Friday, June 17, 2016

വീണ്ടും മൊറാഴ സ്‌കൂൾ

ഞാൻ സ്‌കൂൾ മാനേജരെ വിളിച്ചു. മറ്റാരോ ആണ്  ഫോൺ എടുത്തത്.
."സുനിൽ എവിടെ?"
 "സുനില് ചേട്ടൻ കിണറ്റിലാ" മറുപടി.
കിണറ്റിൽ എന്നു കേട്ടു ഞെട്ടണ്ട. മാനേജർ കിണറ്റിൽ വീണതൊന്നുമല്ല. മാനേജർ സ്വന്തം ജോലി ചെയ്യുകയാണ്. കിണറു കുഴിക്കലാണ്‌ തൊഴിൽ.

കണ്ണൂർ മൊറാഴ സൗത്ത് A ലോവർ പ്രൈമറി സ്‌കൂളിന്റെ മാനേജർ ആണ് സുനിൽ കുമാർ. എയ്‌ഡഡ്‌ സ്കൂൾ.  മാനേജർ പദവിയിൽ ഇരുന്നു നിയമനത്തിനും മറ്റും പണം വാങ്ങി, കൂടുതൽ ഫീസ് വാങ്ങി ജീവിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. സർക്കാരിൽ നിന്നും കിട്ടുന്ന പണം അദ്ദേഹം വാങ്ങുന്നില്ല.  പകരം കിണറ് കുഴിക്കൽ എന്ന ജോലി ചെയ്‌തു കുടുംബം പുലർത്തുന്നു. മാത്രമല്ല. സ്‌കൂളിന്റെ  നടത്തിപ്പിനും വികസനത്തിനും  ജോലി  ചെയ്യുന്നതിൽ നിന്നും കിട്ടുന്ന ഒരു പങ്ക് ഉപയോഗിക്കുന്നു.

2014 ൽ  ഞാൻ ഇട്ട  പോസ്റ്റ് താഴെ കൊടുക്കുന്നു. 


WEDNESDAY, JUNE 4, 2014



മൊറാഴ സ്കൂൾ മാനേജർ

വിദ്യാഭ്യാസം വെറും കച്ചവടം ആക്കി അതിൽ നിന്നും ലാഭം കൊയ്യുന്ന ബിസിനസ്സ് കാരാണ് ഇന്നത്തെ സ്കൂൾ,കോളേജ് മാനേജർമാർ. ശരിക്ക് പറഞ്ഞാൽ  അവർ നടത്തിപ്പുകാർ എന്ന മാനേജർമാർ അല്ല.    മുതലാളിമാർ ആണവർ .  ലാഭകരമല്ലാത്ത അവസ്ഥ വരുമ്പോൾ രാത്രിയുടെ മറവിൽ  വിദ്യാലയം തകർത്ത് നശിപ്പിക്കുന്ന മാനേജർ മാരും ഇവിടെ കേരളത്തിൽ ഉണ്ട്. വിദ്യാർത്ഥികളിൽ നിന്നും അമിത മായി ഫീസ്‌ വാങ്ങുക, അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന്‌ കോഴ വാങ്ങുക, അങ്ങിനെ ആണ് അവർ കോടിക്കണക്കിന് കാശുണ്ടാക്കുന്നത്.  അധ്യാപകർക്ക് സർക്കാർ   ശമ്പളം നൽകുന്ന എയിഡഡ് സ്കൂളുകളിലും ഇതാണ് സംഭവിക്കുന്നത്‌. ചാരിറ്റി എന്ന പേരിട്ട്, കോടിക്കണക്കിനു രൂപ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഉണ്ടാക്കുന്ന മത സ്ഥാപനങ്ങൾ, ദൈവ നാമത്തിലും ആൾ ദൈവ നാമത്തിലും   നടത്തുന്ന സ്കൂൾ,കോളേജുകളിലും തീവെട്ടി  കൊള്ള ആണ് നടത്തുന്നത്. ഒരു എം.ബി.ബി.എസ്. സീറ്റിനു 70 ലക്ഷം മുതൽ 1 കോടി രൂപ വരെ ആണ് വാങ്ങുന്നത്. ഇതിൻറെ പി.ജി. സീറ്റിനോ 1 കോടി മുതൽ മേലോട്ട്. ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ, ന്യൂന പക്ഷ അവകാശവും, മത സ്വാതന്ത്ര്യവും, മതേതരത്വവും  ഒക്കെ വിളമ്പി പറയുന്നവനെ ഒതുക്കും.  അധികാരത്തിൽ തുടരുക എന്ന മിനിമം അജണ്ട മാത്രമുള്ള സർക്കാരുകൾ     ഇതിനൊക്കെ മൌനാനുവാദവും സഹായവും ചെയ്തു  നൽകുന്നു.

ഇത്തരം  മാനേജർമാരേയും സർക്കാരിനെയും ലജ്ജിപ്പിക്കുകയാണ് കണ്ണൂർ ജില്ലയിലെ മൊറാഴ സൌത്ത് എ. എൽ.പി.സ്കൂൾ മാനേജർ ശ്രീ സുനിൽ കുമാർ.  പള്ളിക്കൂടത്തിന്റെ വികസനത്തിന്‌ പണം കണ്ടെത്താൻ കൂലി പ്പണി എടുക്കുകയാണ് സുനിൽ കുമാർ.  അതിൽ നിന്നും കിട്ടുന്ന വേതനത്തിൽ നിന്നും  ആണ്   വീട്ടു ചിലവ് നടക്കുന്നത്. എന്നിട്ടും  അതിൻറെ  ഒരു ഭാഗം സ്കൂളിൻറെ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നു. എന്തൊരു ത്യാഗം.

