Tuesday, January 26, 2016

മീഡിയ ട്രയൽ

മാധ്യമ വിചാരണകൾ ജഡ്ജിമാരെ സ്വാധീനിക്കുന്നു എന്നും സമ്മർദം കൊടുക്കുന്നു എന്നും  പല കേസുകളിലും  കിട്ടേണ്ടിടത്ത് പോലും ജാമ്യം കിട്ടാതെ പോകുന്നത് ഇത്തരം വിചാരണകൾ കൊണ്ടാണ് എന്നും ആണ്  മുൻ  ജസ്റ്റീസ് കെ.ടി. തോമസ്‌ പറയുന്നത്.

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ദേഹമാണ് കെ.ടി. തോമസ്‌. അങ്ങേരു പറഞ്ഞതിന്റെ അർത്ഥം മാധ്യമ വിചാരണ കൊണ്ട് പേടിച്ച്  ജഡ്ജിമാർ നിയമം വിട്ടു  പെരുമാറുന്നു എന്നല്ലേ?  അങ്ങിനെയെങ്കിൽ ഈ ജഡ്ജിമാര് കേസ് ഒന്നും പഠിയ്ക്കാറില്ലേ? പകരം ഏതെങ്കിലും ടി,.വി, ചാനൽ തുറന്നു അതും കണ്ടു കൊണ്ടിരിക്കുകയാണോ?  

കോടതികളിൽ ഉള്ള കേസുകളെ കുറിച്ച്  ചർച്ച ചെയ്യുന്നതാണ് മാധ്യമ വിചാരണ  അഥവാ മീഡിയ ട്രയൽ. ചാനൽ ചർച്ചകളിൽ വരുന്നവരെല്ലാം മിടുക്കന്മാർ അല്ല. ഓരോ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച ആൾക്കാർ. മിയ്ക്കവാറും പൊട്ടന്മാർ. പൊട്ടന്മാർ അല്ലാത്തവരും അത് പോലെ പെരുമാറേണ്ടി വരുന്നു. പാർട്ടി കാണിച്ച വിഡ്ഢി ത്തരവും പോക്രിത്തരവും ന്യായീകരിക്കലാണ് അവരുടെ തൊഴിൽ. 

 ഇത്തരം ചർച്ചകൾ വളരെ ഗുണപരമായ കാര്യം ആണ് ചെയ്യുന്നത്. ഓരോ കേസിലും കോടതിയെ മനപൂർവം അറിയിക്കാത്ത അതായത് കോടതിയിൽ നിന്നും ഒളിച്ചു വയ്ക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്. ജനങ്ങൾക്ക്‌ ഒക്കെ അതറിയുകയും ചെയ്യാം. പക്ഷെ കോടതിയ്ക്ക് മുന്നിൽ അതൊന്നും തെളിവായി ഉണ്ടാകാറില്ല. ഈ ചർച്ചകളിൽ അതൊക്കെ പുറത്തു വരും. ബാർ കോഴയിലും സരിത യിലും ഒക്കെ അതാണ്‌ സംഭവിച്ചത്. 


ഏറ്റവും നല്ല ഉദാഹരണം ചന്ദ്ര ബോസ് വധക്കേസ് ആണ്. വധക്കേസിൽ നിസാമിനെ സഹായിക്കാൻ സർക്കാരും പോലീസും കുറെ ശ്രമിച്ചല്ലോ. അതെല്ലാം ഒന്നൊന്നായി ചാനലുകൾ പുറത്തു കൊണ്ട് വന്നു. ജഡ്ജിമാർ ക്ക് അതൊരു അറിവായി. കൂടാതെ മറ്റു വക്കീലന്മാർക്ക് ഇതൊക്കെ കോടതിയിൽ കൊണ്ട് വരാനും കോടതിയെ ബോധിപ്പിക്കാനും കഴിഞ്ഞു. അതിന്റെ ഫലം കണ്ടു. വിധി കണ്ടല്ലോ. 36 വർഷം തടവ്‌. മാധ്യമ വിചാരണ നടന്നത് കൊണ്ട് മാത്രമാണ് കള്ളക്കളികൾ പുറത്തു വന്നതും വിധി ഇത്തരത്തിൽ വന്നതും.

Thursday, January 21, 2016

എത്യോപ്യ
4 ലക്ഷം കുട്ടികളാണ് അതി രൂക്ഷമായ പട്ടിണിയാൽ  പോഷകാഹാരക്കുറവു കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ഇവിടെയല്ല. ആഫിക്കൻ രാജ്യമായ എത്യോപ്യയിൽ. ഏതാണ്ട് 1 കോടി ആൾക്കാർക്ക് പട്ടിണി അകറ്റാനുള്ള സഹായം ആവശ്യമാണ്‌.  

കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വരൾച്ച ആണ് എത്യോപ്യ നേരിടുന്നത്. ആഭ്യന്തര യുദ്ധം മൂലം കഷ്ട്ടപ്പെടുന്ന സിറിയയിലെ കുട്ടികളെ  പ്പോലെ തന്നെ ഗുരുതരമാണ് എത്യോപ്പ്യയിലെ കാര്യവും. 340 കോടി രൂപയുടെ സഹായം ഉടനടി വേണമെന്ന് ഐക്യ രാഷ്ട്ര സഭ  എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.

വരൾച്ചയാണ് പ്രധാന കാരണം. ചെടികളും വിളകളും നശിച്ചു. പശുക്കളും ആടുകളും ചത്തു വീണു. വലിയ ഒരു ദുരന്തമാണ് അവിടത്തെ ജനങ്ങളെ കാത്തിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് കാരണം. el Nino യുടെ എഫക്റ്റ് ഈ വർഷം കൂടി കാണും. 

ലോകത്ത് ഇങ്ങിനെയൊക്കെ നടക്കുമ്പോഴാണ് പ്രകൃതി അനുഗഹിച്ചുനൽകിയ   വയലും ആറും തോടും എല്ലാം നികത്തി വികസനം വരുത്തുന്നത്. ആറന്മുള ഗ്രാമം നശിപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇപ്പോഴും രംഗത്തുണ്ട്. ചാണ്ടിയുടെ തലമുറ നാല് നേരവും ആഹാരം കഴിക്കും. പക്ഷെ അദ്ദേഹത്തിന്റെ മക്കളോ? ചെറു മക്കളോ? അവരെ കുറിച്ച് കൂടി ചിന്തിക്കണ്ടേ? അടുത്ത തലമുറകളെ കുറിച്ച്? 

