന്ധുവും വിശ്വസ്തനും  ആയ  നൌഷാദ്   വഴി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച്  കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന് പറഞ്ഞ് അവരുടെ  ഒരു ഡ്രൈവർ TV ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടി പറയുന്നു ഇവിടെ ഖനനം നടത്താൻ അവർ അവുവദിക്കുകയില്ല എന്ന്. അങ്ങിനെ എങ്കിൽ അവരുടെ സർക്കാർ അനുമതി നൽകിയപ്പോൾ അവർ എന്ത് ചെയ്യുകയായിരുന്നു?

എത്ര നിരുത്തരവാദിത്വ പരമായാണ്‌ ഇത്തരം പ്രകൃതി നശീകരണ പ്രവൃത്തികൾക്ക്‌ രാഷ്ട്രീയക്കാർ കൂട്ട് നിൽക്കുന്നത്. ഇവിടെ ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയം ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ഇടതു മുന്നണിക്ക്‌ ശേഷം ഭരണത്തിൽ വന്ന കോണ്‍ഗ്രസ് സർക്കാരും നശീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. അവർക്കും ഖനനത്തിന് അനുമതി നൽകിയിട്ടുണ്ട് എന്ന്  വ്യക്തമായി അറിയാമായിരുന്നു. കാരണം 2013 ജനുവരിയിൽ ഇതിന്റെ സർവേയ്ക്ക്‌ അനുമതി നീട്ടി നൽകിയത് കോണ്‍ഗ്രസ് സർക്കാർ ആണ്. കുഞ്ഞാലിക്കുട്ടി യുടെ വ്യവസായ വകുപ്പ്. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

ഇത്രയും പ്രശ്നങ്ങൾ ആയപ്പോൾ ഇപ്പോഴത്തെ കോണ്‍ഗ്രസ് സർക്കാർ ഖനന അനുമതി റദ്ദാക്കിയിരിക്കുന്നു. പക്ഷെ ആരെയും കുറ്റപ്പെടുത്താൻ മുഖ്യ മന്ത്രി തയ്യാറല്ല. ആലോചിച്ച് ചെയ്യും എന്ന്. ഒരു മൃദു സമീപനം. എല്ലാ കോണ്‍ഗ്രസ് കാർക്കും ഇതേ സമീപനം തന്നെയാണ്.  ചാനലുകളിൽ വന്ന് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് വക്താക്കളെ ആരെയും കാണാനില്ല.   എന്താണതിനു കാരണം? ഇതിൽ  കോണ്‍ഗ്രസ് സർക്കാറിനും പങ്കുണ്ട്. അത് തന്നെ. 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനും കസ്തുരി രംഗൻ റിപ്പോർട്ടിനും എതിരായി  ഈ രാഷ്ട്രീയ പാർട്ടികൾ ശക്തമായി രംഗത്ത് വന്നതിൻറെ കാരണം ഇപ്പോൾ വ്യക്തമാണല്ലോ. അവർക്ക് ഇത് പോലെ നാട് കൊള്ള അടിക്കണം. നാട് നശിച്ചാലും. അതിന് അനുവദിക്കാത്ത ഏതിനെയും അവർ എതിർക്കും. താൽക്കാലിക സാമ്പത്തിക ലാഭം മാത്രമാണവരുടെ ഒരേ ഒരു ലക്ഷ്യം. അതിനവർ മത സംഘടനകളെയും കൂട്ടു പിടിക്കുന്നു. കസ്തുരി രംഗൻ  റിപ്പോർട്ടിനെതിരെയുള്ള സമരം തുടങ്ങിയ അന്നു മുതൽ ഒരു കോണ്‍ഗ്രസ് എം.പി. ഒരു ബിഷപ്പിന്റെ ചിറകിനടിയിൽ ആണ്.

പാർലമെന്ടിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. നിലനിൽപ്പിനു വേണ്ടി ജനങ്ങൾക്ക്‌പ്രവർത്തിക്കാനുള്ള അവസരം. അത് ബുദ്ധി പൂർവ്വം വിനിയോഗിക്കുക, അല്ലെങ്കിൽ   നമ്മുടെ അവസാനം  ആയിരിക്കും ഇത്.

Friday, November 22, 2013

സരിത-മന്ത്രി രതി വീഡിയോ

സരിതയും മന്ത്രിമാരും തമ്മിലുള്ള രതി ലീലകളുടെ ലൈവ് വീഡിയോ ഉടൻ പുറത്തിറക്കും

 എന്ന് ബിജു രാധാകൃഷ്ണന്റെ വക്കീൽ ജേക്കബ് മാത്യു പറയുന്നു. മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥന്റെയും പേര് പറഞ്ഞാണ് വക്കീൽ ഇത് പറയുന്നത്.  അപ്പോൾ ഇത് സത്യം തന്നെ എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. സരിത ഓരോ കേസിൽ നിന്നും പുഷ്പ്പം പോലെ ഊരിക്കൊണ്ട് പോരുന്നത് കണ്ടപ്പോഴാണ് ഈ പുഷ്പ്പത്തിന്റെ ഇത്തരം ഒരു വീഡിയോ യുടെ സ്കോപ് വക്കീലിന്റെ ബുദ്ധിയിൽ തെളിഞ്ഞത്.

എന്നാൽ പുറത്തിറക്കൂ എന്ന് സരിതയുടെ വക്കീൽ ഫെനി ബാലകൃഷ്ണൻ  വെല്ലു വിളിക്കുന്നു. പുള്ളി ഇത് കണ്ടിട്ടില്ല. കുറെ നാള് കൊണ്ട് വിചാരിച്ചിട്ടും കാര്യം നടക്കുന്നില്ല.അതാണ്‌ കാണിക്കാൻ പറയുന്നത്. അങ്ങിനെയെങ്കിലും സാധനം ഒന്ന് കാണാമല്ലോ! എങ്ങിനെ ഉണ്ട്  വക്കീലിന്റെ ബുദ്ധി?

അതിൽ പറയുന്ന  മന്ത്രി (കേന്ദ്ര) കെ.സി.വേണുഗോപാൽ ധൈര്യ പൂർവ്വം വെല്ലു വിളിക്കുന്നു. അങ്ങിനെ ഒന്നുണ്ടെങ്കിൽ കാണിക്കൂ. (ഞാനും ഒന്ന് കണ്ടോട്ടെ. ഇത്രയും നാൾ മറ്റുള്ളവരുടെ  porno വീഡിയോകൾ മാത്രമല്ലേ  കണ്ടിട്ടു ള്ളൂ. സ്വന്തം പരാക്രമങ്ങൾ വീഡിയോയിൽ കാണുന്നത് ഒരു സുഖം ആണല്ലോ). അങ്ങേർക്ക് അറിയാം ഇതൊന്നും പരസ്യമാക്കാൻ പോകുന്നില്ല എന്ന്. അഥവാ പരസ്യമാക്കിയാൽ തന്നെ ഒരു പാട് കാര്യങ്ങൾ പുള്ളിക്ക് പറയാനുണ്ട്.

 "എനിക്കെതിരെ ഗൂഡാലോചന നടക്കുന്നു" എന്നുള്ളതാണ്  സ്ഥിരം പല്ലവി. ആരോപണം വന്നാൽ എല്ലാവരും ആദ്യം പറയുന്നത്.(നാട്ടുകാർക്കും വീട്ടുകാർക്കും  പാർട്ടിക്കും, സ്വന്തം വകുപ്പിനും,  (വ്യോമയാന    വകുപ്പാണെന്ന് തോന്നുന്നു.) വകുപ്പ് മന്ത്രിക്കും  ഒരു തരത്തിലും ദോഷം ചെയ്യാതെ,ആള്   ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ,   ഡൽഹിയിൽ  ജീവിതം ആസ്വദിച്ചു കഴിയുന്ന ആ മനുഷ്യനു എതിരെ ആര് ഗൂഡാലോചന  നടത്താൻ?)

പിന്നീടുള്ളത് കേരള മന്ത്രി അനിൽ കുമാർ ആണ്. ആള്  വെല്ലുവിളി ഒന്നും നടത്തിയിട്ടില്ല. ടൂറിസം മന്ത്രിയും ആണ്,സ്ഥലം തേക്കടി ഗസ്റ്റ് ഹൌസും  ആണ് . അത് കൊണ്ടാണ് വെല്ലു വിളിക്കാൻ ഒരു മടി. എന്നാലും ഒരു പുല്ലും നടക്കാൻ പോകുന്നില്ല എന്ന് അങ്ങേർക്കും വ്യക്തമായറിയാം. കാരണം എന്ത് ചെയ്താലും അനങ്ങാത്ത, എന്ത് നാണം  കെട്ടാലും  എത്ര ആക്ഷേപം കേട്ടാലും രാജി വയ്ക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച  സാക്ഷാൽ ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രി ആണ് പിന്നിൽ. പിന്നെന്തിനു പേടിക്കണം? ഒരു സീറ്റ് പോയാൽ ടപ്പോന്നു താഴെ വീഴുന്ന മന്ത്രിസഭ.

അടുത്തതായി പറയുന്നത് പഴയ മന്ത്രി ഗണേഷ് കുമാറിന്റെ വീഡിയോ ആണ്. അത് ആരും അത്ര കാര്യമായിട്ട് എടുത്തിട്ടില്ല. അങ്ങേരുടെ അങ്ങിനത്തെ ധാരാളം വീഡിയോകൾ  നേരത്തെ തന്നെ   കണ്ടത് പോലെ ആണ് മാധ്യമങ്ങളും ജനങ്ങളും പ്രതികരിക്കുന്നത്. അതിൽ വലിയ അത്ഭുതം ഇല്ലാത്ത രീതിയിൽ. സിനിമ എടുത്ത ആളാ, പിന്നാ ഈ അമേച്ചർ  വീഡിയോ.

അജിത്‌ കുമാർ എന്നൊരു പോലീസ് ഉദ്യോഗസ്ഥൻറെ വീഡിയോ യുടെ കാര്യവും വക്കീൽ പറയുന്നു. പുള്ളി മാനനഷ്ടം കൊടുക്കും എന്ന് പറയുന്നു.

