Thursday, May 21, 2015

ഡോക്ടർ

"ഇന്ത്യയിൽ ഒരു ഡോക്ടർ ആകാൻ ഞാൻ ഒരിയ്ക്കലും നിന്നെ അനുവദിയ്ക്കില്ല മകളേ".  മറ്റെന്തൊക്കെ അനുവദിച്ചാലും. 

മകൾക്ക് എഴുതുന്ന കത്ത് എന്ന പോലെ ഒരു ഡോക്ടർ ബ്ലോഗ്‌ എഴുതിയതാണ്. God Years എന്ന ബ്ലോഗിൽ " Why  I will never allow my child to become a doctor in India"  എന്ന തല ക്കെട്ടിൽ  റോഷൻ രാധാകൃഷ്ണൻ എന്ന ഡോക്ടർ എഴുതിയതാണ്. പല ദേശീയ പത്രങ്ങളും ഈ ബ്ലോഗ്‌ പ്രസിദ്ധീകരിയ്ക്കുകയും അങ്ങിനെ ഇതിനു വലിയ പ്രചാരം ലഭിയ്ക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും പലതും അദ്ദേഹം നിരത്തുന്നുണ്ട്‌. ഡോക്ടർ - രോഗി അനുപാതം മറ്റ് രാജ്യങ്ങളെക്കാൾ വളരെ കുറവാണ്, ജോലി ഭാരം കൂടുതലാണ്, ശമ്പളം കുറവാണ്, രോഗികളുടെ ബന്ധുക്കളിൽ നിന്നുമുള്ള അക്രമം. അങ്ങിനെ പലതും. പലതും. 

പ്രധാനമായും ഗ്രാമീണ സേവനം ആണ് ഡോക്ടർമാർക്ക് ഏറ്റവും വലിയ തലവേദന. നഗരങ്ങളിലെ സുഖ സൌകര്യങ്ങളിൽ നിന്നും അഴുക്കു നിറഞ്ഞ, ശരിയായ താമസ സൌകര്യങ്ങൾ പോലുമില്ലാത്ത ഗ്രാമങ്ങളിലെ ജീവിതവും ജോലിയും ഒക്കെ ഇവർക്ക് പ്രയാസം നിറഞ്ഞതാണ്‌. പിന്നെ   ഇന്ത്യയിലെ രോഗികളുടെ നിലവാരം ആകട്ടെ മഹാ കഷ്ട്ടം. മറ്റു രാജ്യങ്ങളിൽ എന്ന പോലെയല്ല ഇവിടത്തെ ഭൂരിപക്ഷം രോഗികളും.  ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത മനുഷ്യരാണ് ഇവിടത്തെ രോഗികൾ. കുളിയ്ക്കുകയും നനയ്ക്കുകയും ചെയ്യാത്ത വർഗം. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത വർഗം. പേക്കോലങ്ങൾ.

ശമ്പളം വളരെ കുറവാണ് എന്ന് പറയുന്നു. ആവശ്യത്തിന് ശമ്പളം കിട്ടുന്നു എന്ന് സമ്മതിയ്ക്കുന്ന ഏതെങ്കിലും ഒരു തൊഴിൽ വർഗം നമ്മുടെ ഭാരതത്തിൽ ഉണ്ടോ? എല്ലാവർക്കും കൂടുതൽ വേണം. വീണ്ടും കൂടുതൽ വേണം. അത് കൂടുതൽ അധ്വാനിയ്ക്കാതെ. 

24 മണിയ്ക്കൂറും ജോലി. ഒരു ജീവിതമില്ല. ഡോക്ടർ എല്ലാം ത്യാഗം ചെയ്യേണ്ടി വരുന്നു എന്നും പറയുന്നു.  ടെക്കിയും ഇത് തന്നെ പറയുന്നു, രാപകൽ ജോലി, ലൈഫ് ഇല്ല. ബാങ്ക് ജോലിക്കാരനും പറയുന്നു അധിക ജോലി, വീട്ടിൽ സമയത്ത് എത്താൻ കഴിയുന്നില്ല.  രാത്രി മുഴുവൻ വള്ളവും വലയുമായി കടലിൽ മീൻ പിടിയ്ക്കാൻ പോകുന്നവന് ഇങ്ങിനെ ഒരു  പരാതിയും ഇല്ല. റോഡു തൂത്ത് വാരുന്നവനും തോട്ടിയ്ക്കും ഇങ്ങിനെ ഒരു പരാതി ഇല്ല.കിട്ടുന്നത് കൊണ്ട് ഭക്ഷണം കഴിച്ച് അവർ "ലൈഫ്" ഉണ്ടാക്കുന്നു.

