2014, ജൂലൈ 30, ബുധനാഴ്‌ച

ചോറിങ്ങും കൂറങ്ങും

"അതിന് ഉത്തരവാദി ഞാനാണ്"  എന്ന് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞാൽ പിന്നതിൽ ചോദ്യമില്ല എന്ന രീതിയിൽ ആണ് അദ്ദേഹം ഇത് പറയുന്നത്. സരിതയുടെ കേസ് വന്നപ്പോഴും പറഞ്ഞു തൻറെ ഓഫീസ് ചെയ്യുന്ന കുറ്റങ്ങൾക്ക് താനാണ് ഉത്തരവാദി എന്ന്. തിരു വായ്ക്കു എതിർ വാ ഇല്ലല്ലോ. ഇപ്പോൾ  സർക്കാർ കെ.എസ്. ആർ .ടി.സി.യ്ക്ക് കൊടുക്കാതെ ദീർഘ ദൂര ബസുകൾ സ്വകാര്യ ബസ്സുടമകൾക്ക് നൽകിയപ്പോഴും മുഖ്യ മന്ത്രി പറഞ്ഞു "അതിന് ഉത്തരവാദി ഞാനാണ്" . പിന്നെ മറ്റു മന്ത്രിമാർ ഇവിടെ എന്ത് ചെയ്യുകയാണ്? കെ.എസ്. ആർ .ടി.സി.യ്ക്ക് ആവശ്യത്തിന് ബസ് ഇല്ല എന്ന കള്ളത്തരം പറഞ്ഞാണ് സ്വകാര്യ ബസ്സുടമകൾക്ക് റൂട്ടുകൾ കൊടുത്തത്.

 അല്ലെങ്കിലും ചോറിങ്ങും കൂറങ്ങും എന്നാണ് കേരളത്തിലെ മന്ത്രിമാരുടെ കാര്യം. പഴയ മുഖ്യ മന്ത്രി അച്യുത മേനോണ്‍ 1977 ൽ  നമ്മുടെ മുല്ലപെരിയാർ അണക്കെട്ട് തമിഴ് നാടിന് 99 വർഷത്തേക്ക് പാട്ടത്തിന് എഴുതി ക്കൊടുത്തു. അതിൽ നിന്നും തമിഴർക്കാവശ്യമുള്ള വെള്ളം അവരെടുക്കുന്നു. കൃഷി ചെയ്യുന്നു, വൈദ്യുതി ഉണ്ടാക്കുന്നു. ഭാരതത്തിൽ മറ്റൊരു സംസ്ഥാനത്തും ഒരിക്കലും നടക്കാത്ത, മറ്റൊരു സംസ്ഥാനത്തിലെയും ഒരു ഭരണാധികാരി ഒരിക്കലും  ചിന്തിക്കുക പോലും ചെയ്യാത്ത  ഒരു കൊടിയ വഞ്ചന ആണ്  നമ്മുടെ മഹാ മനസ്കൻ ആയ മുഖ്യ മന്ത്രി അച്യുത മേനോൻ  ചെയ്തു വച്ചത്. കേരള ഭരണത്തിൽ  അന്നുള്ളവരും  അതിനു ശേഷം വന്നവരും  അണക്കെട്ട് തീറെഴുതി കൊടുത്തതിൻറെ   പ്രതിഫലമായി തമിഴ് നാട്ടിൽ ഏക്കർ കണക്കിന് വസ്തു  കൈപ്പറ്റി. അത് കൂടാതെ കള്ളപ്പണം കൊണ്ടും വസ്തു വാങ്ങി ക്കൂട്ടി. അണക്കെട്ടിൽ ജല നിരപ്പ് ഉയർത്തുന്നതിനെതിരെ കേരളത്തിൽ ശക്തിയായ ബഹുജന പ്രക്ഷോഭം ഉയർന്നപ്പോൾ,  കേരള രാഷ്ട്രീയക്കാരുടെ തമിഴ് നാട്ടിലെ എസ്റ്റെറ്റുകളുടെയും  വസ്തു  വകകളുടെയും കണക്കുകൾ പുറത്തു വിടും എന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞപ്പോൾ നമ്മുടെ നേതാക്കൾ  വാല് മടക്കുകയും ഒരൊറ്റ ആൾ പോലും ചങ്ക് ഉറപ്പോടു കൂടി ആ വെല്ലു വിളി ഏറ്റെടുക്കതിരിക്കുകയും ചെയ്തത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ.

ലോട്ടറി, മൂന്നാർ, കായൽ കയ്യേറ്റം, പ്ലസ് ടു സ്കൂൾ അനുവദിക്കൽ തുടങ്ങി എല്ലായിടത്തും   സ്വകാര്യ മുതലാളിമാരുമായി സർക്കാർ ഒത്തു കളി നടത്തുകയാണ്. അതാണ്‌ അവർക്ക് ലാഭം. പ്രതി പക്ഷവും തഥൈവ. ഒരു പത്ര പ്രസ്താവന, ടെലിവിഷൻ ചാനലിൽ രണ്ടു വാചകം, കഴിഞ്ഞു അവരുടെ ഉത്തരവാദിത്വം. 

