Friday, August 26, 2016

പിന്നെയും

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്  നിർത്തണം എന്നൊരു പഴഞ്ചൊല്ലുണ്ട്. ബുദ്ധിമാന്മാരായ നമ്മളുടെ പൂർവികർ പറഞ്ഞു വച്ച അർത്ഥവത്തായ കാര്യം. പക്ഷെ പണത്തിനും പ്രശസ്തിക്കും വേണ്ടി പരക്കം പായുന്ന  ഇന്നത്തെ ഈ ലോകത്തിൽ ആരിത് കേൾക്കാൻ? കേട്ടാലും അനുസരിക്കാൻ?

കുറെ നല്ല  സിനിമകൾ സംഭാവന ചെയ്ത അടൂർ ഗോപാല കൃഷ്ണൻ എന്ന പ്രതിഭ ഈ പഴഞ്ചൊല്ലിന്റെ അർത്ഥം ഇനിയും മനസ്സിലാക്കിയിട്ടില്ല  തോന്നുന്നു. അഥവാ മനസിലാക്കിയിട്ടുണ്ടെങ്കിലും  മുൻകാല യശസ്സ് കൈവിട്ടുപോകും എന്ന മിഥ്യാ ധാരണ കൊണ്ട് അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. അത് കൊണ്ടാണ് പിന്നെയും,  സിനിമ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടത്.
"പിന്നെയും" എന്ന അദ്ദേഹത്തിന്റെ സിനിമ ഒരു സിനിമ ആണോ എന്ന് ആളുകൾ ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ദുർബ്ബലമായ കഥ.   ഒരു ഗൾഫ്  മലയാളി വലിയ തുകയ്ക്ക് ഇൻഷ്വർ ചെയ്തിട്ട്, അപകടത്തിൽ  മരിച്ചെന്നു ധരിപ്പിച്ചു  അവരെ കബളിപ്പിച്ചു പണം കൈക്കലാക്കാൻ വേണ്ടി ഒരു വഴിപോക്കനെ  കാറിൽ കയറ്റി കൊന്നു കാറിനൊപ്പം കത്തിച്ചു കളയുന്നു.  അങ്ങിനെയൊരു തീരുമാനത്തിൽ എത്തിച്ചേരാൻ തക്കതായ കാരണം ഒന്നും തന്നെ കഥയിലില്ല.  ആളൊരു പണക്കൊതിയനല്ല. ഗൾഫിൽ നല്ലൊരു ജോലി കിട്ടി. നല്ല ശമ്പളവും ഉണ്ട്. സ്നേഹവതി യായ  ഭാര്യയും മകളും കുടുംബവും. ഭാര്യക്ക് ജോലിയും ഉണ്ട്. കൊലപാതകവും തട്ടിപ്പും നടത്താനുള്ള തീരുമാനം എടുക്കുന്നതിനു സഹായകമായി ഒന്നും കഥയിൽ കൊണ്ട് വന്നില്ല. അയാളുടെ മാനസികാവസ്ഥ അത്തരത്തിൽ പരിണമിച്ചത്  എങ്ങിനെയാണ് എന്ന്  കാണിക്കാൻ സംവിധായകൻ ദയനീയമായി പരാജയപ്പട്ടു. അത് കൊണ്ട് കഥ അവിശ്വസനീയമായി.  പിന്നെ ഈ കൊലപാതകത്തിന്  കൂട്ട് നിൽക്കുന്നവരോ? അയാളുടെ അച്ഛനും അമ്മായി അച്ഛനും. പാവപ്പെട്ട രണ്ടു വൃദ്ധർ. കുറ്റം ചെയ്തിട്ടുള്ളവരോ  കുറ്റവാസന ഉള്ളവരോ അല്ലാത്ത രണ്ടു സാധാരണക്കാർ. അവർ ഈ കൊലപാതകത്തിന് പിന്തുണ നൽകുന്നതും  കൊലയിൽ പങ്കെടുക്കുന്നതും ഒട്ടും വിശസനീയമായില്ല.സ്വന്തം മോളെ വഴിയാധാരമാക്കാനും സ്വന്തം മകനെ ജെയിലിൽ ആക്കാനും അച്ഛൻമാർ ആഗ്രഹിക്കുമോ?  അവരുടെ താൽപ്പര്യം എന്തായിരിക്കുന്നു എന്നു പറയാനും സംവിധായകന് കഴിഞ്ഞില്ല. അത് പോലെ അയാളുടെ  ഭാര്യ. വേണ്ട എന്ന് അവർ പറയുന്നെങ്കിലും ശക്തമായി അതിനെ എതിർക്കുന്നില്ല.  ഇതൊന്നും സാമാന്യ ബുദ്ധിക്കു നിരക്കുന്നതായി തോന്നിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞില്ല.  അവിടെ തുടങ്ങുന്നു സിനിമയുടെ  വീഴ്ച. 