എന്താണ് അങ്ങിനെ ഒരു ചിന്ത ഈ ഭരണാധികാരികളുടെ തലയിൽ ഉദിക്കാത്തത്? അവർ ഇതൊന്നും കാണുന്നില്ല എന്ന് കരുതാമോ? ഇതൊന്നും അറിയുന്നില്ല എന്ന് കരുതണോ? അവർ എല്ലാം അറിയുന്നു. പക്ഷെ അടുത്ത തലമുറ അല്ല അവർക്ക് പ്രധാനം. ഇപ്പോഴത്തെ ലൌകിക സുഖങ്ങൾ മാത്രമാണ് അവരുടെ ലക്ഷ്യം. ക്വാറി കൾക്ക് അനുവാദം നൽകുന്നു, വയൽ നികത്താൻ, കുന്നിടിക്കാൻ,വനം നശിപ്പിക്കാൻ, പുഴകയ്യേറാൻ. ഇതിനൊക്കെ ഇവർ സഹായം നൽകുന്നു. തിരികെ കുറെ പണം കിട്ടും. അത്ര തന്നെ. എ പണം കൊണ്ട് എന്ത് ചെയ്യും? മദ്യപാനം,സ്ത്രീ സുഖം,കുറെ വസ്തു,കാർ എസ്റ്റെറ്റ് വാങ്ങൽ. അതൊക്കെ തന്നെ. സ്വന്തം സുഖത്തിനു വേണ്ടി വരും തല മുറകളെ അല്ലെ ഇവർ നശിപ്പിക്കുന്നത്?
Tuesday, January 19, 2016

ഞങ്ങ ചോദിച്ച പണം

ഒരാളോട് കുറച്ചു  കാശ് ചോദിച്ചു. ചോദിച്ച അത്രയും ഇല്ല കുറെ തരാം എന്ന് അയാൾ പറഞ്ഞു. അതിൽ തൃപ്തി യില്ലാതെ അയാളെ തെറി പറയുകയും പണം വേണ്ട എന്ന് പറയുകയും ചെയ്തു.

ഇതേ ലാഘവത്തോടെ ആണ് കേരള ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാർ കേരളത്തിന്‌ തരാമെന്നു പറഞ്ഞ പണം വേണ്ട എന്ന് പറഞ്ഞത്.  ദേശീയ സ്കൂൾ ഗെയിംസ് കേരളത്തിൽ നടത്താൻ 2 കോടിയിലേറെ രൂപ ആണ് കേരളം കേന്ദ്രത്തിനോട് ചോദിച്ചത്. കേന്ദ്രം ആകട്ടെ  20 ലക്ഷം രൂപ നൽകി. അതാണ്‌ ചീഫ് സെക്രട്ടറി വേണ്ടാ എന്ന് പറഞ്ഞതും. അതും പത്ര സമ്മേളനം വിളിച്ചു കൂട്ടി.

ഇതെന്താ ഇത് ചീഫ് സെക്രട്ടറിയുടെ കുടുംബ കാര്യം ആണോ വേണ്ട എന്ന് പറയാൻ?  കേന്ദ്രത്തോട് പല കാര്യങ്ങളിലുംസംസ്ഥാനങ്ങൾ  പണം ആവശ്യപ്പെടും. ചിലപ്പോൾ ചോദിക്കുന്ന പണം ലഭ്യമാകില്ല.  ആവശ്യം നിരത്തി  വീണ്ടും ചോദിക്കും. കുറെ ലഭിക്കും. അങ്ങിനെ ഒക്കെയാണ് കാര്യം നടക്കുന്നത്. റെയിൽവേ വികസനത്തിനും, ദേശീയ പാത വികസനത്തിനും, വിമാന ത്താവള വികസനത്തിനും അങ്ങിനെ പല കാര്യങ്ങൾക്കും കേന്ദ്രം സഹായം ചെയ്യാറുണ്ട്.  കേന്ദ്രത്തിൽ നിന്നും നിയമപരമായി സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ട് ഉണ്ട്. കൂടാതെ ഗ്രാന്റും മറ്റു സഹായങ്ങളും. മഴക്കെടുതി, അത്യാഹിതങ്ങൾക്ക് അങ്ങിനെ പല അത്യാവശ്യങ്ങൾക്കും.  കഴിഞ്ഞ വർഷം നികുതി വരുമാനത്തിന്റെ 42 ശതമാനം ആണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത്. ഒരു സംസ്ഥാനത്തിന് മാത്രമായി ഒരു നില നിൽപ്പില്ല. ഒരു ഫെഡറൽ സംവിധാനം ആണ് നമ്മുടേത്‌.

ഇങ്ങിനെയുള്ള ഒരു കേന്ദ്ര സംസ്ഥാന ബന്ധം നില നിൽക്കുമ്പോഴാണ് നമ്മുടെ ചീഫ് സെക്രട്ടറി, " ഞങ്ങ ചോദിച്ച പണം തന്നില്ല, അത് കൊണ്ട് ഒരു പൈസയും  ഞങ്ങക്ക് വേണ്ട" എന്ന് അരുളിച്ചെയ്തത്.

ഓരോ പഞ്ചായത്തുകളും വകുപ്പുകളും ഒക്കെ ചോദിക്കുന്ന പണം അപ്പോൾ തന്നെ എടുത്തു നൽകുക അല്ലല്ലോ നമ്മുടെ സംസ്ഥാന സർക്കാരും ചെയ്യുന്നത്.

ചീഫ് സെക്രട്ടറി ആണോ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്? ഇങ്ങിനെ പറയാൻ ചീഫ് സെക്രട്ടറി യ്ക്ക് അധികാരം ഉണ്ടോ? കേന്ദ്രത്തിൽ നിന്നും പണം വാങ്ങിയില്ലെങ്കിൽ ആ പണം എവിടന്നു കണ്ടെത്തും? സ്വന്തം കുടുംബത് നിന്നും കൊണ്ട് വരുമോ?

ഇക്കാര്യങ്ങൾ ഒന്നും  അറിയാതെ അല്ല ചീഫ് സെക്രട്ടറി ഇങ്ങിനെ പറഞ്ഞത്. സായിയുടെ തലപ്പത്തു കുറെ നാൾ ഇരുന്നത് കൊണ്ട് എങ്ങിനെ കേന്ദ്ര കായിക മന്ത്രാലയത്തിൽ നിന്നും ഫണ്ട് നേടാം എന്നും അങ്ങേർക്ക് അറിയാം. മുഖ്യ മന്ത്രിയെയും മറ്റും പറഞ്ഞു മനസ്സിലാക്കി കൂടുതൽ പണം കേന്ദ്രത്തിൽ നിന്നും നേടാനുള്ള നീക്കങ്ങൾ നടത്തുകയല്ലേ ചീഫ് സെക്രട്ടറി ചെയ്യേണ്ടത്? അപ്പോൾ ഇതൊരു ജാഡ. (ഫെബ്രുവരിയിൽ പെൻഷൻ പറ്റാൻ  പോവുകയാണ്). ഇങ്ങിനെ ജാഡ കാണിച്ചപ്പോൾ ആർക്കാ നഷ്ട്ടം? കേരളത്തിന്‌. കേരളത്തിലെ നികുതി ദായകർക്ക്. കേന്ദ്രത്തിൽ നിന്നും അർഹമായ  പണം കിട്ടേണ്ടിടത്ത് അത് വേണ്ടാ എന്ന് വച്ച് ആള് കളിച്ചു കേരളത്തിലെ ജനങ്ങൾക്ക് വീണ്ടും കടം കയറ്റുന്നു.   

