2014, നവംബർ 30, ഞായറാഴ്‌ച

ഹൌസ് ബോട്ടുകൾ

താനുണ്ടാക്കിയ മദ്യ നയത്തിന് എതിരെ മുഖ്യ മന്ത്രി തന്നെ രംഗത്ത് വന്ന പരിഹാസ്യമായ കാഴ്ചയാണ് കേരളം കാണുന്നത്. പുതിയ മദ്യ നയം ടൂറിസം മേഖലയെ ബാധിയ്ക്കുന്നു എന്നാണ് മുഖ്യ മന്ത്രിയുടെ ഓഫീസ് പറയുന്നത്.  മദ്യ നയം ഉണ്ടാക്കിയ കഥ അറിയാവുന്ന ജനങ്ങൾക്ക്‌ ഇത് വലിയ അത്ഭുതം ഒന്നും അല്ല.  കേരളം എന്ന സംസ്ഥാനത്തിലെ മദ്യ നയം   ഒരു തുണ്ട്  കീറ  കടലാസിൽ ആണ്  അവതരിച്ചത് എന്നത് കൊണ്ട് മാത്രം ജനങ്ങൾക്ക്‌ കാര്യം മനസ്സിലായി. മദ്യ നയത്തിൽ ഒരു പോയിന്റ്‌ കൂടുതൽ നേടി മുന്നിൽ നിന്ന സുധീരനെ ഒതുക്കാൻ  ഒരു രാത്രി മുഴുവൻ തല പുകഞ്ഞ് ആലോചിച്ച് കോഴി മൂന്നു വട്ടം കൂവുന്നതിനു മുൻപ് മുഖ്യ മന്ത്രി  കണ്ടു പിടിച്ച ഒരു മാർഗമാണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ മദ്യ നയം എന്നത് കേരള ജനതയ്ക്കാകെ അപമാനകരം ആയി തുടരുന്നു.

സംസ്ഥാന തല ബാങ്കിംഗ് അവലോകന സമിതിയ്ക്ക് മുഖ്യ മന്ത്രിയുടെ ഓഫീസ് സമർപ്പിച്ച നിർദേശത്തിൽ ആണ് ഇത് വന്നത്. സമിതി ആകട്ടെ ഇത് അവരുടെ അജണ്ട ആക്കുകയും ചെയ്തു. കായൽ ടൂറിസത്തിന് മദ്യ നിരോധനം തിരിച്ചടി ആകുന്നുവെന്നും അതിനാൽ 525 ൽ പരം ഹൌസ് ബോട്ടുകൾ ബാങ്കിന് വായ്പ തിരിച്ചടയ്ക്കാൻ ആകാതെ കഷ്ട്ടപ്പെടുക ആണെന്നും അവരുടെ വായ്പ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിയ്ക്കണം എന്നുമായിരുന്നു നിവേദനം.

സംഭവം വിവാദം ആയതോടെ എല്ലാവരും മലക്കം മറിഞ്ഞു. ഓഫീസ് നൽകിയ നിർദ്ദേശം അല്ല എന്നും ഹൌസ് ബോട്ടുകാർ തന്ന നിവേദനം സ്ഥിരം ചെയ്യുന്നത് പോലെ സമിതിയ്ക്ക് സമർപ്പിയ്ക്കുക മാത്രം ആയിരുന്നു എന്നും മുഖ്യ മന്ത്രിയും ഓഫീസും പ്രഖ്യാപിച്ചു കൈ കഴുകി. ബാങ്കിംഗ് സമിതി ആകട്ടെ പതുക്കെ ആ നിർദ്ദേശം അജണ്ടയിൽ നിന്നും മാറ്റി.

ഈ സംഭവം  രണ്ടു കാര്യങ്ങൾ ആണ് വെളിപ്പെടുത്തുന്നത്. ഒന്ന് മദ്യ നയത്തിന്റെ പാളിച്ചകൾ.ശരിയായി ആലോചിയ്ക്കാതെ സുധീരനെ ഒതുക്കാൻ വേണ്ടി മുഖ്യ മന്ത്രിയും പിണിയാളുകളും കൂടി ചെയ്ത ഒരു കൃത്യം ആണ് ഇന്ന് കേരളത്തിന്റെ മദ്യ നയം ആയി വന്നത് എന്നത്.  രണ്ടാമത്തെ കാര്യം  ഹൌസ് ബോട്ടുകൾ അനധികൃത മദ്യ  ശാലകളായി പ്രവർത്തിയ്ക്കുന്നു എന്നത്.നിയമ പരമായി ഈ ബോട്ടുകളിൽ മദ്യം വിളമ്പാൻ പാടില്ല. പക്ഷേ ഇന്ന് ഈ ബോട്ടുകൾ എല്ലാം മദ്യ ശാലകൾ ആണ്. മദ്യ നയം മാറിയത് കൊണ്ട്  മോറട്ടോറിയം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഇവർ ബോട്ടുകളിൽ ഇപ്പോഴും മദ്യം നൽകുന്നു എന്നും അത് കുറഞ്ഞു എന്നും ആണ് അർത്ഥം വരുന്നത്. അങ്ങിനെ ഉള്ള അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നു എന്ന്   അംഗീകരിയ്ക്കുക ആണ് നിവേദനം നൽകിയതിലൂടെ മുഖ്യ മന്ത്രി ചെയ്തത്.

2014, നവംബർ 29, ശനിയാഴ്‌ച

റിയൽ എസ്റ്റെറ്റ്

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന  നൂറു കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങൾ ദിവസം പ്രതി നമ്മുടെ ചുറ്റുപാടും  പൊങ്ങി വരുന്നത്  അത്ഭുതത്തോടെയാണ്‌ നാം നോക്കുന്നത്. ഈ കൊച്ചു കേരളത്തിൽ ഇത്രയും ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ  ഉണ്ടോ എന്നതാണ് നമ്മുടെ ന്യായമായ  സംശയം. 11 ലക്ഷത്തിലേറെ വീടുകൾ ആണ് ആൾ താമസമില്ലാതെ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടും അല്ല 11 ലക്ഷം. 2011 സെൻസസ് അനുസരിച്ചുള്ള കണക്കുകൾ ആണിത്. അവിടെയാണ് ഇങ്ങിനെ പുതിയ  ഫ്ലാറ്റുകൾ വന്നു  കൊണ്ടിരിയ്ക്കുന്നത്.  എന്തിനാണിത്രയും   ഫ്ലാറ്റുകൾ? അവിടെയാണ് കള്ളപ്പണത്തിന്റെ കളികൾ പുറത്തു വരുന്നത്. കള്ളപ്പണം നിക്ഷേപിയ്ക്കാനുള്ള  ഒരു എളുപ്പ വഴി മാത്രമാണീ ഫ്ലാറ്റുകൾ. ഇതിൽ ഭൂരി പക്ഷം ഫ്ലാറ്റുകളും കാലി ആയി കിടക്കുകയാണ്. കാരണം  താമസത്തിന് വേണ്ടി വാങ്ങിയത്  അല്ലല്ലോ. കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ വേണ്ടി  ആണ് ഈ ഫ്ലാറ്റുകൾ വാങ്ങി ഇടുന്നത്. ഇത് ഇവിടെ മാത്രമല്ല നമ്മുടെ രാജ്യത്താകമാനം നടക്കുന്ന ഒരു പ്രക്രിയ ആണ്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ റിയൽ എസ്റ്റെറ്റ് ബിസിനസ്സ് നാം കണ്ടതാണല്ലോ.

കോബ്ര പോസ്റ്റ്‌ ഭാരതത്തിൽ ആകമാനം നടത്തിയ അന്വേഷണാത്മക പത്ര പ്രവർത്തനത്തിൽ ആണ് കള്ളപ്പണം വെളുപ്പിയ്ക്കാൻ നിർമാണ മേഖലയെ ഉപയോഗിച്ചതിൻറെ  ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. തല ചായ്ക്കാൻ ഇടമില്ലാതെ അലയുന്നവർ നമ്മുടെ രാജ്യത്ത് 8 കോടി ആൾക്കാർ ആണ്. അവർ ഞെട്ടൽ പോലുള്ള മൃദുല വികാരങ്ങളിൽ നിന്ന് എന്നേ മുക്തി നേടിക്കഴിഞ്ഞു.കാലിത്തൊഴുത്തു പോലുള്ള ചേരികളിൽ കഴിയുന്നത്‌ 17 കോടി. ചുറ്റുപാടും ഉള്ള അംബര ചുംബികൾ കണ്ടു കഴിയുന്നത് കൊണ്ട് അവരും ഞെട്ടാറില്ല. പിന്നെ ഞെട്ടിയത് ബാങ്കിൽ നിന്നും കടമെടുത്ത് ഒരു കൂര വയ്ക്കുന്ന സാധാരണക്കാർ.

ഓപ്പറേഷൻ ബ്ലാക്ക് നിന്ജ എന്ന പേരിൽ അവർ നടത്തിയ അന്വേഷണങ്ങളും ഒളി ക്യാമറയും 35 റിയൽ എസ്റ്റെറ്റ് കമ്പനികളുടെ കള്ളത്തരമാണ് പുറത്തു  കൊണ്ട് വന്നത്. ഒരു പ്രമുഖ രാഷ്ട്രീയക്കാരന് കള്ളപ്പണം മുടക്കാൻ വേണ്ടി എന്ന വ്യാജേന ഇടനിലക്കാരൻ വേഷം കെട്ടിയാണ് കോബ്ര പോസ്റ്റ്‌ പ്രതിനിധി കുറെ റിയൽ എസ്റ്റെറ്റ് ബിസിനസ് കാരെ സമീപിച്ചത്. 18 മാസം നീണ്ടു നിന്നു ഈ ഓപ്പറേഷൻ പൂർത്തിയാക്കാൻ. 10 മുതൽ 90 ശതമാനം വരെ കള്ളപ്പണം വാങ്ങാൻ കമ്പനികൾ തയ്യാറാണ്. 100 കോടി വരെ കള്ളപ്പണം ഇങ്ങിനെ നിക്ഷേപിയ്ക്കാം എന്ന് അവർ പറയുന്നു. ബാങ്കുകളിൽ കൂടി വരെ കള്ളപ്പണ ഇടപാട് നടത്താം എന്ന് കൊൽക്കൊത്തയിലെ വേദിക് റിയാൽട്ടി  കമ്പനി മേധാവി സുമൻ ബാനർജി പറഞ്ഞു. പണം വന്നു കഴിഞ്ഞാൽ ഉടൻ അത് പിൻ വലിച്ച് അക്കൌണ്ടും ക്ലോസ് ചെയ്യും.  ഇങ്ങിനെ പല കള്ളത്തരങ്ങൾ ആണ് റിയൽ എസ്റ്റെറ്റ് മേഖലയിൽ നടക്കുന്നത്.

ഇത് ഡൽഹിയിലും മുംബൈയിലും മാത്രമല്ല. കേരളത്തിലും വൻ തോതിൽ ഈ കള്ളപ്പണം വെളുപ്പിയ്ക്കൾ നടക്കുന്നുണ്ട്. കോബ്ര പോസ്റ്റ്‌ കണ്ടു പിടിച്ച 3 ഫ്ലാറ്റ് കമ്പനികൾ കേരളത്തിൽ ഉള്ളതാണ്. കമ്പനി No. 1. കൊച്ചിയിലെ ആസ്റ്റൻ റിയൽടെർസ് പ്രൈവറ്റ് ലിമിറ്റഡ്.   കൂനമ്മാവ്(വെനിസിയാനൊ), രാജഗിരി (കാമ്പസ് കോർട്ട്),  പനങ്ങാട്(നൗട്ടിക്ക) , കാഞ്ഞിരപ്പള്ളി, തെങ്ങോട്, എന്നിവിടങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ,വാട്ടർ ഫ്രണ്ട് ഫ്ലാറ്റുകൾ,  വില്ലകൾ എന്നിവ ഉള്ള കമ്പനി. അതിന്റെ  എം.ഡി. സിറാജ് മേത്തർ പറയുന്നത് 10 ശതമാനം വരെ കള്ളപ്പണം സ്വീകരിയ്ക്കും എന്നാണ്. കമ്പനി No. 2.നാഷണൽ ബിൽഡേർസ്, കൊച്ചി മുംബൈ. എം.സി. സണ്ണി ആണ് ചെയർമാൻ & മാനേജിംഗ് ഡയരക്ടർ. കൊച്ചി വെണ്ണലയിലെ എമ്പ്രസ് ഗാർഡൻ, ഇടപ്പള്ളിയിലെ നാഷണൽ പേൾ സ്റ്റാർ എന്നിവ ഇവരുടേതാണ്. അതിൻറെ മാർക്കറ്റിംഗ് ഹെഡ് ടോണി കുര്യൻ പറയുന്നത് 40 ശതമാനം വരെ ബ്ലാക്ക് വാങ്ങും എന്നാണ്.   എമ്പ്രസ്സ് ഗാർഡൻ പരസ്യത്തിൽ 75 ലക്ഷം മുതൽ 2.1 കോടി വരെയാണ് ഫ്ലാറ്റിൻറെ വില കാണിച്ചിരിയ്ക്കുന്നത്.   അതായത് സ്ക്വയർ ഫീറ്റിന് 5000-6000  രൂപ. പക്ഷേ വില കുറച്ചാണ് രെജിസ്ടർ ചെയ്യുന്നത്. മിനിമം വില, ചതുരശ്ര അടി 800 രൂപ മാത്രം കാണിയ്ക്കും എന്നാണ് ടോണി കുര്യൻ പറയുന്നത്. കമ്പനി No. 3.ട്രാവൻകൂർ  ബിൽഡേർസ്,   (p ) ലിമിറ്റഡ  കൊച്ചി.  വെണ്ണലയിലെ ഓപ്പസ് ഹൈവേ,  സ്വിസ് ഗാർഡൻ ക്ലബ് വില്ല, തിരുവനന്തപുരത്ത് സാൻറോക്ക് ഫ്ലാറ്റും വില്ലകളും തുടങ്ങി ധാരാളം നിർമാണങ്ങൾ. അതിൻറെ എം.ഡി. A. M . അനാസ് പറയുന്നത് 20 % ബ്ലാക്ക് വാങ്ങാൻ റെഡി ആണെന്നാണ്‌. 


കോബ്ര പോസ്റ്റ്‌ ഒരു സാമ്പിൾ 35 കമ്പനികൾ എടുത്തു എന്നു മാത്രം. എല്ലാ  ഫ്ലാറ്റ് നിർമാണ കമ്പനികൾ കള്ള പ്പണത്തിൽ ആണ് ഓടുന്നത്.  എന്ന് അധികാരികൾ ഉൾപ്പടെ എല്ലാവർക്കും അറിയാം. പക്ഷേ എന്ത് കൊണ്ട് അതിന് എതിരെ  നിയമ നടപടികൾ സ്വീകരിയ്ക്കുന്നില്ല എന്നതും എല്ലാവർക്കും അറിയാം. മിയ്ക്കവാറും കമ്പനികളും ഇവിടത്തെ രാഷ്ട്രീയക്കാരുടെ ബിനാമി  ആണ്. മന്ത്രി മാണി 1 കോടി കോഴ വാങ്ങി എന്നൊരു ആരോപണം ഉണ്ടല്ലോ. ഇങ്ങിനെ എല്ലാവരും കോഴ വാങ്ങുന്നുണ്ട്. അതെല്ലാം എവിടെ പോകുന്നു? എളുപ്പം ചിലവഴിയ്ക്കാൻ കഴിയുന്ന പതിനായിരങ്ങൾ അല്ല ഇവരുടെ വരുമാനം. അത് കോടികൾ ആണ്. റിയൽ എസ്റെറ്റിൽ ആണ് ഇത് നിക്ഷേപിയ്ക്കുന്നത്. കള്ള പ്പേരിൽ വസ്തു വാങ്ങി ക്കൂട്ടാനും ഇത് പോലെ നിർമാണ കമ്പനികളിൽ നിക്ഷേപിയ്ക്കാനും ആണ് ഈ പണം ഉപയോഗിയ്ക്കുന്നത്. പല നിർമാണ കമ്പനികളും സർക്കാർ വസ്തു കയ്യേറുമ്പോഴും,, നിയമ ലംഘങ്ങൾ നടത്തുമ്പോഴും നടപടി ഒന്നും എടുക്കാതെ സർക്കാർ മൌനം പാലിയ്ക്കുന്നത് കോഴ കൊണ്ട് മാത്രമല്ല. ഇത് പലതും രാഷ്ട്രീയക്കാരുടെ ബിനാമി ആയത് കൊണ്ടാണ്. ഇവർക്ക് തമ്മിൽ ഈ വിവരം എല്ലാം അറിയുകയും ചെയ്യാം. തിരുവനന്തപുരത്ത് പാറ്റൂരിൽ വാട്ടർ അതോറിട്ടിയുടെ ഭൂമിയും സർക്കാർ പുറമ്പോക്കും കയ്യേറി ബഹുനില ഫ്ലാറ്റ് ഉണ്ടാക്കിയത് പരസ്യമായല്ലോ. ലോക് ആയുക്ത ഭൂമിയുടെ രേഖ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത് എന്താണെന്നോ? അത്ആ പേപ്പർ ഒക്കെ  പൊടിഞ്ഞു പോയി എന്ന്.  അത് പോലെ തിരുവനന്തപുരത്ത് കവടിയാറിൽ  വാട്ടർ അതോറിട്ടിയുടെ ഭൂമിയും സർക്കാർ റോഡും കയ്യേറി ബഹുനില ഫ്ലാറ്റ് നിർമിച്ച ഹീര കമ്പനിയുടെ കേസ് ഇന്നും ഹൈ ക്കോടതിയിൽ കിടക്കുകയാണ്.സുപ്രീം കോടതി പറഞ്ഞിട്ടാണ് കായൽ കയ്യേറി നിർമിച്ച കാപ്പിക്കോ റിസോർട്ട്, ബന്യൻ ട്രീ റിസോർട്ട് തുടങ്ങിയ എത്രയെത്ര കെട്ടിടങ്ങൾ ആണ് പരസ്യമായ നിയമ ലംഘനം നടത്തിയത്. രാഷ്ടീയക്കാരുടെ ബിനാമി ആയതു കൊണ്ട്  ഉദ്യോഗസ്ഥരും നടപടി എടുക്കാൻ മുതിരില്ല.

കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്  ആദായ നികുതി വകുപ്പ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മണി ലാണ്ടറിംഗ്, വിദേശനാണ്യ നിയമ ലംഘനം ഒക്കെ കേന്ദ്ര വകുപ്പുകൾ ആണെങ്കിലും നികുതി വെട്ടിപ്പിന് (കുറഞ്ഞ വില വയ്ക്കുന്നതിന് ) കബളിപ്പിയ്ക്കുന്നതിനു തുടങ്ങി പലതിനും  സംസ്ഥാന സർക്കാരിനും നിയമ നടപടികൾ എടുക്കാവുന്നതാണ്. അതിനായി ആരൊക്കെയാണ് ബിനാമികൾ എന്നാണ് ആദ്യം നോക്കേണ്ടത്. അല്ലെങ്കിൽ നേതാക്കൾ തന്നെ കുടുക്കിലാകും.

2014, നവംബർ 27, വ്യാഴാഴ്‌ച

നാദാപുരം പീഠനം

3 വയസ്സുകാരി പിഞ്ചു കുഞ്ഞിനെ ലൈംഗിക പീഠനം നടത്തിയ മാന്യന്മാരാണ് കേരളീയർ. ലൈംഗിക സ്വാതന്ത്ര്യത്തിനും സദാചാര നിയന്ത്രണങ്ങൾക്കും എതിരെ ചുംബന സമരം നടത്തുന്ന അതെ മലയാളികൾ.

