2014, നവംബർ 3, തിങ്കളാഴ്‌ച

സർവകലാശാല

അറിവുള്ളവർ അധികാരത്തിൽ വരുമ്പോൾ അന്തസ്സായി ഭരണം നടത്തും എന്നുള്ളത് തർക്ക മറ്റ കാര്യമാണ്. അത് ജനങ്ങൾക്ക്‌ ഉപകാരപ്രദം ആകും എന്നുള്ളതും. കേരള ഗവർണർ ശ്രീ പി. സദാശിവം  അടുത്ത കാലത്ത് അത്  കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ  ഗവർണറിൽ നിക്ഷിപ്തമായ ചുമതലയാണ് അദ്ദേഹം ഉത്തരവാദിത്വത്തോടെ  നിറവേറ്റിയത്.

സർവകലാശാല എന്നാൽ ഗുണ മേന്മ യുള്ള ഉന്നത വിദ്യഭ്യാസത്തിനും ഗവേഷണങ്ങൾക്കും സൗകര്യം ഒരുക്കുന്ന, ബിരുദം നൽകുന്ന ഒരു സ്ഥാപനമാണ്‌.അത് മാത്രമാണ് അവയുടെ ഉദ്ദേശവും ലക്ഷ്യവും. ഉന്നത നിലവാരം കാത്തു സൂക്ഷിയ്ക്കാൻ എല്ലാ സർവകലാശാലകളും പ്രതിജ്ഞാ ബദ്ധം ആണ്. അതിന് അനുയോജ്യമായ നടപടികൾ അവർ എടുക്കുന്നു. ഭരണ നൈപുണ്യം ഉള്ള വിദ്യാഭ്യാസ വിചക്ഷണരെയും പ്രഗൽഭരായ   അധ്യാപകരെയും സർവകലാശാലകളുടെ ഭാഗഭാക്കാക്കി ഉയർന്ന  നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയാണ് എല്ലാ സർവ കലാശാലകളും ചെയ്യുന്നത്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, പിന്നെ ഐവി ലീഗ് തുടങ്ങിയ സർവകലാശാലകൾ  ലോകോത്തരം ആയതിന്റെ കാരണവും  മറ്റൊന്നല്ല.

കേരളത്തിലും ഉണ്ട്  സർവകലാശാലകൾ. പക്ഷെ   മറ്റു രാജ്യങ്ങളിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ ഉള്ളവയിൽ  നിന്നെല്ലാം വിഭിന്നമാണ് അവയെല്ലാം. ചന്തയാണ് നമ്മുടെ സർവകലാശാലകൾ. വിദ്യാഭ്യാസ കച്ചവടം നടത്തുന്ന ചന്ത. കേരളത്തിൽ ഇന്ന് വരെ ഭരണത്തിൽ ഇരുന്ന ഇടതും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും മാണി കോണ്‍ഗ്രസ്സും  കൂടി കച്ചവടം നടത്തി മുച്ചൂടും   നശിപ്പിച്ച   ഒരു പ്രസ്ഥാനം. സ്കൂളും കോളേജും അനുവദിയ്ക്കുന്നതിനു കോഴ, അധ്യാപക നിയമനത്തിന് കോഴ, വിദ്യാർത്ഥി പ്രവേശനത്തിന് കോഴ. അങ്ങിനെ എന്തിനും ഏതിനും കോഴ, അതാണ്‌ നമ്മുടെ സർവകലാശാലകൾ. ഇവയുടെ നാശത്തിനും അപചയത്തിനും ആക്കം കൂട്ടിയത് എ.കെ. ആന്റണി ആണ്. സ്വാശ്രയ കോളേജ്കൾക്ക്  അനുവാദം നൽകിയതിലൂടെ. എന്ത് തുടങ്ങുമ്പോഴും അതിനൊരു നിയമാവലി ഉണ്ടാകും. എങ്ങിനെ വേണം എന്തൊക്കെയാണ് നിയന്ത്രണം തുടങ്ങി അതിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നിയമങ്ങളും ഉൾക്കൊള്ളിച്ച ഒന്ന്. അങ്ങിനെയൊരു നിയമം  ഇല്ലാതെ ലോകത്ത് ആദ്യമായി ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ ക്രെഡിറ്റ് ആന്റണിയ്ക്ക് മാത്രമാണു്. യാതൊരു നിയമവും ഇല്ലാതെ ചോദിച്ചവർക്കൊക്കെ എൻ.ഒ.സി. കൊടുത്തു. കശുവണ്ടി ഫാക്ടറികളിൽ വരെ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ചരിത്രം കേരളത്തിനുണ്ട്. അന്ന് ആന്റണി തുടങ്ങി വച്ച സ്വാശ്രയ പ്രശ്നം ഇന്നും പരിഹരിയ്ക്കാനാകാതെ നിൽക്കുന്നു. എല്ലാ വർഷവും മെഡിക്കൽ കോളേജ്  മാനേജ്മെന്റുകൾ സുപ്രീം കോടതി വരെ പോകുന്നു. സർക്കാർ നിയന്ത്രണം ഒന്നും നടത്താതെ തോറ്റു കൊടുക്കുന്നു. സുപ്രീം കോടതി സ്വയം തീരുമാനങ്ങൾ എടുക്കുന്നത് വിദ്യാർത്ഥികൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നു.