ഉദ്യോഗസ്ഥർ എല്ലാവരും ഇപ്പോൾ ജേക്കബ് തോമസിനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അങ്ങേര് സത്യസന്ധനായത് കൊണ്ട് പറയുന്നതും ചെയ്യുന്നതും നീതി പൂർവവും ജനങ്ങൾക്ക്‌ വേണ്ടിയും ആയിരിക്കും. അത് പോലാണോ മറ്റുള്ളവരുടെ കാര്യം?  ഒരു പഴഞ്ചൊല്ല് ഉണ്ട്. "ആന പിണ്ടം ഇടുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ നടക്കുമോ?" എന്ന്.

ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ശക്തനായ മുഖ്യ മന്ത്രി ആണ് നമുക്കുള്ളത്. " അയാളെ ഞാൻ കൈകാര്യം ചെയ്തു കൊള്ളാം" എന്ന് ജേക്കബ് തോമസിന്റെ കാര്യത്തിൽ പറയുന്നത് നാം കേട്ടതാണല്ലോ. ആ ദേഹത്തിന്റെ മുന്നിൽ ന്നിന്നാണ് ചീഫ് സെക്രട്ടറി പറയുന്നത് കേന്ദ്രം തരുന്ന പണം വേണ്ട എന്ന്. നല്ല ഭരണം തന്നെ കേരളത്തിൽ നടക്കുന്നത്. ഇനി മുഖ്യ മന്ത്രി തന്നെയാണോ ഈ തീരുമാനം എടുത്തത്‌? ആ ഭാരം കൂടി ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ചു.

1.5 ലക്ഷം കോടി രൂപയുടെ കടം ആണ് കേരളത്തിനുള്ളത്. ഓരോ കേരളീയനും 50,000 രൂപ കടക്കാരനാണ്. ജനിച്ചു വീഴുന്ന കുഞ്ഞ് ഉൾപ്പടെ. അതിൽ 2  കോടി കൂടി കൂടിയാൽ എന്ത് വ്യത്യാസം അല്ലേ?  അതായിരിക്കും മുഖ്യ മന്ത്രി കരുതിയത്‌.

Sunday, January 17, 2016

ഗസൽ

ഗുലാം അലി തിരുവനന്തപുരത്ത് പാടി. പാകിസ്ഥാൻ കാരനായ ഗസൽ പാട്ടുകാരനാണ് അലി.,

അലിയുടെ പാട്ട് മുംബയിൽ ശിവ സേന എതിർത്തത് കൊണ്ട് നടക്കാതെ പോയി. പാകിസ്ഥാൻ ഭീകരർ ഭാരതത്തിൽ ആക്രമണം നടത്തുമ്പോൾ ഒരു പാകിസ്ഥാൻ ഗായകൻ ഭാരതത്തിൽ കച്ചേരി നടത്തുന്നത് ശരിയല്ല എന്ന് പറഞ്ഞാണ് ശിവ സേന എതിർത്തത്.

എന്തോ വാശി തീർത്ത മട്ടിലാണ് എം.എ. ബേബിയും മാർക്സിസ്റ്റ് കാരും തിരുവനന്തപുരത്തെ ആ പാട്ട് ചടങ്ങ്  കൊണ്ടാടിയത്. 

പാകിസ്ഥാന്റെ മറ്റൊരു ഭീകരാക്രമണം ഭാരതത്തിൽ നടന്നിട്ട് ദിവസങ്ങൾ അധികം കഴിഞ്ഞിട്ടില്ല. പഠാൻകോട്ട് വായുസേനാ താവളത്തിൽ മരിച്ചു വീണ ഭാരതത്തിലെ സൈനികരുടെ ചോരയുടെ മണം ഇപ്പോഴും തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ ആണ് പാകിസ്ഥാൻ കാരനായ പാട്ടുകാരന്റെ പാട്ട് വലിയ ആഘോഷ പൂർവ്വം തിരുവനന്തപുരത്ത് കൊണ്ടാടിയത് എന്നോർക്കണം.

 എന്തിനായിരുന്നു ഈ ഗസൽ കച്ചേരി? അങ്ങിനെ നോക്കുകയാണെങ്കിൽ പാകിസ്ഥാനിൽ എത്രയോ പാട്ടുകാരും നൃത്തക്കാരും മറ്റു കലാകാരന്മാരും ഉണ്ട്. അവരെയൊക്കെ വിളിച്ചു വരുത്തി  കലാ പരിപാടി അവതരിപ്പിക്കണോ?  അപ്പോൾ അതല്ല കാര്യം. ശിവ സേന കൂടാതെ മറ്റു ഹൈന്ദവ സംഘടനകൾ എതിർത്തു. അങ്ങിനെയെങ്കിൽ പാകിസ്ഥാൻ കാരനായാലും വിളിച്ചു ആദരിക്കുക. അത്ര തന്നെ.

ഈ ഗസൽ എന്ന സാധനം എത്ര പേർക്ക്  മനസ്സിലായി? എത്ര പേർ ആസ്വദിച്ചു? വെറുതെ പൊട്ടന്മാരെ പ്പോലെ തല കുലുക്കി അവിടെ ഇരുന്നു എന്നല്ലാതെ ആർക്കെങ്കിലും വല്ലതും മനസ്സിലായോ? ഇല്ല.

ഇനി ഇതിന്റെ സംഘാടകർ ഒക്കെ കലയ്ക്ക് ഭാഷയും ദേശവും ഒന്നുമില്ല എന്ന് വാദിക്കുന്ന മഹാത്മാക്കൾ ആണെങ്കിൽ എത്ര ലക്ഷം രൂപയാണ് ഈ പരിപാടിയ്ക്ക് ചിലവാക്കിയത്? പണ്ട് കഥാ പ്രസംഗവും സിനിമയും ഒക്കെയായി നടന്ന വി.ഡി.രാജപ്പൻ മരുന്നും ഭക്ഷണവും വാങ്ങാൻ എന്തെങ്കിലും കൊടുത്തു കൂടായിരുന്നോ? ഇങ്ങിനെ നമ്മുടെ നാട്ടിൽ നമുക്ക് ചുറ്റും എത്രയോ അവശ കലാകാരന്മാർ ഉണ്ട്. അവരെ വിളിച്ചു ചേർത്ത് ആദരവും ധന സഹായവും നൽകി ക്കൂടായിരുന്നോ?

അപ്പോൾ സംഭവം അതൊന്നുമല്ല. 

