2014, ജൂലൈ 28, തിങ്കളാഴ്‌ച

പെരുനാൾ

ഇഫ്‌താർ.  മുസ്ലിങ്ങളുടെ നോമ്പ് കാലം മുഴുവൻ  നാട്ടിലെങ്ങും സ്ഥിരം കേൾക്കുന്ന ഒരു പദം ആണ്  ഇഫ്താർ എന്നത്.   വൈകുന്നേരങ്ങളിൽ നടക്കുന്ന വലിയ   പാർട്ടികൾ എന്നാണ് സാധാരണ ജനങ്ങൾ ഇതിനെ മനസ്സിലാക്കുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം   ഇഫ്താർ വിരുന്നുകൾ അത്രയ്ക്ക് സർവ സാധാരണം ആയിരിക്കുന്നു. സത്യത്തിൽ  നോമ്പ് തുറക്കൽ എന്നാണിതിന്റെ അർത്ഥം. സൂര്യൻ ഉദിച്ചിരിക്കുന്നിടത്തോളം സമയം ആഹാരം ഒന്നും കഴിക്കാതെ കഴിയുന്നവർ സൂര്യൻ അസ്തമിച്ചതിനു  ശേഷം നോമ്പ് നിറുത്തി  ആഹാരം കഴിക്കാൻ തുടങ്ങുന്നതാണ് ഇഫ്താർ.  ഒരു സാധാരണ  മതാചാര ചടങ്ങ്. അതിൻറെ അർത്ഥവും വ്യാപ്തിയുമെല്ലാം പക്ഷെ വളരെ മാറിയിരിക്കുന്നു. 

 ഇന്ന് അത്  വലിയ ആഘോഷം ആയി മാറ്റിയിരിക്കുന്നു. നോമ്പ് എടുത്ത കുടുംബ അംഗങ്ങളോ, അത് പോലെയുള്ള കൂട്ടായ്മകളോ ഒന്നിച്ചിരുന്ന് വൈകുന്നേരങ്ങളിൽ  നോമ്പ് തുറക്കുന്ന  മതപരമായ ഒരു  സ്വകാര്യ  ചടങ്ങ് ഇന്ന് പരസ്യമായ് ഒരു ആഘോഷം ആക്കി ക്കഴിഞ്ഞു. ജാതി മത ഭേദമില്ലാതെ എല്ലാവരും ഇന്ന് ഇഫ്താർ പാർട്ടികൾ കൊടുക്കുന്നു. രാഷ്ട്രീയ ക്കാരാണ് ഇത് തുടങ്ങി വച്ചത്. പിന്നെ  വലിയ പണക്കാരും ബിസിനസ് കാരും ഈ പാർട്ടികൾ ഏറ്റെടുത്തു. വലിയ വലിയ  പഞ്ച നക്ഷത്ര നിലവാരമുള്ള പാർട്ടികൾ. നടത്തുന്നതോ പഞ്ച നക്ഷത്ര ഹോട്ടലുകളിലും അതെ നിലവാരമുള്ള സ്ഥലങ്ങളിലും. അടുത്തിടെ കേരളത്തിലെ ആഭ്യന്തര മന്ത്രി ഒരു ഇഫ്ത്താർ വിരുന്ന് നൽകി. ആരൊക്കെയാണ് പങ്കെടുത്തത് എന്ന് അറിയാമോ? ഗവർണർ,പ്രതി പക്ഷ നേതാവ്,മന്ത്രിമാർ  തുടങ്ങി ഇവിടത്തെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും അവരുടെ സേവകരും മറ്റും. നോമ്പുമായി ഒരു പുല ബന്ധം പൊലുമില്ലാത്തവർ. (ബ്ലൂ- ബ്ലാക്ക് മെയിൽ കേസ് പ്രതി ജയചന്ദ്രൻ ഇതിൽ പങ്കെടുത്തില്ല എന്ന് ആഭ്യന്തര മന്ത്രി ആണയിട്ടു പറയുന്നു.) ഇത്തരം പാർട്ടികളിൽ ഒന്നും ശരിയായ നോമ്പ് മുറിക്കൽ അല്ല നടക്കുന്നത്. നോമ്പ് മുറിക്കാൻ വരുന്നവരും വളരെ ചുരുക്കം. ഇഫ്ത്താറിൻറെ പേരിൽ രാഷ്ട്രീയക്കാരും ബിസിനസ് കാരും പണക്കാരും മുതലെടുപ്പ്   നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. 

