Thursday, November 13, 2014

കോഴ രേഖ

"കെ.എം. മാണി, ബാർ മുതലാളി ബിജു രമേശിനോട് 10 കോടി രൂപ ആവശ്യപ്പെട്ടിരിയ്ക്കുന്നു.രേഖകൾ കോപ്പിൽ ടി.വി. പുറത്തു വിടുന്നു. ഇന്ന് രാത്രി 7.30 നുള്ള 'നിങ്ങൾ വിഡ്ഢികൾ' എന്ന പരിപാടിയിൽ".

ഞെട്ടിപ്പോയി. രാവിലെ   ടി.വി. തുറന്നപ്പോൾ കേട്ട വാർത്തയാണിത്.   5 കോടി രൂപ മാണി കോഴ ആവശ്യപ്പെട്ടെന്നും അതിൽ ഒരു കോടി മാണിയ്ക്ക് കൊടുത്തുവെന്നും ബിജു രമേശ്‌ പറഞ്ഞതിൻറെ  പ്രശ്നങ്ങൾ ഇത് വരെ അടങ്ങിയിട്ടില്ല. അതിനുള്ള തെളിവുകൾ  വിജിലൻസ് ശേഖരിച്ചു കൊണ്ടിരിയ്ക്കയാണ്. ദിവസവും രണ്ടു നേരം അതിൻറെ ചാനൽ ചർച്ചകളും നടക്കുന്നു. ശ്രീ ആനത്തലവട്ടം ആനന്ദൻ, ശ്രീ  ആന്റണി രാജു, ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ, ശ്രീ സുനിൽ കുമാർ, ശ്രീ ശ്രീ...പിന്നെ ഓരോ ദിവസവും മാറുന്ന കുറെ ശ്രീകളും. അങ്ങിനെ ചർച്ചകൾ പൊടി പൊടിയ്ക്കുന്നു.  അതിനിടയിൽ ആണ് ഇതാ മറ്റൊരു 10 കോടി ആവശ്യപ്പെട്ടു എന്നുള്ളതിന്റെ തെളിവുകളും ആയി ഒരു ടി.വി. ചാനൽ രംഗത്ത് വന്നിരിയ്ക്കുന്നത്‌.

വീണ്ടും  കോപ്പിൽ   ചാനൽ   നോക്കി. "ബ്രേക്കിംഗ് ന്യൂസ്‌.  10 കോടി മാണി ആവശ്യപ്പെട്ടതിന്റെ രേഖകൾ പുറത്തു വിടുന്നു. വൈകുന്നേരം 7.30 ന്." അവർ   സ്ക്രോൾ ചെയ്യുന്നു. 

കോപ്പിൽ ടി.വി. മാറ്റി മറ്റു ചാനലുകൾ നോക്കി. എങ്ങും ഈ വാർത്ത ഇല്ല. എല്ലാ ചാനലുകളും മാറി മാറി നോക്കി. അങ്ങിനെ ഒരു വാർത്തയെ ഇല്ല. വീണ്ടും കോപ്പിൽ ടി.വി. നോക്കി. അതാ  അവതാരകൻ പറയുന്നു. "കോപ്പിൽ എക്സ്ക്ലൂസീവ്. മാണി പണം ആവശ്യപ്പെട്ട രേഖകൾ പുറത്തു വിടുന്നു. രാത്രി 7.30 ന്." അപ്പോൾ അതാണ്‌ കാര്യം. ഗുട്ടൻസ് പിടി കിട്ടി. ഇത് കോപ്പിൽ ടി.വി.എക്സ്ക്ലൂസീവ് ആണ്. അതാണ്‌ മറ്റു ചാനലുകളിൽ കാണാത്തത്.