Wednesday, January 13, 2016

ലാവലിൻ

എന്തെല്ലാം ബഡായി അടിച്ചാലും രാഷ്ട്രീയക്കാർക്ക് കോടതികളെ പേടിയാണ്. സോണിയയും രാഹുലും കുറെ കോൺഗ്രസ്സുകാരെ കൊണ്ട് കോടതിയിൽ പോകാതിരിക്കാൻ പാർലമെന്റ് തടസ്സപ്പെടുത്തിയത് നമ്മൾ കണ്ടുവല്ലോ. അത് പോലെ ജയരാജൻ   മുൻ കൂര ജാമ്യം തേടി ഓടുന്നത്, മന്ത്രി ബാബു പെട്ടു പോയത്, അങ്ങിനെ പലതും. അത് പോലെ മാധ്യമങ്ങളെയും ഇവർക്ക് പേടിയാണ്. ഒഴിവാക്കി മൂടി വയ്ക്കുന്ന തെളിവുകൾ മാധ്യമങ്ങൾ കാണിച്ചു കൊടുക്കും. അങ്ങിനെ കോടതിയിൽ സത്യം പുറത്തു വരും.
ലാവലിൻ കേസ് പെട്ടെന്ന് വിചാരണ നടത്തണം എന്ന് പറഞ്ഞ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. അതിലെന്താണ് തെറ്റ്? കഴിഞ്ഞ രണ്ടു വർഷമായി ( കോടിയേരിയുടെ കണക്കനുസരിച്ച് രണ്ടു വർഷവും രണ്ടു മാസവും) കോടതിയിൽ കിടക്കുകയാണ്. അത് പെട്ടെന്ന് വിചാരണ തുടങ്ങണം എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം ? അത് അനന്തമായി നീണ്ടു പോകണം എന്നാണോ? പത്തോ ഇരുപതോ വർഷം? അപ്പോഴേയ്ക്കും പ്രതികളെല്ലാം ഇഹ ലോക വാസം വെടിഞ്ഞിരിക്കും. 

ഇതറിഞ്ഞ കോടിയേരി ഇന്നൊരു പത്ര സമ്മേളനം നടത്തി. ഇലക്ഷൻ സമയത്ത് ഇറക്കുന്ന ഒരു തുറുപ്പു ചീട്ടു ആണെന്നാണ്‌ പറഞ്ഞത്. ആ പ്രയോഗം വേണ്ടിയിരുന്നില്ല.അതൊരു തരം കുറ്റ സമ്മതം പോലെയായി. കോടിയേരിക്ക് ചീട്ടു കളി വലിയ വശമില്ല എന്ന് തോന്നുന്നു. ഇത്രയും വലിയ കളിക്കിടയിൽ ചീട്ടു കളിക്കാൻ എവിടെ സമയം? തുറുപ്പ് എന്നത് ഏറ്റവും ശക്തിയുള്ളതാണ്. അതിനർത്ഥം ലാവലിൻ മാർക്സിസ്റ്റിനെയും പിണറായിയെയും വെട്ടാനുള്ള  ഒരു തുറുപ്പ് ആണെന്ന് തന്നെയാണ് കോടിയേരി കരുതുന്നത് എന്ന് തന്നെയാണ്.

ഒരു കേസ് പെട്ടെന്ന് വിചാരണ നടത്തുന്നത് നല്ലതല്ലേ? കുറ്റക്കാരൻ അല്ലെങ്കിൽ അത് പെട്ടെന്ന് അറിഞ്ഞ് അന്തസായി തലയുയർത്തി നടക്കാമല്ലോ. അപ്പോൾ അതിനെ പേടിക്കുന്നത് എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ട് തന്നെയാണ്.പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഇങ്ങിനെയൊക്കെ പറഞ്ഞാലും കോടിയേരിക്ക് ഇത് ലൈവ് ആക്കുന്നത് സന്തോഷം ആയിരിക്കും. അടുത്ത മുഖ്യ മന്ത്രി സ്ഥാനം കിട്ടാനും ഒരു ചാൻസ് ഉണ്ടല്ലോ. ഇനി തുരുപ്പ് എന്നത് മനപൂർവം പറഞ്ഞതാണോ എന്നും അറിയില്ല.

കോടിയേരി ചോദിച്ച ഒരു ചോദ്യം വളരെ പ്രധാനവും പ്രസക്തവും ആണ്. രണ്ടു വർഷം ഉമ്മൻ ചാണ്ടി ഉറങ്ങുകയായിരുന്നോ എന്ന്. അതെ ചോദ്യം തന്നെയാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ചാണ്ടി ഉറങ്ങുകയായിരുന്നോ? അപ്പോൾ മനപൂർവം ഇത് രണ്ടു വർഷവും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അത് കോൺഗ്രസ്സും മാർക്സിസ്റ്റും തമ്മിലുള്ള ഒരു ഒത്തു കളി ആയിരുന്നു എന്ന് തന്നെയാണ് ജനങ്ങൾ ധരിക്കുന്നത്. ഇനിയും കാണാം ഇത് പോലുള്ള ഒത്തു കളികൾ.

Sunday, January 10, 2016

പാർവതി തിരുവോത്ത്‌ മേനോൻ

പാർവതി മേനോൻ തന്റെ പേര് മാറ്റാൻ പോകുന്നു.

ആയിക്കോട്ടെ. പേരോ തുണിയോ എന്തോ മാറ്റിക്കൊള്ളട്ടെ. അതവരുടെ ഇഷ്ട്ടം. 

ആരാണ് ഈ പാർവതി മേനോൻ?  സിനിമാ നടി. മലയാളത്തിലും ഉണ്ടായിരുന്നു. അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. മൂന്നോ നാലോ. അടുത്തിടെ ഇറങ്ങിയ എന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ ആണ് മലയാളികൾ ഇവരെ കുറിച്ച് കൂടുതൽ കേട്ട് തുടങ്ങിയത്. എന്ന് വച്ചാൽ അൽപ്പം പ്രശസ്തയായത്. കാഞ്ചന മാല എന്ന ജീവിച്ചിരിക്കുന്ന കഥാ പാത്രത്തെ അവതരിപ്പിച്ചു. ആ സിനിമയെ കുറിച്ച് പല വഴക്കും മറ്റും ഉണ്ടായി. ഇനി സിനിമയുടെ വിജയത്തിന് വേണ്ടി മനപൂർവം ഉണ്ടാക്കിയതാണോ എന്നും അറിയില്ല. പണ്ടൊരു സിനിമ സി.ഡി. ഇറങ്ങിയതിനെ കുറിച്ച്  എന്തെല്ലാം ബഹളം ആയിരുന്നു? സിനിമ കാശു കുറെ ഉണ്ടാക്കി. ഇപ്പോൾ അന്നത്തെ  സി.ഡി. പ്രശ്നം ഒന്നും കേൾക്കാറില്ല. എന്തായാലും എന്റെ മൊയ്തീൻ സിനിമയും ചർച്ചാ വിഷയമായി.

ഇനി പേര് മാറ്റത്തിലേയ്ക്ക്.  അവർക്ക് പേരോ നാളോ ഒക്കെ മാറ്റാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്താണ് മാറ്റുന്നത് എന്ന് നോക്കാം. പേരിലെ മേനോൻ എന്നതാണ് മാറ്റുന്നത്. കാരണം പറയുന്നത് "ജാതി പറയാൻ ഇഷ്ട്ടമില്ലാത്ത എനിയ്ക്ക് പേരിന്റെ അറ്റത്ത്‌ ജാതി പ്പേര് വയ്ക്കുന്നത്......"  എട്ടു പത്തു വർഷമായി സിനിമയിൽ വന്നിട്ട്. അന്ന് തൊട്ടു ഇന്ന് വരെ മേനോൻ അറ്റത്തു ചേർത്ത് വലിയ ഗമയിൽ നടക്കുകയായിരുന്നു. അന്നൊന്നും ജാതിപ്പേര് മോശമായി തോന്നിയില്ല.  ഈ പത്തു വർഷം തോന്നാതിരുന്ന "ജാതി പറച്ചിൽ" ഇപ്പോൾ പെട്ടെന്ന് എന്ത് കൊണ്ട്  തോന്നി. 

