2013, നവംബർ 5, ചൊവ്വാഴ്ച

MANGALYAAN

ചൊവ്വയിലേക്കുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായി ഇന്ന് നടന്നിരിക്കുന്നു. ഭാരതത്തിനു അഭിമാനിക്കാനുള്ള നിമിഷം. ചരിത്രത്തിൽ  ഒരു നാഴികക്കല്ല്.  ഇത് ചൊവ്വയിൽ എത്തിയാൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ  പര്യവേക്ഷണ വാഹനം അയക്കുന്ന നാലാമത്തെ രാജ്യമെന്ന അഭിമാനാർഹമായ നേട്ടം ആണ്  ലോകരാജ്യങ്ങളുടെ ഇടയിൽ ഭാരതത്തിനു വന്നു ചേരുന്നത്.

ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷം, രൂപ ഘടന, ധാധു ഘടന എന്നിവ പഠിക്കുകയാണ് ഈ പര്യവേക്ഷണ കൊണ്ട്  ഉദേശിക്കുന്നത്. ഇത്രയും കാര്യങ്ങൾ അറിഞ്ഞത് കൊണ്ട് ഭാരതത്തിനും ഇവിടത്തെ ജനങ്ങൾക്കും ഉണ്ടാകുന്ന പ്രയോജനം എന്താണെന്ന് ഇനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു. അത് ഭാരതത്തിലെ ജന ജീവിതത്തിന് എങ്ങിനെ ഗുണകരം ആകുന്നുവെന്ന് നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. ഈ വിക്ഷേപണം കൊണ്ട് ലോകത്തിനു മുൻപിൽ നാം ശാസ്ത്രീയമായി  വളരെ വളർന്നിരിക്കുന്നു എന്ന് അഭിമാനിക്കാം. അതൊരു മിഥ്യാഭിമാനം അല്ലേ?  450 കോടി രൂപയാണ് ഇതിനു ചിലവായത്. 

ശാസ്ത്രീയമായി നമ്മൾ ഗവേഷണം നടത്തേണ്ടതും പുതിയ കണ്ടു പിടിത്തങ്ങൾ  നടത്തേണ്ടതും ദൈനം-ദിന ജീവിതത്തിൽ ജനങ്ങൾക്ക്‌ ഉപകാര പ്രദമായ കാര്യങ്ങളിൽ അല്ലേ? ഒരു കാര്യത്തിലും നമ്മൾ സ്വയം പര്യാപ്തരല്ല. ജനസംഖ്യയിൽ ഒഴികെ. ജനങ്ങൾക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം,  മരുന്ന്,ചികിത്സ, വിദ്യാഭ്യാസം, എന്തിന് ആവശ്യമായ ശൌചാലയങ്ങൾ  പോലും ഇല്ലാത്ത നമ്മളാണോ   മംഗൾ യാൻ കൊണ്ട് ലോക രാജ്യങ്ങളുടെ മുൻപിൽ അഭിമാന പുരസ്സരം നിൽക്കാൻ പോകുന്നത്? നമ്മുടെ ആവശ്യങ്ങൾക്ക് പരിഹാരമാണോ മംഗൾ യാൻ? കുളിച്ചില്ലെങ്കിലും അടി വസ്ത്രം പുരപ്പുറത്തു വിരിച്ചിടുന്നത്‌ പോലെ.

ഒരു വിമാനം നിർമ്മിക്കാൻ നമുക്ക് കഴിവില്ല. അതിനു നാം അന്യ രാജ്യങ്ങളെ ആശ്രയിക്കുന്നു. പക്ഷെ റോക്കറ്റ് നിർമ്മിക്കാൻ നമ്മൾ ഉത്സുകരാണ്. എല്ലാ കാര്യങ്ങളും  ഇങ്ങിനെയാണ്‌. ഇവിടെ മുൻഗണനാ ക്രമങ്ങൾ തെറ്റാണ്. അത് നിശ്ചയിക്കേണ്ട രാഷ്ട്രീയ നേതൃത്വം തരം താണ പോപുലാരിറ്റി ക്ക് വേണ്ടി പായുകയാണ്. ഗുജറാത്തിൽ സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് ഏതാണ്ട് 3000 കോടി രൂപ ആണ് ചിലവാകുന്നത്. മുംബൈയിലെ ശിവാജി പ്രതിമയ്ക്ക് 450 കോടി രൂപ ചിലവാക്കുന്നു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ആണ് നമ്മുടെ പ്രകൃതി ദത്തമായ സാധന സാമഗ്രികളും മനുഷ്യന്റെ അധ്വാനവും ഇത്തരത്തിൽ പാഴാക്കി കളയുന്നത്. 

നമ്മുടെ ശൂന്യാകാശ പര്യവേക്ഷണങ്ങളും പലതും അനാവശ്യം ആണ്. മിഥ്യാഭിമാനത്തിനു വേണ്ടി, സ്വന്തം പ്രശസ്തിക്കു വേണ്ടി രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പാഴ് വേല. അതിനാൽ നമ്മുടെ ഐ.എസ്. ആർ. ഒ. ശാസ്ത്രന്ജ്ഞൻമാരുടെ  കഴിവും അറിവും ജനോപകാര പ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ ഭരണാധികാരികൾ ഇനിയെങ്കിലും തയ്യാറാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