2014, ഡിസംബർ 31, ബുധനാഴ്‌ച

നാപ്കിൻ സമരം

എന്തൊരു ആവേശമായിരുന്നു  ചുംബിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനും? ആ ചുംബന സമരത്തിൽ പങ്കെടുക്കാനും കുറെ പെണ്‍കുട്ടികൾ. അതിനെ സപ്പോർട്ട് ചെയ്യാൻ എഴുത്തുകാരും മാധ്യമ പ്രവർത്തകരും മറ്റുമായ കുറെ പെണ്ണുങ്ങൾ.

ഇതാ കുറെ സ്ത്രീകളെ  തുണി ഉരിഞ്ഞു പരിശോധിച്ചിരിയ്ക്കുന്നു. സ്ത്രീകളെ,സ്ത്രീത്വത്തെ തന്നെ ഇങ്ങിനെ അപമാനിച്ചപ്പോൾ  എവിടെ പോയി ഈ ചുംബാൻസികൾ? എവിടെ പോയി അവരുടെ ആവേശം? കൊച്ചി സ്പെഷ്യൽ എക്കണോമിക് സോണിലെ അസ്മ റബ്ബർ പ്രോടക്ട്സ് എന്ന ഗ്ലൌസ് ഉണ്ടാക്കുന്ന കമ്പനിയിലെ 45 സ്ത്രീകളെ ആണ് അവിടത്തെ സൂപ്പർ വൈസർ മാർ തുണി മാറ്റി പരിശോധിച്ചത്. ഉപയോഗിച്ച ഒരു സാനിറ്ററി പാഡ് ഒരു ശുചി മുറിയിൽ കണ്ടത് ആരാണ് അവിടെ ഇട്ടത് എന്ന്  അറിയാനാണ് ഈ പാവം സ്ത്രീകളെ ഇങ്ങിനെ ഹീനമായ രീതിയിൽ കൈകാര്യം ചെയ്തത്. ഇതിൻറെ മാനേജ്മെൻറ്റ്  അറിയാതെ ഇത്തരമൊരു പരിശോധന നടത്തുകയില്ലല്ലോ.  

ജോലി സമയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ദിവസം രണ്ടു തവണയിൽ കൂടുതൽ മൂത്രമൊഴിയ്ക്കാൻ പാടില്ലത്രേ.

വലിയ തുണിക്കടകളിലും,സ്വർണ ക്കടകളിലും, അത് പോലെയുള്ള ഷോ റൂമുകളിലും ജോലിചെയ്യുന്ന സ്ത്രീകൾക്ക്,ഇരിയ്ക്കാൻ പാടില്ല,കൂടുതൽ വെള്ളം കുടിയ്ക്കാൻ  പാടില്ല,എന്നൊക്കെ പണ്ടേ പറഞ്ഞു കേട്ടതാണ്. അതിലൊന്നും ഈ സ്വാതന്ത്ര്യ സമര ക്കാർക്ക് ഒരു കുഴപ്പവും ഇല്ല. കെട്ടിപ്പിടിച്ചു  ചുംബിച്ചാൽ മതി.

എത്ര നികൃഷ്ട്ടമായ രീതിയിൽ ആണ് ഈ പാവം സ്ത്രീകളോട് പെരുമാറിയത്?  ഇവിടത്തെ വനിതാ വിമോചനക്കാർ എല്ലാം ഏത് മാളത്തിൽ പോയി ഒളിച്ചു?  കഷ്ട്ടം. ഒരു ചിലവുമില്ലാതെ പത്ര പ്രസ്താവന നടത്താൻ അല്ലാതെ ഈ നാണം കേട്ട സ്ത്രീ വിമോചനക്കാർക്ക് കഴിയുമോ?  

ഇതിൻറെ വസ്തുത അന്വേഷിയ്ക്കാൻ, പരാതി കൊടുത്ത സ്ത്രീകളുമായി സംസാരിയ്ക്കാൻ, അവർക്ക്   ധാർമിക പിന്തുണ നൽകാൻ,  ഇതിനെതിരെ പ്രതികരിയ്ക്കാൻ, ഒരു പ്രകടനം നടത്താൻ സ്ത്രീ വിമോചനക്കാർ ആരും തയ്യാറില്ല. കഷ്ട്ടം.

2014, ഡിസംബർ 30, ചൊവ്വാഴ്ച

ദേശീയ ഗെയിംസ് അഴിമതി.

കേരളത്തിൽ നടക്കുന്ന 2015 ദേശീയ ഗയിംസിലെ ഒരു തട്ടിപ്പ്  പുറത്തു വന്നിരിയ്ക്കുന്നു.10.61  കോടിയുടെ.

2010 കോമണ്‍ വെൽത്ത് ഗെയിംസിലെ അഴിമതി കുപ്രസിദ്ധമാണല്ലോ. സുരേഷ് കൽമാഡി 9 മാസം ജയിലിൽ ആയിരുന്നു. അത് പോലെ കേരള ഗവർണർ ആയിരുന്ന ഷീലാ ദീക്ഷിത്തും ഈ അഴിമതിയിൽ പങ്കാളി ആണെന്ന് CAG പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങിനെ കൽക്കരി ഖനി ആയാലും,2-ജി ആയാലും സ്പോർട്സ് ആയാലും കോണ്‍ഗ്രസ്സുകാർ അഴിമതി നടത്തി കോടികൾ ഉണ്ടാക്കും എന്നത് ഭാരതത്തിൽ എല്ലാവർക്കും അറിയാം.

ഇവിടെ കേരളത്തിലും കോണ്‍ ഗ്രസ്സുകാർ ഒട്ടും പിന്നിലല്ല. ഉമ്മൻ ചാണ്ടി സോളാർ, റ്റൈറ്റാനിയം അഴിമതി  കേസുകളിൽ ഉൾപ്പെട്ട കാര്യം ഏവർക്കുമറിയാം. സോളാർ കേസിൽ അന്വേഷണ കമ്മീഷൻ ചാണ്ടിയെ വിസ്തരിയ്ക്കാൻ പോവുകയാണ്. കൂടെയുള്ള മന്ത്രി മാണി 1 കോടി അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്. രണ്ടു കോണ്‍ഗ്രസ് മന്ത്രിമാർക്ക് കൈക്കൂലി നൽകിയെന്ന് ബാർ ഉടമ ബിജു രമേശ്‌ പറയുന്നു. അതിനി പുറത്തു വരാനിരിയ്ക്കുന്നു. എം.എൽ.എ.ആയ ഗണേഷ് കുമാർ രണ്ടു മന്ത്രി മാർക്കെതിരെ അഴിമതിയ്ക്ക് തെളിവ് കോടതിയ്ക്ക് നൽകാൻ തുടങ്ങുന്നു. അങ്ങിനെ അഴിമതിയുടെ കഥകൾ ആണ് ഈ മന്ത്രിസഭയുടെ പ്രതിശ്ചായ.

കോമണ്‍ വെൽത്ത് ഗെയിംസിലെ കോണ്‍ഗ്രസ്സുകാരുടെ പാത പിന്തുടർന്ന് ഇവിടത്തെ കോണ്‍ഗ്രസ്സ് സർക്കാരും ദേശീയ ഗയിംസിൽ നിന്നും പണം ഉണ്ടാക്കാൻ നടത്തുന്ന ആദ്യത്തെ സംഭവം ആണ് ഇപ്പോൾ പുറത്തു വന്നിരിയ്ക്കുന്നത്‌.  ഷീലാ ദീക്ഷിത്ത് ഇവിടെ  ഗവർണർ ആയിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിയ്ക്ക് വല്ല ടിപ്പും കൊടുത്തിട്ടുണ്ടാകുമോ ആവോ.

ദേശീയ ദേശീയ ഗയിംസിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 20 നു നടത്തുന്ന 'റണ്‍ കേരള റണ്‍' എന്ന കൂട്ടയോട്ടം സംഘടിപ്പിയ്ക്കാനാണ് മലയാള മനോരമയ്ക്ക് കേരള സർക്കാർ 10.61 കോടി നൽകിയത്. കണക്കാണ് രസം.. ഇതിൻറെ  പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ 2 കോടി! ഓട്ടത്തിന് അങ്ങിനെ  4.49 കോടി. പബ്ലിസിറ്റി യ്ക്ക് 6.12 കോടി. ഈ കള്ള ക്കളിയെല്ലാം   ജനങ്ങൾ അറിയേണ്ടത് മാധ്യമങ്ങളിൽ കൂടിയാണ്. ആ മാധ്യമ പ്രവർത്തകരുടെ വായടപ്പിയ്ക്കാൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനു 1 കോടി കൊടുത്തു.പിന്നെ ആരെങ്കിലും മിണ്ടുമോ? കിട്ടിയതും വാങ്ങി വാൽ ചുരുട്ടി ആസനത്തിൽ വച്ച് മിണ്ടാതിരുന്നു.ഒരു ഓണ്‍ ലൈൻ പത്രം ആണ് ഇത് പുറത്തു കൊണ്ട് വന്നത്.

'റണ്‍ കേരള റണ്‍' എന്ന ഓട്ടം ഇവിടെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് ആദ്യത്തെ ചോദ്യം.അത് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഗയിംസിനു ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഇത് പോലെ  ഒരു ഓട്ടംവേണമെന്ന് തന്നെ ഉണ്ടായിരുന്നുവെങ്കിൽ അത്  സംഘടിപ്പിയ്ക്കാൻ  മനോരമയെ ഏൽപ്പിയ്ക്കേണ്ട കാര്യമെന്താണ്? ഇവിടെ ഒരു സ്പോർട്സ് കൌണ്‍സിൽ ഉണ്ട്. അവരെ  ചുമതലപ്പെടുത്തുക.ഓരോ സ്ഥലത്തെയും എല്ലാ സ്കൂളുകളെയും കോളേജുകളെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ട് ഈ ഓട്ടം വലിയൊരു വിജയം ആക്കാൻ കഴിയുമായിരുന്നു. ഒരു പൈസ പോലും ചിലവില്ലാത്ത പബ്ലിസിറ്റി.  ആ പണം മനോരമയ്ക്ക് ദാനം കൊടുക്കുന്നതിനു പകരം   ഓരോ സ്കൂളിനും കോളേജിനും പതിനായിരം രൂപവീതം  കൊടുത്തിരുന്നുവെങ്കിൽ ഈ കായിക മേളയിൽ പങ്കെടുക്കാൻ ആ കുട്ടികൾക്ക് പ്രചോദനം ആയിരുന്നേനെ,   ഒരു സഹായവും.

മനോരമയ്ക്ക് നൽകിയത് പ്രത്യുപകാരം ആണെന്ന സംശയം ന്യായം.ഉമ്മൻ ചാണ്ടി സർക്കാരിന്റെ എല്ലാ ക്കാര്യത്തിനും കൂടെ നിൽക്കുന്നവരാണ് അവർ. ജനങ്ങളെ കബളിപ്പിച്ച മദ്യ നയത്തിന് പോലും അവർ നിരുപാധിക പിന്തുണ നൽകുന്നു.  അപ്പോൾ അതിന് പകരമായി അവരെ സഹായിക്കേണ്ട ബാധ്യതയാണ് പൊതുഖജനാവിൽ നിന്നുമുള്ള പണം കൊണ്ട് എന്നാണ് ആരോപണം.

 ദേശീയ ഗയിംസ്‌ തുടങ്ങാനിരിയ്ക്കുന്നതേ ഉള്ളൂ.അപ്പോൾ തന്നെ 10 കോടിയുടെ കഥ പുറത്തു വന്നു.ഇനിയും എത്ര വരാനിരിയ്ക്കുന്നു.

2014, ഡിസംബർ 29, തിങ്കളാഴ്‌ച

വിമാന ദുരന്തം.



                     
   മറ്റൊരു വിമാനം കൂടി കാണാതായിരിയ്ക്കുന്നു.162 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ നിന്നും സിംഗപ്പൂരിലെയ്ക്ക് പറന്ന എയർ ഏഷ്യ വിമാനം ആണ് കാണാതായത്. ദക്ഷിണ ചൈന കടലിനും ജാവ കടലിനും ഇടയിൽ തകർന്നു വീണു എന്ന് കരുതുന്നതായി ഇന്തോനേഷ്യ പറയുന്നു. ഏതായാലും ആ വിമാനത്തിൻറെ ഒരു തെളിവും ലഭിച്ചിട്ടില്ല.

ഇതു പോലെ ഒരു വിമാനം കടലിനു മുകളിൽ അപ്രത്യക്ഷമായിട്ടു ഏതാണ്ട് 10 മാസം ആകുന്നു.  മലേഷ്യൻ എയർ ലൈൻസിൻറെ MH 370 വിമാനം  ഇക്കഴിഞ്ഞ മാർച്ച് 8 ന്  ക്വാലാലമ്പൂർ എയർ പ്പോർട്ടിൽ നിന്നും  പറന്നുയർന്ന് 1 മണി യ്ക്കൂറിനകം അപ്രത്യക്ഷമാവുകയായിരുന്നു. 227 യാത്രക്കാരും 12 ജോലിക്കാരും  ഉണ്ടായിരുന്ന ആ വിമാനം ഇന്ന് വരെ കണ്ടുകിട്ടിയിട്ടില്ല. അത് തകർന്നു എന്ന് പറയാനുള്ള തെളിവ് പോലും ഇന്നും കിട്ടിയിട്ടില്ല.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിൽ ആണ് അന്ന്  നടന്നത്. ആസ്ട്രേലിയയുടെ നേതൃത്വത്തിൽ ബഹുരാജ്യ പങ്കാളിത്ത തെരച്ചിൽ. തായിലണ്ട് ഉൾക്കടൽ, തെക്കൻ ചൈന സമുദ്രം , മലാക്കൻ കടലിടുക്ക്,  ആൻഡമാൻ കടൽ, അവസാനം ഇന്ത്യാ മഹാ സമുദ്രം. 50 ദശ ലക്ഷം ആസ്ട്രേലിയൻ ഡോളർ ചിലവാക്കിയുള്ള തെരച്ചിലിലും ഫലം ഒന്നും കണ്ടില്ല.