പേര് മാറ്റമല്ല പ്രശ്നം.  അതിൻറെ ടൈമിംഗ് അതാണ്‌ പ്രധാനം. പുതിയ പ്രസ്ഥാനമായ "അസഹിഷ്ണുത" തുടങ്ങിയ സമയമാണ് ഇത്. സിനിമാ നടന്മാരായ ഖാൻ മാർക്ക് തോന്നി, അങ്ങിനെ മറ്റു പലർക്കും തോന്നി. അങ്ങിനെ അതൊരു ട്രെൻഡ് ആയി. അൽപ്പം പ്രശസ്തി കിട്ടിയപ്പോൾ പാർവതി മേനോനും തോന്നി ഇതാണ് കൂടുതൽ ശ്രദ്ധ നേടാൻ ഉള്ള വഴി എന്ന്. അത് നടക്കുകയും ചെയ്തു. മാധ്യമങ്ങൾ എല്ലാം അത് വാർത്തയാക്കി. വനിത എന്ന വാരിക അത് മുഖ പേജിൽ തന്നെ കൊടുത്തു "ഞാൻ പേര് മാറ്റുകയാണ്- പാർവതി" അകത്ത് അഭിമുഖത്തിൽ ഒരൊറ്റ വാചകത്തിൽ പറഞ്ഞ മറുപടി ആണ് ഇങ്ങിനെ വലുതാക്കി മുൻപിൽ കൊടുത്തത്. അതാണ്‌ അവർ ആഗ്രഹിച്ചതും.  മേനോൻ എന്നതിന് പകരം തിരുവോത്ത്‌ എന്ന് ആക്കുന്നു. എന്ത് ഓത്ത് എങ്കിലും ആകട്ടെ.

പക്ഷെ ഇത് മറ്റൊരു സംശയം അവശേഷിപ്പിക്കുന്നു. ഈ കലാ-സാഹിത്യ-സിനിമാ-നാടക രംഗങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങിനെ ചില കാര്യങ്ങൾ ചെയ്യേണ്ടി വരും എന്ന ഒരു അവസ്ഥയാണോ നമ്മുടെ നാട്ടിൽ? 

Saturday, January 9, 2016

ജന രക്ഷാ യാത്ര

വി.എം.സുധീരൻ എന്തിനാണ് കേരളത്തിൽ ഒരു യാത്ര നടത്തുന്നത് എന്ന് കുറെ ആലോചിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. അങ്ങേർക്കു കേരളം മൊത്തം അറിയാം. പണ്ടും ഇത് പോലെ പല യാത്രകളും പോയതാണ്. അന്ന് പിരിവും ഗംഭീരം ആയി നടന്നു. കഴിഞ്ഞ തവണ ബാറ് കാരും കാശ് കൊടുത്തു. സംഭവം പുറത്തറിഞ്ഞപ്പോൾ പണം മടക്കി ക്കൊടുത്തു തടി തപ്പി. പിരിവു ഒരു ലക്ഷ്യം തന്നെ. ഇലക്ഷൻ ആണ് വരുന്നത്.

കന്നിമാസത്തിൽ ശുനകന്മാർ ഓടുന്നത് പോലെയാണ് തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയക്കാർ യാത്രയും ആയി നടക്കുന്നത്.

യാത്ര എന്തിനാണ് എന്നത് പോലെ തന്നെ പിടി കിട്ടാത്ത ഒരു കാര്യമാണ്  സുധീരന്റെ യാത്രയുടെ പേരും. " ജന രക്ഷാ യാത്ര". ജനങ്ങളെ രക്ഷിക്കാനുള്ള യാത്ര. ആരിൽ നിന്നും രക്ഷിക്കാൻ? കഴിഞ്ഞ 5 വർഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്‌. ആ ഭരണത്തിൽ നിന്നും ജനങ്ങളെ   രക്ഷിക്കാനാണോ? അതോ ഉമ്മൻ ചാണ്ടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണോ? ജനങ്ങൾ ആകെ 'കണ്‍ഫൂഷൻ' ആണ്.

ഇനി സുധീരൻ ഇങ്ങിനെ ഒരു  'കണ്‍ഫൂഷൻ' വരുന്ന പേരിടാൻ തക്ക മണ്ടനൊന്നും  അല്ല. അങ്ങേര് ആലോചിച്ചു ഇട്ട പേരാണ് ജന രക്ഷ എന്നത്. ഇപ്പോൾ പിടി മുറുക്കിയിരിക്കുന്നത് ഉമ്മൻ ചാണ്ടി ആണ്. വ്യാജ കത്ത് അയക്കുക തുടങ്ങിയ പതിനെട്ട്അടവും നോക്കിയിട്ടും രമേശന് ചാണ്ടിയുടെ രോമത്തിൽ തൊടാൻ കഴിയുന്നില്ല. എന്നാലും രമേശനെ അങ്ങിനെ എഴുതി തള്ളാൻ പറ്റില്ല. അവസാന നിമിഷം എങ്ങിനെയെങ്കിലും കയറി വന്നു കൂടായ്കയില്ല. ഇവരെ രണ്ടു പേരെയും ഒതുക്കാനുള്ള യാത്ര ആണ് ഇത്.

കോണ്‍ഗ്രസ്സിൽ പ്രമുഖ ഗ്രൂപ്പുകൾ 3 ആണ്. ബാക്കിയൊക്കെ ഒന്നോ രണ്ടോ നേതാക്കന്മാർ മാത്രം ഉള്ള വയലാർ രവി ഗ്രൂപ്പ് പോലത്തെ ചണ്ടി ഗ്രൂപ്പുകൾ. പ്രധാന ഗ്രൂപ്പുകൾ ചാണ്ടിയുടെ A ഗ്രൂപ്പ്, രമേശന്റെ I ഗ്രൂപ്പ് , പിന്നെ ഗ്രൂപ്പില്ലാത്തവരുടെ  ഒരു ഗ്രൂപ്പ് അതിന്റെ നേതാവ് സുധീരനാണ്. അങ്ങിനെ  യാത്ര കഴിയുമ്പോഴേക്കും തന്റെ ഗ്രൂപ്പിൽ ആളെ കൂട്ടിയിട്ടുണ്ടാകും. അവർക്കായിരിക്കും തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ. അങ്ങിനെ സുധീരൻ   മുഖ്യ മന്ത്രി ആകാനുള്ള അവസരവും വരാം. അതാണ്‌ അങ്ങേരുടെ യാത്രാ ലക്ഷ്യം.

