2018, ഫെബ്രുവരി 14, ബുധനാഴ്‌ച

വാലെന്റൈൻ ഡേ

ആദ്യത്തെ പ്രണയം എന്നും ഓർമയിൽ പച്ച പിടിച്ച് നിൽക്കും. കാമുകന്റെയും കാമുകിയുടെയും മനസിൽ. എനിക്കുമുണ്ട് ഒരോർമ.   പള്ളിക്കൂടത്തിൽ വച്ചാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ആ വർഷം പുതിയ ഒരു പെൺകുട്ടി മറ്റേതോ സ്കൂളിൽ നിന്നും പത്താം ക്ലാസിൽ വന്നു ചേർന്നു. അവിടത്തെ ഒരു ടീച്ചറുടെ ബന്ധു. അവരുടെ വീട്ടിൽ നിന്ന് പഠിക്കാൻ. കാണാൻ കൊള്ളാം. ഒരു കൊച്ചു സുന്ദരി. വേറെ ഡിവിഷനിലാ. എല്ലാ ആൺ പിള്ളേരും സ്വാഭാവികമായി ആ സുന്ദരിയുടെ ശ്രദ്ധ കിട്ടാൻ നടന്നു. പല തവണ  സാഹചര്യങ്ങൾ ഉണ്ടാക്കി അവൾ എന്നോട് സംസാരിച്ചു. പല തവണ. ഞാനും സംസാരിച്ചു. ചെറിയ ചെറിയ കാര്യങ്ങൾ. അതിനപ്പുറമൊന്നും അതിൽ കടന്നു വന്നില്ല. സ്കൂളിൽ കലാ മത്സരം നടക്കുന്നു. ചിത്ര രചനാ മത്സരം. ഒരു ക്ലാസ് മുറിയിൽ എല്ലാവരും ഒന്നിച്ച്. ഇടക്ക് അവളുടെ ചായം തീർന്നു. അവള് നേരെ എന്റടുത്തേക്ക്. "എന്റെ കളർ തീർന്നു, ഒന്നു തരുമോ ". എടുത്തോളൂ. അവൾ നല്ലൊരു ചിത്രം വരച്ചു കാണും. ഫലം വന്നു. ഒന്നാം സമ്മാനം എനിക്ക്. രണ്ടാം സമ്മാനം അവൾക്ക്. 




ക്ലാസ് പരീക്ഷാ ഫലം വന്നു. രണ്ടു പേരും ജയിച്ചു. കോളേജ് പ്രവേശനത്തിന് കാത്തുനിൽക്കുന്ന കാലം. ഒരിയ്ക്കൽ അവളെ വഴിയിൽ വച്ചു കണ്ടു.  വഴിയെന്ന് പറഞ്ഞാൽ   അവളുടെ വീട്ടിലേക്ക് പോകുന്ന ഒരു നടപ്പാത. നാട്ടു വഴി. വിജനം. കുറെ നേരം സംസാരിച്ചു. കോളേജിൽ ചേരുന്ന കാര്യവും തിരിച്ച് ദൂരെയുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യവും. ഏറെ നേരം മറ്റു വിശേഷങ്ങളും സംസാരിച്ചു നിന്നു. പിരിയുന്നതിന് മുൻപ് അവൾ പറഞ്ഞു. ''എനിക്ക് ഇഷ്ടമായിരുന്നു. വല്യ ഇഷ്ടമായിരുന്നു " . ഞാൻ മൗനമായി. ഒരിട വേളക്ക് ശേഷം അവൾ ചോദിച്ചു. "എന്നെ ഇഷ്ടമല്ലേ?" ഞാനാകെ സ്തംബ്ധനായി നിന്നു. അതെയെന്നോ   ഇല്ലെന്നോ പറഞ്ഞില്ല. ഞാൻ  അവളുടെ കൈ പിടിച്ച് ചെറുതായൊന്ന് അമർത്തി.രണ്ടു പേരുടെയും കണ്ണുകൾ നനഞ്ഞു. ഞങ്ങൾ പിരിഞ്ഞു. ആനിമിഷമാണ് ഞാനറിഞ്ഞത് അവൾ എന്നെ പ്രേമിച്ചിരുന്നു എന്ന്. അങ്ങിനെ ഞാനറിയാതെ പോയഎന്റെ ആദ്യ പ്രണയം. ഇന്നും ഒരു നനുത്ത വേദനയായി മനസ്സിൽ നിൽക്കുന്നു. 

(വാലന്റൈൻ ഡേ  പ്രമാണിച്ചുള്ള ഒരു കഥ)

1 അഭിപ്രായം:

  1. ഒരിക്കലും സാക്ഷാത്കരിക്കാത്ത ഇത്തരം
    പ്രണയങ്ങളുടെ മധുരം നമുക്ക് ജീവിതകാലം
    മുഴുവൻ ഇടക്കിടക്ക് ഇങ്ങിനെ നുണഞ്ഞുകൊണ്ടിരിക്കാം
    കേട്ടോ ഭായ് ..!

    മറുപടിഇല്ലാതാക്കൂ