2014, ഡിസംബർ 12, വെള്ളിയാഴ്‌ച

പ്രത്യാഘാത പഠനം

ബഹുമാനപ്പെട്ട ഹൈക്കോടതിയ്ക്ക് മുന്നിൽ ''കേരള സർക്കാർ സ്ഥിരം നാടക വേദി'' യുടെ  മറ്റൊരു നാടകം അരങ്ങേറുകയാണ്. " പ്രത്യാഘാത പഠനം" എന്ന നാടകം.   കേരളത്തിന്റെ വിവിധ മേഖലകളിൽ സർക്കാരിന്റെ പുതിയ മദ്യ നയം വരുത്തിയ ആഘാതം എന്തെന്ന് കണ്ടു പിടിയ്ക്കാൻ സർക്കാർ പഠനം തുടങ്ങിക്കഴിഞ്ഞു എന്നാണ്  കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ കേരള  ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ആഘാത പഠനത്തിനായി  വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറിയെയും തൊഴിൽ വകുപ്പ് സെക്രട്ടറിയെയും ചുമതല പ്പെടുത്തിയിരിയ്ക്കുകയാണ്.

എന്നും കോടതികളെ കബളിപ്പിയ്ക്കാനും, കാലതാമസം വരുത്താനും, തന്ത്ര പൂർവ്വം  കേസുകൾ നീട്ടിക്കൊണ്ടു പോകാനും മനപൂർവം തീവ്രമായ  ശ്രമം നടത്തിയിട്ടുള്ളവരാണ് നമ്മുടെ സർക്കാരും അതിൻറെ നീതിന്യായ ഉപദേഷ്ട്ടാവായ  അഡ്വക്കേറ്റ് ജനറലും. പ്ലസ് 2 വിഷയത്തിൽ എന്തെല്ലാം നാടകങ്ങളാണ് കോടതിയിൽ നടന്നത്. കോടതി ചോദിച്ച  രേഖകൾ കൈമാറാൻ മനപൂർവം താമസിപ്പിച്ച സർക്കാർ. കയ്യിൽ  കിട്ടിയിട്ടും  രേഖകൾ നോക്കാൻ സമയം കിട്ടാതെ തെറ്റായ രേഖകൾ നൽകിയ  അഡ്വക്കേറ്റ് ജനറൽ.  കുറ്റം സ്വയം ഏറ്റെടുത്ത് കോടതിയുടെ കാലു പിടിച്ചാണ് അവസാനം  ശിക്ഷയിൽ  നിന്നും  അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണി അന്ന്  രക്ഷപെട്ടത്. എല്ലാ കേസുകളിലും ഇതാണ് സ്ഥിതി. സരിത-സോളാർ-സലിം രാജ്  കേസിലും ഇത് പോലെ എന്തെല്ലാം നാടകങ്ങൾ നടന്നു. എത്രെയെത്ര വിമർശനങ്ങളും പരാമർശങ്ങളും ആണ് സർക്കാരിനും മുഖ്യ മന്ത്രിയ്ക്കും  എതിരെ കോടതി നടത്തിയത്. സർക്കാർ കോടതിയ്ക്ക് മുന്നിൽ നടത്തുന്ന, തെറ്റായ വിവരം നൽകുന്നതും വിവരങ്ങൾ നൽകാതിരിയ്ക്കുന്നതുമായ  ഈ ഒളിച്ചു കളികൾ തെളിയിയ്ക്കുന്നത്  സർക്കാരിന് പലതും ഒളിച്ചു വയ്ക്കാൻ ഉണ്ടെന്നുള്ളത് തന്നെയാണ്.