ഇങ്ങിനെ വീഡിയോ റെകോർഡിംഗ്  ഉണ്ടെന്ന് ഈ കേസിൽ അന്വേഷണം നടത്തിയ രാഷ്ട്രീയ നേതാക്കൾ, ശ്രീ സുരേന്ദ്രൻ ബി.ജെ.പി, എല്ലാവർക്കും അറിയാം.

ഇത് ഒരു കാരണ വശാലും പുറത്തു വരില്ല എന്ന് ഈ മന്ത്രിമാർക്കൊക്കെ അറിയാം. എന്നാലും അതിൻറെ അൽപ്പ  സ്വൽപ്പം ദൃശ്യങ്ങൾ പുറത്തു വന്നാലും അവർക്ക് നിന്ന് പറ്റാൻ സ്ഥിരം പ്രധിരോധങ്ങൾ ഉണ്ട്.

1. വീഡിയോ ഒറിജിനൽ അല്ല. വ്യാജമാണ്.കൂട്ടിച്ചേർത്തതാണ് എന്ന് പറയും.

2. അത് ഞാനല്ല. എൻറെ ഷേപ്പ് അല്ല എന്ന് അടുത്തതായി പറയും.

3 . ഇതൊന്നും കൂടാതെ ഒരു തുറുപ്പു ചീട്ട് ഉണ്ട്  ഇത്തരക്കാരുടെ കയ്യിൽ. 
 സ്വന്തം ഭാര്യമാർ. അറ്റ കൈക്ക് അവരെ രംഗത്തിറക്കും.  ആ പാവങ്ങളെ 
കൊണ്ട് മാധ്യമങ്ങളിൽ ഒരു പ്രസ്താവന നടത്തിക്കും.

 "എൻറെ ഭർത്താവ്    പരിശുദ്ധൻ    പരിശുദ്ധൻ  പരമ ശുദ്ധൻ, പച്ച വെള്ളം ചവച്ചു കുടിക്കുന്നവൻ, പരസ്ത്രീയെ നോക്കുക  പോലും ചെയ്യാത്തവൻ." 
(എന്നെ നോക്കാൻ ഈ പാപിക്ക്‌ സമയമില്ല, കശ്മലൻ, എന്ന് ആത്മഗതം). 

"അങ്ങേരിങ്ങിനെ ഒന്നും ചെയ്യില്ല"  (തരം കിട്ടിയാൽ ഒരു കമ്പിൽ സാരി 
ചുറ്റി യാലും കയറി പിടിക്കുന്നവൻ എന്ന് ആത്മഗതം)

"എനിക്കങ്ങേരെ  പൂർണ വിശ്വാസമാണ് " (കൊടും വഞ്ചകൻ എന്ന് ആത്മഗതം). 

കേരള രാഷ്ട്രീയത്തിൽ ഈ തുറുപ്പ് ചീട്ട് ഇറക്കിയ അനേകം പേരുണ്ട്. അടുത്ത കാലത്ത് തെറ്റയിൽ വരെ. അവരുടെ കുടുംബ ജീവിതം ഇപ്പോൾ എങ്ങിനെ എന്ന് ദൈവത്തിന് അറിയാം.

(കലാതിലകം എന്നൊരു കഥ  ഈ ലക്കം  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ്‌ എച്ചിക്കാനം എഴുതിയിട്ടുണ്ട്. അതൊന്നു വായിച്ചു നോക്കണം.).

ഭാര്യ എന്ന തുറുപ്പു ചീട്ട് പഴയ മന്ത്രി ഗണേഷ് കുമാറിനു മാത്രം  എടുക്കാൻ പറ്റില്ല. കാരണം കയ്യിൽ തുറുപ്പില്ല. പുള്ളി  നേരത്തെ  തന്നെ  ഒള്ള തുറുപ്പോക്കെ ഇട്ട് വെട്ടിയിട്ട്  ഇരിക്കുകയാണ്.

 ഇങ്ങിനെ കാര്യങ്ങൾ പലതു കാണും പറയാൻ. കുറെ കഴിയുമ്പോൾ ജനം ഇതെല്ലാം മറക്കും. ചാനലുകൾക്ക് പുതിയ " BREAKING NEWS' കിട്ടും. രാഷ്ട്രീയക്കാർ തമ്മിൽ മച്ചാനും മച്ചാനും ആയി അവിശുദ്ധ കൂട്ടുകെട്ട് നടത്തി ഇതെല്ലാം തേയ്ച്ചു മായ്ച്ചു കളയും. കാരണം രണ്ടു കൂട്ടർക്കും പരിപാടി ഇതൊക്കെ തന്നെ ആണല്ലോ.

അപ്പോഴും നഷ്ട്ടം സാധാരണ ജ നങ്ങൾക്ക്  ആണ്. ഈ വക്കീലിനെയും വിശ്വസിച്ച് വീഡിയോ കാണാൻ വെമ്പൽ കൊണ്ടിരിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌. അത് കൊണ്ട് വക്കീല് ഇനിയും അമാന്തം ഒട്ടും വിചാരിക്കാതെ ഇത് പുറത്ത് വിടണം. എത്ര നാള് കൊണ്ട് കാത്തിരിക്കുകയാണ് ഞങ്ങൾ? സരിതയുടെ ഭാരത നാട്യം മാത്രമാണ് ഞങ്ങൾ ആകെ കണ്ടിട്ടുള്ളത്. ഇനിയും കളിപ്പിക്കരുത്. വക്കീലായത് കൊണ്ട് വകുപ്പുകളൊക്കെ അറിയാമല്ലോ. സൈബർ കാര് കേസ് ഒന്നും എടുക്കാതിരിക്കാനായുള്ള വകുപ്പുകൾ.  വീഡിയോ കാണുന്നവരുടെ പേരിലും കേസ് ഒന്നും വരരുത്. 

ഞങ്ങൾ കാത്തിരിക്കുന്നു. മുഴുവനെ ഇല്ലെങ്കിലും കുറച്ചു ഭാഗങ്ങൾ എങ്കിലും കാണിക്കൂ. നിരാശപ്പെടുത്തരുതേ  വക്കീലേ. അടുത്ത തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് ഇവരെയൊക്കെയാണ്‌ ജയിപ്പിക്കേണ്ടത്. അത് performance നോക്കിയാകുന്നത് അല്ലേ നല്ലത്?

Thursday, November 21, 2013

ഗാഡ്ഗിൽ-കസ്തൂരി രംഗൻ

പശ്ചിമ ഘട്ട മല നിരകൾ കേരളത്തിന്റെ അക്ഷയ ഖനി ആണ്. വടക്ക് താപ്തി നദി മുതൽ തെക്ക് കന്യാകുമാരി വരെഅറബിക്കടലിനു സമാന്തരമായി മഹാരാഷ്ട്ര,ഗുജറാത്ത്,ഗോവ,കർണാടക,തമിഴ്നാട്, കേരളം, എന്നീ ആറ് സംസ്ഥാനങ്ങളിലായി  കിടക്കുന്ന 1500 കിലോമീറ്റർ ദൈർഘ്യമുള്ള സഹ്യാദ്രി ജൈവ വൈവിധ്യങ്ങളുടെ കലവറ ആണ്.ലോകത്തിലെ ജൈവ വൈവിധ്യ സമ്പന്നമായ 35 സ്ഥാനങ്ങളിൽ ഒന്നായ പശ്ചിമ ഘട്ടം അതിലെ 8 അപൂർവ സ്ഥാനങ്ങളിൽ ( ഹോട്ടസ്റ്റ് ഹോട്ട് സ്പോട്ട്) ഒന്നായും കണക്കാക്കപ്പെടുന്നു എന്നത് അതിൻറെ പ്രാധാന്യം വർദ്ധി പ്പിക്കുന്നു. ദക്ഷിണേൻഡ്യയിലെ ജല സ്രോതസ്സ് ആണിത്‌. അറബിക്കടലിൽ നിന്നും ഉയർന്നു വരുന്ന നീരാവി തടഞ്ഞു നിർത്തി കേരളത്തിൽ ധാരാളം മഴ തരുന്നത് ഈ പാർവത നിരകൾ ആണ്.ഇത്രയും വൈവിധ്യം ഉള്ള സസ്യ-ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം മറ്റൊന്നില്ല.രാജ്യത്തെ മൊത്തം പൂവിടുന്ന ചെടികളിൽ 4000 ഇനങ്ങൾ (27%), 645 നിത്യ ഹരിത വൃക്ഷങ്ങൾ (56%) 1000 ഇനം പായലുകൾ, 350 ഇനം ഉറുമ്പുകൾ, 330 തരം  ചിത്ര ശലഭങ്ങൾ,174 ഇനം തുമ്പികൾ,269 തരം ഒച്ചുകൾ, 120 തരം  ഉരഗങ്ങൾ. 500  ലേറെ ഇനം പക്ഷികൾ, 140 തരം  സസ്തനികൾ  അങ്ങിനെ പശ്ചിമ ഘട്ടം ജൈവ വൈവിധ്യം കൊണ്ട് സമൃദ്ധവും സമ്പന്നവും ആണ്. കേരളത്തിൽ 44 നദികൾ, കൃഷ്ണ,ഗോദാവരി,കാവേരി എന്നിവയും പശ്ചിമ ഘട്ട മല നിരകളിൽ നിന്നും ഉത്ഭവിക്കുന്നവ ആണ്.കാലാവസ്ഥ,മഴ,താപനില എന്നിവ നിയന്ത്രിക്കുന്നതിൽ ഇത്   പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിലെ  ജന ജീവിതത്തെ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥ ആണ് പശ്ചിമ ഘട്ടം.

ആർത്തി പൂണ്ട മനുഷ്യന്റെ നിരന്തരമായ ആക്രമണവും ചൂഷണവും നിമിത്തം പശ്ചിമ ഘട്ട മല നിരകൾ നശിച്ചു കൊണ്ടിരിക്കുന്നു. വന നശീകരണം, പാറ ഘനനം, കുന്നിടിക്കൽ, വയൽ  നികത്തൽ തുടങ്ങിയ പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾക്ക് അറുതി വരുത്താനും പശ്ചിമ ഘട്ട മല നിരകളെ സംരക്ഷിക്കാനും ഉള്ള മാർഗങ്ങൾ കണ്ടു പിടിക്കാനുമാണ് പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി രൂപീകരിച്ചതും അദ്ദേഹം റിപ്പോർട്ട്‌ സമർപ്പിച്ചതും.

