2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സ്വാശ്രയം

ഏതു സർക്കാർ വന്നാലും സ്വകാര്യ മെഡിക്കൽ കോളേജുകൾ മെഡിക്കൽ സീറ്റുകൾ വിൽപ്പന നടത്തും എന്ന് തീർച്ചയാണ്. കോഴ വാങ്ങി മാത്രമേ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയുള്ളൂ. കഴിഞ്ഞ സർക്കാരും അതിനു അവർക്കു വേണ്ട ഒത്താശ ചെയ്തു കൊടുത്തു. ഈ സർക്കാരാകട്ടെ ഒരു പടി കൂടി കടന്നു നിയമ പരമായി വാങ്ങാവുന്ന ഫീസും പതിന്മടങ്ങു കൂട്ടി നൽകി. കൂടിയ ഫീസും അതിനൊപ്പം തലവരിപ്പണവും. സ്വാശ്രയ മാനേജ്‌മെന്റുകൾ കോളടിച്ചു. 

പുതിയ സർക്കാർ പറയുന്നത് ഞങ്ങൾ വന്നിട്ട് 100 ദിവസമല്ല ആയുള്ളൂ. അതിനിടയിൽ  ഇത്രയൊക്കെ ചെയ്തില്ലേ? 100 ദിവസം കൊണ്ട് ഫീസ് ലക്ഷങ്ങൾ കൂട്ടി നൽകിയെങ്കിൽ 365 ദിവസം കഴിയുമ്പോൾ (അടുത്ത വർഷം) എന്തായിരിക്കും  ഗതി? ഇതിലും ലക്ഷങ്ങൾ കൂടുതൽ? മെഡിക്കൽ പ്രവേശനം എന്നത്  പൊടുന്നനെ പൊട്ടി മുളച്ച ഒരു സംഗതി അല്ല. സെപ്റ്റംബർ 30 നു മുൻപ് എല്ലാ പ്രവേശന നടപടികളും പൂർത്തിയാക്കണം എന്ന് സുപ്രീം കോടതിയുടെ പഴയ വിധി ഇപ്പോഴും നിലവിലുണ്ട്.ഇടതു അധികാരത്തിൽ കയറിയ ഉടൻ തന്നെ അവർക്ക് മാനേജ്‌മെന്റും ആയി ചർച്ച നടത്തി കാര്യങ്ങൾ നേരെയാക്കാമായിരുന്നു. അത് ചെയ്യാതെ സുപ്രീം കോടതി പറഞ്ഞ രണ്ടാമത്തെ നീറ്റും കഴിഞ്ഞു അവസാന നിമിഷം ആണ് ഒത്തു തീർപ്പ്. ഒത്തു കളി എന്ന് ആരോപിച്ചാലും തെറ്റില്ല. സ്വകാര്യ കോളേജിനെ എല്ലാ സീറ്റും ഏറ്റെടുത്തു കൊണ്ട് സർക്കാർ ആഗസ്റ്റിൽ ഒരു ഉത്തരവിറക്കി. അത് ഹൈ കോടതി  സ്റ്റേ ചെയ്തു. അതിനെതിരെ സർക്കാർ അപ്പീൽ പോകാതെ മിണ്ടാതെ ഇരുന്നു. എന്താണ് അതിനർത്ഥം? മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ പോയപ്പോഴും കേരള സർക്കാരിന്റെ വക്കീൽ ഒന്നും മിണ്ടാതെ നിന്നു. ഇതൊരു ഒത്തു കളി ആയിരുന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്? ഒരു കേന്ദ്രീകൃത കൗൺസലിങ് വേണം എന്ന് പറഞ്ഞത് കേന്ദ്രം ആണ്. അതിനനു കൂലമായി കേരളം ഒരക്ഷരം ഉരിയാടിയില്ല. പിന്നെ സുപ്രീം കോടതി എന്ത് ചെയ്യാനാണ്? കേരളം സർക്കാർ അനുവദിച്ച സ്വകാര്യ കൗൺസലിങ് നടക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. സ്വകാര്യ മാനേജ്‌മെന്റും സർക്കാരും ഹാപ്പി.

