2016, ജൂൺ 26, ഞായറാഴ്‌ച

ഒരു സ്‌കൂൾ വിശേഷം

വീണ്ടും ഒരു സ്‌കൂൾ വിശേഷം.  വ്യത്യസ്തമായ മറ്റൊരു സ്‌കൂൾ.

സുസജ്ജമായ ക്ലാസ്മുറികൾ. ഹൈ-ടെക് ലാബുകൾ, ലൈബ്രറി,  സ്റ്റേഡിയങ്ങൾ, വിശാലമായ പൊതു സ്ഥലം, കഫ റ്റെറിയ, കോൺഫറൻസ് ഹാളുകൾ,പുൽത്തകിടികൾ, സമ ശീതോഷ്ണ കാലാവസ്ഥ. അങ്ങിനെ എല്ലാം. ഡൽഹിയിൽ ആണ് സ്‌കൂൾ. ഇതാ കണ്ടു നോക്കൂ





ഡൽഹി മെട്രോ റെയിൽവേ പാള ത്തിന് കീഴിൽ  ആണ് സ്‌കൂൾ. യമുന ബാങ്ക് മെട്രോ സ്റ്റേഷന് കീഴിൽ. മുകളിൽ കൂടി ട്രെയിൻ പാഞ്ഞു പോകുമ്പോൾ താഴെ കുട്ടികൾ പഠിക്കുന്നു.

6  വർഷമായി ആ പള്ളിക്കൂടം അവിടെ നടക്കുന്നു. അവിടെ അടുത്തു പല വ്യജ്‌ഞനം കച്ചവടം നടത്തുന്ന രാജേഷ് ആണ് ഈ സ്‌കൂളിന്റെ ഉപജ്ഞാതാവ്.  അവിടത്തെ ചേരികളിലെ കുട്ടികൾ സ്‌കൂളിൽ പോകാത്തത് സ്‌കൂളുകൾ സൗകര്യത്തിനു ഇല്ലാത്തതു  മനസ്സിലാക്കി അവർക്ക് വേണ്ടി  റെയിൽവേ സ്റ്റേഷന് കീഴിൽ സൗജന്യ സ്‌കൂൾ തുടങ്ങി. പതിയെ അവിടൊക്കെ സിമന്റ് ഇട്ടു വൃത്തിയാക്കി ഭിത്തിയിൽ ബ്ളാക് ബോർഡും റെയിവേ പെയിന്റ് ചെയ്തു കൊടുത്തു. ഡൽഹി യൂണിവേഴ്സിറ്റി യിൽ നിന്നും  JNU വില നിന്നും മറ്റും വിദ്യാർത്ഥികൾ  സഹായത്തിനായി എത്തി. രാജേഷ് ഇവിടെ പഠിപ്പിയ്ക്കുന്നു.

300 ൽ  അധികം വിദ്യാർത്ഥികൾ ഈ സ്‌കൂളിലുണ്ട്. കാപ്പിറ്റേഷൻ ഫീസും  ഫീസുകളും വാങ്ങി കീശ വീർപ്പിക്കുന്ന സ്‌കൂൾ മുതലാ ളിമാരുടെ ഇടയിൽ ഇതാ രാജേഷ്‌ കുമാർ ശർമ്മ.






2016, ജൂൺ 23, വ്യാഴാഴ്‌ച

ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ

കേരളത്തിലെ കുറെ പുതിയ  സ്ഥലങ്ങൾ കൂടി "ടൂറിസ്റ്റ്  ഡെസ്റ്റിനേഷൻ" ആയി ടൂറിസം കാര് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇനി ആ സ്ഥലങ്ങളുടെ കാര്യം കൂടി കട്ട പൊഹ. പ്രഖ്യാപനം വന്നതിനു പുറകെ തന്നെ ഭൂ മാഫിയയും, റിസോർട്ട് മാഫിയയും ആ  സ്ഥലങ്ങളിലെ ഭൂമി മുഴുവൻ കയ്യടക്കിക്കഴിഞ്ഞു കാണും.  പ്രകൃതി നശീകരണമാണ് അവരുടെ അടുത്ത അജണ്ട.  കായലും നദിയും കാടും മേടും ഒക്കെ നശിപ്പിച്ചു അവർ കോൺക്രീറ്റ് സൗധങ്ങൾ കെട്ടിപ്പൊക്കും. അവിടങ്ങളിലെ   ആവാസ വ്യവസ്ഥ നശിപ്പിക്കും. സ്ഥലത്തിന്റെ സ്വാഭാവിക    ഭംഗി അവർ നശിപ്പിക്കും.  അവിടമാകെ മാലിന്യങ്ങൾ കൊണ്ടു നിറയ്ക്കും. നാലഞ്ചു വർഷം കൊണ്ട് ഒരു സഞ്ചാരി പോലും എത്തിനോക്കാത്ത ഒരു പ്രദേശമായി അതു മാറും.

കേരളത്തിൽ നിലവിലുള്ള എല്ലാ ടൂറിസം പ്രദേശങ്ങളും ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ ഉണ്ട്. ലോകത്തെ ഏറ്റവും മനോഹരമായ കോവളം ബീച്ച്. സഞ്ചാരികളുടെ പറുദീസ ആയിരുന്ന കോവളത്തിന്റെ  ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. ബീച്ചിൽ നിറയെ നായ്ക്കളും മാലിന്യവും മാത്രം. പിന്നെ  വിരലിലെണ്ണാവുന്ന സഞ്ചാരികളും. ബീച്ച്  മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ടു നിറച്ചിരിക്കുകയാണ്. വർക്കലയും  കുമരകവും എല്ലാം നശിച്ചു കഴിഞ്ഞു. ഈ മാഫിയകൾ ഇപ്പോൾ  നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് മാരാരിക്കുളം ബീച്ച്. കാഴ്ചകൾ കൊണ്ടും കാലാവസ്ഥ കൊണ്ടും പ്രകൃതി രമണീയമായ മൂന്നാർ. പൂർണമായും നശിപ്പിച്ചു കഴിഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ മദ്യപാന പാർട്ടികൾക്കുള്ള സ്ഥലമായി മാറി. വിസർജ്യങ്ങളും മാലിന്യങ്ങളും തള്ളി വേമ്പനാട് കായൽ നശിച്ചു. അങ്ങിനെ ഏതൊക്കെ  പ്രദേശം ടൂറിസ്റ്റു ഡെസ്റ്റിനേഷൻ ആക്കിയോ അവിടമെല്ലാം നശിച്ചു കഴിഞ്ഞു. ടൂറിസ്റ്റുകൾ വരാതെ ആയി. അവിടമൊക്കെ സന്ദർശിക്കുമ്പോൾ വല്ലാതെ സങ്കടം തോന്നും - യാതൊരു വീക്ഷണവും ഇല്ലാതെ ആകെ നശിപ്പിച്ചു കളഞ്ഞല്ലോ എന്ന വിഷമം.




