"What is in a name? That which we call a rose
By any other name would smell as sweet."
ഒരു പേരിൽ എന്തിരിയ്ക്കുന്നു,
റോസാപ്പൂവിനെ ഏതു പേര് വിളിച്ചാലും
അതിൻ സുഗന്ധം മധുരമായിരിയ്ക്കുമല്ലോ.
ഷേക്ക്‌സ്പീയർ ഈ പ്രപഞ്ച സത്യം പറയുമ്പോൾ 400 വർഷങ്ങൾക്ക് ശേഷം തിരുവഞ്ചൂർ അത് വായിയ്ക്കും എന്ന് പ്രതീക്ഷിച്ചു കാണാൻ വഴി ഒട്ടും ഇല്ല. ഇതാ നോക്കൂ. നമ്മുടെ സർക്കാർ ബസ് എന്ന് ഇന്നലെ വരെ മലയാളികൾ കരുതിയിരുന്നു കെ.എസ്.ആർ.ടി.സി. ഇന്ന് മുതൽ കർണാടക സർക്കാർ ബസുകളുടെ പേരാണ്. കർണാടക സർക്കാർ നമ്മുടെ പഴയ കെ.എസ്.ആർ.ടി.സി കമ്പനിയ്ക്ക് എഴുതുകയും ചെയ്തു, " ഇത് കർണാടകയുടെ സ്വന്തം പേരാണ്, മേലാൽ കേരളം ഇത് ഉപയോഗിയ്ക്കരുത്."
കർണാടക ബസുകാർ ട്രേഡ് മാർക്ക് രെജിസ്ട്രിയിൽ പോയി കെ.എസ്.ആർ.ടി.സി. എന്ന ലേബൽ അവരുടേതാക്കി രെജിസ്ടർ ചെയ്തു. ഇനി ആ പേര് അവർക്ക് സ്വന്തം. നിയമ പ്രകാരം അത് മറ്റാർക്കും ഉപയോഗിയ്ക്കാൻ പറ്റില്ല. ഇത് വന്നപ്പോൾ നമ്മുടെ സർക്കാർ പറയുന്നു 1953 മുതൽ കേരളം ഉപയോഗിച്ചു കൊണ്ടിരുന്ന പേരാണ്. അതു ഞങ്ങളുടെതാണ് എന്നും മറ്റും. ഈ പറയുന്നത് കൊണ്ട് എന്തെങ്കിലും അർത്ഥം ഉണ്ടോ? ട്രേഡ് മാർക്ക്നിയമ പ്രകാരം ഇത് കർണാടകയുടേതാണ്.
എല്ലാക്കാര്യത്തിലും കേരളത്തിന് പിൻബുദ്ധിയാണ്. എല്ലാം കഴിയുമ്പോൾ ആണ് ബുദ്ധി വരുന്നത്. മുല്ലപ്പെരിയാർ 999 വർഷത്തേയ്ക്ക് തമിഴ് നാടിന് നമ്മുടെ അച്യുതമേനോൻ മുഖ്യ മന്ത്രി പാട്ടത്തിനു കൊടുത്തു. അന്നാരും ഒന്നും മിണ്ടിയില്ല. ഭരണ പക്ഷവും പ്രതിപക്ഷവും മൌനം പാലിച്ചു. അത് കഴിഞ്ഞു മാറി മാറി വന്ന സർക്കാരുകൾ ഒന്നും മിണ്ടാതെ ഇരുന്നു. തമിഴ് നാട് കരാർ പ്രകാരം വെള്ളം എടുക്കാൻ തുടങ്ങിയപ്പോൾ ആണ് ജന സമ്മർദം മൂലം അധികാരികൾ അനങ്ങാൻ തുടങ്ങിയത്. അപ്പോഴേയ്ക്കും താമസിച്ചു പോയി. ഇനി മിണ്ടാതെ മുല്ലപ്പെരിയാർ അണക്കെട്ട് എന്ന് പൊട്ടും എന്ന് നോക്കി ഇരിയ്ക്കുക മാത്രമേ കേരളത്തിന് ഗതിയുള്ളൂ.