വ്യക്തവും,കൃത്യവും ആയ പഠനങ്ങൾ നടത്തി ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട്‌ പശ്ചിമ ഘട്ടത്തിലെ അനിയന്ത്രിത പ്രകൃതി നശീകരണം നിയന്ത്രിക്കാനും, ഈ പ്രദേശത്തെ പരിരക്ഷിക്കാനും, പുനരുജ്ജീവിപ്പിക്കാനും  ഉള്ള  ശുപാർശകൾ ആണ് ഉൾക്കൊള്ളുന്നത്.പശ്ചിമ ഘട്ടത്തെ ആകെ പരിസ്ഥിതി ലോല മേഖല (ESA) ആയി നിർദേശിച്ചിട്ടുണ്ട്. അതിനെ  പാരിസ്ഥിതിക ലോല തീവ്രത അനുസരിച്ച് ESZ I, ESZ 2, ESZ 3 എന്ന് മൂന്ന് സോണുകൾ ആയി തിരിച്ച് ഓരോയിടങ്ങളെയും എങ്ങിനെ സംരക്ഷിക്കണം എന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ വിളകൾ പാടില്ല,  വന ഭൂമി കൃഷി ഭൂമി ആക്കാൻ പാടില്ല, തണ്ണീർ തടങ്ങളും ചതുപ്പ് നിലങ്ങളും നികത്താൻ പാടില്ല, വൻ കിട ഖനനം പാടില്ല തുടങ്ങി വന സംരക്ഷണത്തിന് ആവശ്യമായ നിർദേശങ്ങൾ മാത്രം ആണ് നൽകിയിരിക്കുന്നത്. സോണ്‍ 3 ൽ എത്തുമ്പോൾ നിയന്ത്രണം കുറഞ്ഞു വരും. അങ്ങിനെ പശ്ചിമ ഘട്ടത്തെ ഒന്നാകെ  സംരക്ഷിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ ആണ്   ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ഗ്രാമ സഭയുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോട്  വേണം ഇതിനു അന്തിമ രൂപം നൽകേണ്ടത് എന്നും ഗാഡ്ഗിൽ പറയുന്നുണ്ട്.

ഏറെ നാൾ കോൾഡ് സ്റ്റോറെജിൽ വച്ച  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഉടൻ തന്നെ തൽപ്പര കക്ഷികൾ അതിനെതിരെ പ്രചരണം തുടങ്ങി. കേരളത്തിൽ ആണ്  പ്രതിഷേധം ഉയർന്നത്.


 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്  എങ്ങിനെ നടപ്പാക്കാം എന്നുള്ള   നിർദ്ദേശങ്ങൾ  നൽകാനാണ്   കസ്തുരി രംഗൻ   കമ്മിറ്റിയെ നിയമിച്ചത്.   പക്ഷെ  കസ്തുരി രംഗൻ ആകട്ടെ  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി ഒരു പുതിയ റിപ്പോർട്ട്‌ തന്നെ  കൊണ്ടു വന്നു.  അത് വളരെ അപകടകരവും പശ്ചിമഘട്ടത്തിനാകെ നാശം വിതക്കുന്ന ശുപാർശകൾ അടങ്ങിയതും ആണ്.  1,64,000 ച.കിലോമീറ്റർ വിസ്തൃതിയുള്ള പശ്ചിമ ഘട്ടത്തെ വിഭജിച്ച്‌ 37% മാത്രം പരിസ്ഥിതി ലോല പ്രദേശമാക്കുകയും ബാക്കി 63% പ്രദേശത്ത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വിടുകയും ചെയ്തു.   പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വച്ച നിയന്ത്രണങ്ങളും വിചിത്രമാണ്.  2,15,000 ച.അടി വിസ്തൃതി ഉള്ള കെട്ടിടങ്ങൾ ഇവിടെ ആകാം എന്നാണു പറയുന്നത്. ( 2000 ച. അടി യാണ് നമ്മുടെ സാമാന്യം വലിയ വീട്. അതിൻറെ നൂറിരട്ടി വലുപ്പം. അതായത് ഹോട്ടലുകാർക്കും റിസോർട്ടുകാർക്കും വേണ്ടി). ഇങ്ങിനെ വെള്ളം ചേർത്ത റിപ്പോർട്ട്‌ ആണ് കസ്തുരി രംഗൻ റിപ്പോർട്ട്‌. വനം കൊള്ളക്കാരുടെ സമ്മർദത്തിൽ കേന്ദ്ര പരിസ്ഥിതി,വനം മന്ത്രാലയം ഗാട്ഗിൽ റിപ്പോർട്ട്‌ തള്ളുകയും കസ്തുരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാൻ ഉത്തരവിറക്കുകയും ചെയ്തു.

ഇത് പോലും സ്വീകരിക്കാൻ നമ്മുടെ നാട്ടിലെ മാഫിയകൾ തയ്യാറല്ല. ക്രിസ്തീയ സഭകളുടെയും കേരള കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ ഈ റിപ്പോർട്ട്‌ പിൻ  വലിപ്പിക്കാനുള്ള സമരങ്ങൾ  നടക്കുകയാണ്.  ഇടതു മുന്നണിയും സമരത്തിൽ ഇറങ്ങിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടും എന്ന് മുറ വിളി കൂട്ടി രണ്ടു വർഷം മുൻപ് ജനങ്ങളുടെ ഉറക്കം കെടുത്തിയ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ഉണ്ടായ സമരം പോലെ ജനങ്ങളെ തെരുവിൽ ഇറക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും ക്രിസ്ത്യൻ പള്ളികളും.(മുല്ലപ്പെരിയാർ അണക്കെട്ടിനെ പറ്റി എല്ലാവരും ഇന്നു മറന്നു കഴിഞ്ഞു.)  അത് പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ സമരവും. ഈ റിപ്പോർട്ട്‌ വരുന്നതോടു കൂടി ജനങ്ങളെയാകെ കുടിയൊഴിപ്പിക്കും എന്ന പ്രചരണം  ആണ് നേതാക്കൾ നടത്തുന്നത്. എന്താണ് സത്യം? വനം  കൊള്ള , ഘനനം,  പാറ പൊട്ടിപ്പ്, മണൽ  വാരൽ  തുടങ്ങിയ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെ മാത്രമേ ഈ റിപ്പോർട്ട് ബാധിക്കുകയുള്ളൂ. ശക്തരായ  അവരാണ് ഈ സമരത്തിന്‌ പുറകിൽ.  വനം മുഴുവൻ വെട്ടിനിരപ്പാക്കുകയാണ് അവർക്ക് വേണ്ടത്. അതിനു അനുകൂലമായുള്ള നിലപാടാണ് ഇടതു മുന്നണിയും കോണ്‍ഗ്രസ്സും യു.ഡി.എഫും. എടുക്കുന്നത്. ഈ രാഷ്ട്രീയ പാർട്ടികളുടെയും  സഭയുടെയും കാപട്യം തുറന്നു കാണിക്കാൻ ഉള്ള ഉത്തരവാദിത്വം മുഖ്യ ധാര പാർട്ടി ആയ ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. കോണ്‍ഗ്രസ് സർക്കാർ ഈ റിപ്പോർട്ടും വെള്ളം ചേർക്കാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ പ്രത്യേകിച്ചും.    ആദിവാസികൾ ഉൾപ്പടെയുള്ള ഭൂരിപക്ഷം ജനങ്ങളും  ഈ റിപ്പോർട്ട് നടപ്പിലാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്. കാരണം പശ്ചിമ ഘട്ടം നില നിൽക്കേണ്ടത് അവരുടെ ആവശ്യമാണ്‌. ഇന്നേക്ക് വേണ്ടിയും  ഭാവി തലമുറയ്ക്ക് വേണ്ടിയും. സംഘടിത ശക്തി കൊണ്ട് ന്യൂന പക്ഷം ഭൂരി പക്ഷത്തെ അമർച്ച ചെയ്യാതിരിക്കാൻ വേണ്ടി  അവർക്ക് നേതൃത്വം നൽകാൻ ദേശ സ്നേഹികൾ മുന്നോട്ടു വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്‌. 

Wednesday, November 20, 2013

മുഖ്യ മന്ത്രീ നന്മ ചെയ്യൂ

ആറന്മുള വിമാനത്താവളത്തിന് അനുമതിയായി. തങ്ങൾ രചിച്ച തിരക്കഥ ക്കനുസരിച്ച്  കാര്യങ്ങൾ ശുഭമായി പര്യവസാനിച്ചു  എന്ന്  ഇടതു മുന്നണിയ്ക്കും വലതു മുന്നണിയ്ക്കും സന്തോഷിക്കാം.  ജനങ്ങളെ വിഡ്ഢികൾ ആക്കി എന്നും.

ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയത് മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ ആണ്.  അടുത്ത മുന്നണി സർക്കാർ വന്നപ്പോഴേക്കും ഇടതു മുന്നണി തെറ്റേറ്റു പറഞ്ഞ് വിമാനത്താവളത്തിനെതിരായി.  പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുണ്ടോ വീണു കിട്ടിയ അവസരം പാഴാക്കി കളയുന്നു? ഇടതു മുന്നണിയുടെ മേൽ മുഴുവൻ പഴിയും ചാരിക്കൊണ്ട് വിമാനത്താവള നിർമാണവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോയി. വിമാനത്താവളത്തിന്  എതിർപ്പ് പ്രകടിപ്പിച്ചവരെയെല്ലാം, ഇത് തങ്ങളുടെ കുഞ്ഞ് അല്ല എന്നും ഇടതു മുന്നണി ആണിതിന് ഉത്തരവാദി എന്നുമുള്ള തരം താണ വാദങ്ങളും ആയി മുന്നോട്ടു പോയി. വിമാന താവള കമ്പനിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും അവർ ചെയ്തു കൊടുത്തു കൊണ്ടേ ഇരുന്നു. പരിസ്ഥിതി അനുമതിയും മറ്റും തടസ്സം ആകും എന്ന് വന്നപ്പോൾ ആ സ്വകാര്യ കമ്പനിയുടെ 10% ഓഹരി എടുക്കുക കൂടി ചെയ്തു കോണ്‍ഗ്രസ്  സർക്കാർ. ഈ വിമാനത്താവളം എങ്ങിനെ എങ്കിലും നടപ്പിലാക്കണം എന്ന കോണ്‍ഗ്രസ്സിന്റെ താൽപ്പര്യത്തിന് വേറെ ഉദാഹരണം ഒന്നും വേണ്ടല്ലോ.

