Wednesday, November 27, 2013

ഇരുമ്പയിര് ഖനനം -കോഴിക്കോട്

നാട് കുഴിച്ച്  കുളം തോണ്ടാൻ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഒരു തെളിവ് കൂടി പുറത്തു വന്നിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടംപാറ എന്ന സ്ഥലത്ത് ഇരുമ്പയിര്  ഖനനം നടത്താൻ കേരള സർക്കാർ ഒരു സ്വകാര്യ കമ്പനിക്കു അനുമതി നൽകിയത് 2009 ൽ. അന്ന് ഭരിച്ചിരുന്ന ഇടതു മുന്നണി സർക്കാർ ആണ് കർണാടകയിലെ ബെല്ലാരിയിലെ എം.എസ.പി.എൽ. എന്ന കമ്പനിക്ക് ഖനനത്തിന് അനുമതി നൽകിയത്. വളരെ രഹസ്യമായി. പശ്ചിമ ഘട്ട മേഖലയിലെ പരിസ്ഥിതി ലോല മായ വില്ലേജ് ആണ് ചക്കിട്ടം പാറ. കസ്തുരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലം എന്ന് വിജ്ഞാപനം ചെയ്യാൻ ശുപാർശ ചെയ്തതാണീ പ്രദേശം. പ്ലാന്റെഷൻ കോർപറേഷൻറെ കൈവശം ഉള്ളതുൾപ്പടെ 545 ഹെക്ടർ വന ഭൂമി ആണ് ഖനന ത്തിനായി 30 വർഷത്തേക്ക് പാട്ടത്തിനു നൽകാനായിരുന്നു തീരുമാനം.അന്ന് വ്യവസായ മന്ത്രി ആയിരുന്ന എളമരം കരിം ഇതിനായി 5 കോടി രൂപ പുള്ളിയുടെ ബന്ധുവും വിശ്വസ്തനും  ആയ  നൌഷാദ്   വഴി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച്  കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന് പറഞ്ഞ് അവരുടെ  ഒരു ഡ്രൈവർ TV ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടി പറയുന്നു ഇവിടെ ഖനനം നടത്താൻ അവർ അവുവദിക്കുകയില്ല എന്ന്. അങ്ങിനെ എങ്കിൽ അവരുടെ സർക്കാർ അനുമതി നൽകിയപ്പോൾ അവർ എന്ത് ചെയ്യുകയായിരുന്നു?

എത്ര നിരുത്തരവാദിത്വ പരമായാണ്‌ ഇത്തരം പ്രകൃതി നശീകരണ പ്രവൃത്തികൾക്ക്‌ രാഷ്ട്രീയക്കാർ കൂട്ട് നിൽക്കുന്നത്. ഇവിടെ ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയം ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ഇടതു മുന്നണിക്ക്‌ ശേഷം ഭരണത്തിൽ വന്ന കോണ്‍ഗ്രസ് സർക്കാരും നശീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. അവർക്കും ഖനനത്തിന് അനുമതി നൽകിയിട്ടുണ്ട് എന്ന്  വ്യക്തമായി അറിയാമായിരുന്നു. കാരണം 2013 ജനുവരിയിൽ ഇതിന്റെ സർവേയ്ക്ക്‌ അനുമതി നീട്ടി നൽകിയത് കോണ്‍ഗ്രസ് സർക്കാർ ആണ്. കുഞ്ഞാലിക്കുട്ടി യുടെ വ്യവസായ വകുപ്പ്. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

