2014, നവംബർ 12, ബുധനാഴ്‌ച

ചലച്ചിത്ര മേള

പത്തൊമ്പതാം  കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഇതാ പ്രദർശനം ആരംഭിയ്ക്കാൻ പോകുന്നു.  പ്രവേശനം പാസ് മുഖേന മാത്രം. പാസുകൾ ലഭിയ്ക്കാൻ പേരും,  ജനന ത്തീയതിയും, വിദ്യഭ്യാസ യോഗ്യതയും, പണ്ട് കണ്ട മൂന്നു സിനിമകളുടെയും   സംവിധായകരുടേയും പേരും, എത്ര വർഷം കൊണ്ട് ഈ മേള കാണുന്നു എന്നുള്ള വിവരവും അടങ്ങിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫോട്ടോയും സഹിതം മാനേജ്മെന്റിനെ സമീപിയ്ക്കേണ്ടതാണ്.  മാനേജ്മെന്റിൻറെ യുക്തം പോലെ മാത്രം  പാസ്സുകൾ വിതരണം ചെയ്യുന്നതാണ്.  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്ത നിരക്ഷര കുക്ഷികൾക്ക് ഈ മേളയിൽ പ്രവേശനം ഉണ്ടായിരിയ്ക്കുന്നതല്ല. ആദ്യമായി  മേളയിൽ വരുന്നവർക്കും പ്രവേശനം അനുവദിയ്ക്കുന്നതല്ല. കറന്റ്  തകരാര് മൂലം കളി നടക്കാതെ വന്നാലോ, തള്ള് കാരണം അകത്തു കയറാൻ കഴിയാതെ വന്നാലോ  മാനേജ്മെൻറ് ഉത്തരവാദി ആയിരിയ്ക്കുന്നതല്ല. പണം റീഫണ്ട് നൽകുന്നതുമല്ല.

വിചിത്രമായ  നിയന്ത്രണങ്ങളും പരിഹാസ്യമായ പരിഷ്കാരങ്ങളുമായി   ആണ് ഇത്തവണത്തെ ചലച്ചിത്രോത്സവം തുടങ്ങുന്നത്.  ഇംഗ്ലീഷ് അറിയാത്തവർക്ക് പാസ്‌ നൽകില്ല എന്നതാണ് ഒരു നിബന്ധന. എന്താണിതിനർത്ഥം? സിനിമ എന്നത് ഒരു ദൃശ്യ  മാധ്യമം ആണ്. സംഭാഷണത്തെ  കൂടുതൽ  ആശ്രയിയ്ക്കാതെ പ്രേക്ഷകൻറെ മനസ്സിൽ കഥ എത്തിയ്ക്കുക എന്നതാണ് ഒരു നല്ല സംവിധായകൻറെ കഴിവ്. അതാണ്‌ നല്ല സിനിമ. മിണ്ടാ പ്പടങ്ങൾ എന്ന് പേരെടുത്ത സ്വയവരവും മറ്റും എടുത്ത അടൂർ ഗോപാലകൃഷ്ണന്   ഇത് നന്നായി അറിയുകയും ചെയ്യാം. ചാർളി ചാപ്ലിന്റെ ചിത്രങ്ങൾ ഇന്നും ജനം ആസ്വദിയ്ക്കുന്നുണ്ടല്ലോ. എല്ലാ സിനിമകളും അത്തരത്തിൽ ഉള്ളവയല്ല , സബ്-ടൈറ്റിൽ ഇല്ലാതെ മനസ്സിലാക്കാൻ പറ്റില്ല എന്ന് സംഘാടകർ വാദിച്ചേക്കാം. അങ്ങിനെയുള്ള സബ്-സ്റ്റാൻഡേർഡ്‌ പടങ്ങൾ എന്തിനാണ് ഇങ്ങോട്ട് കൊണ്ട് വരുന്നത്? നിലവാരം മോശമാണെങ്കിൽ അത് പ്രേക്ഷകൻ അത്രയും  ആസ്വദിച്ചാലും മതിയല്ലോ.

ആദ്യമായി മേളയിൽ എത്തുന്നവർക്ക് പാസ് നൽകില്ല എന്നതാണ് അടുത്ത നിബന്ധന. ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.  ഈ "ആദ്യം" എന്നത്  മാറി "രണ്ടാമത്" എന്നൊന്നാകാൻ എപ്പോഴെങ്കിലും ഒരു "ആദ്യം" വേണ്ടേ? അവരെ നിരസിച്ചാൽ  അതെങ്ങിനെ  സാധ്യമാകും?  ഇപ്പോൾ കിട്ടാത്തത് കൊണ്ട് അടുത്ത തവണയും അവർ "ആദ്യ"ക്കാരാകും. അതിന്  അടുത്ത തവണയും ഇത് തന്നെ ഗതി.   അങ്ങിനെ  ജീവിത കാലം മുഴുവൻ അവർ "ആദ്യ" ക്കാരായി മേളയിൽ കയറാൻ പറ്റാതെ നിൽക്കും. എക്സ്പീരിയൻസ് ഇല്ലാതെ ജോലി തരില്ല  എന്ന് പറയുന്നത് പോലെ.