2014, ജൂലൈ 28, തിങ്കളാഴ്‌ച

പെരുനാൾ

ഇഫ്‌താർ.  മുസ്ലിങ്ങളുടെ നോമ്പ് കാലം മുഴുവൻ  നാട്ടിലെങ്ങും സ്ഥിരം കേൾക്കുന്ന ഒരു പദം ആണ്  ഇഫ്താർ എന്നത്.   വൈകുന്നേരങ്ങളിൽ നടക്കുന്ന വലിയ   പാർട്ടികൾ എന്നാണ് സാധാരണ ജനങ്ങൾ ഇതിനെ മനസ്സിലാക്കുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം   ഇഫ്താർ വിരുന്നുകൾ അത്രയ്ക്ക് സർവ സാധാരണം ആയിരിക്കുന്നു. സത്യത്തിൽ  നോമ്പ് തുറക്കൽ എന്നാണിതിന്റെ അർത്ഥം. സൂര്യൻ ഉദിച്ചിരിക്കുന്നിടത്തോളം സമയം ആഹാരം ഒന്നും കഴിക്കാതെ കഴിയുന്നവർ സൂര്യൻ അസ്തമിച്ചതിനു  ശേഷം നോമ്പ് നിറുത്തി  ആഹാരം കഴിക്കാൻ തുടങ്ങുന്നതാണ് ഇഫ്താർ.  ഒരു സാധാരണ  മതാചാര ചടങ്ങ്. അതിൻറെ അർത്ഥവും വ്യാപ്തിയുമെല്ലാം പക്ഷെ വളരെ മാറിയിരിക്കുന്നു. 

 ഇന്ന് അത്  വലിയ ആഘോഷം ആയി മാറ്റിയിരിക്കുന്നു. നോമ്പ് എടുത്ത കുടുംബ അംഗങ്ങളോ, അത് പോലെയുള്ള കൂട്ടായ്മകളോ ഒന്നിച്ചിരുന്ന് വൈകുന്നേരങ്ങളിൽ  നോമ്പ് തുറക്കുന്ന  മതപരമായ ഒരു  സ്വകാര്യ  ചടങ്ങ് ഇന്ന് പരസ്യമായ് ഒരു ആഘോഷം ആക്കി ക്കഴിഞ്ഞു. ജാതി മത ഭേദമില്ലാതെ എല്ലാവരും ഇന്ന് ഇഫ്താർ പാർട്ടികൾ കൊടുക്കുന്നു. രാഷ്ട്രീയ ക്കാരാണ് ഇത് തുടങ്ങി വച്ചത്. പിന്നെ  വലിയ പണക്കാരും ബിസിനസ് കാരും ഈ പാർട്ടികൾ ഏറ്റെടുത്തു. വലിയ വലിയ  പഞ്ച നക്ഷത്ര നിലവാരമുള്ള പാർട്ടികൾ. നടത്തുന്നതോ പഞ്ച നക്ഷത്ര ഹോട്ടലുകളിലും അതെ നിലവാരമുള്ള സ്ഥലങ്ങളിലും. അടുത്തിടെ കേരളത്തിലെ ആഭ്യന്തര മന്ത്രി ഒരു ഇഫ്ത്താർ വിരുന്ന് നൽകി. ആരൊക്കെയാണ് പങ്കെടുത്തത് എന്ന് അറിയാമോ? ഗവർണർ,പ്രതി പക്ഷ നേതാവ്,മന്ത്രിമാർ  തുടങ്ങി ഇവിടത്തെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും അവരുടെ സേവകരും മറ്റും. നോമ്പുമായി ഒരു പുല ബന്ധം പൊലുമില്ലാത്തവർ. (ബ്ലൂ- ബ്ലാക്ക് മെയിൽ കേസ് പ്രതി ജയചന്ദ്രൻ ഇതിൽ പങ്കെടുത്തില്ല എന്ന് ആഭ്യന്തര മന്ത്രി ആണയിട്ടു പറയുന്നു.) ഇത്തരം പാർട്ടികളിൽ ഒന്നും ശരിയായ നോമ്പ് മുറിക്കൽ അല്ല നടക്കുന്നത്. നോമ്പ് മുറിക്കാൻ വരുന്നവരും വളരെ ചുരുക്കം. ഇഫ്ത്താറിൻറെ പേരിൽ രാഷ്ട്രീയക്കാരും ബിസിനസ് കാരും പണക്കാരും മുതലെടുപ്പ്   നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. 

പകൽ മുഴുവൻ ആഹാരം കഴിക്കാതെ ഇരിക്കുന്ന, നോമ്പ് എടുത്ത മനുഷ്യന് കഴിക്കാൻ പറ്റാത്ത തരത്തിൽ വിപുലമായ രീതിയിലുള്ള ആഹാരം ആണ് ഇത്തരം പാർട്ടികളിൽ വിളമ്പുന്നത്. ഒരു വലിയ ബിസിനസ്സ് കാരൻ കോവളത്തു വച്ചു  നടത്തിയ ഒരു ഇഫ്ത്താർ വിരുന്ന് കണ്ടു. ലോകത്ത് കിട്ടാവുന്ന എല്ലാ പഴങ്ങളും, ഉണക്ക പഴങ്ങളും, അണ്ടിപ്പരിപ്പ് പോലുള്ള സാധനങ്ങളും മറ്റും   ടണ്‍ കണക്കിന് നിരത്തിയിരിക്കുന്നു. ഒരു വശത്ത് ലക്നൌവി, ഹൈദരാബാദി തുടങ്ങിയ കുറെ   ബിരിയാണികൾ. അപ്പുറത്ത്  മട്ടണ്‍, ചിക്കൻ കൊണ്ടുണ്ടാക്കിയ എണ്ണാൻ പറ്റാത്ത  വിവിധ വിഭവങ്ങൾ. അങ്ങിനെ  ഭാരതത്തിലും വിദേശത്തും അറിയപ്പെടുന്ന എല്ലാത്തരം ആഹാര സാധനങ്ങളും ധാരാളമായി വച്ചിട്ടുണ്ട്. കക്ഷി ഭേദ മന്യേ ഉള്ള  രാഷ്ട്രീയ ക്കാരും, സാമൂഹ്യ പ്രവർത്തകരും, പത്രക്കാരും  പിന്നെ   പണം കൊണ്ടും അധികാരം കൊണ്ടും സമൂഹത്തിൽ സ്ഥാനം നേടിയവരും ആണ് ക്ഷണിതാക്കളായ  അതിഥികൾ. ശരിയായി നോമ്പ് തുറക്കാനുള്ളവർ വിരളം. പട്ടിണിക്കാരന് ഈ ഇഫ്ത്താർ വിരുന്നിൽ കയറാനാകില്ല.   ഇത്തരത്തിലുള്ള   ആർഭാടം നിറഞ്ഞ ഇഫ്താറുകൾ മിക്കവാറും ദിവസങ്ങളിൽ   കാണും. പ്രൌഡി കാട്ടാനായി  ധാരാളമായി അവിടെ പ്രദർശിപ്പിക്കുന്ന ഭക്ഷണം   ഭൂരി ഭാഗവും ആരും കഴിക്കാനില്ലാതെ  വേസ്റ്റ് ആയി പോവുകയാണ് ചെയ്യുന്നത്.

