2014, മാർച്ച് 26, ബുധനാഴ്‌ച

വിഴിഞ്ഞം തുറമുഖം

എ.കെ.ആന്റണിക്കെന്താ കേരളത്തോട് ഇത്ര വൈരാഗ്യം? പണ്ട് ഇവിടന്ന് ഓടിച്ചു വിട്ടു എന്നുള്ളത് സത്യം. പക്ഷേ അത് സ്വന്തം ചാപ്പൻ ആയ ഉമ്മൻ ചാണ്ടി അല്ലേ പണിഞ്ഞത് ? അതിനു പാവപ്പെട്ട കേരളക്കാര് എന്ത് പിഴച്ചു? ഉമ്മൻ ചാണ്ടിക്കിട്ടു ഇടക്കിടെ കൊടുക്കുന്നുമുണ്ടല്ലോ. അത് പോരെ? കേരളത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തു കൂടെ?

തിരുവനന്തപുരത്ത് കാരുടെ ചിരകാല പ്രതീക്ഷയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റേതൊരു കേരള പദ്ധതിയേയും പോലെ നീണ്ടു പോവുകയാണ്.  ഹൈക്കോടതി ബെഞ്ച്‌,കൊച്ചു വേളി, നേമം റെയിൽവേ സ്റെഷനുകൾ, മാലിന്യ പ്ലാന്റ്, റോഡു വികസനം തുടങ്ങി അനേകം പദ്ധതികൾ ആണ് പ്രാവർത്തികമാകാതെ ജനങ്ങളെ വിഡ്ഢികളാക്കി കടലാസ്സിൽ മാത്രം ഒതുങ്ങുന്നത്. വിഴിഞ്ഞം തുറമുഖം   യാഥാർത്ഥ്യമായാൽ തലസ്ഥാനത്തിന്റെ   മുഖച്ഛായ മാറുന്നതിനോടൊപ്പം കേരളത്തിൻറെ സാമ്പത്തിക വളർച്ചയെയും  ത്വരിതപ്പെടുത്തും എന്നുള്ളത് ഏവർക്കും അറിയാവുന്നതാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിൽ നിന്നും 10 നോട്ടിക്കൽ മൈൽ മാത്രം ദൂരമുള്ള, 24 മീറ്റർ ആഴമുള്ള സ്വാഭാവിക തുറമുഖമായ വിഴിഞ്ഞം, വലിയ കണ്ടയിനർ മദർ ഷിപ്പുകൾക്ക്  വരാനുള്ള തുറമുഖമായി വികസിപ്പിക്കാനുള്ള സംരംഭം തുടങ്ങിയിട്ട് 25 വർഷത്തിൽ ഏറെയായി. പക്ഷേ ഇവിടത്തെ ഭരണാധികാരികൾ ഓരോ ഒഴി കഴിവുകൾ പറഞ്ഞ് എന്നും മലയാളികളെ കബളിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഇത്തരം നിരന്തരം കബളിപ്പിക്കുന്നവരെ തന്നെ വീണ്ടും വീണ്ടും   ഭരണത്തിലേറ്റി ജനം സ്വയം പരിഹാസ്യരാകുന്നു.

കേന്ദ്രത്തിൽ നിന്നും എന്നും കേരളത്തിന്‌ അവഗണന മാതമാണ് കിട്ടിക്കൊണ്ടിരി ക്കുന്നത്. കേരളത്തിൽ നിന്നുള്ള എട്ടു മന്ത്രിമാരാണ് കഴിഞ്ഞ 5 വർഷം കേന്ദ്ര സർക്കാരിൽ ഉണ്ടായിരുന്നത്.  പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന് പറയുന്ന പ്രധിരോധ മന്ത്രി എ .കെ. ആന്റണി ഉൾപ്പടെ. പറഞ്ഞിട്ട് കാര്യമില്ല. കേരളത്തെ സഹായിക്കാൻ ഇവർക്കാർക്കും താൽപ്പര്യമില്ല,സമയവുമില്ല.വർഷത്തിൽ ഒരു തവണ പോലും സ്വന്തം മണ്ഡലത്തിൽ വരാൻ സമയമില്ലാത്ത  ഇ.അഹമ്മദിനെ പോലെയും പി.സി.ചാക്കോയെ പോലെ ഉള്ളവരാണ് നമ്മുടെ ജന പ്രധിനിധികൾ. 