നാദാപുരം പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിനി ആയ കൊച്ചു കുട്ടിയെ ആണ് നരാധമൻമാർ പീഠനത്തിനു ഇരയാക്കിയത് എന്ന് വരുമ്പോൾ മാനസികമായി മലയാളികൾ എത്ര കണ്ട് അധപ്പതിച്ചു  എന്ന് ആലോചിയ്ക്കണം.  ഈ പീഠനം പുറത്തു വരാതിരിയ്ക്കാനും കുറ്റ വാളികളെ സംരക്ഷിയ്ക്കാനും മത -രാഷ്ട്രീയ കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങൾ രാജ്യത്തെ മറ്റൊരു ആപത്തിലെയ്ക്കാണ് നയിയ്ക്കുന്നത്. 

നാദാപുരം. തച്ചോളി ഒതേനനും ഉണ്ണിയാർച്ചയും ഒക്കെ ജനിച്ച നാട്. അതിന് ശേഷം കമ്മ്യുണിസ്റ്റ് സഖാക്കളുടെ തട്ടകം. ആരും പ്രതികരിച്ചു കണ്ടില്ല.

സംഭവം മൂടി വയ്ക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ആദ്യ ശ്രമം. ഈ ക്കാര്യം വീട്ടിൽ പറയരുത് എന്നു പറഞ്ഞ് കുട്ടിയെ വീട്ടിൽ അയയ്ക്കുന്നു. തെളിവുകൾ നശിപ്പിയ്ക്കാൻ വേണ്ടി കുട്ടിയെ നന്നായി കുളിപ്പിയ്ക്കുന്നു. വീട്ടുകാർ കണ്ടു പിടിയ്ക്കുകയാണെങ്കിൽ ഉണ്ടായ മുറിവ് കമ്പ് കൊണ്ടതാണെന്ന് പറയണം എന്നും പറഞ്ഞയയ്ക്കുന്നു. ഒന്നും അറിയാത്ത പാവം കൊച്ചു കുട്ടി ഇത് വീട്ടുകാരോട് പറയുന്നില്ല. മുറിവ് കണ്ട് കൂടുതൽ തിരക്കിയപ്പോഴാണ്‌ കുട്ടി സത്യം വെളിപ്പെടുത്തുന്നത്. സംഭവം പുറത്തു വന്നപ്പോൾ ആ സ്കൂളിലെ ബസ് ഡ്രൈവറെ പീഠന പ്രതി ആയി സ്കൂൾ അധികൃതർ ചൂണ്ടി ക്കാണിയ്ക്കുന്നു. അതനുസരിച്ച്  പോലീസും പ്രവർത്തിച്ചു.

 നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ്‌ പെണ്‍ കുട്ടി കാട്ടിക്കൊടുത്ത  രണ്ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. മുസ്ലിം മത പഠന വിദ്യാർത്ഥികൾ. അതിലൊരാൾ സ്കൂൾ പ്രിൻസിപാളിൻറെ മകൻ. പിന്നെ കേസ് തേച്ചു മാച്ചു കളയാനുള്ള  പോലീസിന്റെയും, സർകാരിന്റെയും, രാഷ്ട്രീയ പാർട്ടികളുടെയും, സ്കൂൾ മാനേജ്മെന്റിറെയും കൂട്ടായ  ശ്രമങ്ങൾ. കുട്ടിയുടെ കുടുംബത്തെ ഇപ്പോഴും ഭീഷണി പ്പെടുത്തി ക്കൊണ്ടിരിയ്ക്കുന്നു.

ഇതിനിടയിൽ ആണ് ആ പിഞ്ചു കുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് സിറാജുൽ ഹുദ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പേരോട് അബ്ദുർ രഹമാൻ സഖാഫി  പ്രസംഗവും പ്രസ്താവനയും നടത്തിയത്. ഇങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്നും മറ്റും. ഒരു മത പണ്ഡിതനായ സഖാവി പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയാൻ പോലും നമ്മുടെ സംസ്കാരം അനുവടിയ്ക്കുകയില്ല. അത്രയ്ക്കും അധമവും, അധാർമികവും, അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകൾ ആയിരുന്നു ആ മനുഷ്യൻ(?) പറഞ്ഞത്. 

ഐസ് ക്രീം കേസ് തേഞ്ഞു മാഞ്ഞു പോയ നാടാണ് നമ്മുടേത്‌. സൂര്യ നെല്ലി ബലാൽസംഗവും. പിന്നെ കിളിരൂർ. അങ്ങിനെ എത്രയെത്ര ബലാത്സംഗ കേസുകൾ പ്രതികൾ ശിക്ഷിയ്ക്കപ്പെടാതെ പോകുന്നു.പ്രതികൾ പണക്കാർ ആണെങ്കിൽ അവരെ രക്ഷിയ്ക്കാൻ രാഷ്ട്റീയക്കാരും  പോലീസും എല്ലാം കൂടെ ഉണ്ടാകും. മാധ്യമങ്ങൾ വളരെ ശക്തമായി നില കൊള്ളുന്നത്‌ കൊണ്ടാണ് ഈ വാർത്തകൾ പുറത്തു വരുന്നത്. അതും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട്. മറ്റു പത്രങ്ങളും ചാനലുകളും അവരുടെ നില നിൽപ്പിനു എതിരാകുന്നത് മനപൂർവം താമസ്കരിയ്ക്കുന്നു. ചന്ദ്രികയിലും മാധ്യമത്തിലും അകത്തെ പേജിൽ ഏതെങ്കിലും ഒരു മൂലയിൽ മാത്രമായിരിയ്ക്കും ഈ വാർത്തകൾ വന്നത്. വന്നോ എന്ന് തന്നെ സംശയം ആണ്.

സരിതയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിച്ചപ്പോൾ ( അത് താൻ എടുത്തതാണെന്നും, പക്ഷേ പുറത്തു കൊണ്ട് വന്ന ആളെ ആണ് അറിയേണ്ടത് എന്നും സരിത ത ന്നെ  ഏറ്റു പറഞ്ഞിരുന്നു.) അതിനെതിരെ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷൻ ആണ് നമ്മുടെ നാട്ടിൽ. നാദാപുരത്തെ എൽ.കെ.ജി. കുഞ്ഞിന്റെ  പീഠനം മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തോ ആവോ?

എന്നിരുന്നാലും തെളിവുകൾ എടുക്കേണ്ടത് രാഷ്ട്രീയ പാർട്ടികൾക്ക് അടിമകളായ പോലീസ് ആണ്. തെളിവുകൾ അവർ നശിപ്പിയ്ക്കും, വളച്ചോടിയ്ക്കും.തങ്ങളുടെ  രാഷ്ട്രീയ  യജമാനന്മാരെ പ്രീണിപ്പിയ്ക്കാൻ. നീതി ന്യായ കോടതികളിലും ഇവർക്ക്  ഇങ്ങിനെ സ്വാധീനം ചെലുത്താൻ കഴിയുന്നു. അത് കൊണ്ട് അന്തിമ ഫലം ഈ നരാധമൻമാർക്ക് അനുകൂലമായി വരുന്നു.

എന്നിരുന്നാലും ഈ കുറ്റവാളി-മത-രാഷ്ട്രീയ  അവിശുദ്ധ കൂട്ടുകെട്ടിൻറെ ദുഷ്-ചെയ്തികൾ വെളിച്ചത്ത് കൊണ്ടു വരാൻ സോഷ്യൽ മീഡിയ സമൂഹം നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നാൽ ഒരു പരിധി വരെ ഇതിനു തടയിടാൻ നമുക്ക് കഴിയും.

2014, നവംബർ 22, ശനിയാഴ്‌ച

കോപ്പിയടി

"വില്ലാളി വീരാ, വീര മണികണ്ഠ" എന്ന ശരണ മന്ത്രം വൃച്ഛിക മാസം  ഒന്ന് മുതൽ എങ്ങും മുഴങ്ങി കേൾക്കുന്നു. കേരള സർവകലാശാലയിൽ കേൾക്കുന്ന മന്ത്രം ആകട്ടെ അൽപ്പം വ്യത്യസ്തം. "കോപ്പിയടി   വീരാ, വീര മണികണ്ഠ" എന്നതാണ്.

 കോപ്പിയടിയിൽ വിദ്യാർഥികൾ അല്ല അധ്യാപകരാണ് ഇപ്പോൾ മുന്നിൽ. അതും വൈസ് ചാൻസലർ ലെവലിൽ ഉള്ളവർ. കേരള സർവകലാശാല പ്രൊ-വൈസ് ചാൻസലർ ആയ വീര മണികണ്ഠൻ ആണ് ഏറ്റവും പുതിയതായി കോപ്പിയടിയിൽ പിടിയിൽ ആയ വീരൻ. വെറും വീര മണികണ്ഠൻ അല്ല. ഡോക്ടർ വീര മണികണ്ഠൻ.  ഈ ഡോക്ടരേറ്റ് കിട്ടാൻ ഉണ്ടാക്കിയ ഗവേഷണ  പ്രബന്ധം ഏതാണ്ട് 70 ശതമാനം കോപ്പി അടിച്ചതാണ് എന്ന് കണ്ടു പിടിച്ചിരിയ്ക്കുന്നു.  ഇപ്പോൾ കോപ്പി അടി  വളരെ എളുപ്പമാണ്. നെറ്റിൽ കയറുക, കട്ട് മോഷ്ടിയ്ക്കുക. അതായത് 'കട്ട് ആൻഡ്‌ പേസ്റ്റ്' എന്ന് തനി മലയാളം.കോപ്പി അടി കണ്ടു പിടിയ്ക്കാനും ഇപ്പോൾ അത് പോലെ എളുപ്പമാണ്. ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയാൽ എവിടെ നിന്നെല്ലാം കോപ്പി അടിച്ചു എത്രയൊക്കെ അടിച്ചു മാറ്റി എന്നെല്ലാം കൃത്യമായി അറിയാൻ കഴിയു. അങ്ങിനെ ആണ് "ഡോക്ടർ" പിടിയിൽ ആയത്. 

പണ്ട്  ജെ.വി.വിളനിലം  എന്നൊരു വൈസ് ചാൻസലർ കേരള സർവകലാശാലയിൽ ഉണ്ടായിരുന്നു. അങ്ങേരാണ്‌ വ്യാജ  ഡോക്ടരേറ്റ്ന് പിടിയിൽ ആകുന്ന ആദ്യ വി.സി. സക്സസ് കോളേജിൽ നിന്നും അംഗീകാരം ഇല്ലാത്ത ഒരു    ഡോക്ടരേറ്റു മായി ആണ് വന്നത്.ഇങ്ങേരുടെ രണ്ടാമത്തെ ഡോക്ടരേറ്റ്, ആംസ്റ്റർഡാം സർവകലാശാലയിൽ നിന്നുമുള്ളതും , ഡി.ലിറ്റും സംശയകരം ആയിരുന്നു. വിള നിലത്തിനു എതിരെ എസ്.എഫ്.ഐ. മാസങ്ങളോളം നീണ്ടു നിന്ന സമരം നടത്തി. ഒന്നും സംഭവിച്ചില്ല.( അന്ന് ശ്രീ സതാസിവത്തെ പ്പോലെ ഒരു ചാൻസലർ ഇല്ലായിരുന്നു.) വിളനിലം  സത്യം പറഞ്ഞു. കൊടുത്ത ലക്ഷങ്ങൾ തിരിച്ചു തന്നാൽ ഞാൻ പോകാം. കേരള കോണ്‍ഗ്രസ്സിന്റെ നോമിനി ആയിരുന്നു പുള്ളി. കാലാവധി തികച്ചു തന്നെ ആണ് അങ്ങേര് പോയത്. അതാണ്‌ കേരളം.

മാണി കോണ്‍ഗ്രസ്സിന്റെ നോമിനി ആയ  എം.ജി. സർവകലാശാല വി.സി. ഡോക്ടർ എ.വി. ജോർജിനെ കള്ള സർറ്റിഫിക്കറ്റ് നൽകി ജോലി നേടിയതിന്  ഗവർണർ പിരിച്ചു വിട്ടത്  ഇക്കഴിഞ്ഞ മെയ് 12 ന്. കോഴിക്കോട് വി.സി.( അത് ലീഗ് നോമിനി) കള്ളത്ത രത്തിൽ ശമ്പളം വാങ്ങിയത് ഇപ്പോൾ തിരിച്ചു പിടിയ്ക്കുകയാണ്. കേരളത്തിലുള്ള  മറ്റു വി.സി. മാരുടെയും  കള്ളത്തരങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിയ്ക്കുന്നു. 

പുതിയ ചാൻസലർ എല്ലാ വി.സി., പ്രൊ-വി.സി.മാരുടെയും മറ്റു വകുപ്പ് മേധാവികളുടെയും യോഗ്യതകളും ബിരുദവും എല്ലാം ഒന്ന് നോക്കിയാൽ കുറെ കള്ളന്മാർ പുറത്താകും.

2014, നവംബർ 21, വെള്ളിയാഴ്‌ച

ബാർ പക്ഷ യാത്ര

സമ്പൂർണ്ണ  മദ്യ നിരോധനം എന്ന മഹത്തായ ആശയം  സധൈര്യം പ്രഖ്യാപിച്ച്   ആ സന്ദേശം ജനങ്ങളിൽ എത്തിയ്ക്കാൻ വേണ്ടി  കാസർകോട് നിന്നും തിരുവനന്തപുരം വരെ  "ജന പക്ഷ യാത്ര" എന്ന വഴി യാത്ര നടത്തുന്ന  വി.എം. സുധീരന് വഴിച്ചിലവിനുള്ള കാശ്  കൊടുക്കാൻ മദ്യ ക്കച്ചവടക്കാർ  തന്നെ  വേണം എന്നത് എത്ര രസകരവും വിചിത്രവും  ആയിരിയ്ക്കുന്നു?

 തൃശ്ശൂർ ഉള്ള ഓക്ക് ട്രീ ബാർ ഹോട്ടൽ ആണ് സുധീരന്റെ യാത്രയ്ക്ക് 5000 രൂപ സംഭാവന നൽകിയത്. അഴിമതി നടത്തിയാലും   എന്തൊക്കെ കള്ളത്തരം കാണിച്ചാലും, പറഞ്ഞാലും കോണ്‍ഗ്രസ്സ് കാർ സത്യ സന്ധരാണ് എന്ന് എല്ലാവരും സമ്മതിയ്ക്കേണ്ടി വരും. കാരണം  ആ വാങ്ങിയ പണത്തിന് അവർ  കൃത്യമായി രസീതും  നൽകി. കളവിൽ ചതിയില്ല അവർക്ക്. ആ രസീത് ആണ് ഇപ്പോൾ സുധീരന്റെ കള്ളക്കളി പുറത്തു കൊണ്ട് വന്നിരിയ്ക്കുന്നത്‌. അതിലും രസകരം ആണ് ഈ പണം കൊടുത്ത ബാറിന്റെ മുതലാളി ആരെന്ന് അന്വേഷിച്ചാൽ. സുധീരന്റെ ഭാര്യയുടെ ചേച്ചി ആണ് ഓക്ക് ട്രീ ബാർ  മുതലാളി. എങ്ങിനെയുണ്ട്? നാട്ടുകാരും ബാർ മുതലാളിമാരും എല്ലാം സുധീരന് എതിര്. ഇതാ സ്വന്തം വീട്ടുകാരും എതിരാകുന്നു.

25000 രൂപയാണ് കോണ്‍ഗ്രസ്സുകാർ ഈ ബാറുകാരോട് ആവശ്യപ്പെട്ടത്. അവസാനം 5000 ത്തിൽ ഒതുക്കി. ചങ്ങനാശ്ശേരി ഒരു ബാറിൽ നിന്നും പണം ചോദിച്ചതായും വാർത്ത പുറത്തു വന്നിട്ടുണ്ട്. ഇങ്ങിനെ പല ബാറുകളിൽ നിന്നും  വൻ തോതിൽ പണം വാങ്ങുന്നു എന്നാണ് കേൾക്കുന്നത്.

ബാറുകളിൽ നിന്നുള്ള പണപ്പിരിവ് കൊണ്ട് സുധീരന്റെ ആദർശം മുഖം മൂടി  വെളിപ്പെട്ടല്ലോ. മദ്യ നിരോധനത്തിന്  സുധീരന് തുടക്കം മുതലേ  താൽപ്പര്യമില്ല. 418 ബാറുകൾ തുറക്കുന്നതിനും സുധീരന് വലിയ എതിർപ്പ് ഒന്നുമില്ലായിരുന്നു. പക്ഷേ ബാർ മുതലാളിമാരിൽ നിന്നും ന്യായമായ ഒരു സംഭാവന പ്രതീക്ഷിച്ചു. കണക്കിൽ ഇല്ലാത്ത മദ്യവും സെക്കന്ഡ് മദ്യവും, സ്പിരിറ്റും  വിറ്റും നികുതി ഒഴിവാക്കിയും മറ്റും അമിത ലാഭം കൊയ്യുന്നവരാണ്  മദ്യ ക്കച്ചവടക്കാർ. കോടികൾ ലോണ്‍ എടുത്താണ് പാവപ്പെട്ട മുതലാളിമാർ കഴിഞ്ഞു കൂടുന്നത് എന്നൊക്കെ ബിജു രമേശ്‌ പറയും. ബാർ നടത്തി പൊളിഞ്ഞ ഏതെങ്കിലും മനുഷ്യൻ ഈ കേരള ക്കരയിൽ ഉണ്ടോ? പണ്ട് ഷാപ്പിൽ കറി വിളമ്പി നിന്നവരിൽ എത്രയോ പേർ ബാർ മുതലാളിമാരായി കോടീശ്വരൻ മാർ ആയി. അങ്ങിനെ അവർ ഉണ്ടാക്കുന്നതിൻറെ ഒരു പങ്ക് അതിനു കൂട്ട് നിൽക്കുന്ന അധികാരികൾക്ക് നൽകുന്നത് സ്വാഭാവികം. അധികാരികൾ   അത്  പ്രതീക്ഷിയ്ക്കുന്നതും അതിലേറെ സ്വാഭാവികം. അങ്ങിനെ ഉള്ള പ്രതീക്ഷയെ തകിടം മറിച്ചു കൊണ്ടാണ് ഈ 418 ബാറുകളും തുറക്കാമെന്ന വാഗ്ദാനം നൽകി   ബാറുകാരുടെ കാശ് മറ്റൊരു ആൾ വാങ്ങിയത്. പിന്നെ ഒരേ ഒരു വഴി മാത്രം. മദ്യ നിരോധനം. അങ്ങിനെ ആണ് ബാറുകൾ തുറക്കാൻ സുധീരൻ അനുവദിയ്ക്കാതെ ഇരുന്നത്. സുധീരന് ഒരു മദ്യ നിരോധന ആദർശ പരിവേഷം കിട്ടുന്നതിൽ രോഷാകുലനായാണ് ഉമ്മൻ ചാണ്ടി  കഷായ കുറിപ്പടി പോലെ ഒരു തുണ്ടു  കടലാസിൽ മദ്യ നയം എഴുതി കാട്ടി സുധീരനെ അടിച്ചു മലർത്തിയത്. അങ്ങിനെ ഗോദയിൽ പരാജയപ്പെട്ട സുധീരൻ നഷ്ട്ടപ്പെട്ട പ്രതിച്ഛായ ഒപ്പിച്ചെടുക്കാൻ നടത്തുന്ന യാത്രയാണ് ഇതെന്നും പറയുന്നു.

ഈ സുധീരൻ മറ്റു കോണ്‍ഗ്രസ്സുകാരെ പോലെ, ഉമ്മൻ ചാണ്ടി ,കെ. ബാബു എന്നിവരെ പോലെ  തന്നെ,ഒരു നിഷ്ക്കളങ്കൻ ആണ്. മന്ത്രി അടൂർ പ്രകാശിന് ബാർ ഉണ്ടോ എന്ന ചോദ്യത്തിന് "എനിയ്ക്കറിയില്ല" എന്നാണ് സുധീരൻ മറുപടി നൽകിയത്. എത്ര സത്യസന്ധൻ!

ഈ യാത്രയ്ക്ക് ആയി INTUC നേതാവ് ഹഫീസ് 50000 രൂപ ആവശ്യപ്പെട്ടു എന്നും ഭീഷണിപ്പെടുത്തി എന്നും   ചങ്ങനാശ്ശേരിയിലെ ഒരു കരാറുകാരൻ നൗഷാദ് വെളിപ്പെടുത്തി.