വർഷങ്ങൾ  സഞ്ചരിച്ചാണ് മനുഷ്യൻ അയയ്ക്കുന്ന ഉപകരണങ്ങൾ ചൊവ്വയിലും അതിനപ്പുറമുള്ള ഗ്രഹങ്ങളിലും എത്തുന്നത്‌. തുടക്കം മുതൽ അവസാനം വരെ ഇവയുമായി ഭൂമിയിൽ ബന്ധം പുലർത്തുകയും ഇവിടെ നിന്നും നിർദേശങ്ങൾ നൽകുകയും,അവിടെ നിന്നും ഡേറ്റ തിരിച്ച് ഭൂമിയിൽ കിട്ടുകയും ചെയ്യും. അത്രത്തോളം വളർന്നു മനുഷ്യന്റെ വിജ്ഞാനവും അത് പ്രായോഗികം ആക്കാനുള്ള കഴിവും. എന്നിട്ടും ഒരു വിമാനം കാണാതായാൽ കണ്ടു പിടിയ്ക്കാൻ കഴിയുന്നില്ല. 

മനുഷ്യൻറെ ആവശ്യത്തിനാണല്ലോ ശാസ്ത്രം കൂടുതൽ വികസിപ്പിയ്ക്കുന്നത്. നാസ, ഇസ്രോ തുടങ്ങിയ ബഹിരാകാശ  ഗവേഷണ സ്ഥാപനങ്ങൾക്ക് വിമാനങ്ങളിൽ  സ്ഥിരമായി ബന്ധം പുലർത്താൻ കഴിയുന്ന എന്തെങ്കിലും ഉപകരണം സ്ഥാപിയ്ക്കാൻ കഴിയില്ലേ? 

കൂടുതൽ ദൂരങ്ങൾ താണ്ടുക, അതിൻറെ പ്രശസ്തി അവകാശപ്പെടുക എന്നിവയാണല്ലോ രാജ്യങ്ങളുടെ ഉദ്ദേശം. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിയ്ക്കുക അതാണല്ലോ ലക്ഷ്യം.  അപ്പോൾ ജനങ്ങൾക്ക്‌ വേണ്ടി ചെയ്യാൻ താൽപ്പര്യം എവിടെ?

എന്തായാലും ഇപ്പോഴും വിമാനം കണ്ടു പിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാരുടെ കുടുംബാംഗങ്ങൾ ദുഖത്തോടെ കഴിയുന്നു.




2014, ഡിസംബർ 28, ഞായറാഴ്‌ച

ക്രൈം ബ്രാഞ്ച്.

ടി.പി.വധക്കേസിൽ കേരള പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും ഒന്നും മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. ഇവരെല്ലാം കൂടി മാർക്സിസ്റ്റ് പാർട്ടിയെ ഒതുക്കാൻ ശ്രമിയ്ക്കുന്നു എന്നാണ് പറഞ്ഞത്.   ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.പി. യെ "സുകുമാരാ നിൻറെ ....ദ്വാര ത്തിൽ ലാത്തി" കയറ്റും എന്ന്  ഒരു ജയരാജൻ ഭീഷണി പ്പെടുത്തിയത്  ജനങ്ങൾ മറന്നിട്ടുണ്ടാവില്ലല്ലോ.

കതിരൂർ മനോജ്‌ വധം. അവിടെയും പോലീസിനെ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. പോലീസ് മനപൂർവം കേസ് പാർട്ടിയ്ക്ക് എതിരെ ആക്കുന്നു എന്നാണു അവർ പറയുന്നത്. 

ഇതാ പി.കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസ്. ലോക്കൽ പോലീസ് അന്വേഷിച്ചു.അത് കഴിഞ്ഞു ക്രൈം ബ്രാഞ്ച്. മാർക്സിസ്റ്റ് പാർട്ടി അംഗങ്ങൾ ആണ് ഇത് തകർത്തത്‌ എന്ന് പറഞ്ഞ് അവരെ പ്രതികളാക്കി കോടതിയിൽ കേസ് ഫയൽ ചെയ്തു.  മാർക്സിസ്റ്റ് പാർട്ടി ആ നിമിഷം തന്നെ ഈ കുറ്റാരോപിതരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അതാണ്‌ മാർക്സിസ്റ്റ് പാർട്ടി.

ടി.പി.വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത, കതിരൂർ മനോജ്‌ വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പെട്ടെന്ന് എങ്ങിനെ കേരള പോലീസിൽ വിശ്വാസം വന്നു?

 സാധാരണ ഗതിയിൽ പാർട്ടി അന്വേഷണം നടത്തുന്നു എന്നൊരു മുടന്തൻ ന്യായം അവർ പറയാറുണ്ട്‌. ടി.പി.വധക്കേസിൽ അത്തരം ഒരു അന്വേഷണം നടത്തിയതിന്റെ ഫലം എന്തായി എന്ന് പ്രകാശ് കാരാട്ട് പോലും ബ ബ്ബ ബ്ബ പറഞ്ഞ് പരിഹാസ്യനായത് ജനങ്ങൾ കണ്ടതാണ്. 

കൃഷ്ണ പിള്ള സ്മാരകക്കേസിൽ പാർട്ടി നോക്കിയപ്പോൾ പ്രതിയായി സർക്കാർ കണ്ടെത്തിയത് അച്യുതാനാന്ദന്റെ ആൾക്കാർ ആണ്. സ്വാഭാവികമായി പിണറായിയ്ക്ക് ഉടൻ ക്രൈം ബ്രാഞ്ചിൽ വിശ്വാസം വന്നു. അച്യുതാനാന്ദൻ ഒഴിച്ച് ഇതിൽ പ്രതികരിയ്ക്കാൻ ഒരുത്തരും തയാരാവുകയില്ല.കാരണം പിണറായിയുടെ കൂടെ നിന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും.അത് തന്നെ.

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

വി.ഡി.സതീശൻ

"അച്ഛൻറെ ഓർമ ദിനത്തിൽ മകനെ വേദനിപ്പിച്ചതിന്" വേദന കൊണ്ട് പുളയുകയാണ് മകൻറെ സുഹൃത്ത്‌.ഹോ എന്തൊരു വേദന! ആ ആത്മാർത്ഥ സുഹൃത്ത്‌  ആരാണെന്നോ വി.ഡി.സതീശൻ. കെ.മുരളീധരനെ എന്തോ പറഞ്ഞ് വേദനിപ്പിച്ചതിനാണ് സതീശന് ഇത്രയും വേദന വന്നത്.

 കരുണാകരന്റെ ചരമ വാർഷിക സമ്മേളനത്തിൽ വി.എം.സുധീരൻ ആണ് മുരളിയെ പറ്റി  എന്തോ പറഞ്ഞത്. അതിനാണ് സതീശന് വേദന വന്നത്. ഇത് ഒരു ഗൂഢാലോചന ആണെന്ന് വരെ സതീശൻ പറയുകയുണ്ടായി.മുരളിയെ തേജോവധം ചെയ്യാനുള്ള ഒരു ഗൂഡാലോചന.

ആ പറഞ്ഞ സമയം നോക്കണേ! അച്ഛൻറെ രണ്ടാം ചരമ വാർഷിക ദിനം.ദുഃഖം കൊണ്ട് നിറഞ്ഞു നിൽക്കുന്ന മകൻ.എപ്പോൾ വിങ്ങിപ്പൊട്ടും എന്നറിയാതെ നിൽക്കുന്നു. ആ സമയത്താണ് സുധീരൻ മുരളിയെ പ്പറ്റി എന്തോ പറഞ്ഞത്. വേദന കൊണ്ട് സഹി കെട്ട് നിൽക്കുന്ന സമയത്താണോ ഇങ്ങിനെ പറയേണ്ടത്?അത് കേട്ടു നിന്ന സതീശന് അതിലും വിഷമം ആയി.കുറ്റം പറയാൻ പറ്റുമോ?

എന്ന് തൊട്ടാണ് സതീശന് ഈ മുരളി സ്നേഹം വന്നതെന്ന് എല്ലാവർക്കും  അറിയാം. പണ്ട് സതീശൻ ഉൾപ്പടെ എല്ലാ കോണ്‍ഗ്രസ്സ് കാരെയും തെറി പറഞ്ഞു കൊണ്ട് നടന്നതാണ് ഈ ആത്മാർത്ഥ സ്നേഹിതൻ മുരളി. ഇപ്പോൾ മുരളി ഐ. ഗ്രൂപ്പിൻറെ ചാവേർ ആണ്.  സുധീരനെ അധിക്ഷേപിയ്ക്കാൻ നടക്കുന്ന ആൾ. അതാണ്‌ സതീശന് പെട്ടെന്ന് മുരളിയെ വേദനിപ്പിച്ചതിൽ വിഷമം തോന്നിയത്.

ഇനി ഈ അച്ഛൻറ്റെയും മകന്റെയും കഥ നോക്കാം. രണ്ടു പേരും രണ്ടു വിരുദ്ധ പാർട്ടികളിൽ. അങ്ങിനെ തമ്മിൽ വൈരാഗ്യത്തിൽ നടന്നു. ആ മകനെയാണ് ഇന്ന് സതീശൻ  സാന്ത്വനിപ്പിയ്ക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയം ഭയങ്കരം. 

2014, ഡിസംബർ 25, വ്യാഴാഴ്‌ച

മെറി ക്രിസ്തുമസ്


അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ,







ഭൂമിയിൽ ഇവർക്ക് സമാധാനം.








 ക്രിസ്തുമസ് ദിവസം രാവിലെ പള്ളിയ്ക്ക് മുൻപിലെ കാഴ്ച ആണിത്.


 ഭിക്ഷക്കാരുടെ നീണ്ട നിര.ഏതോ പ്രധാന മത മേലദ്ധ്യക്ഷൻ  കുഞ്ഞാടുകൾക്ക് അനുഗ്രഹം നൽകാൻ എത്തുന്നുണ്ട്.  അത് 'കവർ' ചെയ്യാൻ ഏതോ ഒരു ചാനലുകാരുടെ വണ്ടി വന്നിട്ടുണ്ട്. അവർക്ക് മുൻപിൽ ഈ ഭിക്ഷ യാചിയ്ക്കുന്നവർ ഇരുന്നാൽ ശരിയാകുമോ? അവരെ അവിടെ നിന്നും ഓടിയ്ക്കുകയാണ് 'നടത്തിപ്പുകാർ'.

 കുഷ്ട്ട രോഗികളെ ശുശ്രൂഷിയ്ക്കുകയും മറ്റും ചെയ്ത യേശുവിന്റെ പിൻ തലമുറക്കാരായ വിശ്വാസികൾക്ക്  ഈ ഭിക്ഷയ്ക്കു വന്ന പാവങ്ങളെ അകത്തു കൊണ്ട് പോയി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ഉടുപ്പിച്ച്  ആഹാരം നൽകി ക്രിസ്തുമസ് ആഘോഷിച്ചു കൂടെ? യേശുദേവൻ ആഗ്രഹിച്ചത്‌ പോലെ.

ഓരോ ഇടവകയിലും പാവപ്പെട്ട എത്രയോ വിശ്വാസികൾ ഉണ്ട്. ക്രിസ്തുമസ് ദിവസം പോലും ഇറച്ചി കൂട്ടി ഒരു ഊണ് കഴിയ്ക്കാൻ കഴിവില്ലാത്തവർ. ഓരോ പള്ളിയുടെ കീഴിലും കാശുള്ളവർ,പണക്കാർ എത്രയോ പേർ ഉണ്ട്. രണ്ടും മൂന്നും  കാറും ബംഗ്ലാവും റബ്ബർ തോട്ടവും ബിസിനസ്സും ഒക്കെ ഉള്ളവർ. അവരെല്ലാം പള്ളിയ്ക്ക് തലവരിപ്പണം നൽകുന്നുമുണ്ട്. അതിന് വേറെ ചിലവുണ്ട് എന്ന് പള്ളിക്കാര് പറയും. അത് പോട്ടെ.. അതിൽ നിന്നും ഒരു പങ്ക് കിട്ടാനും പോകുന്നില്ല. അത് കൊണ്ട് ഈ പണക്കാരെല്ലാം കൂടി അവരുടെ പള്ളിയുടെ കീഴിലുള്ള പാവങ്ങൾക്ക് ക്രിസ്തുമസിന് പുതു വസ്ത്രങ്ങളും കേക്കും നക്ഷത്രങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങി കൊടുത്തു കൂടെ? യേശു ദേവൻറെ ജനനം ആ പാവങ്ങളും ആഘോഷിയ്ക്കട്ടെ. അങ്ങിനെയല്ലേ ദൈവ വിശ്വാസം കാണിയ്ക്കേണ്ടത്. ആ പാവങ്ങൾ അവർ ദൈവത്തിൻറെ പ്രിയ പുത്രർ. അവർ പട്ടിണി കിടക്കുമ്പോൾ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കഷ്ട്ടപ്പെടുമ്പോൾ കാളയും പോത്തും താറാവും വറുത്തും   പൊരിച്ചും കഴിച്ച്, കേക്കും മുറിച്ച്, പുതു വസ്ത്രങ്ങളും ധരിച്ച് 'മെറി ക്രിസ്തുമസ്' എന്ന് പറഞ്ഞ് ആഹ്ലാദിച്ചാൽ കർത്താവ്‌ പൊറുക്കുമോ?

