Wednesday, May 7, 2014

മുല്ലപ്പെരിയാർ- സുപ്രീം കോടതി

കേരളത്തിലെ ഭരണാധികാരികളുടെ നിരുത്തരവാദിത്വ പരമായ നിലപാടിന്റെയും, ജനങ്ങളോട്  എന്തു തോന്നിവാസവും  കാട്ടാം എന്നുള്ള ധാർഷ്ട്യത്തിന്റെയും പരിണിത ഫലമാണ് മുല്ലപെരിയാർ അണക്കെട്ടിൽ 142 അടി വെള്ളം നിർത്താം എന്ന സുപ്രീം കോടതിയുടെ വിധി.കേരളം ഇന്ന് വരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മുഖ്യമന്ത്രിമാരും ഇതിനു ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉത്തര വാദികൾ ആണ്. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ കാര്യത്തിൽ ലാഘവത്തോടെ ഉള്ള സമീപനം ആണ് മാറി മാറി വന്ന കേരള  സർക്കാറുകൾ  സ്വീകരിച്ചത്. 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രത്തിലെ  കറുത്ത ദിനം ആണ് 1970 മെയ്‌ 29. അന്നാണ് കാലഹരണപ്പെട്ട   1886ലെ മുല്ലപ്പെരിയാർ കരാർ 999 വർഷത്തേക്ക് കേരള സർക്കാർ പുതുക്കി നൽകിയത്. എല്ലാവരും പുകഴ്ത്തുന്ന ഭരണാധികാരിയായ സി. അച്യുതമേനോൻ മുഖ്യ മന്ത്രി ആയിരുന്നപ്പോഴാണ്  കേരള ജനതയെ ആകെ വഞ്ചിച്ചു കൊണ്ട് കേരളത്തിനെ   എന്നെന്നും ദുഃഖത്തിലും ഭീതിയിലും ആഴ്ത്തുന്ന  കരാർ തമിഴ് നാടുമായി ഒപ്പു വച്ചത്. പുതിയ യുഗത്തിൽ കേട്ടു കേൾവി ഇല്ലാത്ത 999 വർഷത്തെ കരാർ. കേരളത്തിൽ അല്ലാതെ ഏതു നാട്ടിൽ നടക്കും ഇത്തരത്തിലുള്ള ഒരു നടപടി? കേരള ജനതയെ ആകെ 999 വർഷത്തേക്ക് പണയം വയ്ക്കുക ആയിരുന്നില്ലേ അന്നത്തെ സർക്കാർ ഈ കരാറിലൂടെ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കക്ഷി രാഷ്ട്രീയ ഭേദ മന്യേ ഈ കൊടും വഞ്ചനക്ക് കൂട്ട് നിന്നു എന്നുള്ളത് സ്പഷ്ടമാണ്. അന്നുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അതിനു ശേഷം വന്നവരും തമിഴ് നാട്ടിൽ അനേകം ഏക്കർ ഭൂമി വാങ്ങി കൂട്ടി എന്നൊരു ആരോപണവും ഉണ്ട്. ഈ കരാറിൽ തമിഴ് നാടിനു കിട്ടിയ വലിയ ലാഭത്തിനു   പ്രത്യുപകാരമായി ആണോ അങ്ങിനെ വാങ്ങാൻ സാധിച്ചത് എന്ന് നോക്കണം. ഈ ബിനാമി ഭൂമി ഇടപാട് ഊർജിതമായി അന്വേഷിക്കേണ്ടി ഇരിക്കുന്നു

കേരളത്തിന്റെ വാദ മുഖങ്ങളും സത്യവും സുപ്രീം കോടതിയുടെ മുന്നിൽ അവതരിപ്പിക്കാൻ നമ്മൾ ശ്രമിച്ചില്ല അല്ലെങ്കിൽ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും ദുഖകരം. മന്ത്രിമാർ വളരെ ലാഘവ ബുദ്ധിയോടെ ആണ് ഈ പ്രശ്നത്തെ സമീപിച്ചത്. കുറുക്കന്മാർ  പോലെ ആണ് നമ്മുടെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും. തമിഴ് നാടിൽ  നിന്ന് കിട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ച ആണവർക്ക് പ്രധാനം. അങ്ങിനെ അണക്കെട്ടിൻറെ ബലക്കുറവും, ജല നിരപ്പ് ഉയർത്താതെ തന്നെ തമിഴ് നാട്ടിന് വെള്ളം നൽകാനുള്ള മാർഗം എന്നിവയെ പറ്റി ഒന്നും പ്രായോഗികമായ നിർദേശങ്ങൾ സമർപ്പിക്കാൻ കേരളത്തിന്‌ സാധിച്ചില്ല. കോടതി നിയമിച്ച സമിതികൾ എല്ലാം തമിഴ് നാടിനു അനുകൂലമായിരുന്നു. സത്യം അവതരിപ്പിക്കാൻ ആർജവം ഉള്ള അംഗങ്ങളെ ഉൾപ്പെടുത്താൻ പോലും കേരളത്തിന് കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ   താൽപ്പര്യ കുറവ് ഒന്ന് കൊണ്ട് മാത്രമാണ് എന്നു കാണാം. ഏറ്റവും അവസാനം കോടതിയുടെ  'അധികാരപ്പെടുത്തിയ സമിതിയിൽ'  കേരളത്തിൻറെ പ്രതിനിധി ആയി സർക്കാർ നിയോഗിച്ച  പെൻഷൻ പറ്റിയ ജഡ്ജി കെ.ടി. തോമസ്‌ പറഞ്ഞത്, അദ്ദേഹം കേരളത്തിൻറെ പ്രതിനിധി അല്ല എന്നാണ്. ഡാം സുരക്ഷിതം എന്ന് പറഞ്ഞ് ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വിയോജനം രേഖപ്പെടുത്താൻ പോലും കെ.ടി. തോമസ്‌ തയ്യാറായില്ല എന്ന് പറയുമ്പോൾ അവരുടെയെല്ലാം താൽപ്പര്യം കേരളത്തിന്‌ വിരുദ്ധം ആണെന്ന് മനസ്സിലാകുമല്ലോ.