രാഷ്ട്രീയത്തിൻറെ അതിപ്രസരം ആണ്  എല്ലായിടത്തും. സെനറ്റും   സിൻഡിക്കേറ്റും  രാഷ്ട്രീയ പാർട്ടികളുടെ പിണിയാളുകളെ കൊണ്ട് നിറച്ചിരിയ്ക്കുകയാണ്. സർവകലാശാലകളുടെ ഉന്നമനം അല്ല അവരുടെ ലക്ഷ്യവും താൽപ്പര്യവും. പണവും അധികാരവും മാത്രമാണ് ഇവരുടെ ലക്‌ഷ്യം. അസിസ്റ്റന്റ്‌ പരീക്ഷയിൽ ഉത്തരക്കടലാസുകൾ നശിപ്പിച്ചിട്ട്, ജയിച്ചവരെ ഒഴിവാക്കി അനർഹരായ  രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്ക് ജോലി നൽകിയ കേരള സർവകലാശാലയിലെ കേസ് ഇന്നും കോടതിയിൽ ആണല്ലോ. വൈസ് ചാൻസലരും, പ്രോയും, സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളും പ്രൊസികുഷൻ നേരിടുകയാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും കെടുകാര്യസ്ഥതയും, അഴിമതിയും, സ്വജനപക്ഷപാതവും  അരാജകത്വവും ആണ് നില നിൽക്കുന്നത്. ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും ഇതിലൊന്നും ഒരു പ്രശനവും ഇല്ല. തങ്ങളുടെ എത്ര ആളുകൾ  വൈസ് ചാൻസിലർ ആകുന്നു, എത്ര പേർ സെനറ്റ്, സിൻഡിക്കേറ്റ അംഗങ്ങൾ ആകുന്നു എന്ന് മാത്രമാണ് അവരുടെ നോട്ടം.

 'കേരള സർവകലാശാല' എന്ന ഒന്നിൽ തുടങ്ങി ഇന്ന് പതിനഞ്ചിൽ എത്തി നിൽക്കുന്നു കേരള  സംസ്ഥാനം. എല്ലാറ്റിന്റെയും ഗതി ഒന്ന് തന്നെ. വൈസ് ചാൻസലർ പദവി ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കു വച്ച് നൽകിയിരിയ്ക്കുകയാണ്. കേരള സർവകലാശാല  കോണ്‍ഗ്രസ്സിന്, എം .ജി.  മാണി കോണ്‍ഗ്രസ്സിന്, കാലിക്കറ്റ് മുസ്ലിം ലീഗിന് അങ്ങിനെ പോകുന്നു കണക്ക്. മറ്റുള്ളവയും രാഷ്ട്രീയ പാർട്ടി-ജാതി അടിസ്ഥാനത്തിൽ വീതം വച്ച് നൽകിയിരിയ്ക്കുകയാണ്.  ഇവിടങ്ങളിൽ വൈസ് ചാൻസിലർ ആകാനുള്ള ആകെ യോഗ്യത ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വിശ്വസ്തനാകുക എന്നത് മാത്രമാണ്. അത് പണം കൊടുത്ത് ആകാം അല്ലെങ്കിൽ മറ്റു ബന്ധങ്ങളിൽ കൂടി ആകാം.  മാണി കോണ്‍ഗ്രസ്സിന്റെ നോമിനിയായ എം .ജി. വൈസ് ചാൻസിലറെ കള്ള സർറ്റിഫിക്കറ്റ് നൽകി ഉദ്യോഗം നേടിയതിന്  ഗവർണർ പിരിച്ചു വിട്ടിട്ട് അധികം നാളുകൾ ആയില്ലല്ലോ. മുസ്ലിം ലീഗിൻറെ നോമിനി കാലിക്കറ്റ് വി.സി. കള്ളത്തരത്തിൽ വാങ്ങിയ ലക്ഷ ക്കനക്കിനുള്ള ഡബിൾ ശമ്പളം ഇപ്പോൾ തിരിച്ചു പിടിയ്ക്കുകയാണ്. അങ്ങിനെ യോഗ്യത ഇല്ലാത്ത, തട്ടിപ്പുകാരായ വി.സി. മാരാണ് എല്ലാ സർവകലാശാലകളിലും.