ഇതിനു ആളെ കണ്ടു പിടിയ്ക്കാൻ ലോകം മൊത്തം അലയണ്ട. വളരെ എളുപ്പം.സ്വന്തം പള്ളിയുടെ കീഴിലുള്ള ആൾക്കാരെ നോക്കിയാൽ മതി. അങ്ങിനെ എല്ലാ പള്ളിക്കാർ വിശ്വാസികളും വിചാരിച്ചാൽ മതി. ഇനിയിപ്പം ക്രിസ്തുമസ് കഴിഞ്ഞു പോയി എന്ന് വച്ച് വലുതായി ദുഖിയ്ക്കേണ്ട. ഈസ്റ്റർ അല്ലേ വരുന്നത്. അന്ന് തുടങ്ങാം ഇത്.   

ആഘോഷിയ്ക്കാൻ പണം ഉള്ളവർക്കെല്ലാം നല്ലൊരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു.( പട്ടിണി പ്പാവങ്ങൾക്ക്ആശംസിച്ചിട്ട് പ്രത്യേകിച്ച്  കാര്യമൊന്നും ഇല്ലല്ലോ. എന്തോന്ന് എടുത്തു വച്ച് ആഘോഷിയ്ക്കും?)

2014, ഡിസംബർ 24, ബുധനാഴ്‌ച

സംഗമം

ഇന്നത്തെ പത്രത്തിലും ഉണ്ട്. ചിത്രവും എഴുത്തും. ഇന്ന് വന്ന വനിത വാരിക നോക്കി. അതിൽ നാല് ഫോട്ടോകൾ. അവയുടെ എല്ലാം ഒപ്പം നീണ്ട വിവരണവും.  കുറെ ദിവസമായി എല്ലാ പത്രങ്ങളിലും വാരികകളിലും മാസികകളിലും ധാരാളം  ഫോട്ടോകൾ വരുന്നു. ഒരു ട്രെൻഡ് ആയതു പോലെ. അത് കണ്ടു കണ്ട്  മനസ്സിൽ ഒരാശ. എന്ത് കൊണ്ട് നമുക്കും  ഒന്നായിക്കൂടാ?

അക്കാര്യം ഓർത്തപ്പോൾ ആകെ ഒരു ത്രിൽ. മനസ്സിൽ ഒരു കുളിര്. ശ്യാമള,  സുരയ്യ, സുലക്ഷണ, വിലാസിനി, മറിയ, അങ്ങിനെ പത്തു പതിനഞ്ചു പേർ. ഇവരെയെല്ലാം ഒന്നിച്ചു കാണാം. മൂന്നു വർഷം ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചു കഴിഞ്ഞവർ. വർഷങ്ങൾക്കു ശേഷം ആ കോളേജ് ജീവിതം പുനരാവിഷ്ക്കരിയ്ക്കാം.  ശ്യാമള. അവളാണ് ആദ്യം മനസ്സിൽ കടന്നു വന്നത്.എത്ര പാട് പെട്ടാണ് അവളെ ഒന്ന് ലൈനിൽ ആക്കി എടുത്തത്‌. ഒരു തണുത്ത പെണ്ണ്. ശാലീന സുന്ദരി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. രണ്ടാം വർഷം ആയപ്പോഴേയ്ക്കും ചെറിയ തോതിൽ അറിയപ്പെടുന്ന പ്രേമമായി ഞങ്ങളുടേത്. സുരയ്യ. അതൊരു ഉഗ്രൻ. നല്ല ഒത്ത വണ്ണം, പൊക്കം.ആപ്പിൾ പോലെ തുടുത്തു ചുവന്ന്. ചരക്ക് എന്നാണ് അന്ന് ഇവരെയൊക്കെ പറയുന്നത്. എല്ലാവരുടെയും ആശയും ആഗ്രഹവും. പലരും നോക്കി. നടന്നില്ല. ജൂനിയർ ആയ സിരാജുദീൻ ആണ് അവസാനം വിജയിച്ചത്.  എങ്ങിനെ എന്നറിയില്ല. അവൻറെ ഭാഗ്യം. അവൾക്കു കൊടുക്കാൻ അവനൊരു പ്രേമ ലേഖനം വേണം. അവന് എഴുതാൻ അറിഞ്ഞും കൂടാ. എൻറെ മനസ്സായിരുന്നു  അന്ന് അവന് പറഞ്ഞു കൊടുത്ത വരികൾ. എത്ര വർഷമായി ഇവരെയൊക്കെ കണ്ടിട്ട്. ആകെ  കോരിത്തരിയ്ക്കുന്നു.      

പഴയ കലാലയ മുറ്റത്തോ മറ്റോ കൂടുക. ഗത കാല സ്മരണകൾ അയവിറക്കുക. കാലായത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ.

അങ്ങിനെയാണ് ഇപ്പോഴും ഇടയ്ക്കിടെ കാണാറുള്ള   സഹപാഠിയെ വിളിയ്ക്കുന്നത്. അവനും ഇതിൽ തൽപ്പരൻ. ഇതിൽ എന്നു വച്ചാൽ  ഈ സംഗമത്തിൽ മാത്രം. മറ്റേ പ്രേമ ലൈൻ ഒന്നും അന്നും ഇന്നും ഇല്ലാത്തവൻ.  അത് കൊണ്ട് തന്നെ അവൻ  അന്നത്തെ പെണ്‍ പിള്ളാരുമായി ഇന്നും സൗഹൃദം പുലർത്തുന്നു.ഒത്തു ചേരൽ അറെൻജ് ചെയ്യാൻ അവനെ ഏർപ്പാടാക്കി.  

ആവേശത്തിനും ആക്രാന്തത്തിനും അറുതി വരുത്തി സംഗമ ദിനം സമാഗതമായി. അതാ സതീർത്യർ. മുടി  കറുപ്പിച്ച കുറെപ്പേർ. പെണ്‍ ഭാഗത്തോട്ട് നോക്കി. ആകെ തകർന്നു പോയി. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ആകെ ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. ഇത്രയും ഒരു ആഘാതം ജീവിതത്തിൽ ഇതേ വരെ അനുഭവിച്ചിട്ടില്ല.  കുറെ തൈക്കിളവികൾ. വയറ് ചാടിയവർ,നര കയറിവർ  അങ്ങിനെ കുറെ പ്പേർ.ഇവരാണോ എൻറെ സഹപാഠിനികൾ? ഇതിനാണോ വന്നത്? അയ്യേ!  

 ഒരു വിദൂര രൂപം കണ്ടു. ശ്യാമളയാണോ അത് ?  എൻറെ പഴയ കാമുകി?  അറിയില്ല. മനസ്സ് വീണ്ടും തളർന്നു. ശ്യാമളയെയും സുരയ്യയെയും ഒന്നും  കാണാൻ കൂടുതൽ  നിന്നില്ല. അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. ആരെയും തിരിച്ചറിയാനോ പരിചയപ്പെടാനോ നിൽക്കാതെ   കോളേജിന്റെ പടികൾ ഇറങ്ങി ഓടി......

വിയർത്തു കുളിച്ചിരുന്നു. ഒന്ന് കൂടി ആ രംഗങ്ങൾ ഓർത്തു നോക്കാനുള്ള ശക്തി പോലും ഉണ്ടായില്ല. ആ ഇഛാഭംഗം മനസ്സിനെ അപ്പോഴും മഥിയ്ക്കുന്നുണ്ടായിരുന്നു.   ആലോചിച്ചു നിന്നില്ല. നേരം വെളുക്കാനും കാത്തു നിന്നില്ല. സുഹൃത്തിനെ വിളിച്ചു.  

" നമ്മുടെ സംഗമം വേണ്ട".
"ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്തോന്ന് സംഗമം? എന്താ? നീ സ്വപ്നം   വല്ലതും  കണ്ടോ?   എടാ അതേ  കുറേപ്പേരെ  വിളിച്ചു പറഞ്ഞല്ലോ". ഉറക്കച്ചടവോടെ അവൻ പറഞ്ഞു.
 "സാരമില്ല. ക്യാൻസൽ ചെയ്യ്‌". 
"കാര്യമെന്താ?"
" കാര്യമൊന്നുമില്ല. ക്യാൻസൽ ചെയ്യ്‌." 

മന സമാധാനത്തോടെ വീണ്ടും കിടക്കയിലേയ്ക്ക് വീണു. ശ്യാമളയുടെ അന്നത്തെ രൂപം മനസ്സിൽ കൊണ്ടു വരാനുള്ള ശ്രമത്തോടെ.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

മത പരിവർത്തനം

നിർബന്ധിത മത പരിവർത്തനം ആണ് ഈ രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയം. ഭാരതം ഒരു മതേതര രാഷ്ട്രം ആണ് എന്നാണ് ഭരണ ഘടന പറയുന്നത്. ഔദ്യോഗികമായി   മതമില്ലാത്ത രാഷ്ട്രം. എന്നാൽ ഈ രാജ്യത്ത്  അനേകം  മതങ്ങൾ  ഉണ്ട് അതിൽ വിശ്വസിയ്ക്കുന്ന ധരാളം ആളുകളും. ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ബുദ്ധ,   ജൈന തുടങ്ങി അനേകം മതങ്ങൾ. അനേകം വിശ്വാസികൾ.  ഓരോ ആൾക്കും ഇഷ്ട്ടപ്പെട്ട മതത്തിൽ വിശ്വസിയ്ക്കാനും അതിൻറെ വഴിയെ പോകാനുമുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം കുറെയൊക്കെ ദുരുപയോഗ പ്പെടുത്തുന്നു എന്നാണ് സംശയം. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാം മറ്റുള്ളവർക്ക് അസൌകര്യം ഉണ്ടാക്കിക്കൊണ്ട് റോഡിലൂടെ ഉള്ള ഘോഷയാത്ര ഒരു ചെറിയ ഉദാഹരണം മാത്രം.

ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറാനും അതിൽ വിശ്വസിയ്ക്കാനും ഏതൊരാൾക്കും ഈ ഇന്ത്യാ മഹാരാജ്യത്തിൽ സ്വാതന്ത്ര്യം ഉണ്ട്.  മത പരിവർത്തനം ചെയ്യുന്ന  ധാരാളം ആളുകൾ ഉണ്ട്. എന്താണ് ഇവർ ഇങ്ങിനെ മത പരിവർത്തനം നടത്തുന്നതിൻറെ കാരണം? നിലവിലുള്ള മതത്തിൻറെ ശ്രേഷ്ടതക്കുറവോ  അതിൽ തെറ്റുകൾ ഉള്ളത് കൊണ്ടോ അല്ല. അത് പോലെ മാറിപ്പോകുന്ന മതത്തിന്റെ  ശ്രേഷ്ടതക്കൂടുതൽ കൊണ്ടോ അതിൽ ശരി കൂടുതൽ ഉള്ളത് കൊണ്ടോ, ആ മതത്തിൽ വിശ്വാസം വരുന്നത് കൊണ്ടോ അല്ല.

 പുതുതായി ചേക്കേറുന്ന  മതം ജീവിയ്ക്കാനുള്ള വക കൂടുതൽ തരും എന്നുള്ളത് കൊണ്ട് മാത്രം ആണ് ആൾക്കാർ പോകുന്നത്.  അങ്ങിനെ വെറുതെ ചെന്ന് കേറിയാൽ ഒന്നും കിട്ടാനും പോകുന്നില്ല. അതിന്  ഇട നിലക്കാർ ഉണ്ട്. ഇടനിലക്കാർ ചിലപ്പോൾ മത അധികാരികൾ തന്നെ ആയിരിയ്ക്കും. അവർ ചെന്ന് മത മേലധികാരികളെ കണ്ട് പറയും. ഇങ്ങിനെ കുറേപ്പേർ വരാനുണ്ട്. അവർക്ക് വേണ്ടത് ചെയ്യണം. ഇടനിലക്കാരനും ഇതിന്റെ കമ്മീഷൻ ഉണ്ട്. അങ്ങിനെ പുതുതായി വരുന്നവർക്ക്,  പണം, വീട്, വസ്ത്രം,  ആഹാര സാധനങ്ങൾ  തുടങ്ങിയവ പ്രതിഫലമായി നൽകുന്നു. അരിയും വീട്ടു സാധനങ്ങളും മറ്റും തുടർച്ചയായി നൽകി ക്കൊണ്ടുമിരിയ്ക്കും, അവർ വിട്ടു തിരികെ പോകാതിരിയ്ക്കാൻ വേണ്ടി.

ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് ആരും വിശ്വാസം മാറുന്നത് കൊണ്ടോ, പുതിയ വിശ്വാസം ഉണ്ടാകുന്നത് കൊണ്ടോ അല്ല മതം മാറുന്നത് എന്നാണ്. എന്തെങ്കിലും കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ്. അതിൽ ബുദ്ധിയുള്ളവർ അൽപ്പം "ബാർഗെയിൻ" ചെയ്യും. കിട്ടുന്ന അവസരം പാഴാക്കേണ്ടല്ലോ. അതിനാൽ മതം മാറ്റത്തിന് പിന്നിൽ പണം ഉണ്ട് എന്നുള്ളത് സത്യമാണ്. അത് മാത്രമാണ് ലക്‌ഷ്യം എന്നുള്ളത് മാത്രമാണ് സത്യം.