പണക്കാരും, ബിസിനസ്സ്കാരും ഇങ്ങിനെ നോമ്പ് ആഘോഷിക്കുമ്പോൾ, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ, പച്ച വെള്ളം കുടിച്ച്  നോമ്പ് തുറക്കുന്നവർ എത്രയാണ് നമ്മുടെ നാട്ടിൽ?  അങ്ങിനെ ഉള്ളവരെ കണ്ടു പിടിക്കാൻ വലിയ ബുദ്ധി മുട്ട് ഇല്ലല്ലോ. ഈ നോമ്പ് കാലത്തെങ്കിലും അവർക്ക് വയറു നിറയെ ഭക്ഷണം നൽകാൻ ഈ സഹോദരങ്ങൾക്ക്‌ ബാധ്യത ഇല്ലേ? പാവങ്ങൾക്ക് സകാത്ത് നൽകണമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ? ഈ പുണ്യ മാസം എങ്കിലും പണക്കാർ പാവപ്പെട്ടവർക്ക് ആഹാരവും ധന സഹായവും നൽകിക്കൂടെ? അങ്ങിനെ ചെയ്യാതെ ഇഫ്ത്താർ എന്ന ചടങ്ങ് ഇങ്ങിനെ ആഘോഷം ആക്കുന്നത് ശരിയാണോ? പണക്കാരൻ പണക്കാരന് കൊടുക്കുന്ന സക്കാത്ത് ആണ് ഈ ഇഫ്ത്താർ പാർട്ടികൾ.  മനസും ശരീരവും നിർമലമാക്കാൻ നടത്തുന്ന ഒരു ആത്മീയ അനുഷ്ട്ടാനമായ നോമ്പ് ഇങ്ങിനെ വാണിജ്യ വൽക്കരിക്കുന്നതു ശരിയാണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. 

ഏറ്റവും പ്രധാനപ്പെട്ട  കാര്യം ആർക്കും ഇങ്ങിനെ ഇഷ്ടം പോലെ  ഇഫ്ത്താർ പാർട്ടികൾ നടത്താമോ എന്നും വിശ്വാസികൾക്ക് അത് സ്വീകരിക്കാമോ എന്നുള്ളതും ആണ്. പണമുള്ളവർ   കുറേപ്പേരെ വിളിച്ച് ഒരു ഇഫ്ത്താർ പാർട്ടി നടത്തുന്നു. ആരൊക്കെയോ അതിൽ പങ്കെടുക്കുന്നു.  ഇങ്ങിനെയുള്ള സ്പോണ്‍സെർഡ്‌ ഇഫ്ത്താർ  ശരിയാണോ എന്നു നോക്കേണ്ടി ഇരിക്കുന്നു.

2014, ജൂലൈ 26, ശനിയാഴ്‌ച

കോഴ/ അഴിമതി

മുസ്ലിം ലീഗിൻറെയും മറ്റു തൽപ്പര കക്ഷികളുടെയും സമ്മർദ്ദത്തിനു വഴങ്ങിയാണ് പുതിയ പ്ലസ് വണ്‍ സ്കൂളുകളും ബാച്ചുകളും സർക്കാർ അനുവദിച്ചത് എന്ന് നാട്ടിൽ പാട്ടാണ്. അധ്യാപക നിയമനത്തിന്  മാനേജ്മെന്റിന്   കോ ഴ വാങ്ങാനും  അതിൽ ഒരു പങ്ക് ഭരണത്തിൽ ഇരിക്കുന്നവക്ക് വാങ്ങാനുമുള്ള  അവസരം ഒരുക്കുന്നതിനാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ  യാതൊരു നിയമവും പാലിക്കാതെ സ്കൂളുകൾ അനുവദിച്ചത് എന്നും എല്ലാവർക്കും അറിയാം.

