Tuesday, May 13, 2014

കനക സിംഹാസനത്തിൽ

കേരളത്തിനാകമാനം   നാണക്കേട് ഉണ്ടാക്കുന്നതാണ്  വ്യാജ രേഖ ചമച്ച് ഒരാൾ  സർവകലാശാല വൈസ് ചാൻസലർ പദവിയിൽ എത്തി എന്നത്. സത്യത്തിനു വേണ്ടി എന്നും നില കൊണ്ടിരുന്ന രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ നാമധേയത്തിൽ ഉള്ള സർവകലാശാലയുടെ വൈസ് ചാൻസലർ പദവിക്ക് വേണ്ടി ആയിരുന്നു ഈ കള്ളത്തരം കാണിച്ചത് എന്നുള്ളത് അതിനെ കൂടുതൽ ലജ്ജാവഹം ആക്കുന്നു.   കള്ള ബയോ-ഡേറ്റ നൽകി വൈസ് ചാൻസലർ ആയ എ.വി.ജോർജ്ജ് എന്ന വ്യാജനെ ആണ് ഗവർണർ പുറത്താക്കിയത്.

വൈസ് ചാൻസലർ എന്ന പദവി പരി പാവനമാണെന്നും പണ്ഡിതരും  ശ്രേഷ്ഠരും  ആയ മഹാന്മാർ ആണ് ആ ഇരിപ്പിടത്തിൽ ഉപവിഷ്ടർ ആകേണ്ടത് എന്നും ഉള്ള അറിവ് ആ പദവി ആഗ്രഹിക്കുന്നവർക്ക് ഉണ്ടാകേണ്ടതാണ്.  അധികാര മോഹികൾ ആണവർ. അത്തരം  കള്ള നാണയങ്ങൾ വരുമ്പോൾ  ആ സത്യം മനസ്സിലാക്കി പെരുമാറാൻ ഉള്ള ബാധ്യത അവരെ ആ  സ്ഥാനത്ത് അവരോധിക്കുന്നവർക്കു ഉണ്ടാകേണ്ടതാണ്. പക്ഷേ ഇവിടെ രാഷ്ട്രീയാടിസ്ഥാനത്തിൽ വൈസ് ചാൻസലർ സ്ഥാനം പങ്ക് വയ്ക്കുന്നതിനാൽ അർഹത ഇല്ലാത്തവർ ഇവിടെ കയറിപ്പറ്റുന്നു.   വിദ്യാ സമ്പന്നരല്ലാത്ത, കയ്യൂക്കിലും, നാക്കിന്റെ ബലത്തിലും അധികാരത്തിൽ കയറിയ  നിരക്ഷര കുക്ഷികളായ രാഷ്ട്രീയ ക്കാർക്ക്  തങ്ങളുടെ ഏറാൻ മൂളികൾ ആരെയെങ്കിലും പ്രതിഷ്ഠിക്കണം എന്നല്ലാതെ ഒരു സർവകലാശാലയുടെ മഹത്വം എന്തെന്ന് അറിയില്ലല്ലോ. "കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ" എന്ന് പോലും  നോക്കാനുള്ള വകതിരിവ് നിയമന അധികാരികളായ രാഷ്ട്രീയക്കാർക്ക് ഇല്ലാതെ പോയത്  അവരെ തെരഞ്ഞെടുത്ത കേരളത്തിൻറെ തലയിൽ എഴുത്ത് എന്ന് നമുക്ക് വിലപിക്കാം.

ജോർജിനെ പിരിച്ചു വിട്ടത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇങ്ങിനെ കള്ളത്തരം കാട്ടിയതും  വ്യാജ രേഖ സമർപ്പിച്ചതും , വഞ്ചനനടത്തിയതും   അങ്ങിനെ വി.സി. ആയതും കുറ്റകരമാണ്. അതിന് ഇന്ത്യൻ ശിക്ഷാ  നിയമാവലി, ക്രിമിനൽ ,ശിക്ഷാ നിയമാവലി എന്നിവ പ്രകാരമുള്ള കേസുകൾ എടുത്ത് കോടതിക്ക് മുന്നിൽ വരുത്തണം.

