Thursday, March 6, 2014

പുതിയ കേരള ഗവർണർ

"പൊതു പ്രവർത്തകരുടെ അസാന്മാർഗിക പ്രവൃത്തികൾക്കെതിരെ ജനങ്ങൾ ഉയർത്തെഴുന്നേഴുൽക്കേണ്ട കാലം അതിക്രമിച്ചു".    പൊതു പ്രവർത്തകർ സത്യസന്ധതയിലും സ്വഭാവത്തിലും ഉന്നത നിലവാരം പുലർത്തണമെന്ന്  നിഷ്ക്കർഷിക്കാൻ  ശക്തമായ ജനവികാരം രൂപപ്പെടെണ്ടതുണ്ട്". ഡൽഹി ലോകായുക്ത ജസ്റ്റീസ് മൻമോഹൻ സരിൻ 2011 ജൂലൈയിൽ  തൻറെ വിധിയിൽ പറഞ്ഞ വാക്കുകളാണിവ. ആർക്കെതിരെ ആണെന്നറിയാമോ ഈ പരാമർശങ്ങൾ ?കേരളത്തിലെ നിയുക്ത ഗവർണർ ഹേർ എക്സലെൻസി ഷീല ദീക്ഷിത്തിനെതിരെ. അന്നത്തെ ഡൽഹി മുഖ്യ മന്ത്രി ആയിരുന്നു അവർ. 2008 ലെ  ഡൽഹി അസ്സംബ്ലി തെരഞ്ഞെടുപ്പിൽ മന:പൂർവം ജനങ്ങൾക്ക്‌ തെറ്റായ വിവരം നൽകിയതായിരുന്നു കേസ് . ബി.ജെ.പി. പ്രവർത്തക കൊടുത്ത കേസ്. 60000 ചെലവ് കുറഞ്ഞ ഫ്ലാറ്റ് പാവപ്പെട്ടവർക്ക്  കൊടുക്കാൻ തയാറാണെന്ന് തെറ്റായ വിവരം ആണ് അവർ നൽകിയത്.   അവ തയ്യാറല്ലെന്ന്, (അതിനു സ്ഥലം പോലും കണ്ടെത്തിയിരുന്നില്ല)   വ്യക്തമായ ധാരണ ഉണ്ടായിട്ടു കൂടി ഫ്ലാറ്റുകൾ റെഡി ആണെന്ന് പ്രഖാപിക്കുകയുണ്ടായി. ഇതിന് അവർക്കെതിരെ നടപടി എടുക്കാൻ ലോകായുക്ത  രാഷ്ട്രപതിക്ക് ശുപാർശ നൽകുകയും ചെയ്തു. 

2012 മേയിൽ  ബി.ജെ.പി. പ്രവർത്തകൻ  നൽകിയ മറ്റൊരു കേസിലും ലോകായുക്ത അവർക്കെതിരെ വിധി പ്രസ്താവിക്കുകയുണ്ടായി. 2008 അസംബ്ലി തെരഞ്ഞെടുപ്പിന് സർക്കാറിന്റെ   പണം പരസ്യം കൊടുക്കാൻ ദുരുപയോഗം ചെയ്തു എന്ന കേസിൽ കുറ്റക്കാരി എന്ന് വിധിക്കുകയും പരസ്യത്തിനു ചിലവാക്കിയ തുകയുടെ പകുതി 11 കോടി രൂപ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നോ ഷീലാ ദീക്ഷിതിൽ നിന്നോ തിരിച്ചു പിടിക്കാൻ ലോകായുക്ത രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. ലോകായുക്തയുടെ വിധി രാഷ്ട്രപതി തള്ളിയത് താൽക്കാലികാശ്വാസം ആയി. ഇതേ കേസിൽ അവർക്കെതിരെ എഫ്.ഐ.ആർ. രജിസ്ടർ ചെയ്യാൻ ഒരു ഡൽഹി കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി.  