സർക്കാർ കോഴ കൈപ്പറ്റുന്നു എന്ന   ഗുരുതരമായ ആരോപണവുമായി  മുസ്ലിം എജ്യുക്കെഷൻ സൊസൈറ്റി (എം.ഇ.എസ്) പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ ആണ് മന്ത്രി സഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുതിയ ബാച്ച് അനുവദിച്ചു കിട്ടണമെങ്കിൽ ഓരോ ബാച്ചിനും ലക്ഷ ക്കണക്കിന് രൂപയുടെ കോഴ നൽകണം എന്ന് ആവശ്യപ്പെട്ട്മൂന്ന് മാനേജ്മെന്റ് പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചു എന്നും ഇവർ ഭരണ കക്ഷിയായ മുസ്ലിം ലീഗുമായി  അടുത്ത ബന്ധം പുലർത്തുന്നവർ ആണെന്നും, ഇവരെ വ്യക്തമായി അറിയാമെന്നും ഗഫൂർ പറയുന്നു. കാബിനറ്റിൽ തന്നെയാണ് കോഴയുടെ വീതം വെപ്പ് നടന്നത് എന്നും അദ്ദേഹം പറയുന്നു എന്നൊരു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ കൂടുതൽ പരസ്യമായി അഴിമതി ആരോപണം എങ്ങിനെ ഉന്നയിക്കാനാണ്? എല്ലാ പത്രങ്ങളോടും   ഇത് പറഞ്ഞു. ദൃശ്യ മാധ്യമങ്ങളിൽ പ്രത്യേക അഭിമുഖം നൽകി. എന്നിട്ടും  സർക്കാർ എന്താണ് നടപടി ഒന്നും എടുക്കാത്തത്. സാധാരണ ഗതിയിൽ ഇങ്ങിനെ ഒരു കൈക്കൂലി/ കോഴ ആരോപണം ഉണ്ടായാൽ ഉടൻ ഒരു കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. അത് കഴിഞ്ഞ് അന്വേഷണവും. കോഴ ചോദിച്ചവരെ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. കാബിനറ്റിൽ കോഴ വീതം വയ്ക്കുന്നു എന്ന് പറയുമ്പോൾ മന്ത്രിമാർക്ക് വേണ്ടിയാണ് കോഴ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാണല്ലോ.  വെറുതെ ആരും പറയുന്നതല്ല. ഉത്തരവാദിത്വ പ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ആണ് ഇത് പറയുന്നത്. അത് അതെ ഗൌരവത്തോട് കൂടി എടുക്കേണ്ടതല്ലേ? കേസ് എടുക്കേണ്ടതല്ലേ?  

ഇവിടെ അതിനു പകരം, വ്യക്തമായ തെളിവുകളുമായി  അഴിമതി ആരോപണം ഉന്നയിച്ചയാളെ മുഖ്യ മന്ത്രി ചർച്ചക്ക് വിളിച്ചിരിക്കുകയാണ്. എന്താണിതിന്റെ അർത്ഥം? ഒത്തു തീർപ്പാണോ? രാഷ്ട്രീയ പാർട്ടികളും പൊതു ജനങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി ഇരിക്കുന്നു.

2014, ജൂലൈ 24, വ്യാഴാഴ്‌ച

മന്ത്രിമാരുടെ ത്യാഗം

ഉദ്ഘാടനം ചെയ്യാനും,  മുഖ്യാതിഥി, വിശിഷ്ടാതിഥി, മുഖ്യ പ്രഭാഷകൻ തുടങ്ങിയ  ബഹു വിധ  വേഷങ്ങളിൽ   പൊതു ചടങ്ങുകളിൽ അഭിനയിക്കാനും  വിധിക്കപ്പെട്ട പാവം മന്ത്രിമാരുടെ നിസ്സഹായാവസ്ഥയും  ദൈന്യതയും വിവര മന്ത്രി കെ.സി. ജോസഫ് വിഷമത്തോടെ വിവരിക്കുന്നത് വായിച്ചപ്പോൾ അവരുടെ ദുര്യോഗത്തിൽ അതിയായ സങ്കടം തോന്നി. ( 24ലെ  മാതൃഭൂമി) ഉദ്ഘാടനം നടത്താതെ ജനങ്ങൾ അവരെ വെറുതെ വിടില്ലത്രേ.   ജനങ്ങൾക്ക്‌ വേണ്ടി അവർ സഹിക്കുന്ന ആ വലിയ  ത്യാഗത്തിൽ അവരോട് കൃതജ്ഞതയും തോന്നി.  ജൂലായ്‌ 15- ആറ്റുകാൽ പോലീസ് ഔട്ട്പോസ്റ്റ് ഉദ്ഘാടനം. അതിൽ  പങ്കെടുക്കുന്നത്  രണ്ടു മന്ത്രിമാർ. ജൂലായ്‌ 23 കോവളം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം അതിലും   2 മന്ത്രിമാർ.  അന്ന് തന്നെ സപ്ലെകോയുടെ  - റംസാൻ-ഓണം വിൽപ്പനമേളയുടെ ഉദ്ഘാടനം, അതിന്  മന്ത്രിമാർ 4. ഈ മൂന്നു സ്ഥലങ്ങളിലും   മുഖ്യ പ്രഭാഷകൻ ഒരേ മന്ത്രി. 4 മണിക്ക് കോവളത്ത്  മുഖ്യ പ്രഭാഷണം നടത്തിയിട്ട് 5 മണിക്ക് സപ്ലെകോയുടെ  മുഖ്യ പ്രഭാഷണത്തിന് ഈ  ബഹു:മന്ത്രി 20 കിലോമീറ്റർ സഞ്ചരിച്ച്  പുത്തരിക്കണ്ടത്ത്  എത്തിയിരിക്കുന്നു. ത്യാഗം എന്നല്ലാതെ മറ്റെന്തു വിളിക്കും ഇതിനെ? 

തിരുവനന്തപുരത്ത് ഒരു സാംസ്കാരിക സംഘടനയുടെ വി.ജെ.റ്റി. ഹാളിലെ  ഒരു ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചപ്പോൾ ആ ദിവസം അസൌകര്യം ഉണ്ടായിരുന്ന   മന്ത്രി അതിനു പകരം  അവരുടെ അടുത്ത ദിവസത്തെ പരിപാടിക്ക്   തന്നെ ഉൾപ്പെടുത്തണം എന്ന് ഇടനിലക്കാരനോട് പറഞ്ഞു ത്യാഗം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.  ഉദ്ഘാടകൻ ആയും മുഖ്യാതിഥി ആയും മറ്റു രണ്ടു  മന്ത്രിമാരെ  അടുത്ത ദിവസത്തേക്ക്‌ തരപ്പെടുത്തിയിരുന്ന സംഘാടകർ ആകട്ടെ ഈ മന്ത്രിയെ നിരാശപ്പെടുത്താതെ അടുത്ത ദിവസത്തെ വിശിഷ്ടാതിഥി ആക്കി അഡ്ജസ്റ്റ്‌ ചെയ്തു.