തമിഴ് നാടിന് ആവശ്യമുള്ള ജലം നൽകാൻ കേരളം തയ്യാറാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്കുറവു പരിഗണിച്ച് ജലനിരപ്പ്‌ കുറച്ച് അണക്കെട്ടിന് മുകളിൽ നിന്നും തമിഴ് നാടിന് വെള്ളം നൽകാമല്ലോ.ഇപ്പോൾ തന്നെ ഇരച്ചിപ്പലം എന്നയിടത്തെ  കനാലിലൂടെ അവർ വെള്ളം ചോർത്തുന്നത് പരസ്യമായ രഹസ്യമാണ്.  അത് പോലെ അനധികൃതമായി പലയിടങ്ങളിലും കൂടി. അത്തരം ഒരു നിലപാട് എന്ത് കൊണ്ട് കേരളം അവതരിപ്പിച്ചില്ല?

119 കൊല്ലം പഴക്കമുള്ള, കുമ്മായ മിശ്രിതത്താൽ നിർമിച്ച അണക്കെട്ട് അങ്ങുമിങ്ങും ദ്വാരം വീണ് വെള്ളം ശക്തിയായി  ഒലിച്ചു ഈ മിശ്രിതം അടർന്നു പോയ്ക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. ഈ അണക്കെട്ടിൻറെ 32 കിലോ മീറ്റർ ചുറ്റളവിൽ 5 മാസങ്ങൾക്കുള്ളിൽ 26 ഭൂ ചലനങ്ങൾ ആണുണ്ടായത്. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഉള്ള മുല്ലപ്പെരിയാർ അണക്കെട്ട്  തകർന്നാൽ കേരളത്തിൻറെ പകുതിയും 35 ലക്ഷം ജനങ്ങളും അറബിക്കടലിന്റെ ആഗാധതയിൽ അപ്രത്യക്ഷമാകും. 50 അടി ഉയരത്തിൽ 150 കിലോ മീറ്റർ വേഗതയിൽ   ശക്തിയായി വരുന്ന വെള്ളപ്പാച്ചിലിനെ തടുക്കാൻ ഇടുക്കി അണക്കെട്ടിനു ആകില്ല.   'അധികാരപ്പെടുത്തിയ   സമിതി പറയുന്നു അണക്കെട്ടിന് ബലമുണ്ട് അത് തകരില്ല എന്ന്. തമിഴ് നാടും അത് തന്നെ പറയുന്നു. അതിൻറെ ബലത്തിൽ സുപ്രീം കോടതിയും പറയുന്നു ബലമുണ്ട് അതിനാൽ ജല നിരപ്പ് 142 അടി  ആക്കണം എന്ന്. ഒരേ ഒരു ചോദ്യം എത്ര നാൾ? 999 വർഷം?

2 comments:

  1. മുല്ലപ്പെരിയാര്‍ പ്രശ്നം..കേരളം -തമിഴ്നാട് ലഹള..എന്നൊക്കെ അറിയുമെങ്കിലും ഈ വിഷയത്തെ കുറിച്ച് ഇത്ര വിശദമായി ഇപ്പഴാ അറിയുന്നത്..ഈ ശബ്ദം ഒരു ഒറ്റപ്പെട്ട ശബ്ദമായി മാറാതിരിക്കാന്‍ ഇനി ആരാ വിചാരിക്കേണ്ടത്..? കണ്ണടക്കാന്‍ എളുപ്പം..
    [പാലക്കാട് മുങ്ങാതിരുന്നാല്‍ മതിയായിരുന്നു..ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്]

    ReplyDelete
  2. പാലക്കാട് മുങ്ങില്ല. പക്ഷെ തമിഴ് നാട് ബോർഡർ ആണ്. വെള്ളം കൊടുത്തില്ലെങ്കിൽ തമിഴന്മാർ എല്ലാവരും കൂടി പാലക്കാട് കേറും.

    ReplyDelete