പിന്നെ തോക്കിൻ മുനയിൽ നിർത്തി നടത്തുന്ന മതം മാറ്റം. അതിവിടെ വലുതായി നടക്കാറില്ല. തോക്ക് മാറുമ്പോൾ മതവും പഴയതാകും.

ഇനി മാതം മാറി കൂടുതൽ ആൾക്കാർ വന്നാൽ ആ മതങ്ങൾക്കുള്ള ഗുണം എന്താണ്? പ്രത്യേകിച്ച് ഒന്നുമില്ല. തങ്ങളുടെ മതത്തിൽ ആള് കൂടും എന്നുള്ളത് മാത്രം. മത മേലധികാരികളുടെ ശിഷ്യ ഗണങ്ങൾ ആയി, കുഞ്ഞാടുകളായി കുറേപ്പേരെ ക്കൂടി കിട്ടും എന്ന് മാത്രം. ചൂഷണം ചെയ്യാൻ കൂടുതൽ ആളുകളെ കിട്ടും എന്നുള്ള ഗുണം. വേറെ ഒന്നുമില്ല. അവിടെ ആൾക്കാർ കൂടിയെന്ന് വച്ച് മറ്റ് എന്ത് പ്രയോജനം ആണുള്ളത്? ഈ മത നേതാക്കൾ ആരും വിശ്വാസികളെ രക്ഷിയ്ക്കാൻ വേണ്ടി അല്ലല്ലോ ഭരിയ്ക്കുന്നത്.

ഈ പരിവർത്തനങ്ങളെ നിർബ്ബന്ധിതം എന്ന് വിളിയ്ക്കാമോ? ഇല്ല.    ഇവ  പ്രലോഭന മത പരിവർത്തനം ആണ്. 

കേരളത്തിൽ കൂടുതലും ഹിന്ദു മതത്തിൽ നിന്നും ആണ് ആൾക്കാർ മതം മാറുന്നത്. കാരണം ഹിന്ദു മതം മറ്റു മതങ്ങളെ പ്പോലെ ഒരു ചട്ടക്കൂടിൽ ഉള്ളതല്ല. നയിയ്ക്കാനും നിയന്ത്രിയ്ക്കാനും  മേലധികാരികളും ഇല്ല.   ഹിന്ദുവായി ജനിയ്ക്കുന്നു, ഹിന്ദുവായി ജീവിയ്ക്കുന്നു, ഹിന്ദുവായി മരിയ്ക്കുന്നു. യാതൊരു നിയന്ത്രണവുമില്ല. ക്രിസ്ത്യാനി ആണെങ്കിൽ മാമൊദീസ് മുക്കിയില്ലെങ്കിൽ ക്രിസ്ത്യാനി ആകുന്നില്ല. മത മേലധികാരികൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ, കല്യാണവും ഇല്ല, ചാകുമ്പോൾ തെമ്മാടി ക്കുഴിയിലും ആകും. മുസ്ലിമിന്റെ ഗതിയും ഇത് തന്നെ. മത മേലധ്യക്ഷന്മാരെ ധിക്കരിച്ചു സ്വന്തം വഴിയിലൂടെ പോകാൻ അവർക്ക് കഴിയില്ല. ക്രിസ്തുമതത്തിലേയ്ക്ക് കൂടുതൽ ആളുകൾ മാറുന്നതിന്റെ കാരണം പണം കിട്ടും കൂടാതെ  ചട്ടങ്ങൾ അത്ര കടുപ്പമല്ല. കുറച്ചൊക്കെ ധിക്കരിച്ചാലും അവസാനം ഒത്തു തീർപ്പാകാൻ എളുപ്പമാണ്. മുസ്ലിം മതത്തിലേയ്ക്ക് അങ്ങിനെ ആരും പോകില്ല. അത് വലിയ കട്ടിയാണ്. സ്വാതന്ത്ര്യം ഒന്നുമില്ല. വല്ല കല്യാണവും കഴിയ്ക്കുമ്പോൾ വരുന്ന നിർബന്ധിത മാറ്റം മാത്രമാണുള്ളത്. പിന്നെ ഇപ്പോൾ കേൾക്കുന്ന 'ലവ് ജിഹാദ്' പോലെ ഉള്ളവ.

ഇതൊക്കെയാണ് മത പരിവർത്തനങ്ങൾക്ക് പിറകിലുള്ള സത്യങ്ങൾ. രാഷ്ട്രീയ പാർട്ടികൾ അവസര വാദികൾ ആണ്. തരാതരം പോലെ നിറം മാറും. മാർക്സിസ്റ്റ് പാർട്ടിയെ നോക്കൂ. മത പരിവർത്തനം നിർത്തലാക്കാൻ ഉള്ള നിയമം കൊണ്ട് വരാൻ അവർ പിന്തുണയ്ക്കില്ല. പക്ഷെ ഹിന്ദു മതത്തിലോട്ടു പരിവർത്തനം നടത്തുന്നു എന്ന് പാർലമെന്റിൽ കിടന്ന് അലമുറയിടുന്നു. എല്ലാ രാഷ്ടീയ പാർട്ടികളും ഇത് പോലെ തന്നെ.

2014, ഡിസംബർ 21, ഞായറാഴ്‌ച

തൊമ്മനും ചാണ്ടിയും

'തൊമ്മൻ അയയുമ്പം ചാണ്ടി മുറുകും, ചാണ്ടി അയയുമ്പം തൊമ്മൻ മുറുകും' എന്നൊരു പഴഞ്ചൊല്ലുണ്ട്.   ഈ തൊമ്മനും ചാണ്ടിയും കളിയുടെ പുതിയ ''വേർഷൻ"കളിയാണ് നമ്മുടെ മദ്യ നയത്തിൽ നടക്കുന്നത്. 

 മദ്യ നയത്തിൽ  ചാണ്ടി ആദ്യം അയഞ്ഞു. അടഞ്ഞു കിടക്കുന്ന 418 ബാറുകളും തുറന്നു പ്രവർത്തിയ്ക്കണമെന്ന് ചാണ്ടി പറഞ്ഞു.   തൊമ്മൻ മുറുകി. അത് പറ്റില്ല എന്ന് പറഞ്ഞു. കണക്കനുസരിച്ച് അടുത്തതായി  ചാണ്ടി അയയണം. പക്ഷെ ഇത് പുതിയ കളി. ചാണ്ടി കുറെ ക്കൂടി മുറുകി. 418 ബാറുകൾ കൂടാതെ തുറന്നിരുന്ന 312 ബാറുകളും കൂടി അടച്ചു, ഞായറാഴ്ച മദ്യ വിമുക്ത ദിനമാക്കി.  തൊമ്മൻ അയഞ്ഞു.  അതാ ചാണ്ടിയും  അയയുന്നു. ഞായറാഴ്ചത്തെ  ഡ്രൈ ഡേ മാറ്റി. 418 ബാറുകൾക്കും ബീയർ -വൈൻ ലൈസൻസ് നൽകി. ക്ലബ്ബുകൾക്ക് തുടർന്നും മദ്യം വിൽക്കാം.   അങ്ങിനെ എല്ലാം വീണ്ടും അനുവദിച്ചു. തൊമ്മൻ അയഞ്ഞു.

പക്ഷേ മദ്യത്തിൻറെ ആജന്മ ശത്രുക്കളായ മുസ്ലിം ലീഗിനെയും വി.എം. സുധീരനെയും തോൽപ്പിയ്ക്കാൻ  ചാണ്ടിയ്ക്ക് കഴിയില്ല മക്കളെ. യു.ഡി.എഫ്. യോഗത്തിൽ ഈ രണ്ടു കൂട്ടരും വെള്ളം ചേർത്ത മദ്യ നയത്തെ ശക്തിയുക്തം പല്ലും നഖവും ( അത് കൊഴിഞ്ഞു പോയോ എന്ന് പരിശോധിക്കേണ്ടി ഇരിയ്ക്കുന്നു)  ഉപയോഗിച്ച് എതിർത്തു. എന്നിട്ട് തോറ്റു പോയ ചാണ്ടിയോട് പറഞ്ഞു, "വേണമെങ്കിൽ മന്ത്രി സഭയിൽ വച്ച് തീരുമാനം. എടുത്തോ". മന്ത്രി സഭാ യോഗം കൂടി. അവിടെയും ലീഗ് മന്ത്രിമാർ ശക്തി യുക്തം എതിർത്തു. എന്നിട്ട് പറഞ്ഞു,  "നയം മാറ്റിയ്ക്കോ, പക്ഷേ ഞങ്ങളുടെ വിയോജന കുറിപ്പ് ചേർക്കണം".  ചാണ്ടി സന്തോഷ പൂർവ്വം സമ്മതിച്ചു, നയവും മാറ്റി കൂടെ "മുസ്ലിം ലീഗിൻറെ ശക്തമായ എതിർപ്പ്" എന്ന് കൂടി ചേർത്തു. സംഭവം ശുഭം. സുധീരൻ എതിർത്തു, മുസ്ലിം ലീഗ് എതിർത്തു. അവർ ഹാപ്പി. പുതിയ നയം നടപ്പിലാക്കി, ബാബുവും, ചാണ്ടിയും,മാണിയും, ബാറുടമകളും  എല്ലാവരും  ഹാപ്പി. 

തങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഈ മുസ്ലിം ലീഗ് മന്ത്രിമാർക്ക് ഈ മന്ത്രി.  സഭയിൽ നിന്നും ഇറങ്ങിപ്പോയ്ക്കൂടെ? അതിനവർ  പറയുന്ന ന്യായം ഇതാണ്. ഇതൊരു കൂട്ടു മന്ത്രി സഭയാണ്. വലിയ കക്ഷി പറയുന്നത് അനുസരിയ്ക്കണം എന്ന്. അങ്ങിനെയെങ്കിൽ പിന്നെ അഭിപ്രായം പറയാൻ പോകുന്നത് എന്തിനാണ്? സ്വന്തം അഭിപ്രായം ഇ ല്ലാതെ കോണ്‍ഗ്രസ് പറയുന്നതും കേട്ട് ഇരുന്നു കൂടെ?

ഇതൊരു ജനാധിപത്യ വ്യവസ്ഥിതി ആണല്ലോ. ഇവിടെ ഭൂരിപക്ഷം ആണ് ഏറ്റവും പ്രധാനം. ഒരു വോട്ട് എങ്കിലും കൂടുതൽ കിട്ടിയ ആൾ ജയിയ്ക്കുന്നു. ഭൂരിപക്ഷം എം.എൽഎ. മാർ ഉള്ള പാർട്ടി അധികാരത്തിൽ വരുന്നു. ഭൂരിപക്ഷം പിന്തുണ ഉള്ള ആൾ മുഖ്യ മന്ത്രി ആകുന്നു. പിന്നെ ഈ മദ്യ നയത്തിൽ എന്ത് കൊണ്ട് ഭൂരിപക്ഷ അഭിപ്രായം കേട്ട് കൂടാ?  ഈ യു.ഡി.എഫ്. എം.എൽഎ. മാരിൽ പുതിയ മദ്യ നയത്തിനെ പിന്തുണയ്ക്കുന്നവർ എത്ര പേർ ഉണ്ടെന്ന് അറിയണം. ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കട്ടെ. അതിനായി പി.പി. തങ്കച്ചൻ ഇവരുടെ യോഗം വിളിച്ച് പരസ്യ വോട്ടെടുപ്പ് നടത്തട്ടെ. അപ്പോൾ കാര്യം അറിയാമല്ലോ. സുധീരൻ പറയുന്നതാണോ അതോ ഉമ്മൻ ചാണ്ടി പറയുന്നതാണോ സത്യം എന്ന്.


2014, ഡിസംബർ 20, ശനിയാഴ്‌ച

സംരക്ഷണം

"താറാവിനേയും കോഴിയേയും പേടി കൂടാതെ ഭക്ഷിയ്ക്കാം. ഇറച്ചി നന്നായി പാകം ചെയ്ത് കഴിച്ചാൽ മതി. ഒട്ടും പേടിയ്ക്കേണ്ട".

- മൃഗ സംരക്ഷണ വകുപ്പ്

റേഡിയോയിൽ സ്ഥിരം കേൾക്കുന്ന പരസ്യം അല്ലെ ഇത്.

എങ്ങിനെയുണ്ട്? 
 മനസ്സിലായില്ലേ?    
 ഈ പറയുന്നത് ആരാണെന്ന് നോക്കൂ. മൃഗ സംരക്ഷണ വകുപ്പ്. മൃഗങ്ങളെ സംരക്ഷിയ്ക്കേണ്ട വകുപ്പ്. അവരാണ് പറയുന്നത്. പക്ഷികളെ കൊന്നു തിന്നോളാൻ. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനൻ തന്നെ പറയുകയുണ്ടായി ഇറച്ചി സുരക്ഷിതമാണ്. കഴിച്ചോളൂ എന്ന്.

ഈ മന്ത്രിയുടെയും വകുപ്പിന്റെയും കീഴിൽ മൃഗങ്ങൾ എത്ര സുരക്ഷിതരാണ്‌ ?



2014, ഡിസംബർ 17, ബുധനാഴ്‌ച

സോളാർ

ഉമ്മൻ ചാണ്ടിയെ  ഒന്നാം സാക്ഷി ആക്കാൻ സോളാർ അന്വേഷണ കമ്മീഷൻ തീരുമാനിച്ചിരിയ്ക്കുന്നു.