മദ്യ നയത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിയ്ക്കുന്നത്. ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിൽ വൻ തോതിൽ അഴിമതി നടന്നുവെന്നും അങ്ങിനെ കോടികൾ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും കീശയിൽ വീണു എന്നുള്ളതും  കൊണ്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്ന  418 ബാറുകൾ അടഞ്ഞു തന്നെ കിടക്കട്ടെ,  തുറക്കേണ്ട എന്ന് കെ.പി.സി.സി. പ്രസിഡന്റ്റ് സുധീരൻ നിലപാട് എടുത്തത്‌. അത് സത്യമാണെന്ന് മന്ത്രി മാണിയുടെ പേരിൽ 1 കോടി കോഴ വാങ്ങിയതിന് കേസ് എടുത്തതിൽ നിന്നും തെളിഞ്ഞല്ലോ. വാങ്ങിയ പണവും  അവശേഷിയ്ക്കുന്ന നാണം, മാനം (അങ്ങിനെ ഒന്നുണ്ടോ?) എന്നിവയും കൈവിട്ടു  പോകും എന്ന ഗുരുതരമായ  സ്ഥിതി വന്നപ്പോഴാണ് സുധീരനെ ഒതുക്കാൻ   കേരളത്തിൻറെ മദ്യ നയം വൈദ്യരുടെ  കഷായ  കുറിപ്പടി പോലെ ഒരു തുണ്ട് കഷണം  കടലാസിൽ   മുഖ്യ മന്ത്രി അവതരിപ്പിച്ചത്.  തുറന്നിരുന്ന 312  ബാറുകളും കൂടി  അടയ്ക്കാൻ തീരുമാനിച്ച ആ തുണ്ട് പേപ്പർ ആണ്  കേരള സംസ്ഥാന ത്തിന്റെ ഇന്നത്തെ മദ്യ നയം.

സുധീരനെ ഒതുക്കാൻ  ഒരു ആലോചനയും കൂടാതെ ഒരു തുണ്ട് കടലാസിൽ എഴുതിയതും   ശരിയായി പഠിയ്ക്കാതെ  ഉണ്ടാക്കിയതും ആണ് ഈ മദ്യ  നയം എന്ന്,  പഠനം വേണമെന്ന്  ഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും ഇപ്പോൾ തെളിഞ്ഞല്ലോ. സാധാരണയായി സർക്കാർ  ഒരു നയം ഉണ്ടാക്കുമ്പോൾ അത് കൊണ്ടുണ്ടാകുന്ന ഗുണവും ദോഷവും എല്ലാം വ്യക്തമായി പഠിച്ച  ശേഷമാണ് നയ രൂപീകരണം നടക്കുന്നത്.  സുധീരനെ ഒതുക്കാൻ വേണ്ടി ധൃതിയിൽ   സാഹസം കാണിച്ചുവെങ്കിലും  ദിവസം കഴിയുന്തോറും അതിൻറെ   "പ്രത്യാഘാതം" മുഖ്യ മന്ത്രിയെ വേട്ടയാടി.  ബാറുകാരുടെയും, സഹ മന്ത്രിമാരുടെയും, മുന്നണി പാർട്ടികളുടെയും  സമ്മർദ്ദം മുഖ്യ മന്ത്രിയ്ക്ക് താങ്ങാൻ  കഴിയുന്നതിലും അധികമായി. മാണിയ്ക്ക് എതിരെ ഉന്നയിച്ചതു പോലുള്ള കോഴ ആരോപണം  മറ്റുള്ളവർക്ക് നേരെയും വരും എന്ന അബ്കാരി ഭീഷണിയും പേടിയും വേറെ. മറ്റു മന്ത്രിമാരും കോഴ വാങ്ങി എന്ന് ബിജു രമേശ്‌ അന്ന് പറയുക ഉണ്ടായല്ലോ.  അങ്ങിനെയാണ് "പ്രായോഗികാ വാദം" നിയമസഭയിൽ അവതരിപ്പിയ്ക്കാൻ മുഖ്യ മന്ത്രി നിർബന്ധിതൻ ആകുന്നത്.

1,86000 കോടിയുടെ കൽക്കരി ഖനി അഴിമതിയും 1,76000 കോടിയുടെ 2 ജി സ്പെക്ട്രം അഴിമതിയും നടത്തിയ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കൾക്കൊപ്പം തന്നെ നിർത്താവുന്ന കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ആണ് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. സോളാർ-സരിത അഴിമതി, പ്ലസ് -2 അഴിമതി, ടൈറ്റാനിയം അഴിമതി, ബാർ  അഴിമതി തുടങ്ങി  അസംഖ്യം അഴിമതികൾ അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.  ഇതെല്ലാം മൂടി വയ്ക്കുന്നതിനും തെളിവുകൾ നശിപ്പിയ്ക്കുന്നതിനും   ബൊഫോർസ് പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്  കോണ്‍ഗ്രസ്സ്കാർ. എത്ര ഭീകരമാണ്  അദ്ദേഹത്തിൻറെ  അഴിമതി എന്ന്  കണക്കുകൾ പുറത്തു വരുന്നത് വരെ കാത്തിരിയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂ.