ബാബുവിനെതിരെ കേസ്,ശിവകുമാറിനെതിരെ കേസ്, മറ്റു പലരും വീഴും, മാണി ഗ്രൂപ്പ് പുറത്തു. അങ്ങിനെ  ശിഥിലമായി കൊണ്ടിരിക്കുന്ന യു.ഡി.എഫ്. അതിന്റെ നേതാവ് രമേശ് ചെന്നിത്തല. അങ്ങേരു കോൺഗ്രസിൽ അധികാരം പിടിച്ചെടുക്കാനായി ഒരു സ്വാശ്രയ സമരം തുടങ്ങി. സ്വാശ്രയത്തിൽ ഫീസ് കൂടുതലാണ്. നിരാഹാരം,സത്യാഗ്രഹം , അങ്ങിനെ മഹാത്മാ ഗാന്ധി പഠിപ്പിച്ച രക്ത രഹിത സമര മാർഗങ്ങൾ ചെന്നിത്തല ഗാന്ധി തുടങ്ങി. ഇടയ്ക്കു പോലീസ് ലാത്തിയടിയിൽ രക്തം വീണു. വീണത് രക്തം. അല്ല ചുവന്ന മഷി ആണെന്ന് പിണറായി. 

കോഴ ഒഴിവാക്കാനാണ് ഫീസ് കൂട്ടിയത് എന്ന് പിണറായി പറയുന്നു.  വൻതോതിൽ കോഴ വാങ്ങൽ നടക്കുന്നു എന്നാണ് ചെന്നിത്തലയും  പറയുന്നു. കോഴയുടെ തെളിവുകൾ പല പത്രങ്ങളും നിരത്തി . ഫോൺ കാളും മറ്റും.ആരോഗ്യ മന്ത്രി ശൈലജയും കോഴ ഉണ്ടാകും എന്ന് സമ്മതിക്കുന്നു. കോഴയ്ക്കെതിരെ വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു.

ഇപ്പോൾ കുടുങ്ങിയത് ചെന്നിത്തലയും യു.ഡി.എഫ്.ഉം ആണ്. അവരുടെ 25 നേതാക്കളുടെ മക്കൾ സ്വാശ്രയത്തിൽ പഠിക്കുന്നു. എല്ലാം മാനേജ്‌മെന്റ് സീറ്റിൽ. കോഴ കൊടുത്തോ? എങ്കിൽ പണം എവിടന്നാണ്‌? ഇല്ലെങ്കിൽ സ്വാധീനം ചെലുത്തിയോ? അതിനു പ്രത്യുപകാരം? രണ്ടും അഴിമതി തന്നെ.മാനേജ്‌മെന്റ് സീറ്റിൽ വലിയ ഫീസ് ആണ്. അത് ഇവരുടെ ശമ്പളത്തിൽ നിന്നും ആണോ എടുത്തത്? അത് വരവ് ചെലവ് കണക്കിൽ വന്നോ? തെരെഞ്ഞെടുപ്പിനു നിൽക്കുമ്പോഴും ഇൻകം ടാക്സ് റിട്ടേൺ കൊടുക്കുമ്പോഴും ഈ തുക ഒക്കെ കണക്കിൽ വന്നോ? ചെന്നിത്തലയുടെ മകൻ MBBS കഴിഞ്ഞു MD യ്ക്ക് പഠിക്കുകയാണ്.

ഇത് ഇടത്തു നേതാക്കൾക്കും ബാധകമാണ്. പുലിവാല് പിടിച്ചോ എല്ലാവരും?ഏതായാലും നന്നായി.ജേക്കബ് തോമസ് കുറെ അദ്ധ്വാനിക്കട്ടെ. ഇവരുടെ കള്ളത്തരങ്ങൾ പുറത്തു വരട്ടെ.

8 അഭിപ്രായങ്ങൾ:

  1. പുലിവാല് പിടിച്ചോ എല്ലാവരും?

    മറുപടിഇല്ലാതാക്കൂ
  2. പണിയട്ടെന്നേ, കുത്തിയിളക്കി അഴിച്ചു പണിയട്ടെ. പണികൊടുക്കുകയും വാങ്ങുകയും ചെയ്യട്ടെ. ഊഴം വച്ചു മണ്ടന്മാരാവുകയായിരുന്നെന്ന് പൊതുജനവും മനസ്സിലാക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. വലതുകാലിലെ മന്ത് ഇടത്കാലിലേക്ക് മാറിയെന്ന് മാത്രം.......

    മറുപടിഇല്ലാതാക്കൂ
  4. ഒരു കേന്ദ്രീകൃത കൗൺസലിങ് വേണം
    എന്ന് പറഞ്ഞത് കേന്ദ്രം ആണ്. അതിനനു
    കൂലമായി കേരളം ഒരക്ഷരം ഉരിയാടിയില്ല. പിന്നെ
    സുപ്രീം കോടതി എന്ത് ചെയ്യാനാണ്? കേരളം സർക്കാർ
    അനുവദിച്ച സ്വകാര്യ കൗൺസലിങ് നടക്കട്ടെ എന്ന് സുപ്രീം
    കോടതി പറഞ്ഞു.
    സ്വകാര്യ മാനേജ്‌മെന്റും സർക്കാരും ഹാപ്പി.

    മറുപടിഇല്ലാതാക്കൂ