ഒന്നാം പ്രതി ആക്കിയില്ല എങ്കിലും ഒന്നാം സാക്ഷി എങ്കിലും ആക്കിയല്ലോ. ഏതായാലും കാലാവധി തീരാറായപ്പോൾ ശിവരാജൻ കമ്മീഷൻ ഉഷാറായല്ലോ. ഈ കമ്മീഷൻ റിപ്പോർട്ട് ചവറ്റു കുട്ടയിൽ ഇട്ടാലും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. അത്രയേ ഉള്ളൂ ഇതിന്റെ വില. പക്ഷെ കാര്യ കാരണ സഹിതം, തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സത്യ സന്ധമായി റിപ്പോർട്ട് തയ്യാറാക്കിയാൽ അത് ഉമ്മൻ ചാണ്ടിയുടെ അവസാനം ആയിരിയ്ക്കും. കൂട്ട് നിന്ന മറ്റു മന്ത്രിമാരുടെയും.

അങ്ങിനെ കാര്യങ്ങൾ നീങ്ങട്ടെ. ഇനി നമുക്ക് ന്യായാധിപൻമാർ മാത്രമേ തുണ ആയുള്ളൂ.

2014, ഡിസംബർ 16, ചൊവ്വാഴ്ച

നിഷ്ടുരം

എന്താണിതിനെ വിളിയ്ക്കേണ്ടത്? ക്രൂരം എന്നോ? പൈശാചികം എന്നോ? നിഷ്ടുരം എന്നോ?  ഈ പ്രവൃത്തിയെ  വിശേഷിപ്പിയ്ക്കാൻ ലോകത്ത് ഒരു ഭാഷയിലും  ഒരു വാക്കും ഇല്ല. പിഞ്ചു കുഞ്ഞുങ്ങളെ നിരത്തി നിറുത്തി വെടി വച്ച് കൊല്ലുക. എങ്ങിനെ ഇതിന് ഇവർക്ക് മനസ്സ് വന്നു?

പാകിസ്ഥാനിലെ പെഷവാറിൽ തീവ്ര വാദികൾ തോക്കുകളും ആയുധങ്ങളും  കൊണ്ട്  ഒരു സ്കൂളിൽ ഇരച്ചു കയറി കുട്ടികളെയും അധ്യാപകരെയും ബന്ദികളാക്കി. അതിനു ശേഷം ആയിരുന്നു മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന ഈ കൊലപാതകം. അധ്യാപകരെ വിദ്യാർത്ഥികളുടെ മുൻപിൽ ജീവനോടെ ചുട്ടെരിച്ചു.അതിനു ശേഷം പിഞ്ചു കുഞ്ഞുങ്ങളെ നിരത്തി നിറുത്തി വെടി വച്ചു കൊന്നു. 

ആസ്ട്രേലിയയിൽ സിഡ്നിയിൽ ഒരു കാപ്പിക്കടയിൽ ഇത് പോലെ ഒരു സംഘം തീവ്ര വാദികൾ കയറി അവിടെ ഉണ്ടായിരുന്നവരെ ബന്ദികൾ ആക്കിയ സംഭവം നടന്നു മണിയ്ക്കൂറുകൾ ആയതേ ഒള്ളൂ. അവിടെ നടന്ന വെടി വെപ്പിൽ  അഞ്ചോ ആറോ പേർ മരിച്ചു.

ഇതാണ് ഇന്നത്തെ ലോകത്തിന്റെ സ്ഥിതി. ഭീകരർ ലോകത്തെങ്ങും വളരുകയും പടരുകയും ചെയ്യുകയാണ്.  ചില രാജ്യങ്ങളിലെ ഭരണ കൂടങ്ങൾ അതിനു ഒത്താശ ചെയ്യുന്നത് കൊണ്ടാണ് ഭീകര വാദം വളരുന്നതും ഭീകരർ ഉണ്ടാകുന്നതും. ഇപ്പോൾ ആക്രമണം നടന്ന പാകിസ്ഥാൻ  ഭീകരർക്ക്‌ പ്രവർത്തിയ്ക്കാൻ നല്ല വളക്കൂറുള്ള മണ്ണാണ്. ഭീകര വാദം അവർ നന്നായി പ്രോത്സാഹിപ്പിയ്ക്കുന്നു. ഭാരതത്തിനെതിരെ ആക്രമണം നടത്തുകയാണ് അവരുടെ ലക്ഷ്യം. 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്ന് തെളിഞ്ഞല്ലോ. അത് പോലെ ഭാരതത്തിൽ നടക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങൾക്കും പിന്നിൽ പാകിസ്ഥാൻ ആണ്. അവരുടെ സൈന്യം ആണ് ഈ ഭീകരർക്ക്‌ പരിശീലനം നൽകുന്നതും അതിർത്തി കടത്തി ഇങ്ങോട്ട് വിടുന്നതും. അത് പോലെ ഒരു രാജ്യമാണ് സൌദി അറേബ്യ. ഭീകര പ്രവർത്തകർക്ക് വൻ തോതിൽ പണം ആവശ്യമാണ്‌. സൌദിയും അത് പോലെയുള്ള രാജ്യങ്ങളും എണ്ണ വിറ്റു കിട്ടുന്ന പണം കൊണ്ട് സാമ്പത്തികമായി  വളരെ മുന്നോക്കം ആണ്. അവരാണ് ഈ ഭീകരരെ  സഹായിക്കുന്നത്.   ISI എന്ന സ്വന്തം ഭീകര സംഘടന പാകിസ്ഥാനുണ്ട്.  വാളെടുത്തവൻ വാളാലെ എന്ന് പറയുന്നത് പോലെ അവർ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്ക് അവർക്ക് തിരിച്ചടി കിട്ടിക്കൊണ്ടേ ഇരിയ്ക്കുന്നു. പക്ഷെ മനുഷ്യത്വം ഉള്ള നമുക്ക് അങ്ങിനെ പറഞ്ഞ് ഈ അരും  കൊലയെ ന്യായീകരിയ്ക്കാനൊ തള്ളിക്കളയാനോ  കഴിയില്ലല്ലോ.

മുസ്ലിം എന്നൊരു ലേബൽ ആണ് ഈ ഭീകരർക്ക്‌ എല്ലാം പൊതുവിൽ ഉള്ളത്. ഇന്ത്യൻ മുജാഹിദീൻ ആയാലും, ലഷ്കർ-ഇ-തോയിബ ആയാലും, താലിബാൻ ആയാലും, ഐ.എസ്. ആയാലും എല്ലാം മുസ്ലിം എന്ന  ലേബൽ ആണ്. എല്ലാവരും അല്ലായുടെ നാമത്തിൽ ആണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷെ മുസ്ലിങ്ങളെ തന്നെ കൊല്ലാൻ ഇവർക്ക് മടിയുമില്ല. പെഷവാറിൽ പാക് താലിബാൻ ഭീകരർ കൊന്ന കുഞ്ഞുങ്ങളും അധ്യാപകരും എല്ലാം മുസ്ലിങ്ങൾ ആണല്ലോ. ഏതാണിതിനു അർത്ഥം എന്ന് മനസ്സിലാകുന്നില്ല. ഇറാനിലും ഇറാക്കിലും നടന്നതും മറ്റൊന്നല്ലല്ലോ.

ബന്ദികൾ ആക്കിയ സ്ത്രീകളെ ബലാൽസംഗം ചെയ്യാമെന്ന് ഐ.എസ്. അടുത്തിടെ പ്രസ്താവന നടത്തുകയുണ്ടായി. പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ബലാൽസംഗം ചെയ്യാമെന്ന് അടുത്തിടെ അവർ ഇറക്കിയ നിർദ്ദേശങ്ങളിൽ അവരുടെ ഭീകരരോട് പറയുന്നു. ഏതുമതം ആണ്, ഏത് വിശ്വാസം ആണ് ഇതൊക്കെ അനുവദിയ്ക്കുന്നത്?


നമ്മുടെ നാട്ടിലും ഇത്തരം ഭീകര വാദികൾക്ക് മനസ്സാൽ എങ്കിലും പിന്തുണ നൽകുന്നവർ ഏറെയുണ്ട്. അങ്ങിനെ അവരോട് ഒരു മമതയും അനുകമ്പയും തോന്നുന്നവർ ആണ് ക്രമേണ ഭീകരർ ആയ്രി മാറുന്നത്.കേരളത്തിൽ നിന്നു തന്നെ ഇതേ പോലെ ഭീകര സംഘടന കളിൽ ചേർന്ന ധാരാളം ആൾക്കാർ ഉണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഐ.എസ്.  ന്  മനസ്സാ പിന്തുണയും അവരുടെ റ്റ്വിട്ടർ കൈകാര്യം ചെയ്യുകയും ചെയ്ത ഒരാളെ രണ്ടു ദിവസം മുൻപാണല്ലോ ബാംഗലൊരിൽ നിന്നും പിടിച്ചത്.

മുംബൈ ആക്രമണ പ്രതിയായ അധോ ലോക ഭീകരൻ  ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാനിൽ വച്ച് കൊല്ലാൻ ഉള്ള ഭാരതത്തിന്റെ പദ്ധതി വിജയത്തിൽ എത്തുന്നതിനു മിനിറ്റുകൾക്ക് മുൻപ്‌ അതു റദ്ദാക്കാൻ ആരോ നിർദ്ദേശം കൊടുത്തു എന്ന് ഒരു വാർത്ത അടുത്തിടെ വന്നല്ലോ. നമ്മുടെ ഇടയിലും ഭീകരരും അവരെ സഹായിയ്ക്കുന്നവരും ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണത്.

ലഷ്കർ-ഇ-തോയിബ, ഹിസ്ബ്-ഉൾ- മുജാഹിദീൻ, അൽ ബാദർ, ജെയിഷ്-ഇ-മൊഹമ്മദ്‌, ഹർക്കത്ത്-ഉൾ- മുജാഹിദീൻ, സിമി, ഹർക്കത്ത്-ഉൾ-ജിഹാദ്-അൽ -ഇസ്ലാമി,  ഇന്ത്യൻ മുജാഹിദീൻ, അൽ-ക്വൈദ, ഐ.എസ്. അങ്ങിനെ ലോകം മുഴുവൻ തീവ്രവാദി, ഭീകര  സംഘടനകൾ ആണ്. 

ഈ സംഘടനകൾ എല്ലാം ഇസ്ലാം മതത്തിൽ അധിഷ്ട്ടിതമായി നിൽക്കുന്നവയാണ്.  ഇസ്ലാമിനെ സംരക്ഷിയ്ക്കാനും ലോകം ഒരു ഇസ്ലാമിക സ്റേറ്റ് ആക്കാനും വേണ്ടിയാണ് ഇവർ പ്രവർത്തിയ്ക്കുന്നത് എന്നാണു ഇവർ തെറ്റിധരിപ്പിയ്ക്കുന്നത്. ഇസ്ലാമിനെ സംരക്ഷിയ്ക്കും എന്ന് പറയുന്നവർ ഇസ്ലാമിനെ കൊല്ലുമോ? ആക്രമണം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു തരം മാനസിക രോഗികൾ ആണിവർ. അവരുടെ വലയിൽ ആണ് മതത്തിന്റെ പേരിൽ പല ചെറുപ്പക്കാരും വീണു പോകുന്നത്. കേരളത്തിൽ സിമി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ വൻ തോതിൽ നടന്നല്ലോ.എന്താണിവർ നേടിയത്? 

മതത്തിന്റെയോ പണത്തിന്റെയോ പേരിൽ ഭീകരവാദികളോട് അനുകമ്പയും കൂറും പുലർത്തുന്നവർ  ഒന്ന് കൂടി ഇനിയെങ്കിലും ആലോചിയ്ക്കുക. ഒന്നുമറിയാത്ത നിഷ്ക്കളങ്കർ ആ  ഈ പിഞ്ചു കുഞ്ഞുങ്ങളെ നിർദ്ദയം വെടി വച്ച് കൊല്ലുന്നത് പോലുള്ള പ്രവൃത്തികൾക്കാണോ പിന്തുണ നൽകുന്നത് ?  

മൊഴി

മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ മൊഴി എടുക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ഭരത് പാരാശർ ഉത്തരവിട്ടിരിയ്ക്കുന്നു. ഇവിടെ  സി.ബി.ഐ. ആകെ വെട്ടിലായി  ഇരിയ്ക്കുകയാണ്. കൽക്കരി ഖനി അഴിമതി കേസിൽ   സുപ്രീം കോടതി പല തവണ പരോക്ഷമായി സൂചിപ്പിച്ചിട്ടും  മൻമോഹൻ ൻറെ മൊഴി എടുക്കുന്നതിൽ നിന്നും സി.ബി.ഐ. പതിയെ ഒഴിവാകുകയായിരുന്നു.  അത് കൊണ്ട് തന്നെയാണ് കേസ് അവസാനിപ്പിയ്ക്കാൻ  സി.ബി.ഐ. റിപ്പോർട്ട് കോടതി മുന്നേ ഫയൽ ചെയ്തത്.  ഇപ്പോഴിതാ വീണ്ടും പ്രശ്നം.





 ഒരിയ്ക്കലും വാ തുറക്കാത്ത മൻമോഹൻ സിംഗിന്റെ മൊഴി എങ്ങിനെ എടുക്കും?