അങ്ങിനെയുള്ള ശ്രീ ഉമ്മൻ ചാണ്ടി   കോടതിയിൽ സമർപ്പിയ്ക്കാനായി ഒരു പഠന റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ എന്തായിരിയ്ക്കും   അതിന്റെ ഉള്ളടക്കം എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും ഊഹിയ്ക്കാൻ കഴിയും. ഈ മദ്യ നയം വന്നത് മുതൽ കേരളത്തിലെ സമസ്ത മേഖലയും സ്തംഭിച്ചിരിയ്ക്കുക യാണെന്നും  ജനജീവിതത്തെ ആകമാനം പ്രതികൂലമായി ബാധിച്ചിരിയ്ക്കുക യാണെന്നും ബാർ മുതലാളിമാരോടൊപ്പം ജനങ്ങളും ആകെ ദുഖിതർ ആണെന്നും ആയിരിയ്ക്കും ആ  "പ്രത്യാഘാത പഠന റിപ്പോർട്ട്" എന്ന് തീർച്ച. അങ്ങിനെ ഒരു ചിത്രം കോടതിയ്ക്ക് മുന്നിൽ അവതരിപ്പിച്ച് കോടതിയിൽ നിന്നും ബാറുകൾ എല്ലാം തുറക്കാൻ ഒരു വിധി വാങ്ങി എല്ലാം കോടതി പറഞ്ഞിട്ടാണ്  എന്ന് പറഞ്ഞ് തടിയൂരി, സുധീരനെ തോൽപ്പിച്ച് പഴയത്‌  പോലെ 418 ബാറുകൾ കൂടി തുറന്നു പ്രവർത്തിപ്പിയ്ക്കാനുള്ള ഒരു തന്ത്രം ആണിത് എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.

ഏതായാലും പഠനം നടത്താൻ കോടതി കൂടി അനുമതി നൽകിയ സാഹചര്യത്തിൽ ഈ പഠനം  നടത്തുമ്പോൾ പരിഗണിയ്ക്കേണ്ട കാര്യങ്ങൾ ജനങ്ങൾ കൂടി അറിഞ്ഞിരിയ്ക്കേണ്ടതും ജനങ്ങളുടെ  അഭിപ്രായങ്ങൾ   കൂടി പരിഗണിയ്ക്കപ്പെടെണ്ടതും ആണ്. ഈ പഠനത്തിൽ എന്തൊക്കെ പരിശോധിയ്ക്കണം എന്ന് നോക്കാം.

1. നികുതി വരുമാനത്തിലെ കുറവ് വിഷയമാക്കേണ്ട കാര്യമില്ല. കാരണം അത് ഒരു പ്രശ്നമേ  അല്ല എന്ന് മുഖ്യ മന്ത്രിയും ധന മന്ത്രിയും മദ്യ മന്ത്രിയും പല തവണ പറഞ്ഞിട്ടുണ്ട്. കൂടാതെ വില വർധനവ്‌ കൊണ്ട് വരുമാന വർധന ഉണ്ടെന്നു കൂടി മദ്യ മന്ത്രി പറഞ്ഞിട്ടുണ്ട്. കിട്ടുന്ന പണത്തിൽ ഒരു പങ്ക് മദ്യതിനെതിരായ ബോധ വൽക്കരണത്തിന് ഉപയോഗിയ്ക്കുന്നും ഉണ്ട്.

2.   മദ്യത്തിൻറെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് മദ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ( ടി.എൻ. പ്രതാപൻ പറഞ്ഞപ്പോൾ ബീവറേജസ്കാര് ഇത്തരത്തിലുള്ള തിരുത്തൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടും ഉണ്ട്). മദ്യ ഉപഭോഗം ഘട്ടം ഘട്ടം ആയി കുറയ്ക്കുക ആണല്ലോ സർക്കാരിന്റെ ഉദ്ദേശ ലക്ഷ്യം. മദ്യ നയം കൊണ്ട് അത് സാധിയ്ക്കുകയും ചെയ്യുന്നു എന്ന് കണക്കുകളും മന്ത്രിയും പറയുന്നു.

