Friday, November 8, 2013

Congress-Left Conspiracy

രാഷ്ട്രീയ അടിയൊഴുക്കുകളെ കുറിച്ച്  ജനങ്ങൾക്ക്‌ ഒന്നും അറിയില്ല. നേതാക്കന്മാരുടെ വെളുത്ത ചിരിയും വെളുത്ത ഖദറും അവരുടെ ഉള്ളിലെ കറുത്ത അഴുക്കിനെയാണ് മൂടി വക്കുന്നത് എന്ന സത്യം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. ടി.പി. ചന്ദ്രശേഖരൻ വധ ക്കേസിന്റെ തുടക്കത്തിൽ കേസ് ശരിയായ വഴിക്കാണ് പോകുന്നത് എന്ന ഒരു തോന്നൽ ഉണ്ടാക്കാൻ അധികാരികൾക്ക് കഴിഞ്ഞു.രാഷ്ട്രീയ നിലയോ പദവിയോ നോക്കാതെ കുറ്റക്കാരെ കേസിൽ ഉൾപ്പെടുത്തിയപ്പോൾ സത്യം പുറത്തു വരിക തന്നെ ചെയ്യും എന്ന് സാധാരണ ജനങ്ങൾ  വിശ്വസിച്ചു.

പക്ഷെ ഇതൊക്കെ  സാധാരണക്കാരെ വിഡ്ഢികൾ ആക്കാൻ ഉള്ള കളികൾ ആയിരുന്നു എന്ന് പതിയെ എല്ലാവർക്കും മനസ്സിലായി തുടങ്ങി. കേസിലെ  20 കുറ്റാരോപിതരെയാണ് വിചാരണ കോടതി തെളിവില്ല എന്ന കാരണത്തിൽ വെറുതെ വിട്ടത്‌. എന്താണതിന്റെ അർഥം?  ഇവർക്കെതിരെ ശരിയായ തെളിവുകൾ നിരത്തി കുറ്റ പത്രം തയ്യാറാക്കിയില്ല എന്നതാണ് കാര്യം. ഇതിനിടെ അനേകം സാക്ഷികൾ, സർക്കാർ സാക്ഷികൾ ഉൾപ്പടെ കൂറ് മാറി. അവിടെയും സർക്കാരിന് ഒന്നം ചെയ്യാൻ കഴിഞ്ഞില്ല.പ്രതികൾക്ക് രക്ഷ പെടാൻ സർക്കാർ മന:പൂർവ്വം അവസരം  ഒരുക്കുന്നു എന്നതിലേക്കാണ്  ഇതെല്ലാം  വിരൽ ചൂണ്ടുന്നത്. 20 പേരെ വെറുതെ വിട്ടതിന്റെ  മുഖ്യ മന്ത്രിയുടെ പ്രതികരണവും  ഇതാണ് ശരി വയ്ക്കുന്നത്. അന്വേഷണത്തിൽ അദ്ദേഹം സംപ്തൃപ്തനാണ് എന്ന്. ഇന്നലെ മാർക്സിസ്റ്റ് നേതാവായ ഒരു റിമാണ്ട് പ്രതിയെ ഒരു ഹോട്ടലിൽ ഭാര്യക്കൊപ്പം ചിലവഴിക്കാൻ സർക്കാർ  സൗകര്യം ഒരുക്കുന്നതാണ് ഏറ്റവും അവസാനം നമ്മൾ കണ്ടത്.

കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് -മാർക്സിസ്റ്റ് ധാരണകളും ഒത്തു തീർപ്പുകളും നാം കണ്ടു കൊണ്ടേ ഇരിക്കുന്നു. സെക്രട്ടറിയേറ്റ് ഉപരോധം പിൻ വലിച്ചതും, ലാവലിൻ കേസിൽ  രക്ഷ പെടുത്താനുള്ള രീതിയിലുള്ള കേസും, ടി.പി. വധ കേസും, മുഖ്യ മന്ത്രിയെ രക്ഷ പെടുത്താനുള്ള മാർക്സിസ്റ്റ് പാർടിയുടെ തത്രപ്പാടും  മറ്റും  ഇത്തരം ആരോപണങ്ങളെ ശരി വക്കുകയാണ്.കോണ്‍ഗ്രസ്സിന്റെ കേന്ദ്രത്തിലേക്കുള്ള അധികാര മോഹം ആണ് ഒത്തു തീർപ്പിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇടതു മുന്നണിക്കോ വലതു മുന്നണിക്കോ ആണ് സീറ്റുകൾ കിട്ടുന്നത്. ഇവിടെ അവർ തമ്മിൽ വളരെ ആവേശ പൂർവം മത്സരിച്ചാലും കേന്ദ്രത്തിൽ എത്തുമ്പോൾ മാർക്സിസ്റ്റ്കാർ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ കേരളത്തിലെ 20 സീറ്റും ഫലത്തിൽ കോണ്‍ ഗ്രസ്സിന് കിട്ടുകയാണ് ചെയ്യുന്നത്. അപ്പോൾ ഇവിടത്തെ തമ്മിലുള്ള മത്സരം ജനങ്ങളെ വിഡ്ഢികൾ ആക്കുകയല്ലേ ചെയ്യുന്നത്? ആവേശം മൂത്ത് അണികൾ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുമ്പോൾ അധികാരത്തിന്റെ ശീതളച്ഛായയിൽ ആസ്വദിക്കുകയാണ്  ഇരു പാർട്ടിയിലേയും നേതാക്കൾ എന്നറിയാനുള്ള സാമാന്യ  ബുദ്ധി പോലും പ്രബുദ്ധരായ കേരള ജനതയ്ക്ക് ഇല്ലാതെ പോയി.

ഇത്തരം ഗൂഡ നീക്കങ്ങൾക്ക്‌ എതിരെ, ജനങ്ങളെ കബളിപ്പിക്കുന്നതിനു എതിരെ പ്രവർത്തിക്കേണ്ടതും പ്രതികരിക്കേണ്ടതും കേരളത്തിലെ  ജനങ്ങളുടെ  ഉത്തരവാദിത്വം ആണ്. ഇടതിന് വോട്ട് ചെയ്താലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും കേന്ദ്രത്തിൽ അത് ഒരു സ്ഥലത്തേക്ക് ആണ് പോകുന്നത് എന്നും അതിന്റെ ഗുണ ഭോക്താവ് കോണ്‍ഗ്രസ് ആണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ പ്രബുദ്ധരായ ജനത ഉണർന്നു പ്രവർത്തിക്കണം.

No comments:

Post a Comment