മുല്ലപ്പെരിയാറിൽ ഇടപെട്ട രാഷ്ട്രീയക്കാർ ഒക്കെ മണ്ടന്മാർ ആണെന്ന് കരുതുന്ന നമ്മളാണ് മണ്ടന്മാർ. അവർ കൂർമ ബുദ്ധി ക്കാരാണ്. ഇടയ്ക്കിടെ തമിഴ് നാട് സർക്കാർ കൊടുക്കുന്ന എസ്റ്റെറ്റുകളും, ഭൂമിയും,പണവും മറ്റു ആനുകൂല്യങ്ങളും പറ്റിയാണ് മിണ്ടാതിരുന്നത്. അല്ലാതെ വെറുതെയല്ല. ഇതിനിടെ നെയ്യാറിൽ നിന്നും വെള്ളം നൽകാം എന്ന് ഒരു വാഗ്ദാനം കേരളം നൽകുകയുണ്ടായി. അതിൽ നിന്നും വല്ലതും ഈ മന്ത്രിമാർക്ക് കിട്ടിയോ എന്നറിയില്ല. ഏതായാലും തമിഴ് നാട് അത് ശ്രദ്ധിച്ച മട്ടില്ല. അതോ പണ്ടിങ്ങിനെ ഒരു വാഗ്ദാനം ഉണ്ടായിരുന്നു എന്ന് അവകാശ അവകാശ വാദം ഉന്നയിയ്ക്കാൻ സമയം കാതിരിയ്ക്കുകയാണോ എന്തോ!
ഇനി കെ.എസ്.ആർ.ടി.സി.യുടെ പേര് പോയ കാര്യം നോക്കാം. പെൻഷൻ കൊടുക്കാൻ പണം ഇല്ല. ശമ്പളം ഒരു വിധത്തിൽ കൊടുത്തു കൊണ്ടിരുന്നു. അതും മുടങ്ങിക്കഴിഞ്ഞു. നവംബറിലെ ശമ്പളം കൊടുക്കാനും പണം ഇല്ല. നഷ്ട്ടത്തിൽ നിന്നും നഷ്ട്ടത്തിലെയ്ക്ക് വീണു കൊണ്ടിരിയ്ക്കുന്നു. ഗതാഗത മന്ത്രിയ്ക്ക് ഈ വകുപ്പും ബസ്സുകളും നന്നായി നടത്താനൊന്നും വലിയ താൽപ്പര്യമില്ല. ഹൈക്കോടതി ചോദിച്ചത് പോലെ ഇതങ്ങ് പൂട്ടിക്കൂടെ? (ഹൈക്കോടതി അങ്ങിനെ പറഞ്ഞോ ഇല്ലയോ എന്ന തർക്കം തീർന്നിട്ടില്ല). അങ്ങിനെ മുങ്ങിക്കൊണ്ടിരിയ്ക്കുന്ന ഈ ബസ്സ് കമ്പനിയുടെ പേര് കെ.എസ്.ആർ.ടി.സി. എന്ന് തന്നെ തുടർന്നാൽ എന്താണൊരു പ്രയോജനം? അവിടെയാണ് ഷേക്ക്‌സ്പീയർ പറഞ്ഞ കാര്യം തിരുവഞ്ചൂർ പ്രാവർത്തികമാക്കിയത്. കെ.എസ്.ആർ.ടി.സി. എന്ന് വിളിയ്ക്കുന്ന ഈ സാധനം എന്ത് പേര് പറഞ്ഞു വിളിച്ചാലും ഇത് പോലെ നശിച്ച കമ്പനി ആയി തുടരും.
ഇവിടെ കർണാടക സർക്കാർ ആണ് സത്യത്തിൽ മണ്ടന്മാർ. ആന മണ്ടൻമാർ. ഈ മുങ്ങിക്കൊണ്ടിരിയ്ക്കുന്ന സാധനത്തിന്റെ പേര് ലാഭത്തിൽ, അന്തസ്സോടെ ഓടുന്ന സ്വന്തം ബസ്സ് കമ്പനിയ്ക്ക് ആരെങ്കിലും കൊടുക്കുമോ? കേരളം കേസ് ഒന്നും പോകണ്ട. ഒരു മാസം കാത്തിരിയ്ക്കൂ. ആ പേര്,"മതിയായേ" എന്ന് വിളിച്ചു കൊണ്ട്, കർണാടക സർക്കാർ തിരിച്ചു കൊണ്ടു തരും.
സത്യം സെരവിസിലാണ് കാര്യം പേരിലല്ല
മറുപടിഇല്ലാതാക്കൂഒരു ബസ്സിൽ തുടങ്ങുന്ന ഒരു വ്യക്തി വർഷങ്ങൾക്കുള്ളിൽ എത്രയോ ബസ്സുകൾ വാങ്ങി ലാഭത്തിൽ ബിസിനസ് നടത്തുന്നു. സർക്കാരിന് മാത്രം ഇതിനു കഴിയില്ലേ? കെടു കാര്യസ്ഥത. കാട്ടിലെ തടി........ബൈജു
മറുപടിഇല്ലാതാക്കൂകാട്ടിലെ തടി, തേവരുടെ ആന....
മറുപടിഇല്ലാതാക്കൂഅതാണ് നമ്മുടെ നാട്, ആൾരൂപൻ
മറുപടിഇല്ലാതാക്കൂ