3. ടൂറിസം മേഖലയെ ഇത് പ്രതികൂലമായി ബാധിയ്ക്കുന്നു എന്നാണ്   ഒരു വാദം. ടൂറിസ്റ്റ്കൾ മദ്യപിയ്ക്കാൻ അല്ല ഇവിടെ വരുന്നത് എന്ന   സത്യം എല്ലാവർക്കും അറിയാം. ഇവിടത്തെ കാഴ്ചകൾ കാണാനും ഇവിടത്തെ സംസ്കാരം മനസ്സിലാക്കാനും അതോടൊപ്പം കഴിയാനുമാണ് അവർ വരുന്നത്. ഇവിടെ മദ്യ നിയന്ത്രണം ഉണ്ടെങ്കിൽ അതിനനുസരിച്ച് ജീവിയ്ക്കാൻ അവർ തയ്യാറുമാണ്.  "അയൽവാസിയുടെ  വിസർജ്യം പ്രതീക്ഷിച്ചു  വേണോ  പട്ടിയെ വളർത്താൻ"  എന്ന പഴഞ്ചൊല്ല് പോലെ വിദേശിയുടെ കീശയിലെ പണം കണ്ടു വേണോ നമ്മൾ നമ്മുടെ ടൂറിസം  നയം രൂപീകരിയ്ക്കേണ്ടത് ?

4. ഇനി ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞോ എന്ന് അറിയുന്നത് നിർബന്ധം ആണെങ്കിൽ അതിൻറെ യാഥാർത്യ ബോധത്തോടെയുള്ള  കണക്കെടുക്കുക. 418 ബാറുകൾ 2014 ഏപ്രിൽ 1 മുതൽ അടഞ്ഞു കിടക്കുകയാണ്. അന്ന് മുതൽ ഡിസംബർ 1 വരെ 9 മാസം കേരളത്തിൽ എത്തിയ ടൂറിസ്റ്റ് കളുടെ എണ്ണവും അതേ കാലയളവിൽ കഴിഞ്ഞ വർഷം (2013) എത്തിയ  ടൂറിസ്റ്റ് കളുടെ എണ്ണവും,  തുറന്നു കിടന്ന ബാറുകളുടെ കണക്ക് ആനുപാതികമായി കുറച്ചതിന് ശേഷം, താരതമ്യം ചെയ്തു നോക്കുക. എന്നാലല്ലേ അറിയാൻ കഴിയൂ ബാർ അടച്ചതിനാൽ  ടൂറിസ്റ്റ്കൾ കുറഞ്ഞോ എന്ന്. അത് പോലെ എല്ലാ ബാറുകളും അടഞ്ഞു കിടന്ന സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 31 വരെയുള്ള കണക്കുകളും ഇത്തരത്തിൽ പരിശോധിയ്ക്കുക. മദ്യ നയം കൊണ്ട് ടൂറിസത്തിൽ എന്ത് വ്യത്യാസം വന്നൂ എന്ന് മനസ്സിലാക്കാം.

5. മദ്യ ലൈസൻസ് ഇല്ലാത്ത ഹൌസ് ബോട്ട് കാരും മറ്റു ഹോട്ടൽ കാരുടെയും    പ്രസ്താവനകൾ, കണക്കുകളുടെ പിൻ ബലമില്ലാത്തവ,  പരിഗണിയ്ക്കേണ്ട ആവശ്യമില്ലല്ലോ.

6.  ഒരു  ലക്ഷത്തിൽ കൂടുതൽ ആൾക്കാർക്ക് തൊഴിൽ നഷ്ട്ടപ്പെടും എന്നാണ് പ്രചരിയ്ക്കുന്നത്. അത് തെറ്റായ, ഊതി വീർപ്പിച്ച കണക്കാണ്. കാരണം അങ്ങിനെയെങ്കിൽ  ഒരു ബാറിൽ   150  ജോലിക്കാർ വരും. സാധാരണയായി ഒരു ബാറിൽ ഏറ്റവും കൂടിയത് 25  ജോലിക്കാർ ശരാശരി വച്ച് കണക്കാക്കിയാൽ മൊത്തം  750 ബാറുകൾക്ക് 18750 ജോലിക്കാർ മാത്രമേ വരുകയുള്ളൂ. 