യാതൊരു ആസൂത്രണവും ഇല്ലാതെ നടത്തുന്ന വികസനങ്ങൾ ആണ് ഈ പ്രദേശങ്ങളെ നശിപ്പിക്കുന്നത്. ഇവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നുമില്ല. അവ ഉണ്ടെങ്കിൽ കൂടി ലംഘിക്കാൻ അധികാരികളുടെ ഒത്താശ.  അവിടെ കെട്ടിടങ്ങൾ കെട്ടുന്നതിനു അനുവാദം നൽകുന്നതും  നിയന്ത്രിക്കുന്നതും  ഹോട്ടൽ തുടങ്ങുന്നതും ഒക്കെ മറ്റു വകുപ്പുകൾ  ആണ്  തങ്ങളുടെ ഉത്തരവാദിത്വമല്ല  എന്ന സാങ്കേതികത്വം പറഞ്ഞു ടൂറിസം ഡിപ്പാർട്മെന്റിന് ഒഴിയാം. പക്ഷേ പ്രകൃതി സൗന്ദര്യം നില നിർത്തുന്നതിനും അവിടം നശിപ്പിക്കാതിരിക്കാനും അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം. അത് അവരുടെ ഉത്തരവാദിത്വം തന്നെയാണ്.



 ടൂറിസം എന്നത് പണം ഉണ്ടാക്കാനുള്ള ഒരു മാർഗം ആണ് എന്ന ചിന്ത ഒഴിവാക്കുകയാണ്  ടൂറിസം ഡിപ്പാർട്ട്മെന്റ് ആദ്യമായി  ചെയ്യേണ്ടത്. ഇതിലൂടെ വന്നു ചേരുന്ന ഒന്നായി പണത്തെ കണ്ടാൽ മതി.  കേരളത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും  ഇവിടത്തെ ജീവിത രീതി മനസ്സിലാക്കാനും ആണ് ടൂറിസ്റ്റുകൾ വരുന്നത്. അത് അവർക്ക് സുഖ പ്രദമായി അനുഭവവേദ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ടൂറിസം ഡിപ്പാർട്ടമെന്ന്റിന്റെ കടമ.  ടൂറിസം സാധ്യതയുള്ള പ്രദേശം കണ്ടെത്തുകയാണ്  ആദ്യ പടി. പ്രകൃതിയ്ക്കും മനുഷ്യനും ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടാതെ  സഞ്ചാരികൾക്ക് അവശ്യം വേണ്ട സൗകര്യം നൽകാൻ  ഏതു രീതിയിലുള്ള വികസനം ആണ് വേണ്ടത് എന്ന് ഒരു രൂപരേഖ ഉണ്ടാക്കണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനല്ല അവർ വരുന്നത്, നാടും നാട്ടാരുമായി ചേർന്ന് കഴിയാനാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് വേണം വികസന രൂപരേഖ തയ്യാറാക്കാൻ. കെട്ടിട നിർമാണം, താമസ സ്ഥലങ്ങൾ,ഭക്ഷണ ശാലകൾ, വാഹന സൗകര്യം തുടങ്ങി അവിടത്തെ സമ്പൂർണമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ രൂപരേഖ. ആ പദ്ധതി സർക്കാരിന് നൽകുക. അംഗീകാരം നൽകേണ്ടത് മറ്റേതൊക്കെ വകുപ്പുകൾ ആണെങ്കിലും ടൂറിസം വകുപ്പ് നൽകിയ രൂപരേഖ  അനുസരിച്ചുള്ള ഒരു വികസനം മാത്രമായിരിക്കണം  അവിടെ നടക്കേണ്ടത്. അതു നിരീക്ഷിക്കേണ്ടതും  ഉറപ്പു വരുത്തേണ്ടതും ടൂറിസം ഡിപ്പാർട്മെന്റ് ആയിരിക്കണം. അങ്ങിനെയെങ്കിൽ ഇനിയുള്ള പ്രദേശങ്ങൾ എങ്കിലും ടൂറിസത്തിന്റെ പേരിൽ നശിക്കാതെ സൂക്ഷിക്കാൻ കഴിയും ഒപ്പം സഞ്ചാരികളെ ആകർഷിക്കാനും കഴിയും.

2016, ജൂൺ 18, ശനിയാഴ്‌ച

പൊതു കടം

രാഷ്ട്രീയക്കാരുടെ വാലിൽ തൂങ്ങിയാണ് എന്നും പത്രങ്ങൾ നടക്കുന്നത്. അതു കൊണ്ടുള്ള നേട്ടം മുതലെടുക്കുകയാണ് അവരുടെ ഉദ്ദേശം. അതിനാൽ  രാഷ്‌ടീയക്കാർ എന്തെങ്കിലും ഒക്കെ എഴുതിയാൽ അതിനു പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കും. ഖജനാവ് കാലിയാണെന്നു പറഞ്ഞു ധന മന്ത്രി തോമസ് ഐസക്ക് മാതൃഭൂമിയിൽ ഒരു ലേഖനം എഴുതുകയുണ്ടായി. കുറെ കണക്കുകൾ നിരത്തി. ബഡ്ജറ് എസ്റ്റിമേറ്റ്,റിവൈസ്ഡ് BE, നോൺ പ്ലാൻ എക്സ്പെൻഡിച്ചർ എന്നൊക്കെ  കാണിച്ചുളള കുറെ കണക്കുകൾ. അതിനു മറുപടിയായി പഴയ ധനമന്ത്രി കെ.എം. മാണി ഖജനാവ് കാലിയല്ല എന്നൊരു ലേഖനം എഴുതി. അതിലും എന്തൊക്കെയോ കണക്കുകൾ. ചെയ്‌തു കൂട്ടിയ കാര്യങ്ങൾ. അപ്പോഴാണ് പ്രതിപക്ഷ സ്ഥാനം വീണു കിട്ടിയ രമേശ് ചെന്നിത്തല ഏതെങ്കിലും പറയാതിരുന്നാൽ മോശമല്ലേ എന്നു കരുതി ഒരു ലേഖനം എഴുതിയത്. ശുദ്ധ രാഷ്ട്രീയ ലേഖനം. "യു.ഡി .എഫ്. തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യമാണ് പുതിയ സർക്കാരിന്" എന്നൊക്കെ തുടങ്ങിയുള്ള സ്ഥിരം വാചക കസർത്തുകൾ.

കണക്കുകളുടെ കള്ളക്കളികളാണ് രണ്ടു ധന മന്ത്രിമാരും കളിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാക്കുന്ന ഒന്നും ഇല്ല. സാധാരണ ജനങ്ങൾക്ക് വളരെ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം ആണ് കേരളത്തിന്റെ പൊതു കടം. ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപയാണ് ഇന്ന് വരെയുള്ള കേരള സംസ്ഥാനത്തിന്റെ പൊതു കടം. അതായത് കേരളത്തിലെ ഓരോ പൗരനും 45000 രൂപയുടെ കട ബാധ്യത പേറുന്നു. ജനിച്ചു വീഴുന്ന കുഞ്ഞു ഉൾപ്പടെ. ഇന്ന് വരെ കേരളം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കി വച്ച കടം. ഇത് കേന്ദ്രത്തിൽ നിന്നോ,ബാങ്കുകളിൽ നിന്നോ,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ,വിദേശ സ്ഥാപനങ്ങളിൽ നിന്നോ ഒക്കെ എടുത്ത കടം ആണ്.