പത്രം വീണ്ടും എടുത്തു നോക്കി. ബിജു രമേശ്‌ വിജിലൻസിന് കൊടുത്ത മൊഴിയിൽ വലിയ തെളിവുകൾ ഒന്നുമില്ല എന്ന് വിജിലൻസും, കൊടുത്ത സത്യസന്ധമായ മൊഴി മുഴുവൻ രേഖപ്പെടുത്താൻ വിജിലൻസ് വിസമ്മതിച്ചു എന്ന് ബിജുവും പറയുന്നതായുള്ള വാർത്തകൾ മാത്രം. മാണിയ്ക്ക് കോഴ കൊടുത്തു എന്ന് താൻ പറഞ്ഞത് വെള്ളമടിച്ച് പൂസായിട്ട് ആയിരുന്നു എന്ന്   അരൂർ ഉള്ള ബാറുടമ മനോഹരൻ പറഞ്ഞതും വാർത്ത ഉണ്ട്.(ഇങ്ങിനെ വെള്ളമടിയ്ക്കുന്ന  മുതലാളി ഉണ്ടെങ്കിൽ ബാർ നഷ്ട്ടത്തിൽ  ആകുമല്ലോ. അപ്പോൾ  മനോഹരൻ 2 ലക്ഷം പിരിവ് കൊടുത്തു എന്ന് പറയുന്നത് കള്ളം തന്നെ.).  പത്തു കോടിയുടെ കഥ പത്രത്തിൽ  എങ്ങുമില്ല. ങാ.. അത് ചാനൽ പറയുന്നത് പോലെ  'എക്സ്ക്ലൂസീവ്' ആണല്ലോ. പിന്നെങ്ങിനെ പത്രത്തിൽ കാണും? കാത്തിരിയ്ക്കുക തന്നെ. രാത്രി 7.30 വരെ.

എന്നാലും  ഇരിപ്പുറയ്ക്കുന്നില്ല. സത്യം അറിയാനുള്ള ഒരു ആകാംക്ഷ. ആദ്യം പറഞ്ഞ 5 കോടി ഉൾപ്പടെയാണോ ഈ 10 കോടി? അതോ 5 കൂടാതെയുള്ള മറ്റൊരു 10 കോടി ആണോ?  'കഥ ഇത് വരെ'  മനസ്സിൽ ഒന്ന് റീ വൈൻഡ് ചെയ്തു നോക്കി.  പി.സി. ജോർജ് ഒരു 15 കോടിയുടെ കാര്യം തുടക്കത്തിൽ പറഞ്ഞിരുന്നു. 1 കോടി മാണിയ്ക്ക് എന്ന് വയ്ക്കാം, 2 കോടി വക്കീലന്മാർക്കും ബാക്കി 12 കോടി എവിടെ എന്ന് അന്ന് ജോർജ്ജ് ചോദിച്ചിരുന്നു. ബിജുവും 15 കോടി ഏകദേശം സമ്മതിച്ചിരുന്നു. ഇനി ആ പറഞ്ഞ  10 കോടി ആണോ? അതെങ്ങിനെ ശരിയാകും? അത്രയും കോണ്‍ഗ്രസ്സ് മന്ത്രിമാർക്കും എം.എൽ.എ. മാർക്കും മറ്റുള്ളവർക്കും  കൊടുത്തു എന്നാണ്   പരോക്ഷമായി ബിജു പറഞ്ഞത്. ഇനി ബിജു പറഞ്ഞ 5 കോടി ഉൾപ്പടെ ആണോ ഈ  10 കോടി. അതാവാനും വഴിയില്ല. അപ്പോൾ മറ്റുള്ളവർക്ക് എവിടെ നിന്ന് കൊടുത്തു? ആകെ ഒരു കണ്‍ഫൂഷൻ. ങാ.. കാത്തിരിയ്ക്കാം.

കാത്തിരിയ്ക്കാം എന്നൊക്കെ മനസ്സിൽ കരുതിയെങ്കിലും ഒരു സമാധാനം വരുന്നില്ല. ഇടയ്ക്കിടെ വാച്ച് നോക്കി. മറ്റു പരിപാടികൾ കാണുന്നതിനിടെ ഇടയ്ക്കിടെ കോപ്പിൽ ടി.വി. നോക്കി. അവർ പ്രഖ്യാപനം നടത്തുകയും സ്ക്രോൾ ചെയ്തു കാണിയ്ക്കുകയും ചെയ്തു കൊണ്ട് തന്നെ ഇരിയ്ക്കുന്നു. "രേഖകൾ 7.30 ന് പുറത്തു വിടുന്നു." ഈ പ്രക്രിയ തുടർന്നു കൊണ്ടിരുന്നു. ടി.വി. ഓഫ്‌ ചെയ്തതേ ഇല്ല. ഊണിലും ഉറക്കത്തിലും.സോറി, ഉറങ്ങിയിട്ടേ ഇല്ല. 