വലിയൊരു പണപ്പിരിവിന് ഉള്ള യാത്രയാണിത്. ഓരോ ബൂത്ത് കമ്മിറ്റിയും 15000 രൂപ വീതം ആണ് സുധീരന് പിരിച്ചു  നൽകേണ്ടത്. 22 000 ബൂത്ത്‌ കമ്മിറ്റികൾ.  മൊത്തം 33 കോടി. പിരിയ്ക്കുന്നവർക്ക് പുട്ടടിയ്ക്കാൻ 22 കോടി. കെ.പി.സി..സിയ്ക്ക് 11 കോടി.  ബാർ തുറക്കുന്നതിൽ കിട്ടാതെ പോയ തുക ഈ പിരിവിൽ കൂടി പരിഹരിയ്ക്കാം എന്നതാണ് ഐഡിയ എന്ന് ഒരു ആരോപണം. 

ഈ ജന പക്ഷ യാത്രയ്ക്ക് ജനം ഇല്ലേ  ഇല്ല.കോണ്‍ഗ്രസ്സ് പ-പ്രവർത്തകർ പോലുമില്ല. സഹകരിയ്ക്കാത്തതിന് അട്ടപ്പാടിയിൽ 5 നേതാക്കളെ സുധീരൻ സസ്പെൻഡ് ചെയ്തു. ഇതൊരു ഗ്രൂപ്പ് കളിയാണ്. എല്ലാ ഗ്രൂപ്പ് നേതാക്കളും തങ്ങളുടെ ഗ്രൂപ്പുകാരോട് ഇതിൽ പങ്കെടുക്കണ്ട എന്ന് പറഞ്ഞു കഴിഞ്ഞു. പിന്നെ പിരിയ്ക്കുമ്പോൾ വെട്ടിയ്ക്കുന്നതും  പിരിവിന്റെ കമ്മീഷനും കൂടി കിട്ടുന്ന ആകർഷണത്തിൽ  കുറെ പിരിവുകാർ മാത്രമാണ് സുധീരന്റെ ജന പക്ഷം.


2014, നവംബർ 20, വ്യാഴാഴ്‌ച

ഉമാ ഭാരതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന പ്രശ്നം ചർച്ച ചെയ്യാനായി കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഒരു യോഗം വിളിച്ചിരിയ്ക്കുന്നു. കേരളത്തിൻറെയും തമിഴ് നാട്ടിൻറെയും പ്രതിനിധികളെ ക്ഷണിച്ചിരിയ്ക്കുന്ന യോഗത്തിൽ  കേന്ദ്ര ജല കമ്മീഷനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്ന് ശ്രീമതി ഉമാ ഭാരതി പറഞ്ഞു. ഈ  ശനിയാഴ്ച ഡൽഹിയിൽ ആണ് മീറ്റിംഗ് വിളിച്ചിരിയ്ക്കുന്നത്.

ഒരു ഫെഡറൽ ഭരണ സംവിധാനത്തിൽ കേന്ദ്ര സർക്കാർ എങ്ങിനെ പെരുമാറണം എന്നതിൻറെ ഉദാഹരണം ആണ് ഈ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. 141.8 അടിയായി. ഈ വർഷം മേയ് മാസം സുപ്രീം കോടതി ഉയർത്തിയ പരിധിയായ 142 അടി എത്താൻ വെറും 4 ഇഞ്ച്‌ മാത്രം മതി. തമിഴ് നാട് വെള്ളം കൊണ്ട് പോകുന്നത് പൂർണമായും നിർത്തി വച്ചിരിയ്ക്കുകയാണ്. സുപ്രീം കോടതി പറഞ്ഞ 142 അടി ജലം നിറയ്ക്കും എന്ന ധാർഷ്ട്യത്തോടെയുള്ള വെല്ലു വിളിയുമായി. ഏതു നിമിഷവും ഈ നാലിഞ്ച് കവിയാം. ഒരു ദുരന്തം ഉണ്ടായാൽ നാല് ജില്ലകൾ പൂർണമായും കടലിൽ പതിയ്ക്കുന്ന കേരളം ആകട്ടെ, ഭരണാധികാരികൾ   നിസംഗരായി നിൽക്കുന്ന ദയനീയ അവസ്ഥയിലും ആണ്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഭരണ കൂടം ചെയ്യേണ്ട കാര്യങ്ങൾ, അതായത് ഒരു ദുരന്തം ഒഴിവാക്കാനും   ജനങ്ങളെ രക്ഷിയ്ക്കാനും,  ആണ് കേന്ദ്ര സർക്കാർ ഇവിടെ ചെയ്തിരിയ്ക്കുന്നത്.

എന്നാൽ ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്ന തമിഴ് നാടിൻറെ പ്രവൃത്തികൾക്ക്‌ എതിരെ പ്രതികരിയ്ക്കുകയും നടപടി എടുക്കുകയും ചെയ്യാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഉള്ള കേരള സർക്കാർ ആകട്ടെ എന്നത്തെയും പോലെ ഒന്നും ചെയ്യാതെ നിഷ്ക്രിയമായി നിൽക്കുകയാണ്. ജല നിരപ്പ് ഉയർന്നതോട് കൂടി  അണക്കെട്ടിലെ ചോർച്ച വൻ തോതിൽ വർദ്ധിച്ചു. ഇപ്പോഴും എല്ലാ ഭാഗങ്ങളിൽ നിന്നും വെള്ളം ചോർന്നു കൊണ്ടിരിയ്ക്കുന്നു. ചോർന്നു പോകുന്ന ജലത്തോടൊപ്പം അണ കെട്ടാൻ ഉപയോഗിച്ച സുർക്കിയും മറ്റും ഒലിച്ചു  പോയ്ക്കൊണ്ടിരിയ്ക്കുന്നു. ഇതൊന്നും സർക്കാരോ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരോ കണ്ടു പിടിച്ചതല്ല. വാർത്താ മാധ്യമങ്ങൾ അവരുടെ റിപ്പോർട്ടർമാരെ അയച്ച് ഫോട്ടോയും വീഡിയോയും എടുത്തതാണ്. അത് കൊണ്ട് ജനങ്ങൾ ഇതൊക്കെ അറിയുന്നു. ജല നിരപ്പ് ഉയർന്നപ്പോൾ തേക്കടി കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട 800 ഹെക്ടർ വനം വെള്ളത്തിനടിയിലായി. ജന്തു സസ്യ ജാലങ്ങൾ ഇവിടങ്ങളിൽ നശിച്ചു കൊണ്ടിരിയ്ക്കുന്നു.  അണക്കെട്ടിനാകട്ടെ ഓരോ ദിവസവും ഓരോ മിനിട്ടും ബലക്ഷയം സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു.

പക്ഷെ ഇതൊന്നും നമ്മുടെ ഭരണാധികാരികളുടെ ശ്രദ്ധയിൽ വരുന്നില്ല, അവരൊന്നും കാണുന്നില്ല. മുഖ്യ മന്ത്രി ആകെ ചെയ്തത് ഒരു സർവ കക്ഷി യോഗം വിളിച്ചു കൂട്ടിയതാണ്. എന്നാണെന്നോ?അടുത്ത ബുധനാഴ്ച. അതായത് നവംബർ 26 ന്. അന്ന് മുല്ലപെരിയാർ അണക്കെട്ട് അവിടെ കാണുമോ എന്ന് പോലും അറിയില്ല.അതാണ്‌ നമ്മുടെ മുഖ്യ മന്ത്രി. മുഖ്യ മന്ത്രിയ്ക്ക് അന്വേഷിയ്ക്കാൻ മറ്റു ധാരാളം കാര്യങ്ങൾ ഉണ്ട്.  ടൈറ്റാനിയം കേസ്,സരിത കേസ്,പ്ലസ് 2 കേസ്, മദ്യ നയം കേസ്, മാണി ബാർ  കോഴക്കേസ്, മാണി പമ്പ്  കോഴക്കേസ്, അങ്ങിനെ സ്വന്തവും സ്വന്തം മന്ത്രിമാരുടെയും കേസുകൾ. പിന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ കേസുകൾ. പേർസണൽ സ്റ്റാഫ് കേസ്, ചീഫ് സെക്രട്ടറി അഴിമതി കേസ്,രാഹുൽ നായർ-മനോജ്‌ എബ്രഹാം-ശ്രീലേഖ അഴിമതി കേസ്,  ടി.ഓ. സൂരജ്‌  - മുസ്ലിം ലീഗ് അഴിമതി കേസ്. അങ്ങിനെ ഓരോ നിമിഷവും ഓരോ കേസ് വരുന്നു, വളരെ തിരക്കാണ് അദ്ദേഹം. ജല മന്ത്രി ജോസഫിന്  ആകട്ടെ   1 കോടി അഴിമതി ക്കേസിൽ കുടുങ്ങിയ  മാണിയെ എങ്ങിനെ ഊരാ കുടുക്കിൽ ആക്കാം എന്ന് ആലോചിയ്ക്കാനല്ലാതെ മറ്റൊന്നിനും സമയമില്ല.

തുടക്കം മുതൽ വീഴ്ച മാത്രമായിരുന്നു മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിന്‌ സംഭവിച്ചത്. കുറെ മനപൂർവം ആണെന്ന് ആരോപണം ഉണ്ട്. ശരിയായ രേഖകൾ നൽകാതെ,തെറ്റായ വിവരങ്ങൾ നൽകി, ശരിയായി കേരളത്തിൻറെ ഭാഗം അവതരിപ്പിയ്ക്കാതിരുന്നത് തമിഴ് നാടിൻറെ കയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങിയിട്ടാണ് എന്നും ആരോപണം ഉണ്ട്. ഇത്തരത്തിൽ ഉള്ള  കേരള നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും തമിഴ് നാട്ടിലുള്ള സ്വത്തു വിവരവും ആസ്തിയും വെളിപ്പെടുത്തും എന്ന് പണ്ട് ജയലളിത വെല്ലു വിളിച്ചപ്പോൾ ഇവരുടെ ശബ്ദം കേൾക്കാതായി എന്നും വാർത്തയുണ്ട്.

ഇനിയെങ്കിലും കേരള സർക്കാരും കേരള ര്രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും കേരളത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണം. ഇപ്പോൾ ഡൽഹിയിൽ വിളിച്ചു കൂട്ടിയിരിയ്ക്കുന്ന മീറ്റിംഗ് ഇതിന് നല്ലൊരു അവസരമാണ്. വളരെ പ്രധാനപ്പെട്ടതും. ജല നിരപ്പ് 136 അടിയ്ക്ക് മുകളിലായാൽ വരുന്ന പ്രശ്നങ്ങൾ എല്ലാം രേഖകളും തെളിവുകളും സഹിതം ചൂണ്ടിക്കാണിയ്ക്കണം. അണക്കെട്ടിൻറെ ചോർച്ചയുടെ വിവിധ വീഡിയോ ദൃശ്യങ്ങൾ കാണിയ്ക്കണം. അതാണ്‌ അണക്കെട്ടിന്റെ ബലക്ഷയം കാണിയ്ക്കാൻ ഏറ്റവും ഉചിതവും   പ്രധാനപ്പെട്ടതും.  ( സ്വന്തമായി ഇല്ലാത്തതിനാൽ  ഏതെങ്കിലും ചാനലിൽ ചോദിച്ചാൽ ഫൂട്ടേജ് അവർ തരും). വെള്ളത്തിനടിയിൽ ആയ 800 ഹെക്ടർ  വനത്തിന്റെ   ഭാഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കാണിയ്ക്കാം. ( ഒരു ചാനലും അത് ഇത് വരെ കാണിയ്ക്കാത്തത് കൊണ്ട്  തേക്കടിയിലെ  ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ഇന്ന് പറഞ്ഞാൽ മൊബൈൽ ഫോണിൽ എങ്കിലും ചിത്രം പകർത്തി അയച്ചു തരും.) എറച്ചിപ്പലം വഴി തമിഴ് നാട് കൊണ്ട് പോകുന്ന  വെള്ളം ശേഖരിയ്ക്കാൻ അവരുടെ സംസ്ഥാനത്ത് ഒരു അണ നിർമ്മിയ്ക്കട്ടെ എന്ന് കൂടി കേരളത്തിന്‌ നിർദേശിയ്ക്കാം. ഒരു പ്രധാനപ്പെട്ട കാര്യം കൂടി. ഇതൊക്കെ അവതരിപ്പിയ്ക്കാൻ ഏതെങ്കിലും കഴിവും, വിവരവും, കേരള മണ്ണിനോട് സ്നേഹവും ഉള്ള ആൾ പോകണം. അല്ലാതെ ഏതെങ്കിലും ലല്ലു പഞ്ചുവിനെ  അയച്ച്   തലയൂരാനുള്ള കാര്യമല്ല. പണ്ട് തമിഴ് നാടിൻറെ പണവും ഔദാര്യവും കിട്ടിയ ആൾക്കാർക്കും ഇനി അതൊക്കെ മറന്ന് ധൈര്യമായി കേരളത്തിന്‌ വേണ്ടി നിൽക്കാം. കാരണം രണ്ടാണ്. വാങ്ങിയ കാശിന് പ്രത്യുപകാരം ചെയ്തു കഴിഞ്ഞു. മറ്റൊന്ന് ജയലളിതയെ  പേടിക്കേണ്ട. ഇനിയും കേരള സർക്കാർ അവസരം കളഞ്ഞു കുളിയ്ക്കില്ല എന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

2014, നവംബർ 17, തിങ്കളാഴ്‌ച

അഭിമാനം




















ഭാരതത്തിൻറെ ത്രിവർണ്ണ പതാക ചൈനയിൽ പാറിച്ചു കൊണ്ട് നമ്മുടെ രണ്ടു ചുണക്കുട്ടികൾ നമുക്ക് അഭിമാനമായി. ശ്രീകാന്ത്, സൈന നെവാൾ. ചൈന ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റൻ  ചാമ്പ്യൻ മാർ ആയിരിയ്ക്കുകയാണ് ഇവർ.

5 തവണ ലോക ചാമ്പ്യൻ ആയ ലിൻ ഡാൻ നെ തോൽപ്പിച്ചാണ് ശ്രീകാന്ത് പുരുഷ ചാമ്പ്യൻ ആയത്. 21-19, 21-17. പുരുഷ  ചാമ്പ്യൻ ആകുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ.

ഈ ജൂണിൽ ആസ്ട്രേലിയൻ സൂപ്പർ സീരീസ്, അതിനു മുൻപ് സയ്യദ് മോഡി ഇന്റർ നാഷണൽ ഗ്രാൻഡ്‌ പ്രി പട്ടങ്ങൾ നേടിയ സൈന 21-12, 22-20 ൽ ആണ് ജപ്പാൻ കാരി അക്കാനെ യാമാഗുച്ചിയെ തോൽപ്പിച്ചത്. 

രണ്ടു പേർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ നേരാം നമുക്ക്.

കേരളത്തിൽ  ബാഡ്മിന്റൻ കളിയ്ക്കുന്ന കുട്ടികൾ ഇല്ലേ? ധാരാളം ഉണ്ട്. അവർക്ക് സൗകര്യം ലഭിയ്ക്കുന്നില്ല. അവസരം ലഭിയ്ക്കുന്നില്ല. അത് ലഭ്യമാക്കാൻ ബാധ്യസ്ഥരായ, ഉത്തരവാദിത്വപ്പെട്ട സർക്കാർ അതൊന്നും ശ്രദ്ധിയ്ക്കാതെ ഇരിയ്ക്കുന്നു.  അഴിമതിയിലൂടെ പത്ത് കാശ് ഉണ്ടാക്കുക മാതമാണ് മന്ത്രിമാരുടെ ലക്ഷ്യം. 

സ്പോർട്സ്  വളർത്താനായി അടുത്ത കാലത്ത് സർക്കാർ ചെയ്ത ഒരു കാര്യം നോക്കണേ. ശമ്പളം വാങ്ങി വെറുതെ നിൽക്കുന്ന കുറെ അധ്യാപകരെ, അവർ ഭാഷ,ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആണ് അധ്യാപകർ, കായിക അധ്യാപകരായി പോസ്റ്റ്‌ ചെയ്യാൻ ഉത്തരവിറക്കി. എങ്ങിനെയുണ്ട് സർക്കാർ ബുദ്ധി? പിന്നെങ്ങിനെ വളരും കേരളത്തിൽ സ്പോർട്സ്?

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് സ്പോർട്സ് മന്ത്രി. അദ്ദേഹത്തിന് ഇതൊക്കെ നോക്കാൻ എവിടെ സമയം?  

റോജി റോയി




പണം ഉണ്ടെങ്കിൽ അധികാര സ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തി നീതിയെ ചവിട്ടിക്കൂട്ടി, സത്യത്തെ കുഴിച്ചു മൂടി, കൊലപാതികൾക്കും കള്ളന്മാർക്കും ഇവിടെ സസുഖം കഴിയാം എന്നുള്ളതിന്റെ ഉദാഹരണങ്ങൾ വീണ്ടും വീണ്ടും നമ്മെ വേട്ടയാടുകയാണ്. ഏറ്റവും അവസാനം അതിൻറെ ബലിയാട്  റോജി റോയി എന്ന പാവം പെണ്‍കുട്ടി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥിനി. ഈ  നവംബർ 6ന്  പത്താം നിലയിൽ നിന്നും വീണ് മരിച്ചതാണ് സംഭവം. 

അഭയ കൊലപാതകം ആത്മഹത്യ ആക്കാനും കൊലപാതകികളെ  രക്ഷിയ്ക്കാനും ഒരു സംസ്ഥാന ഭരണ കൂടം മുഴുവൻ ദുരുപയോഗിച്ചതിന്റെ തെളിവുകൾ ആണ് ഒന്നൊന്നായി പുറത്തു വരുന്നത്. ഫോറൻസിക് രേഖ തിരുത്തിയവരെ വെറുതെ വിട്ടതാണ് ഏറ്റവും അവസാനം വന്നത്.

 4 വർഷം തിരുവനന്തപുരം വട്ടപ്പാറ പി.എം.എസ്. സ്വകാര്യ ഡെന്റൽ കോളേജിൽ റോജി റോയി യുടെ മരണത്തിന്  സമാനമായ സംഭവം  നടന്നു.മൂന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിനി അധാപകരുടെയും മാനേജ്മെന്റിന്റെയും പീഡനത്താൽ മനം നൊന്ത് മൂന്നാം നിലയിൽ നിന്നും ചാടി മരണപ്പെട്ടു. അന്വേഷണം നടന്നു. അതിൻറെ വിചാരണ  4 വർഷത്തിനു ശേഷം നെടുമങ്ങാട് കോടതിയിൽ ഇപ്പോൾ തുടങ്ങി. വീട്ടുകാർക്ക് പോയി അത്ര തന്നെ.

 കിംസ് ആശുപത്രിയിലെ രണ്ടാം വർഷ ബി.എസ് .സി.  നഴ്സിങ്ങ് വിദ്യാർത്ഥിനി ആയിരുന്നു റോജി റോയി. ഇവിടെയും പ്രിൻസിപ്പലിന്റെ  പീഡനം ആണെന്നും ശരിയായ അന്വേഷണം വേണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നു. എന്നത്തെയും പോലെ സർക്കാർ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. 

ഏതായാലും സോഷ്യൽ മീഡിയകൾ ഇത് ഏറ്റെടുത്തത് കൊണ്ട് ജനങ്ങൾ എല്ലാവരും അറിയുന്നു. പത്രങ്ങൾ തമസ്ക്കരിച്ചാലും വാർത്ത ജനങ്ങളിൽ എത്തും. നവംബർ 15 ന് റോജിയ്ക്ക് വേണ്ടി മെഴുകുതിരി തെളിച്ചാണ് ജനങ്ങൾ ഈ സമരത്തിൽ പങ്കെടുത്തത്. കിംസ് ആശുപത്രിയ്ക്ക് മുൻപിൽ അവരെ പോലീസ് തടയുകയും ചെയ്തു.



റോജിയ്ക്ക് ആദരാഞ്ജലികൾ. കുറ്റക്കാരെ കണ്ടെത്തും എന്ന ആശയും.