ഇതിൽ ജോർജ് മാത്രമല്ല കുറ്റം ചെയ്തിട്ടുള്ളത്. ജോർജിനെ നിയമിച്ച സർക്കാരും  ഒരേ പോലെ കുറ്റക്കാർ ആണ്.  എ.വി. ജോർജ്ജ് കള്ള ബയോ-ഡേറ്റ ആണ് നൽകിയത് എന്നാണു സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്. കാസർകോട് കേന്ദ്ര സർവകലാശാലയിൽ  പരിസ്ഥിതി ശാസ്ത്ര വകുപ്പ് മേധാവി എന്ന് ബയോ- ഡേറ്റയിൽ കാണിച്ച്   10 വർഷം പ്രൊഫസ്സർ എന്ന യോഗ്യതാ മാനദണ്ഡം ഉണ്ടെന്നു ധരിപ്പിച്ചു. 2012 ഡിസംബർ 10 നും 18നും ഇടയിൽ നൽകിയ ബയോ- ഡേറ്റയിൽ ആണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.  ഇത്രയും വലിയ ഒരു പദവിയിലേക്ക് നിയമിക്കുമ്പോൾ സർക്കാർ എന്ത് കൊണ്ട് ഒരു ചെറിയ അന്വേഷണം പോലും നടത്തിയില്ല?  അതിൻറെ അർത്ഥം നിയമിക്കുന്നവർക്ക് ഈ കള്ളത്തരം വ്യക്തമായി അറിയാമായിരുന്നു എന്നാണ് .   അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ്  ഡിസംബർ 26 നോ അതിനു ശേഷമോ രണ്ട് ബയോ- ഡേറ്റ കൂടി ജോർജ്  നൽകി എന്ന് റിപ്പോർട്ട് പറയുന്നു.  അതിൽ ക്രൈസ്റ്റ് കോളേജിൽ തിരികെ പ്രവേശിച്ചു എന്ന് പേന കൊണ്ട് തിരുത്തി എഴുതിയിരുന്നു. എന്നിട്ടും അത് അന്വേഷിക്കാതെ സർക്കാർ എന്ത് കൊണ്ട് നിയമനത്തിനു ഗവർണർക്ക്‌ ശുപാർശ ചെയ്തു? ഒരു ശിപായി പോസ്റ്റിനു വരെ 'പോലീസ് വെരിഫിക്കേഷൻ' നടത്തുന്ന നാട്ടിൽ എന്ത് കൊണ്ട് ഇത്രയും ഉയർന്ന സ്ഥാനത്തേക്ക് ഒരു പരിശോധന പോലും നടത്തിയില്ല?  കാസർകോട് സർവകലാശാലയിൽ നിന്നും    ഒറ്റ  ഫോണ്‍ കാളിലൂടെ അറിയാമായിരുന്ന  സത്യം അറിയാൻ എന്ത് കൊണ്ട് ശ്രമിച്ചില്ല?   യോഗ്യത ഇല്ലാത്ത ജോർജിനെ നിയമിക്കാൻ സർക്കാർ ഗൂഡാലോചന നടത്തി എന്നത് ഇതിൽ നിന്നും തെളിയുന്നു. ജോർജിനെ തെരഞ്ഞെടുത്ത സമിതിയും കുറ്റക്കാരാണ്. വിദ്യാഭ്യാസ മന്ത്രിക്കും, മുഖ്യ മന്ത്രിക്കും ഇതിലുള്ള പങ്കിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല. കേസ് എടുത്ത് ഈ ഗൂഡാലോചന അന്വേഷിക്കുക തന്നെ ചെയ്യണം. ജോർജിനെ പിരിച്ചു വിട്ട നടപടി എടുത്ത ഗവർണർക്ക്  നിയമനം എങ്ങിനെ നടന്നു എന്ന് അന്വേഷിക്കാൻ ഉള്ള ഉത്തരവാദിത്വം കൂടിയുണ്ട്. 

No comments:

Post a Comment