കൊലപാതകം കണ്ടു പിടിച്ചതിനു ശേഷമുള്ള സിനിമയുടെ രണ്ടാം ഭാഗത്തും പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. അച്ഛനും അമ്മായി അച്ഛനും ജയിലിൽ ആകുന്നു. ഭാര്യയുടെ ജീവിതം ആണ് കാണിക്കുന്നത് എന്ന് പറയുന്നു. പക്ഷെ  ഭാര്യ കരച്ചിലോ ചിരിയോ ഒന്നും ഇല്ലാതെ ഒരു ജീവിതം കഴിക്കുന്നു. 17 വർഷം. യാതൊരു വികാരവും ഇല്ലാതെ. അത്ര തന്നെ. ഭർത്താവ് എവിടെയോ ജീവിച്ചിരിക്കുന്നു എന്ന അറിവോട്  കൂടി തന്നെ  അവർ ജോലി ചെയ്തു കുടുംബം പുലർത്തുന്നു. മരിച്ചു പോയ ഹതഭാഗ്യന്റെ മകന് സഹായങ്ങൾ കഴിവനുസരിച്ചു  ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. ഭാര്യയുടെ  കഷ്ടപ്പാടുകളോ മനസ്സിലെ വികാരങ്ങളോ ഒന്നും കാണിക്കുന്നില്ല. ഭർത്താവിനോട്  സ്നേഹമോ,ദ്വേഷ്യമോ ഒന്നും അവർക്കില്ല. ഒരു കാത്തിരിപ്പും  ഇല്ല. അവരുടെ വികാരമില്ലായ്മ പോലെ കഥയും യാതൊരു വികാരവും ഇല്ലാതെ മുന്നോട്ടു പോകുന്നു.അവസാനം ഭർത്താവ് ഒളിച്ചു രഹസ്യമായി  ഭാര്യയെ വിളിക്കാൻ വരുമ്പോൾ വരുന്നില്ല എന്ന് അവർ പറയുന്നു. ദുർബ്ബലമായ കഥ  അടൂരിന്റെ തന്നെയാണ്. അത് പോലെ  തിരക്കഥയും സംഭാഷണവും നിലവാരമില്ലാത്തതായി.

അഭിനയത്തിന്റെ കാര്യത്തിൽ ഭർത്താവ് (ദിലീപ്) ഒരു പരാജയം തന്നെ ആണ്. ഭാര്യ (കാവ്യ) യും അത് പോലെ തന്നെ. വലുതായി അവതരിപ്പിക്കാൻ വേണ്ടി  ഭാര്യയ്ക്ക് ഒന്നുമില്ല. എല്ലാം ഒരു കൃത്രിമത്വം. ആ പൊലിസുകാരുടെ അഭിനയവും, മരിച്ചു പോയ മനുഷ്യന്റെ മകന്റെ അഭിനയവും കൃത്രിമത്വം മാത്രം നിറഞ്ഞതായി. മോളുടെ അഭിനയവും അത് പോലെ തന്നെ. അച്ചടി ഭാഷയിൽ പോലീസുകാരും, മോനും മോളും ഒക്കെ സംസാരിക്കുന്നതു കേട്ടപ്പോൾ അറപ്പു തോന്നി.ഒന്നാം ക്ലാസിലെ കുട്ടികൾ നാടകം അവതരിപ്പിക്കുമ്പോൾ പറയുന്നത് പോലെയാണ്ഇവരുടെ  സംഭാഷണം.  കളിപ്പാവകളെ പ്പോലെ, സംഭാഷണം  ഉരുവിടുന്ന അഭിനേതാക്കൾ.   സ്വാഭാവികത വരുത്തുവാൻ പണ്ട് കാലത്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു അടൂർ കൃത്രിമത്വത്തിന്റെ വക്താവായി മാറി.  നെടുമുടി വേണുവും വിജയരാഘവനും ഇന്ദ്രൻസും ആണ് അൽപ്പമെങ്കിലും സ്വാഭാവികമായി അഭിനയിച്ചത്. അവർക്കാകട്ടെ വലിയ റോളും ഇല്ലായിരുന്നു. അങ്ങിനെ അഭിനയത്തിന്റെ കാര്യത്തിലും ചിത്രം പരാജയമായി.