ഈ വിമാനത്താവളം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നും നാടിനു നാശം മാത്രമേ ഇത് കൊണ്ട് ഉണ്ടാവുകയുള്ളൂ എന്നും ഇതിനെ സഹായിക്കുന്ന മുഖ്യ മന്ത്രി ഉൾപ്പടെയുള്ള കോണ്‍ഗ്രസ്കാർക്ക് വ്യക്തമായി അറിയാം. എന്നിട്ടും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് രാജ്യ ദ്രോഹം എന്നല്ലാതെ പറയാൻ ഒന്നുമില്ല. ഇപ്പോൾ തന്നെ  കൊച്ചു കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉണ്ട്.എന്തിനാണിനി ഒന്നു കൂടി? 

എല്ലാ അനുമതികളും നൽകി  കഴിഞ്ഞു, ഇനി എന്ത് ചെയ്യാൻ എന്നാണ് ഉമ്മൻ ചാണ്ടി യുടെ നിലപാട്. കേന്ദ്രം തീരുമാനിച്ചാൽ എന്ത് ചെയ്യാനാണ് എന്നാണു രമേശ്‌ ചെന്നിത്തല  പറയുന്നത്. കസ്തുരി രംഗൻ റിപ്പോർട്ടിന് എതിരെ പള്ളീലച്ചന്മാരും കേരളാ കോണ്‍ഗ്രസ് കാരും പ്രധിഷേധവും ആയി ഇറങ്ങിയപ്പോൾ കേന്ദ്ര മന്ത്രിമാരെ കാണാനും ആ റിപ്പോർട്ട്‌ തൽക്കാലം നിർത്തി വയ്പ്പിക്കാനും ഇവർ രണ്ടു പേരും തയ്യാറായല്ലോ. ഇക്കാര്യത്തിൽ എന്ത് കൊണ്ട് അങ്ങിനെ ചെയ്തു കൂടാ?  ഭരണം, ജീവിതം തന്നെ, വളരെ ഹ്രസ്വം ആണല്ലോ. ഈ ചുരുങ്ങിയ കാലയളവിൽ ഇതിൽ നിന്നും കിട്ടുന്ന ഭൌതിക നേട്ടങ്ങൾക്ക്‌ പിറകെ പോകാതെ,മനുഷ്യ രാശിയെ ദ്രോഹിക്കാതെ,  വരും തലമുറകളുടെ ശാപം എറ്റു വാങ്ങാതെ അവർക്ക്  വേണ്ടി എന്തെങ്കിലും നന്മ ചെയ്യൂ മുഖ്യ മന്ത്രീ.

Sunday, November 17, 2013

മദനി -ജാമ്യം

ബംഗളൂരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന സത്യ വാങ്മൂലത്തിൽ മദനി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസപ്പെടുത്തുകയാണെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ലെന്നും പറയുന്നു. മദനിയുടെ ജാമ്യപേക്ഷയില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള 110 പേജുള്ള  മറുപടി സത്യവാങ്മൂലത്തിൽ  30ഓളം പേജ് മദനിയുടെ ആരോഗ്യത്തെ കുറിച്ചാണ് പറയുന്നത്.  മദനിക്ക് ഗുരുതര അസുഖങ്ങളില്ലെന്നും, പ്രായം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക അസുഖങ്ങള്‍ മാത്രമാണുള്ളതെന്നും, ആവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ മദനിക്ക് ചികിത്സ നല്‍കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

മദനിക്കെതിരെ കേസെടുത്ത  കര്‍ണാടക സര്‍ക്കാര്‍ ശക്തമായ  ഈ നിലപാടെടുക്കുമ്പോൾ  കേസിൽ ഉൾപ്പെടാത്ത കേരള സർക്കാർ  ജാമ്യാപേക്ഷയെ  എതിര്‍ക്കില്ല എന്ന നിലപാടാണ്  സുപ്രീംകോടതിയില്‍   എടുക്കാൻ പോകുന്നത്.  ജാമ്യം ലഭിച്ചാല്‍ ആവശ്യമായ സുരക്ഷ നല്‍കുമെന്നും  തിങ്കളാഴ്ച കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കാൻ പോകുന്ന സത്യ വാങ്മൂലത്തിൽ പറയും. കേരളം എങ്ങിനെ ഈ കേസിൽ വന്നൂ എന്ന് നോക്കാം. ജാമ്യം നൽകിയാൽ താൻ രക്ഷ പെടാതെ സുരക്ഷിതമായി  കേരള സർക്കാർ തന്നെ കാത്തു സൂക്ഷിച്ചു കൊള്ളും  എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച  ജാമ്യാപേക്ഷയിൽ  മദനി പറയുന്നു. മദനിക്ക് ജാമ്യം നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇപ്പോള്‍ കേരളം ഈ നിലപാട് എടുത്തിരിക്കുന്നത്.

 കർണാടകത്തിൽ ഭരണത്തിൽ ഇരുന്ന  ഭാരതീയ ജനതാ പാർട്ടി സർക്കാരിനെ  ആയിരുന്നു മദനിക്ക് ജാമ്യം അനുവദിക്കാത്തതിൽ കേരളത്തിലെ രാഷ്ട്രീയക്കാർ ഇത്രയും കാലം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. ഭരണം മാറി അവിടെ കോണ്‍ഗ്രസ് അധികാരത്തിൽ വന്ന ഉടൻ തന്നെ മദനിയെ ജയിലിൽ നിന്നിറക്കുമെന്നു എല്ലാവരും ഇവിടെ പ്രഖ്യാപിച്ച് ഉത്സാഹിച്ചു. പക്ഷെ എന്തായി? കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാരിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കർണാടക  കോണ്‍ഗ്രസ്സർക്കാർ  തന്നെ ശക്തമായി  ആവശ്യപ്പെടുന്നു.  ഇതിൽ നിന്നും തെളിയുന്നത് എന്താണ്?

കേരളം ജാമ്യാനുകൂല നിലപാടെടുക്കുന്നത് തെറ്റാണ്.നിയമ പരമായും രാഷ്ട്രീയ പരമായും. ഒന്നാമതായി കേരളത്തിന്‌ ഇതിൽ താൽപ്പര്യം ഒന്നുമില്ല. ഇതൊരു അന്ത:ർ സംസ്ഥാന വിഷയമല്ല. രണ്ടാമതായി കർണാടകം ശക്തിയുക്തം ജാമ്യത്തെ എതിർക്കുമ്പോൾ ആ   സംസ്ഥാനതിനെതിരെ,  അവരുടെ ആഭ്യന്തര കാര്യങ്ങളിൽ, ലോ ആൻഡ്‌ ഓർഡർ, നാം എന്തിനു ഇടപെടണം? ഇത് അവരുടെ അധികാര പരിധിയിൽ ഉള്ളതാണ്. നാളെ ബണ്ടി ചോറിനെ കാത്തു സൂക്ഷിക്കാം എന്ന് പറഞ്ഞ് ഏതെങ്കിലും സംസ്ഥാനം വന്നാൽ എന്തായിരിക്കും കേരളം പറയുന്നത്?   ജാമ്യത്തിലിറങ്ങിയവരെ  കാത്തു സൂക്ഷിക്കുന്നത് ഏതു നിയമ പ്രകാരം ആണ്? അതിനുള്ള ഉത്തരവാദിത്വം പോലീസിന് എങ്ങിനെ കൊടുക്കും? സ്റ്റേറ്റ് എങ്ങിനെ ജാമ്യം നില്ക്കും?  ഇങ്ങിനെ അനേകം കാര്യങ്ങൾ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്‌. പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം. ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് എതിരായാണ് ഈ തീരുമാനം എന്നുള്ള കാര്യം കൂടി  സർക്കാർ അറിയേണ്ടതാണ്. 

Thursday, November 14, 2013

ആറന്മുള ക്ഷേത്രം-എയർ പോർട്ട്‌

അധിനിവേശം നടത്തിയ മുസ്ലിം ആക്രമണകാരികൾ പുരാതന ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം സംരക്ഷിച്ച 50,000 ത്തിൽ അധികം ആളുകളെ  കൊന്നൊടുക്കിയാണ്  മുഹമ്മദ്‌ ഗസ്നി എന്ന കാട്ടാളൻ  ക്ഷേതം നശിപ്പിച്ചതും അമൂല്യമായ സ്വത്തുക്കൾ കൊള്ളയടിച്ചതും. ഭാരതത്തിൽ ആക്രമണം ആദ്യം തുടങ്ങി വച്ചത് ഗ്രീക്കിലെ  അലക്സാണ്ടർ ആയിരുന്നു. അവസാനം വന്നത് ബ്രിട്ടീഷ്കാരും. 2000 വർഷത്തെ കിരാതമായ വിദേശ ഭരണം നശിപ്പിച്ച ഭാരതത്തിൻറെ സംസ്‌കാരവും പൈതൃകവും വീണ്ടും ഉയർത്തെഴുന്നേറ്റതാണ് ഇന്ന് നമ്മൾ കാണുന്ന ഭാരതം.

കാലം പിറകോട്ടു പോകുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവ ങ്ങൾ ആണിന്നിവിടെ അരങ്ങേറുന്നത്.   പ്രസിദ്ധമായ ആറന്മുള  പാർത്ഥസാരഥി ക്ഷേത്രം പൊളിക്കണം എന്ന്  പറയുന്ന  ഒരു സ്ഥിതി വിശേഷം വരെ എത്തി ചേർന്നിരിക്കുകയാണ്  കാര്യങ്ങൾ. ആറന്മുളയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന് സൗകര്യം ഒരുക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിന് മാറ്റം വരുത്തണം എന്ന് പഠനം നടത്തിയ രണ്ട് സർക്കാർ ഏജൻസികൾ പറയുന്നത്.കൊടിമരത്തിന് ഉയരം കുറയ്ക്കുക, ഗോപുരം,ക്ഷേത്ര കവാടം, മാറ്റുക എന്നിവയാണ് ഇവയുടെ നിർദ്ദേശങ്ങൾ. പവിത്രമായ ക്ഷേത്രം തന്നെ ഇല്ലാതാക്കുന്നതിന് തുല്യമല്ലേ ഇത്?