പകൽ മുഴുവൻ ആഹാരം കഴിക്കാതെ ഇരിക്കുന്ന, നോമ്പ് എടുത്ത മനുഷ്യന് കഴിക്കാൻ പറ്റാത്ത തരത്തിൽ വിപുലമായ രീതിയിലുള്ള ആഹാരം ആണ് ഇത്തരം പാർട്ടികളിൽ വിളമ്പുന്നത്. ഒരു വലിയ ബിസിനസ്സ് കാരൻ കോവളത്തു വച്ചു  നടത്തിയ ഒരു ഇഫ്ത്താർ വിരുന്ന് കണ്ടു. ലോകത്ത് കിട്ടാവുന്ന എല്ലാ പഴങ്ങളും, ഉണക്ക പഴങ്ങളും, അണ്ടിപ്പരിപ്പ് പോലുള്ള സാധനങ്ങളും മറ്റും   ടണ്‍ കണക്കിന് നിരത്തിയിരിക്കുന്നു. ഒരു വശത്ത് ലക്നൌവി, ഹൈദരാബാദി തുടങ്ങിയ കുറെ   ബിരിയാണികൾ. അപ്പുറത്ത്  മട്ടണ്‍, ചിക്കൻ കൊണ്ടുണ്ടാക്കിയ എണ്ണാൻ പറ്റാത്ത  വിവിധ വിഭവങ്ങൾ. അങ്ങിനെ  ഭാരതത്തിലും വിദേശത്തും അറിയപ്പെടുന്ന എല്ലാത്തരം ആഹാര സാധനങ്ങളും ധാരാളമായി വച്ചിട്ടുണ്ട്. കക്ഷി ഭേദ മന്യേ ഉള്ള  രാഷ്ട്രീയ ക്കാരും, സാമൂഹ്യ പ്രവർത്തകരും, പത്രക്കാരും  പിന്നെ   പണം കൊണ്ടും അധികാരം കൊണ്ടും സമൂഹത്തിൽ സ്ഥാനം നേടിയവരും ആണ് ക്ഷണിതാക്കളായ  അതിഥികൾ. ശരിയായി നോമ്പ് തുറക്കാനുള്ളവർ വിരളം. പട്ടിണിക്കാരന് ഈ ഇഫ്ത്താർ വിരുന്നിൽ കയറാനാകില്ല.   ഇത്തരത്തിലുള്ള   ആർഭാടം നിറഞ്ഞ ഇഫ്താറുകൾ മിക്കവാറും ദിവസങ്ങളിൽ   കാണും. പ്രൌഡി കാട്ടാനായി  ധാരാളമായി അവിടെ പ്രദർശിപ്പിക്കുന്ന ഭക്ഷണം   ഭൂരി ഭാഗവും ആരും കഴിക്കാനില്ലാതെ  വേസ്റ്റ് ആയി പോവുകയാണ് ചെയ്യുന്നത്.

പണക്കാരും, ബിസിനസ്സ്കാരും ഇങ്ങിനെ നോമ്പ് ആഘോഷിക്കുമ്പോൾ, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ, പച്ച വെള്ളം കുടിച്ച്  നോമ്പ് തുറക്കുന്നവർ എത്രയാണ് നമ്മുടെ നാട്ടിൽ?  അങ്ങിനെ ഉള്ളവരെ കണ്ടു പിടിക്കാൻ വലിയ ബുദ്ധി മുട്ട് ഇല്ലല്ലോ. ഈ നോമ്പ് കാലത്തെങ്കിലും അവർക്ക് വയറു നിറയെ ഭക്ഷണം നൽകാൻ ഈ സഹോദരങ്ങൾക്ക്‌ ബാധ്യത ഇല്ലേ? പാവങ്ങൾക്ക് സകാത്ത് നൽകണമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ? ഈ പുണ്യ മാസം എങ്കിലും പണക്കാർ പാവപ്പെട്ടവർക്ക് ആഹാരവും ധന സഹായവും നൽകിക്കൂടെ? അങ്ങിനെ ചെയ്യാതെ ഇഫ്ത്താർ എന്ന ചടങ്ങ് ഇങ്ങിനെ ആഘോഷം ആക്കുന്നത് ശരിയാണോ? പണക്കാരൻ പണക്കാരന് കൊടുക്കുന്ന സക്കാത്ത് ആണ് ഈ ഇഫ്ത്താർ പാർട്ടികൾ.  മനസും ശരീരവും നിർമലമാക്കാൻ നടത്തുന്ന ഒരു ആത്മീയ അനുഷ്ട്ടാനമായ നോമ്പ് ഇങ്ങിനെ വാണിജ്യ വൽക്കരിക്കുന്നതു ശരിയാണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. 

ഏറ്റവും പ്രധാനപ്പെട്ട  കാര്യം ആർക്കും ഇങ്ങിനെ ഇഷ്ടം പോലെ  ഇഫ്ത്താർ പാർട്ടികൾ നടത്താമോ എന്നും വിശ്വാസികൾക്ക് അത് സ്വീകരിക്കാമോ എന്നുള്ളതും ആണ്. പണമുള്ളവർ   കുറേപ്പേരെ വിളിച്ച് ഒരു ഇഫ്ത്താർ പാർട്ടി നടത്തുന്നു. ആരൊക്കെയോ അതിൽ പങ്കെടുക്കുന്നു.  ഇങ്ങിനെയുള്ള സ്പോണ്‍സെർഡ്‌ ഇഫ്ത്താർ  ശരിയാണോ എന്നു നോക്കേണ്ടി ഇരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