സർക്കാർപരിപാടികൾക്ക് പുറമേ സ്വർണക്കട, തുണിക്കട, ചിട്ടിക്കമ്പനി  തുടങ്ങിയവയുടെ ഉദ്ഘാടനം ചെയ്യുന്നതിനും അത്തരം മറ്റു  സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിലും  എത്ര താൽപ്പര്യം ആണീ മന്ത്രിമാർ കാണിക്കുന്നത് . തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും  ഒന്ന് 'ഷൈൻ' ചെയ്യാനുമാണ് അവരീ ദൗത്യം ഏറ്റെടുക്കുന്നത്.  തനിക്കും ജന സ്വാധീനവും   അണികളും ഉണ്ടെന്ന്  പാർട്ടി മേധാവികളെ ഒന്ന് "ഇംപ്രസ്സ്"  ചെയ്യിച്ച് ഒന്ന് പിടിച്ചു നിൽക്കാനും,   "ഒരു നിശ്ചയവും ഇല്ല ഒന്നിനും"എന്ന രീതിയിൽ രാഷ്ട്രീയം മാറിയിരിക്കുന്ന ഇക്കാലത്ത്  അധികാരത്തിൽ നിന്നും ചരിത്രത്തിൻറെ ചവറ്റു കുട്ടയിലേക്ക് തൂത്തെറിയുന്നതിനു  മുൻപ് പരമാവധി ശിലാ ഫലകങ്ങളിൽ തൻറെ പേര് പതിയാനും പത്രങ്ങളിലും ചാനലുകളിലും  പടവും വാർത്തയും വരാനുമുള്ള   വ്യഗ്രത ഒന്നു മാത്രമാണീ  ഉദ്ഘാടന പ്രകടനങ്ങൾക്ക് പിന്നിൽ.

കിട്ടുന്ന ഒരവസരവും ഇവർ വെറുതെ കളയാറില്ല. പത്രക്കാരുടെയും ടെലിവിഷൻ ചാനലുകാരുടെയും ക്യാമറയ്ക്ക് മുന്നിൽ സിനിമാ അവാർഡ് പ്രഖ്യാപിക്കാനും, സ്കൂളിലെ പരീക്ഷാ ഫലം പ്രഖ്യാപിക്കാനും  നമ്മുടെ മന്ത്രിമാർ  കാട്ടുന്ന ഉത്സാഹം  ഇവരുടെ ഉള്ളിലിരിപ്പ് വെളിപ്പെടുത്തുമല്ലോ. ഈ ഫല പ്രഖ്യാപനങ്ങൾക്ക് ഒരു സംസ്ഥാന മന്ത്രിയുടെ ആവശ്യം എന്താണ്? ഒരു സാധാരണ പത്ര ക്കുറിപ്പിലൂടെയും     ഇൻറർ നെറ്റിലൂടെയും അറിയിക്കാവുന്ന ഒരു  സാധാരണ കാര്യമാണ് എന്തോ മഹാ  കാര്യം ചെയ്യുന്നത് പോലെ  വലിയ ആർഭാടത്തോടെ മന്ത്രിമാർ പത്രക്കാരെ വിളിച്ചു കൂട്ടി   നടത്തുന്നത്. ഇതൊക്കെ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി അവർ തന്നെ ചെയ്യുന്ന കാര്യങ്ങൾ അല്ലെങ്കിൽ മറ്റെന്താണ്? 

ഇത് കൂടാതെ ഈ ഉദ്ഘാടന മഹാ മഹങ്ങളുടെ പരസ്യങ്ങൾ പത്രത്തിലും കൊടുക്കാറുണ്ട്. പൊതു ഖജനാവിൽ നിന്നും എടുത്ത പണം കൊണ്ട് ഇവരുടെ പടം വച്ച പത്ര പരസ്യങ്ങൾ. ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും  ഈ പരസ്യങ്ങളിലൊക്കെ മുഖ്യ മന്ത്രി ഒരു അഭിവാജ്യ ഘടകം ആണ്. ഇതെല്ലാം സർക്കാർ തന്നെ സംഘടിപ്പിക്കുന്ന  ചടങ്ങുകൾ ആണ്. ഇതിനൊക്കെ വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ ആരാണ് മന്ത്രിമാരെ അഹങ്കാരികൾ എന്ന് തെറ്റിദ്ധരിക്കുന്നത്?    ലോക സഭ തെരഞ്ഞെടുപ്പു കാലത്ത് തൻറെ ചിരിച്ചു കൊണ്ടിരിക്കുന്ന പടമുള്ള ഫ്ലെക്സ് ബോർഡുകൾ ഒരു നഗര സഭാ സാമാജികൻറെ  സഹായത്തോടെ തിരുവനന്തപുരം നഗരം മുഴുവൻ പതിച്ച ഒരു മന്ത്രിയുടെ കഥയും നാട്ടിൽ  പാട്ടാണ്.  സ്വന്തം പരസ്യം നൽകാൻ ഏതറ്റം വരെയും പോകുന്ന ഈ മന്ത്രിമാർ ആണ്,  ഉദ്ഘാടനങ്ങൾക്ക്  തങ്ങളെ  വേണം എന്ന് ജനങ്ങൾ നിർബന്ധം പിടിക്കുന്നതായി   ചാരിത്ര പ്രസംഗം നടത്തുന്നത്.