അത്തരം ഒരു സാഹചര്യം എത്തിക്കാൻ കാരണം മാറി  മാറി വന്ന കേരളത്തിലെ ഭരണ കൂടങ്ങൾ  ആണ്.   തുടക്കം മുതലേ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടുള്ള  ഒരു സംരംഭം ആണ് ഈ വിമാനത്താവളം. ജനവിരുദ്ധം എന്ന  ഒരേ ഒരു കാരണം കൊണ്ട് സർക്കാരിന് അത് താൽപ്പര്യം ഉള്ളതായി മാറി.   ഇതിനെതിരെയുള്ള  ജനങ്ങളുടെ വികാരം ശക്തി പ്രാപിച്ചപ്പോൾ, പാരിസ്ഥിതിക അനുമതികളും മറ്റും കിട്ടാൻ ബുദ്ധിമുട്ടായി വന്നപ്പോൾ കേരള സർക്കാർ ചെയ്ത പ്രവൃത്തി  ഈ സ്വകാര്യ സംരംഭത്തിൽ  10% ഓഹരി എടുത്ത് ജനങ്ങളെ തോൽപ്പിക്കാൻ  ശ്രമിച്ചു എന്നതാണ്. എന്താണ് ഈ വിമാനത്താവളം കൊണ്ടുള്ള പ്രയോജനം?  തോട്ടിൻ കരയിൽ  വിമാനം ഇറങ്ങാൻ താവളം ഉണ്ടാക്കും  എന്ന് പറയുന്നതു  പോലെയാണ് ആറന്മുള വിമാനത്താവളം. ഈ ചെറിയ കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉണ്ട്. ഓരോ 200 കിലൊമീറ്ററിലും ഓരോന്ന്. ഇത് പോരെ നമുക്ക്? റോഡുകൾ നന്നാക്കിയാൽ  2 മണിക്കൂറിനകം കേരളത്തിൽ എവിടെയും എത്താമല്ലോ? ഇത് കൂടാതെ ഇതാ കണ്ണൂരിൽ ഒന്ന് കൂടി വരാൻ പോകുന്നു. പിന്നെ വയനാട്,ഇടുക്കി തുടങ്ങി എല്ലായിടവും. കരയിൽ സ്ഥലം തീർന്നാൽ  കായലിലും.  ഇതാണോ വികസനം? പട്ടിണിയും പരിവട്ടവും ആയി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ ശ്രമിക്കാതെ, അവരെ കൃഷി ചെയ്യാൻ അനുവദിക്കാതെ,അവരുടെ  കൃഷി ഭൂമി നശിപ്പിച്ച് വിമാനത്താവളം ഉണ്ടാക്കുന്നത്‌ എന്ത് വികസനം ആണ്? പശ്ചിമ ഘട്ടം പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കാൻ നടപടികൾ എടുക്കുമ്പോഴാണ് നെൽ വയലുകളും ആറും  തോടും  കുന്നും  മലയും കാവും കുളവും ഉള്ള പ്രകൃതി രമണീയമായ ആറന്മുള ഗ്രാമം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതിനാണോ ഭരണ കൂടം ഒത്താശ ചെയ്യുന്നത്?

ഒരു ജനത മുഴുവൻ ഈ വിമാനത്താവളത്തിന് എതിരാണ്. പിന്നെ ആർക്ക് വേണ്ടിയാണീ വിമാനത്താവളം? നിതാക്കത്ത് പോലെയുള്ള നിയമങ്ങൾ വരിക മൂലം വിദേശത്തുള്ള മലയാളികൾ ഭൂരി ഭാഗവും മടങ്ങി വരികയാണ്. ആറന്മുളയിൽ  ഉള്ള ഒന്നോ രണ്ടോ പണക്കാർക്ക് യാത്ര ചെയ്യാനാണോ ഇത്? 300 അടിയോളം പൊക്കമുള്ള 4 കുന്നുകളാണ് ഇടിച്ച് നിരത്തേണ്ടത്. ദിവസവും ഒന്നേകാൽ  ലക്ഷം ലിറ്റർ വെള്ളം വേണമിവിടെ.  ആറന്മുള എന്ന പൈതൃക ഗ്രാമം നശിപ്പിക്കുക എന്ന ഒരു ഉദ്ദേശം മാത്രമേ ഈ വിമാനത്താവള നിർമാണത്തിലൂടെ സാധിതമാകുന്നുള്ളൂ.  പഴയ കാല വിദേശ ആക്രമണകാരികളെപ്പോലെ  ഇതാ ഇപ്പോൾ ക്ഷേത്രങ്ങളും നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. 

Wednesday, November 13, 2013

സുപ്രീം കോടതി ജഡ്ജി-മാനഭംഗം

പരമോന്നത  നീതിപീഠമായ  സുപ്രീം കോടതിയിലെ ഒരു സീനിയർ ജഡ്ജി അവിടെ പഠിക്കാൻ വന്ന ഒരു യുവ അഭിഭാഷകയെ മാനഭംഗപ്പെടുത്തിയിരിക്കുന്നു. 

തൻറെ അപ്പൂപ്പൻറെ പ്രായമുള്ള ആ ജഡ്ജിയിൽ നിന്നും ഇത്തരം ഒരു പെരുമാറ്റം വന്നപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് അവർ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഈ സംഭവം അവർ ഇത്രയും താമസിച്ചു പറയുന്നു എന്നതിന്റെ കാരണം അവർ തന്നെ പറയുന്നു.

"In Delhi at that time, interning during the winter vacations of my final year in University, I dodged police barricades and fatigue to go to the assistance of a highly reputed, recently retired Supreme Court judge whom I was working under during my penultimate semester. For my supposed diligence, I was rewarded with sexual assault (not physically injurious, but nevertheless violating) from a man old enough to be my grandfather. I won’t go into the gory details, but suffice it to say that long after I’d left the room, the memory remained, in fact, still remains, with me."

"Despite the heated public debates, despite a vast army of feminist vigilantes, despite new criminal laws and sexual harassment laws, I have not found closure. The lack of such an alternative led to my facing a crippling sense of intellectual and moral helplessness."

"So, I want to ask you to think of one thing alone – when dealing with sexual violence, can we allow ourselves to embrace feelings beyond or besides anger, and to accept the complexity of emotions that we face when dealing with any traumatic experience?"

സമൂഹത്തോടാണ് ഈ ചോദ്യം.

Apart from the emotional issues the undue publicity in similar cases prevents many to come forward. It is good that she has responded now.

സുപ്രീം കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു അന്വേഷണവും തുടങ്ങി.

Monday, November 11, 2013

ബീഫ് - ഫ്രൈ
                           ഇതാണ് കന്നുകാലിയിറച്ചി.

അരുമയോടെ നമ്മൾ വിളിക്കുന്ന ബീഫ്.

കാളയിറച്ചി. പോത്തിറച്ചി, പശുവിറച്ചി ഇതിൽ ഏതുമാകാം ഇത്.

ഇത് വരുന്ന വഴി ഒന്നു നോക്കൂ.ഒരു ബീഫ്  "തലയ്ക്കടി" ഫ്രൈ എടുക്കട്ടോ അച്ചായാ?

Sunday, November 10, 2013

ശ്വേത-മുഖ്യ മന്ത്രി വള്ളം കളി

വള്ളം കളിക്കിടെ നടന്ന കളികൾ എല്ലാം വള്ളി പുള്ളി വിടാതെ താൻ മുഖ്യ മന്ത്രിയോട് പറഞ്ഞു എന്ന് ശ്വേതാ മേനോൻ പറയുന്നു.

എന്നാൽ അവിടെ നടന്നതൊന്നും തന്നോട്  പറഞ്ഞില്ല എന്ന് മുഖ്യ മന്ത്രി. 

ശ്വേ:  " സർ, കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ എന്റെ അരയിൽ        
             ചുറ്റിപ്പിടിച്ചായിരുന്നു അയാൾ".

മു:     "പറ പറ".

ശ്വേ:  "ഉത്ഘാടന വേദി വരെ എന്നെ അങ്ങിനെ ചേർത്തു പിടിച്ചു കൊണ്ടു 
            നടക്കുകയായിരുന്നു."

മു:     " ങാ, എന്നിട്ട് എന്ത് ചെയ്ത് ?"

ശ്വേ:    "ഉത്ഘാടനം ചെയ്യാനെങ്കിലും പിടി വിടാൻ പറഞ്ഞു."

മു:     "എന്നിട്ട് പിടി വിട്ടോ? പറ പറ".

ശ്വേ:   "വിട്ടു. പക്ഷെ ഉത്ഘാടനം  കഴിഞ്ഞ് വീണ്ടും കയ്യിൽ പിടിച്ചു."

മു:      " അരയിൽ പിന്നെ പിടിച്ചില്ലേ? കയ്യിൽ മാത്രമേ പിടിച്ചുള്ളോ,പറ  ?"

ശ്വേ:  " ഇടയ്ക്കിടെ അങ്ങുമിങ്ങും തട്ടുകയും മുട്ടുകയും ചെയ്തു."

മു:    " അങ്ങുമിങ്ങും എന്ന് പറഞ്ഞാൽ? ക്ലിയർ ആയിട്ടു പറ. ങാ എന്നിട്ട് "

ശ്വേ:  " ക്ലിയർ ആയി അത് പറയാൻ പറ്റില്ല."

മു:    "ഡോക്ടറോടും വക്കീലിനോടും എല്ലാം പറയാം. ഞാൻ വക്കീലാ.വക്കീൽ 
         പരീക്ഷ പാസ്സായിട്ടൊണ്ട്. അതിന്റെ ലുക്ക് ഇല്ലെന്നേ ഒള്ളൂ.മൊത്തം പറ".

