2013, നവംബർ 1, വെള്ളിയാഴ്‌ച

Politicization of police

രാഷ്ട്രീയത്തിൻറെ പേരിൽ മേലുദ്യോഗസ്ഥന്റെ ഉത്തരവുകൾ അനുസരിക്കാത്ത ഒരു സേനയാണ് ഇന്നത്തെ കേരളാ പോലീസ്. പോലീസിനെ ക്രിമിനൽ വൽക്കരിച്ചത് പോലെ രാഷ്ട്രീയവൽക്കരിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം മാറി മാറി അധികാരത്തിൽ വന്ന കോണ്‍ഗ്രസ്, മാർക്സിസ്റ്റ് പാർട്ടികൾക്ക് ആണ്. തങ്ങളുടെ അധികാരം ഉറപ്പിക്കാനും, അണികളെ കൂട്ടാനും അനുഭാവികളെ വർധിപ്പിക്കാനും ആയി സർക്കാർ ഉദ്യോഗസ്ഥർക്കും, അധ്യാപകർക്കും മറ്റു ജോലിക്കാർക്കും സംഘടനകൾ ഉണ്ടാക്കുകയും, പരസ്യമായി തന്നെ പൂർണ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവരെ അനുവദിക്കുകയും അതിനു സാഹചര്യം ഒരുക്കുകയും ചെയ്യുന്നത് സർക്കാർ തന്നെ.  അനധികൃതമായ പല ആനുകൂല്യങ്ങളും നൽകി ഇത്തരം സംഘടനകളുടെ നേതാക്കളെ   ആകട്ടെ  ഇവർ  കൂടെ നിർത്തുന്നു.  അങ്ങിനെ രാഷ്ട്രീയം  പാടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിൽ ഇവർ രാഷ്ട്രീയം പടർത്തുന്നു.

ക്രമ സമാധാനം പാലിക്കാൻ ഉത്തരവാദിത്വപ്പെട്ടവരും കുറ്റാന്വേഷണം നടത്തേണ്ടവരും, അച്ചടക്കവും ആത്മാർഥതയും ഉണ്ടാകേണ്ടവരും ആയ പോലീസ്സുകാരിലും  ഇവർ വൻ  തോതിൽ രാഷ്ടീയം കലർത്തി. അതിൻറെ തിക്ത ഫലം ഏറ്റവും ഒടുവിൽ അനുഭവിച്ചത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ ആണ്. പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് പോലീസു സേനയിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണം കൊണ്ടാണ് മുഖ്യ മന്ത്രിക്കു ഏറു വാങ്ങേണ്ടി വന്നത്.

പോലീസ് അസ്സോസിയെഷൻ  മത്സരത്തിൽ രാഷ്ട്രീയമായി ചേരി തിരിഞ്ഞ് ശക്തമായ മത്സരം ആയിരുന്നു നടന്നത്. അതിനു ശേഷം  വന്ന പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ അതിലും ശക്തമാവുകയും, അടി നിയന്ത്രിക്കേണ്ട പോലീസ് കാർ തമ്മിൽ ത്തന്നെ അടിയാവുകയും ചെയ്തു. അപ്പോഴൊക്കെ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും മൌനം പാലിച്ചു. അതാണ്‌ ഇന്നത്തെ സ്ഥിതി വിശേഷത്തിൽ കൊണ്ടെത്തിച്ചത്. ഇങ്ങിനെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ വൽക്കരിച്ചത് കൊണ്ട് മുഖ്യ മന്ത്രിക്കു എന്താണ് പ്രയോജനം? അവരാണോ വോട്ട് നൽകി ജയിപ്പിക്കുന്നത്? ഇത് കൊണ്ട് സാധാരണക്കാർക്ക് എന്തെല്ലാം ബുദ്ധി മുട്ടുകൾ ആണ് ഉണ്ടാകുന്നത് എന്ന് മുഖ്യ മന്ത്രി ഒരിക്കൽ എങ്കിലും  ആലോചിട്ടുണ്ടോ? മുഖ്യ മന്ത്രിയുടെ ഭരണത്തിന്റെ ഗുണം സാധാരണക്കാരന്, അതായത് താഴെത്തട്ടിൽ എത്താത്തത് ഉദ്യോഗസ്ഥരിലെ ഈ കക്ഷി രാഷ്ട്രീയം കൊണ്ടല്ലേ? അതിനാൽ ഇനിയെങ്കിലും ഉദ്യോഗസ്ഥരിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാൻ   അനുവദിക്കാതിരിക്കൂ.

പുതിയ സിവിൽ സർവ്വീസ് ബോർഡ് വരുന്നതോടു കൂടി ഉന്നതോദ്യോഗസ്ഥർക്ക്  രാഷ്ട്രീയ നേതൃത്വത്തിന്റെ ഇട പെടൽ കൂടാതെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാഹചര്യം ഉണ്ടാകും. അവരെങ്കിലും അച്ചടക്കം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