1996 ൽ കയറിയ LDF  5 വർഷം ഭരണം കൊണ്ട് കടം 24,000 കോടി രൂപ യാക്കി അടുത്ത ഭരണക്കാർക്ക് കൊടുത്തു.  2001 ൽ വന്ന  യു. ഡി .എഫ്. തങ്ങളുടെ  5  വർഷ ഭരണത്തിൽ  22,000 കോടി കൂടെ വർദ്ധിപ്പിച്ചു 46,000 കോടി ആക്കി.  2006   ൽ കയറിയ LDF തങ്ങളുടെ  5 വർഷ ഭരണം കൊണ്ട്  34000 കോടി കൂടി കടം വരുത്തി മൊത്തം 80,000 കോടിയാക്കി. അവസാന ഊഴക്കാരായ യു.ഡി.എഫ്. ഒട്ടും കുറച്ചില്ല. ഒരു  70000 കോടി കൂടി കടം തങ്ങളുടെ ഭരണത്തിൽ വർദ്ധിപ്പിച്ച് 1,50000 കോടി രൂപയാക്കി. അതായത്  മാറി മാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും കൂടി കഴിഞ്ഞ 20  വർഷം കൊണ്ട് ഒന്നര ലക്ഷം രൂപ കട ബാധ്യത നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാക്കി.

2001-2006     - UDF  +   22000    =46,000  കോടി 
1996  -  2001 -  LDF  -  24,000   കോടി  കടം 

2006-2011     - LDF   +  34000  =  70,000 കോടി 

2011-2016     -UDF    +  80000  = 1,50000  കോടി 


ഇതിൽ 2006  -11  കാലത്ത്    34000 കോടി കടം ഉണ്ടാക്കിയത് ഇപ്പോഴത്തെ ധന മന്ത്രി ആണല്ലോ. അതു പോലെ 2001 -2006 ഉം  2011  ലും 2016 ലും കൂടി 92000 കോടി കടം വർധിപ്പിച്ചത് ഒരു ലേഖനം എഴുതിയ കെ.എം. മാണി എന്ന ധന മന്ത്രി ആണല്ലോ. ഈ പൊതു കടത്തെ കുറിച്ചു രണ്ടു പേരും ബുദ്ധിപൂർവ്വം ഒരക്ഷരം മിണ്ടുന്നില്ല. ഒരാൾ അതു പറഞ്ഞാൽ മറ്റെയാൾ തിരിച്ചു ചോദിക്കില്ലേ? 

രണ്ടു മുന്നണികളിലെയും ഭരണത്തിലെ അഴിമതിയും പിടിപ്പു കേടും കൊണ്ടാണ് കടം ഇങ്ങിനെ കൂടിക്കൊണ്ടിരിക്കുന്നത്. ശരിയായ നികുതി പിരിവ് ഇല്ല. ശരിയായി ചിലവാക്കുന്നില്ല. ഓരോ വർഷവും പൊതു കടം യന്ത്ര കണ്ടു കൂടുന്നു എന്ന് നോക്കിയിരിക്കുക. അവസാനം കേരളം വല്ല  ജപ്പാനോ മറ്റോ തീറ് എഴുതിക്കൊടുക്കേണ്ടി വരും. 

2016, ജൂൺ 17, വെള്ളിയാഴ്‌ച

വീണ്ടും മൊറാഴ സ്‌കൂൾ

ഞാൻ സ്‌കൂൾ മാനേജരെ വിളിച്ചു. മറ്റാരോ ആണ്  ഫോൺ എടുത്തത്.
."സുനിൽ എവിടെ?"
 "സുനില് ചേട്ടൻ കിണറ്റിലാ" മറുപടി.
കിണറ്റിൽ എന്നു കേട്ടു ഞെട്ടണ്ട. മാനേജർ കിണറ്റിൽ വീണതൊന്നുമല്ല. മാനേജർ സ്വന്തം ജോലി ചെയ്യുകയാണ്. കിണറു കുഴിക്കലാണ്‌ തൊഴിൽ.

കണ്ണൂർ മൊറാഴ സൗത്ത് A ലോവർ പ്രൈമറി സ്‌കൂളിന്റെ മാനേജർ ആണ് സുനിൽ കുമാർ. എയ്‌ഡഡ്‌ സ്കൂൾ.  മാനേജർ പദവിയിൽ ഇരുന്നു നിയമനത്തിനും മറ്റും പണം വാങ്ങി, കൂടുതൽ ഫീസ് വാങ്ങി ജീവിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. സർക്കാരിൽ നിന്നും കിട്ടുന്ന പണം അദ്ദേഹം വാങ്ങുന്നില്ല.  പകരം കിണറ് കുഴിക്കൽ എന്ന ജോലി ചെയ്‌തു കുടുംബം പുലർത്തുന്നു. മാത്രമല്ല. സ്‌കൂളിന്റെ  നടത്തിപ്പിനും വികസനത്തിനും  ജോലി  ചെയ്യുന്നതിൽ നിന്നും കിട്ടുന്ന ഒരു പങ്ക് ഉപയോഗിക്കുന്നു.

2014 ൽ  ഞാൻ ഇട്ട  പോസ്റ്റ് താഴെ കൊടുക്കുന്നു. 


WEDNESDAY, JUNE 4, 2014



മൊറാഴ സ്കൂൾ മാനേജർ

വിദ്യാഭ്യാസം വെറും കച്ചവടം ആക്കി അതിൽ നിന്നും ലാഭം കൊയ്യുന്ന ബിസിനസ്സ് കാരാണ് ഇന്നത്തെ സ്കൂൾ,കോളേജ് മാനേജർമാർ. ശരിക്ക് പറഞ്ഞാൽ  അവർ നടത്തിപ്പുകാർ എന്ന മാനേജർമാർ അല്ല.    മുതലാളിമാർ ആണവർ .  ലാഭകരമല്ലാത്ത അവസ്ഥ വരുമ്പോൾ രാത്രിയുടെ മറവിൽ  വിദ്യാലയം തകർത്ത് നശിപ്പിക്കുന്ന മാനേജർ മാരും ഇവിടെ കേരളത്തിൽ ഉണ്ട്. വിദ്യാർത്ഥികളിൽ നിന്നും അമിത മായി ഫീസ്‌ വാങ്ങുക, അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന്‌ കോഴ വാങ്ങുക, അങ്ങിനെ ആണ് അവർ കോടിക്കണക്കിന് കാശുണ്ടാക്കുന്നത്.  അധ്യാപകർക്ക് സർക്കാർ   ശമ്പളം നൽകുന്ന എയിഡഡ് സ്കൂളുകളിലും ഇതാണ് സംഭവിക്കുന്നത്‌. ചാരിറ്റി എന്ന പേരിട്ട്, കോടിക്കണക്കിനു രൂപ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഉണ്ടാക്കുന്ന മത സ്ഥാപനങ്ങൾ, ദൈവ നാമത്തിലും ആൾ ദൈവ നാമത്തിലും   നടത്തുന്ന സ്കൂൾ,കോളേജുകളിലും തീവെട്ടി  കൊള്ള ആണ് നടത്തുന്നത്. ഒരു എം.ബി.ബി.എസ്. സീറ്റിനു 70 ലക്ഷം മുതൽ 1 കോടി രൂപ വരെ ആണ് വാങ്ങുന്നത്. ഇതിൻറെ പി.ജി. സീറ്റിനോ 1 കോടി മുതൽ മേലോട്ട്. ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ, ന്യൂന പക്ഷ അവകാശവും, മത സ്വാതന്ത്ര്യവും, മതേതരത്വവും  ഒക്കെ വിളമ്പി പറയുന്നവനെ ഒതുക്കും.  അധികാരത്തിൽ തുടരുക എന്ന മിനിമം അജണ്ട മാത്രമുള്ള സർക്കാരുകൾ     ഇതിനൊക്കെ മൌനാനുവാദവും സഹായവും ചെയ്തു  നൽകുന്നു.