എന്നാലും ചില കോണ്‍ഗ്രസ്സുകാർ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന സത്യം പറയും. ദേ പറമ്പിൽ പീടിക ടൌണ്‍ കമ്മിറ്റി പറയുന്ന സത്യം നോക്കൂ.
"കേരളത്തിന്റെ സമഗ്ര  പുരോഗത്തിനെതിരെ"

കാര്യം മനസ്സിലായല്ലോ. കേരളം നന്നാവുന്നതിന് എതിരെ. എങ്ങിനെയുണ്ട്?

ഇപ്പോഴും ഒരു  ചെറിയ കണ്‍ഫൂഷൻ. പുരോഗമനത്തിന് എതിരെ ആണോ അതോ ഈ നേതാക്കന്മാരുടെ രോഗത്തിന് എതിരെയോ?

കോണ്‍ഗ്രസ്സുകാർക്ക് നമ്മുടെ ദേശീയ ഗാനം പാടാൻ അറിയാത്തതിന് നമ്മൾ അവരെ പരിഹസിച്ചു. ഇപ്പോളിതാ അവർക്ക് അക്ഷരവും അറിയില്ല.

Thursday, January 7, 2016

ജന ഗണ മന- കോണ്‍ഗ്രസ്സ് സ്റ്റൈൽ

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗാന്ധിജി പറഞ്ഞതാണ്

" കോണ്‍ഗ്രസ്സ് പിരിച്ചു  വിടുക. സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുണ്ടാക്കിയ ഒരു സംഘടന ആണ് കോണ്‍ഗ്രസ്സ്. അതിൻറെ ലക്ഷ്യം  കഴിഞ്ഞു . ഇനി അത് വേണ്ട."  

(“Though split into two, India having attained political independence through means devised by the Indian National Congress, the Congress in its present shape and form, i.e., as a propaganda vehicle and parliamentary machine had outlived its use,”  (The Collected Works of Mahatma Gandhi — Volume 90.)


നെഹ്രുവിനെ പ്പോലെയുള്ള മിടുക്കന്മാരല്ലേ അന്ന് ഭരണം കയ്യാളാൻ പോകുന്നത്. അവർ അതിനു സമ്മതിക്കുമോ? അവർക്ക് വേണ്ടത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന ലേബൽ അല്ലേ?  ജനങ്ങളെ വിഡ്ഢികളാക്കി ഇന്ത്യ ഭരിക്കാൻ. അത് കൊണ്ട് ഗാന്ധിജി പറഞ്ഞത് പോലെ കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ല. ആ പേര് മുതലെടുത്ത്‌ ഭരിച്ചു കൊണ്ടിരുന്നു. അങ്ങിനെ അവസാനം ആ പാർട്ടി ഒരു ഇറ്റലിക്കാരി മദാമ്മയുടെ കയ്യിൽ ചെന്ന് ചേരുകയും ചെയ്തു.

അത് കൊണ്ട് കോണ്‍ഗ്രസ്സുകാരുടെ രാജ്യ സ്നേഹം ഒന്നും പറയണ്ട. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. 

നമ്മുടെ ദേശീയ ഗാനം. ഭാരതത്തിലെ ഓരോ പൗരനും അഭിമാനത്തോടെ ചൊല്ലുന്ന ഗാനം.  അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ്. അർത്ഥവും. പക്ഷേ കോണ്‍ഗ്രസ്സുകാർക്ക് നമ്മുടെ ദേശീയ ഗാനം അറിയില്ല. ജന ഗണ മന കഴിഞ്ഞാൽ പിന്നെ ജയ ഹേ ജയ ഹേ എന്ന് നീട്ടി വിളിക്കാനെ അവർക്കറിയൂ. അവരുടെ ഏറ്റവും വലിയ നേതാവ് സുധീരന്റെ കാര്യവും ഇത് തന്നെ. 

ഇത് കാണൂ.
ഇതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം. ഇതാണ് അവരുടെ അറിവ്. ഒന്നാം ക്ലാസിൽ തുടങ്ങി കുട്ടികൾ ചൊല്ലുന്നതാണ് 'ജന ഗണ മന' . അത് പോലും ഈ കോണ്‍ഗ്രസ്സുകാർക്ക് അറിയില്ല. അല്ല ഇവരാരും പള്ളിക്കൂടത്തിന്റെ തിണ്ണ പോലും കണ്ടവരായിരിക്കില്ല. 

രബീന്ദ്ര നാഥ ടാഗോർ എഴുതിയ ജന ഗണ മന ആദ്യമായി ആലപിച്ചത് 1911 ഡിസംബർ 27 ന് കൽക്കട്ടയിൽ വച്ചായിരുന്നു. ഏറ്റവും രസകരം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ മീറ്റിംഗിൽ വച്ചായിരുന്നു ആദ്യ ആലാപനം. 

ഈ ജന രക്ഷ യാത്ര എന്ന പേരിൽ  വെറുതെ നാട്ടുകാരുടെ പണം കൊണ്ട് അടിച്ചു പൊളിക്കാതെ ഈ കോണ്‍ഗ്രസ്സുകാർക്ക് ദേശീയ ഗാനം എങ്കിലും ഒന്ന് പഠിക്കാൻ പറ സുധീരാ. അതിനു അങ്ങേർക്ക് അറിയാമോ എന്തോ? ഇല്ലെങ്കിൽ അതെങ്കിലും പഠിയ്ക്ക്. 


ഇനി കോണ്‍ഗ്രസ്സുകാർക്ക് വേണ്ടി അത് താഴെ ചേർക്കുന്നു.

 ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,
പഞ്ചാബ സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ,

വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധി തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയ ഗാഥാ,
ജന ഗണ മംഗല ദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ.

ജയ ഹേജയ ഹേജയ ഹേ
ജയ ജയ ജയ ജയ ഹേ!

Wednesday, January 6, 2016

മുഖ്യ മന്ത്രി ഉമ്മൻ

വാക്കിനു വിലയില്ലാത്തവൻ.

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.

ചാണ്ടിക്കെതിരെ നിയമ നടപടികൾക്ക് ഡി.ജി.പി. ജേക്കബ് തോമസ്‌ അനുമതി  ചോദിച്ചപ്പോൾ പരസ്യമായി ടി.വി. ക്യാമറകളുടെ മുന്നിൽ ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. 

" ചോദിച്ചാൽ അടുത്ത നിമിഷം ഞാൻ അനുമതി നൽകും".

ഇങ്ങിനെ സധൈര്യം പ്രഖ്യാപനം നടത്തിയ അതെ ചാണ്ടി ഇന്ന് പറയുകയാണ്‌ 

"മന്ത്രി സഭ തീരുമാനം എടുത്തു. അനുമതി നൽകേണ്ട " എന്ന്.

ഇത്ര നാണം കെട്ട ഒരു മനുഷ്യൻ ഉണ്ടോ?  