 ലോകായുക്ത മറ്റൊരു കേസിലും ഷീല ദീക്ഷിതിനെതിരെ വിധി പുറപ്പെടുവിക്കുകയുണ്ടായി. 2008 തെരഞ്ഞെടുപ്പിന് മുൻപ്  അനധികൃത കോളനികൾക്ക് താൽക്കാലികമായി നിയമാനുസൃതമാക്കിയുള്ള  സർട്ടിഫിക്കറ്റുകൾ നൽകിയതാണ് കേസ്. ബി.ജെ.പി. നൽകിയ ആ കേസ് പുതിയ ഡൽഹി സർക്കാർ വീണ്ടും രാഷ്ട്രപതിക്ക്  വിട്ടിട്ടുണ്ട്. 1218 അനധികൃത കോളനികൾക്ക് ആണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയത്. 1639 കോളനികൾ നിയമാനുസൃതമാക്കുമെന്ന്  പറയുകയും ചെയ്തു. ഒരു പ്രത്യേക ചടങ്ങിൽ കോണ്‍ ഗ്രസ് പ്രസിഡന്റ്റ് സോണിയ ഗാന്ധി ആണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. 895 കോളനികളെ 2012ൽ നിയമാനുസൃതമാക്കുകയും ചെയ്തു.

2010 കോമണ്‍വെൽത്ത് ഗെയിംസ് നടത്തിപ്പിൽ അഴിമതി ആരോപണ വിധേയയാണ് ശ്രീമതി ഷീല ദീക്ഷിത്ത്. തെരുവ് വിളക്കുകൾക്കുള്ള സാമഗ്രികൾ ഇറക്കുമതി ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് സി,എ.ജി. റിപ്പോർട്ടിൽ ഷീല ദീക്ഷിത്തിനെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ജസ്സീക്ക ലാൽ വധക്കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മനു ശർമ എന്ന ആളിന് ക്രമ വിരുദ്ധമായി പരോൾ നൽകി എന്നതാണ് മറ്റൊരു ആരോപണം. പുറത്തിറങ്ങിയ മനു ശർമ നിശാ ക്ലബ്ബുകളിൽ കറങ്ങി നടക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പാവപ്പെട്ടവർ ജയിലിൽ കഴിയുമ്പോൾ മനു ശർമയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ്‌ പരോൾ നൽകിയതെന്ന് ഡൽഹി ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. എന്നാൽ തൻറെ നടപടി ശരിയാണെന്ന് മുഖ്യ മന്ത്രി പറഞ്ഞിരുന്നു.

ഷീല ദീക്ഷിത്ത് മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ ആണ്  രാജ്യത്തെ അപമാനത്തിലും ദുഖത്തിലും ആഴ്ത്തിയ ഡൽഹി ബലാൽസംഗം നടക്കുന്നത്.  ബലാൽസംഗത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് അന്ന്  ഷീല ദീക്ഷിത് ഡൽഹി നിയമ സഭയിൽ നടത്തിയ പ്രസംഗവും അനാവശ്യ പരാമർശവും നാം കേട്ടതാണ്. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴെയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനും ശ്രമിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ആ ഒരു വർഷത്തിൽ 810 ബലാത്സംഗ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട്‌ ചെയ്തത്.

2013 ലെ തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിന്ന  ഷീല ദീക്ഷിത് സർക്കാരിനെ ജനങ്ങൾ തൂത്തെറിഞ്ഞു. 25000  വോട്ടിന് ആണ് അവർ ദയനീയമായി പരാജയപ്പെട്ടത്. അങ്ങിനെ ഒരു എം.എൽ. എ. പോലും ആക്കില്ല എന്ന് ജനങ്ങൾ വിധിയെഴുതി.

 ശ്രീമതി ഷീല ദീക്ഷിത്തിനെ കേന്ദ്ര സർക്കാർ  കേരള സംസ്ഥാനത്തിന്റെ     ഗവർണർ ആയി നിയമിച്ചിരിക്കുകയാണ്.   കോണ്‍ഗ്രസ്സിന്റെ പാപ്പരത്തം. കേരളത്തിലെ ജനങ്ങളോടുള്ള  കോണ്‍ഗ്രസ്സിന്റെ ഒരു വെല്ലു വിളി.

2 comments:

  1. ഷീല ദിക്ഷിറ്റ് മത്രമല്ല നിയമിക്കപ്പെടുന്ന മിക്ക ഗവര്ന്നരമാരും രാഷ്ട്രീയ തൊഴില്‍ രഹിതരന്..ഷീലയെ മാത്രമായി കുട്ടപ്പെടുതുന്നതിനോട് യോജിക്കുന്നില്ല

    ReplyDelete
  2. ശരിയാണ് സാജൻ. രാഷ്ട്രീയ തൊഴിൽ രഹിതരെ മാത്രമല്ല അവശ രാഷ്ട്രീയക്കാരെ പുനരധിവസിപ്പിക്കാൻ ഉള്ള ഒരു താവളം.

    ReplyDelete