ഇത്തരം  മാനേജർമാരേയും സർക്കാരിനെയും ലജ്ജിപ്പിക്കുകയാണ് കണ്ണൂർ ജില്ലയിലെ മൊറാഴ സൌത്ത് എ. എൽ.പി.സ്കൂൾ മാനേജർ ശ്രീ സുനിൽ കുമാർ.  പള്ളിക്കൂടത്തിന്റെ വികസനത്തിന്‌ പണം കണ്ടെത്താൻ കൂലി പ്പണി എടുക്കുകയാണ് സുനിൽ കുമാർ.  അതിൽ നിന്നും കിട്ടുന്ന വേതനത്തിൽ നിന്നും  ആണ്   വീട്ടു ചിലവ് നടക്കുന്നത്. എന്നിട്ടും  അതിൻറെ  ഒരു ഭാഗം സ്കൂളിൻറെ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നു. എന്തൊരു ത്യാഗം.

പാരമ്പര്യമായി കിട്ടിയ ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം കോടികൾ വിലമതിക്കുന്നതാണ്. അത് വിറ്റാൽ കൂലിപ്പണിക്ക് പോകാതെ സുഖ മായി ജീവിക്കാം. പക്ഷെ സുനിൽ അതിനു തയാറല്ല. സ്കൂൾ എങ്ങിനെയെങ്കിലും നടത്തും എന്നാണ് പറയുന്നത്. അത്  സമൂഹത്തോടുള്ള  തൻറെ കടപ്പാട് ആണ് എന്ന് അദേഹം വിശ്വസിക്കുന്നു. ഉദാത്തമായ കർമം. ഈ വിദ്യാലയം ഉത്തരോത്തരം അഭിവൃത്തി പ്രാപിക്കും എന്നുള്ളതിന് ഒട്ടും സംശയം ഇല്ല. അതിന് എല്ലാ ആശംസകളും നേരുന്നു.

അദ്ദേഹത്തിന് 1000 രൂപ അയച്ചു കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്  വേണ്ടിയല്ല. ആ വിദ്യാലയത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് വേണ്ടി. അതിനുള്ള ഒരു എളിയ പ്രവൃത്തി.   ഇത്  സഹതാപമോ, അനുകമ്പയോ,  ദാനമോ അല്ല. സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു  മനുഷ്യൻറെ കടമ.  അത് മറന്നത്   തെറ്റ്.  ഓർമിപ്പിച്ചതിനു  സുനിലിനു നന്ദി. 






*******************************************************************************

 ഇപ്പോഴത്തെ മലാപ്പറമ്പ് തുടങ്ങിയ സ്‌കൂൾ പൂട്ടൽ വിവാദം അറിയാമല്ലോ. നഷ്ട്ടം എന്നു പറഞ്ഞു സ്വകാര്യ സ്‌കൂളുകൾ എല്ലാം പൂട്ടുന്നു. ആ സ്ഥലം വിറ്റു അവർ കോടികൾ ഉണ്ടാക്കുന്നു.  ആ സാഹചര്യത്തിലാണ് സുനിലിനെ സ്‌കൂൾ എങ്ങിനെ നടക്കുന്നു എന്നറിയാൻ വിളിച്ചത്. 

1919 ൽ സുനിലിന്റെ അമ്മയുടെ അപ്പൂപ്പൻ തുടങ്ങിയ സ്‌കൂൾ ആണ്.

സുനിൽ   ജോലി കഴിഞ്ഞു  തിരിച്ചു വിളിച്ചു. സ്‌കൂൾ നന്നായി പോകുന്നു എന്നു പറഞ്ഞു.  LKG, UKG കൂടി  തുടങ്ങി. മലയാളം മീഡിയത്തിൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയാതെ  ഇപ്പോൾ  ഇംഗ്ലീഷ് മീഡിയവും തുടങ്ങി. മൊത്തം 416  കുട്ടികൾപഠിക്കുന്നു. 14 അധ്യാപകരും. സുനിൽ പഴയതു പോലെ കിണറ് കുഴിക്കുന്ന ജോലിയ്ക്കു പോകുന്നു. അതു കൊണ്ട് കുടുംബം പുലർത്തുന്നു. കൂടെ ആ വിദ്യാലയവും. അദ്ദേഹത്തിൻറെ ഹൃദയ വിശാലതയെ ഒന്നു കൂടി ആദരിച്ചു ആശംസകൾ നേർന്നു. ആ വഴി പോകുമ്പോൾ കാണണേ എന്ന സുനിലിന്റെ അഭ്യർത്ഥനയും മനസ്സിൽ കുറിച്ചിട്ടു.
  



"എനിക്കത്‌ വിൽക്കാം. പക്ഷെ ഞാൻ അതു ചെയ്യില്ല.  ഞാൻ അധ്വാനിച്ചു പണം ഉണ്ടാക്കി ജീവിക്കുന്നു. എന്റെ സ്‌കൂൾ വരും തലമുറകളുടെ ജീവിതം പ്രകാശമാനമാക്കണം. ജീവിതം എന്നാൽ പണം മാത്രമല്ല."

രണ്ടു വർഷം മുൻപ് സുനിൽ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ നി ൽക്കുന്നു. 

2016, ജൂൺ 15, ബുധനാഴ്‌ച

കേജിരിവാൾ






അഴിമതിയ്ക്കെതിരെ പോരാട്ടം എന്ന ലേബലിൽ അധികാര കസേരയിൽ കയറി പറ്റിയ ഡൽഹി മുഖ്യ മന്ത്രി  അരവിന്ദ് കേജിരിവാൾ നടത്തുന്ന അഴിമതികൾ പുറത്തു വരികയാണ്.ഏറ്റവും ഒടുവിൽ വന്നത് 21 MLA മാർക്ക് അനധികൃതമായി പദവികളും ആനുകൂല്യങ്ങളും നൽകി എന്നതാണ്. മിയ്ക്കവാറും ആ 21 MLA  മാരെയും അയോഗ്യരാക്കും. 