2014, ഡിസംബർ 14, ഞായറാഴ്‌ച

മാവോയിസ്റ്റ്

നക്സലൈറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നും. Cold Blooded Murder. ഇപ്പോൾ മുസ്ലിം തീവ്രവാദികൾ വീഡിയോയിൽ പ്രദർശിപ്പിയ്ക്കുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങൾ.  1968-71 കാലഘട്ടം ആയിരുന്നു  കേരളത്തിൽ ഈ പ്രസ്ഥാനം അതിൻറെ പാരമ്യത്തിൽ എത്തിയത്.  പുൽപ്പള്ളി പോലീസ്  സ്റ്റെഷൻ ആക്രമണം. പിന്നെ  ജന്മിമാർ എന്ന പേരിൽ രണ്ടു പേരുടെ കൊലപാതകം. അക്കാലത്ത് ജനങ്ങളാകെ  പേടിച്ചാണ് കഴിഞ്ഞത്. ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു ജനങ്ങൾക്ക്‌. കാരണം ജന്മി എന്ന് പറഞ്ഞു കൊന്നത് സാ ധാരണക്കാരെ  ആയിരുന്നു. നക്സലുകളുടെ
 രീതി തെറ്റാണെന്ന് അവർക്ക് തന്നെ പതിയെ  ബോധ്യപ്പെട്ടു. ഫിലിപ്പ് എം. പ്രസാദ്, കുന്നിയ്ക്കൽ   നാരായണൻ,  അജിത തുടങ്ങി അതിൻറെ മുൻനിരയിൽ നിന്നവർ ഉൾപ്പടെ ആൾക്കാർ  ആ പ്രസ്ഥാനത്തിൽ  നിന്നും മാറുകയും അങ്ങിനെ കേരളത്തിൽ നക്സലിസം ഇല്ലാതായിത്തീരുകയും ചെയ്തു.

ഇപ്പോഴിതാ അതേ ബ്രാൻഡ് കമ്മ്യൂണിസം  മാവോയിസ്റ്റ് എന്ന പേരിൽ കേരളത്തിൽ തിരികെ വന്നിരിയ്ക്കുന്നു. വയനാടിലെ തിരുനെല്ലിയിലെ അഗ്രഹാരം എന്ന ഒരു റിസോർട്ട് നവംബർ 18 ന് ആക്രമണം നടത്തിയത് മാവോയിസ്റ്റ് ആണെന്ന് അവർ അവകാശപ്പെട്ടിരിയ്ക്കുന്നു. അതിന്  ഒരാഴ്ച   മുൻപ് നവംബർ 10 ന് എറണാകുളത്തെ നിറ്റാ ജെലാറ്റിൻ എന്ന ഫാക്ടറിയുടെ ഓഫീസിൽ രാവിലെ 9 പേരടങ്ങുന്ന ഒരു സംഘം കയറുകയും കുറെ നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അവർ വിതറിയ  കുറെ മാവോയിസ്റ്റ് ലഘു ലേഖകൾ അവിടെ നിന്നും കിട്ടുകയും ഉണ്ടായി. കുറച്ചു കൂടി കടന്ന്   ഡിസംബർ 7 ന് വയനാട്ടിലെ വെള്ളമുണ്ടയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ വെടി വയ്പ്പ് വരെ നടന്നു. ഇതാ അവിടവും കടന്ന് വീണ്ടും മുന്നോട്ടു പോയിരിയ്ക്കുന്നു. പോലീസും ബ്ലെയിഡ് മാഫിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണം അച്ചടിച്ച്‌ മാവോയിസ്റ്റ്കൾ "കാട്ടുതീ" എന്ന അവരുടെ  പ്രസിദ്ധീകരണത്തിൽ ഇട്ടിരിയ്ക്കുന്നു. വെള്ള മുണ്ട സ്റ്റെഷനിലെ ഒരു പോലീസുകാരൻ  നാസർ എന്ന പണം കടം കൊടുപ്പുകാരനു റെയിഡ്നെ പ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുന്ന ഫോണ്‍  സംഭാഷണങ്ങൾ എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. സർക്കാരും മാഫിയയും തമ്മിലുള്ള ഒരു ഒത്തു കളിയാണ് ഈ ഓപറേഷൻ കുബേര എന്നും അവർ പറയുന്നു. ഏറ്റവും അവസാനം മാവോയിസ്റ്റ്കൾ ജനങ്ങളോട് ഒരു അഭ്യർത്ഥനയും.  ബ്ലെയിഡ് മാഫിയയെ പറ്റിയുള്ള പരാതികൾ അവരെ അറിയിയ്ക്കുക, അവർ കൈകാര്യം ചെയ്തു കൊള്ളാം എന്ന്.  

പുലി വരുന്നേ എന്ന് വിളിച്ചതു പോലാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ഇടയ്ക്കിടെ 'നക്സൽ'  'മാവോയിസ്റ്റ്' എന്നെല്ലാം സർക്കാരും പോലീസും കൂടി കിടന്നു വിളിയ്ക്കും. ഈ മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സർക്കാർ വൻ തോതിൽ പണം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നുണ്ട്. അത് തട്ടിയെടുക്കാനാണ് ഇടയ്ക്കിടെ കേരള സർക്കാർ   മാവോയിസ്റ്റ് എന്ന് മുറവിളി കൂട്ടുന്നത്‌. ഖജനാവ് കാലിയാണ്. ഇങ്ങിനെയെങ്കിലും പത്ത് കാശ് കിട്ടുന്നെങ്കിൽ പോലീസിനെനെങ്കിലും ശമ്പളം നൽകാൻ  ആകുമല്ലോ.  തണ്ടർ ബോൾട്ട് എന്നൊരു പ്രത്യേക പോലീസ് സേനയും മാവോയിസ്റ്റ് വേട്ടയ്ക്ക് ഉണ്ട്. ഈ നില വിളിയ്ക്കപ്പുറം കാര്യമായി  സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് എല്ലാവർക്കും അറിയാം. സർക്കാരിനും അറിയാം. നിറ്റാ ജെലാറ്റിൻ കമ്പനി ആക്രമണവും റിസോർട്ട് ആക്രമണവും നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇത് വരെ ആരാണിത് ചെയ്തത് എന്ന് കണ്ടു പിടിയ്ക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. അതിന്റെ അന്വേഷണവും ഏതാണ്ട് നിറുത്തിയ മട്ടാണ്.

മാവോയിസ്റ്റ്കാരാകട്ടെ, പഴയ നക്സൽ ശൈലിയിൽ നിന്നും വിഭിന്നമായി  ജനകീയ പ്രശന്ങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്ക്‌ വേണ്ടി പോരാടുന്ന ഒരു പുതിയ ശൈലി ആണ് രൂപവൽക്കരിച്ചിരിയ്ക്കുന്നത്. അത് വളരെ ബുദ്ധിപരമായ ഒരു നീക്കമാണ്. 

ആദ്യം ഇവർ ആക്രമിച്ച നിറ്റ ജെലാറ്റിൻ കമ്പനിയുടെ പരിസര മലിനീകരണത്തിന് എതിരെ നാട്ടുകാർ വർഷങ്ങളായി സമരം ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. എല്ല് പൊടിയിൽ നിന്നും ജെലാറ്റിനും മറ്റും നിർമിയ്ക്കുകയാണ്, സർക്കാ രിന് കൂടി പങ്കുള്ള നിറ്റ ജെലാറ്റിൻ കമ്പനി. കാതിക്കുടത്ത് ഉള്ള ഈ ഫാകടറി ദിവസവും 200 ലക്ഷം ലിറ്റർ വെള്ളം ചാലക്കുടിപ്പുഴയിൽ നിന്നും എടുക്കുന്നു,  ഉപയോഗ ശേഷം  രാസ വസ്തുക്കൾ അടങ്ങിയ അത്രയും മലിനമായ  വെള്ളം തിരിച്ചു പുഴയിൽ ഒഴുക്കുന്നു. അത് പോലെ 130 ടണ്‍ എല്ലുപൊടി, 1,20,000 ലിറ്റർ ഹൈഡ്രോ ക്ലോറിക് ആസിഡ്, 20  ടണ്‍ കുമ്മായം തുടങ്ങിയവ ദിവസവും ഇവിടെ  ഉപയോഗിയ്ക്കുന്നു. ഇതിൻറെ ബാക്കിയെല്ലാം പുറത്തു തള്ളി അന്തരീക്ഷ മലിനീകരണവും, ജല മലിനീകരണവും നടത്തുന്നു എന്നാണ് ജനം പറയുന്നത്.സമരം കൊണ്ട് ഒരു പ്രയോജനം ഉണ്ടായില്ല എന്നും ഇപ്പോഴും പുഴയും കിണറും വായുവും മലിനമായി കൊണ്ടിരിയ്ക്കുന്നു എന്ന്  ആയിരക്കണക്കിന് നാട്ടുകാർ പറയുന്നു.

പിന്നെ മാവോയിസ്റ്റ്കളുടെ  ആക്രമണം റിസോർട്ടിനു നേരെ ആയിരുന്നു.  അനധികൃതമായി റിസോർട്ടുകൾ നിർമിച്ചു വനം മുഴുവൻ കയ്യേറുകയാണ് മാഫിയകൾ. ഇതെല്ലാം അധികാരികാളുടെ ഒത്താശയോടെ ആയതിനാൽ സർക്കാർ  ഭാഗത്ത്‌ നിന്നും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. മൂന്നാർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ റിസോർട്ട് മാഫിയാകളുടെ വനം കയ്യേറ്റം എന്നും വാർത്ത ആണല്ലോ. അത് പോലെയാണ് ഇവരുടെ നദി,കടൽ,കായൽ കയ്യേറ്റങ്ങൾ. അടുത്തിടെ ഒരു കായൽ കൈയ്യേറ്റം ഡി.എൽ.എഫ്. നടത്തിയത് മുഴുവൻ പൊളിച്ചു കളയാൻ ഹൈക്കോടതി ഉത്തരവിട്ടല്ലോ.

അതിനു ശേഷം ബ്ലെയിഡ് മാഫിയയെ ആണ് ഇവർ ഇപ്പോൾ നോട്ടമിട്ടിരിയ്ക്കുന്നത്. തുടക്കത്തിലുള്ള അൽപ്പം ശൌര്യം ഒഴിച്ചാൽ ഓപ്പറേഷൻ കുബേര ഒരു നാടകം പോലെയാണ് ജനങ്ങൾക്ക്‌ തോന്നുന്നത്. ബ്ലെയിഡ് മാഫിയ ഇവിടെ ഇപ്പോഴും സസുഖം വാഴുന്നു. അവരെ പേടിച്ച് ജനങ്ങൾ ആത്മഹത്യ ചെയ്യുകയാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ, പരിഹരിയ്ക്കാൻ സർക്കാർ താല്പ്പര്യപ്പെടാത്ത പ്രശ്നങ്ങൾ, അവയാണ് ഈ മാവോയിസ്റ്റ് കൾ ഏറ്റെടുക്കുന്നത്. അത് അവരുടെ ജന സ്വാധീനം വർദ്ധിപ്പിയ്ക്കും. അവരൊരു പരാതി പരിഹാര സംഘടന ആയി ഒരു ജനകീയ സംഘടന  ആകാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല.  ഒരു സമാന്തര സർക്കാർ പോലും ആയേക്കാം, അസ്സമിൽ ULFA എന്ന പോലെ.

ഇതിനെല്ലാം കാരണക്കാർ സർക്കാർ ആണ്. സർക്കാരിന്റെ അഴിമതിയും കേടു കാര്യസ്ഥതയും ആണ് ഇതിനു കാരണം. മാഫിയകളിൽ നിന്നും പണം പറ്റി ജനങ്ങളെ വഞ്ചിയ്ക്കുന്ന രാഷ്ട്രീയക്കാരാണ് ഇവിടെ മാവോയിസം വളരാൻ സഹായിയ്ക്കുന്നത്.

2014, ഡിസംബർ 13, ശനിയാഴ്‌ച

കവിത

ബ്ലോഗ്‌ ലോകത്ത് വന്നിട്ട് വർഷം കുറെ ആയി. അന്ന് തൊട്ടു ശ്രദ്ധിയ്ക്കുന്ന ഒരു കാര്യമാണ്  ബ്ലോഗിൽ കൂടുതലും കവിതകൾ ആണ്. കവികൾ ഏല്ലാവരും  പത്ര മാസികകൾ ഉപേക്ഷിച്ച്  ഇങ്ങു ബ്ലോഗുലകത്ത്‌ വന്നതാണോ എന്ന് ആദ്യം ഒന്നു സംശയിച്ചു. അതല്ല. കാരണം അവിടെ ഇപ്പോഴും ആളുണ്ട്. കൂടാതെ അവിടത്തുകാരെ അല്ല  ഇവിടെ കാണുന്നത്.  അപ്പോൾ കാര്യം  മനസ്സിലായി. ഈ  കവിത എഴുതുക എന്നത്‌ എളുപ്പമാണ്, അതാണ്‌ എല്ലാവരും കവിത എഴുതുന്നത്‌. അങ്ങിനെയെങ്കിൽ ആ രംഗത്തും ഒരു കൈ നോക്കിക്കളയാം എന്ന് വിചാരിച്ച് കവിത എഴുതി തുടങ്ങി. പ്രശ്നം ഒന്നും ഉണ്ടായില്ല ഭാഗ്യത്തിന്. ആ കവിതകൾ ബ്ലോഗിൽ ഒന്ന് കൂടി പ്രസിദ്ധീകരിച്ച് വീണ്ടും ഒരു കവി ആകാം എന്ന് വിചാരിച്ച് പഴയ കവിതകൾ തിരയുമ്പോൾ ആണ് ഇന്നത്തെ പത്രത്തിൽ അത്  കണ്ടത്.അതോടു കൂടി എല്ലാ ഊർജവും പോയി. ഇങ്ങിനെയൊന്ന് മനസ്സിൽ പോലും ആലോചിച്ചില്ല എന്ന് മനസ്സിൽ ഒരു കവിത കുറിച്ചു.



