2014, ജനുവരി 4, ശനിയാഴ്‌ച

പ്രധാന മന്ത്രി

 മൻ മോഹന സിംഗ് മൌനത്തിൽ നിന്നും ഉണർന്നിരിക്കുന്നു. ഇന്നലെ ഔദ്യോഗിക പത്ര സമ്മേളനം വിളിച്ചു കൂട്ടി സംസാരിച്ചിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ പ്രധാന മന്ത്രി പദ കാലയളവിൽ  മുൻപ് രണ്ടു പ്രാവശ്യം മാത്രമാണ് പത്ര പ്രതിനിധികളെ കണ്ടിട്ടുള്ളത്. ഇപ്പോഴത്തേത്   മൂന്നാം തവണ. മൻ മോഹൻ സിങ്ങിന്റെ സ്ഥായിയായ മൌനം ഒരു മുഖം മൂടിയാണ്.  തൻറെ കഴിവുകേടും നിസ്സഹായതയും അഴിമതിയും  മറച്ചു വയ്ക്കാനുള്ള ഒരു കാപട്യം.  സാധാരണ ഗതിയിൽ ഒരു പ്രധാന മന്ത്രിക്ക് തൻറെ സർക്കാരിന്റെ നയങ്ങളും രാജ്യത്തിൻറെ പുരോഗതിയും മറ്റും പറയാൻ ഉണ്ടാകും. മൻ മോഹൻ സിംഗിനെ സംബന്ധിച്ചിടത്തോളം നയ രൂപീകരണത്തിലും മറ്റു കാര്യങ്ങളിലും ഒന്നും പങ്കില്ല. അഭിപ്രായവുമില്ല. ഹൈ കമാണ്ടും യുവ രാജാവും പറയുന്നത് അതേ പടി അനുസരിച്ച് കസേരയിൽ ഇരിക്കുക എന്നൊരു ജോലി മാത്രം. പിന്നെ ഇടയ്ക്കിടെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുക. രാജകീയ സുഖത്തോടെ അവിടെ ഒക്കെ പോകാം. സുഖിക്കാം. പ്രധാന മന്ത്രി ആയി 70 രാജ്യങ്ങൾ ആണ് സന്ദർശിച്ചിട്ടുള്ളത്. ചിലവോ? 640 കോടി രൂപ! ഏതാണ്ട് ഒരു വർഷത്തോളം ആണ് വിദേശ രാജ്യങ്ങളിലെ  താമസം. അമേരിക്ക ആണിഷ്ട്ടം എന്ന് ഒരു ആരോപണം ഉണ്ട്. സുപ്രീം കോടതി വിധിയെ മറി  കടന്ന് ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് മത്സരിക്കാൻ അവസരം ഒരുക്കുന്ന ഓർഡിനൻസ് കൊണ്ട് വന്നത് മൻ മോഹൻ സിംഗ്.  അഴിമതിക്കാരെ സംരക്ഷിക്കാൻ ഉള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ആണ് അത് കാണിക്കുന്നത്. മൻ മോഹൻ സിംഗ് വിദേശ യാത്രയിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഓർഡിനൻസ് പൂർണ "നോണ്‍-സെൻസ്" ആണ്. ഇത് വലിച്ചു കീറിക്കളയണം എന്ന്. എന്ത് അധിക്ഷേപം ആണ്? എന്നിട്ടും ഒറ്റ അക്ഷരം  മിണ്ടാനുള്ള ധൈര്യം മൻ മോഹൻ സിങ്ങിന് ഉണ്ടായില്ല.  അതിനൊന്നും അദ്ദേഹത്തിന് പരിഭവമോ പരാതിയോ ഇല്ല താനും.  അത്രയ്ക്കും ദുർബ്ബലനാണ് നമ്മുടെ പ്രധാന മന്ത്രി.

അടുത്ത ഒരു തവണ കൂടി പ്രധാന  മന്ത്രി ആയാൽ കൊള്ളാമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമ്മർദ്ദങ്ങളോന്നും ഇല്ലാത്ത സുഖ ജീവിതം അല്ലേ. അങ്ങിനെ ഒരു മോഹം അൽപ്പം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ ഇദ്ദേഹത്തെയും കൊണ്ട് ഇറങ്ങി തിരിച്ചാൽ ഒരു സീറ്റ് പോലും കിട്ടില്ല എന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് കാർ ആ ആഗ്രഹം മുളയിലേ നുള്ളി. ഹൈ കമാൻഡ് നിർദേശം കൊണ്ടായിരിക്കാം  ഈ പത്ര സമ്മേളനം. ഏതായാലും പുതിയതായി ഒന്നും പറയാൻ പ്രധാന മന്ത്രിക്ക് ഇല്ല.  2-ജി., കൽക്കരിപ്പാടം , തുടങ്ങി എല്ലാ അഴിമതികളും മൻ മോഹൻ സിംഗിന്റെ കാലത്താണ് ഉണ്ടായത്. അതിനൊന്നും അദ്ദേഹത്തിന് മറുപടിയില്ല. അതെല്ലാം പ്രതിപക്ഷത്തിന്റെയും  കുത്തക പത്രങ്ങളുടെയും സൃഷ്ട്ടി ആണത്രേ. പിന്നെ സി.എ.ജി.യും. തന്നെ ചരിത്രം ഓർമിക്കും എന്നൊരു ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.  ഭാരതത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ ഭരണാധികാരി എന്നായിരിക്കും ചരിത്രം കുറിച്ച് വയ്ക്കുന്നത്. വികസനത്തിൽ 10 വർഷം പിറകോട്ടടിച്ച ആൾ. ആണവ കരാറിൽ ഉൾപ്പടെ പല  കാര്യങ്ങളിലും ഭാരതത്തെ അമേരിക്കക്ക് പണയം വച്ച ആൾ. ഏതായാലും വിരമിക്കുന്നു എന്ന് പറഞ്ഞു. അത് ഭാഗ്യം. അടുത്ത തവണ പ്രധാന മന്ത്രി പദത്തിലേക്ക്   രാഹുൽ ഗാന്ധി ആണ് ഉത്തമൻ എന്നും പറഞ്ഞു. പിന്നെ പറയാനുണ്ടായിരുന്നത് നരേന്ദ്ര മോഡിക്ക് എതിരെയാണ്. അത് പ്രധാന മന്ത്രി പദത്തിൻറെ അന്തസ്സിന് നിരക്കാത്ത രീതിയിലും ആയിപ്പോയി എന്ന് അരുണ്‍ ജയിറ്റ്ലി പറയുകയുണ്ടായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