എങ്ങിനെയാണ് കേജിരിവാൾ കള്ളക്കളി നടത്തിയത് എന്ന് നോക്കാം. ഭരണ ഘടന ആർട്ടിക്കിൾ 239 AA അനുസരിച്ച്  ഡൽഹി നിയമസഭയിൽ മുഖ്യ മന്ത്രി ഉൾപ്പടെ 7 മന്ത്രിമാർ മാത്രമേ പാടുള്ളൂ.  70 അംഗങ്ങളുടെ 10 ശതമാനം. അതിനെ  ഒന്ന് കടത്തി വെട്ടാൻ വേണ്ടി, അധികാരം മോഹികളായ MLA മാരെ സന്തോഷിപ്പിക്കാനും കൂടെ നിർത്താനും ആയി, കേജിരിവാൾ തൻറെ 21 MLA മാരെ പാർലെമെന്റരി സെക്രട്ടറി എന്ന ഒരു പുതിയ പദവി ഉണ്ടാക്കി നിയമിച്ചു.  മന്ത്രിമാർക്ക് തുല്യമായ പദവി. അവർക്ക് പ്രത്യേക ശമ്പളം ഇല്ല എന്ന് മാത്രം.  പക്ഷെ  കാർ,സ്റ്റാഫ്, വീട്,അലവൻസ് തുടങ്ങി മറ്റു എല്ലാ  ആനുകൂല്യങ്ങളും നൽകി. ഒരേ ആൾക്ക് രണ്ടു പദവി ഭരണ ഘടനയ്ക്ക് എതിരായത് കൊണ്ട് അതിനെ കവർ ചെയ്ത് ഇതിനെ നിയമ വിധേയമാക്കാൻ  നിയമ സഭ ഒരു നിയമവും പാസ്സാക്കി. നമ്മുടെ പ്രസിഡന്റ് ആ നിയമം അംഗീകരിക്കാതെ തിരിച്ചയച്ചു.  അതിനർത്ഥം കേജിരിവാളിന്റെ  എളുപ്പവഴി ഭരണ ഘടന വിരുദ്ധം ആണ് എന്ന് തന്നെയാണ്. 

  2015 മാർച്ചിൽ ആണ്  കേജിരി ഈ പണി ചെയ്തത്. അന്ന് തന്നെ പൊതുജനം ഡൽഹി ഹൈക്കോടതിയിൽ  കേസ് പോവുകയും ചെയ്തു.  ആ കേസ് നില നിൽക്കുന്നു. ഇനി തെരഞ്ഞെടുപ്പു കമ്മീഷൻ ഈ 21 പേരെ അയോഗ്യരാക്കും.

2016, ജൂൺ 14, ചൊവ്വാഴ്ച

കുമ്പസാരം

നമ്മുടെ പ്രിയങ്കാ ചോപ്രയുടെ അമ്മൂമ്മയെ കുറിച്ച് ഒന്ന് കൂടി.
ആറ്റാമംഗലം യാക്കൊബാ സുറിയാനി പള്ളിയിൽ മേരി ജോണിന്റെ മൃത ദേഹം അടക്കാൻ സമ്മതിക്കാത്തതിനു ശേഷം പല സംഭവങ്ങളും നടന്നു.





കോട്ടയം ബിഷപ്പ് തോമസ്‌ തിമോത്തിയാസ് ആകട്ടെ ഈ സംഭവം മനുഷ്യത്വ രഹിതമാണെന്ന് ശക്തമായി വാദിക്കുകയും അവരുടെ തന്നെ പൊൻകുന്നം പള്ളിയിൽ അടക്കാൻ അനുവദിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യത്വം കാട്ടാൻ പള്ളി അധികാരികൾ അനുവദിച്ചാൽ പള്ളിയുടെ അധികാരം അവസാനിക്കി ല്ലേ? കോടിക്കണക്കിനുള്ള സ്വത്തും അത് ആസ്വദിച്ചുള്ള ജീവിതവും ജനങ്ങൾ ചോദ്യം ചെയ്യില്ലേ? അത് കൊണ്ട് പള്ളിയുടെ സുപ്രീം സഭ ബിഷപ്പിനെ അങ്ങ് സസ്പെന്ഡ് ചെയ്തു. അല്ല പിന്നെ.ഇങ്ങിനെയും കൈ വിട്ടു കളിക്കാമോ.

സംഭവം നാറ്റ ക്കേസ് ആയി. എല്ലാവരും പള്ളിയെ കുറ്റം പറയാൻ തുടങ്ങി. മറ്റു മാർഗം ഒന്നും ഇല്ലാതെ  അധിപൻ കത്തോലിക്കാ ബസെലിയാസ് തോമസ്‌ ഉത്തരവ് പിൻവലിച്ചു. 

മേരി ജോൺ ഹിന്ദുവിനെ കല്യാണം കഴിച്ചു എങ്കിലും ഇടയ്ക്കിടെ വന്നു കുമ്പസാരം നടത്തി എന്ന് പള്ളിക്കാർ പറയുന്നു. അത് കൊണ്ട് അവർ ക്രിസ്ത്യാനി തന്നെ ആയിരുന്നു എന്ന്. 

എന്താണ് ഈ കുമ്പസാരം? പള്ളീലച്ചനോട് തെറ്റുകൾ ഏറ്റു പറയുന്നു.എല്ലാ തെറ്റും അവർ ഏറ്റു പറയാറുണ്ടോ? ഈ വ്യഭിചാരവും,കള്ളക്കടത്തും ബലാത്സംഗവും പിന്നെ ഭൂമിയിലെ സർവ തെറ്റുകളും കാണിക്കുന്നവർ  കുമ്പസാരത്തിൽ ഇതെല്ലാം ഏറ്റുപറയുന്നു എന്നാണോ?  അങ്ങിനെയെങ്കിൽ  ഈ വിവരങ്ങൾ എല്ലാം അറിയുന്ന  അച്ചൻ കുറ്റവാളിയ്ക്കു കൂട്ട് നിൽക്കുകയല്ലേ  ചെയ്യുന്നത്? 

കുമ്പസാരം എന്നത് ഒരു വലിയ തട്ടിപ്പ് ആണ്. അച്ചന്മാർക്ക് കുഞ്ഞാടുകൾക്ക് മേൽ എന്നും അധികാരം നേടാനുള്ള ഒരു വേല.

2016, ജൂൺ 9, വ്യാഴാഴ്‌ച

ഭരണ പരിഷ്ക്കാരം

മുഖ്യ മന്ത്രി ഓപ്പൺഎയർ സത്യ പ്രതിജ്ഞ നടത്തിയ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ മറ്റൊരു രംഗം അരങ്ങേറി. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി  മുഖ്യ മന്ത്രി കുറെ കാര്യങ്ങൾപറഞ്ഞു. ഭ രണം കാര്യക്ഷമമാക്കണം,വേഗത്തിലാക്കണം,അഴിമതി നിർത്തണം,കൃത്യ നിഷ്ട്ടത പാലിക്കണം എന്നൊക്കെ തുടങ്ങി കുറെ കാര്യങ്ങൾ. അങ്ങിനെ കുറെ ഉപദേശങ്ങളും അതനുസരിച്ചില്ലെങ്കിൽ വരാവുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള മാന്യമായ ഭാഷയിലുള്ള  പരോക്ഷമായ  ഭീഷണിയും.