2014, നവംബർ 13, വ്യാഴാഴ്‌ച

കോഴ രേഖ

"കെ.എം. മാണി, ബാർ മുതലാളി ബിജു രമേശിനോട് 10 കോടി രൂപ ആവശ്യപ്പെട്ടിരിയ്ക്കുന്നു.രേഖകൾ കോപ്പിൽ ടി.വി. പുറത്തു വിടുന്നു. ഇന്ന് രാത്രി 7.30 നുള്ള 'നിങ്ങൾ വിഡ്ഢികൾ' എന്ന പരിപാടിയിൽ".

ഞെട്ടിപ്പോയി. രാവിലെ   ടി.വി. തുറന്നപ്പോൾ കേട്ട വാർത്തയാണിത്.   5 കോടി രൂപ മാണി കോഴ ആവശ്യപ്പെട്ടെന്നും അതിൽ ഒരു കോടി മാണിയ്ക്ക് കൊടുത്തുവെന്നും ബിജു രമേശ്‌ പറഞ്ഞതിൻറെ  പ്രശ്നങ്ങൾ ഇത് വരെ അടങ്ങിയിട്ടില്ല. അതിനുള്ള തെളിവുകൾ  വിജിലൻസ് ശേഖരിച്ചു കൊണ്ടിരിയ്ക്കയാണ്. ദിവസവും രണ്ടു നേരം അതിൻറെ ചാനൽ ചർച്ചകളും നടക്കുന്നു. ശ്രീ ആനത്തലവട്ടം ആനന്ദൻ, ശ്രീ  ആന്റണി രാജു, ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ, ശ്രീ സുനിൽ കുമാർ, ശ്രീ ശ്രീ...പിന്നെ ഓരോ ദിവസവും മാറുന്ന കുറെ ശ്രീകളും. അങ്ങിനെ ചർച്ചകൾ പൊടി പൊടിയ്ക്കുന്നു.  അതിനിടയിൽ ആണ് ഇതാ മറ്റൊരു 10 കോടി ആവശ്യപ്പെട്ടു എന്നുള്ളതിന്റെ തെളിവുകളും ആയി ഒരു ടി.വി. ചാനൽ രംഗത്ത് വന്നിരിയ്ക്കുന്നത്‌.

വീണ്ടും  കോപ്പിൽ   ചാനൽ   നോക്കി. "ബ്രേക്കിംഗ് ന്യൂസ്‌.  10 കോടി മാണി ആവശ്യപ്പെട്ടതിന്റെ രേഖകൾ പുറത്തു വിടുന്നു. വൈകുന്നേരം 7.30 ന്." അവർ   സ്ക്രോൾ ചെയ്യുന്നു. 

കോപ്പിൽ ടി.വി. മാറ്റി മറ്റു ചാനലുകൾ നോക്കി. എങ്ങും ഈ വാർത്ത ഇല്ല. എല്ലാ ചാനലുകളും മാറി മാറി നോക്കി. അങ്ങിനെ ഒരു വാർത്തയെ ഇല്ല. വീണ്ടും കോപ്പിൽ ടി.വി. നോക്കി. അതാ  അവതാരകൻ പറയുന്നു. "കോപ്പിൽ എക്സ്ക്ലൂസീവ്. മാണി പണം ആവശ്യപ്പെട്ട രേഖകൾ പുറത്തു വിടുന്നു. രാത്രി 7.30 ന്." അപ്പോൾ അതാണ്‌ കാര്യം. ഗുട്ടൻസ് പിടി കിട്ടി. ഇത് കോപ്പിൽ ടി.വി.എക്സ്ക്ലൂസീവ് ആണ്. അതാണ്‌ മറ്റു ചാനലുകളിൽ കാണാത്തത്.

പത്രം വീണ്ടും എടുത്തു നോക്കി. ബിജു രമേശ്‌ വിജിലൻസിന് കൊടുത്ത മൊഴിയിൽ വലിയ തെളിവുകൾ ഒന്നുമില്ല എന്ന് വിജിലൻസും, കൊടുത്ത സത്യസന്ധമായ മൊഴി മുഴുവൻ രേഖപ്പെടുത്താൻ വിജിലൻസ് വിസമ്മതിച്ചു എന്ന് ബിജുവും പറയുന്നതായുള്ള വാർത്തകൾ മാത്രം. മാണിയ്ക്ക് കോഴ കൊടുത്തു എന്ന് താൻ പറഞ്ഞത് വെള്ളമടിച്ച് പൂസായിട്ട് ആയിരുന്നു എന്ന്   അരൂർ ഉള്ള ബാറുടമ മനോഹരൻ പറഞ്ഞതും വാർത്ത ഉണ്ട്.(ഇങ്ങിനെ വെള്ളമടിയ്ക്കുന്ന  മുതലാളി ഉണ്ടെങ്കിൽ ബാർ നഷ്ട്ടത്തിൽ  ആകുമല്ലോ. അപ്പോൾ  മനോഹരൻ 2 ലക്ഷം പിരിവ് കൊടുത്തു എന്ന് പറയുന്നത് കള്ളം തന്നെ.).  പത്തു കോടിയുടെ കഥ പത്രത്തിൽ  എങ്ങുമില്ല. ങാ.. അത് ചാനൽ പറയുന്നത് പോലെ  'എക്സ്ക്ലൂസീവ്' ആണല്ലോ. പിന്നെങ്ങിനെ പത്രത്തിൽ കാണും? കാത്തിരിയ്ക്കുക തന്നെ. രാത്രി 7.30 വരെ.

എന്നാലും  ഇരിപ്പുറയ്ക്കുന്നില്ല. സത്യം അറിയാനുള്ള ഒരു ആകാംക്ഷ. ആദ്യം പറഞ്ഞ 5 കോടി ഉൾപ്പടെയാണോ ഈ 10 കോടി? അതോ 5 കൂടാതെയുള്ള മറ്റൊരു 10 കോടി ആണോ?  'കഥ ഇത് വരെ'  മനസ്സിൽ ഒന്ന് റീ വൈൻഡ് ചെയ്തു നോക്കി.  പി.സി. ജോർജ് ഒരു 15 കോടിയുടെ കാര്യം തുടക്കത്തിൽ പറഞ്ഞിരുന്നു. 1 കോടി മാണിയ്ക്ക് എന്ന് വയ്ക്കാം, 2 കോടി വക്കീലന്മാർക്കും ബാക്കി 12 കോടി എവിടെ എന്ന് അന്ന് ജോർജ്ജ് ചോദിച്ചിരുന്നു. ബിജുവും 15 കോടി ഏകദേശം സമ്മതിച്ചിരുന്നു. ഇനി ആ പറഞ്ഞ  10 കോടി ആണോ? അതെങ്ങിനെ ശരിയാകും? അത്രയും കോണ്‍ഗ്രസ്സ് മന്ത്രിമാർക്കും എം.എൽ.എ. മാർക്കും മറ്റുള്ളവർക്കും  കൊടുത്തു എന്നാണ്   പരോക്ഷമായി ബിജു പറഞ്ഞത്. ഇനി ബിജു പറഞ്ഞ 5 കോടി ഉൾപ്പടെ ആണോ ഈ  10 കോടി. അതാവാനും വഴിയില്ല. അപ്പോൾ മറ്റുള്ളവർക്ക് എവിടെ നിന്ന് കൊടുത്തു? ആകെ ഒരു കണ്‍ഫൂഷൻ. ങാ.. കാത്തിരിയ്ക്കാം.

കാത്തിരിയ്ക്കാം എന്നൊക്കെ മനസ്സിൽ കരുതിയെങ്കിലും ഒരു സമാധാനം വരുന്നില്ല. ഇടയ്ക്കിടെ വാച്ച് നോക്കി. മറ്റു പരിപാടികൾ കാണുന്നതിനിടെ ഇടയ്ക്കിടെ കോപ്പിൽ ടി.വി. നോക്കി. അവർ പ്രഖ്യാപനം നടത്തുകയും സ്ക്രോൾ ചെയ്തു കാണിയ്ക്കുകയും ചെയ്തു കൊണ്ട് തന്നെ ഇരിയ്ക്കുന്നു. "രേഖകൾ 7.30 ന് പുറത്തു വിടുന്നു." ഈ പ്രക്രിയ തുടർന്നു കൊണ്ടിരുന്നു. ടി.വി. ഓഫ്‌ ചെയ്തതേ ഇല്ല. ഊണിലും ഉറക്കത്തിലും.സോറി, ഉറങ്ങിയിട്ടേ ഇല്ല. 

അവസാനം കാത്തിരുന്ന ആ നിമിഷം സമാഗതമായി. മണി 7.30. 'നിങ്ങൾ വിഡ്ഢികൾ' പരിപാടി തുടങ്ങുകയായി. കോപ്പിൽ ടി,.വി. അവതാരകൻ ആവേശത്തോടെ വരുന്നു. രേഖകൾ പുറത്തു വിടുന്നു എന്ന് പ്രഖ്യാപിയ്ക്കുന്നു.  അതിനു ശേഷം ശ്രീ പങ്കജൻ കുട്ടി, ശ്രീ മന്നവേന്ദ്രൻ എന്നീ ചാനൽ ചർച്ചകരെ സ്വാഗതം ചെയ്യുന്നു. "ഈ രേഖകളെ പറ്റി എന്ത് പറയുന്നു?" അവരോടു ചോദിയ്ക്കുകയാണ്.അഴിമതിയിൽ മുങ്ങിയ കോണ്‍ഗ്രസ്സ് സർക്കാരിനെ പറ്റിയും മാണി കോണ്‍ഗ്രസ്സിനെ പറ്റിയും ഇവർ സംസാരിച്ചു കൊണ്ടേ ഇരിയ്ക്കുന്നു. ഇടയ്ക്ക് 'ടെലിഫോണ്‍ ലൈനിൽ' വന്ന ശ്രീ  കൊച്ചു വാസു വും ആയും സംസാരിച്ചു. ചർച്ച നീണ്ടു പോകുന്നു. ഒരു ചെറിയ ഇടവേള. കുറെ പരസ്യങ്ങൾ കണ്ടു. രേഖ കാണുന്നില്ല. മണി എട്ടായി.    " ഇനി 8 മണി വാർത്തകൾ. അതിനു ശേഷം ചർച്ച തുടരും.രേഖകൾ പുറത്തു വിടുന്നു." അവതാരകൻ വാർത്താ വായകന് വഴി മാറി. വാർത്തയിലും പുറത്തു വിടുന്നു എന്ന് പറയുന്നു. വാർത്തയും വീക്ഷണവും ഒക്കെ കഴിഞ്ഞു. മണി 8.30. പുറത്തു വിടൽ  ചർച്ച വീണ്ടും തുടങ്ങി. പഴയ ചർച്ചകർ.  'ടെലിഫോണ്‍ ലൈനിൽ'  പുതിയ ഒരാൾ കൂടി വന്നു. ലൈൻ തകരാറിൽ ആയതു കൊണ്ട് ആ ദേഹം മടങ്ങി. രണ്ടോ മൂന്നോ ഇട വേളകൾ. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാൻ ഇടവേളയിൽ  സമയം കിട്ടി. മണി 9. രേഖ വന്നില്ല. "അടുത്തത് 9 മണി വാർത്ത. വാർത്തകൾക്ക് ശേഷം രേഖാ ചർച്ച തുടരും". അര മണിയ്ക്കൂർ വാർത്തയും ഇടവേളയും മറ്റുമായി പോയി. ഒരിട വേളയിൽ ഓടിപ്പോയി മൂത്രമൊഴിച്ചു വന്നു. രേഖ കാണിയ്ക്കുന്നത് മിസ്സ്‌ ആകുമോ എന്ന ഭയം കൊണ്ട് അത് പോലും മാറ്റി വച്ചിരിയ്ക്കുക ആയിരുന്നു. ആ ഭാരം ഇറങ്ങിയ ആശ്വാസത്തിൽ വീണ്ടും ടി.വി.യ്ക്ക് മുൻപിൽ. 

സമയം രാത്രി  9.30. അതേ അവതാരകനും അതേ ചാർച്ചക്കാരും. ഒരു പത്ത് മിനിട്ട് കൂടി കഴിഞ്ഞു.' നിങ്ങൾ വിഡ്ഢികൾ' ചർച്ച തുടരുകയാണ്  പന്ത്രണ്ട്  മണിയ്ക്കൂർ പ്രേക്ഷകനെ മുൾമുനയിൽ നിറുത്തിയ കോപ്പിൽ ടി.വി.  സമയം 9.45.  രേഖ പുറത്തു വിടുന്നു എന്ന അവതാരകന്റെ അലറി വിളിച്ചു കൊണ്ടുള്ള  അനൌണ്‍സ്മെൻറ്.   അതാ അവതാരകൻ ഒരു മാന്ത്രികൻറെ ഭാവ ഹാവാദികളോടെ ഒരു  കടലാസ് ഉയർത്തി കാണിയ്ക്കുന്നു. 10 കോടി ആവശ്യപ്പെട്ടു കൊണ്ടുള്ള രേഖ. അതാ രേഖ സൂം ചെയ്യുന്നു. അതാ അതാ അതിൻറെ ക്ലോസ് അപ്പ്. സൂക്ഷിച്ചു നോക്കി. 10 കോടി  മാന നഷ്ട്ടത്തിന് മാണി അയച്ച വക്കീൽ നോട്ടീസ്!       

2014, നവംബർ 12, ബുധനാഴ്‌ച

ചലച്ചിത്ര മേള

പത്തൊമ്പതാം  കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഇതാ പ്രദർശനം ആരംഭിയ്ക്കാൻ പോകുന്നു.  പ്രവേശനം പാസ് മുഖേന മാത്രം. പാസുകൾ ലഭിയ്ക്കാൻ പേരും,  ജനന ത്തീയതിയും, വിദ്യഭ്യാസ യോഗ്യതയും, പണ്ട് കണ്ട മൂന്നു സിനിമകളുടെയും   സംവിധായകരുടേയും പേരും, എത്ര വർഷം കൊണ്ട് ഈ മേള കാണുന്നു എന്നുള്ള വിവരവും അടങ്ങിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫോട്ടോയും സഹിതം മാനേജ്മെന്റിനെ സമീപിയ്ക്കേണ്ടതാണ്.  മാനേജ്മെന്റിൻറെ യുക്തം പോലെ മാത്രം  പാസ്സുകൾ വിതരണം ചെയ്യുന്നതാണ്.  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്ത നിരക്ഷര കുക്ഷികൾക്ക് ഈ മേളയിൽ പ്രവേശനം ഉണ്ടായിരിയ്ക്കുന്നതല്ല. ആദ്യമായി  മേളയിൽ വരുന്നവർക്കും പ്രവേശനം അനുവദിയ്ക്കുന്നതല്ല. കറന്റ്  തകരാര് മൂലം കളി നടക്കാതെ വന്നാലോ, തള്ള് കാരണം അകത്തു കയറാൻ കഴിയാതെ വന്നാലോ  മാനേജ്മെൻറ് ഉത്തരവാദി ആയിരിയ്ക്കുന്നതല്ല. പണം റീഫണ്ട് നൽകുന്നതുമല്ല.

വിചിത്രമായ  നിയന്ത്രണങ്ങളും പരിഹാസ്യമായ പരിഷ്കാരങ്ങളുമായി   ആണ് ഇത്തവണത്തെ ചലച്ചിത്രോത്സവം തുടങ്ങുന്നത്.  ഇംഗ്ലീഷ് അറിയാത്തവർക്ക് പാസ്‌ നൽകില്ല എന്നതാണ് ഒരു നിബന്ധന. എന്താണിതിനർത്ഥം? സിനിമ എന്നത് ഒരു ദൃശ്യ  മാധ്യമം ആണ്. സംഭാഷണത്തെ  കൂടുതൽ  ആശ്രയിയ്ക്കാതെ പ്രേക്ഷകൻറെ മനസ്സിൽ കഥ എത്തിയ്ക്കുക എന്നതാണ് ഒരു നല്ല സംവിധായകൻറെ കഴിവ്. അതാണ്‌ നല്ല സിനിമ. മിണ്ടാ പ്പടങ്ങൾ എന്ന് പേരെടുത്ത സ്വയവരവും മറ്റും എടുത്ത അടൂർ ഗോപാലകൃഷ്ണന്   ഇത് നന്നായി അറിയുകയും ചെയ്യാം. ചാർളി ചാപ്ലിന്റെ ചിത്രങ്ങൾ ഇന്നും ജനം ആസ്വദിയ്ക്കുന്നുണ്ടല്ലോ. എല്ലാ സിനിമകളും അത്തരത്തിൽ ഉള്ളവയല്ല , സബ്-ടൈറ്റിൽ ഇല്ലാതെ മനസ്സിലാക്കാൻ പറ്റില്ല എന്ന് സംഘാടകർ വാദിച്ചേക്കാം. അങ്ങിനെയുള്ള സബ്-സ്റ്റാൻഡേർഡ്‌ പടങ്ങൾ എന്തിനാണ് ഇങ്ങോട്ട് കൊണ്ട് വരുന്നത്? നിലവാരം മോശമാണെങ്കിൽ അത് പ്രേക്ഷകൻ അത്രയും  ആസ്വദിച്ചാലും മതിയല്ലോ.

ആദ്യമായി മേളയിൽ എത്തുന്നവർക്ക് പാസ് നൽകില്ല എന്നതാണ് അടുത്ത നിബന്ധന. ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.  ഈ "ആദ്യം" എന്നത്  മാറി "രണ്ടാമത്" എന്നൊന്നാകാൻ എപ്പോഴെങ്കിലും ഒരു "ആദ്യം" വേണ്ടേ? അവരെ നിരസിച്ചാൽ  അതെങ്ങിനെ  സാധ്യമാകും?  ഇപ്പോൾ കിട്ടാത്തത് കൊണ്ട് അടുത്ത തവണയും അവർ "ആദ്യ"ക്കാരാകും. അതിന്  അടുത്ത തവണയും ഇത് തന്നെ ഗതി.   അങ്ങിനെ  ജീവിത കാലം മുഴുവൻ അവർ "ആദ്യ" ക്കാരായി മേളയിൽ കയറാൻ പറ്റാതെ നിൽക്കും. എക്സ്പീരിയൻസ് ഇല്ലാതെ ജോലി തരില്ല  എന്ന് പറയുന്നത് പോലെ.

ഈ "ആദ്യ"ക്കാർ ഏതെങ്കിലും ഫിലിം സൊസൈറ്റികളിൽ പോയി പടം കണ്ട് നിലവാരം ഉള്ളവരായി വരട്ടെ എന്നാണ് അടൂർ പറയുന്നത്. എന്ത് ബാലിശമായ വാദമാണിത്? ആ  സൊസൈറ്റികളിൽ നിന്നും ലഭിയ്ക്കുന്ന സർറ്റിഫിക്കറ്റും കൊണ്ടാണോ അടുത്ത തവണ വരേണ്ടത്? അടുത്ത തവണ ഗോവ മേള, പിന്നെ കാൻ മേള ഒക്കെ കണ്ടവരെ മാത്രമേ ഇവിടെ അനുവദിയ്ക്കൂ എന്നും പറഞ്ഞെന്നിരിയ്ക്കാം. ഇനി ഫിലിം ഇൻസ്റ്റിറ്റുട്ടിൽ പഠിക്കണം എന്ന് കൂടി പറയുമോ ആവോ. വിദ്യാഭ്യാസവും ആസ്വാദന ശേഷിയുമായി ഒരു ബന്ധവുമില്ല. പി.എച്ച്.ഡി. എടുത്ത ഒരാൾ സിനിമ ആസ്വാദനത്തിൽ അക്ഷരഭ്യാസമില്ലാത്ത ഒരാളെക്കാൾ വളരെ പിന്നിൽ ആയിരിയ്ക്കാം. .

പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറഞ്ഞത് പോലെയാണീ പരിഷ്ക്കാരങ്ങൾ. അധികാര സ്ഥാനങ്ങളിൽ എത്താതെ വർഷങ്ങൾ കഴിഞ്ഞപ്പോൾ കിട്ടിയ കമ്മിറ്റി ചെയർമാൻ സ്ഥാനം അടൂരിനെ മത്ത് പിടിപ്പിച്ചിരിയ്ക്കും. അത് പോലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥിന്റെ കാര്യവും. സിനിമാ മന്ത്രിയാകട്ടെ ഇതിനെ പറ്റി വലിയ വിവരം ഒന്നും ഇല്ലാത്ത ആളും. 

നിലവാരം ഉള്ള പ്രേക്ഷകർ മാത്രം സിനിമ കണ്ടു കൊണ്ടിരിയ്ക്കുക എന്നത് ആയിരിയ്ക്കരുത് മേളയുടെ ലക്ഷ്യം. സിനിമ കൂടുതൽ ജനങ്ങളിൽ എത്തിയ്ക്കുകയും നിലവാരമുള്ള സിനിമകൾ കാണാൻ എല്ലാവർക്കും അവസരം നൽകി അവരുടെ  ആസ്വാദന ശേഷി  ഉയർത്തി നിലവാരം ഉള്ള പ്രേക്ഷകരെ സൃഷ്ട്ടിയ്ക്കുകയാണ് ചലച്ചിത്ര മേളകൾ ചെയ്യേണ്ടത്. കൂടുതൽ ആളുകൾ ലോക സിനിമകൾ കാണട്ടെ. പണ്ട് ഡൽഹിയിൽ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ടിക്കറ്റ് കിട്ടാൻ പെട്ട പാട് ഓർമ വരുന്നു. ഇന്ന് മേളകൾ കൂടിയപ്പോൾ അവസരങ്ങളും കൂടി. അത് നില നിർത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

പാസുകൾ 7000 ആയി പരിമിതപ്പെടുത്തും എന്നും പറയുന്നു. മേളയുടെ തിരക്ക് കുറയ്ക്കാനായി മത്സര വിഭാഗത്തിൽ അല്ലാതെയുള്ള സിനിമകൾ ഇതേ സമയത്ത് കോഴിക്കോട് കൂടി  പ്രദർശിപ്പിയ്ക്കാനുള്ള സാധ്യതകൾ എന്ത് കൊണ്ട് ആരാഞ്ഞു കൂടാ? കേരളത്തിൻറെ വടക്കൻ പ്രദേശത്തുള്ള ധാരാളം പ്രേക്ഷകർ അത് കൊണ്ട് തൃപ്തി പ്പെടും എന്നത് തീർച്ചയാണ്.   

2014, നവംബർ 11, ചൊവ്വാഴ്ച

ചുംബന സമരം

പരസ്യമായി ലൈംഗിക ചേഷ്ടകൾ കാണിയ്ക്കാനും ലൈംഗിക കേളികൾ നടത്താനും ഉള്ള സ്വാതന്ത്ര്യത്തിനായി കേരളത്തിലെ, ആണും പെണ്ണും ഉൾപ്പെട്ട   ഒരു കൂട്ടം ചെറുപ്പക്കാർ ഇറങ്ങി ത്തിരിച്ചിരിയ്ക്കുന്നു.  അത് നേടിയെടുക്കാനുള്ള അവരുടെ സമരത്തിൻറെ ആദ്യ പടിയായിരുന്നു കൊച്ചിയിലെ  തെരുവീഥിയിൽ നടന്ന പരസ്യ ചുംബന പ്രകടനം. തുടർന്നുള്ള മഹാരാജാസ് കോളേജ് അംഗണത്തിൽ നടന്ന   പരസ്യ ആലിംഗന പ്രകടനവും. ചെറുപ്പക്കാരുടെ  ഈ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കേൾക്കുകയുണ്ടായി. ഹൈദരാബാദിൽ പരസ്യ ചുംബനം , പിന്നെ തലസ്ഥാനമായ ഡൽഹിയിലും. പത്രങ്ങളും ദൃശ്യ  മാധ്യമങ്ങളും ഈ സമരത്തിന്‌ വലിയ പ്രാധാന്യം  നൽകി. വാർത്തകളും ദൃശ്യങ്ങളും സമര പങ്കാളികളുടെ അഭിമുഖവും  എല്ലാം വളരെ പ്രാധാന്യത്തോടെ  കേരള,ദേശീയ മാധ്യമങ്ങൾ തങ്ങളുടെ പത്രങ്ങളിലും ചാനലുകളിലും അവതരിപ്പിച്ചു. 

ഇതൊരു പ്രതിഷേധ സമരം ആയിരുന്നു. കോഴിക്കോട് ഒരു ഹോട്ടലിൻറെ വാഹന പാർക്കിംഗ് സ്ഥലത്തും വെളിച്ചം കുറഞ്ഞ മറ്റു  ഭാഗങ്ങളിലും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ കുറെ   വീഡിയോ ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പ്രക്ഷേപണം ചെയ്തു. അതിനെ തുടർന്ന് കുറെ ആളുകൾ ഇതിനെതിരെ  ആ ഹോട്ടലിനു മുൻപിൽ  പ്രകടനം നടത്തുകയും ചെയ്തു.   ഇത്തരം അനാശാസ്യ   പ്രവൃത്തികൾ തുടരാൻ ഇനി അനുവദിയ്ക്കുകയില്ല എന്നും അവർ പ്രഖ്യാപിച്ചു. ഇതായിരുന്നു സ്വാതന്ത്ര്യ ദാഹികളായ  കുറെ ചെറുപ്പക്കാരെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ, അതായത് ഇത്തരം  സദാചാര സംരക്ഷണ സംരംഭകർക്ക്  എതിരെ ആയിരുന്നു  ചെറുപ്പക്കാരുടെ  പ്രതിഷേധ സമരം.

ഈ ചുംബന സമരവും ആലിംഗന സമരവും പ്രതീകാത്മകമായ പ്രതിഷേധങ്ങൾ ആയിരുന്നു. അതൊക്കെ പരസ്യമായി എപ്പോഴും എവിടെ വച്ചും  ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു പ്രകടനം. കോഴിക്കോട് സംഭവം ഒരു നിമിത്തം ആയെന്നു  മാത്രം. രാത്രി കാലങ്ങളിൽ ഒന്നിച്ചു കറങ്ങി നടക്കുന്ന ആണ്‍-പെണ്‍ കളെ ചോദ്യം ചെയ്യുന്നു എന്നും അവരെ സംശയ ദൃഷ്ടി യോടെ നോക്കുന്നു എന്നും മറ്റുമുള്ള ഇവരുടെ പരാതികൾ കുറെ നാളുകളായി പോലീസുകാർക്കും മറ്റും എതിരായി ഉയർന്നിരുന്നു. കോഴിക്കോട് സംഭവം കൂടി ആയപ്പോൾ ഇവരുടെ സഹന ശക്തിയുടെ നെല്ലിപ്പലക കണ്ടു. അങ്ങിനെയാണ് പുതിയ സമര മുറകളുമായി ഈ സ്വാതന്ത്ര്യ കാംക്ഷികൾ ഇറങ്ങിയത്‌.

ഈ ചുംബന സമരത്തിന്‌ പ്രതീക്ഷിച്ച ദിക്കുകളിൽ നിന്നും അവർക്ക് പിന്തുണയും ലഭിച്ചു.  മാർക്സിസ്റ്റ് പാർട്ടിയുടെ എസ് എഫ്.ഐ. 
ഡി.വൈ.എഫ്.ഐ.  കോണ്‍ഗ്രസ്സിന്റെ യൂത്ത്, കുറെ വിധ്വംസക ശക്തികൾ, പിന്നെ കുറെ എഴുത്തുകാരും  സിനിമാക്കാരും, ബുദ്ധി ജീവികൾ  എന്ന ലേബൽ സ്വയം ഒട്ടിച്ചവർ,  തുടങ്ങി യവരിൽ നിന്നും ഈ സമരത്തിന്‌ പൂർണ പിന്തുണ ലഭിച്ചു.  ഇത് വ്യക്തി   സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം ആണെന്നും അതിൽ എല്ലാവരും സഹകരിയ്ക്കണം എന്നും പിന്തുണ നൽകിയ  അവർ വീട്ടിൽ കസേരയിൽ ഇരുന്ന്   ആഹ്വാനം നടത്തുകയും ചെയ്തു.

എന്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണിവർ പോരാടുന്നത്? വീടിന്റെയോ നാല് ഭിതികൾക്കുള്ളിലെയോ  സ്വകാര്യതയ്ക്ക് പുറത്ത് തെരുവിലും, പാർക്കിലും മറ്റു പൊതു സ്ഥലങ്ങളിലും വച്ച് പരസ്യമായി   ചുംബിയ്ക്കാനും, ആലിംഗനം ചെയ്യാനും  ശരീര ഭാഗങ്ങൾ തലോടാനും ഒക്കെയാണോ ഇവർക്ക് സ്വാതന്ത്ര്യം വേണ്ടത്?  ഇത്‌ ഭാരതത്തിൻറെ സംസ്കാരമാണോ? അന്യ ദേശങ്ങളുടെ  സംസ്കാരം  കൊണ്ടു വരാനാണോ ഇവർ ശ്രമിയ്ക്കുന്നത്?  പെണ്ണിനും ആണിനും സ്വൈര വിഹാരം നടത്താൻ കഴിയില്ല എന്നതിനാണല്ലോ ഇവർ സമരം നടത്തുന്നത്. ഈ സമരത്തിൽ പരസ്യ ചുംബനം പകരാൻ ഭാര്യാ ഭർത്താക്കന്മാരും ഉണ്ടായിരുന്നതായി കേട്ടു. കല്യാണം കഴിഞ്ഞതിനു ശേഷം വീട്ടിൽ വച്ച്  ഇതേ വരെ അവർ തമ്മിൽ എത്ര തവണ ചുംബനം നടത്തി എന്ന് അവർ ഒന്നാലോചിച്ചു നോക്കുന്നത് നന്ന്. കണക്ക് പുറത്ത് പറയേണ്ട. ഈ സമരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിയ്ക്കാൻ പറഞ്ഞു എന്ന് മാത്രം. ആർക്കൊക്കെ വേണ്ടിയാണിവർ സമരം ചെയ്യുന്നത്? സ്വന്തം അമ്മയും പെങ്ങളും എല്ലാം ഈ സ്വാതന്ത്ര്യം അനുഭവിയ്ക്കണം എന്നാണോ ഇവരുടെ അഭിപ്രായം? തങ്ങൾ ചെയ്യുന്നത് പോലെ സ്വന്തം സഹോദരി പരസ്യമായി മറൈൻ ഡ്രൈവിൽ ഏതെങ്കിലും ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്നത് കണ്ട് സന്തോഷമായി പോകാൻ ഈ സമരക്കാരിൽ  എത്ര പേർക്ക് കഴിയും? ചാനലിലും പത്രങ്ങളിലും ചില  പ്രായമായ സാംസ്കാരികർ ഈ സ്വാതന്ത്ര്യത്തിനു വേണ്ടി  ഘോര ഘോരം വാദിച്ചല്ലോ? അവരിൽ  എത്ര പേർക്ക്  സ്വന്തം മകൾ ആരെയെങ്കിലും   ഇങ്ങിനെ ഒരു പാർക്കിൽ വച്ച്  ചെയ്യുന്നത് അംഗീകരിയ്ക്കാൻ കഴിയും? അപ്പോൾ ഇതൊരു ദ്വൈ മുഖം ആണ്‌. സമരത്തിൽ പങ്കെടുത്തവരുടെയും അതിന് പിന്തുണ നൽകിയവരുടെയും.    

ലോകത്തെവിടെയും നിയമങ്ങൾ ഉണ്ടാക്കുന്നതും പാലിയ്ക്കേണ്ട സാമാന്യ മര്യാദകൾ നിശ്ചയിയ്ക്കുന്നതും സമൂഹത്തിൻറെ സമാധാന പരമായ നില നിൽപ്പിന് വേണ്ടിയാണ്. അക്രമങ്ങൾ തടയാനും അരാജകത്വം ഒഴിവാക്കാനും വേണ്ടി.    അവിടവിടങ്ങളിൽ  നില നിന്നിരുന്ന രീതികളുടെയും നാടിൻറെ സംസ്കാരത്തെയും അധികരിച്ചു കൊണ്ടാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. പാശ്ചാത്യ സംസ്കാരവും ഭാരതീയ സംസ്കാരവും തമ്മിൽ വലിയ അന്തരമാണുള്ളത്‌. ഭൌതിക സുഖത്തിൽ അധിഷ്ഠിതമായ സംസ്കാരവും ജീവിത രീതിയും ആണ് അവിടെ നില നിൽക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യവും വിലയുമൊന്നും അവർ കൽപ്പിയ്ക്കുന്നില്ല. പ്രായമായ ഉടൻ തന്നെ  ആണും പെണ്ണും 'ഡേറ്റിംഗ്' എന്ന് വിളിയ്ക്കുന്ന  ശാരീരിക ഇടപഴകൽ   നടത്തും. അതാണവരുടെ രീതി.   ഭാരതീയ സംസ്കാരം ആകട്ടെ ആദ്ധ്യാത്മികതയിൽ വേരൂന്നി നിൽക്കുന്ന ഒന്നാണ്. കുടുംബത്തിനും ബന്ധങ്ങൾക്കും വളരെ വില കൽപ്പിയ്ക്കുന്ന ഒരു പാരമ്പര്യം ആണ് നമ്മൾ പിന്തുടരുന്നത്.  പരസ്യ ചുംബനവും ആലിംഗനവും  പാശ്ചാത്യരുടെ  സംസ്കാരമാണ്. അവർ ചെയ്യുന്നു എന്നത് കൊണ്ട് അവരെ അന്ധമായി അനുകരിച്ച്  ഭാരതീയർ അത്തരത്തിൽ പെരുമാറണം എന്നാണോ ഇവരുടെ പക്ഷം ?  ഈ സ്വാതന്ത്ര്യം  പൂർണ   അരാജകത്വം ആയിരിയ്ക്കും   ഉണ്ടാക്കാൻ പോകുന്നത്. 

ഈ  ചുംബന സമരക്കാരും അവരെ  പിന്തുണയ്ക്കുന്നവരും നമ്മുടെ സമൂഹത്തിലെയ്ക്കൊന്നു നോക്കൂ. ഓരോ ദിവസവും എതയെത്ര ലൈംഗിക പീഡനങ്ങളും ബലാൽസംഗങ്ങളും    ആണ് നടക്കുന്നത് എന്നറിയാമോ?  അടുത്തിടെ നാദാപുരത്ത്  എൽ.കെ.ജി.യിൽ പഠിയ്ക്കുന്ന നാല്   വയസ്സുള്ള  ഒരു കൊച്ചു കുഞ്ഞാണ് പത്താം ക്ലാസ് വിദ്യാർത്ഥികളാൽ ലൈംഗിക പീഡനത്തിന് ഇരയായത്. ഇത്രയും ക്രൂരവും പൈശാചികവും ആയ പ്രവൃത്തികൾ ആണ് നമ്മുടെ നാട്ടിൽ ഓരോ ദിവസവും നടക്കുന്നത്. കേന്ദ്ര സ്ത്രീ, ശിശു വികസന മന്ത്രാലയം നടത്തിയ ഒരു പഠനം പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങൾ ആണ്. ഭാരതത്തിൽ 53.22%   കുട്ടികൾ ലൈംഗിക അതിക്രമത്തിന്‌ വിധേയർ ആയിട്ടുള്ളവർ ആണെന്നാണ്‌. അതിൽ കേരളവും ഒട്ടും പിന്നിലല്ല.നമ്മുടെ മാനസിക നില ആണിത് കാണിയ്ക്കുന്നത്. അത്രയ്ക്കും ലൈംഗിക  അരാജകത്വം ആണ് നാട്ടിൽ നടമാടുന്നത്. ടൂറിസം വികസിപ്പിയ്ക്കാനായി വിദേശികൾക്ക് കാഴ്ച വയ്ക്കാൻ ആയിരത്തിലേറെ സ്ത്രീകൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണക്കുകൾ പറയുന്നു. പുതിയതായി ഒരു കാര്യം കൂടി പുറത്തു വന്നിരിയ്ക്കുന്നു. പുരുഷ വേശ്യ( വേശ്യൻ?) കളും നൂറു കണക്കിന് അവിടെ  ഉണ്ടെന്ന്.  അതിനിടയിൽ ആണ് നമ്മുടെ ചെറുപ്പക്കാർ പരസ്യമായി ലൈംഗിക വേഴ്ചയ്ക്ക്  വേണ്ടി സമരം ചെയ്യന്നത്. സമൂഹത്തിലെ ഈ അപചയത്തിനെതിരെ പ്രതികരിയ്ക്കാൻ ഇവർക്ക് കഴിയുന്നില്ല. ഇവരുടെ ഈ ചുംബന സ്വാതന്ത്ര്യ ആഗ്രഹം സമൂഹത്തെ കൂടുതൽ വഴി തെറ്റിയ്ക്കാൻ മാത്രമേ ഉപകരിയ്ക്കൂ എന്ന് സ്വബോധത്തോടെ ചിന്തിയ്ക്കുന്ന ആർക്കും മനസ്സിലാകും. ഇവർ നാടിനു ചെയ്യുന്ന ദ്രോഹം എന്താണെന്ന് ഈ മണ്ടന്മാർ അറിയുന്നില്ല. പക്ഷേ ഇവർക്ക് പിന്തുണ നൽകുന്നവർക്ക് അത് വ്യക്തമായി അറിയാം. നാട് നശിപ്പിയ്ക്കുക എന്ന കൃത്യമായ    ഉദ്ദേശം ആണ് അവർക്കുള്ളത്. 

ഈ ചെറുപ്പക്കാർക്ക് ചുംബനവും ആലിംഗനവും അല്ലാതെ മറ്റ് ചിന്തകൾ ഒന്നുമില്ലേ?    ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ് എന്ന് കാണാം. ഇവർക്ക് പുസ്തകം വായിയ്ക്കാനും പഠിയ്ക്കാനും ഒന്നുമില്ലേ? സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളും അനീതികളും ഒന്നും ഇവർ  കാണുന്നില്ലേ? ഭാവിയുടെ വാഗ്ദാനങ്ങൾ ആണിവർ. ഇവർക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ട്.കേരളത്തിലെ സർവകലാശാലകളുടെ ദയനീയ അവസ്ഥ നോക്കൂ. രാഷ്ട്രീയം കുത്തി ത്തിരുകി എല്ലാം തകർന്നു കൊണ്ടിരിയ്ക്കുകയാണ്. പഠനം ഒഴിച്ചുള്ള എല്ലാം ഈ സർവകലാശാലകളിൽ ഉണ്ട്. സ്വന്തം പഠനത്തിന് എന്ത് കൊണ്ട് ഇവർ താൽപ്പര്യം എടുക്കുന്നില്ല? സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പഠിക്കാൻ കഴിയാത്ത അനേകം കുട്ടികൾ ഇവിടെ ഉണ്ട്. ഒരു നേരത്തെ ആഹാരം ഇല്ലാതെ കഴിയുന്നവർ അനേകം പേർ. അട്ടപ്പാടിയിൽ നോക്കൂ. അനേകം കുഞ്ഞുങ്ങളാണ് പോഷകാഹാര ക്കുറവു മൂലം മരിച്ചു കൊണ്ടിരിയ്ക്കുന്നത്.എൻഡോ സൾഫാൻറെ ദുരിതം അനുഭവിയ്ക്കുന്നവർ വേറെ. പശ്ചിമ ഘട്ടം നശിച്ച് നമ്മുടെ നില നിൽപ്പ് തന്നെ അപകടത്തിൽ ആവുകയാണ്.മയക്കു മരുന്നിനും മദ്യത്തിനും അടിമയായ ഒരു തലമുറയെ ചുറ്റുപാടും  ഇവർ കാണുന്നില്ലേ?  ഇതാണ് നമ്മുടെ സമൂഹം. ഇങ്ങിനെ എത്രയെത്ര കാര്യങ്ങൾ.   ഈ പ്രശ്നങ്ങളിൽ ഇടപെടുകയല്ലേ ഈ ചെറുപ്പക്കാർ ചെയ്യേണ്ടത്? അധികാര സ്ഥാനങ്ങളിൽ അഴിമതി വേരൂന്നി ക്കഴിഞ്ഞു. അതിനെതിരെ ഇവർക്ക് പ്രതികരിയ്ക്കാൻ ഒന്നുമില്ലേ?  ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ  കൊണ്ട് നമ്മുടെ നാട് കഷ്ട്ടപ്പെടുമ്പോൾ ആണ് ചുംബിയ്ക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ഈ വിഡ്ഢികൾ സമരം ചെയ്യുന്നത്. നാളെയുടെ പ്രതീക്ഷകൾ ആയ ചെറുപ്പക്കാരാണ് പരിഹാസ്യമായ കാര്യത്തിന് സമരം ചെയ്ത് സ്വയം നശിയ്ക്കുന്നതും നാട് നശിപ്പിയ്ക്കുന്നതും എന്നത് വളരെ കഷ്ട്ടമാണ്.   സമൂഹത്തിലെ യാഥാർത്ഥ്യത്തെ   അഭിമുഖീകരിയ്ക്കാതെ ആണും പെണ്ണും തമ്മിൽ കെട്ടി പ്പിടിച്ചു കൊണ്ടിരുന്നാൽ  മതിയോ ചെറുപ്പക്കാരെ?