ജേക്കബ് തോമസ്‌ കേസിന് പോയാൽ കുടുങ്ങും എന്ന് ചാണ്ടി വ്യക്തമായി അറിയാം. കാരണം ജേക്കബ് തോമസിനെ  കുറിച്ച് തെറ്റായ ആരോപണങ്ങൾ ആണ് ഉമ്മൻ ചാണ്ടി നടത്തിയത്. അത് ചാണ്ടിക്ക് വ്യക്തമായി അറിയാം. അത് കൊണ്ടാണ് 

മന്ത്രി സഭയെ ക്കൊണ്ട് ഇങ്ങിനെ ഒരു തീരുമാനം എടുപ്പിച്ചത്.

ഏതായാലും അടുത്ത തെരഞ്ഞെടുപ്പു വരെ മതി ഇങ്ങേരെ ചുമക്കുന്നത് എന്നൊരു ആശ്വാസം ഉണ്ട്. 

Monday, January 4, 2016

കേരളം. ഇനി നന്നാകുമോ


നമ്മുടെ രാഷ്ട്രീയക്കാർക്ക് നാണം എന്നൊന്നില്ലാതെ ആയിരിക്കുന്നു.

  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത് കേൾക്കൂ 

യു.ഡി.എഫിൽ നിന്നും ആരെയും അടർത്തി എടുക്കാൻ നോക്കണ്ട. അത്രയ്ക്ക് തരം താഴണ്ട. എൽ .ഡി.എഫ്.   സ്വന്തം തട്ടകം ശരിയാക്കി എടുക്കൂ.

നെയ്യാറ്റിൻ കരയിൽ എം.എൽ. എ.  ആയിരുന്ന  സെൽവരാജിനെ രാജി  വയ്പ്പിച്ചു കോണ്‍ഗ്രസ്സുകാരനാക്കി  നിറുത്തി  എം.എൽ. എ. ആക്കിയ ഉമ്മൻ ആണ് അടർത്തി എടുക്കേണ്ട എന്ന് പറയുന്നത്.

വേശ്യ ചാരിത്യ്രം പ്രസംഗിച്ചാൽ എന്താണ് കുഴപ്പം?

എം.പി. വീരേന്ദ കുമാറിനെ ഏതാണ്ട് ഒരു വർഷത്തോളം പരസ്യമായി തെറി വിളിച്ചു നടന്നയാളാണ് പിണറായി വിജയൻ. ദേ അങ്ങേരുടെ ഒരു പുസ്തകം റിലീസ്  പിണറായി. പിന്നെ വീരേന്ദ കുമാറിനെ വാനോളം പുകഴ്ത്താനും.

അപ്പപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ   എത്ര ഭേദം.

ഹൊ എന്തൊരു ശുഷ്ക്കാന്തി ആയിരുന്നു ഡിജിപി  സെൻ കുമാറിന് മറ്റൊരു ഡി.ജി.പി. ആയ   ജേക്കബ് തോമസിനെ ഡിസിപ്ലിൻ പഠിപ്പിക്കാൻ. അതിനു പരസ്യ പ്രസ്താവന നടത്തി, ഫേസ് ബുക്കിൽ പോസ്റ്റിട്ടു. എന്നിട്ടും അരിശം അടങ്ങിയില്ല.

ഇപ്പോൾ ഇതാ ഒരു പ്രതി പോലീസിന്റെ കയ്യിൽ  നിന്നും രക്ഷപ്പെട്ടിരിക്കുന്നു. പോലീസിന്റെ സഹായത്തോടെ ആണെന്നാണ്‌ പത്ര-മാധ്യമങ്ങളിൽ വരുന്ന വാർത്ത. നെയ്യാറ്റിൻകരയിൽ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടിൽ നിന്നും പ്രതിയെ  രണ്ടാം തവണ പിടിക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുകളിൽ നിന്നും സമ്മർദം. പോലീസ് പിടിക്കാതെ വിട്ടു. ഗത്യന്തരമില്ലാതെ  ആഭ്യന്തര മന്ത്രി അറ്റസ്റ്റ് അട്ടി മറിക്കുന്നതിനെ അന്വേഷണം ഉത്തരവിട്ടു.

പക്ഷെ  സമ്മർദത്തിനു വഴങ്ങിയത് പോലീസ്സുകാർ ആണല്ലോ. പിന്നെ എന്ത് കൊണ്ട് ഡിജിപി ഒരു അന്വേഷണം നടത്താൻ തയ്യാറാകുന്നില്ല?  ഡിജിപി സാറേ ഡിസിപ്ലിൻ പ്രസംഗത്തിലും ഫേസ് ബുക്ക് പോസ്റ്റിലും പോരാ. പ്രവൃത്തിയിലും വേണം.

വാലാട്ടി നടക്കുന്ന പട്ടികളെ  നമ്മൾ എന്തിനു കുറ്റം പറയണം?

ഇതൊക്കെയാണ് പുതു വർഷത്തിലും കേരളം. ഇനി നന്നാകുമോ?

Sunday, January 3, 2016

തീർത്ഥ യാത്ര


ഒരു "സാംസ്കാരിക തീർത്ഥ യാത്ര" ആരഭിക്കുകയാണ്. തെക്ക് കന്യാകുമാരിയിൽ തുടങ്ങി വടക്ക് ഗോകർണം വരെയുള്ള യാത്ര. തപസ്യ കലാ സാഹിത്യ വേദിയുടെ ഭാർഗവ ക്ഷേത്ര പ്രദക്ഷിണം. 

കന്യാകുമാരിയിൽ നിന്നും കേരളത്തിൻറെ തീര ദേശങ്ങളെ തൊട്ടറിഞ്ഞുള്ള "സാഗര തീര യാത്ര"യും ഗോകർണത്തു നിന്ന് മലയോരങ്ങളിലൂടെയുള്ള "സഹ്യ സാനു യാത്ര"യും.

ജനുവരി മൂന്നാം തീയതി ആരഭിക്കുന്ന ആദ്യ യാത്ര 18 നു ഗോകർണത്തു എത്തുകയും ഗോകർണത്തു നിന്ന് ജനുവരി 31 നു ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 17 നു കന്യാകുമാരിയിൽ സമാപിക്കും.

പൌരാണിക സാംസ്കാരിക കേന്ദ്രങ്ങളും മണ്മറഞ്ഞ മഹാരഥൻമാരുടെ ജന്മ സ്ഥലങ്ങളും പുണ്യ സ്ഥലങ്ങളും  സന്ദർശിച്ചു കൊണ്ടുള്ള ഒരു യാത്ര. നാടിന്റെ നന്മയിലേക്കും നേരറിവിലേക്കും ഉള്ള ഒരു യാത്ര.

എന്റെ ഭൂമി... എന്റെ ഭാഷ.... എന്റെ സംസ്കാരം 

ഇതാണ് യാത്രയുടെ സന്ദേശം. 

നമ്മുടെ മാതാവായ ഭൂമിയെ ഇന്ന് വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ. കാടും മേടും മലയും കുന്നും കായലും കടലും പുഴയും തോടും ഒക്കെ വികസനം എന്ന പേരിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്.

