2014, ഡിസംബർ 16, ചൊവ്വാഴ്ച

നിഷ്ടുരം

എന്താണിതിനെ വിളിയ്ക്കേണ്ടത്? ക്രൂരം എന്നോ? പൈശാചികം എന്നോ? നിഷ്ടുരം എന്നോ?  ഈ പ്രവൃത്തിയെ  വിശേഷിപ്പിയ്ക്കാൻ ലോകത്ത് ഒരു ഭാഷയിലും  ഒരു വാക്കും ഇല്ല. പിഞ്ചു കുഞ്ഞുങ്ങളെ നിരത്തി നിറുത്തി വെടി വച്ച് കൊല്ലുക. എങ്ങിനെ ഇതിന് ഇവർക്ക് മനസ്സ് വന്നു?

പാകിസ്ഥാനിലെ പെഷവാറിൽ തീവ്ര വാദികൾ തോക്കുകളും ആയുധങ്ങളും  കൊണ്ട്  ഒരു സ്കൂളിൽ ഇരച്ചു കയറി കുട്ടികളെയും അധ്യാപകരെയും ബന്ദികളാക്കി. അതിനു ശേഷം ആയിരുന്നു മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന ഈ കൊലപാതകം. അധ്യാപകരെ വിദ്യാർത്ഥികളുടെ മുൻപിൽ ജീവനോടെ ചുട്ടെരിച്ചു.അതിനു ശേഷം പിഞ്ചു കുഞ്ഞുങ്ങളെ നിരത്തി നിറുത്തി വെടി വച്ചു കൊന്നു. 

ആസ്ട്രേലിയയിൽ സിഡ്നിയിൽ ഒരു കാപ്പിക്കടയിൽ ഇത് പോലെ ഒരു സംഘം തീവ്ര വാദികൾ കയറി അവിടെ ഉണ്ടായിരുന്നവരെ ബന്ദികൾ ആക്കിയ സംഭവം നടന്നു മണിയ്ക്കൂറുകൾ ആയതേ ഒള്ളൂ. അവിടെ നടന്ന വെടി വെപ്പിൽ  അഞ്ചോ ആറോ പേർ മരിച്ചു.

ഇതാണ് ഇന്നത്തെ ലോകത്തിന്റെ സ്ഥിതി. ഭീകരർ ലോകത്തെങ്ങും വളരുകയും പടരുകയും ചെയ്യുകയാണ്.  ചില രാജ്യങ്ങളിലെ ഭരണ കൂടങ്ങൾ അതിനു ഒത്താശ ചെയ്യുന്നത് കൊണ്ടാണ് ഭീകര വാദം വളരുന്നതും ഭീകരർ ഉണ്ടാകുന്നതും. ഇപ്പോൾ ആക്രമണം നടന്ന പാകിസ്ഥാൻ  ഭീകരർക്ക്‌ പ്രവർത്തിയ്ക്കാൻ നല്ല വളക്കൂറുള്ള മണ്ണാണ്. ഭീകര വാദം അവർ നന്നായി പ്രോത്സാഹിപ്പിയ്ക്കുന്നു. ഭാരതത്തിനെതിരെ ആക്രമണം നടത്തുകയാണ് അവരുടെ ലക്ഷ്യം. 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്ന് തെളിഞ്ഞല്ലോ. അത് പോലെ ഭാരതത്തിൽ നടക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങൾക്കും പിന്നിൽ പാകിസ്ഥാൻ ആണ്. അവരുടെ സൈന്യം ആണ് ഈ ഭീകരർക്ക്‌ പരിശീലനം നൽകുന്നതും അതിർത്തി കടത്തി ഇങ്ങോട്ട് വിടുന്നതും. അത് പോലെ ഒരു രാജ്യമാണ് സൌദി അറേബ്യ. ഭീകര പ്രവർത്തകർക്ക് വൻ തോതിൽ പണം ആവശ്യമാണ്‌. സൌദിയും അത് പോലെയുള്ള രാജ്യങ്ങളും എണ്ണ വിറ്റു കിട്ടുന്ന പണം കൊണ്ട് സാമ്പത്തികമായി  വളരെ മുന്നോക്കം ആണ്. അവരാണ് ഈ ഭീകരരെ  സഹായിക്കുന്നത്.   ISI എന്ന സ്വന്തം ഭീകര സംഘടന പാകിസ്ഥാനുണ്ട്.  വാളെടുത്തവൻ വാളാലെ എന്ന് പറയുന്നത് പോലെ അവർ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്ക് അവർക്ക് തിരിച്ചടി കിട്ടിക്കൊണ്ടേ ഇരിയ്ക്കുന്നു. പക്ഷെ മനുഷ്യത്വം ഉള്ള നമുക്ക് അങ്ങിനെ പറഞ്ഞ് ഈ അരും  കൊലയെ ന്യായീകരിയ്ക്കാനൊ തള്ളിക്കളയാനോ  കഴിയില്ലല്ലോ.