2014, ജൂലൈ 22, ചൊവ്വാഴ്ച

ഉപകാര സ്മരണ

ഉണ്ട ചോറിനു നന്ദി കാണിക്കുന്നവരാണ് നമ്മുടെ മന്ത്രിമാർ. ബാർ മുതലാളിമാരോട് ആകട്ടെ  സ്വകാര്യ ബസ്സുടമകളോട് ആകട്ടെ   പ്രത്യുപകാരം ചെയ്യാൻ ഇവർ  കാട്ടുന്ന അർപ്പണ മനോഭാവവും അതീവ   താൽപ്പര്യവും ഭാവി തലമുറ കണ്ടു പഠിക്കേണ്ടതാണ്.  ഇവിടെ ആറന്മുള വിമാനത്താവള ഇടപാടിൽ ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ്. അദ്ദേഹം നിയമ സഭയിൽ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു കെ.ജി.എസ്.വിമാനത്താവള ക്കമ്പനി പുതിയ നിർദേശവും ആയി വന്നാൽ ആറന്മുളയിൽ തന്നെ വിമാന താവളം സ്ഥാപിക്കും  എന്ന്. അതിനു രണ്ടു ദിവസം മുൻപ് ധന മന്ത്രി മാണി പറയുകയുണ്ടായി എന്തു വില കൊടുത്തും ആറന്മുള വിമാനത്താവളം വരുത്തും എന്ന്. 

വിരലിൽ എണ്ണാവുന്ന   രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും മാത്രമാണ് പ്രകൃതിയെയും പരിസ്ഥിതിയെയും  നശിപ്പിച്ച്  ഭാവി  തലമുറകൾക്കാകെ ദുരന്തം വിതയ്ക്കുന്ന ഈ വിമാന ത്താവളത്തിന് ഓശാന പാടാൻ ഉള്ളത്. കള്ള പ്പണ ക്കാരായ കോടീശ്വരന്മാരാണ് ഈ സംരഭത്തിനു പിറകിൽ എന്നെല്ലാവർക്കും അറിയാം. വിമാനത്താവളത്തിന് പിറകെ ഇവർ പോകുന്നതിൻറെ പൊരുളറിയാൻ കൂടുതൽ ആലോചിക്കേണ്ടല്ലോ.  നടക്കില്ല എന്നറിയാമെങ്കിലും, ഇടയ്ക്കിടെ കമ്പനിക്ക് അനുകൂലമായി രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ അവർ ദ്വേഷ്യപ്പെട്ടെങ്കിലോ, ബ്ലാക്ക് മെയിൽ ചെയ്തെങ്കിലോ, ഭാവിയിൽ സഹകരണം തന്നില്ലെങ്കിലോ എന്ന പേടിയാണ് ഉപകാര സ്മരണ ആയി അവരെ പരസ്യമായി പിന്തുണക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിന് കേരള, കേന്ദ്ര സർക്കാറുകൾ നൽകിയ എല്ലാ പാരിസ്ഥിതിക അനുമതികളും റദ്ദ് ചെയ്തു കൊണ്ട് 2014 മെയ് 28 ന്   ദേശീയ  ഹരിത  ട്രിബുണൽ വിധി പുറപ്പെടുവിച്ചു. എല്ലാ നിർമാണങ്ങളും നിർത്തി വയ്ക്കാനും ഉത്തരവിട്ടു. 2014 ജൂണ്‍ മാസത്തിൽ കേരള ഹൈ ക്കോടതി ആകട്ടെ, വിമാനത്താവളത്തിന് വേണ്ടി മണ്ണിട്ട്‌ നികത്തിയ കരിമാരം തോട്,കൊഴിത്തോട്‌  എന്നീ തോടുകൾ മണ്ണ് മാറ്റി പൂർവ സ്ഥിതിയിൽ ആക്കണം എന്ന ലാൻഡ്‌ റെവന്യൂ കമ്മീഷണരുടെ  2012 സെപ്റ്റംബർ 10 ൻറെ ഉത്തരവ് നടപ്പാക്കണം എന്ന്    ഉത്തരവിട്ടിരുന്നു . 2014 ജൂലായ്‌ 26 നകം അപ്രകാരം ചെയ്യണം എന്നും ഹൈ കോടതി  നിർദ്ദേശിച്ചിരുന്നു. കംപ്ട്രോളർ ആൻഡ്‌ ആഡിറ്റർ ജനറൽ  നിയമ സഭയിൽ ജൂലൈ 8നു  സമർപ്പിച്ച റിപ്പോർട്ടിൽ     ആറന്മുള വിമാനത്താവളത്തിനു കേരള സർക്കാർ നൽകിയ എല്ലാ അനുമതികളും എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടായിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു. കേന്ദ്ര സർക്കാരും കേരള സർക്കാരും വഴി വിട്ട് വിമാനത്താവളത്തിനെ സഹായിച്ചു എന്ന് തെളിവ് സഹിതം ആ റിപ്പോർട്ട് വ്യക്തമാക്കി. ഹരിത ട്രിബുണലും, ഹൈക്കോടതിയും, കംപ്ട്രോളർ ആൻഡ്‌ ആഡിറ്റർ ജനറലും ഒന്നു പോലെ വിമർശിച്ച, തള്ളിക്കളഞ്ഞ   ആറന്മുള വിമാനത്താവളത്തിനെയാണ്   ഉമ്മൻ ചാണ്ടിയും മാണിയും എന്ത് വില കൊടുത്തും തിരിച്ചു കൊണ്ട് വരും എന്ന് പ്രഖ്യാപിക്കുന്നത്.  എന്ത് ധാർഷ്ട്യമാണ് ഇവർ ജനങ്ങളുടെ നേരെ കാണിക്കുന്നത്? കേരള  ജനതയുടെ  മുഖത്ത് കാർക്കിച്ചു തുപ്പുകയല്ലേ ഇവർ?. 