അതൊക്കെ നല്ലത് തന്നെ. അഴിമതി രഹിത ഭരണം, "എല്ലാം ശരിയാക്കും" എന്നൊക്കെ പറഞ്ഞു അധികാരത്തിൽ വരുമ്പോൾ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കണം എന്ന് പറയുന്നത് സ്വാഭാവികം. പല കാര്യങ്ങളും പറഞ്ഞിട്ടും ഇതിനൊക്കെ പ്രധാന കാരണം ആയ ഒരു കാര്യം മുഖി മന്ത്രി പറഞ്ഞു കണ്ടില്ല. സെക്രട്ടറിയേറ്റിലെ ട്രെയിഡ് യുണിയൻ. സാധാരണ ഗതിയിൽ ഒരു സർവീസ് സംഘടന യാണ് ഉണ്ടാവേണ്ടത്. പക്ഷെ ഇവിടെ (കേരളത്തിലെ സർക്കാർ മേഖലയിൽ എല്ലാം )  രാഷ്ട്രീയ പാർട്ടികളുടെ വാലായുള്ള സംഘടനകൾ ആണുള്ളത്. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ  രാഷ്ട്രീയം കളിക്കുന്നു.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മാർക്സിസ്റ്റ് പാർടിയുടെ അനുകൂല സംഘടന ആണ്. അവരുടെ വെബ്‌ സൈറ്റിൽ പ്രസിഡന്റ് സെക്രട്ടറി എനിവരുടെ പേരിനു മുൻപ് Com. ( സഖാവ്) എന്ന് പോലും  വച്ചിരിക്കുന്നു.  കേരള സെക്രട്ടറിയറ്റ് സ്റ്റാഫ്‌  അസോസിയേഷൻ സി.പി.ഐ യുടേത്. അത് പോലെ കോൺഗ്രസ്സിന്  കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ. ഈ സംഘടനകൾ  എല്ലാം പരസ്യമായി  രാഷ്ട്രീയ പാർട്ടികളുടെ സംഘടന തന്നെ. രാഷ്ട്രീയ പാർട്ടികൾ ഈ സംഘടന കളെ വളർത്തിക്കൊണ്ട് വരാൻ പരസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

ഇതിന്റെ നേതാക്കൾ ആണ് അവിടം ഭരിക്കുന്നത്‌. അവർക്ക് സംഘടന പ്രവർത്തനവും വെറുതെ നടപ്പും ആണ് ജോലി. സർക്കാർ ജോലി ചെയ്യുന്നതേ ഇല്ല. സ്ഥലം മാറ്റവും മറ്റും ഇവരാണ് നടത്തുന്നത്. ഈ സ്ഥിതി മാറാതെ സെക്രട്ടറിയെറ്റ്നന്നാകില്ല.  പിണറായി വിജയന് അറിയാം. പക്ഷെ അതിൽ കടക്കാനോ അതിനു നിയന്ത്രണം കൊണ്ട് വരാനോ പിണറായി മുതിരുന്നില്ല. പകരം സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും എന്നാണു പറയുന്നത്.

2016, ജൂൺ 7, ചൊവ്വാഴ്ച

ഒന്നാം റാങ്ക്

12th ക്ലാസ് ഒന്നാം റാങ്ക് കാരി. റൂബി റായ്.  ആർട്സ്. 500 ൽ 444 മാർക്ക്. വിഷയത്തിൽ ഒന്ന് പൊളിറ്റിക്കൽ സയൻസ്.   ഒന്നാം റാങ്ക് കിട്ടിയപ്പോൾ ആജ് തക് എന്ന tv ചാനലുകാർ ചോദിച്ചു.   വിഷയം ഏതൊക്കെ. ഒരെണ്ണം പൊളിറ്റിക്കൽ സയൻസ് എന്ന് മറുപടി റഞ്ഞു. എന്താണ് പൊളിറ്റിക്കൽ സയൻസ് എന്ന് ചോദിച്ചു. അത് പാചകം ചെയ്യുന്ന  കുക്കിംഗ് നെ കുറിച്ച് ആണെന്ന്  (ഖാനാ ബനാനാ കാ ബാരെ മേ) ഒന്നാം റാങ്ക് കാരി പറയുന്നു. പൊളിറ്റിക്കൽ സയൻസിൽ ഡി സ്റ്റിങ്ക്ഷൻ ആണ് റൂബിയ്ക്ക് കിട്ടിയത്. മൊത്തം600 മാർക്ക്‌ ആണെന്നും പറയുന്നു.

സയൻസിൽ ഒന്നാ റാങ്ക് വാങ്ങിയ സൌരവിനെ നോക്കാം. 500 ൽ 485 മാർക്ക്. ഈ റാങ്ക് നേടാനുള്ള പഠിത്തം വളരെ ഹാർഡ് വർക്കിംഗ്‌ ആണെന്ന് പറയുന്നു. പീരിയോടിക്കൽ ടേബിളിലെ മോസ്റ്റ്‌ ആക്റ്റീവ് എലമെന്റ് എന്ന TV ക്കാരുടെ ചോദ്യത്തിന് മറുപടി ഇതാണ് അലൂമിനിയം. പിന്നെ കുറെ ചോദ്യത്തിനും ഇങ്ങിനെയൊക്കെ ആയിരുന്നു മറുപടി.

രണ്ടു പേരുടെയും ആഗ്രഹം എന്താണെന്നു അറിയാമോ?  IA S ആകാൻ.

ബീഹാറിൽ ഈയിടെ നടത്തിയ പരീക്ഷയുടെ ഫലം ആണ് ഇതൊക്കെ. ഇത് പുറത്തു വന്നതിനു ശേഷം റാങ്ക് കിട്ടിയ 14  പേർക്ക് വീണ്ടും പരീക്ഷ നടത്തി. അതിൽ റൂബി പങ്കെടുത്തില്ല. സൗരവും മറ്റൊരു രാഹുലും തോറ്റു. ഇതാണ് ബീഹാറിലെ സ്ഥിതി.

ടി.വി ക്കാർ ഇന്റർവ്യൂ നടത്തിയില്ലായിരുന്നുവെങ്കിൽ ഇവർ അടുത്ത BA/ BSc പരീക്ഷകളിലും റാങ്ക് വാങ്ങിയേനെ. അത് കഴിഞ്ഞു IAS ഉം പാസ്സായി നമ്മളെ ഭരിക്കാൻ വന്നേനെ.

നമ്മുടെ അബ്ദു റബ്ബോ ആദേഹത്തിന്റെ ആൾക്കാരോ അവിടെ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടോ എന്ന് കൂടി അന്വേഷിക്കേണ്ടി ഇരിക്കുന്നു. 




റൂബി 




                                                                      സൌരവ്






  

2016, ജൂൺ 6, തിങ്കളാഴ്‌ച

മത സഹിഷ്ണുത.

മരിച്ചിട്ടും തീരാത്ത പകയുമായി പള്ളി അധികാരികൾ.