മുസ്ലിം എന്നൊരു ലേബൽ ആണ് ഈ ഭീകരർക്ക്‌ എല്ലാം പൊതുവിൽ ഉള്ളത്. ഇന്ത്യൻ മുജാഹിദീൻ ആയാലും, ലഷ്കർ-ഇ-തോയിബ ആയാലും, താലിബാൻ ആയാലും, ഐ.എസ്. ആയാലും എല്ലാം മുസ്ലിം എന്ന  ലേബൽ ആണ്. എല്ലാവരും അല്ലായുടെ നാമത്തിൽ ആണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷെ മുസ്ലിങ്ങളെ തന്നെ കൊല്ലാൻ ഇവർക്ക് മടിയുമില്ല. പെഷവാറിൽ പാക് താലിബാൻ ഭീകരർ കൊന്ന കുഞ്ഞുങ്ങളും അധ്യാപകരും എല്ലാം മുസ്ലിങ്ങൾ ആണല്ലോ. ഏതാണിതിനു അർത്ഥം എന്ന് മനസ്സിലാകുന്നില്ല. ഇറാനിലും ഇറാക്കിലും നടന്നതും മറ്റൊന്നല്ലല്ലോ.

ബന്ദികൾ ആക്കിയ സ്ത്രീകളെ ബലാൽസംഗം ചെയ്യാമെന്ന് ഐ.എസ്. അടുത്തിടെ പ്രസ്താവന നടത്തുകയുണ്ടായി. പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ബലാൽസംഗം ചെയ്യാമെന്ന് അടുത്തിടെ അവർ ഇറക്കിയ നിർദ്ദേശങ്ങളിൽ അവരുടെ ഭീകരരോട് പറയുന്നു. ഏതുമതം ആണ്, ഏത് വിശ്വാസം ആണ് ഇതൊക്കെ അനുവദിയ്ക്കുന്നത്?


നമ്മുടെ നാട്ടിലും ഇത്തരം ഭീകര വാദികൾക്ക് മനസ്സാൽ എങ്കിലും പിന്തുണ നൽകുന്നവർ ഏറെയുണ്ട്. അങ്ങിനെ അവരോട് ഒരു മമതയും അനുകമ്പയും തോന്നുന്നവർ ആണ് ക്രമേണ ഭീകരർ ആയ്രി മാറുന്നത്.കേരളത്തിൽ നിന്നു തന്നെ ഇതേ പോലെ ഭീകര സംഘടന കളിൽ ചേർന്ന ധാരാളം ആൾക്കാർ ഉണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഐ.എസ്.  ന്  മനസ്സാ പിന്തുണയും അവരുടെ റ്റ്വിട്ടർ കൈകാര്യം ചെയ്യുകയും ചെയ്ത ഒരാളെ രണ്ടു ദിവസം മുൻപാണല്ലോ ബാംഗലൊരിൽ നിന്നും പിടിച്ചത്.

മുംബൈ ആക്രമണ പ്രതിയായ അധോ ലോക ഭീകരൻ  ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാനിൽ വച്ച് കൊല്ലാൻ ഉള്ള ഭാരതത്തിന്റെ പദ്ധതി വിജയത്തിൽ എത്തുന്നതിനു മിനിറ്റുകൾക്ക് മുൻപ്‌ അതു റദ്ദാക്കാൻ ആരോ നിർദ്ദേശം കൊടുത്തു എന്ന് ഒരു വാർത്ത അടുത്തിടെ വന്നല്ലോ. നമ്മുടെ ഇടയിലും ഭീകരരും അവരെ സഹായിയ്ക്കുന്നവരും ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണത്.

ലഷ്കർ-ഇ-തോയിബ, ഹിസ്ബ്-ഉൾ- മുജാഹിദീൻ, അൽ ബാദർ, ജെയിഷ്-ഇ-മൊഹമ്മദ്‌, ഹർക്കത്ത്-ഉൾ- മുജാഹിദീൻ, സിമി, ഹർക്കത്ത്-ഉൾ-ജിഹാദ്-അൽ -ഇസ്ലാമി,  ഇന്ത്യൻ മുജാഹിദീൻ, അൽ-ക്വൈദ, ഐ.എസ്. അങ്ങിനെ ലോകം മുഴുവൻ തീവ്രവാദി, ഭീകര  സംഘടനകൾ ആണ്. 