ഇപ്പോഴിതാ ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാൻ ഭരണ കൂടം ശ്രമം തുടങ്ങിയിരിക്കുന്നു. ആദ്യം അവർ  പറഞ്ഞ മുട്ടു ന്യായം,  എടുക്കുന്ന മണ്ണ് മുഴുവൻ റെയിൽവേയ്ക്ക് വേണ്ട എന്നാണ്.  എത്രയോ റോഡുകളാണ് ഇവിടെ പണിയുന്നത്? അവയ്ക്കൊക്കെ മണ്ണ് വേണ്ടേ? അടുത്തതായി   ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന ഹൈക്കോടതി വിധിയിലെ ഭാഗം തെറ്റായി വ്യഖ്യാനിച്ച് സമയം കളയാനാണ് ജില്ലാ കളക്ടർ ശ്രമിക്കുന്നത്. ഈ കേസിൽ കക്ഷിയേ  അല്ലാത്ത വിമാനത്താവള കമ്പനി ആയ കെ.ജി.എസ്.ഗ്രൂപ്പിൻറെ വാദം കേൾക്കാൻ പോവുകയാണ് അവിടുത്തെ ക ളക്ടർ.  ഉമ്മൻ ചാണ്ടിയുടെയും    മാണിയുടെയും വിമാനത്താവള അനുകൂല പ്രസ്ത്താവനകൾ ഈ നീക്കത്തിന് പിന്നിൽ ഉണ്ട് എന്ന് ആരോപണം വന്നാൽ തെറ്റ് പറയാനാകുമോ? എന്തൊക്കെ ചെയ്താലും ആറന്മുളയിൽ വിമാനത്താവളം വരുകയില്ല എന്ന് ഇവിടത്തെ ജനങ്ങൾ പ്രതിജ്ഞ എടുത്തു കഴിഞ്ഞു. 

2014, ജൂലൈ 20, ഞായറാഴ്‌ച

പുതിയ സ്കൂളുകൾ

വിക്രമാദിത്യനും വേതാളവും പോലെയാണ്  കോണ്‍ഗ്രസ്സും മുസ്ലീം ലീഗും. എപ്പോഴൊക്കെ കോണ്‍ഗ്രസ് അധികാരത്തിൽ കയറിയോ അപ്പോഴൊക്കെ  വേതാളത്തെപ്പോലെ  മുസ്ലീം ലീഗ്അവരുടെ കഴുത്തിൽ തൂങ്ങിയിട്ടുണ്ട്. അധികാരത്തിൽ കയറാൻ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ്സ് ഇവരെ ചുമക്കുന്നത്. അധികാരത്തിൽ തുടരാൻ വേണ്ടി ഈ ചുമട് അഞ്ചു വർഷവും കൊണ്ടു  നടക്കേണ്ടിയും  വരുന്നു.  അവസാനം, സഹി കെട്ട്, ഗത്യന്തരമില്ലാതെ ഈ വേതാളത്തെ കോണ്‍ഗ്രസ്സിന് തന്നെ തള്ളി പ്പറയേണ്ടി വന്നു. അധികാരം പോകുമെന്ന പേടിയിൽ നേരിട്ട് പറയാതെ ഒരു വിഭാഗം  കോണ്‍ഗ്രസ്സുകാർ അവരുടെ പത്രമായ വീക്ഷണത്തിൽ മുഖ പ്രസംഗം എഴുതിയാണ് തങ്ങളുടെ വികാരം പ്രകടിപ്പിച്ചത്. മുസ്ലീം ലീഗിൻറെ വിരട്ടലിൽ  പിടിച്ചു നിൽക്കാൻ നട്ടെല്ല് കൈമോശം വന്ന കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. മുഖ പ്രസംഗം പുറത്തു വന്ന ഉടനെ പേടിച്ച് കെ.പി.സി.സി.വൈസ് പ്രസിഡന്റ് ഹസ്സൻ  പ്രസ്താവന ഇറക്കി  "ഇത് പാർട്ടിയുടെ അഭിപ്രായമല്ല" -കഷ്ട്ടം! പിന്നെ ആരുടെ അഭിപ്രായമാണ് കോണ്‍ഗ്രസ്സിന്റെ പാർട്ടി പത്രത്തിൽ വന്നത്? അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെതോ?                     
                                                                                                                                                                 
കാലാ കാലം കൈകാര്യം ചെയ്ത് വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ മുസ്ലിം ലീഗ് ഏറ്റവും അവസാനം  കയറിപ്പിടിച്ചത്‌ പുതിയ ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കണം എന്നതിലാണ്. കുറെയേറെ സ്കൂളുകൾ വേണ്ടത് എയിഡഡ് മേഖലയിൽ ആണ്. അതായത് അവിടത്തെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ. അവിടെ  അധ്യാപകരെ  നിയമിയ്ക്കുന്നതോ സ്കൂൾ മാനേജർ മാർ.അതിനു അവർ കാശ് വാങ്ങുകയും ചെയ്യും. നാൽപ്പതും അൻപതും  ലക്ഷം ആണ് ഓരോ അധ്യാപക പോസ്റ്റിനും വാങ്ങുന്നത്. എന്താ ആദായകരമല്ലേ ഈ ബിസിനസ്സ്? മാനേജർ മാത്രം പണം ഉണ്ടാക്കിയാൽ പോരല്ലോ.  ഇപ്പോൾ നിലവിലുള്ള സിസ്റ്റം അനുസരിച്ച് മാനേജർ കാശ്  അല്ല  ഒരു പോസ്റ്റ്‌ ആണ് "മുകളിൽ" കൊടുക്കേണ്ടത്. അത് വിറ്റ് "അവർ" കാശ്  ആക്കിക്കൊള്ളും.