നിസ്വാർത്ഥ സേവനം എന്ന ലേബലിൽ ഇവരെ തളച്ചിട്ട് ഡോക്ടർമാരുടെ ജീവിതം മാത്രമല്ല ആത്മാവ് കൂടി നഷ്ട്ടപ്പെടുകയാണത്രെ.

ഇപ്പറയുന്നതൊന്നും ഇന്ത്യയിലെ ആശുപത്രി വ്യവസായത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികൾ ദിനം പ്രതി വന്നു കൊണ്ടും വളർന്നു കൊണ്ടും ഇരിയ്ക്കുന്നു. ഇവിടങ്ങളിലൊക്കെ ഡോക്റ്റർമാരെ ആവശ്യത്തിന് കിട്ടുന്നും ഉണ്ട്. പഠിച്ചിറങ്ങുന്ന ഡോക്ടർ മാർ സർക്കാർ സർവീസിനെ  ഒഴിവാക്കി സ്വകാര്യ ആശുപത്രികളിൽ ജോലി തന്നെയാണ് ഇഷ്ട്ടപ്പെടുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിലേയ്ക്ക് പി.എസ് .സി. വിളിച്ചിട്ട് ആരും പോകാൻ തയ്യാറില്ല. ഇപ്പോഴും നൂറു കണക്കിന് സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. 

അത് പോലെ മരുന്ന് വ്യവസായവും വളർന്നു കൊണ്ടിരിയ്ക്കുന്നു. അതും വലിയ തോതിൽ. 

ഓരോ ഡോക്ടറേയും വാർത്തെടുക്കാൻ നമ്മുടെ സമൂഹം എത്ര പണം ചിലവാക്കി എന്ന് ആരും ചിന്തിയ്ക്കുന്നില്ല. സ്വകാര്യ കോളേജുകളിൽ പണം കൊടുത്തായാലും അതും സമൂഹത്തിന്റെ സമയവും ദ്രവ്യവും ഉപയോഗിച്ചല്ലേ? സമൂഹത്തിന്റെ ദുർലഭമായ അവസരം ഉപയോഗിച്ചല്ലേ? അപ്പോൾ അവർക്ക് സമൂഹത്തോട് ഒരു പ്രതിബദ്ധത വേണ്ടേ? 

മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുഴപ്പങ്ങൾ ഉണ്ടാകുന്നത്. അവിടെ മെഡിക്കൽ ഇൻഷുരൻസ് ഉണ്ടാകാം, ജോലി സൌകര്യങ്ങൾ മെച്ചപ്പെട്ടതായിരിയ്ക്കാം. അങ്ങിനെ പലതും. ആ താരതമ്യം മറ്റു ചില രാജ്യങ്ങളുമായി ചെയ്തു നോക്കൂ. സൊമാലിയ, എത്യോപ്പിയ, എന്തിനു നമ്മുടെ അയൽ രാജ്യങ്ങളായ ബംഗ്ലാ ദേശ് തുടങ്ങിയവരുടെ സ്ഥിതി നമ്മളിലും പരിതാപകരം അല്ലേ ? 

എല്ലാ ജോലിയിലും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിയ്ക്കാൻ ശ്രമിയ്ക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ഡോക്ടർ മാർ സർക്കാർ സർവീസിന് ഒന്നാം സ്ഥാനം കൊടുത്തു നോക്കൂ. സ്വകാര്യ ആശുപത്രികളുടെ വരവ് കുറയും. സർക്കാർ ആശുപത്രികളുടെ സൗകര്യം വർദ്ധിയ്ക്കും. ആവശ്യത്തിനു മാത്രം സ്കാൻ,   മറ്റു പരിശോധനകൾ നടത്തിയ്ക്കുക. മരുന്ന് ആവശ്യത്തിനു മാത്രം കുറിച്ച് കൊടുക്കുക. തീർച്ചയായും കാര്യങ്ങൾ ഡോക്ടർമാരുടെ വശത്ത് തന്നെ വരും. I M A  എന്നൊരു സംഘടന ഉണ്ടല്ലോ. അവർക്ക്ഇതിനു മുൻകൈ എടുക്കാമല്ലോ. അതെങ്ങിനെയാണ്. മരുന്ന് കമ്പനികളുടെ ചിലവിൽ ആസ്വദിയ്ക്കുന്ന I M A യ്ക്ക് അവരെ ധിക്കരിയ്ക്കാൻ കഴിയില്ലല്ലോ.