മലയാളിക്ക് മലയാളം എന്ന മനോഹരമായ ഒരു  ഭാഷയുണ്ട്.അമ്മിഞ്ഞ പ്പാലിന്റെ മധുരം മനസ്സിൽ കിനിയുന്ന ഭാഷ. അതിന്നു എവിടെയാണ്? മലയാളം മാതൃ ഭാഷ ആണെന്ന് പറയാൻ പോലും മടിയുള്ള മലയാളികൾ. ഭാഷയില്ലെങ്കിൽ നമുക്ക് നില നിൽപ്പില്ല. ഭാഷ യെ നില നിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്‌.

സംസ്കാരം എന്നത് നമുക്ക് പാരമ്പര്യമായി ലഭിച്ചതാണ്.മഹത്തായ ഒരു പാരമ്പര്യം കൊണ്ട് അനുഗൃഹീതരാണ് നമ്മൾ. ആ പാരമ്പര്യം നഷ്ട്ടപ്പെടുത്തുന്ന  തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത്  ദുഃഖ കരമാണ്. അത്   കാത്തു സൂക്ഷിക്കാൻ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. അതാണ്‌ അമ്മയുമായി നമ്മളെ ബന്ധിക്കുന്ന പൊക്കിൾ ക്കൊടി. 

Friday, January 1, 2016

2015

കേരള സമൂഹത്തെ മലീമസമാക്കിയ ഒരു  വർഷം ആയിരുന്നു കഴിഞ്ഞ 2015. ആ വർഷം നടന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് എഴുതാമെന്നു കരുതി. അത്  പുതു വർഷത്തിൽ വേണ്ട എന്നും തീരുമാനിച്ചിരുന്നതാണ്. അത് കഴിഞ്ഞില്ല. ആ മാലിന്യങ്ങളെ പുതു വർഷത്തിലേയ്ക്ക് വലിച്ചിഴക്കണ്ട എന്ന് കരുതി.  ആലോചിക്കുമ്പോൾ പുതു വർഷത്തിലെഴുതിയാലും കുഴപ്പമില്ല.കാരണം ആ മാലിന്യങ്ങളുടെ ബാക്കി പത്രം ഈ വർഷവും നമ്മുടെ നാട് മലിനമാക്കും എന്നത് തീർച്ചയാണ്.

അതിനു ഉദാഹരണമാണ് പുതു വർഷാരംഭത്തിലെ ചുംബന തെരുവ്. സ്വാതന്ത്ര്യത്തിനായി കേരളത്തിലെ യുവ തലമുറ ഒരു ചുംബന സമരം കഴിഞ്ഞ വർഷം നടത്തിയിരുന്നു. ആണും പെണ്ണും പരസ്യമായി മൈതാനത്ത് നിന്ന് ചുംബിക്കുക. എന്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യം എന്ന് അറിയില്ല. ചില കാര്യങ്ങൾ എല്ലാവർക്കും അറിയാം എന്ന് കരുതി പരസ്യമായി ചെയ്യാറില്ലല്ലോ.  കല്യാണം കഴിഞ്ഞാൽ. എന്ന് വച്ച് അത് അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് നടത്തണമെന്നുണ്ടോ? അങ്ങിനെ കേരളത്തിൽ അങ്ങോളം ഇങ്ങോളം റോഡു നീളെ ആണും പെണ്ണും ചുംബിച്ചു സമരം നടത്തി. പ്രത്യേകിച്ച് ഫലം ഒന്നുമുണ്ടായില്ല. ചില രാഷ്ട്രീയ പാർട്ടികളും അതേറ്റെടുത്തു. മാർക്സിസ്റ്റ് ആയിരുന്നു പ്രധാനം. ചുംബന നേതാക്കളുടെ  പെണ്‍ വാണിഭം ആയിരുന്നു അടുത്തതായി പുറത്തു വന്നത്.

ബീഫ് ഫെസ്റ്റ് ആയിരുന്നു മറ്റൊരു ഉത്സവം. ബീഫ് തിന്നുന്നവരെയും തിന്നാത്തവരെയും തമ്മിൽ അടിപ്പിച്ചു. അതിലും മാർക്സിസ്റ്റ് പാർട്ടി ആയിരുന്നു പ്രധാനി. ബീഫിനു കേരളത്തിൽ നിരോധനം ഇല്ല. ആവശ്യമുള്ളവർക്ക് വറുത്തോ ഒലത്തിയോ കഴിക്കാം. അത് കൊണ്ട് കുറച്ചു നാൾ രാഷ്ട്രീയക്കാരും സാമൂഹ്യ വിരുദ്ധരും സദ്യ ഉണ്ട് നടന്നു.

എവിടെയോ നടന്ന കൊലപാതകങ്ങളുടെ പേരിൽ അവാർഡുകൾ തിരിച്ചു നൽകൽ ആയിരുന്നു മറ്റൊരു നാടകം. അത് കൊണ്ടും കുറെ നാൾ നടന്നു.

ഈ സമരങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനം സമൂഹത്തിനു ഉണ്ടായോ എന്ന് ചിന്തിക്കണം. ഇത് നടത്തിയ സാമൂഹ്യ വിരുദ്ധർക്കു പ്രയോജനം ഉണ്ടായി. അത് പോലെ മാർക്സിസ്റ്റ് പാർട്ടിയ്ക്ക്  തൽക്കാലിക ലാഭവും.

മുൻ വർഷത്തിൽ നിന്നും കടന്നു വന്നത് സ്വാഭാവികമായും സരിത-സോളാർ തന്നെ. " ഇപ്പം പുറത്തു വിടും ഇപ്പം വിടും" എന്ന് പറഞ്ഞു കുറെ നാൾ സരിത കളിപ്പിച്ചു. ഏതായാലും പല മന്ത്രിമാരുടെയും പേരുകൾ പുറത്തു വന്നു.

പിന്നെ വന്നത് ബാർ കോഴ ആയിരുന്നു. മാണി മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട സ്ഥിതി വന്നു. മന്ത്രി ബാബുവിന്റെ പേരും ഉണ്ട്. അന്വേഷണം നടക്കുന്നു.

ഏറ്റവും അവസാനം വന്നത് മുഖ്യ മന്ത്രിയെ പ്രോട്ടോക്കോൾ അനുസരിച്ച് വെള്ളാപ്പള്ളി വിളിച്ചില്ല എന്നതാണ്. അതെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഒരു എം.പി. ഉദ്ഘാടനം നടത്തുന്ന ചടങ്ങിൽ അധ്യക്ഷനായി ഇരുന്നു കേരളത്തിനു അപമാനമായി.

ഇത് കൂടാതെ മറ്റു ചെറിയ അഴിമതികളും പെണ്‍വാണിഭങ്ങളും മറ്റും മറ്റും പുറത്തു വന്നു. ഈ വർഷവും പ്രതീക്ഷയ്ക്ക് വഴിയുണ്ട്. 

വായനക്കാരാണ് എഴുത്തിന് പ്രചോദനം. അതിനിയും പ്രതീക്ഷിക്കുന്നു.  
എല്ലാ വായനക്കാർക്കും നല്ലൊരു പുതു വർഷം ആശംസിക്കുന്നു.