7 . ബാറുകൾ പൂട്ടുന്നതിനാൽ  തൊഴിലാളികൾ തൊഴിൽ രഹിതർ ആകുന്നു എന്നതാണ് ഒരു പ്രശ്നം ആയി ഉയർത്തിക്കാട്ടുന്നത്. ബാർ തൊഴിലാളികൾ  വിദഗ്ദ്ധ തൊഴിലാളികൾ എന്ന വിഭാഗത്തിൽ വരുന്നവരല്ല. അതായത്  പരിശീലനം ആവശ്യമുള്ള   വെൽഡർ, ഇലക്ട്രീഷ്യൻ, പ്ലംബർ, എന്നിവരെപ്പോലെ     അല്ല എന്നർത്ഥം.  മദ്യം ഒഴിച്ചു കൊടുക്കുക,   കുടിയ്ക്കുന്നവരുടെ മേശയിൽ  മദ്യവും മറ്റ്  സാധനങ്ങളും കൊണ്ടുക്കൊടുക്കുക,  അടുക്കളയിൽ തീറ്റ സാധനങ്ങൾ ഉണ്ടാക്കുക, മേശയും പാത്രങ്ങളും വൃത്തിയാക്കുക  എന്നീ ജോലികൾ ആണ് ബാറുകളിൽ ഉള്ളത്. അതിനാൽ സ്കിൽഡ് ലേബർ അല്ലാത്ത  ഇവരുടെ പുനരധിവാസം എന്നത് ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരു പ്രക്രിയ ആണ്. ബാറില്ലാത്ത മറ്റേത് ഹോട്ടലുകളിലും ഇവർക്ക് ഇത് പോലത്തെ ജോലി ചെയ്യാം. ( മദ്യം ഒഴിച്ച് കൊടുക്കുന്നത് ഒഴിച്ച്).

7. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ  തൊഴിൽ മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയിൽ വച്ച "ഡൊമസ്ടിക് മൈഗ്രന്റ് ലേബർ ഇൻ കേരള" എന്ന പഠന റിപ്പോർട്ട് പ്രകാരം 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ആണ് കേരളത്തിൽ ഉള്ളത്. ഓരോ വർഷവും 2.35 ലക്ഷം ആൾക്കാർ വന്നു കൊണ്ടും ഇരിയ്ക്കുന്നു. ഇതിൽ കുറഞ്ഞത്‌  10 ശതമാനം പേർ എങ്കിലും ഹോട്ടലുകളിൽ ആണ് ജോലി ചെയ്യുന്നു.  അതായത്  ഒരു മൂന്നു ലക്ഷം മറ്റു  സംസ്ഥാനക്കാർ ആണ് കേരളത്തിലെ ചെറുതും വലുതും ആയ ഹോട്ടലുകളിലും റെസ്റ്റാരന്ടുകളിലും  ജോലി ചെയ്യുന്നു. മിക്കവാറും ബാറുകളിലും വിളമ്പാനും അടുക്കളയിലും പകുതിയിലേറെ  മറ്റു സംസ്ഥാന തൊഴിലാളികൾ ആണുള്ളത്. ഇവിടെ ജോലിക്കാർ ലഭ്യമല്ലാത്തത് കൊണ്ടാണല്ലോ പുറത്തു നിന്നും ആളുകൾ വന്നത്. അത് കൊണ്ട് ബാർ പൂട്ടൽ മൂലം തൊഴിൽ നഷ്ട്ടപ്പെടുന്ന 18750 പേർക്ക്  മറ്റു  ഹോട്ടലുകളിലും റെസ്റ്റാരന്ടുകളിലും ജോലി കിട്ടാൻ യാതൊരു പ്രയാസവും ഉണ്ടാകില്ല എന്നു കാണാം. 

ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്ത് വസ്തു നിഷ്ടമായ ഒരു റിപ്പോർട്ട് ആയിരിയ്ക്കും കോടതിയ്ക്ക് മുന്നിൽ സർക്കാർ സമർപ്പിയ്ക്കുക എന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

6 അഭിപ്രായങ്ങൾ:

  1. ഫൈസൽ ബാബു, പക്ഷെ ഇതിന്റെയെല്ലാം ദുരിതം അനുഭവിയ്ക്കേണ്ടത് പാവം ജനങ്ങൾ അല്ലേ.