പിന്നെ എളുപ്പത്തിൽ കാശ് ഉണ്ടാക്കുക എന്നത് നമ്മുടെ ഒരു രീതി ആണ്. അധ്വാനിയ്ക്കാതെ സുഖിയ്ക്കണമെങ്കിൽ വല്ല അംബാനിയുടെയോ അദാനിയുടെയോ കൊച്ചുങ്ങൾ ആയി ജനിയ്ക്കണം. മുൻ തലമുറ വാരിക്കൂട്ടിയ സ്വത്ത് ആസ്വദിയ്ക്കാം.

"I will remember that I remain a member of  society with special obligations to all my fellow human beings....."

 അനുബന്ധം:
( ഒരുഡോക്ടർ സ്വന്തം അഭിപ്രായം ബ്ലോഗ്‌ എഴുതിയതിന് വലിയ രീതിയിൽ പ്രതികരിയ്ക്കേണ്ട  ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ട് അന്ന് എഴുതിയ ഒരു ഭാഗം  പ്രസിദ്ധീകരിച്ചില്ല. ഇന്ന് ആലോചിച്ചപ്പോൾ അത് കൂടി ഉണ്ടാകുന്നത് കൊണ്ട് വലിയ കുഴപ്പമില്ല എന്ന് തോന്നി. അതിനാൽ   അത് കൂട്ടി ച്ചേർക്കുന്നു). 22.5.2015

ഡോക്ടർക്കെന്താ പ്രത്യേകത ?  അവർക്ക് മാത്രം "ലൈഫ്" ഇല്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. പട്ടാളക്കാരെ നോക്കൂ.  മഞ്ഞിലും മരുഭൂമിയിലും മഴയും തണുപ്പും എല്ലാം സഹിച്ച് ബാരക്കുകളിൽ കഴിയുന്നു. രാത്രി യെന്നില്ല  പകലെന്നില്ല.  നേരെ ചൊവ്വേ ഭക്ഷണം ഇല്ല. ഉറക്കമില്ല. നെഞ്ചിനു നേരെ വെടിയുണ്ട വരുന്നോ എന്ന ഭയം.  തലയ്ക്കു മീതെ ബോംബ്‌ വീഴുമോ എന്ന ഭയം.ആണ്ടിലൊരിയ്ക്കൽ ലീവ് കിട്ടിയാൽ  ഭാര്യയേയും മക്കളെയും അച്ഛനെയും അമ്മയെയും കാണാം. ഇതാണോ ജീവിതം? 

ട്രക്ക് ഡ്രൈവർമാരെ നോക്കൂ.  നിറച്ച് സാധനവും കേറ്റി പഞ്ചാബിൽ നിന്നും കാശ്മീരിൽ നിന്നും അഞ്ചും ആറും ദിവസം ഓടിച്ചാണ് കേരളത്തിൽ എത്തുന്നത്. ഉറക്കം ലോറിയുടെ സീറ്റിൽ. ഭക്ഷണം വല്ല ധാബയിലും. മാസത്തിൽ ഒരിയ്ക്കൽ വീട്ടുകാരെ കാണുന്നു.

ശാസ്ത്രജ്ഞൻ മാർ. പലതും ത്യജിച്ചല്ലേ അവർ തങ്ങളുടെ ജോലി ചെയ്യുന്നത്? 10 മണി മുതൽ 5 മണി വരെ മാത്രം അവർ ജോലി ചെയ്‌താൽ നമ്മുടെ റോക്കറ്റ് അങ്ങ് ചൊവ്വയിൽ എത്തുമോ? 