പാരമ്പര്യമായി കിട്ടിയ ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം കോടികൾ വിലമതിക്കുന്നതാണ്. അത് വിറ്റാൽ കൂലിപ്പണിക്ക് പോകാതെ സുഖ മായി ജീവിക്കാം. പക്ഷെ സുനിൽ അതിനു തയാറല്ല. സ്കൂൾ എങ്ങിനെയെങ്കിലും നടത്തും എന്നാണ് പറയുന്നത്. അത്  സമൂഹത്തോടുള്ള  തൻറെ കടപ്പാട് ആണ് എന്ന് അദേഹം വിശ്വസിക്കുന്നു. ഉദാത്തമായ കർമം. ഈ വിദ്യാലയം ഉത്തരോത്തരം അഭിവൃത്തി പ്രാപിക്കും എന്നുള്ളതിന് ഒട്ടും സംശയം ഇല്ല. അതിന് എല്ലാ ആശംസകളും നേരുന്നു.

അദ്ദേഹത്തിന് 1000 രൂപ അയച്ചു കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്  വേണ്ടിയല്ല. ആ വിദ്യാലയത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് വേണ്ടി. അതിനുള്ള ഒരു എളിയ പ്രവൃത്തി.   ഇത്  സഹതാപമോ, അനുകമ്പയോ,  ദാനമോ അല്ല. സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു  മനുഷ്യൻറെ കടമ.  അത് മറന്നത്   തെറ്റ്.  ഓർമിപ്പിച്ചതിനു  സുനിലിനു നന്ദി. 






*******************************************************************************

 ഇപ്പോഴത്തെ മലാപ്പറമ്പ് തുടങ്ങിയ സ്‌കൂൾ പൂട്ടൽ വിവാദം അറിയാമല്ലോ. നഷ്ട്ടം എന്നു പറഞ്ഞു സ്വകാര്യ സ്‌കൂളുകൾ എല്ലാം പൂട്ടുന്നു. ആ സ്ഥലം വിറ്റു അവർ കോടികൾ ഉണ്ടാക്കുന്നു.  ആ സാഹചര്യത്തിലാണ് സുനിലിനെ സ്‌കൂൾ എങ്ങിനെ നടക്കുന്നു എന്നറിയാൻ വിളിച്ചത്. 

1919 ൽ സുനിലിന്റെ അമ്മയുടെ അപ്പൂപ്പൻ തുടങ്ങിയ സ്‌കൂൾ ആണ്.

സുനിൽ   ജോലി കഴിഞ്ഞു  തിരിച്ചു വിളിച്ചു. സ്‌കൂൾ നന്നായി പോകുന്നു എന്നു പറഞ്ഞു.  LKG, UKG കൂടി  തുടങ്ങി. മലയാളം മീഡിയത്തിൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയാതെ  ഇപ്പോൾ  ഇംഗ്ലീഷ് മീഡിയവും തുടങ്ങി. മൊത്തം 416  കുട്ടികൾപഠിക്കുന്നു. 14 അധ്യാപകരും. സുനിൽ പഴയതു പോലെ കിണറ് കുഴിക്കുന്ന ജോലിയ്ക്കു പോകുന്നു. അതു കൊണ്ട് കുടുംബം പുലർത്തുന്നു. കൂടെ ആ വിദ്യാലയവും. അദ്ദേഹത്തിൻറെ ഹൃദയ വിശാലതയെ ഒന്നു കൂടി ആദരിച്ചു ആശംസകൾ നേർന്നു. ആ വഴി പോകുമ്പോൾ കാണണേ എന്ന സുനിലിന്റെ അഭ്യർത്ഥനയും മനസ്സിൽ കുറിച്ചിട്ടു.
  



"എനിക്കത്‌ വിൽക്കാം. പക്ഷെ ഞാൻ അതു ചെയ്യില്ല.  ഞാൻ അധ്വാനിച്ചു പണം ഉണ്ടാക്കി ജീവിക്കുന്നു. എന്റെ സ്‌കൂൾ വരും തലമുറകളുടെ ജീവിതം പ്രകാശമാനമാക്കണം. ജീവിതം എന്നാൽ പണം മാത്രമല്ല."

രണ്ടു വർഷം മുൻപ് സുനിൽ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ നി ൽക്കുന്നു. 

6 comments:

 1. നന്മ വറ്റാതെ ഇങ്ങിനെയും ചില ജന്മങ്ങള്‍... സുനിലിനെ കുറിച്ച് മുന്‍പ് എവിടെയോ വായിച്ചിരുന്നു.

  ReplyDelete
  Replies
  1. അതേ മുബി . ഇവരെപ്പോലെ കുറെ ആളുകൾ എങ്കിലും ഉള്ളത് കൊണ്ടാണ് നാട് നശിക്കാതെ നിൽക്കുന്നത്.

   Delete
 2. ഈ പൂർവ്വ കഥകളൊക്കെ ഇപ്പോൾ മനസ്സിലായി...

  ReplyDelete
  Replies
  1. സമൂഹത്തിൽ ഇത്തരത്തിൽ കുറെ ആളുകളുണ്ട്.

   Delete
 3. പേര് കേട്ടാല്‍ തന്നെ അറിയാമല്ലോ കച്ചവടക്കാരന്‍ അല്ലെന്ന.

  ReplyDelete
  Replies
  1. അതെ. മനുഷ്യ സ്നേഹി

   Delete