ഇത്രയും പ്രശ്നങ്ങൾ ആയപ്പോൾ ഇപ്പോഴത്തെ കോണ്‍ഗ്രസ് സർക്കാർ ഖനന അനുമതി റദ്ദാക്കിയിരിക്കുന്നു. പക്ഷെ ആരെയും കുറ്റപ്പെടുത്താൻ മുഖ്യ മന്ത്രി തയ്യാറല്ല. ആലോചിച്ച് ചെയ്യും എന്ന്. ഒരു മൃദു സമീപനം. എല്ലാ കോണ്‍ഗ്രസ് കാർക്കും ഇതേ സമീപനം തന്നെയാണ്.  ചാനലുകളിൽ വന്ന് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് വക്താക്കളെ ആരെയും കാണാനില്ല.   എന്താണതിനു കാരണം? ഇതിൽ  കോണ്‍ഗ്രസ് സർക്കാറിനും പങ്കുണ്ട്. അത് തന്നെ. 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനും കസ്തുരി രംഗൻ റിപ്പോർട്ടിനും എതിരായി  ഈ രാഷ്ട്രീയ പാർട്ടികൾ ശക്തമായി രംഗത്ത് വന്നതിൻറെ കാരണം ഇപ്പോൾ വ്യക്തമാണല്ലോ. അവർക്ക് ഇത് പോലെ നാട് കൊള്ള അടിക്കണം. നാട് നശിച്ചാലും. അതിന് അനുവദിക്കാത്ത ഏതിനെയും അവർ എതിർക്കും. താൽക്കാലിക സാമ്പത്തിക ലാഭം മാത്രമാണവരുടെ ഒരേ ഒരു ലക്ഷ്യം. അതിനവർ മത സംഘടനകളെയും കൂട്ടു പിടിക്കുന്നു. കസ്തുരി രംഗൻ  റിപ്പോർട്ടിനെതിരെയുള്ള സമരം തുടങ്ങിയ അന്നു മുതൽ ഒരു കോണ്‍ഗ്രസ് എം.പി. ഒരു ബിഷപ്പിന്റെ ചിറകിനടിയിൽ ആണ്.

പാർലമെന്ടിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. നിലനിൽപ്പിനു വേണ്ടി ജനങ്ങൾക്ക്‌പ്രവർത്തിക്കാനുള്ള അവസരം. അത് ബുദ്ധി പൂർവ്വം വിനിയോഗിക്കുക, അല്ലെങ്കിൽ   നമ്മുടെ അവസാനം  ആയിരിക്കും ഇത്.

2 comments:

  1. വോട്ട് ചെയ്തു ഈ നാടിനെ നന്നാക്കാം എന്നുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു വോട്ട് വെറും ഒരു പ്രഹസനമാണ് വോട്ടെടുപ്പിന് എത്രയോ മുമ്പ് തന്നെ ജനങ്ങളെ ഇന്നിന്റെ രാഷ്ട്രീയം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു വിലക്കെടുത്തു കഴിഞ്ഞു. കേന്ദ്രം എന്ന് പറയുന്ന സ്ഥലം ഇന്ന് കേരളത്തിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ജനങ്ങളെ സംബധിച്ച് പൊതുവെയും എത്രയോ എത്രയോ കാതം ദൂരെ ആയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിദേശ രാജ്യം പോലെ അന്യമാണ് കേന്ദ്രവും കേന്ദ്ര നയങ്ങളും വിദേശ വിദ്യാഭ്യാസം നേടി വിദേശിയെ പോലെ ചിന്തിച്ചു അവര്ക്ക് വേണ്ടി ഇന്ത്യയിൽ പ്രവര്ത്തിക്കുന്ന ഒരു കോ ഓർ ഡിനേഷൻ ഓഫീസി അല്ലെങ്കിൽ വിദേശ രാജ്യത്തിൻറെ നയതന്ത്ര കാര്യാലയം മാത്രമാണ് ഇന്ന് കേന്ദ്രം അവിടുന്ന് പ്രീമിയം സർവീസ് കിട്ടുന്നുണ്ട്‌ ഇന്ത്യയിലെ കുത്തക മുതലാളി മാർക്ക്. പിന്നെ കേരളത്തില പറയുകയാണെങ്കിൽ ഒരു 10 വര്ഷ ഗവണ്മെന്റ് എന്ന് പറയുന്നതാണ് ശരി അത് 5 വര്ഷം വച്ച് വീതിചെടുക്കുന്നു. യഥാ പ്രജ തഥാ രാജാ നമുക്ക് ഈ ഭരണം തന്നെ അധികമാണ് കാരണം ഇന്നത്തെ ജനം അതെ അർഹിക്കുന്നുള്ളൂ

    ReplyDelete
  2. ബൈജു, നമുക്കിതൊന്നു മാറ്റി എടുക്കണം. പ്രജ പറയുന്നത് പോലെ രാജ ഭരിക്കുന്ന കാലം. അതിനു വേണ്ടി നമ്മൾ തുനിഞ്ഞിറങ്ങണം. എല്ലാവരും ഒന്നിക്കണം. ജനങ്ങളുടെ ശക്തിയെ അതി ജീവിക്കാൻ ഈ കടൽക്കിഴവൻമ്മാർക്ക് കഴിയില്ല.

    ReplyDelete