അവസാനം കാത്തിരുന്ന ആ നിമിഷം സമാഗതമായി. മണി 7.30. 'നിങ്ങൾ വിഡ്ഢികൾ' പരിപാടി തുടങ്ങുകയായി. കോപ്പിൽ ടി,.വി. അവതാരകൻ ആവേശത്തോടെ വരുന്നു. രേഖകൾ പുറത്തു വിടുന്നു എന്ന് പ്രഖ്യാപിയ്ക്കുന്നു.  അതിനു ശേഷം ശ്രീ പങ്കജൻ കുട്ടി, ശ്രീ മന്നവേന്ദ്രൻ എന്നീ ചാനൽ ചർച്ചകരെ സ്വാഗതം ചെയ്യുന്നു. "ഈ രേഖകളെ പറ്റി എന്ത് പറയുന്നു?" അവരോടു ചോദിയ്ക്കുകയാണ്.അഴിമതിയിൽ മുങ്ങിയ കോണ്‍ഗ്രസ്സ് സർക്കാരിനെ പറ്റിയും മാണി കോണ്‍ഗ്രസ്സിനെ പറ്റിയും ഇവർ സംസാരിച്ചു കൊണ്ടേ ഇരിയ്ക്കുന്നു. ഇടയ്ക്ക് 'ടെലിഫോണ്‍ ലൈനിൽ' വന്ന ശ്രീ  കൊച്ചു വാസു വും ആയും സംസാരിച്ചു. ചർച്ച നീണ്ടു പോകുന്നു. ഒരു ചെറിയ ഇടവേള. കുറെ പരസ്യങ്ങൾ കണ്ടു. രേഖ കാണുന്നില്ല. മണി എട്ടായി.    " ഇനി 8 മണി വാർത്തകൾ. അതിനു ശേഷം ചർച്ച തുടരും.രേഖകൾ പുറത്തു വിടുന്നു." അവതാരകൻ വാർത്താ വായകന് വഴി മാറി. വാർത്തയിലും പുറത്തു വിടുന്നു എന്ന് പറയുന്നു. വാർത്തയും വീക്ഷണവും ഒക്കെ കഴിഞ്ഞു. മണി 8.30. പുറത്തു വിടൽ  ചർച്ച വീണ്ടും തുടങ്ങി. പഴയ ചർച്ചകർ.  'ടെലിഫോണ്‍ ലൈനിൽ'  പുതിയ ഒരാൾ കൂടി വന്നു. ലൈൻ തകരാറിൽ ആയതു കൊണ്ട് ആ ദേഹം മടങ്ങി. രണ്ടോ മൂന്നോ ഇട വേളകൾ. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാൻ ഇടവേളയിൽ  സമയം കിട്ടി. മണി 9. രേഖ വന്നില്ല. "അടുത്തത് 9 മണി വാർത്ത. വാർത്തകൾക്ക് ശേഷം രേഖാ ചർച്ച തുടരും". അര മണിയ്ക്കൂർ വാർത്തയും ഇടവേളയും മറ്റുമായി പോയി. ഒരിട വേളയിൽ ഓടിപ്പോയി മൂത്രമൊഴിച്ചു വന്നു. രേഖ കാണിയ്ക്കുന്നത് മിസ്സ്‌ ആകുമോ എന്ന ഭയം കൊണ്ട് അത് പോലും മാറ്റി വച്ചിരിയ്ക്കുക ആയിരുന്നു. ആ ഭാരം ഇറങ്ങിയ ആശ്വാസത്തിൽ വീണ്ടും ടി.വി.യ്ക്ക് മുൻപിൽ. 

സമയം രാത്രി  9.30. അതേ അവതാരകനും അതേ ചാർച്ചക്കാരും. ഒരു പത്ത് മിനിട്ട് കൂടി കഴിഞ്ഞു.' നിങ്ങൾ വിഡ്ഢികൾ' ചർച്ച തുടരുകയാണ്  പന്ത്രണ്ട്  മണിയ്ക്കൂർ പ്രേക്ഷകനെ മുൾമുനയിൽ നിറുത്തിയ കോപ്പിൽ ടി.വി.  സമയം 9.45.  രേഖ പുറത്തു വിടുന്നു എന്ന അവതാരകന്റെ അലറി വിളിച്ചു കൊണ്ടുള്ള  അനൌണ്‍സ്മെൻറ്.   അതാ അവതാരകൻ ഒരു മാന്ത്രികൻറെ ഭാവ ഹാവാദികളോടെ ഒരു  കടലാസ് ഉയർത്തി കാണിയ്ക്കുന്നു. 10 കോടി ആവശ്യപ്പെട്ടു കൊണ്ടുള്ള രേഖ. അതാ രേഖ സൂം ചെയ്യുന്നു. അതാ അതാ അതിൻറെ ക്ലോസ് അപ്പ്. സൂക്ഷിച്ചു നോക്കി. 10 കോടി  മാന നഷ്ട്ടത്തിന് മാണി അയച്ച വക്കീൽ നോട്ടീസ്!       

No comments:

Post a Comment