ഈ സമരം ഇത്രയും  വിപുലമാകാനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും കാരണം ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ ഇതിനെ എതിർത്തു എന്നത് മാത്രമാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് ഈ എതിർപ്പിലൂടെ ചെയ്യുന്നത് എന്ന പ്രചാരണമാണ് അരാജകത്വ, വിധ്വംസക  ശക്തികളെ ഈ ചുംബന  സമരാഭാസത്തിനു  പിന്നിൽ അണി നിരത്തിയത്. 

2014, നവംബർ 9, ഞായറാഴ്‌ച

സരിതാ ചരിതം രണ്ടാം ഭാഗം

സോളാർ കേസും  മറ്റേതൊരു ജുഡീഷ്യൽ അന്വേഷണവും  പോലെ കാലത്തിൻറെ ചവറ്റു കുട്ടയിൽ തള്ളപ്പെടും എന്ന് ജനങ്ങൾക്ക്‌ അറിയാമായിരുന്നു. ജുഡീഷ്യൽ അന്വേഷണം എന്നത് ജനങ്ങളെ കബളിപ്പിയ്ക്കാൻ രാഷ്ട്രീയക്കാർ ഉണ്ടാക്കി വച്ച  ഒരു പ്രഹസനം  എന്നതിനപ്പുറം യാതൊരു അർത്ഥവും അതിനില്ല. ജനങ്ങളുടെ നികുതി പ്പണം ചിലവാക്കി അവരെ തന്നെ  പരിഹസിയ്ക്കുന്ന  മറ്റൊരു മാർഗം. ഒന്നാമത്   അന്വേഷണം എല്ലാം നടത്തി കമ്മീഷൻ സർക്കാരിന്   റിപ്പോർട്ട് നൽകുമ്പൊഴെയ്ക്കും അന്വേഷണ വിഷയത്തിൻറെ പ്രസക്തി മുഴുവൻ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കും. രണ്ടാമതായി, അതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്, എത്രയൊക്കെ അധ്വാനിച്ച് സത്യം കണ്ടു പിടിച്ച് കൊടുത്താലും ഈ കമ്മീഷൻ റിപ്പോർട്ട് അംഗീകരിയ്ക്കേണ്ട ബാധ്യതയോ, അത് നടപ്പിലാക്കേണ്ട ബാധ്യതയോ സർക്കാരിന് ഇല്ല. ആ  റിപ്പോർട്ട് ശരിയല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള അധികാരം പോലും കമ്മീഷനെ നിയമിച്ച     സർക്കാരിനുണ്ട്. ജോലിയുള്ള  ജഡ്ജിയെ ഇത്തരം കമ്മീഷനുകൾക്ക് വിട്ടു നൽകരുത് എന്ന് സുപ്രീം കോടതിയും ഹൈക്കോടതികളും പറഞ്ഞിട്ടുണ്ട്. കല്ലേ പിളർക്കുന്ന കൽപ്പന പുറപ്പെടുവിയ്ക്കുന്ന  ജഡ്ജിമാരുടെ  റിപ്പോർട്ടുകൾ  ഇങ്ങിനെ   ചവറ്റു കൂനയിൽ  പോയതാകാം   ഒരു കാരണം. എന്തായാലും വിരമിച്ച ജഡ്ജിമാരെ കൊണ്ടാണ് ഇപ്പോൾ  അന്വേഷണ കമ്മീഷനുകൾ പ്രവർത്തിപ്പിയ്ക്കുന്നത്.  

പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണ പക്ഷം അംഗീകരിച്ചു. അങ്ങിനെ പിറവി എടുത്ത ഒരു കമ്മീഷൻ ആണ് ശിവരാജൻ കമ്മീഷൻ.  ഹൈക്കോടതി  റിട്ടയേർഡ്‌  ജഡ്ജി ശ്രീ ശിവരാജൻ. 2013 ഒക്ടോബർ 23 ന് ഉമ്മൻ ചാണ്ടി കമ്മീഷനെ നിയമിച്ചു. ഒക്ടോബർ 28 ന് വിജ്ഞാപനം ഇറക്കി. അന്വേഷിച്ച് 6 മാസത്തിനകം റിപ്പോർട്ട് നൽകാൻ. കമ്മീഷന് ഒരു മുറി സംഘടിപ്പിയ്ക്കാൻ തന്നെ രണ്ടു മൂന്നു മാസം എടുത്തു. അത് ഓഫീസ് ആക്കി എടുക്കാൻ ഒരു മാസം കൂടി. ഈ നാലു  മാസക്കാലയളവിൽ ഫയൽ നോക്കലും തെളിവെടുപ്പും ഒന്നും നടന്നില്ല എന്നാണു പറയുന്നത്. അങ്ങിനെ 6 മാസം കാലാവധി നീട്ടിക്കൊടുത്തു. ആരും മൊഴി നൽകാൻ ഒന്നും ചെല്ലാത്തത് കൊണ്ട് കമ്മീഷൻ അങ്ങിനെ തുടർന്നു. അപ്പോഴേയ്ക്കും അകത്തായ സരിത നായർ ജാമ്യത്തിൽ പുറത്തിറങ്ങി. പണം തിരിച്ചു നൽകി പല കേസും  ഒത്തു തീർപ്പാക്കുകയും ചെയ്തു. ഒരു വർഷം ആയിട്ടും ഒന്നും ആകാത്തത് കൊണ്ട് 2014   ഒക്ടോബറിൽ  വീണ്ടും 6 മാസത്തേയ്ക്ക് നീട്ടിക്കൊടുത്തു. ആ സമയം ആണിത്.2015 ഏപ്രിൽ 28 വരെ. കമ്മീഷൻ എന്ന് ബഹളം കൂട്ടിയ പ്രതിപക്ഷം ഒരു തെളിവും ഇത് വരെ നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. കമ്മീഷൻഅങ്ങിനെ ഇരിയ്ക്കുന്നു, സ്വമേധയാ തെളിവ് നൽകാൻ ആരും ചെല്ലുന്നില്ല.ആരെയും വിളിച്ചതായി കേട്ടുമില്ല.

ഇപ്പോൾ കമ്മീഷന് ഒരു പുതു ജീവൻ വച്ചിരിയ്ക്കുന്നു. ഇത്രയും നാൾ വലിയ കാര്യമൊന്നും ചെയ്യാൻ ഇല്ലാതിരുന്ന കമ്മീഷന് പുതിയ ഊർജം ലഭിച്ചിരിയ്ക്കുകയാണ്. കമ്മീഷൻ  ഒരു വിജ്ഞാപനം ഇറക്കിയിരിയ്ക്കുന്നു.  മുഖ്യ മന്ത്രിയുടെയും, മുഖ്യ മന്ത്രിയുടെ ഓഫീസിന്റെയും,തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പങ്ക് അന്വേഷിയ്ക്കും എന്ന്.    പിന്നെ  ജോപ്പൻ, ജിക്കുമോൻ,സലിം രാജ്,പാവം പയ്യൻ തോമസ്‌ കുരുവിള എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരും. സരിതയുടെയും തിരുവഞ്ചൂരിന്റെയും മുഖ്യ മന്ത്രിയുടെ ഓഫീസിന്റെയും ഒക്കെ ഫോണ്‍ വിളികളും പരിശോധിയ്ക്കും എന്ന് കമ്മീഷൻ പറയുകയുണ്ടായി. മന്ത്രിമാരിൽ നിന്നും സരിതയ്ക്ക് സഹായം കിട്ടിയോ എന്നും, തിരുവഞ്ചൂർ മുഖ്യ മന്ത്രിയെ രക്ഷപ്പെടാൻ സഹായിച്ചോ എന്നും പരിശോധിയ്ക്കും.ഇത് വെറും ഒരു തട്ടിപ്പ് കേസ് മാത്രം അല്ല എന്നും രാഷ്ട്രീയ മാനങ്ങൾ ഉള്ള കേസ് ആണെന്നും അതിനാൽ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ പറയുന്നു.  സർക്കാരിന് നഷ്ട്ടം വന്നിട്ടില്ല എന്ന സർക്കാരിന്റെ  ബാലിശ മായ വാദം തള്ളിക്കളഞ്ഞാണ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. 

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു കൊണ്ടിരുന്ന അതേ കാര്യങ്ങൾ തന്നെയാണ്  കമ്മീഷൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ. ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ എല്ലാം മാധ്യമങ്ങളിൽ വന്നിരുന്നു. മറ്റു പല കാര്യങ്ങളും എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ ആയിരുന്നു.പക്ഷേ അവ പുറത്തു വരാതിരിയ്ക്കാൻ അധികാര സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ ആവതെല്ലാം ചെയ്തു. തെളിവുകൾ നശിപ്പിയ്ക്കുക കൂടി ചെയ്തു. പോലീസ് ശരിയായി അന്വേഷണം നടത്തിയില്ല എന്ന് കൂടി കമ്മീഷൻ പറയുകയുണ്ടായി.

സുപ്രീം കോടതിയിൽ നിന്നും ഹൈ ക്കോടതികളിൽ  നിന്നും വന്നു കൊണ്ടിരിയ്ക്കുന്ന ശക്തവും നീതിയുക്തവും  സർക്കാരിന് എതിരെയും  ആയ വിധികൾ ആയിരിയ്ക്കും കമ്മീഷന് ശക്തിയും ധൈര്യവും പകർന്നതെന്ന് കരുതാം. പ്ലസ് ടു കേസിൽ പുതിയ ബാച്ചുകൾ കോടതികൾ അംഗീകരിച്ചില്ലല്ലോ, കുട്ടികളുടെ ഭാവി എന്ന സ്ഥിരം പല്ലവി പാടിയിട്ടും,  കോടതി അത് തള്ളി. രേഖകൾ നൽകാതിരുന്നതിന് ശകാരവും. മദ്യ നയ ക്കേസിലും കോടതി വിധി സർക്കാരിന് തിരിച്ചടി ആയല്ലോ. കുട്ടികളെ കടത്ത് കേസ് അങ്ങിനെ ജന വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കോടതികൾ സധൈര്യം സർക്കാരിന് അടി നൽകുകയാണ്. 

കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നടപടികൾ ശരിയാണ്. നീതിയുക്തമായ ഒരു അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരാൻ കമ്മീഷന് സാധിയ്ക്കും. അതാണ്‌ ജനങ്ങൾ ആഗ്രഹിയ്ക്കുന്നതും. ജനങ്ങൾ അറിയേണ്ടതും. മന്ത്രിമാരുടെ അഴിമതിയും, അധികാര ദുർവിനിയോഗവും,അവിഹിത വേഴ്ചകളും പുറത്തു കൊണ്ട് വരാൻ കമ്മീഷന് കഴിയും. മുഖ്യ മന്ത്രിയെയും പഴയ ആഭ്യന്തര മന്ത്രിയേയും ഉൾപ്പടെ എല്ലാവരെയും   വിളിച്ചു വരുത്തി തെളിവെടുക്കണം. സത്യം പുറത്തു  വരണം. പോലീസിന്റെ അന്വേഷണം എങ്ങിനെ ഫലവത്തായില്ല എന്ന് കൂടി അറിയണം. ഇനി അധിക സമയമില്ല. ആറു മാസം മാത്രം. ഒരിയ്ക്കൽ കൂടി കാലാവധി നീട്ടി നൽകില്ല എന്ന് എല്ലാവർക്കും അറിയാം. കമ്മീഷൻറെ റിപ്പോർട്ട്  സർക്കാർ അംഗീകരിയ്ക്കുമോ ഇല്ലയോ എന്നതല്ല പ്രശ്നം. പക്ഷെ സത്യ സന്ധമായ ഒരു റിപ്പോർട്ട് നൽകാൻ കഴിയുമല്ലോ. ഏറ്റവും പ്രധാനം സത്യം പുറത്തു വരും എന്നുള്ളതാണ്.

(ഇത്രയും ഒക്കെ ചെയ്തിട്ടും കോടതിയും കമ്മീഷനും സർക്കാരും ജനങ്ങളും ഒന്നും ചെയ്യാത്തതിനാൽ ആണ് സരിത വാട്ട്സ് ആപ്പിൽ  നീല പടങ്ങൾ പുറത്തു വിട്ടത്.മൂന്നെണ്ണം സ്വയം എടുത്തതാണ് എന്ന് സമ്മതിച്ചു. മൂന്നെണ്ണം മോർഫ് ചെയ്തതാണോ എന്ന് സംശയം എന്ന്.ചുംബന  ,ആലിംഗന സമരങ്ങൾ എതിർക്കുന്ന നമ്മളാണ് ഈ പടങ്ങൾ കണ്ടു നിർവൃതി അടയുന്നത്.)

2014, നവംബർ 5, ബുധനാഴ്‌ച

ബാർ കോഴ

5 കോടി രൂപയുടെ അഴിമതി ആരോപണം ആണ് ഇവിടെ ഉയർന്നിരിയ്ക്കുന്നത്. അതിൽ  1 കോടി രൂപ നേരിട്ട് കൈപ്പറ്റി.  കോഴ വാങ്ങിയത് കേരളത്തിലെ ധന മന്ത്രി. മന്ത്രി സഭയിലെ രണ്ടാം (മൂന്നാം) സ്ഥാനക്കാരൻ.  കഴിഞ്ഞ 50 വർഷ ക്കാലമായി നിയമ സഭാംഗം. ഒരേ മണ്ഡലം പ്രതിനിധീകരിയ്ക്കുന്നു. കേരള രാഷ്ട്രീയത്തിൽ പ്രമുഖൻ. 1960 ൽ   കോണ്‍ഗ്രസ്സിൽ നിന്നും വിട്ട്  പുതിയ പാർട്ടി ഉണ്ടാക്കിയ ആൾ.  പിളരുംതോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന റബ്ബർ പാർട്ടിയുടെ അനിഷേധ്യ നേതാവ്. മാണി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷൻ സാക്ഷാൽ കെ.എം.മാണി.

കേരളത്തിലെ ബാർ (മദ്യ ശാല)  അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റ് ആണ് ഈ ആരോപണം പരസ്യമായി ഉന്നയിച്ചത്. ഒരു ടി.വി. ചാനലിൽ, അഭിമുഖത്തിൽ. ബാറുകൾ തുറക്കാൻ സഹായിയ്ക്കാം എന്ന വാഗ്ദാനം നൽകിയാണ്‌ പണം വാങ്ങിയത്. അത്  നൽകിയതോ   മാണിയുടെ പാലായിലുള്ള സ്വന്തം വീട്ടിൽ വച്ച് എന്നും. ആദ്യം 15 ലക്ഷം കൊടുത്തു, പിന്നെ 85 ലക്ഷം. കാര്യം നടക്കാത്തത് കൊണ്ട് ബാക്കി 4 കോടി കൊടുത്തില്ല. ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും തെളിവുകൾ ഹാജരാക്കാം എന്നും ആരോപകൻ പറഞ്ഞു.  ഇന്നും പറയുന്നു. വേണമെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയനാകാം എന്നും.

ഈ കോഴ ആരോപണത്തിന്  പിന്നിൽ വലിയ   ഗൂഡാലോചന ഉണ്ടെന്നും ഉടൻ അന്വേഷണം വേണമെന്നും  കെ.എം.മാണി പറഞ്ഞു.  മാണി കോണ്‍ഗ്രസ്സിലെ പ്രമുഖൻ പി.സി. ജോർജ്ജ് പറഞ്ഞതാകട്ടെ  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആണീ  ഈ  ഗൂഡാലോചനയ്ക്ക് പിന്നിൽ എന്നാണ്. കോണ്‍ഗ്രസ്സിലെ ടി.എൻ. പ്രതാപൻ പറഞ്ഞത് മാണി വിശദീകരിയ്ക്കണം എന്നാണ്. ഉമ്മൻ ചാണ്ടി വിരട്ടിയപ്പോൾ  പ്രതാപന്  തൻറെ വാക്കുകൾ  വിഴുങ്ങേണ്ടി വന്നു.

ആരോപണം മാണി നിഷേധിച്ചു കഴിഞ്ഞു."ഈ വയസ്സാൻ കാലത്ത്...." എന്നിങ്ങിനെ പറഞ്ഞാണ് അദ്ദേഹം  ഒഴിഞ്ഞത്.സാധാരണ എന്തെങ്കിലും ഒരു ആരോപണം വന്നാൽ  ഈ രാഷ്ട്രീയക്കാരൊക്കെ പറയുന്ന സ്ഥിരം വാചകം ഉണ്ടല്ലോ. 'ഇത് സത്യമാണെന്ന് തെളിഞ്ഞാൽ ഞാൻ പൊതു ജീവിതം അവസാനിപ്പിയ്ക്കാം' എന്ന്. പക്ഷേ  ശ്രീ മാണി അങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയില്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. എന്താണ് അതിനർത്ഥം?

പക്ഷേ ആരോപണം നടത്തിയ ആൾ  ഇവിടെ അങ്ങിനെ പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിഞ്ഞാൽ താൻ ആത്മാഹൂതി ചെയ്യും എന്ന്. അതും   ശ്രദ്ധേയമാണ്.

മാണിയ്ക്ക് കോഴ നൽകിയ വിവരം താൻ മുഖ്യ മന്ത്രിയോട് പറഞ്ഞു എന്നും അങ്ങിനെ ആർക്കും കോഴ നൽകേണ്ട ആവശ്യം ഇല്ല എന്ന് അദ്ദേഹം പറഞ്ഞു എന്നും ആരോപകൻ പറഞ്ഞു.

വളരെ വിചിത്രവും പരിഹാസ്യവും ബാലിശവും  ആയ പ്രതികരണങ്ങൾ ആണ് മുഖ്യ മന്ത്രിയിൽ നിന്നും, സുധീരനിൽ നിന്നും കോണ്‍ഗസ്സിന്റെ ചാവേർ നേതാക്കളിൽ നിന്നും വന്നതും വന്നു കൊണ്ടിരിയ്ക്കുന്നതും.

ആരോപണം പുറത്തു വന്ന  ഉടൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ ആരോപണം തെറ്റാണ്. മാണിയ്ക്ക് പണം നൽകിയിട്ടില്ല എന്ന് തനിയ്ക്ക് നേരിട്ട്  ബോധ്യം ഉണ്ട്  എന്ന്.  മുഖ്യ മന്ത്രിയ്ക്ക് എങ്ങിനെയാണ്  നേരിട്ടു  അറിവ് വന്നത് ? മുഖ്യ മന്ത്രിയാണോ ബാർ മുതലാളിമാർ ആർക്കൊക്കെ കോഴ നൽകണമെന്ന് തീരുമാനിച്ചതും കൊടുത്തതും? മറ്റൊരു കാര്യം. മാണി സ്വന്തം വീട്ടിനുള്ളിൽ, സ്വന്തം മുറിയിൽ വച്ച് നടത്തുന്ന എല്ലാ കാര്യങ്ങളും മുഖ്യ മന്ത്രി കാണുന്നുണ്ടോ? അതോ മാണിയുടെ ഓരോ ചലനവും 24 മണിയ്ക്കൂറും  നിരീക്ഷിയ്ക്കുക്കാൻ  ഉമ്മൻ ചാണ്ടി  ചാരന്മാരെ നിയോഗിച്ചിട്ടുണ്ടോ?  മുഖ്യ മന്ത്രി ഇങ്ങിനെ പറഞ്ഞതിൻറെ അർത്ഥം കോഴക്കാര്യം മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി   അറിയാമായിരുന്നു എന്നാണെന്ന്  അനുമാനിച്ചു  കൂടെ?