ഇങ്ങിനെ എത്രയെത്ര "ലൈഫ് ഇല്ലാത്ത" ഉദാഹരണങ്ങൾ.  

8 വർഷത്തെ പഠനം ആണ് ഇവരേക്കാൾ ഒക്കെ മുകളിൽ ആണ് തങ്ങൾ എന്ന് ഡോക്ടർമാർക്ക് തോന്നിയ്ക്കുന്നത്. എൻജിനീയർ 7 വർഷം വേണ്ടേ ഒരു പി.ജി. കിട്ടാൻ. പട്ടാള  ഓഫീസർമാർ. 4 വർഷം NDA യിൽ പരിശീലനം.  പിന്നെ പട്ടാളക്കാർ. രണ്ടോ മൂന്നോ വർഷം കടുത്ത പരിശീലനം അല്ലേ? അധ്യാപകർ, ശാസ്ത്രജ്ഞർ എല്ലാവരും പല വർഷം പഠനത്തിൽ ചിലവഴിയ്ക്കുന്നു.  അതിൽ ഒന്നോ രണ്ടോ വർഷം കൂടിയത് കൊണ്ട് ഒരു പ്രത്യേക പരിഗണന വേണമെന്ന് പറയുന്നത് അൽപത്വം എന്ന് മാത്രമേ പറയാൻ കഴിയൂ.  

ഭൌതിക സുഖങ്ങൾ മാത്രമാണ് ജീവിതം എന്ന് ധരിച്ചിരിയ്ക്കുന്നു ഇവർ. നേരായ മാർഗത്തിൽ അല്ലാതെ, ചതിച്ചും വഞ്ചിച്ചും പിടിച്ചു പറിച്ചും ഉണ്ടാക്കുന്ന പണം കൊണ്ട് ആസ്വദിയ്ക്കുന്ന ഒരു ന്യുന പക്ഷം ആണ് ഇവരുടെ മാതൃക. 

10 comments:

 1. അപവാദങ്ങൾ ഉണ്ടാവാമെങ്കിലും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യബോധമാണ് ഭൂരിപക്ഷം ഇന്ത്യൻ ഡോക്ടമാരെയും നയിക്കുന്നത്. സേവനം എന്ന ഘടകംകൂടി ഈ തൊഴിലിന് ഉണ്ടെന്ന് അവർ മറക്കുന്നതുകൊണ്ടാണ് ആ ഡോക്ടർ എഴുതിയതുപോലുള്ള ബ്ലോഗെഴുത്തുകൾ ഉണ്ടാവുന്നത്.....

  ReplyDelete
  Replies
  1. അതെ പ്രദീപ്‌ കുമാർ. തൊഴിലിന് സേവനം എന്നൊരു വശം കൂടിയുണ്ടെന്ന് മനസ്സിലാക്കണം.

   Delete
 2. 60 LKH വും ,ശുപാർശകത്തും കൊടുത്ത് MBBS വാങ്ങിനൽകുന്ന മാതാപിതാക്കളെ എത് മക്കളാണ് മറക്കുക.അർപ്പണവും ധ്യാനവും വേണ്ടാത്ത നേട്ടങ്ങൾ മഹത്തരമായെതെന്തെങ്കിലും സംഭാവനചെയ്യുമെന്ന് കരുതുന്നത് പകൽക്കിനാവ് മാത്രമാണ്.കാശുകൊടുത്തുവാങ്ങുന്ന അലങ്കാരങ്ങൾ മാത്രമായി യോഗ്യതകൾ മാറുമ്പോൾ ഇത്തരം ചിന്തകളുണ്ടാവുന്നത് സ്വാഭാവികം .കൂടുതൽ പണം കുറച്ച് ജോലി.  സുഗതകുമാരിടീച്ചർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് ..ഇപ്പഴത്തെ സ്ഥായീഭാവം പുച്ഛമാണെന്ന്

  ധാർമ്മീകത ,അതിൽനിന്നുണ്ടാവുന്ന പ്രതികരണം ,,അതിനുവേണ്ടി നിലകൊള്ളുന്നവർ ..എല്ലാവരും പുച്ഛിക്കപ്പെടുന്നു ..