64270 പ്ലസ് ഒ ണ്‍  സീറ്റുകൾ ആണ്    സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്നത്. അതിനിടയിൽ ആണ് വീണ്ടും കൂടുതൽ  സീറ്റുകളും പുതിയ സ്കൂളുകളും അനുവദിക്കാൻ മുസ്ലീം ലീഗ് സമ്മർദം ചെലുത്തുന്നതും ശക്തമായ  നീക്കം നടത്തുന്നതും. ഉർവശീ ശാപം ഉപകാരം ആയി എന്നത് പോലെ സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടങ്ങണം എന്ന് ഹൈ ക്കോടതിയുടെ ഒരു വിധിയും വരുകയുണ്ടായി. ശരിയായ വിവരങ്ങൾ കോടതിയെ അറിയിക്കാതെ ഇത്തരം ഒരു വിധി നേടിയെടുക്കാനാണോ സർക്കാർ കേസ് നടത്തിയത് എന്ന് കോണ്‍ഗ്രസ്സ് സംശയിക്കുന്നതായി അവരുടെ മുഖ പ്രസംഗം പറയുന്നത് നമ്മൾ എന്തിനു അവിശ്വസിക്കണം? അപ്പോൾ ഇത്തരം ഒരു സ്ഥിതി വരുത്താൻ ശരിയായ കണക്കുകൾ നൽകാതെ ഹൈ ക്കോടതിയെ സർക്കാർ തെറ്റി ധരിപ്പിച്ചു എന്ന് വേണം നമ്മൾ ധരിക്കാൻ. സർക്കാരും എയിഡഡും സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരികയാണ്.  കുട്ടികൾ ഇല്ലാതെ പൂട്ടലിന്റെ വക്കത്തു നിൽക്കുന്ന അനേകം  സ്കൂളുകൾ കേരളത്തിൽ ഉണ്ട്. മൊത്തം 60 കുട്ടികൾ ഇല്ലാത്ത 3552 സ്കൂളുകൾ ആണു നമ്മുടെ കേരളത്തിൽ ഉള്ളത്. ഒരു കുട്ടി പോലുമില്ലാത്ത  3 സ്കൂളുകൾ, 1 കുട്ടി മാത്രമുള്ള 4 സ്കൂളുകൾ, 2 കുട്ടികളുള്ള 3 സ്കൂളുകൾ, 3 കുട്ടികളുള്ള 4 സ്കൂളുകൾ, ഇതാണ് കണക്ക്. ഇവിടെയെല്ലാം അധ്യാപകരും ഉണ്ട്.ശമ്പളവും കൊടുക്കുന്നുണ്ട്.വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ   12000 അധ്യാപകരെയാണ് സർക്കാർ "പ്രൊട്ടെക്റ്റ്' ചെയ്തു നിർത്തിയിരിക്കുന്നത്. ഓരോ അധ്യാപകനും ശരാശരി  2.5 ലക്ഷം രൂപ വീതം  ആണ് ജോലി ചെയ്യാതെ പൊതു ഖജനാവിൽ നിന്നും വർഷം തോറും ശമ്പളം നൽകുന്നത്.  ഇല്ലാത്ത കുട്ടികളെ കാണിച്ച്  തസ്തിക ഉണ്ടാക്കി കാശ് വാങ്ങി നിയമനം നടത്തിയ അനേകം അധ്യാപകർ ഈ പ്രൊറ്റക്റ്റഡ വിഭാഗത്തിൽ ഉണ്ട്. ഇതാണ് ലീഗിൻറെ ഭരണത്തിൽ നടന്ന വിദ്യഭ്യാസ വികസനം. ഇതെവിടെ ചെന്ന് അവസാനിക്കും?

പുതുതായി അനുവദിച്ച 134 സ്കൂളുകളിൽ ഓരോന്നിലും ചേർന്ന് 
പഠിക്കാൻ  എത്ര വിദ്യാർഥികൾ  കാണും എന്ന് വിദ്യാഭ്യാസ വകുപ്പ്  കണക്കെടുത്തിട്ടുണ്ടോ?  ആ സ്കൂളുകളിലും ഒന്നും രണ്ടും കുട്ടികൾ മാത്രമായിരിക്കുമോ ഉണ്ടാവുക ? പുതുതായി അനുവദിച്ച ബാച്ചുകളിൽ എത്ര വിദ്യാർഥികൾ കാണുമെന്ന് നോക്കിയിട്ടുണ്ടോ?   സ്കൂളുകൾ അനുവദിക്കുന്നതിന് മുൻപ് ഇത്തരത്തിൽ വസ്തുതാ പരമായ ഒരു കണക്കെടുപ്പ് എന്ത് കൊണ്ട് നടത്തിയില്ല? പുതിയ 134 സ്കൂളുകൾക്ക്‌ പകരം അവിടങ്ങളിലെ നിലവിലുള്ള ഹൈസ്കൂളുകളിൽ അല്ലെങ്കിൽ 60 കുട്ടികൾ തികച്ചില്ലാത്ത 3552 സ്കൂളുകളിൽ ആവശ്യത്തിനു അനുസരിച്ച് പുതിയ പ്ലസ് ഒണ്‍   ബാച്ചുകൾ തുടങ്ങാനുള്ള സാധ്യധ എന്ത് കൊണ്ട് പരിശോധിച്ചില്ല?  ആവശ്യത്തിന് വിദ്യാർത്ഥികൾ  ഇല്ലാതെ  വീണ്ടും കുറെ അധ്യാപകരെ നിയമിച്ച് കാശുണ്ടാക്കാനുള്ള ഒരു വഴിയാണ് പുതിയ സ്കൂളുകൾ അനുവദിക്കുന്നത് എന്ന് ജനങ്ങൾ പറയുന്നതിൽ എന്താണ് തെറ്റ്?   ഭരണത്തിൻറെ പൂർണ  ഉത്തരവാദി താനാണെന്ന് മേനി നടിക്കുന്ന മുഖ്യ മന്ത്രി ഇക്കാര്യത്തിൽ എന്ത് കൊണ്ട് സത്യ സന്ധമായ  ഒരു നിലപാട് എടുക്കുന്നില്ല? പൊതു ഖജനാവിലെ പണം ആണ് ഇങ്ങിനെ നശിപ്പിക്കുന്നത്. അതായത് ജനങ്ങൾ നികുതിയായി നൽകുന്ന പണം.