സുധീരനും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇങ്ങിനെ മാണിയെ പിന്തുണച്ച് അഭിപ്രായങ്ങൾ പറഞ്ഞു.അത് സ്വാഭാവികം. യു.ഡി.എഫ്. നില നിൽക്കേണ്ടത് അവരുടെ ആവശ്യം ആണല്ലോ.  ഇ വരെല്ലാം പറഞ്ഞ മറ്റൊരു കാര്യം ഇത് ജനങ്ങൾ വിശ്വസിക്കില്ല എന്നാണ്. ഇത്രയും ആധികാരികമായി ഒരാൾ കോഴ നൽകിയെന്ന് പറയുമ്പോൾ ജനം എങ്ങിനെ  വിശ്വസിക്കാതിരിക്കണം?  ഇവരെല്ലാം  പറയുന്ന   മറ്റൊരു കാരണം മാണി 50 വർഷമായി  രാഷ്ടീയ രംഗത്തുണ്ട് എന്നാണ്. സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമ എന്നൊന്നും ഇവർ തീർത്തു പറയുന്നില്ല.  50 വർഷം  പുറത്തു വരാതിരുന്നു അഴിമതി  അൻപത്തി ഒന്നാം വർഷം പുറത്തു വന്നു കൂടേ? ചിദംബരം,ഷീലാ ദീക്ഷിത് തുടങ്ങി എത്രയോ കോണ്‍ഗ്രസ്സ് നേതാക്കൾ  അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.  "മാണി കാശ് വാങ്ങുന്ന കാര്യം പാലാക്കാർക്ക് എല്ലാവർക്കും അറിയാം" എന്ന് കൂടി ആരോപകൻ പറയുകയുണ്ടായി എന്നോർക്കണം.

ഈ ആരോപണം സത്യമല്ല എന്ന് നേരിട്ട് അറിയാവുന്നത് കൊണ്ട് അന്വേഷണം ഇല്ല എന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. വി.എസ്. അച്യുതാനന്ദൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് കൊണ്ട് മറ്റ് മാർഗങ്ങൾ ഇല്ലാതെ, മാണിയോട് കൂടിയാലോചിച്ച് സർക്കാറിന് അത് പ്രഖ്യാപിയ്ക്കേണ്ടി വന്നു. സി.പി.എം. ആകട്ടെ സരിത കേസിൽ എന്ന പോലെ ഇവിടെ മാണിയെ സംരക്ഷിയ്ക്കാനുള്ള വ്യഗ്രത ആണ് കാണിയ്ക്കുന്നത്.ഇതിൽ എന്തന്വേഷണം വേണമെന്ന് തീരുമാനിയ്ക്കാൻ അവർക്ക് പാർടി പി.ബി. കൂടണമത്രേ .  അച്യുതാനന്ദൻ ആവശ്യപ്പെട്ട സി.ബി.ഐ.അന്വേഷണം വേണ്ട എന്ന് മുഖ്യ മന്ത്രി പറയുന്നു. കാരണം എന്താണെന്നോ? ആദ്യം വിജിലൻസ് അന്വേഷണം പറഞ്ഞു, അത് ചെയ്തു. ഇങ്ങിനെ  ഇടയ്ക്കിടെ മാറ്റി പറയാൻ പാടില്ല എന്ന്! പാവം പ്രതിപക്ഷ നേതാവ്. ആദ്യം സി.ബി.ഐ. എന്ന് പറഞ്ഞായിരുന്നുവെങ്കിൽ ഉടൻ ഉമ്മൻ ചാണ്ടി അത് പ്രഖ്യാപിയ്ക്കുമായിരുന്നു. കഷ്ട്ടമായിപ്പോയി.  ഇനി അടുത്ത  രസം കേൾക്കണോ. ആഭ്യന്തര മന്ത്രി പറയുകയാണ്‌   ഏത് അന്വേഷണം വേണം എന്ന് പ്രതിപക്ഷത്ത് ആകെ 'കണ്‍ഫൂഷൻ' ആണെന്ന്. അല്ലായിരുന്നുവെങ്കിൽ  കാര്യം പ്രതിപക്ഷം പറഞ്ഞ പോലെ നടന്നേനെ!

പ്രതി പക്ഷം ഒറ്റ സ്വരത്തിൽ പറയാത്തത് കൊണ്ടാണ് അന്വേഷണം നടക്കാത്തത് എന്നാണു മുഖ്യ മന്ത്രി പറയുന്നത്. അങ്ങിനെയെങ്കിൽ കെ.എം.മാണി    പരസ്യമായി ഉന്നയിച്ച ഗൂഡാലോചനയെ പറ്റി   മുഖ്യ മന്ത്രി ഒന്നും പറയാത്തത് എന്ത്?  സർക്കാർ ചീഫ് വിപ്പിന്റെ    മുഖ്യ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച് ഉള്ള  അന്വേഷണ  ആവശ്യം എന്ത് കൊണ്ട് അംഗീകരിയ്ക്കുന്നില്ല? ചീഫ് വിപ്പ് പറഞ്ഞ 15 കോടിയുടെ കോഴ എന്ത് കൊണ്ട് അന്വേഷിയ്ക്കുന്നില്ല?


 അഴിമതി ആരോപണം എങ്ങിനെ അന്വേഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷം ആണെന്നാണോ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്? ഒരു ആരോപണം ഉണ്ടായാൽ അത് അന്വേഷിയ്ക്കുന്നതിനു ഇന്ത്യയിൽ നിയമങ്ങൾ ഉണ്ട്. തനിയ്ക്ക് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് അന്വേഷണം വേണ്ട എന്ന് പറയാൻ മുഖ്യമന്ത്രിയ്ക്ക് എന്തധികാരം ആണുള്ളത്? പ്രഥമ ദൃഷ്ട്യാ കേസ് ഇല്ല എന്ന് തീരുമാനിയ്ക്കാൻ മുഖ്യ മന്ത്രിയ്ക്ക് ഏത് നിയമം ആണ് അധികാരം നൽകിയത്? അങ്ങിനെ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ  സ്വാധീനിയ്ക്കുകയല്ലേ ചെയ്യുന്നത്? അത് പോലെ പ്രതിപക്ഷം പറയുന്നത് പോലെ അന്വേഷണം നടത്തുകയാണോ ഒരു സർക്കാരിന്റെ ഉത്തരവാദിത്വം? ഇങ്ങിനെയൊക്കെ ആണെങ്കിൽ  ഇവിടെ ഇൻഡ്യൻ പീനൽ കോഡും ക്രിമിനൽ പീനൽ കോഡും   ഭരണഘടനയും  പോലീസും ഒന്നും വേണ്ടല്ലോ. ഭരണ പക്ഷവും പ്രതി പക്ഷവും മാത്രം മതിയല്ലോ.


ഇങ്ങിനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമാണ് ഇവിടെ  ഉള്ളത്. ഇതെല്ലാം വെളിവാക്കുന്നത് ഭരണ പക്ഷത്തെ ആർക്കും ഒട്ടും ആത്മ വിശ്വാസം ഇല്ല എന്നാണ്. ആരോപകൻ ഇത്ര പരസ്യമായി വീണ്ടും  വെല്ലു വിളിയ്ക്കുന്നത് കൊണ്ട്  അതിൽ സത്യം ഉണ്ടാകാം എന്ന് ഇവരെല്ലാം ന്യായമായും  സംശയിയ്ക്കുന്നു. ഇവരുടെയും ചാനലിൽ വരുന്ന ഇവരുടെ വക്താക്കളുടെയും ശരീര ഭാഷ നോക്കൂ. എല്ലാവരും യാന്ത്രികമായാണ് പെരുമാറുന്നത്. കോഴ സംഭാഷണത്തിന്റെ  ശബ്ദ രേഖ ഉണ്ടെന്ന് പറയുമ്പോൾ പിസി. ജോർജ്ജ് പറയുന്നത് അത് മിമിക്രിക്കാർ ചെയ്തതു ആകാം എന്നാണ്. അപ്പോൾ ശബ്ദ രേഖ തെളിവായി ഉണ്ടെന്ന് ഇവർ സമ്മതിയ്ക്കുകയാണ്.  പിന്നെ ജനങ്ങളുടെ കാര്യം. ശക്തമായ അഴിമതി ആരോപണം ആയതു കൊണ്ട് അവർക്കതിൽ പൂർണ വിശ്വാസം ആണുള്ളത്. ലാലു പ്രസാദ് യാദവ്, സുഖ് രാം, രാജ,കനിമൊഴി,സുരേഷ് കൽമാഡി, ജയലളിത തുടങ്ങിയ അനേകം പേരുടെ അഴിമതിയും അവർ ജയിലിൽ കിടന്നതും  ജനം കണ്ടു കൊണ്ടിരിയ്ക്കുകയാണല്ലോ. അത് കൊണ്ട് ഇവിടെ  അഴിമതി നടന്നില്ല എന്ന ഇവരുടെ വാദം ജനങ്ങൾ അംഗീകരിയ്ക്കുന്നില്ല.   50 വർഷം അല്ല 100 വർഷം രാഷ്ട്രീയത്തിൽ  ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും അഴിമതി അഴിമതി ആണ്. മാത്രമല്ല സത്യം ജനങ്ങൾക്ക്‌ അറിയുക തന്നെ വേണം.

2014, നവംബർ 3, തിങ്കളാഴ്‌ച

സർവകലാശാല

അറിവുള്ളവർ അധികാരത്തിൽ വരുമ്പോൾ അന്തസ്സായി ഭരണം നടത്തും എന്നുള്ളത് തർക്ക മറ്റ കാര്യമാണ്. അത് ജനങ്ങൾക്ക്‌ ഉപകാരപ്രദം ആകും എന്നുള്ളതും. കേരള ഗവർണർ ശ്രീ പി. സദാശിവം  അടുത്ത കാലത്ത് അത്  കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ  ഗവർണറിൽ നിക്ഷിപ്തമായ ചുമതലയാണ് അദ്ദേഹം ഉത്തരവാദിത്വത്തോടെ  നിറവേറ്റിയത്.

സർവകലാശാല എന്നാൽ ഗുണ മേന്മ യുള്ള ഉന്നത വിദ്യഭ്യാസത്തിനും ഗവേഷണങ്ങൾക്കും സൗകര്യം ഒരുക്കുന്ന, ബിരുദം നൽകുന്ന ഒരു സ്ഥാപനമാണ്‌.അത് മാത്രമാണ് അവയുടെ ഉദ്ദേശവും ലക്ഷ്യവും. ഉന്നത നിലവാരം കാത്തു സൂക്ഷിയ്ക്കാൻ എല്ലാ സർവകലാശാലകളും പ്രതിജ്ഞാ ബദ്ധം ആണ്. അതിന് അനുയോജ്യമായ നടപടികൾ അവർ എടുക്കുന്നു. ഭരണ നൈപുണ്യം ഉള്ള വിദ്യാഭ്യാസ വിചക്ഷണരെയും പ്രഗൽഭരായ   അധ്യാപകരെയും സർവകലാശാലകളുടെ ഭാഗഭാക്കാക്കി ഉയർന്ന  നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയാണ് എല്ലാ സർവ കലാശാലകളും ചെയ്യുന്നത്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, പിന്നെ ഐവി ലീഗ് തുടങ്ങിയ സർവകലാശാലകൾ  ലോകോത്തരം ആയതിന്റെ കാരണവും  മറ്റൊന്നല്ല.

കേരളത്തിലും ഉണ്ട്  സർവകലാശാലകൾ. പക്ഷെ   മറ്റു രാജ്യങ്ങളിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ ഉള്ളവയിൽ  നിന്നെല്ലാം വിഭിന്നമാണ് അവയെല്ലാം. ചന്തയാണ് നമ്മുടെ സർവകലാശാലകൾ. വിദ്യാഭ്യാസ കച്ചവടം നടത്തുന്ന ചന്ത. കേരളത്തിൽ ഇന്ന് വരെ ഭരണത്തിൽ ഇരുന്ന ഇടതും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും മാണി കോണ്‍ഗ്രസ്സും  കൂടി കച്ചവടം നടത്തി മുച്ചൂടും   നശിപ്പിച്ച   ഒരു പ്രസ്ഥാനം. സ്കൂളും കോളേജും അനുവദിയ്ക്കുന്നതിനു കോഴ, അധ്യാപക നിയമനത്തിന് കോഴ, വിദ്യാർത്ഥി പ്രവേശനത്തിന് കോഴ. അങ്ങിനെ എന്തിനും ഏതിനും കോഴ, അതാണ്‌ നമ്മുടെ സർവകലാശാലകൾ. ഇവയുടെ നാശത്തിനും അപചയത്തിനും ആക്കം കൂട്ടിയത് എ.കെ. ആന്റണി ആണ്. സ്വാശ്രയ കോളേജ്കൾക്ക്  അനുവാദം നൽകിയതിലൂടെ. എന്ത് തുടങ്ങുമ്പോഴും അതിനൊരു നിയമാവലി ഉണ്ടാകും. എങ്ങിനെ വേണം എന്തൊക്കെയാണ് നിയന്ത്രണം തുടങ്ങി അതിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നിയമങ്ങളും ഉൾക്കൊള്ളിച്ച ഒന്ന്. അങ്ങിനെയൊരു നിയമം  ഇല്ലാതെ ലോകത്ത് ആദ്യമായി ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ ക്രെഡിറ്റ് ആന്റണിയ്ക്ക് മാത്രമാണു്. യാതൊരു നിയമവും ഇല്ലാതെ ചോദിച്ചവർക്കൊക്കെ എൻ.ഒ.സി. കൊടുത്തു. കശുവണ്ടി ഫാക്ടറികളിൽ വരെ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ചരിത്രം കേരളത്തിനുണ്ട്. അന്ന് ആന്റണി തുടങ്ങി വച്ച സ്വാശ്രയ പ്രശ്നം ഇന്നും പരിഹരിയ്ക്കാനാകാതെ നിൽക്കുന്നു. എല്ലാ വർഷവും മെഡിക്കൽ കോളേജ്  മാനേജ്മെന്റുകൾ സുപ്രീം കോടതി വരെ പോകുന്നു. സർക്കാർ നിയന്ത്രണം ഒന്നും നടത്താതെ തോറ്റു കൊടുക്കുന്നു. സുപ്രീം കോടതി സ്വയം തീരുമാനങ്ങൾ എടുക്കുന്നത് വിദ്യാർത്ഥികൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നു.

രാഷ്ട്രീയത്തിൻറെ അതിപ്രസരം ആണ്  എല്ലായിടത്തും. സെനറ്റും   സിൻഡിക്കേറ്റും  രാഷ്ട്രീയ പാർട്ടികളുടെ പിണിയാളുകളെ കൊണ്ട് നിറച്ചിരിയ്ക്കുകയാണ്. സർവകലാശാലകളുടെ ഉന്നമനം അല്ല അവരുടെ ലക്ഷ്യവും താൽപ്പര്യവും. പണവും അധികാരവും മാത്രമാണ് ഇവരുടെ ലക്‌ഷ്യം. അസിസ്റ്റന്റ്‌ പരീക്ഷയിൽ ഉത്തരക്കടലാസുകൾ നശിപ്പിച്ചിട്ട്, ജയിച്ചവരെ ഒഴിവാക്കി അനർഹരായ  രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്ക് ജോലി നൽകിയ കേരള സർവകലാശാലയിലെ കേസ് ഇന്നും കോടതിയിൽ ആണല്ലോ. വൈസ് ചാൻസലരും, പ്രോയും, സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളും പ്രൊസികുഷൻ നേരിടുകയാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും കെടുകാര്യസ്ഥതയും, അഴിമതിയും, സ്വജനപക്ഷപാതവും  അരാജകത്വവും ആണ് നില നിൽക്കുന്നത്. ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും ഇതിലൊന്നും ഒരു പ്രശനവും ഇല്ല. തങ്ങളുടെ എത്ര ആളുകൾ  വൈസ് ചാൻസിലർ ആകുന്നു, എത്ര പേർ സെനറ്റ്, സിൻഡിക്കേറ്റ അംഗങ്ങൾ ആകുന്നു എന്ന് മാത്രമാണ് അവരുടെ നോട്ടം.

 'കേരള സർവകലാശാല' എന്ന ഒന്നിൽ തുടങ്ങി ഇന്ന് പതിനഞ്ചിൽ എത്തി നിൽക്കുന്നു കേരള  സംസ്ഥാനം. എല്ലാറ്റിന്റെയും ഗതി ഒന്ന് തന്നെ. വൈസ് ചാൻസലർ പദവി ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കു വച്ച് നൽകിയിരിയ്ക്കുകയാണ്. കേരള സർവകലാശാല  കോണ്‍ഗ്രസ്സിന്, എം .ജി.  മാണി കോണ്‍ഗ്രസ്സിന്, കാലിക്കറ്റ് മുസ്ലിം ലീഗിന് അങ്ങിനെ പോകുന്നു കണക്ക്. മറ്റുള്ളവയും രാഷ്ട്രീയ പാർട്ടി-ജാതി അടിസ്ഥാനത്തിൽ വീതം വച്ച് നൽകിയിരിയ്ക്കുകയാണ്.  ഇവിടങ്ങളിൽ വൈസ് ചാൻസിലർ ആകാനുള്ള ആകെ യോഗ്യത ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വിശ്വസ്തനാകുക എന്നത് മാത്രമാണ്. അത് പണം കൊടുത്ത് ആകാം അല്ലെങ്കിൽ മറ്റു ബന്ധങ്ങളിൽ കൂടി ആകാം.  മാണി കോണ്‍ഗ്രസ്സിന്റെ നോമിനിയായ എം .ജി. വൈസ് ചാൻസിലറെ കള്ള സർറ്റിഫിക്കറ്റ് നൽകി ഉദ്യോഗം നേടിയതിന്  ഗവർണർ പിരിച്ചു വിട്ടിട്ട് അധികം നാളുകൾ ആയില്ലല്ലോ. മുസ്ലിം ലീഗിൻറെ നോമിനി കാലിക്കറ്റ് വി.സി. കള്ളത്തരത്തിൽ വാങ്ങിയ ലക്ഷ ക്കനക്കിനുള്ള ഡബിൾ ശമ്പളം ഇപ്പോൾ തിരിച്ചു പിടിയ്ക്കുകയാണ്. അങ്ങിനെ യോഗ്യത ഇല്ലാത്ത, തട്ടിപ്പുകാരായ വി.സി. മാരാണ് എല്ലാ സർവകലാശാലകളിലും.

സർവകലാശാലകളുടെ ഇത്തരത്തിലുള്ള പോക്ക് തടയാനോ അവ നല്ല രീതിയിൽ നടത്താനോ ഇന്നത്തെ സർക്കാർ ഒന്നും ചെയ്യുന്നില്ല. കാര്യങ്ങൾ കൂടുതൽ വഷളായി ക്കൊണ്ടിരിയ്ക്കുന്നു.കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറും സെനറ്റ്,സിൻഡിക്കേറ്റ അംഗങ്ങളും  തമ്മിൽ അങ്ങാടിയിലെപ്പോലെ  തെറി വിളിയിൽ തുടങ്ങി  തല്ലു വരെ നടന്നു. തനിയ്ക്ക് കിട്ടിയ അടിയുടെ പാട്  വൈസ് ചാൻസലർ ചാനലുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു.  വിദ്യാർഥി പ്രശ്നം ആകട്ടെ അതിലും രൂക്ഷം.  ഇത്രയും ഒക്കെ ആയിട്ടും  ഇത് നേരെയാക്കാൻ  ഒരു ചെറു വിരൽ അനക്കാൻ പോലും വിദ്യാഭ്യാസ മന്ത്രിയും ആ മന്ത്രിയെ പേറുന്ന മുഖ്യ മന്ത്രിയും തയ്യാറായില്ല.കേരള സർവകലാശാലയിലും ചേരി തിരിഞ്ഞുള്ള വഴക്ക് തന്നെ.