2014, ഡിസംബർ 12, വെള്ളിയാഴ്‌ച

പ്രത്യാഘാത പഠനം

ബഹുമാനപ്പെട്ട ഹൈക്കോടതിയ്ക്ക് മുന്നിൽ ''കേരള സർക്കാർ സ്ഥിരം നാടക വേദി'' യുടെ  മറ്റൊരു നാടകം അരങ്ങേറുകയാണ്. " പ്രത്യാഘാത പഠനം" എന്ന നാടകം.   കേരളത്തിന്റെ വിവിധ മേഖലകളിൽ സർക്കാരിന്റെ പുതിയ മദ്യ നയം വരുത്തിയ ആഘാതം എന്തെന്ന് കണ്ടു പിടിയ്ക്കാൻ സർക്കാർ പഠനം തുടങ്ങിക്കഴിഞ്ഞു എന്നാണ്  കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ കേരള  ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ആഘാത പഠനത്തിനായി  വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറിയെയും തൊഴിൽ വകുപ്പ് സെക്രട്ടറിയെയും ചുമതല പ്പെടുത്തിയിരിയ്ക്കുകയാണ്.

എന്നും കോടതികളെ കബളിപ്പിയ്ക്കാനും, കാലതാമസം വരുത്താനും, തന്ത്ര പൂർവ്വം  കേസുകൾ നീട്ടിക്കൊണ്ടു പോകാനും മനപൂർവം തീവ്രമായ  ശ്രമം നടത്തിയിട്ടുള്ളവരാണ് നമ്മുടെ സർക്കാരും അതിൻറെ നീതിന്യായ ഉപദേഷ്ട്ടാവായ  അഡ്വക്കേറ്റ് ജനറലും. പ്ലസ് 2 വിഷയത്തിൽ എന്തെല്ലാം നാടകങ്ങളാണ് കോടതിയിൽ നടന്നത്. കോടതി ചോദിച്ച  രേഖകൾ കൈമാറാൻ മനപൂർവം താമസിപ്പിച്ച സർക്കാർ. കയ്യിൽ  കിട്ടിയിട്ടും  രേഖകൾ നോക്കാൻ സമയം കിട്ടാതെ തെറ്റായ രേഖകൾ നൽകിയ  അഡ്വക്കേറ്റ് ജനറൽ.  കുറ്റം സ്വയം ഏറ്റെടുത്ത് കോടതിയുടെ കാലു പിടിച്ചാണ് അവസാനം  ശിക്ഷയിൽ  നിന്നും  അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണി അന്ന്  രക്ഷപെട്ടത്. എല്ലാ കേസുകളിലും ഇതാണ് സ്ഥിതി. സരിത-സോളാർ-സലിം രാജ്  കേസിലും ഇത് പോലെ എന്തെല്ലാം നാടകങ്ങൾ നടന്നു. എത്രെയെത്ര വിമർശനങ്ങളും പരാമർശങ്ങളും ആണ് സർക്കാരിനും മുഖ്യ മന്ത്രിയ്ക്കും  എതിരെ കോടതി നടത്തിയത്. സർക്കാർ കോടതിയ്ക്ക് മുന്നിൽ നടത്തുന്ന, തെറ്റായ വിവരം നൽകുന്നതും വിവരങ്ങൾ നൽകാതിരിയ്ക്കുന്നതുമായ  ഈ ഒളിച്ചു കളികൾ തെളിയിയ്ക്കുന്നത്  സർക്കാരിന് പലതും ഒളിച്ചു വയ്ക്കാൻ ഉണ്ടെന്നുള്ളത് തന്നെയാണ്.

മദ്യ നയത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിയ്ക്കുന്നത്. ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിൽ വൻ തോതിൽ അഴിമതി നടന്നുവെന്നും അങ്ങിനെ കോടികൾ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും കീശയിൽ വീണു എന്നുള്ളതും  കൊണ്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്ന  418 ബാറുകൾ അടഞ്ഞു തന്നെ കിടക്കട്ടെ,  തുറക്കേണ്ട എന്ന് കെ.പി.സി.സി. പ്രസിഡന്റ്റ് സുധീരൻ നിലപാട് എടുത്തത്‌. അത് സത്യമാണെന്ന് മന്ത്രി മാണിയുടെ പേരിൽ 1 കോടി കോഴ വാങ്ങിയതിന് കേസ് എടുത്തതിൽ നിന്നും തെളിഞ്ഞല്ലോ. വാങ്ങിയ പണവും  അവശേഷിയ്ക്കുന്ന നാണം, മാനം (അങ്ങിനെ ഒന്നുണ്ടോ?) എന്നിവയും കൈവിട്ടു  പോകും എന്ന ഗുരുതരമായ  സ്ഥിതി വന്നപ്പോഴാണ് സുധീരനെ ഒതുക്കാൻ   കേരളത്തിൻറെ മദ്യ നയം വൈദ്യരുടെ  കഷായ  കുറിപ്പടി പോലെ ഒരു തുണ്ട് കഷണം  കടലാസിൽ   മുഖ്യ മന്ത്രി അവതരിപ്പിച്ചത്.  തുറന്നിരുന്ന 312  ബാറുകളും കൂടി  അടയ്ക്കാൻ തീരുമാനിച്ച ആ തുണ്ട് പേപ്പർ ആണ്  കേരള സംസ്ഥാന ത്തിന്റെ ഇന്നത്തെ മദ്യ നയം.

സുധീരനെ ഒതുക്കാൻ  ഒരു ആലോചനയും കൂടാതെ ഒരു തുണ്ട് കടലാസിൽ എഴുതിയതും   ശരിയായി പഠിയ്ക്കാതെ  ഉണ്ടാക്കിയതും ആണ് ഈ മദ്യ  നയം എന്ന്,  പഠനം വേണമെന്ന്  ഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും ഇപ്പോൾ തെളിഞ്ഞല്ലോ. സാധാരണയായി സർക്കാർ  ഒരു നയം ഉണ്ടാക്കുമ്പോൾ അത് കൊണ്ടുണ്ടാകുന്ന ഗുണവും ദോഷവും എല്ലാം വ്യക്തമായി പഠിച്ച  ശേഷമാണ് നയ രൂപീകരണം നടക്കുന്നത്.  സുധീരനെ ഒതുക്കാൻ വേണ്ടി ധൃതിയിൽ   സാഹസം കാണിച്ചുവെങ്കിലും  ദിവസം കഴിയുന്തോറും അതിൻറെ   "പ്രത്യാഘാതം" മുഖ്യ മന്ത്രിയെ വേട്ടയാടി.  ബാറുകാരുടെയും, സഹ മന്ത്രിമാരുടെയും, മുന്നണി പാർട്ടികളുടെയും  സമ്മർദ്ദം മുഖ്യ മന്ത്രിയ്ക്ക് താങ്ങാൻ  കഴിയുന്നതിലും അധികമായി. മാണിയ്ക്ക് എതിരെ ഉന്നയിച്ചതു പോലുള്ള കോഴ ആരോപണം  മറ്റുള്ളവർക്ക് നേരെയും വരും എന്ന അബ്കാരി ഭീഷണിയും പേടിയും വേറെ. മറ്റു മന്ത്രിമാരും കോഴ വാങ്ങി എന്ന് ബിജു രമേശ്‌ അന്ന് പറയുക ഉണ്ടായല്ലോ.  അങ്ങിനെയാണ് "പ്രായോഗികാ വാദം" നിയമസഭയിൽ അവതരിപ്പിയ്ക്കാൻ മുഖ്യ മന്ത്രി നിർബന്ധിതൻ ആകുന്നത്.

1,86000 കോടിയുടെ കൽക്കരി ഖനി അഴിമതിയും 1,76000 കോടിയുടെ 2 ജി സ്പെക്ട്രം അഴിമതിയും നടത്തിയ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കൾക്കൊപ്പം തന്നെ നിർത്താവുന്ന കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ആണ് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. സോളാർ-സരിത അഴിമതി, പ്ലസ് -2 അഴിമതി, ടൈറ്റാനിയം അഴിമതി, ബാർ  അഴിമതി തുടങ്ങി  അസംഖ്യം അഴിമതികൾ അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.  ഇതെല്ലാം മൂടി വയ്ക്കുന്നതിനും തെളിവുകൾ നശിപ്പിയ്ക്കുന്നതിനും   ബൊഫോർസ് പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്  കോണ്‍ഗ്രസ്സ്കാർ. എത്ര ഭീകരമാണ്  അദ്ദേഹത്തിൻറെ  അഴിമതി എന്ന്  കണക്കുകൾ പുറത്തു വരുന്നത് വരെ കാത്തിരിയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂ.

അങ്ങിനെയുള്ള ശ്രീ ഉമ്മൻ ചാണ്ടി   കോടതിയിൽ സമർപ്പിയ്ക്കാനായി ഒരു പഠന റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ എന്തായിരിയ്ക്കും   അതിന്റെ ഉള്ളടക്കം എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും ഊഹിയ്ക്കാൻ കഴിയും. ഈ മദ്യ നയം വന്നത് മുതൽ കേരളത്തിലെ സമസ്ത മേഖലയും സ്തംഭിച്ചിരിയ്ക്കുക യാണെന്നും  ജനജീവിതത്തെ ആകമാനം പ്രതികൂലമായി ബാധിച്ചിരിയ്ക്കുക യാണെന്നും ബാർ മുതലാളിമാരോടൊപ്പം ജനങ്ങളും ആകെ ദുഖിതർ ആണെന്നും ആയിരിയ്ക്കും ആ  "പ്രത്യാഘാത പഠന റിപ്പോർട്ട്" എന്ന് തീർച്ച. അങ്ങിനെ ഒരു ചിത്രം കോടതിയ്ക്ക് മുന്നിൽ അവതരിപ്പിച്ച് കോടതിയിൽ നിന്നും ബാറുകൾ എല്ലാം തുറക്കാൻ ഒരു വിധി വാങ്ങി എല്ലാം കോടതി പറഞ്ഞിട്ടാണ്  എന്ന് പറഞ്ഞ് തടിയൂരി, സുധീരനെ തോൽപ്പിച്ച് പഴയത്‌  പോലെ 418 ബാറുകൾ കൂടി തുറന്നു പ്രവർത്തിപ്പിയ്ക്കാനുള്ള ഒരു തന്ത്രം ആണിത് എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.

ഏതായാലും പഠനം നടത്താൻ കോടതി കൂടി അനുമതി നൽകിയ സാഹചര്യത്തിൽ ഈ പഠനം  നടത്തുമ്പോൾ പരിഗണിയ്ക്കേണ്ട കാര്യങ്ങൾ ജനങ്ങൾ കൂടി അറിഞ്ഞിരിയ്ക്കേണ്ടതും ജനങ്ങളുടെ  അഭിപ്രായങ്ങൾ   കൂടി പരിഗണിയ്ക്കപ്പെടെണ്ടതും ആണ്. ഈ പഠനത്തിൽ എന്തൊക്കെ പരിശോധിയ്ക്കണം എന്ന് നോക്കാം.

1. നികുതി വരുമാനത്തിലെ കുറവ് വിഷയമാക്കേണ്ട കാര്യമില്ല. കാരണം അത് ഒരു പ്രശ്നമേ  അല്ല എന്ന് മുഖ്യ മന്ത്രിയും ധന മന്ത്രിയും മദ്യ മന്ത്രിയും പല തവണ പറഞ്ഞിട്ടുണ്ട്. കൂടാതെ വില വർധനവ്‌ കൊണ്ട് വരുമാന വർധന ഉണ്ടെന്നു കൂടി മദ്യ മന്ത്രി പറഞ്ഞിട്ടുണ്ട്. കിട്ടുന്ന പണത്തിൽ ഒരു പങ്ക് മദ്യതിനെതിരായ ബോധ വൽക്കരണത്തിന് ഉപയോഗിയ്ക്കുന്നും ഉണ്ട്.

2.   മദ്യത്തിൻറെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് മദ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ( ടി.എൻ. പ്രതാപൻ പറഞ്ഞപ്പോൾ ബീവറേജസ്കാര് ഇത്തരത്തിലുള്ള തിരുത്തൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടും ഉണ്ട്). മദ്യ ഉപഭോഗം ഘട്ടം ഘട്ടം ആയി കുറയ്ക്കുക ആണല്ലോ സർക്കാരിന്റെ ഉദ്ദേശ ലക്ഷ്യം. മദ്യ നയം കൊണ്ട് അത് സാധിയ്ക്കുകയും ചെയ്യുന്നു എന്ന് കണക്കുകളും മന്ത്രിയും പറയുന്നു.