ശ്വേ:  "തരം കിട്ടുമ്പോഴൊക്കെ തരം കിട്ടുന്നിടതൊക്കെ പിടിച്ചു"

മു:    "  ഞെക്കി പിടിച്ചോ അതോ വെറുതെ സോഫ്റ്റ്‌ ആയിട്ടായിരുന്നോ? ങാ 
          പിന്നെ എന്തൊക്കെ സംഭവിച്ചു. പെട്ടെന്ന് പറ".

ശ്വേ:  " പിന്നൊന്നും ഇല്ല."

മു:    " ഒന്നൂം ഇല്ലേ?"

ശ്വേ:  " ഒന്നും ഇല്ല."

മു:    " ഒന്നും?"

ശ്വേ:  " ങു ങ്ഹും."

മു:    " ഒന്നും?"

ശ്വേ:  " ങു ങ്ഹും."

മു:    " ഇത്തറെ ഒള്ളോ? 
          വെറുതെ മനുഷ്യനെ ആശിപ്പിച്ചു."

Saturday, November 9, 2013

TOLL-കൊള്ള

ടോൾ പിരിവ് എന്ന  പേരിൽ  യാത്രക്കാരെ വൻ തോതിൽ   കൊള്ളയടിക്കുകയാണ്  നമ്മുടെ  റോഡുകളിൽ. പിരിച്ചിട്ടും പിരിച്ചിട്ടും പിരിവു തീരാത്ത ടോൾ ആണ് കേരളത്തിൽ. നിർമാണ ചെലവ് തിരികെ കിട്ടി ടോൾ നിറുത്തിയ ഒരു ചരിത്രം കേരളത്തിൽ കേട്ടിട്ടേ ഇല്ല. ഒരിക്കലും നിറുത്താതെ ഈ പിരിവ് തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

പിരിക്കുന്നതിന്റെ ഒരംശം മാത്രമാണ് ഖജനാവിൽ എത്തുന്നത്‌. ബാക്കി മുഴുവൻ കോണ്ട്രാക്ടർമാരുടെ കീശയിലും. അതിൽ ഒരു പങ്ക്  കുറെ  ഉദ്യോഗസ്ഥന്മാർക്കും കൊടുക്കുന്നു. എത്ര വാഹങ്ങൾ കടന്നു പോകുന്നു എന്നും എത്ര വരുമാനം ഉണ്ടാകും എന്നുള്ള കണക്കുകൾ നോക്കാതെ, തുക കുറച്ച്  സ്വകാര്യ  കോണ്ട്രാക്ടർമാർക്ക് ടോൾ പിരിവിനുള്ള അവകാശം ലേലം ചെയ്തു  കൊടുക്കുന്നു. ഈ ടെണ്ടർ തുകയുടെ പതിന്മടങ്ങ്‌ ടോൾ പിരിച്ച് കോണ്ട്രാക്ടർമാർ  കോടീശ്വരൻമാർ ആകുന്നു. ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഒരു വിഹിതം കൊടുക്കുന്നു.

സർക്കാരും കോണ്ട്രാക്ടർമാരും ചേർന്നുള്ള ഒരു ഒത്തു കളി ആണിത്.  
ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ, നമ്മുടെ ഉപഗ്രഹം ചൊവ്വയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ,    ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യതയോടെ ടോൾ പിരിക്കാൻ കഴിയുമ്പോൾ ലേലം എന്ന പ്രാകൃതമായ വ്യവസ്ഥയിലേക്കു സർക്കാരും മറ്റ് ഏജൻസികളും പോകുന്നത് എന്തിനാണ്? അതിന് ഉത്തരം ഒന്നേ ഉള്ളൂ. അഴിമതി. ജനങ്ങളെ കൊള്ളയടിക്കാൻ.

ടോൾ ബൂത്തിനു മുന്നിൽ ഓരോ ലൈനിലും ക്യാമറ സ്ഥാപിക്കുക. റജിസ്റ്റർ നമ്പർ ഉൾപ്പടെ വാഹനത്തിന്റെ  മുൻ ഭാഗത്തിന്റെ ചിത്രം ക്യാമറ പകർത്തി അത് ബൂത്തിനുള്ളിലെ കൌണ്ടറിലെ കമ്പ്യൂട്ടർ  മോണിട്ടറിൽ തെളിയുമ്പോൾ, ഒരു ഭാഗത്തേക്കാണോ "റിട്ടേണ്‍" കൂടി ആണോ എന്നതിന് അ നുസരിച്ച്  ടോൾ  ടിക്കറ്റ് പ്രിന്റ്‌ ചെയ്ത് നൽകി പണം വാങ്ങാം. വണ്ടിയുടെ നമ്പർ,സമയം,തീയതി  തുടങ്ങി ആവശ്യമുള്ള വിവരങ്ങൾ മുഴുവൻ കമ്പ്യൂട്ടർ  സ്വയം രസീതിൽ രേഖപ്പെടുത്തും.കുറ്റാന്വേഷകർക്കും ഈ വിവരം ഉപയോഗിക്കാം. എത്ര വാഹനം കടന്നു പോയി, എത്ര പണം കിട്ടി എന്നുള്ളതിന്റെ കൃത്യമായ കണക്ക് കമ്പ്യൂട്ടറിൽ കിട്ടും. വളരെ ചുരുങ്ങിയ ചിലവിൽ ചെയ്യാവുന്ന വളരെ ലളിതമായ ഒരു പരിപാടി. ലേലവും   കോണ്ട്രാക്ടർമാരും  ഇല്ലാതെ ശമ്പളത്തിന് തൊഴിലാളികളെ വച്ച് അധികാരികൾക്ക് നേരിട്ട് ചെയ്യാവുന്നതാണിത്. പിന്നെ എന്ത് കൊണ്ട് ഇങ്ങിനെ ചെയ്യുന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് സർക്കാരും ഉദ്യോഗസ്ഥരും ആണ്. 

പാലിയേക്കര ടോൾ വീണ്ടും വർദ്ധിപ്പിക്കാൻ തുടങ്ങുകയാണ്. കൊച്ചി എയർ പോർട്ട്‌-സീ പോർട്ട്‌ റോഡിലെ ടോൾ കാര്യത്തിൽ ഹൈക്കോടതി ഇട പെട്ടിട്ടുള്ളതാണ്. 50 ലക്ഷം പിരിഞ്ഞു കിട്ടുന്നത് വരെ ടോൾ പിരിവു തുടരും എന്നാണു അധികൃതരുടെ വാദം. അത് കോടതി അംഗീകരിച്ചു എന്നാണു തോന്നുന്നത്. പണം നഷ്ടപ്പെടാതെ മുഴുവൻ പിരിഞ്ഞു കിട്ടുന്ന കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്താൻ ബഹുമാനപ്പെട്ട ഹൈകോടതി ഒന്നു പറയുമോ?.അല്ലാതെ ജനങ്ങൾക്ക് രക്ഷയില്ല. 

Friday, November 8, 2013

Congress-Left Conspiracy

രാഷ്ട്രീയ അടിയൊഴുക്കുകളെ കുറിച്ച്  ജനങ്ങൾക്ക്‌ ഒന്നും അറിയില്ല. നേതാക്കന്മാരുടെ വെളുത്ത ചിരിയും വെളുത്ത ഖദറും അവരുടെ ഉള്ളിലെ കറുത്ത അഴുക്കിനെയാണ് മൂടി വക്കുന്നത് എന്ന സത്യം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. ടി.പി. ചന്ദ്രശേഖരൻ വധ ക്കേസിന്റെ തുടക്കത്തിൽ കേസ് ശരിയായ വഴിക്കാണ് പോകുന്നത് എന്ന ഒരു തോന്നൽ ഉണ്ടാക്കാൻ അധികാരികൾക്ക് കഴിഞ്ഞു.രാഷ്ട്രീയ നിലയോ പദവിയോ നോക്കാതെ കുറ്റക്കാരെ കേസിൽ ഉൾപ്പെടുത്തിയപ്പോൾ സത്യം പുറത്തു വരിക തന്നെ ചെയ്യും എന്ന് സാധാരണ ജനങ്ങൾ  വിശ്വസിച്ചു.

പക്ഷെ ഇതൊക്കെ  സാധാരണക്കാരെ വിഡ്ഢികൾ ആക്കാൻ ഉള്ള കളികൾ ആയിരുന്നു എന്ന് പതിയെ എല്ലാവർക്കും മനസ്സിലായി തുടങ്ങി. കേസിലെ  20 കുറ്റാരോപിതരെയാണ് വിചാരണ കോടതി തെളിവില്ല എന്ന കാരണത്തിൽ വെറുതെ വിട്ടത്‌. എന്താണതിന്റെ അർഥം?  ഇവർക്കെതിരെ ശരിയായ തെളിവുകൾ നിരത്തി കുറ്റ പത്രം തയ്യാറാക്കിയില്ല എന്നതാണ് കാര്യം. ഇതിനിടെ അനേകം സാക്ഷികൾ, സർക്കാർ സാക്ഷികൾ ഉൾപ്പടെ കൂറ് മാറി. അവിടെയും സർക്കാരിന് ഒന്നം ചെയ്യാൻ കഴിഞ്ഞില്ല.പ്രതികൾക്ക് രക്ഷ പെടാൻ സർക്കാർ മന:പൂർവ്വം അവസരം  ഒരുക്കുന്നു എന്നതിലേക്കാണ്  ഇതെല്ലാം  വിരൽ ചൂണ്ടുന്നത്. 20 പേരെ വെറുതെ വിട്ടതിന്റെ  മുഖ്യ മന്ത്രിയുടെ പ്രതികരണവും  ഇതാണ് ശരി വയ്ക്കുന്നത്. അന്വേഷണത്തിൽ അദ്ദേഹം സംപ്തൃപ്തനാണ് എന്ന്. ഇന്നലെ മാർക്സിസ്റ്റ് നേതാവായ ഒരു റിമാണ്ട് പ്രതിയെ ഒരു ഹോട്ടലിൽ ഭാര്യക്കൊപ്പം ചിലവഴിക്കാൻ സർക്കാർ  സൗകര്യം ഒരുക്കുന്നതാണ് ഏറ്റവും അവസാനം നമ്മൾ കണ്ടത്.

കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് -മാർക്സിസ്റ്റ് ധാരണകളും ഒത്തു തീർപ്പുകളും നാം കണ്ടു കൊണ്ടേ ഇരിക്കുന്നു. സെക്രട്ടറിയേറ്റ് ഉപരോധം പിൻ വലിച്ചതും, ലാവലിൻ കേസിൽ  രക്ഷ പെടുത്താനുള്ള രീതിയിലുള്ള കേസും, ടി.പി. വധ കേസും, മുഖ്യ മന്ത്രിയെ രക്ഷ പെടുത്താനുള്ള മാർക്സിസ്റ്റ് പാർടിയുടെ തത്രപ്പാടും  മറ്റും  ഇത്തരം ആരോപണങ്ങളെ ശരി വക്കുകയാണ്.കോണ്‍ഗ്രസ്സിന്റെ കേന്ദ്രത്തിലേക്കുള്ള അധികാര മോഹം ആണ് ഒത്തു തീർപ്പിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇടതു മുന്നണിക്കോ വലതു മുന്നണിക്കോ ആണ് സീറ്റുകൾ കിട്ടുന്നത്. ഇവിടെ അവർ തമ്മിൽ വളരെ ആവേശ പൂർവം മത്സരിച്ചാലും കേന്ദ്രത്തിൽ എത്തുമ്പോൾ മാർക്സിസ്റ്റ്കാർ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ കേരളത്തിലെ 20 സീറ്റും ഫലത്തിൽ കോണ്‍ ഗ്രസ്സിന് കിട്ടുകയാണ് ചെയ്യുന്നത്. അപ്പോൾ ഇവിടത്തെ തമ്മിലുള്ള മത്സരം ജനങ്ങളെ വിഡ്ഢികൾ ആക്കുകയല്ലേ ചെയ്യുന്നത്? ആവേശം മൂത്ത് അണികൾ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുമ്പോൾ അധികാരത്തിന്റെ ശീതളച്ഛായയിൽ ആസ്വദിക്കുകയാണ്  ഇരു പാർട്ടിയിലേയും നേതാക്കൾ എന്നറിയാനുള്ള സാമാന്യ  ബുദ്ധി പോലും പ്രബുദ്ധരായ കേരള ജനതയ്ക്ക് ഇല്ലാതെ പോയി.

ഇത്തരം ഗൂഡ നീക്കങ്ങൾക്ക്‌ എതിരെ, ജനങ്ങളെ കബളിപ്പിക്കുന്നതിനു എതിരെ പ്രവർത്തിക്കേണ്ടതും പ്രതികരിക്കേണ്ടതും കേരളത്തിലെ  ജനങ്ങളുടെ  ഉത്തരവാദിത്വം ആണ്. ഇടതിന് വോട്ട് ചെയ്താലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും കേന്ദ്രത്തിൽ അത് ഒരു സ്ഥലത്തേക്ക് ആണ് പോകുന്നത് എന്നും അതിന്റെ ഗുണ ഭോക്താവ് കോണ്‍ഗ്രസ് ആണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ പ്രബുദ്ധരായ ജനത ഉണർന്നു പ്രവർത്തിക്കണം.

Tuesday, November 5, 2013

MANGALYAAN

ചൊവ്വയിലേക്കുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായി ഇന്ന് നടന്നിരിക്കുന്നു. ഭാരതത്തിനു അഭിമാനിക്കാനുള്ള നിമിഷം. ചരിത്രത്തിൽ  ഒരു നാഴികക്കല്ല്.  ഇത് ചൊവ്വയിൽ എത്തിയാൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ  പര്യവേക്ഷണ വാഹനം അയക്കുന്ന നാലാമത്തെ രാജ്യമെന്ന അഭിമാനാർഹമായ നേട്ടം ആണ്  ലോകരാജ്യങ്ങളുടെ ഇടയിൽ ഭാരതത്തിനു വന്നു ചേരുന്നത്.

ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷം, രൂപ ഘടന, ധാധു ഘടന എന്നിവ പഠിക്കുകയാണ് ഈ പര്യവേക്ഷണ കൊണ്ട്  ഉദേശിക്കുന്നത്. ഇത്രയും കാര്യങ്ങൾ അറിഞ്ഞത് കൊണ്ട് ഭാരതത്തിനും ഇവിടത്തെ ജനങ്ങൾക്കും ഉണ്ടാകുന്ന പ്രയോജനം എന്താണെന്ന് ഇനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു. അത് ഭാരതത്തിലെ ജന ജീവിതത്തിന് എങ്ങിനെ ഗുണകരം ആകുന്നുവെന്ന് നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. ഈ വിക്ഷേപണം കൊണ്ട് ലോകത്തിനു മുൻപിൽ നാം ശാസ്ത്രീയമായി  വളരെ വളർന്നിരിക്കുന്നു എന്ന് അഭിമാനിക്കാം. അതൊരു മിഥ്യാഭിമാനം അല്ലേ?  450 കോടി രൂപയാണ് ഇതിനു ചിലവായത്. 

ശാസ്ത്രീയമായി നമ്മൾ ഗവേഷണം നടത്തേണ്ടതും പുതിയ കണ്ടു പിടിത്തങ്ങൾ  നടത്തേണ്ടതും ദൈനം-ദിന ജീവിതത്തിൽ ജനങ്ങൾക്ക്‌ ഉപകാര പ്രദമായ കാര്യങ്ങളിൽ അല്ലേ? ഒരു കാര്യത്തിലും നമ്മൾ സ്വയം പര്യാപ്തരല്ല. ജനസംഖ്യയിൽ ഒഴികെ. ജനങ്ങൾക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം,  മരുന്ന്,ചികിത്സ, വിദ്യാഭ്യാസം, എന്തിന് ആവശ്യമായ ശൌചാലയങ്ങൾ  പോലും ഇല്ലാത്ത നമ്മളാണോ   മംഗൾ യാൻ കൊണ്ട് ലോക രാജ്യങ്ങളുടെ മുൻപിൽ അഭിമാന പുരസ്സരം നിൽക്കാൻ പോകുന്നത്? നമ്മുടെ ആവശ്യങ്ങൾക്ക് പരിഹാരമാണോ മംഗൾ യാൻ? കുളിച്ചില്ലെങ്കിലും അടി വസ്ത്രം പുരപ്പുറത്തു വിരിച്ചിടുന്നത്‌ പോലെ.

ഒരു വിമാനം നിർമ്മിക്കാൻ നമുക്ക് കഴിവില്ല. അതിനു നാം അന്യ രാജ്യങ്ങളെ ആശ്രയിക്കുന്നു. പക്ഷെ റോക്കറ്റ് നിർമ്മിക്കാൻ നമ്മൾ ഉത്സുകരാണ്. എല്ലാ കാര്യങ്ങളും  ഇങ്ങിനെയാണ്‌. ഇവിടെ മുൻഗണനാ ക്രമങ്ങൾ തെറ്റാണ്. അത് നിശ്ചയിക്കേണ്ട രാഷ്ട്രീയ നേതൃത്വം തരം താണ പോപുലാരിറ്റി ക്ക് വേണ്ടി പായുകയാണ്. ഗുജറാത്തിൽ സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് ഏതാണ്ട് 3000 കോടി രൂപ ആണ് ചിലവാകുന്നത്. മുംബൈയിലെ ശിവാജി പ്രതിമയ്ക്ക് 450 കോടി രൂപ ചിലവാക്കുന്നു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ആണ് നമ്മുടെ പ്രകൃതി ദത്തമായ സാധന സാമഗ്രികളും മനുഷ്യന്റെ അധ്വാനവും ഇത്തരത്തിൽ പാഴാക്കി കളയുന്നത്. 

നമ്മുടെ ശൂന്യാകാശ പര്യവേക്ഷണങ്ങളും പലതും അനാവശ്യം ആണ്. മിഥ്യാഭിമാനത്തിനു വേണ്ടി, സ്വന്തം പ്രശസ്തിക്കു വേണ്ടി രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പാഴ് വേല. അതിനാൽ നമ്മുടെ ഐ.എസ്. ആർ. ഒ. ശാസ്ത്രന്ജ്ഞൻമാരുടെ  കഴിവും അറിവും ജനോപകാര പ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ ഭരണാധികാരികൾ ഇനിയെങ്കിലും തയ്യാറാകണം.

Monday, November 4, 2013

Why Ban Opinion Poll?

അഭിപ്രായ സർവേ നിർത്തലാക്കണമോ എന്ന കാര്യത്തിൽ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. അഭിപ്രായ സർവേ  പൂർണമായും നിരോധിക്കണം എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പാർട്ടി ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.2004 ൽ അഭിപ്രായ സർവേ വേണം എന്ന് പറഞ്ഞ കോണ്‍ഗ്രസ് ആണ് ഇന്നതിനെ എതിർക്കുന്നത്.

ഇത്തരം അഭിപ്രായ സർവേ കളിൽ നിന്നും വരുന്ന ഫലങ്ങൾ കോണ്‍ഗ്രസിന് ഒട്ടും അനുകൂലമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നിൽ പ്പോലും കോണ്‍ഗ്രസ് അധികാരത്തിൽ വരില്ല എന്നാണു സർവേ ഫലം.  തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇത്തരം ഒരു പ്രതികൂല അഭിപ്രായം വന്നാൽ അവിടങ്ങളിൽ കിട്ടാനുള്ള വോട്ട് കൂടി കുറഞ്ഞ് സീറ്റിൽ ഇനിയും കുറവ് വരും എന്ന സാധ്യത ഉള്ളതിനാലാണ് അവർ ഇതിനെ എതിർക്കുന്നത്.  സത്യത്തിൽ കോണ്‍ഗ്രസിന്റെ ഭരണം തന്നെ ആണ് അവരുടെ തോൽവിക്ക് കാരണം ആകുന്നത്. അഭിപ്രായ സർവേ  അല്ല. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുകയാണ് എല്ലാ കോണ്‍ഗ്രസ് സർക്കാരുകളും. കേന്ദ്രത്തിൽ പ്രധാനമന്ത്രി വരെ അഴിമതി ആരോപണത്തിൽ പെട്ടിരിക്കുകയാണ്. സി.ബി.ഐ.  പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി ഇത് തന്നെ. വിലക്കയറ്റവും അഴിമതിയും വളരെ സാധാരണം ആയിരിക്കുകയാണ്. ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപ എത്തി.  കേരളത്തിൽ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർ ഗുരുതരമായ  ആരോപണത്തിന്റെ നിഴലിൽ ആണ്. ഇതെല്ലാം തീർച്ചയായും തെരഞ്ഞെടുപ്പിൽ  കോണ്‍ഗ്രസ്സിന് എതിരായി വരും എന്നുള്ളത് സത്യം.  ഈ പേടി കോണ്‍ഗ്രസ്സിനെ ഗ്രസിച്ചിരിക്കുന്നു. അധികാരം പോകും എന്ന് മാത്രമല്ല, ഇത്രയും നാളത്തെ അഴിമതി ഇനി മൂടി വക്കാൻ കഴിയാതെ ഒന്നൊന്നായി പുറത്തു വരും എന്ന പേടി കൂടി ഉണ്ട്. അതാണ്‌ അഭിപ്രായ സർവേ  നിരോധിക്കണം എന്ന് കോണ്‍ഗ്രസ് പാർട്ടി പറയുന്നതിന്റെ കാരണം. 