 കുമരകം ആറ്റാമംഗലം  യാക്കോബ  സുറിയാനി ചർച്ച്  94 വയസ്സിൽ അന്തരിച്ച കുമരകം കവളപ്പാറ കുടുംബാംഗം ആയ മേരി ജോൺ എന്ന വായോ വൃദ്ധയുടെ  മൃത ദേഹം പള്ളിയിൽ അടക്കം ചെയ്യാൻ സമ്മതിച്ചില്ല.

മേരി ജോൺ ചെയ്ത കുറ്റം ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു എന്നത്. ഏതാണ്ട് 70 വർഷം മുൻപ് ബീഹാറിലെ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച കുറ്റം ആണ് പള്ളി അധികാരികൾ ഇത്രയും നീണ്ട കാലം മനസ്സിൽ വിഷം പോലെ സൂക്ഷിച്ച് ഇപ്പോൾ പുറത്തു വമിപ്പിച്ചത്‌.

മേരി ജോൺ  ബീഹാറിലെ  അസ്സംബ്ലി കൌൺസിൽ മെമ്പർ ഒക്കെ ആയി. അതിനു ശേഷം മകളോടും ചെറു മകളോടും (പ്രിയങ്ക ചോപ്ര എന്ന സിനിമാ നടി ) വാർദ്ധക്യ ജീവിതം മുംബയിൽ ആയിരുന്നു. അവരുടെ അന്ത്യാഭിലാഷം ആയിരുന്നു ആറ്റാമംഗലം പള്ളിയിൽ അന്ത്യ വിശ്രമം ആകണം എന്നത്. അതിനായി കുടുംബാംഗങ്ങൾ ഭൌതിക ശരീരം കോട്ടയത്ത്‌ എത്തിച്ചത്.

ഈ പള്ളി യാക്കോബായ സുറിയാനി കോട്ടയം ഭദ്രാസനത്തിൻ കീഴിലാണ്. അവരും ഇത് അംഗീകരിക്കുകയാണ് ചെയ്തത്.

ഇതാണ് ഇന്നത്തെ മത സഹിഷ്ണുത. മൃത ദേഹത്തോട് പോലും വൈരാഗ്യം കാട്ടുന്ന പള്ളിയും അനുയായികളും.




2016, ജൂൺ 5, ഞായറാഴ്‌ച

മുഹമ്മദാലി








മുഹമ്മദാലി-ജയരാജൻ ബോക്സിംഗ്  ട്രോൾ  പോലെ ഇത്രയധികം ട്രോളുകൾ  ഇതിനു മുൻപെങ്ങും ഒരു വിഷയത്തിലും  കേരള ചരിത്രത്തിൽ  ഉണ്ടായിട്ടില്ല. ഇത്രയധികം വൈവിധ്യം ഉള്ള ട്രോളുകളും മുൻപ് വന്നിട്ടില്ല.  അതായത് ഇതു ഒരു റിക്കോർഡ് ആണ്.അതിൽ മന്ത്രി ഇ.പി. ജയരാജന് അഭിമാനിക്കാം. മറ്റൊരു പ്രധാന പ്പെട്ട കാര്യം കൂടി ഉണ്ട്. മറ്റു ട്രോളുകൾ ഒരു വിഭാഗത്തിന് ദ്വേഷ്യവും പരിഭവവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇതാകട്ടെ  ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ മുഴുവൻ ചിരിച്ചാസ്വദിച്ച ഒരു ട്രോൾ ഉത്സവം ആയിരുന്നു. (ചിരിക്കാൻ വിമുഖത കാണിച്ചു മസിലു പിടിക്കുന്ന മാർക്സിസ്റ്റ് കാര് പോലും ചിരിച്ചു ).

അന്തരിച്ച ബോക്സിംഗ് ഇതിഹാസം  മുഹമ്മദാലി മലയാളി  ആണെന്നും ഗോൾഡ്‌ മെഡൽ നേടി കേരളത്തിന്റെപ്രശസ്തി ലോകം മുഴുവനും പരത്തി എന്നും മന്ത്രി  പറഞ്ഞതാണല്ലോ വിഷയം. ഈ പ്രസ്‌താവന  രണ്ടു കാര്യങ്ങൾ ആണ് തുറന്നു കാട്ടുന്നത്. ( ഏതൊക്കെയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതുന്നത് കൊണ്ട് ഇവര് ജയിച്ചു  വരുന്നു  എന്നേ ഉള്ളൂ).

ഒന്നാമത്തെയും പ്രധാനപ്പെട്ടതും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ കൂടപ്പിറപ്പായുള്ള അജ്ഞത ആണ്. പഠിക്കേണ്ട കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയം കളിച്ച് ബസിനു കല്ലെറിഞ്ഞും പഠിപ്പ് മുടക്കിയും നടന്നു എങ്ങിനെയെങ്കിലും ജയിച്ചു കയറും. ജ്ഞാനം കമ്മി. പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജ്ഞാനം  ഒന്നും വേണ്ടല്ലോ. അന്യരെ തെറി വിളിക്കാനും അധിക്ഷേപിക്കാനുമുള്ള  അക്ഷര ജ്ഞാനവും ഭാഷാ വൈഭവവും മതി. പിന്നെ ഒരു അഡീഷനൽ ക്വാളിഫിക്കേഷൻ ആണ്  എതിരാളിയെ   അടിക്കാനും കുത്താനും ഉള്ള മെയ് ക്കരുത്ത്. അത് മാത്രം ആർജിച്ച് അവർ വളരുന്നു. സ്വാഭാവികമായും നേതാവ് ആകുന്നു.

കേരള രാഷ്ട്രീയ നേതാക്കൾ പൊട്ടക്കുളത്തിലെ തവളകളാണ്. കേരളത്തിനു പുറത്തു അവർക്കൊരു ലോകമില്ല. ആദിയും അന്തവും എല്ലാം കേരളമാണ്. ഭാരതത്തിൽ,ലോകത്ത് എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു? അതൊന്നും അവരുടെ വിഷയമേ അല്ല. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞും കൂടാ. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളിൽ എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും  ചർച്ചകൾ നടക്കുന്നത്. നമുക്ക് അറിയേണ്ടതും പ്രധാനപ്പെട്ടതുമായ പല കാര്യങ്ങൾ. അത്തരം  വിഷയങ്ങൾ എന്ത് കൊണ്ടാണ് മലയാളം ചാനലുകളിൽ വരാത്തത്? കാരണം ഒന്നേ ഉള്ളൂ. ചർച്ചയ്ക്ക് കേരളത്തിൽ നിന്നും ആളെ കിട്ടില്ല.  അതിനും വടക്കേ ഇന്ത്യയിൽ നിന്നും ആളെ ഇറക്കേണ്ടി വരും. (ബംഗാളികളെ അല്ല).