3. ടൂറിസം മേഖലയെ ഇത് പ്രതികൂലമായി ബാധിയ്ക്കുന്നു എന്നാണ്   ഒരു വാദം. ടൂറിസ്റ്റ്കൾ മദ്യപിയ്ക്കാൻ അല്ല ഇവിടെ വരുന്നത് എന്ന   സത്യം എല്ലാവർക്കും അറിയാം. ഇവിടത്തെ കാഴ്ചകൾ കാണാനും ഇവിടത്തെ സംസ്കാരം മനസ്സിലാക്കാനും അതോടൊപ്പം കഴിയാനുമാണ് അവർ വരുന്നത്. ഇവിടെ മദ്യ നിയന്ത്രണം ഉണ്ടെങ്കിൽ അതിനനുസരിച്ച് ജീവിയ്ക്കാൻ അവർ തയ്യാറുമാണ്.  "അയൽവാസിയുടെ  വിസർജ്യം പ്രതീക്ഷിച്ചു  വേണോ  പട്ടിയെ വളർത്താൻ"  എന്ന പഴഞ്ചൊല്ല് പോലെ വിദേശിയുടെ കീശയിലെ പണം കണ്ടു വേണോ നമ്മൾ നമ്മുടെ ടൂറിസം  നയം രൂപീകരിയ്ക്കേണ്ടത് ?

4. ഇനി ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞോ എന്ന് അറിയുന്നത് നിർബന്ധം ആണെങ്കിൽ അതിൻറെ യാഥാർത്യ ബോധത്തോടെയുള്ള  കണക്കെടുക്കുക. 418 ബാറുകൾ 2014 ഏപ്രിൽ 1 മുതൽ അടഞ്ഞു കിടക്കുകയാണ്. അന്ന് മുതൽ ഡിസംബർ 1 വരെ 9 മാസം കേരളത്തിൽ എത്തിയ ടൂറിസ്റ്റ് കളുടെ എണ്ണവും അതേ കാലയളവിൽ കഴിഞ്ഞ വർഷം (2013) എത്തിയ  ടൂറിസ്റ്റ് കളുടെ എണ്ണവും,  തുറന്നു കിടന്ന ബാറുകളുടെ കണക്ക് ആനുപാതികമായി കുറച്ചതിന് ശേഷം, താരതമ്യം ചെയ്തു നോക്കുക. എന്നാലല്ലേ അറിയാൻ കഴിയൂ ബാർ അടച്ചതിനാൽ  ടൂറിസ്റ്റ്കൾ കുറഞ്ഞോ എന്ന്. അത് പോലെ എല്ലാ ബാറുകളും അടഞ്ഞു കിടന്ന സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 31 വരെയുള്ള കണക്കുകളും ഇത്തരത്തിൽ പരിശോധിയ്ക്കുക. മദ്യ നയം കൊണ്ട് ടൂറിസത്തിൽ എന്ത് വ്യത്യാസം വന്നൂ എന്ന് മനസ്സിലാക്കാം.

5. മദ്യ ലൈസൻസ് ഇല്ലാത്ത ഹൌസ് ബോട്ട് കാരും മറ്റു ഹോട്ടൽ കാരുടെയും    പ്രസ്താവനകൾ, കണക്കുകളുടെ പിൻ ബലമില്ലാത്തവ,  പരിഗണിയ്ക്കേണ്ട ആവശ്യമില്ലല്ലോ.

6.  ഒരു  ലക്ഷത്തിൽ കൂടുതൽ ആൾക്കാർക്ക് തൊഴിൽ നഷ്ട്ടപ്പെടും എന്നാണ് പ്രചരിയ്ക്കുന്നത്. അത് തെറ്റായ, ഊതി വീർപ്പിച്ച കണക്കാണ്. കാരണം അങ്ങിനെയെങ്കിൽ  ഒരു ബാറിൽ   150  ജോലിക്കാർ വരും. സാധാരണയായി ഒരു ബാറിൽ ഏറ്റവും കൂടിയത് 25  ജോലിക്കാർ ശരാശരി വച്ച് കണക്കാക്കിയാൽ മൊത്തം  750 ബാറുകൾക്ക് 18750 ജോലിക്കാർ മാത്രമേ വരുകയുള്ളൂ. 

7 . ബാറുകൾ പൂട്ടുന്നതിനാൽ  തൊഴിലാളികൾ തൊഴിൽ രഹിതർ ആകുന്നു എന്നതാണ് ഒരു പ്രശ്നം ആയി ഉയർത്തിക്കാട്ടുന്നത്. ബാർ തൊഴിലാളികൾ  വിദഗ്ദ്ധ തൊഴിലാളികൾ എന്ന വിഭാഗത്തിൽ വരുന്നവരല്ല. അതായത്  പരിശീലനം ആവശ്യമുള്ള   വെൽഡർ, ഇലക്ട്രീഷ്യൻ, പ്ലംബർ, എന്നിവരെപ്പോലെ     അല്ല എന്നർത്ഥം.  മദ്യം ഒഴിച്ചു കൊടുക്കുക,   കുടിയ്ക്കുന്നവരുടെ മേശയിൽ  മദ്യവും മറ്റ്  സാധനങ്ങളും കൊണ്ടുക്കൊടുക്കുക,  അടുക്കളയിൽ തീറ്റ സാധനങ്ങൾ ഉണ്ടാക്കുക, മേശയും പാത്രങ്ങളും വൃത്തിയാക്കുക  എന്നീ ജോലികൾ ആണ് ബാറുകളിൽ ഉള്ളത്. അതിനാൽ സ്കിൽഡ് ലേബർ അല്ലാത്ത  ഇവരുടെ പുനരധിവാസം എന്നത് ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരു പ്രക്രിയ ആണ്. ബാറില്ലാത്ത മറ്റേത് ഹോട്ടലുകളിലും ഇവർക്ക് ഇത് പോലത്തെ ജോലി ചെയ്യാം. ( മദ്യം ഒഴിച്ച് കൊടുക്കുന്നത് ഒഴിച്ച്).

7. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ  തൊഴിൽ മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയിൽ വച്ച "ഡൊമസ്ടിക് മൈഗ്രന്റ് ലേബർ ഇൻ കേരള" എന്ന പഠന റിപ്പോർട്ട് പ്രകാരം 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ആണ് കേരളത്തിൽ ഉള്ളത്. ഓരോ വർഷവും 2.35 ലക്ഷം ആൾക്കാർ വന്നു കൊണ്ടും ഇരിയ്ക്കുന്നു. ഇതിൽ കുറഞ്ഞത്‌  10 ശതമാനം പേർ എങ്കിലും ഹോട്ടലുകളിൽ ആണ് ജോലി ചെയ്യുന്നു.  അതായത്  ഒരു മൂന്നു ലക്ഷം മറ്റു  സംസ്ഥാനക്കാർ ആണ് കേരളത്തിലെ ചെറുതും വലുതും ആയ ഹോട്ടലുകളിലും റെസ്റ്റാരന്ടുകളിലും  ജോലി ചെയ്യുന്നു. മിക്കവാറും ബാറുകളിലും വിളമ്പാനും അടുക്കളയിലും പകുതിയിലേറെ  മറ്റു സംസ്ഥാന തൊഴിലാളികൾ ആണുള്ളത്. ഇവിടെ ജോലിക്കാർ ലഭ്യമല്ലാത്തത് കൊണ്ടാണല്ലോ പുറത്തു നിന്നും ആളുകൾ വന്നത്. അത് കൊണ്ട് ബാർ പൂട്ടൽ മൂലം തൊഴിൽ നഷ്ട്ടപ്പെടുന്ന 18750 പേർക്ക്  മറ്റു  ഹോട്ടലുകളിലും റെസ്റ്റാരന്ടുകളിലും ജോലി കിട്ടാൻ യാതൊരു പ്രയാസവും ഉണ്ടാകില്ല എന്നു കാണാം. 

ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്ത് വസ്തു നിഷ്ടമായ ഒരു റിപ്പോർട്ട് ആയിരിയ്ക്കും കോടതിയ്ക്ക് മുന്നിൽ സർക്കാർ സമർപ്പിയ്ക്കുക എന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

2014, ഡിസംബർ 10, ബുധനാഴ്‌ച

സ്ത്രീ വിമോചനം

ശ്വേതയെ കോടതി പൂർണ കുറ്റ വിമുക്ത ആക്കിയിരിയ്ക്കുന്നു. ദേശീയ അവാർഡ് നേടിയ ശ്വേത പ്രസാദ് എന്ന സിനിമ നടി, വ്യഭിചാര കുറ്റം ചുമത്തി ഈ ആഗസ്റ്റ്‌ 31 ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നല്ലോ.   രണ്ടു മാസം ജയിലിൽ ആയിരുന്നു.  ഡിസംബർ 6 ന്  ഹൈദരാബാദ് മെട്രോപോളിറ്റൻ സെഷൻസ്    കോടതി 'ക്ലീൻ ചിറ്റ്' ആണ് ശ്വേതയ്ക്ക് നൽകിയത്.


Image result for shweta prasad




ശ്വേതയ്ക്ക് ഒപ്പം ചില പ്രമുഖ ബിസിനസ് കാരെയും പിടിച്ചു എന്ന് അന്ന് വാർത്ത ഉണ്ടായിരുന്നു. അതിനു ശേഷം അവരെ പറ്റി യാതൊന്നും കേൾക്കാനില്ല. ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്റ്റ് പ്രകാരം ആണല്ലോ കേസ് എടുക്കുന്നത്. അങ്ങിനെയെങ്കിൽ അതിൽ ഉൾപ്പെട്ട ആണുങ്ങളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല? ആ നിയമത്തിൽ അതിനും വകുപ്പുണ്ട്.സെക്ഷൻ 5 C.  
ഇത് ആദ്യത്തെ സംഭവം അല്ലല്ലോ. സൂര്യനെല്ലി കേസിലെ പ്രതികൾ സ്വതന്ത്രമായി ആസ്വദിച്ചു കഴിയുന്നു. അത് പോലെ വിതുര കേസ്. അങ്ങിനെ എത്രയെത്ര കേസുകൾ. ഐസ് ക്രീം കേസിലെ രക്ഷപ്പെട്ട ഒരു  പ്രധാന പ്രതി ഇപ്പോൾ പറയുകകയാണ്, ഈ ചുംബന സമരം കാലത്തിൻറെ മാറ്റം ആണ്. അത് വേണം എന്ന്. സൗകര്യം ആയല്ലോ. ഇനി മറ്റേതു കൂടി പബ്ലിക് ആക്കിയാൽ ആശാന് വയസ്സ് കാലത്ത് ഇത് പോലെ മന്ത്രി മന്ദിരത്തിലും കാര്യം നടത്താമല്ലോ.

ഇതിനെതിരെയുള്ള പ്രതികരണങ്ങളും പ്രവർത്തനങ്ങളും അജിത പോലുള്ള സ്ത്രീകളിലും പിന്നെ ചില സന്നദ്ധ സംഘടനകളിലും ഒതുങ്ങി നിൽക്കുകയാണ്. സ്ത്രീ സമൂഹം ഇതിനെതിരെ എപ്പോഴും മൗനം   പാലിയ്ക്കുകയാണ്.  എനിയ്ക്ക് സംഭവിച്ചില്ലല്ലോ പിന്നെന്തിന് ഇടപെടണം എന്ന നമ്മുടെ സ്വാർത്ഥ ചിന്ത.  ഇവിടെ ശ്വേത യെ സഹായിയ്ക്കാൻ ആരുമില്ലാതായി.  ഇതിൽ ഉൾപ്പെട്ട ആണുങ്ങളെ എന്ത് കൊണ്ട് എക്സ്പൊസ് ചെയ്തില്ല? സ്ത്രീ വിമോചനം എന്നെല്ലാം പറഞ്ഞ് കുറെ പ്പേർ നടക്കുന്നല്ലോ. അവർക്കാർക്കും ഇതിലൊന്നും ചെയ്യാനില്ലേ?

ഇതിൽ ഉൾപ്പെട്ട പുരുഷന്മാരുടെ പേര് പുറത്തു കൊണ്ടു വരണം എന്ന് ഒരൊറ്റ സ്ത്രീയും പറയാത്തത് എന്താണ്?ഡൽഹിയിൽ അന്ന് നടന്ന ബലാൽസംഗത്തി നെതിരെ രാജ്യം ആകെ, പ്രത്യേകിച്ചും   സ്തീ സമൂഹം പ്രതികരിച്ചതിന്റെ ഒരു പ്രയോജനം നാം കണ്ടതാണല്ലോ. ഇവിടെ      ബലാൽസംഗത്തിന് വിധേയമാകുന്ന പെണ്‍കുട്ടിയെ കാണാനും ആസ്വദിയ്ക്കാനും അവളെ പഴി ചാരാനും ആണ് നമ്മുടെ താൽപ്പര്യം. അത് ചെയ്ത പുരുഷന്മാരെ വീര പുരുഷനായി കാണാൻ ആണ്‍ സമൂഹവും. അത് കൊണ്ടാണ് കുഞ്ഞാലിയും കുരിയനും ഗണേശനും ഒക്കെ ഇവിടെ സസുഖം വാഴുന്നത്. സമൂഹത്തെ നോക്കി പുച്ഛത്തോടെ   ചിരിച്ചു കൊണ്ട്. 


 ഫേസ് ബുക്ക്,ബ്ലോഗ്‌,റ്റ്വിറ്റർ അങ്ങിനെ എത്രയെത്ര സ്വതന്ത്ര മാധ്യമങ്ങൾ സൌകര്യമായി ഓരോ വ്യക്തിയുടെ കൈപ്പിടിയിൽ ഉണ്ട്. എന്നിട്ടും സ്ത്രീകൾ എന്ത് കൊണ്ട്  പ്രതികരിയ്ക്കുന്നില്ല!