ജനങ്ങൾക്ക്‌ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൻറെ ശ്രീകോവിൽ ആയ ഭാരതത്തിൽ ഇല്ലേ? അതു പോലെ ജനങ്ങളുടെ അഭിപ്രായം പ്രസിദ്ധീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്കില്ലേ? അഭിപ്രായ സർവേ നിയന്ത്രണമോ നിരോധനമോ ഭരണ ഘടന അനുവദിച്ചു തന്നിട്ടുള്ള പൌരൻറെ  സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം ആണ്. അത്തരം നിയന്ത്രണം അനുവദിച്ചു കൊടുക്കാൻ പാടില്ല.

Saturday, November 2, 2013

പീതാംബര വള്ളം കളി

 ഇതാ മറ്റൊരു സ്ത്രീ പീഡനം കൂടി കേരളത്തിൽ. ഇത്തവണ ഒരു സെലിബ്രിറ്റി ആണ് പീഡനത്തിൻറെ  ഇര.  സിനിമാ നടി ശ്വേതാ മേനോൻ. കൊല്ലത്ത് ഒരു വള്ളം കളി ഉത്ഘാടന വെളയിൽ ആണ് സംഭവം. കൊല്ലം എം.പി. പീതാംബര കുറുപ്പ് ആണ് പീഡനം നടത്തിയത് എന്നാണ് ശ്വേത പറഞ്ഞത് എന്ന് കൈരളി ടി.വി. പറയുന്നു.

തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ദൃശ്യങ്ങൾ എല്ലാ ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.

എവിടെങ്കിലും എന്തെങ്കിലും ചെറിയ ഗ്രൂപ്പ് യോഗം കൂടിയാലും, മുഖ്യ മന്ത്രിക്ക് എതിരെ എന്തെങ്കിലും വന്നാലും വാലും തലയും അറിഞ്ഞില്ലെങ്കിലും  വലിയ വായിൽ അഭിപ്രായം പറയുന്ന എം.എൽ.എ. കെ. മുരളീധരൻ പറയുന്നത് എന്താണെന്ന് കേൾക്കണമോ? ഊഹാ പോഹങ്ങൾ അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ല എന്ന്. കാര്യം മനസ്സിലായല്ലോ. പണ്ട് അച്ഛൻ  കരുണാകരൻ കോണ്‍ഗ്രസിൽ നിന്നും പിണങ്ങി  INC (Karunakaran)  എന്നൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയപ്പോൾ അച്ഛന്റെ കൂടെ  എല്ലാം വലിച്ചെറിഞ്ഞ് പോയ കക്ഷി ആണ് ഈ കുറുപ്പ്. പിന്നീടത്‌ DIC (K) ആയി. അതും പച്ച പിടിക്കാതെ  NCP യിൽ ലയിച്ചു. പിന്നീട് ഗത്യന്തരം ഇല്ലാതെ കരുണാകരന്റെ കൂടെ  കോണ്‍ഗ്രസിൽ  തിരിച്ചു വന്നു. പിന്നെയും വർഷങ്ങൾ KPCC യുടെ പടി വാതിൽക്കൽ യാചിച്ചു കിടന്നിട്ടു മാത്രമേ മുരളിക്ക് പ്രവേശനം കിട്ടിയുള്ളൂ.

കളക്ടറെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ശ്വേത പറയുന്നു. പരാതി എഴുതി നലികിയാലെ കേസ് എടുക്കാൻ കഴിയൂ എന്ന് കളക്ടർ. 

മുഖ്യ മന്ത്രി തന്റെ സ്ഥിരം പല്ലവി. "പരാതി കിട്ടിയാൽ അന്വേഷിക്കും".

ആഭ്യന്തര മന്ത്രിയും അതെ പല്ലവി ആവർത്തിക്കുന്നു.

നേരിട്ട് പരാതി എഴുതി നൽകിയില്ലെങ്കിലും കേസ് എടുക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് എന്ന് നിയമജ്ഞർ പറയുന്നു.

ഏതായാലും രാഷ്ട്രീയക്കാരൻ ഉൾപ്പെട്ട ഒരു പീഡനം കൂടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് എന്ത് ചെയ്യും എന്ന് കാത്തിരുന്നു കാണാം. സർക്കാർ എന്താണ് ചെയ്യുന്നത് എന്നും കാത്തിരുന്നു കാണാം.

Friday, November 1, 2013

Politicization of police

രാഷ്ട്രീയത്തിൻറെ പേരിൽ മേലുദ്യോഗസ്ഥന്റെ ഉത്തരവുകൾ അനുസരിക്കാത്ത ഒരു സേനയാണ് ഇന്നത്തെ കേരളാ പോലീസ്. പോലീസിനെ ക്രിമിനൽ വൽക്കരിച്ചത് പോലെ രാഷ്ട്രീയവൽക്കരിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം മാറി മാറി അധികാരത്തിൽ വന്ന കോണ്‍ഗ്രസ്, മാർക്സിസ്റ്റ് പാർട്ടികൾക്ക് ആണ്. തങ്ങളുടെ അധികാരം ഉറപ്പിക്കാനും, അണികളെ കൂട്ടാനും അനുഭാവികളെ വർധിപ്പിക്കാനും ആയി സർക്കാർ ഉദ്യോഗസ്ഥർക്കും, അധ്യാപകർക്കും മറ്റു ജോലിക്കാർക്കും സംഘടനകൾ ഉണ്ടാക്കുകയും, പരസ്യമായി തന്നെ പൂർണ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവരെ അനുവദിക്കുകയും അതിനു സാഹചര്യം ഒരുക്കുകയും ചെയ്യുന്നത് സർക്കാർ തന്നെ.  അനധികൃതമായ പല ആനുകൂല്യങ്ങളും നൽകി ഇത്തരം സംഘടനകളുടെ നേതാക്കളെ   ആകട്ടെ  ഇവർ  കൂടെ നിർത്തുന്നു.  അങ്ങിനെ രാഷ്ട്രീയം  പാടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിൽ ഇവർ രാഷ്ട്രീയം പടർത്തുന്നു.

ക്രമ സമാധാനം പാലിക്കാൻ ഉത്തരവാദിത്വപ്പെട്ടവരും കുറ്റാന്വേഷണം നടത്തേണ്ടവരും, അച്ചടക്കവും ആത്മാർഥതയും ഉണ്ടാകേണ്ടവരും ആയ പോലീസ്സുകാരിലും  ഇവർ വൻ  തോതിൽ രാഷ്ടീയം കലർത്തി. അതിൻറെ തിക്ത ഫലം ഏറ്റവും ഒടുവിൽ അനുഭവിച്ചത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ ആണ്. പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് പോലീസു സേനയിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണം കൊണ്ടാണ് മുഖ്യ മന്ത്രിക്കു ഏറു വാങ്ങേണ്ടി വന്നത്.

പോലീസ് അസ്സോസിയെഷൻ  മത്സരത്തിൽ രാഷ്ട്രീയമായി ചേരി തിരിഞ്ഞ് ശക്തമായ മത്സരം ആയിരുന്നു നടന്നത്. അതിനു ശേഷം  വന്ന പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ അതിലും ശക്തമാവുകയും, അടി നിയന്ത്രിക്കേണ്ട പോലീസ് കാർ തമ്മിൽ ത്തന്നെ അടിയാവുകയും ചെയ്തു. അപ്പോഴൊക്കെ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും മൌനം പാലിച്ചു. അതാണ്‌ ഇന്നത്തെ സ്ഥിതി വിശേഷത്തിൽ കൊണ്ടെത്തിച്ചത്. ഇങ്ങിനെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ വൽക്കരിച്ചത് കൊണ്ട് മുഖ്യ മന്ത്രിക്കു എന്താണ് പ്രയോജനം? അവരാണോ വോട്ട് നൽകി ജയിപ്പിക്കുന്നത്? ഇത് കൊണ്ട് സാധാരണക്കാർക്ക് എന്തെല്ലാം ബുദ്ധി മുട്ടുകൾ ആണ് ഉണ്ടാകുന്നത് എന്ന് മുഖ്യ മന്ത്രി ഒരിക്കൽ എങ്കിലും  ആലോചിട്ടുണ്ടോ? മുഖ്യ മന്ത്രിയുടെ ഭരണത്തിന്റെ ഗുണം സാധാരണക്കാരന്, അതായത് താഴെത്തട്ടിൽ എത്താത്തത് ഉദ്യോഗസ്ഥരിലെ ഈ കക്ഷി രാഷ്ട്രീയം കൊണ്ടല്ലേ? അതിനാൽ ഇനിയെങ്കിലും ഉദ്യോഗസ്ഥരിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാൻ   അനുവദിക്കാതിരിക്കൂ.

പുതിയ സിവിൽ സർവ്വീസ് ബോർഡ് വരുന്നതോടു കൂടി ഉന്നതോദ്യോഗസ്ഥർക്ക്  രാഷ്ട്രീയ നേതൃത്വത്തിന്റെ ഇട പെടൽ കൂടാതെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാഹചര്യം ഉണ്ടാകും. അവരെങ്കിലും അച്ചടക്കം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.