ഈ "ആദ്യ"ക്കാർ ഏതെങ്കിലും ഫിലിം സൊസൈറ്റികളിൽ പോയി പടം കണ്ട് നിലവാരം ഉള്ളവരായി വരട്ടെ എന്നാണ് അടൂർ പറയുന്നത്. എന്ത് ബാലിശമായ വാദമാണിത്? ആ  സൊസൈറ്റികളിൽ നിന്നും ലഭിയ്ക്കുന്ന സർറ്റിഫിക്കറ്റും കൊണ്ടാണോ അടുത്ത തവണ വരേണ്ടത്? അടുത്ത തവണ ഗോവ മേള, പിന്നെ കാൻ മേള ഒക്കെ കണ്ടവരെ മാത്രമേ ഇവിടെ അനുവദിയ്ക്കൂ എന്നും പറഞ്ഞെന്നിരിയ്ക്കാം. ഇനി ഫിലിം ഇൻസ്റ്റിറ്റുട്ടിൽ പഠിക്കണം എന്ന് കൂടി പറയുമോ ആവോ. വിദ്യാഭ്യാസവും ആസ്വാദന ശേഷിയുമായി ഒരു ബന്ധവുമില്ല. പി.എച്ച്.ഡി. എടുത്ത ഒരാൾ സിനിമ ആസ്വാദനത്തിൽ അക്ഷരഭ്യാസമില്ലാത്ത ഒരാളെക്കാൾ വളരെ പിന്നിൽ ആയിരിയ്ക്കാം. .

പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറഞ്ഞത് പോലെയാണീ പരിഷ്ക്കാരങ്ങൾ. അധികാര സ്ഥാനങ്ങളിൽ എത്താതെ വർഷങ്ങൾ കഴിഞ്ഞപ്പോൾ കിട്ടിയ കമ്മിറ്റി ചെയർമാൻ സ്ഥാനം അടൂരിനെ മത്ത് പിടിപ്പിച്ചിരിയ്ക്കും. അത് പോലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥിന്റെ കാര്യവും. സിനിമാ മന്ത്രിയാകട്ടെ ഇതിനെ പറ്റി വലിയ വിവരം ഒന്നും ഇല്ലാത്ത ആളും. 

നിലവാരം ഉള്ള പ്രേക്ഷകർ മാത്രം സിനിമ കണ്ടു കൊണ്ടിരിയ്ക്കുക എന്നത് ആയിരിയ്ക്കരുത് മേളയുടെ ലക്ഷ്യം. സിനിമ കൂടുതൽ ജനങ്ങളിൽ എത്തിയ്ക്കുകയും നിലവാരമുള്ള സിനിമകൾ കാണാൻ എല്ലാവർക്കും അവസരം നൽകി അവരുടെ  ആസ്വാദന ശേഷി  ഉയർത്തി നിലവാരം ഉള്ള പ്രേക്ഷകരെ സൃഷ്ട്ടിയ്ക്കുകയാണ് ചലച്ചിത്ര മേളകൾ ചെയ്യേണ്ടത്. കൂടുതൽ ആളുകൾ ലോക സിനിമകൾ കാണട്ടെ. പണ്ട് ഡൽഹിയിൽ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ടിക്കറ്റ് കിട്ടാൻ പെട്ട പാട് ഓർമ വരുന്നു. ഇന്ന് മേളകൾ കൂടിയപ്പോൾ അവസരങ്ങളും കൂടി. അത് നില നിർത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

പാസുകൾ 7000 ആയി പരിമിതപ്പെടുത്തും എന്നും പറയുന്നു. മേളയുടെ തിരക്ക് കുറയ്ക്കാനായി മത്സര വിഭാഗത്തിൽ അല്ലാതെയുള്ള സിനിമകൾ ഇതേ സമയത്ത് കോഴിക്കോട് കൂടി  പ്രദർശിപ്പിയ്ക്കാനുള്ള സാധ്യതകൾ എന്ത് കൊണ്ട് ആരാഞ്ഞു കൂടാ? കേരളത്തിൻറെ വടക്കൻ പ്രദേശത്തുള്ള ധാരാളം പ്രേക്ഷകർ അത് കൊണ്ട് തൃപ്തി പ്പെടും എന്നത് തീർച്ചയാണ്.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