2014, ജൂലൈ 22, ചൊവ്വാഴ്ച

ഉപകാര സ്മരണ

ഉണ്ട ചോറിനു നന്ദി കാണിക്കുന്നവരാണ് നമ്മുടെ മന്ത്രിമാർ. ബാർ മുതലാളിമാരോട് ആകട്ടെ  സ്വകാര്യ ബസ്സുടമകളോട് ആകട്ടെ   പ്രത്യുപകാരം ചെയ്യാൻ ഇവർ  കാട്ടുന്ന അർപ്പണ മനോഭാവവും അതീവ   താൽപ്പര്യവും ഭാവി തലമുറ കണ്ടു പഠിക്കേണ്ടതാണ്.  ഇവിടെ ആറന്മുള വിമാനത്താവള ഇടപാടിൽ ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ്. അദ്ദേഹം നിയമ സഭയിൽ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു കെ.ജി.എസ്.വിമാനത്താവള ക്കമ്പനി പുതിയ നിർദേശവും ആയി വന്നാൽ ആറന്മുളയിൽ തന്നെ വിമാന താവളം സ്ഥാപിക്കും  എന്ന്. അതിനു രണ്ടു ദിവസം മുൻപ് ധന മന്ത്രി മാണി പറയുകയുണ്ടായി എന്തു വില കൊടുത്തും ആറന്മുള വിമാനത്താവളം വരുത്തും എന്ന്. 

വിരലിൽ എണ്ണാവുന്ന   രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും മാത്രമാണ് പ്രകൃതിയെയും പരിസ്ഥിതിയെയും  നശിപ്പിച്ച്  ഭാവി  തലമുറകൾക്കാകെ ദുരന്തം വിതയ്ക്കുന്ന ഈ വിമാന ത്താവളത്തിന് ഓശാന പാടാൻ ഉള്ളത്. കള്ള പ്പണ ക്കാരായ കോടീശ്വരന്മാരാണ് ഈ സംരഭത്തിനു പിറകിൽ എന്നെല്ലാവർക്കും അറിയാം. വിമാനത്താവളത്തിന് പിറകെ ഇവർ പോകുന്നതിൻറെ പൊരുളറിയാൻ കൂടുതൽ ആലോചിക്കേണ്ടല്ലോ.  നടക്കില്ല എന്നറിയാമെങ്കിലും, ഇടയ്ക്കിടെ കമ്പനിക്ക് അനുകൂലമായി രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ അവർ ദ്വേഷ്യപ്പെട്ടെങ്കിലോ, ബ്ലാക്ക് മെയിൽ ചെയ്തെങ്കിലോ, ഭാവിയിൽ സഹകരണം തന്നില്ലെങ്കിലോ എന്ന പേടിയാണ് ഉപകാര സ്മരണ ആയി അവരെ പരസ്യമായി പിന്തുണക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിന് കേരള, കേന്ദ്ര സർക്കാറുകൾ നൽകിയ എല്ലാ പാരിസ്ഥിതിക അനുമതികളും റദ്ദ് ചെയ്തു കൊണ്ട് 2014 മെയ് 28 ന്   ദേശീയ  ഹരിത  ട്രിബുണൽ വിധി പുറപ്പെടുവിച്ചു. എല്ലാ നിർമാണങ്ങളും നിർത്തി വയ്ക്കാനും ഉത്തരവിട്ടു. 2014 ജൂണ്‍ മാസത്തിൽ കേരള ഹൈ ക്കോടതി ആകട്ടെ, വിമാനത്താവളത്തിന് വേണ്ടി മണ്ണിട്ട്‌ നികത്തിയ കരിമാരം തോട്,കൊഴിത്തോട്‌  എന്നീ തോടുകൾ മണ്ണ് മാറ്റി പൂർവ സ്ഥിതിയിൽ ആക്കണം എന്ന ലാൻഡ്‌ റെവന്യൂ കമ്മീഷണരുടെ  2012 സെപ്റ്റംബർ 10 ൻറെ ഉത്തരവ് നടപ്പാക്കണം എന്ന്    ഉത്തരവിട്ടിരുന്നു . 2014 ജൂലായ്‌ 26 നകം അപ്രകാരം ചെയ്യണം എന്നും ഹൈ കോടതി  നിർദ്ദേശിച്ചിരുന്നു. കംപ്ട്രോളർ ആൻഡ്‌ ആഡിറ്റർ ജനറൽ  നിയമ സഭയിൽ ജൂലൈ 8നു  സമർപ്പിച്ച റിപ്പോർട്ടിൽ     ആറന്മുള വിമാനത്താവളത്തിനു കേരള സർക്കാർ നൽകിയ എല്ലാ അനുമതികളും എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടായിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു. കേന്ദ്ര സർക്കാരും കേരള സർക്കാരും വഴി വിട്ട് വിമാനത്താവളത്തിനെ സഹായിച്ചു എന്ന് തെളിവ് സഹിതം ആ റിപ്പോർട്ട് വ്യക്തമാക്കി. ഹരിത ട്രിബുണലും, ഹൈക്കോടതിയും, കംപ്ട്രോളർ ആൻഡ്‌ ആഡിറ്റർ ജനറലും ഒന്നു പോലെ വിമർശിച്ച, തള്ളിക്കളഞ്ഞ   ആറന്മുള വിമാനത്താവളത്തിനെയാണ്   ഉമ്മൻ ചാണ്ടിയും മാണിയും എന്ത് വില കൊടുത്തും തിരിച്ചു കൊണ്ട് വരും എന്ന് പ്രഖ്യാപിക്കുന്നത്.  എന്ത് ധാർഷ്ട്യമാണ് ഇവർ ജനങ്ങളുടെ നേരെ കാണിക്കുന്നത്? കേരള  ജനതയുടെ  മുഖത്ത് കാർക്കിച്ചു തുപ്പുകയല്ലേ ഇവർ?. 