ഭാഷ ആണ് ഇതിനുള്ള കാരണം.മലയാളത്തിനപ്പുറം ഒരു ഭാഷയും ഇവർക്കറിയില്ല. ചിലർക്കൊക്കെ ഇംഗ്ലീഷ് വായിക്കാൻ അറിയും. ചിലർക്ക് ഇംഗ്ലീഷ് കേട്ടാൽ ഒരു വിധം മനസ്സിലാകും. പക്ഷെ ആർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെ ഇംഗ്ലീഷ് നിർബന്ധമായി പഠിക്കുന്ന നമ്മുടെ നാട്ടിലെ സ്കൂളുകളിൽ പഠിച്ചവർ ആണിവർ. എന്തിന് കുറെ നേതാക്കൾക്ക്‌ LLB വരെ ഉണ്ട്. അവർ പറയുന്ന ഇംഗ്ലീഷ് കേട്ടിട്ടില്ലേ? yes, no, I എന്നൊക്കെ പറഞ്ഞു വിക്കി വിക്കി നിൽക്കും. പണ്ട് മന്ത്രി ആയിരുന്ന ശ്രീമതി നഴ്സ് മാരുടെ സമ്മേളനത്തിൽ നടത്തിയ   പ്രസംഗം കേട്ടിട്ടുണ്ടല്ലോ. പിന്നെ പാർലമെന്റിൽ ഈയിടെ നടത്തിയ പ്രസംഗവും. ഇതാണ് നമ്മുടെ നിലവാരം. പഴയ മുഖ്യ മന്ത്രി ഡൽഹിയിൽ ഇംഗ്ലീഷ് പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുന്നത് കേട്ടിട്ടില്ലേ? LKG പിള്ളാര്‌ പറയുന്നത് പോലെ.

മാർക്സിസ്റ്റ്കാരാണെങ്കിൽ ആകെ പോകുന്നത്  കൊൽക്കൊത്തയിൽ ആണ്. ചിലപ്പോൾ ഡൽഹിയിലും.  PB യിൽ പങ്കെടുക്കാൻ. ബെംഗോളിൽ നിന്നും വരുന്ന സഖാക്കൾ ബംഗാളിയിൽ എന്തെങ്കിലും പറയും. കേരളത്തിൽ നിന്നുള്ളവർ മലയാളത്തിലും. പ്രത്യേകിച്ച് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മനസ്സിലാകില്ല. മനസ്സിലാകേണ്ട കാര്യമൊന്നും ഇല്ലല്ലോ.  എല്ലാം യെച്ചൂരിയോ കാരാട്ടോ നിശ്ചയിച്ചു   വച്ചതു  പോലെ നടക്കും. അപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് കാർക്ക് അവിടെ ഭാഷ ഒരു പ്രശ്നം അല്ലാതാകുന്നു. മലയാളം മതി.  കോൺഗ്രസ്സുകാരാകട്ടെ ഹൈ ക്കമാണ്ട് വിളിക്കുമ്പോൾ അങ്ങോട്ട്‌ പോകും. അവിടെയും ഭാഷ പ്രശ്നമാകുന്നില്ല. അവര് ഹിന്ദിയിൽ ആജ്ഞാപിക്കും അത് തല കുലുക്കി കേട്ട് കോൺഗ്രസ്സുകാർ  ഇങ്ങു പോരും. തല കുലുക്കുന്നതും   മലയാളത്തിൽ.  

പിന്നെ പത്രം വായിക്കുന്നത്. മാർക്സിസ്റ്റ്കാര് ദേശാഭിമാനി വായിക്കുമ്പോൾ കോൺഗ്രസ്സുകാർ വീക്ഷണം വായിക്കും. രണ്ടിലും വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ട് പത്ര വായനയിലൂടെ വിവരം വയ്ക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആ പത്രങ്ങൾ വായിക്കാനും കഴിയില്ല. ചാനലും അവരവരുടെത് വയ്ക്കും. അതിലും ഒന്നും കിട്ടില്ല. അങ്ങിനെ കേരളമെന്ന O വട്ടത്തിനകത്ത് കഴിയുന്നു.

ഇനി രണ്ടാമത്തെ കാര്യം ഈ അജ്ഞതയിൽ നിന്നും ഉടലെടുത്ത എന്തിനും അർത്ഥമില്ലാതെ കയറി അഭിപ്രായം പറയുന്ന സ്വഭാവം ആണ്. അറിഞ്ഞൂടെങ്കിൽ മിണ്ടാതിരുന്നു കൂടെ? എന്തെങ്കിലും പറഞ്ഞു ആളാകാനുള്ള വ്യഗ്രത. 

പുതിയ തലമുറ രാഷ്ട്രീയക്കാരും ഇതേ സ്വഭാവം തന്നെ കാണിക്കുന്നത്. പഠിപ്പ് ഒക്കെ ഉണ്ടെങ്കിലും "മുൻപേ ഗമിക്കുന്ന ഗോവ് തന്റെ പിൻപേ ഗമിക്കുന്ന" സ്വഭാവം. അതൊന്നു മാറിയില്ലെങ്കിൽ കേരളത്തിന്റെ കാര്യം കഷ്ട്ടമാകും. 

2016, ജൂൺ 4, ശനിയാഴ്‌ച

പ്രകൃതി നശീകരണം







അതിരപ്പള്ളി ജല വൈദ്യുത പദ്ധതി തുടങ്ങും എന്ന് തന്നെയാണ്പുതിയ മുഖ്യ മന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും പറയുന്നത്. എന്തോ തീരുമാനിച്ചുറച്ചത് പോലെയാണ് അവരുടെ പെരുമാറ്റവും ശരീര ഭാഷയും. പ്രകൃതി നശിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോട് കൂടിയാണ് അവരുടെ പ്രഖ്യാപനവും നടപടികളും.

ഏക്കർ കണക്കിന് വന ഭൂമി ആണ് നഷ്ട്ടപ്പെടുന്നത്. കൂടാതെ ചാലക്കുടി പുഴയിലെ നീരോഴുക്കിനേയും ബാധിക്കും. കാടിലെയും പുഴയിലെയും ആവാസ വ്യവസ്ഥയെ ആണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

ഇത്രയും നശിപ്പിച്ചിട്ട്  കിട്ടുന്നതെന്താണ്? കുറച്ചു വൈദ്യുതി. അതിനുള്ള സാമ്പത്തിക മുതൽ മുടക്ക് 1500 കോടി രൂപയിൽ അധികം ആണ്. ഉൽപ്പാദിപ്പിക്കുന്നതൊ ഏതാണ്ട് 30 മെഗാ വാട്ട് വൈദ്യുതിയും.

ദീർഘ വീക്ഷണം ഇല്ലായ്മയും, അധികാരം എന്തും ചെയ്യാനുള്ള അവകാശം ആണെന്ന മിഥ്യാ ധാരണയും, ഭാവി തലമുറകൾക്കും ഭൂമിയ്ക്ക് തന്നെയും വിതയുക്കുന്ന നാശത്തെ കുറിച്ചുള്ള അജ്ഞതയും ആണ് ഇത്രയും അപക്വമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ കാരണം. ഒരിക്കൽ നശിച്ച കാടും പുഴയും തിരിച്ചു കൊണ്ട്  വരാൻ കഴിയില്ല എന്ന സത്യം ഇവർ മനസ്സിലാക്കട്ടെ.