ഈ സംഘടനകൾ എല്ലാം ഇസ്ലാം മതത്തിൽ അധിഷ്ട്ടിതമായി നിൽക്കുന്നവയാണ്.  ഇസ്ലാമിനെ സംരക്ഷിയ്ക്കാനും ലോകം ഒരു ഇസ്ലാമിക സ്റേറ്റ് ആക്കാനും വേണ്ടിയാണ് ഇവർ പ്രവർത്തിയ്ക്കുന്നത് എന്നാണു ഇവർ തെറ്റിധരിപ്പിയ്ക്കുന്നത്. ഇസ്ലാമിനെ സംരക്ഷിയ്ക്കും എന്ന് പറയുന്നവർ ഇസ്ലാമിനെ കൊല്ലുമോ? ആക്രമണം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു തരം മാനസിക രോഗികൾ ആണിവർ. അവരുടെ വലയിൽ ആണ് മതത്തിന്റെ പേരിൽ പല ചെറുപ്പക്കാരും വീണു പോകുന്നത്. കേരളത്തിൽ സിമി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ വൻ തോതിൽ നടന്നല്ലോ.എന്താണിവർ നേടിയത്? 

മതത്തിന്റെയോ പണത്തിന്റെയോ പേരിൽ ഭീകരവാദികളോട് അനുകമ്പയും കൂറും പുലർത്തുന്നവർ  ഒന്ന് കൂടി ഇനിയെങ്കിലും ആലോചിയ്ക്കുക. ഒന്നുമറിയാത്ത നിഷ്ക്കളങ്കർ ആ  ഈ പിഞ്ചു കുഞ്ഞുങ്ങളെ നിർദ്ദയം വെടി വച്ച് കൊല്ലുന്നത് പോലുള്ള പ്രവൃത്തികൾക്കാണോ പിന്തുണ നൽകുന്നത് ?  

6 അഭിപ്രായങ്ങൾ:

  1. പാക്കിസ്ഥാനിലെ അമ്മമാരേ, സാന്ത്വനവാക്കുകൾക്ക് പ്രസക്തിയില്ല എന്നറിയാം... എങ്കിലും അറിയുക, സമസ്ത ലോകവും, പ്രത്യേകിച്ച്, മതാന്ധതയുടെ മുറിവുകൾ ഏറെ ഏറ്റുവാങ്ങിയ ഭാരതീയരും നിങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു. നിങ്ങൾക്കായി പ്രാർഥിക്കുന്നു. നോക്കുകുത്തികളായി നില്ക്കുന്ന ഞങ്ങളോട് പൊറുക്കുക. മാപ്പ്.

    മറുപടിഇല്ലാതാക്കൂ
  2. കൊച്ചു ഗോവിന്ദന്റെ മനസ്സ് വായിയ്ക്കാം. നമ്മുടെ ചുറ്റുമുള്ളവർ ഭീകരരുടെ ചേരിയിലോട്ടു വഴുതി വീഴാതിരിയ്ക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാം.

    മറുപടിഇല്ലാതാക്കൂ
  3. തങ്ങളുടെ സ്ത്രീകളെയും കുട്ടികളേയും പാക്കിസ്ഥാൻ ആർമി ലക്ഷ്യം വച്ചതുകൊണ്ടത്രേ അവർ 
    ഇത് ചെയ്തത്. "ഞങ്ങളുടെ വീട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് മനസ്സിലാകാൻ നിങ്ങളുടെ 
    വീട്ടുകാരെ ഞങ്ങൾ ലക്ഷ്യം വച്ചതാണ്" എന്ന്. 

    അപ്പോൾ അന്യമതങ്ങളിലെ സ്ത്രീകളെ അടിമകളാക്കാമെന്നും അവരെ ബലാൽസംഗം ചെയ്യാമെന്നുമുള്ള 
    ഈ മാന്യന്മാരുടെ നിലപാട് അവർക്ക് മനസ്സിലാകണമെങ്കിൽ നമ്മളെന്തു ചെയ്യേണ്ടി വരും?

    മറുപടിഇല്ലാതാക്കൂ
  4. അതു ചെയ്യാൻ മനസ്സ് വരുമോ ആൾരൂപൻ ?

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, ഡിസംബർ 21 4:03 PM

    മനുഷ്യനെ സ്നേഹിക്കാൻ കഴിയാത്ത ഏതു മതമായാലും ആ മതത്തിൽ വിശ്വസിക്കുന്നവർ ഈ ഭൂമിക്ക് ആപത്താണ്...ടെക്നോളജിയെക്കാളും വേഗത്തിലാണ് വർഗീയത വളരുന്നത്...കഷ്ടം!!!

    മറുപടിഇല്ലാതാക്കൂ