ഇപ്പോഴിതാ ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാൻ ഭരണ കൂടം ശ്രമം തുടങ്ങിയിരിക്കുന്നു. ആദ്യം അവർ  പറഞ്ഞ മുട്ടു ന്യായം,  എടുക്കുന്ന മണ്ണ് മുഴുവൻ റെയിൽവേയ്ക്ക് വേണ്ട എന്നാണ്.  എത്രയോ റോഡുകളാണ് ഇവിടെ പണിയുന്നത്? അവയ്ക്കൊക്കെ മണ്ണ് വേണ്ടേ? അടുത്തതായി   ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന ഹൈക്കോടതി വിധിയിലെ ഭാഗം തെറ്റായി വ്യഖ്യാനിച്ച് സമയം കളയാനാണ് ജില്ലാ കളക്ടർ ശ്രമിക്കുന്നത്. ഈ കേസിൽ കക്ഷിയേ  അല്ലാത്ത വിമാനത്താവള കമ്പനി ആയ കെ.ജി.എസ്.ഗ്രൂപ്പിൻറെ വാദം കേൾക്കാൻ പോവുകയാണ് അവിടുത്തെ ക ളക്ടർ.  ഉമ്മൻ ചാണ്ടിയുടെയും    മാണിയുടെയും വിമാനത്താവള അനുകൂല പ്രസ്ത്താവനകൾ ഈ നീക്കത്തിന് പിന്നിൽ ഉണ്ട് എന്ന് ആരോപണം വന്നാൽ തെറ്റ് പറയാനാകുമോ? എന്തൊക്കെ ചെയ്താലും ആറന്മുളയിൽ വിമാനത്താവളം വരുകയില്ല എന്ന് ഇവിടത്തെ ജനങ്ങൾ പ്രതിജ്ഞ എടുത്തു കഴിഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