കഥ,തിരക്കഥ,സംഭാഷണം,അഭിനയം ഒക്കെ പരാജയപ്പെട്ടു. അത് പോലെ  സംവിധാനവും. ജോലി കിട്ടാതെ നടക്കുന്ന നായകനെ കാണുമ്പോൾ അതിൽ അയാൾക്ക്‌ ദുഃഖ മുണ്ടെന്നോ കുടുംബത്തിൽ പ്രാരാബ്ദമുണ്ടെന്നോ പ്രേക്ഷകന് തോന്നിപ്പിക്കാൻ കഴിഞ്ഞില്ല.  'സ്വയംവര'ത്തിലെ ബസ് യാത്ര പോലെ ഒരു നീണ്ട ഇന്റർവ്യൂ. എന്തായിരുന്നു അതിന്റെ ആവശ്യം? ജോലി കിട്ടുന്നില്ല എന്ന് കാണിക്കാനാണോ? തിരുവനന്തപുരത്തെ രണ്ടു മൂന്നു പ്രമുഖ വ്യക്തികളെ കാണിച്ചു എന്നല്ലാതെ മറ്റൊന്നും അത് കൊണ്ട് നേടിയില്ല. അത് സിനിമ മാർക്കെറ്റിങ്ങിനു ഗുണം ചെയ്യുമോ ആവോ? ആ വൃദ്ധന്മാർ എത്ര ലാഘവത്തോടെ ആണ് കാറിൽ വച്ച് അപരിചതനെ കൊല്ലുന്നത്?  സ്ഥിരം കൊലയാളിയെ പ്പോലെ.  എന്തായിരുന്നു കെ.പി.എ.സി. ലളിതയുടെ റോൾ? കാവ്യയോട് മറ്റൊരു കല്യാണം കഴിക്കണം എന്നു പറയുന്നതിന് വേണ്ടി  മാത്രം. എന്തായിരുന്നു ഇന്ദ്രൻസിന്റെ റോൾ? പ്രാരാബ്ധം ഉള്ള വീട് ആണ് എന്ന് കാണിക്കാനാണോ? ചോദ്യങ്ങൾ മാത്രമാണ് കാണികളുടെ മനസ്സിൽ അവശേഷിക്കുന്നത്. 

''പിന്നെയും'' ഒട്ടും നിലവാരമില്ലാത്ത ഒരു സിനിമയാണ്. രണ്ടു മണിക്കൂർ ഇരുന്നത്  പ്രേക്ഷകർ ക്ഷമാ ശീലർ ആയത് കൊണ്ട് മാത്രം. അടൂർ  ഗോപാലകൃഷ്ണന്റെ പതനത്തിന്റെ ആഴം കാണാൻ.

8 comments:

 1. ആദ്യമായാണു ഞാൻ ഈ ബ്ലോഗ്‌ വായിച്ച്‌ പൊട്ടിച്ചിരിച്ച്‌ പോയത്‌.

  കാണണമെന്ന്
  വിചാരിച്ച സിനിമയാരുന്നു. ഇനിയതിന്റെ ആവശ്യമില്ല.പാവം അടൂർ !!!!വയസ്സാംകാലത്ത്‌ ഓരോരോ പരീക്ഷണങ്ങളേയ്‌ !!!!! !

  ReplyDelete
  Replies
  1. സുധിയ്ക്കു ചിരിക്കാം. രണ്ടു മണിക്കൂർ ഇരുന്ന പ്രേക്ഷകർക്കുണ്ടായ വികാരം എന്തായിരിക്കും? സ്വയംവരം മുതലുള്ള അടൂരിന്റെ സിനിമ കാണുന്നത് കൊണ്ട് പോയതാണ്. സ്വയംവരത്തിന്റെ ഷൂട്ടിങ്ങും കണ്ട ഓര്മ ഉണ്ട്. ഏതോ വിദേശ ചലച്ചിത്ര മേളയിൽ ഉണ്ടെന്നു പറയുന്നു.

   Delete
 2. ബിപിൻ സർ , നല്ലൊരു സിനിമ / സംവിധായക നിരൂപണം.. കടുത്ത ക്ഷമാ ശീലർ ആയിരിക്കും , തന്റെ സിനിമയ്ക്കു വരികയെന്ന , അടൂരിന്റെ ദീർഘ വീക്ഷണം ആവാം , അദ്ദേത്തെ ഈ റിസ്ക് എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു ... ! :)

  ReplyDelete
  Replies
  1. അതൊന്നുമല്ല ഷഹീം കാരണം. യാഥാർഥ്യങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യം. അത് തന്നെ ഈ സിനിമ എടുത്തതിന്റെ കാരണം.

   Delete
 3. അടൂർജി വൈകുന്നേരം
  വരെ വെള്ളം കോരി നിറച്ച്
  ആ കുട്ടകം മറച്ചിട്ടു അല്ലെ

  ReplyDelete
  Replies
  1. തലവിധി മുരളീ. സ്വയം ഉണ്ടാക്കിയത്

   Delete
 4. പരാജയം വിജയത്തിലേക്കുള്ള പടിയല്ലേ? അദ്ദേഹം നല്ലൊരു സിനിമയുമായി വീണ്ടും വരും. അടൂരിന്റെ സിനിമ മലയാളികൾ എത്രയേറെ നെഞ്ചേറ്റിയിട്ടുണ്ടെന്ന് ഈ നിരൂപണങ്ങൾ തെളിയിക്കുന്നു.

  ReplyDelete
  Replies
  1. കുറെ നല്ല പടങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. പക്ഷേ ഈ പടം കണ്ടാൽ ഇനി ഒരു തിരിച്ചു വരവ് അസാദ്ധ്യം എന്ന് തന്നെയാണ് ഷാജി തോന്നുന്നത്.

   Delete