2013, നവംബർ 20, ബുധനാഴ്‌ച

മുഖ്യ മന്ത്രീ നന്മ ചെയ്യൂ

ആറന്മുള വിമാനത്താവളത്തിന് അനുമതിയായി. തങ്ങൾ രചിച്ച തിരക്കഥ ക്കനുസരിച്ച്  കാര്യങ്ങൾ ശുഭമായി പര്യവസാനിച്ചു  എന്ന്  ഇടതു മുന്നണിയ്ക്കും വലതു മുന്നണിയ്ക്കും സന്തോഷിക്കാം.  ജനങ്ങളെ വിഡ്ഢികൾ ആക്കി എന്നും.

ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയത് മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ ആണ്.  അടുത്ത മുന്നണി സർക്കാർ വന്നപ്പോഴേക്കും ഇടതു മുന്നണി തെറ്റേറ്റു പറഞ്ഞ് വിമാനത്താവളത്തിനെതിരായി.  പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുണ്ടോ വീണു കിട്ടിയ അവസരം പാഴാക്കി കളയുന്നു? ഇടതു മുന്നണിയുടെ മേൽ മുഴുവൻ പഴിയും ചാരിക്കൊണ്ട് വിമാനത്താവള നിർമാണവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോയി. വിമാനത്താവളത്തിന്  എതിർപ്പ് പ്രകടിപ്പിച്ചവരെയെല്ലാം, ഇത് തങ്ങളുടെ കുഞ്ഞ് അല്ല എന്നും ഇടതു മുന്നണി ആണിതിന് ഉത്തരവാദി എന്നുമുള്ള തരം താണ വാദങ്ങളും ആയി മുന്നോട്ടു പോയി. വിമാന താവള കമ്പനിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും അവർ ചെയ്തു കൊടുത്തു കൊണ്ടേ ഇരുന്നു. പരിസ്ഥിതി അനുമതിയും മറ്റും തടസ്സം ആകും എന്ന് വന്നപ്പോൾ ആ സ്വകാര്യ കമ്പനിയുടെ 10% ഓഹരി എടുക്കുക കൂടി ചെയ്തു കോണ്‍ഗ്രസ്  സർക്കാർ. ഈ വിമാനത്താവളം എങ്ങിനെ എങ്കിലും നടപ്പിലാക്കണം എന്ന കോണ്‍ഗ്രസ്സിന്റെ താൽപ്പര്യത്തിന് വേറെ ഉദാഹരണം ഒന്നും വേണ്ടല്ലോ.

ഈ വിമാനത്താവളം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നും നാടിനു നാശം മാത്രമേ ഇത് കൊണ്ട് ഉണ്ടാവുകയുള്ളൂ എന്നും ഇതിനെ സഹായിക്കുന്ന മുഖ്യ മന്ത്രി ഉൾപ്പടെയുള്ള കോണ്‍ഗ്രസ്കാർക്ക് വ്യക്തമായി അറിയാം. എന്നിട്ടും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് രാജ്യ ദ്രോഹം എന്നല്ലാതെ പറയാൻ ഒന്നുമില്ല. ഇപ്പോൾ തന്നെ  കൊച്ചു കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉണ്ട്.എന്തിനാണിനി ഒന്നു കൂടി? 

എല്ലാ അനുമതികളും നൽകി  കഴിഞ്ഞു, ഇനി എന്ത് ചെയ്യാൻ എന്നാണ് ഉമ്മൻ ചാണ്ടി യുടെ നിലപാട്. കേന്ദ്രം തീരുമാനിച്ചാൽ എന്ത് ചെയ്യാനാണ് എന്നാണു രമേശ്‌ ചെന്നിത്തല  പറയുന്നത്. കസ്തുരി രംഗൻ റിപ്പോർട്ടിന് എതിരെ പള്ളീലച്ചന്മാരും കേരളാ കോണ്‍ഗ്രസ് കാരും പ്രധിഷേധവും ആയി ഇറങ്ങിയപ്പോൾ കേന്ദ്ര മന്ത്രിമാരെ കാണാനും ആ റിപ്പോർട്ട്‌ തൽക്കാലം നിർത്തി വയ്പ്പിക്കാനും ഇവർ രണ്ടു പേരും തയ്യാറായല്ലോ. ഇക്കാര്യത്തിൽ എന്ത് കൊണ്ട് അങ്ങിനെ ചെയ്തു കൂടാ?  ഭരണം, ജീവിതം തന്നെ, വളരെ ഹ്രസ്വം ആണല്ലോ. ഈ ചുരുങ്ങിയ കാലയളവിൽ ഇതിൽ നിന്നും കിട്ടുന്ന ഭൌതിക നേട്ടങ്ങൾക്ക്‌ പിറകെ പോകാതെ,മനുഷ്യ രാശിയെ ദ്രോഹിക്കാതെ,  വരും തലമുറകളുടെ ശാപം എറ്റു വാങ്ങാതെ അവർക്ക്  വേണ്ടി എന്തെങ്കിലും നന്മ ചെയ്യൂ മുഖ്യ മന്ത്രീ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