ഈ അവസരത്തിലാണ് ഗവർണർ ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് എല്ലാ വൈസ് ചാൻസലർമാരുടെ യും കൂട്ടായ യോഗം വിളിച്ച് ചേർത്തത്. വ്യക്തമായ അജണ്ടയും നിർദ്ദേശിച്ചു. എല്ലാ വി.സി.മാരും സർവകലാശാല നിയമം അനുസരിച്ച് തന്നെ പെരുമാറണം എന്നും പ്രവർത്തിയ്ക്കണം എന്നും ശ്രീ സദാശിവം അർത്ഥ ശങ്കയ്ക്കിടയില്ലാതെ നിർദ്ദേശം നൽകുകയും ചെയ്തു.. ഓരോ മൂന്നു മാസം കൂടുമ്പോഴും ഓരോ വിസി യും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് തനിയ്ക്ക് സമർപ്പിയ്ക്കണം എന്നും നിർദ്ദേശം നൽകി. കാര്യങ്ങൾ എങ്ങിനെയാണ് നടത്തേണ്ടത് എന്നതിൻറെ ഒരു രൂപം  നൽകാനായി വിദ്യാഭ്യാസ മന്ത്രിയെയും ഈ യോഗത്തിൽ വിളിപ്പിച്ചിരുന്നു.

ഇത്രയും കാലത്തെ പ്പോലെ ഇത് കളിയല്ല എന്ന് അപ്പോഴാണ്‌ വി.സി. മാർക്ക് മനസ്സിലായത്‌. ഇതിനു ശേഷമാണ് വൈസ് ചാൻസലർ മാർ ശരിയായി പ്രവർത്തിയ്ക്കാൻ തുടങ്ങിയത്.പക്ഷേ ഈ സംഭവം മുഖ്യ മന്ത്രിയിൽ അപകർഷതാ ബോധം ഉളവാക്കി. സർവകലാശാല ഭരണം  രാഷ്ട്രീയ ക്കാരുടെ  കൈ വിട്ടു പോകുന്നോ എന്ന ഭയവും ഉടലെടുത്തു. അതിനാലാണ് വി.സി. വിളിച്ച യോഗത്തെ പറ്റി വ്യക്തമായി ഒന്നും പറയാതെ ഒഴിഞ്ഞു മാറിയത്. പക്ഷേ പതിവ് പോലെ പാർട്ടി വക്താവ് രംഗത്ത് വന്നു. എം.എം. ഹസൻ ആയിരുന്നു ഗവർണർക്കെതിരെ വിമർശനവും ആയി ചാനലിൽ   വന്നത്. ഗവർണറുടെ നിലപാട് ദുരുദ്ദേശ പരം ആയിരുന്നു എന്ന്. പിന്നെ പരസ്പര വിരുദ്ധമായ കുറെ കാര്യങ്ങളും പറഞ്ഞു. അങ്ങേര് പറഞ്ഞ കാര്യങ്ങൾ നോക്കൂ.

"വി.സി. മാരെ വിളിച്ചു നിർദ്ദേശങ്ങൾ നൽകാൻ ഗവർണർക്ക്‌ അധികാരം ഉണ്ട്. പക്ഷേ എല്ലാ വി.സി.മാരെയും ഒന്നിച്ചു വിളിച്ചു കൂട്ടുന്നത്‌ നിയമ വിരുദ്ധം ആണ്". ഹസ്സൻ പറഞ്ഞതാണ്. എങ്ങിനെയുണ്ട് വിവരം?  മറ്റൊരു സാമ്പിൾ ഇതാ. "സെനറ്റിൽ അധ്യക്ഷത വഹിയ്ക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. പക്ഷെ ഇത് വരെ ആരും അത് ഉപയോഗിച്ചിട്ടില്ല" അത് കൊണ്ട് ഈ ഗവർണറും അത് ചെയ്തു കൂടാ എന്നാകും ഉദ്ദേശിച്ചത്.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഗവർണർക്ക്‌ എതിരായി പ്രസ്താവനകൾ ഇറക്കി. ഗവർണർ സർവകലാശാലകളിൽ കൈ കടത്തുന്നുവത്രേ. അവിടത്തെ പ്രശ്നങ്ങൾ  പരിഹരിയ്ക്കാൻ ഇത്രയും കാലം  ഈ  രാഷ്ട്രീയ പാർട്ടികൾ എന്ത് കൊണ്ട്  ഒന്നും ചെയ്തില്ല? തങ്ങളുടെ പാർട്ടിക്കാരാണല്ലോ സെനറ്റിലും സിൻഡിക്കേറ്റിലും വൈസ് ചാൻസലർ പദവിയിലും ഇരിയ്ക്കുന്നത്. എന്നിട്ടും ഒന്നും ചെയ്യാത്തതെന്താണ്‌? നമുക്കൊരു വിദ്യാഭ്യാസ മന്ത്രി ഉണ്ട്. എല്ലാ  സർവകലാശാലകളുടെയും  പ്രൊ ചാൻസലർ. ചാൻസലർ കഴിഞ്ഞാൽ അടുത്ത അധികാരമുള്ള  പദവി. പക്ഷേ  പ്ലസ് ടു അനുവദിയ്ക്കുന്നതും അത് പോലെ യുള്ള കാര്യങ്ങളും  മാത്രമാണ് തനിയ്ക്ക് ചെയ്യാനുള്ളത് എന്നാണ് നമ്മുടെ  പ്രൊ ചാൻസലർ കരുതുന്നത്. പിന്നെ  മുഖ്യ മന്ത്രി. അനുവദിച്ച പ്ലസ് ടു സ്കൂളുകൾ കോടതി റദ്ദാക്കിയപ്പോഴും പ്രതികൂല പരാമർശങ്ങൾ നടത്തിയപ്പോഴും വിദ്യാഭ്യാസ മന്ത്രിയെ പ്രതിരോധിച്ച് , ഞാനാണ് ഇത് ചെയ്തത്, എന്ന് പ്രഖ്യാപിച്ച്,  കൂടെ നിന്നയാൾ. സർവകലാശാലകളെ  കുറിച്ച് മാത്രം മുഖ്യ മന്ത്രിയ്ക്ക്  ഒന്നും പറയാനില്ല, ഒന്നും ചെയ്യാനുമില്ല.

ഈ പരിതസ്ഥിതിയിൽ ഗവർണർ എടുത്ത നടപടി വളരെ ആവശ്യ മായിരുന്നു. അഭിനന്ദനാർഹവും.  ഇപ്പോൾ തന്നെ അതിൻറെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അനർഹരെ വി.സി., സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ ആയി കുത്തി തിരുകുന്ന ഏർപ്പാട് കൂടി അവസാനിപ്പിയ്ക്കണം.അത് പോലെ സ്വാശ്രയ 'മെഡിക്കൽ   കോളേജുകളിലെ പ്രവേശനവും. ഏതായാലും മൂന്നു മാസം കൂടുമ്പോൾ വി.സി.മാരുടെ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഗവർണർ സർവകലാശാലകളെ നേർവഴിയ്ക്ക് കൊണ്ടു വരും എന്നുള്ള  പ്രത്യാശയ്ക്ക് ഇടമുണ്ട്.

2014, നവംബർ 1, ശനിയാഴ്‌ച

മദ്യ നയവും കോടതിയും

സർക്കാർ  ഇച്ഛിച്ചതും കോടതി കൽപ്പിച്ചതും ബാർ തുറക്കൽ. ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിലേറിയ ഒരു സർക്കാർ,തങ്ങളുടെ സ്ഥാപിത  താൽപ്പര്യങ്ങൾക്ക് വേണ്ടി  ഭരണ വ്യവസ്ഥയെ എങ്ങിനെ 'മാനിപ്പുലേറ്റ് ' ചെയ്തു എന്നതിൻറെ ഉത്തമോദാഹരണം ആണ് കേരള സർക്കാർ കൊണ്ട് വന്ന മദ്യ നയം. കോടതികളുടെ പരിശോധനയിൽ തള്ളിപ്പോകും എന്ന് വ്യക്തമായ ധാരണയോടു കൂടിയാണ് ഈ മദ്യ നയം ഉണ്ടാക്കിയതും അത് നിയമം ആക്കിയതും. എന്ത് കൊണ്ടാണ് കോടതികൾ ഇത് തള്ളാൻ  ഇത്രയും സമയം എടുത്തു എന്നത് മാത്രമാണ് ഇത്രയും നാൾ  ഈ മദ്യ നയത്തിന്റെ നിർമാതാക്കൾ അത്ഭുതപ്പെട്ടു കൊണ്ടിരുന്നത്.  

കോണ്‍ഗ്രസ് പാർട്ടിയ്ക്കുള്ളിലെ തമ്മിലടിയും ഗ്രൂപ്പ് വഴക്കും ആണ് ഈ മദ്യ നയത്തിൻറെ പിറകിൽ. ഒരു ഗാന്ധിയൻ പ്രതിച്ഛായയ്ക്ക് വേണ്ടി ബാറുകൾ തുറക്കേണ്ട എന്ന നിലപാട് എടുത്തു കൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സുധീരൻ രംഗത്ത് വന്നതാണ് തുടക്കം. മുഖ്യ മന്ത്രിയെ ഒന്ന് ഒതുക്കാം എന്നുള്ള ഉദ്ദേശവും ഇതിനു പിറകിലുണ്ട്. മദ്യ നിരോധനത്തിന്റെ കുത്തക മൊത്ത വ്യാപാരികൾ ആയ  കോണ്‍ഗ്രസ്സ് പാർട്ടിയ്ക്കുള്ളിൽ  ബാറുകൾ പൂട്ടുന്നതിനായി ആവശ്യമുള്ള പിന്തുണ കിട്ടാതെ വന്നപ്പോഴാണ് സുധീരൻ മറ്റു ഘടക കക്ഷികളെ കൂട്ട് പിടിച്ച് മുഖ്യ മന്ത്രിയെ വെട്ടിലാക്കിയത്. പ്ലസ് ടു കേസിൽ കോഴ ആരോപണം നേരിടുന്ന മുസ്ലിം ലീഗും അച്ചന്മാരുടെ സമ്മർദ്ദത്തിൽ ആയ മാണി കോണ്‍ഗ്രസ്സും മറ്റു മാർഗങ്ങൾ ഇല്ലാതെ സുധീരൻറെ പിറകെ അണി നിരക്കേണ്ടി വന്നു. ബാർ തുറക്കാൻ വേണ്ടി കോടികൾ കോഴ വാങ്ങിയെന്ന ആരോപണം മദ്യ മന്ത്രിയ്ക്കും മറ്റുമെതിരെ ഉയർന്നു വന്നു. അങ്ങിനെ ബാർ തുറക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ മദ്യ മന്ത്രിയും മുഖ്യ മന്ത്രിയും രാത്രി മുഴുവൻ  കൂടിയിരിരുന്ന് ആലോചിച്ച് ഉണ്ടാക്കിയതാണ് കേരളത്തിൻറെ ഈ മദ്യ നയം. എന്നിട്ട് ഇരു ചെവിയറിയാതെ അത് കൊണ്ട് പോയി .യു.ഡി.എഫ്.യോഗത്തിൽ അവതരിപ്പിച്ച്  ഒരു ഊരാ കുടുക്കിൽ സുധീരൻ ഉൾപ്പടെ എല്ലാവരെയും അകപ്പെടുത്തി.


ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിയ്ക്കുന്ന ഒരു നിയമം ആണ് ഉമ്മൻ ചാണ്ടി സർക്കാർ ഇത്രയും  ലാഘവത്തോടെ ഉണ്ടാക്കിയത്. മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും അവരുടെ അതി വിശ്വസ്തരായ ഒന്നോ  രണ്ടോ പേരും കൂടി ഉണ്ടാക്കിയത് എന്നത് വളരെ വിചിത്രവും പരിഹാസ്യവും ആയ ഒന്നാണ്. ഒരു ജനതയെ എങ്ങിനെ വിഡ്ഢികൾ ആക്കാം, ഭരണ ഘടനയെ എങ്ങിനെ കുൽസിതമായി ഉപയോഗിയ്ക്കാം എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രവൃത്തി. ഒരു നിയമം കൊണ്ട് വരുമ്പോൾ അത് ജനങ്ങളെ എങ്ങിനെ ബാധിയ്ക്കുന്നു എന്ന് നോക്കേണ്ടിയിരിയ്ക്കുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നയം ആണ് മുഖ്യ മന്ത്രി നടപ്പിലാക്കുന്നത്. അപ്പോൾ ആ പാർട്ടിയിൽ വിശദ മായ ചർച്ച വേണ്ടിയിരുന്നു. അതുണ്ടായില്ല. ഒരു കാര്യം നിയമം ആകുമ്പോൾ അതെങ്ങിനെ പഴുതുകൾ ഇല്ലാതെ ഉണ്ടാക്കാം എന്ന് തീരുമാനിയ്ക്കേണ്ടത്  നിയമ വിദഗ്ധർ ആണ്. അല്ലാതെ നിയമ വിജ്ഞാനം ഇല്ലാത്ത മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും കൂടിയിരുന്നല്ല.   സെക്രട്ടറിയെറ്റിൽ ഒരു നിയമ വകുപ്പുണ്ട്.  അവരാണ് നയം എങ്ങിനെ കുറ്റമറ്റ നിയമം ആക്കാനുള്ള വഴികൾ കണ്ടെത്തേണ്ടത്‌. അങ്ങിനെയുള്ള ശരിയായ രീതികൾ ഒന്നും പാലിയ്ക്കാതെയാണ് മുഖ്യ മന്ത്രി ഈ നിയമം പ്രഖ്യാപിച്ചത്. അപ്പോൾ അതിൻറെ പാളിച്ചകളും ആ നിയമത്തിൽ ഉണ്ടാകും.


ഇതൊന്നും അറിയാത്തവർ ആണ് മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും എന്ന് ജനങ്ങൾ ധരിയ്ക്കേണ്ട. നല്ല വിവരം ഉള്ളവർ ആണവർ. അത് കൊണ്ടാണ് രാത്രി രണ്ടു പേരും കൂടി ഇതയും വലിയ ഒരു  നിയമം ഒരു തുണ്ട് കടലാസിൽ തയ്യാറാക്കിയത്. ഇത്  നിയമത്തിൻറെ സൂക്ഷ്മ പരിശോധനയെ അതിജീവിയ്ക്കില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.  എല്ലാവർക്കും അറിയാമായിരുന്നു. അത് തന്നെ ആയിരുന്നു അവർക്ക് വേണ്ടതും. തൽക്കാലം ഈ സ്ഥിതിയിൽ നിന്നും ഒന്ന് രക്ഷപ്പെടുക, കുറെ നാൾ  ജനങ്ങളെ വിഡ്ഢികൾ ആക്കുക എന്ന് മാത്രമായിരുന്നു നിയമം കൊണ്ട് വന്നതിന്റെ ഉദ്ദേശം. ഏതായാലും അത് നടന്നു. ഇനി കോടതിയെ പഴി പറഞ്ഞു രക്ഷപ്പെടാമല്ലോ.


എല്ലാവർക്കും ഈ വിധി ആശ്വാസമായി. സുധീരനെ ആരും കുറ്റം പറയില്ല. മദ്യ നിരോധനത്തിന്റെ മുൻ നിര പോരാളി. മുഖ്യ മന്ത്രിയാകട്ടെ ഒരു പടി കൂടി കടന്ന്  പൂർണ മദ്യ നിരോധനത്തിന് വേണ്ടി ഒരു രാത്രി കൊണ്ട് നിയമം കൊണ്ട് വന്ന ആൾ. മദ്യ മന്ത്രി ആകട്ടെ 'പ്രയോഗികതാ വാദം' വെടിഞ്ഞ് ഈ നിയമത്തിനു വേണ്ടി മുഖ്യ മന്ത്രിയോടൊപ്പം ഉറക്കമൊഴിഞ്ഞ ആൾ.ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഇല്ലാതെ കേരള ഭരണം നടത്താമെന്ന് കാലിയായ ഖജനാവിന് മുകളിൽ കയറി നിന്ന് പ്രഖ്യാപിച്ച ധന മന്ത്രി. തങ്ങൾക്കു ഹറാം ആയത് അംഗീകരിയ്ക്കില്ല എന്ന് ധൈര്യ പൂർവ്വം പറഞ്ഞ മുസ്ലിം ലീഗ് മന്ത്രി. എല്ലാവരും ഈ നിയമത്തിൻറെ ക്രെഡിറ്റ്‌ എടുക്കുന്നു. ഇപ്പോൾ  ഒരു ചോദ്യവും ചോദിയ്ക്കുന്നു. ബഹുമാനപ്പെട്ട കോടതി പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും? പ്രതികൂലമായ തീരുമാനങ്ങളും പരാമർശങ്ങളും വരുമ്പോൾ കോടതിയെ കടന്നാക്രമിയ്ക്കുന്ന മാന്യ മഹാന്മാരാണ് ഈ വിധിയിൽ കോടതിയ്ക്ക് മുന്നിൽ വിനീധ വിധേയർ ആയി നിൽക്കുന്നത്.


ഇത് സർക്കാരിന് തിരിച്ചടി ആയെന്ന് പറയുന്നവർ കാര്യം അറിയാത്തവർ ആണ്. തിരിച്ചടി എന്ന് കേൾക്കുമ്പോൾ മന്ത്രിമാരും അവരുടെ പിണിയാളുകളും ഉള്ളിൽ ചിരിയ്ക്കുകയായിരിയ്ക്കും. സർക്കാരിനു ഒരു തിരിച്ചടിയും ഉണ്ടായില്ല. തിരിച്ചടി ഉണ്ടായത് ഇവരെ വിശ്വസിച്ച ജനങ്ങൾക്കാണ്. ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി കോടതി അനുവാദം കൊടുത്തു. നിലവിലുള്ള ത്രീ സ്റ്റാർ, ടൂ സ്റ്റാർ ബാറുകൾക്ക്  ഉടനെ  ഫോർ സ്റ്റാർ ആകാം. അതിനു സർക്കാരും തടസ്സം നിൽക്കില്ല. അവയ്ക്ക് ലൈസൻസ് കൊടുക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തു മാറ്റിയാൽ നേരിട്ട് ലൈസൻസ് കൊടുക്കാമല്ലോ. ഫൈവ് സ്റ്റാറിനു വേണ്ടി അങ്ങിനെ ഒരു നിയമ ഭേദഗതി വരുന്നുണ്ട്.അതിൽ ഫോർ സ്റ്റാർ കൂടി ആക്കും. അത്ര തന്നെ. അപ്പോൾ കാര്യങ്ങൾ എല്ലാം എളുപ്പമായി. ഇപ്പോൾ നിലവിലുള്ള ബാറുകൾ എല്ലാം ഇനി ഫോർ സ്റ്റാർ ലേബ ലിൽ തുടരും. 


ബാറുകൾ അടച്ചപ്പോൾ തന്നെ കോടികളുടെ കോഴ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും എത്തി എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരാൾ പരസ്യമായി മന്ത്രി കെ.എം..മാണിയ്ക്ക് ഒരു കോടി രൂപ കൊടുത്തു എന്ന് പറഞ്ഞിരിയ്ക്കുന്നു. മറ്റൊരു ഒരു കോടി രൂപ കൊടുത്തതിന്റെ തെളിവുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞിരിയ്ക്കുന്നു.ഇനി എത്ര കോടികൾ ആണ് പുറത്തു വരുന്നത് എന്ന് കാത്തിരുന്നു കാണാം. ഇതെല്ലാം തെളിയിയ്ക്കുന്നത് ഈ മദ്യ നയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രം ആയിരുന്നു എന്നാണ്.