സർവകലാശാലകളുടെ ഇത്തരത്തിലുള്ള പോക്ക് തടയാനോ അവ നല്ല രീതിയിൽ നടത്താനോ ഇന്നത്തെ സർക്കാർ ഒന്നും ചെയ്യുന്നില്ല. കാര്യങ്ങൾ കൂടുതൽ വഷളായി ക്കൊണ്ടിരിയ്ക്കുന്നു.കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറും സെനറ്റ്,സിൻഡിക്കേറ്റ അംഗങ്ങളും  തമ്മിൽ അങ്ങാടിയിലെപ്പോലെ  തെറി വിളിയിൽ തുടങ്ങി  തല്ലു വരെ നടന്നു. തനിയ്ക്ക് കിട്ടിയ അടിയുടെ പാട്  വൈസ് ചാൻസലർ ചാനലുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു.  വിദ്യാർഥി പ്രശ്നം ആകട്ടെ അതിലും രൂക്ഷം.  ഇത്രയും ഒക്കെ ആയിട്ടും  ഇത് നേരെയാക്കാൻ  ഒരു ചെറു വിരൽ അനക്കാൻ പോലും വിദ്യാഭ്യാസ മന്ത്രിയും ആ മന്ത്രിയെ പേറുന്ന മുഖ്യ മന്ത്രിയും തയ്യാറായില്ല.കേരള സർവകലാശാലയിലും ചേരി തിരിഞ്ഞുള്ള വഴക്ക് തന്നെ.

ഈ അവസരത്തിലാണ് ഗവർണർ ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് എല്ലാ വൈസ് ചാൻസലർമാരുടെ യും കൂട്ടായ യോഗം വിളിച്ച് ചേർത്തത്. വ്യക്തമായ അജണ്ടയും നിർദ്ദേശിച്ചു. എല്ലാ വി.സി.മാരും സർവകലാശാല നിയമം അനുസരിച്ച് തന്നെ പെരുമാറണം എന്നും പ്രവർത്തിയ്ക്കണം എന്നും ശ്രീ സദാശിവം അർത്ഥ ശങ്കയ്ക്കിടയില്ലാതെ നിർദ്ദേശം നൽകുകയും ചെയ്തു.. ഓരോ മൂന്നു മാസം കൂടുമ്പോഴും ഓരോ വിസി യും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് തനിയ്ക്ക് സമർപ്പിയ്ക്കണം എന്നും നിർദ്ദേശം നൽകി. കാര്യങ്ങൾ എങ്ങിനെയാണ് നടത്തേണ്ടത് എന്നതിൻറെ ഒരു രൂപം  നൽകാനായി വിദ്യാഭ്യാസ മന്ത്രിയെയും ഈ യോഗത്തിൽ വിളിപ്പിച്ചിരുന്നു.

ഇത്രയും കാലത്തെ പ്പോലെ ഇത് കളിയല്ല എന്ന് അപ്പോഴാണ്‌ വി.സി. മാർക്ക് മനസ്സിലായത്‌. ഇതിനു ശേഷമാണ് വൈസ് ചാൻസലർ മാർ ശരിയായി പ്രവർത്തിയ്ക്കാൻ തുടങ്ങിയത്.പക്ഷേ ഈ സംഭവം മുഖ്യ മന്ത്രിയിൽ അപകർഷതാ ബോധം ഉളവാക്കി. സർവകലാശാല ഭരണം  രാഷ്ട്രീയ ക്കാരുടെ  കൈ വിട്ടു പോകുന്നോ എന്ന ഭയവും ഉടലെടുത്തു. അതിനാലാണ് വി.സി. വിളിച്ച യോഗത്തെ പറ്റി വ്യക്തമായി ഒന്നും പറയാതെ ഒഴിഞ്ഞു മാറിയത്. പക്ഷേ പതിവ് പോലെ പാർട്ടി വക്താവ് രംഗത്ത് വന്നു. എം.എം. ഹസൻ ആയിരുന്നു ഗവർണർക്കെതിരെ വിമർശനവും ആയി ചാനലിൽ   വന്നത്. ഗവർണറുടെ നിലപാട് ദുരുദ്ദേശ പരം ആയിരുന്നു എന്ന്. പിന്നെ പരസ്പര വിരുദ്ധമായ കുറെ കാര്യങ്ങളും പറഞ്ഞു. അങ്ങേര് പറഞ്ഞ കാര്യങ്ങൾ നോക്കൂ.