    മറുപടിഇല്ലാതാക്കൂ
  2. വസ്തു നിഷ്ഠമായ ലേഖനം. നേരിട്ടല്ലാതെ ബാറിലൂടെ ഉപജീവനം നയിക്കുന്നവർക്കും തൊഴിൽ നഷ്ടപ്പെടില്ലേ മാഷേ? ഉദാഹരണത്തിന് ബാറിനു മുന്നിൽ ടച്ചിങ്ങ്സ് വിൽക്കുന്നവർ. ബാറിലേക്ക് ഇറച്ചി, മീൻ, പച്ചക്കറി തുടങ്ങിയവ സപ്ലൈ ചെയ്യുന്നവർ, കുപ്പി സംഭരിക്കുന്നവർ, തട്ടുകടക്കാർ അങ്ങനെയങ്ങനെ. വർഷങ്ങളായി ഒരേ ബാറിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുമ്പോഴുള്ള അരക്ഷിതാവസ്ഥ, പുതിയ ഒരു ഹോട്ടലിൽ വിളമ്പുകാരനായി ചെല്ലുമ്പോൾ വരുമാനത്തിൽ ഉണ്ടാകുന്ന കുറവ് എന്നിവയ്ക്ക് മാഷ്‌ ശ്രദ്ധ കൊടുത്തില്ല എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. കൊച്ചു ഗോവിന്ദൻ, അങ്ങിനെ നോക്കിയാൽ മയക്കു മരുന്ന് കച്ചവടം ,മോഷണം,പിടിച്ചുപറി എല്ലാറ്റിനും നിയമ സാധുത നൽകേണ്ടി വരും. അല്ലെങ്കിൽ അത് നടത്തുന്നവരും, അവരെ ആശ്രയിയ്ക്കുന്നവരും പട്ടിണി ആയിപ്പോകുമല്ലോ. ഒരു ബാറിൽ നിന്നും പല ബാറുകളും കോടികളും ഉണ്ടാക്കിയ മദ്യ മുതലാളിമാർ ഈ തൊഴിലാളികൾക്ക് ഉചിതമായ നഷ്ട്ട പരിഹാരം നൽകട്ടെ. പെൻഷൻ പറ്റുമ്പോൾ വാങ്ങിയ ശമ്പളത്തിൽ നിന്നും വളരെ കുറച്ചു വരുമാനമായി കുറയുന്നില്ലേ? അത് പോലെ.

    മറുപടിഇല്ലാതാക്കൂ
  4. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ (ബാർ) ആശ്രയിച്ചു ജീവിക്കുന്നതും നിയമവിരുദ്ധമായി ഉപജീവനം നയിക്കുന്നതും ഒരേ പരിഗണന അർഹിക്കുന്നുണ്ടോ, സർ?
    പിന്നെ, പ്രായമായി വിരമിച്ചതിനു ശേഷം പെൻഷൻ പറ്റുന്നതും ജോലി നഷ്ടപ്പെട്ട അവിദഗ്ധ തൊഴിലാളികൾക്ക് വരുമാനം കുറയുന്നതും ഒരു പോലെയാണോ?
    മുതലാളിമാർ കൊടുക്കട്ടെ എന്ന് നമ്മൾ ഇവിടെയിരുന്ന് വിളിച്ചു പറഞ്ഞാൽ അവർ കൊടുക്കുമോ? അതിന് വേണ്ടപ്പെട്ടവർ മുൻകൈ എടുക്കണ്ടേ?
    ഞാൻ പറഞ്ഞു വന്നത്, ഈ ഒരു ലക്ഷം തൊഴിലാളികൾ എന്നത് പരോക്ഷ തൊഴിലാളികളെ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം, 81250 പേരുടെ ഉപജീവനം ആരുടേയും ബാധ്യത അല്ലെങ്കിൽ കൂടി...

    മറുപടിഇല്ലാതാക്കൂ
  5. കൊച്ചു ഗോവിന്ദൻ മുതലാളിയുടെ (മദ്യ) നിരന്തരമായ ഇടപെടലുകൾ പരിഗണിച്ച് എല്ലാ ബാറുകളും തുറക്കുന്നതാണ്. കൂടാതെ ഓരോ വർഷവും 10 ശതമാനം അധിക ബാറുകൾ അനുവദിയ്ക്കുന്നതും ആണ്.

    മറുപടിഇല്ലാതാക്കൂ