  അതുകൊണ്ട് കാറ്റാടിയന്ത്രത്തോട് പടവെട്ടിക്കൊണ്ടിരിക്കുന്ന ബിപിൻസാറിനെ ഞാൻ സർവശക്തം പുച്ഛിക്കുന്നു.

  ReplyDelete
  Replies
  1. വഴിമരങ്ങൾ പറഞ്ഞത് ശരിയാണ്. പണം ഉണ്ടാക്കാനുള്ള ആർത്തിയും "സ്ഥായിയായ പുച്ഛ ഭാവവും".

   Delete
 3. Sweeper, sweeps. That is his/her job. He/she works from 9 till 5 earns a wage and goes home. No one asks him to sweep for free/go to remote areas to sweep as part of his service etc.
  Dr treats patients, that is his/her job, he works long hours and is expected to work in rural areas where no one else is willing to work, he often gets home once the patient is settled, often missing meals/family functions etc.
  He earns his wage ( totally insufficient considering the long hours he put in to get his degree/financial investments etc). But along with his wage he is expected to self sacrifice himself because his job is 'noble'. He can't ask for money/comforts etc because of this nobility attached to his profession.
  I will never work in India as a doctor. Hours are long and payment is less and bullying by senior doctors are rampant.. Why must I sacrifice the best years of my life? Oh wait because you consider my job. is 'noble'? A job is a job and just because we studied medicine doesn't make us the saviours of the world. Our oath ask us to have special obligations to our fellow humans, but that was not supposed to be given sacrificing our life.
  I am all for doctors who take their jobs as a service to human kind . There are lots of them. But it is unfair to cast the rocks at those who chose not to do that. Some of us like the comforts life offers and that is not a crime.

  ReplyDelete
  Replies
  1. Sarah. Almost all are underpaid here due to the economic situation. Salary and perks varies from country to country but for that reasons should one desert the country?

   Comparing the wages with the money and time invested on the course he studied is nothing but business.

   Every service is noble but people call doctors' job noble as they are instrumental in saving life.

   Doctors in the private sector here are happy, or pretends happy, due to better salary compared to their frieds in Government sector. Naturally the private employer extracts work from them and as usual no complaints.

   If all doctors refuse rural service on the plea of losing their enjoyment in life, who will take care of the patients there? If all think like this what we Indians do in getting our ailments cured?

   I know one famous cardiologist in Trivandrum starting her priavte practice after her duty at Medical College,at 4 PM daily which lasts to 10 PM and till the last patient cleared and no complaints. Sent her daughter to MBBS and now a doctor. Another lady, a neurologist, also in Trivandrum, her private practice after the duty at medical college lasts till 12 midnight. Her husband is also a doctor. Both these ladies can be seen dashing to the inner room to get a bite or coffee and back in a minute as patients are impatiently waiting outside. What to say about their life?

   So all depends on money you get. If you get lot of money you are ready to forego all enjoyments of life and sacrifice everything.

   Delete
 4. സര്‍വ്വ ഡോക്ടർമാര്‍ വാഴ്ക രോഗികള്‍ ചാവുക......അപ്പോ പിന്നെ ജോലി ഭാരം കുറയും.....

  ജയ് ജാവന്‍ ജയ് കിസാൻ.....

  ReplyDelete
  Replies
  1. തിരുവനനതപുരം എസ്.എ .റ്റി .ആശുപത്രിയിൽ രണ്ടു ദിവസം മുൻപ് ആള് മാറി മറ്റൊരു രോഗിയെ ആണ് ഓപ്പറേഷൻ ചെയ്തത്. ഇതൊക്കെയാ വിനോദ് ജോലി ഭാരം.

   Delete
 5. ഇന്ത്യയിൽ ഒരു ഡോക്ടർ ആകാൻ ഞാൻ ഒരിയ്ക്കലും നിന്നെ അനുവദിയ്ക്കില്ല മകളേ". മറ്റെന്തൊക്കെ അനുവദിച്ചാലും.

  ഞാനും...

  ReplyDelete
  Replies
  1. സുഖിച്ചോ അവിടെ കിടന്ന്. ഞങ്ങള് പാവങ്ങള് ചികിത്സിയ്ക്കാൻ ആളില്ലാതെ ഇവിടെ കിടന്ന് കഷ്ട്ടപ്പെട്ടോളാം.

   Delete