Sunday, May 25, 2014

ചന്ദ്രിക മുഖ പ്രസംഗം

സത്യത്തിനു നേരെ മുഖ പ്രസംഗമെഴുതിയത്കൊണ്ട് (വീക്ഷണം  )   അത് സത്യം അല്ലാതാകുന്നില്ല. അത് പോലെ ചന്ദ്രിക  പറഞ്ഞു എന്ന കാരണം  കൊണ്ടും  സത്യം സത്യം അല്ലാതാകുന്നില്ല.

കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ കാരണങ്ങൾ ഓരോന്നായി നിരത്തി ചന്ദ്രിക ദിനപ്പത്രം എഴുതിയ മുഖപ്രസംഗം  കോണ്‍ഗ്രസ്സിലെ കേരളത്തിലെ മേലാളന്മാർക്ക് അത്ര രസിച്ചില്ല. ഒന്നാമത്തെ കാരണം പറഞ്ഞത് രാഹുലിന്റെ കഴിവില്ലായ്മ എന്നാണ്.  അല്ലെങ്കിലും സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണല്ലോ. അത് ഉൾക്കൊള്ളാനുള്ള സാമാന്യ മര്യാദ അവർ കാണിച്ചില്ല. അത് മാത്രമല്ല. ഇവിടെ മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ സാമന്തന്മാർ  ആണ് എന്ന് കോണ്‍ഗ്രസ്സും കരുതുന്നു അതിൽ അത്ര വലിയ തെറ്റ് ഒന്നുമില്ല എന്ന രീതിയിൽ ലീഗും പെരുമാറുന്നു. എങ്ങിനെയായാലും സ്വന്തം കാര്യം സാധിച്ചെടുക്കുക എന്നതാണല്ലോ ലീഗിൻറെ ലക്ഷ്യം.  കോണ്‍ഗ്രസ്സുകാർ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിരട്ടി. കുട്ടി സ്വത സിദ്ധമായ മെയ് വഴക്കത്തോടെ ഒഴിഞ്ഞു മാറി. പക്ഷെ അതാ വരുന്നു കേന്ദ്രത്തിൽ നിന്നും വിളി. സാക്ഷാൽ അഹമ്മദ് പട്ടേൽ. സോണിയാ ജി യുടെ പൊളിറ്റിക്കൽ സെക്രട്ടറി. പിന്നെ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ . കോയി ബിരിയാണിയ്ക്കും നെയ്ച്ചോറിനും,  പോത്ത് വരട്ടിയതിനും ഓർഡർ പോയി. തങ്ങളുടെ വീടിൻറെ അടുക്കളയിൽ  എല്ലാവരും കൂടി.   സന്തോഷത്തോടെ  ബിരിയാണിയും അനുസാരികളും വാരി ചെലുത്തി. കോഴിയുടെ കാൽ കടിച്ചു പറിച്ചു.   " ഓൻ, അഹമ്മദ്  ഞമ്മടെ ആളാ". തങ്ങള് പറഞ്ഞു. കൈ നക്കി  യോഗം പിരിഞ്ഞു. ബാക്കി വന്ന ബിരിയാണിയും കോയി ഇറച്ചിയും പുറത്തു കാത്തു നിന്ന പത്രക്കാർക്ക് മൃഷ്ട്ടാഹ്ന ഭോജനം.     ലീഗ് നേതൃത്വം ചന്ദ്രിക പത്രാധിപസമിതിയെ താക്കീത് ചെയ്തു എന്ന് പത്രക്കാരും എഴുതി. ലീഗിനും സന്തോഷം  പത്രക്കാർക്കും സന്തോഷം.കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ  സന്തോഷം. .