"വി.സി. മാരെ വിളിച്ചു നിർദ്ദേശങ്ങൾ നൽകാൻ ഗവർണർക്ക്‌ അധികാരം ഉണ്ട്. പക്ഷേ എല്ലാ വി.സി.മാരെയും ഒന്നിച്ചു വിളിച്ചു കൂട്ടുന്നത്‌ നിയമ വിരുദ്ധം ആണ്". ഹസ്സൻ പറഞ്ഞതാണ്. എങ്ങിനെയുണ്ട് വിവരം?  മറ്റൊരു സാമ്പിൾ ഇതാ. "സെനറ്റിൽ അധ്യക്ഷത വഹിയ്ക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. പക്ഷെ ഇത് വരെ ആരും അത് ഉപയോഗിച്ചിട്ടില്ല" അത് കൊണ്ട് ഈ ഗവർണറും അത് ചെയ്തു കൂടാ എന്നാകും ഉദ്ദേശിച്ചത്.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഗവർണർക്ക്‌ എതിരായി പ്രസ്താവനകൾ ഇറക്കി. ഗവർണർ സർവകലാശാലകളിൽ കൈ കടത്തുന്നുവത്രേ. അവിടത്തെ പ്രശ്നങ്ങൾ  പരിഹരിയ്ക്കാൻ ഇത്രയും കാലം  ഈ  രാഷ്ട്രീയ പാർട്ടികൾ എന്ത് കൊണ്ട്  ഒന്നും ചെയ്തില്ല? തങ്ങളുടെ പാർട്ടിക്കാരാണല്ലോ സെനറ്റിലും സിൻഡിക്കേറ്റിലും വൈസ് ചാൻസലർ പദവിയിലും ഇരിയ്ക്കുന്നത്. എന്നിട്ടും ഒന്നും ചെയ്യാത്തതെന്താണ്‌? നമുക്കൊരു വിദ്യാഭ്യാസ മന്ത്രി ഉണ്ട്. എല്ലാ  സർവകലാശാലകളുടെയും  പ്രൊ ചാൻസലർ. ചാൻസലർ കഴിഞ്ഞാൽ അടുത്ത അധികാരമുള്ള  പദവി. പക്ഷേ  പ്ലസ് ടു അനുവദിയ്ക്കുന്നതും അത് പോലെ യുള്ള കാര്യങ്ങളും  മാത്രമാണ് തനിയ്ക്ക് ചെയ്യാനുള്ളത് എന്നാണ് നമ്മുടെ  പ്രൊ ചാൻസലർ കരുതുന്നത്. പിന്നെ  മുഖ്യ മന്ത്രി. അനുവദിച്ച പ്ലസ് ടു സ്കൂളുകൾ കോടതി റദ്ദാക്കിയപ്പോഴും പ്രതികൂല പരാമർശങ്ങൾ നടത്തിയപ്പോഴും വിദ്യാഭ്യാസ മന്ത്രിയെ പ്രതിരോധിച്ച് , ഞാനാണ് ഇത് ചെയ്തത്, എന്ന് പ്രഖ്യാപിച്ച്,  കൂടെ നിന്നയാൾ. സർവകലാശാലകളെ  കുറിച്ച് മാത്രം മുഖ്യ മന്ത്രിയ്ക്ക്  ഒന്നും പറയാനില്ല, ഒന്നും ചെയ്യാനുമില്ല.

ഈ പരിതസ്ഥിതിയിൽ ഗവർണർ എടുത്ത നടപടി വളരെ ആവശ്യ മായിരുന്നു. അഭിനന്ദനാർഹവും.  ഇപ്പോൾ തന്നെ അതിൻറെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അനർഹരെ വി.സി., സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ ആയി കുത്തി തിരുകുന്ന ഏർപ്പാട് കൂടി അവസാനിപ്പിയ്ക്കണം.അത് പോലെ സ്വാശ്രയ 'മെഡിക്കൽ   കോളേജുകളിലെ പ്രവേശനവും. ഏതായാലും മൂന്നു മാസം കൂടുമ്പോൾ വി.സി.മാരുടെ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഗവർണർ സർവകലാശാലകളെ നേർവഴിയ്ക്ക് കൊണ്ടു വരും എന്നുള്ള  പ്രത്യാശയ്ക്ക് ഇടമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