Thursday, November 28, 2013

മാണിയും എക്കണോമിക്സും

പണ്ട്, അതായത് 2006 ൽ, ലാലു പ്രസാദ് യാദവ് ഹാർവാർഡ്‌ യുണിവേഴ്സിറ്റി വിദ്യാർഥികൾക്ക് എക്കണോമിക്സ് പഠിപ്പിച്ചു കൊടുത്ത ഒരു കഥ ഉണ്ട്. ലാലു എങ്ങിനെ റെയിൽവേയെ ലാഭത്തിലാക്കി എന്നത് അവിടത്തെ പഠനത്തിൽ ഉൾപ്പെടുത്തി എന്നും കേട്ടിട്ടുണ്ട്.ആ വർഷം അത് പഠിച്ച ഹാർവാർഡ്‌ പിള്ളേരെല്ലാം തോറ്റു കാണും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. റെയിൽവേയുടെ ഗതി എന്താണെന്ന് നമുക്കറിയാം. കാലിതീറ്റയിൽ എങ്ങിനെ അഴിമതി നടത്താം എന്ന് നന്നായി പഠിച്ച  ലാലുഇന്ന്  ബീഹാർ ജയിലിൽ സുഖമായി കഴിയുന്നു എന്നത് വേറെ കാര്യം.

അത് പോലെ എക്കണോമിക്സ് അരച്ച് കലക്കി കുടിച്ച ആളാണ്‌ കേരളത്തിലെ ധനകാര്യ മന്ത്രി കെ.എം.മാണി എന്നാണു  മന്ത്രിയുടെ അണികളും കുറെ കോണ്‍ഗ്രസ് കാരും പറയുന്നത്.എത്രയോ   ബട്ജറ്റ്കൾ അവതരിപ്പിച്ചു എന്നാണു അവകാശ വാദം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇന്നും തഥൈവ. അദ്ദേഹത്തിന്റെ കഴിവ് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

2013 ആഗസ്റ്റിൽ  ശ്രീ മാണി പറയുകയുണ്ടായി പുതിയ 14 ട്രെഷറികൾ തുറക്കുകയാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതി ഭദ്രം എന്ന്.ആഗസ്റ്റ്‌ 25 ന് മന്ത്രി ആര്യാടൻ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആണെന്നാണ്. മാണി ഉണ്ടോ സമ്മതിക്കാൻ പോകുന്നു? സെപ്റ്റംബർ 13നു മാണി അൽപ്പം സമ്മതിച്ചു. സാമ്പത്തികം ഭദ്രമല്ല. പക്ഷെ കുഴപ്പമില്ല എന്ന്.ഒക്ടോബർ 9 നു പറഞ്ഞു നമ്മൾ മുണ്ട് മുറുക്കി ഉടുക്കണം, അതായത് ചെലവ് ചുരുക്കണം എന്ന്. ഇപ്പോൾ നമ്മൾ കടത്തിലാണ്. ഇതാണ് നമ്മുടെ ധന മന്ത്രിയുടെ പ്രാഗത്ഭ്യം. 

ഒരു ധന മന്ത്രി  ആകാൻ വലിയ കഴിവൊന്നും വേണ്ട. ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നോക്കിക്കോളും കാര്യങ്ങൾ എല്ലാം.   അവർ എല്ലാ വർഷവും ചെയ്യുന്ന അഭ്യാസം ആണിത്. ബട്ജറ്റിന് രണ്ടു മാസം മുൻപ് തന്നെ വരവ്,ചെലവ് കണക്കുകൾ എല്ലാം അവർ ശേഖരിക്കും. ചില നികുതി വർധന പണക്കാർക്ക് ദോഷമായി വരുന്നെങ്കിൽ അത് വെട്ടിക്കളയും മന്ത്രി. നികുതി വെട്ടിപ്പിനെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കും. കുടിശ്ശിക പിരിവ് കർശനമാക്കാനുള്ള   ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ചുവന്ന മഷി കൊണ്ട് തന്നെ വെട്ടും. ഇതൊക്കെ ആണ് മന്ത്രിയുടെ ജോലി. പിന്നെ  ബട്ജറ്റ് ദിവസം ഇതെല്ലാം കൂടി ഒരു പെട്ടിയിൽ ആക്കി കക്ഷത്തിൽ വച്ച് കൊണ്ട് പോവുക. അത് വലിയ അക്ഷര തെറ്റ് കൂടാതെ അവിടെ വായിക്കുക.അത്ര തന്നെ.

നമ്മുടെ ധന മന്ത്രിയെ ആണ് ഒരു സെമിനാർ ഉത്ഘാടനം ചെയ്യാൻ മാർക്സിസ്റ്റ് പാർട്ടി അവരുടെ പ്ലീനത്തിൽ വിളിച്ചത്. ഈ പ്ലീനം എന്ന് കേൾക്കുമ്പോൾ ഒരു ഗമ ഒക്കെ ഉണ്ട്.അതാണ്‌ അങ്ങിനെ വിളിക്കുന്നതിന്റെ കാരണവും. സംഭവം വെറും മീറ്റിംഗ് തന്നെ. മാണിയെ വിളിച്ചത് കേരളത്തിലെ രാഷ്ട്രീയം ഒന്ന് കലക്കാം എന്നുള്ള ഉദ്ദേശം വച്ച് തന്നെ. മാണി മണ്ടനാണോ? മാണി പോയതിന്റെ    ഉദേശവും അത് തന്നെ. ഉമ്മൻ ചാണ്ടിക്ക് ഒരു പണി കൊടുക്കുക. എക്കണോമിക്സും ധന കാര്യവും, പാവങ്ങളെ എങ്ങിനെ പട്ടിണിയിൽ നിന്നും രക്ഷിക്കാം എന്നൊക്കെ  പറയാൻ മാണിക്ക് എന്തറിയാം?  മാണി ഒരു രാഷ്ട്രീയ പ്രസംഗം നടത്തി രക്ഷപ്പെട്ടു.

No comments:

Post a Comment