ഈ ലീഗുകാരെ മാത്രം എന്തിനു പുലഭ്യം പറയുന്നു. ഇതേ കാരണം   ഉമ്മൻ ചാണ്ടി പറഞ്ഞു . രമേശ്‌ ചെന്നിത്തല അൽപ്പം കൂടി കടത്തി പറഞ്ഞു. കേന്ദ്രത്തിലെ മൂരാച്ചി നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാത്തത് കൊണ്ടാണ് 12 സീറ്റ് എങ്കിലും കിട്ടിയത് എന്ന്. പിന്നെ ചോട്ടാ നേതാക്കൾ  പലരും പറഞ്ഞു.  അങ്ങിനെ കോണ്‍ഗ്രസ്സ് കാർ എല്ലാം കേന്ദ്ര നേതൃത്വത്തെ കുറ്റം പറഞ്ഞു. അവിടെയും സ്ഥിതി മോശമല്ല. കേന്ദ്ര നേതാക്കളും രാഹുലിനെയും സോണിയയെയും തോൽവിയുടെ ഉത്തരവാദികൾ ആക്കി. കൂടെ താങ്ങി നിന്നിരുന്ന ശരദ് പവാർ വരെ ഇവരുടെ നേതൃത്വം ആണ് തോൽവിയുടെ കാരണം എന്ന് പരസ്യമായി കുറ്റപ്പെടുത്തി. അതൊരു സത്യം ആണെന്ന് എല്ലാ കോണ്‍ഗ്രസ്സുകാർക്കും അറിയുകയും ചെയ്യാം. ഭാരതത്തിലുള്ള എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഹുൽ കഴിവില്ലാത്ത ഒരു നേതാവ് ആണെന്ന്.

ചന്ദ്രിക പറഞ്ഞ കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ ഒരു മാറ്റം വരുത്തേണ്ടതായി ഇരിക്കുന്നു. ( ഇനി അത് കൊണ്ടാണോ  കൊങ്ങ്രസ്സുകാർ ലീഗിനെ വഴക്ക് പറഞ്ഞത്?)     ഒന്നാമത്തെ കാരണം കോണ്‍ഗ്രസ്കാർ  നടത്തിയ ലക്ഷക്കണക്കിന്‌ കോടിയുടെ അഴിമതി ആണ്. രണ്ടാമത്തെ കാരണം ഭരണ പരാജയവും അത് മൂലമുണ്ടായ അതി ഭയങ്കര വിലക്കയറ്റവും ആണ്. മൂന്നാമതാണ് രാഹുൽ ഗാന്ധിയുടെ കഴിവില്ലായ്മ വരുന്നത്. പിന്നെ പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ഒന്നും ഉണ്ടായില്ല. കാരണം കോണ്‍ഗ്രസ്സിന് ഒരു പ്രത്യയ ശാസ്ത്രമേ ഇല്ലായിരുന്നു. എങ്ങിനെയെങ്കിലും ഭരണത്തിൽ വരുക, അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുക  എന്ന ഒരേ ഒരു ഉദ്ദേശം മാത്രം.

വർഗീയതയിലൂടെ വോട്ട്  നേടാമെന്ന കാലം കഴിഞ്ഞു എന്നത് യു.പി.യിലെ മായവതിയുടെയും മുലായം സിങ്ങിന്റെയും പതനത്തിൽ നിന്നും വ്യക്തമായി കഴിഞ്ഞു. വർഗീയ  വോട്ടിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് മുസ്ലീമിന്റെ രക്ഷകൻ എന്ന് അവകാശ പ്പെട്ടിരുന്ന മുലായവും പിന്നോക്കക്കാരുടെ രക്ഷക ആയ മായാവതിയും ഉയർന്നു വന്നതും അധികാരത്തിൽ കയറിയതും.   കേരളത്തിലും സ്ഥിതി വ്യത്യാസം ആകാൻ പോകുന്നില്ല. മതേതര ത്തിന്റെ പേരിൽ  മലപ്പുറവും പൊന്നാനിയും എന്നും കയ്യിൽ നിൽക്കും എന്ന ധാരണ ലീഗിനും വേണ്ട.

No comments:

Post a Comment