മുൻപ് ഉണ്ടാക്കിയ കരാറിൻ പ്രകാരം പുതിയ വിഴിഞ്ഞം തുറമുഖത്ത് നേവിക്ക് 500 മീറ്റർ ബെർത്തും കോസ്റ്റ് ഗാർഡിന് 120  അനുവദിച്ചിരുന്നു. വിഴിഞ്ഞത്തിന്റെ തന്ത്ര പ്രധാനമായ കിടപ്പ് അനുസരിച്ച് നേവിക്ക് ഇവിടെ പ്രത്യേക താൽപ്പര്യം ഉണ്ട്. 2008ൽ വിഴിഞ്ഞത്തിനു അനുമതി ലഭിക്കുമ്പോൾ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾക്ക് സ്ഥലം അനുവദിക്കുന്നത് ഒരു ഉപാധി ആയി വച്ചിരുന്നു. ഇവിടെ ബ്രേക്ക്‌ വാട്ടർ (കടൽഭിത്തി) കെട്ടുമ്പോൾ അതിൻറെ ചിലവിന്റെ പങ്ക് വഹിക്കാനും പ്രധിരോധ മന്ത്രാലയം തയ്യാറായിരുന്നു.  അതനുസരിച്ച്‌ നേവി  ശുപാർശ  പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. പക്ഷേ ഇതേ വരെ അവിടെ നിന്നും മറുപടി വന്നിട്ടില്ല. ഇന്നത്തെ അടങ്കൽ തുക 1250 കോടി രൂപയാണ്. അത് മുഴുവൻ എടുത്ത് സംസ്ഥാനം പണി ചെയ്യേണ്ടി വരും. കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്ന, കേരളത്തിന്‌ വേണ്ടി എന്നും തേൻ ഒഴുകുന്ന വാക്കുകൾ ഒഴുക്കുന്ന എ .കെ. ആന്റണി    ആണ് 
പ്രതിരോധ മന്ത്രി.  അവിടെ നിന്നാണ് കേരളത്തിന്‌ അനുകൂലമായ, പക്ഷെ അർഹമായ  ഒരു ഉത്തരവ് കിട്ടാതെ ഇരിക്കുന്നത്. ശ്രീമാൻ ആന്റണി ഇതൊന്നും അറിഞ്ഞില്ല എന്നുണ്ടോ? കസ്തുരി രംഗൻ റിപ്പോർട്ടിന് വേണ്ടി  രണ്ടു ദിവസം  ഡൽഹിയിൽ കാത്തു കിടന്ന രമേശ്‌ ചെന്നിത്തല ക്ക് ഇക്കാര്യം ഒന്ന് പറഞ്ഞു കൂടായിരുന്നോ? ചെന്നിത്തലയെ അയച്ച മുഖ്യ മന്ത്രിക്കു ഇതൊന്നു ഓർമിപ്പിച്ചു കൂടായിരുന്നോ? 5 വർഷം തിരുവനന്തപുരത്തിന്റെ എം.പി. ആയിരുന്ന, കേരളത്തിൽ നടന്ന എല്ലാ വികസങ്ങളുടെയും പ്രശസ്തി സ്വയം എടുക്കുന്ന, ഇപ്പോൾ വീണ്ടും മത്സരിക്കുന്ന  ശശി തരൂർ ഇക്കാര്യത്തിൽ എന്ത് ചെയ്തു? അവർക്കാർക്കും ഇതിലൊന്നും താൽപ്പര്യമില്ല. പ്രബുദ്ധരായ തിരുവനന്തപുരം വോട്ടർമാർ അവസരത്തിനൊത്ത് ഉയരും എന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