Tuesday, March 11, 2014

ഇലക്ഷൻ കമ്മീഷൻ അനുമതി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കസ്തുരി രംഗൻ റിപ്പോർട്ടിൻ മേലുള്ള കരട് വിജ്ഞാപനത്തിന് അനുമതി   നൽകിയിരിക്കുകയാണല്ലോ. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആണ് എന്നുള്ളതിനാലാണ് തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിൽ ബി.ജെ.പി. പരാതി നൽകിയത്. അതിന്മേലുള്ള തീരുമാനമാണ് കമ്മീഷൻ എടുത്തത്‌. ഈ കരട്   വിജ്ഞാപനം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം അല്ല എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വിധിയെഴുതിയിരിക്കുന്നത്. പക്ഷെ  അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് ശേഷമേ പുറപ്പെടുവിക്കാവൂ എന്നും കമ്മീഷൻ പറയുന്നു.

എന്താണിതിന്റെ അർത്ഥം? അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് മുൻപ് വന്നാൽ എന്താണ് പ്രശ്നം?    അത്    തെരഞ്ഞെടുപ്പ് കഴിഞ്ഞേ പുറപ്പെടുവിക്കാവൂ   എന്ന് കമ്മീഷൻ  പറയുന്നത്  അന്തിമ വിജ്ഞാപനം     ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കും എന്നുള്ളത് കൊണ്ടല്ലേ ? ഈ കരട് വിജ്ഞാപനം തന്നെയല്ലേ അന്തിമം ആകുന്നത്? അങ്ങിനെയെങ്കിൽ   ഈ കരട് വിജ്ഞാപനവും കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കുകയില്ലേ? അപ്പോൾ കരട് വിജ്ഞാപനത്തിന് സാധുത നൽകുകയും അന്തിമ വിജ്ഞാപനം  പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആണെന്ന് പറയുകയും ചെയുന്നത് യുക്തിക്കും, സാമാന്യ ബുദ്ധിയ്ക്കും   നിരക്കുന്നതല്ലല്ലോ.

ഈ കരട് വിജ്ഞാപനം ഇറങ്ങുന്നതിന്റെ സാഹചര്യം നോക്കാം. കസ്തുരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ മുന്നണി വിടും എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് നിൽക്കുന്ന ജോസഫിനെയും, മറ്റു മാർഗങ്ങളില്ലാതെ ജോസഫിനെ   പിന്തുണച്ചു   നിൽക്കുന്ന മാണിയെയും, കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞ പള്ളിക്കാരെയും, പിന്നെ ക്വാറി മുതലാളിമാരെയും, മണൽ മാഫിയകളെയും  അനുനയിപ്പിച്ച് കൂടെ  നിർത്താനും  അതിനോടൊപ്പം റിപ്പോർട്ടിനെതിരെ സമരം നടത്തുന്ന മാർക്സിസ്റ്റ് പാർട്ടി നേടുന്ന  മേൽക്കൈ തകർക്കാനും അങ്ങിനെ  തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനും ഉള്ള  കോണ്‍ഗ്രസ്സിന്റെ കുറുക്കു വഴികളാണ് ഇതിനു പിന്നിൽ.    മാർച്ച് 5 നു തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്ന് കണ്ട്, മുഖ്യ മന്ത്രിയുടെ  നിർദേശം അനുസരിച്ച്, കേരളത്തിലെ ആഭ്യന്തര മന്ത്രി ഓടി ഡൽഹിയിൽ എത്തി, എ. കെ. ആന്റണി പറഞ്ഞിട്ട് പോലും കേൾക്കാതെ ഇടഞ്ഞു നിൽക്കുന്ന  പരിസ്ഥിതി മന്ത്രി വീരപ്പ മൊയിലിയെ കണ്ട് കാല് പിടിച്ച്   തിരക്കിട്ട് മാർച്ച് 4ന് രാത്രിയോടെ ഒരു സർക്കാർ കുറിപ്പ് പുറത്ത് ഇറക്കിക്കുന്നു. ഏറെ കൊട്ടി ഘോഷിച്ച "ഓഫീസ് മെമ്മോറാണ്ടം" . അതിൻറെ പകർപ്പ് ലഭിക്കാനായി പാതിരാ വരെ ഉറക്കമൊഴിച്ചിരുന്ന ഉമ്മൻ ചാണ്ടി വിജയശ്രീലാളിതനായി അർദ്ധ രാത്രിയിൽ പത്ര സമ്മേളനം നടത്തിയതും നാം കണ്ടു. അങ്ങിനെ സാങ്കേതികമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് തീരുമാനം ആക്കി. അടുത്ത ദിവസം തന്നെ  നിയമ മന്ത്രാലയത്തിൽ നിന്നും അനുമതിയും ലഭ്യമാക്കി. "ഹൈ റേഞ്ചിൽ ഒരു ഇല പോലും വീഴാൻ ഞങ്ങൾ അനുവദിക്കില്ല" എന്നുള്ള മൊയിലിയുടെ പ്രഖ്യാപനവും വന്നു. കരട് വിജ്ഞാപനവും ഉടൻ ഇറങ്ങുമെന്ന് ഉള്ള പ്രഖ്യാപനവും.

ഇത്രയും കാര്യം ഇത്രയും വേഗത്തിൽ ചെയ്തതിന്റെ ഒരേ ഒരു കാരണം ഇത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കുക  എന്നുള്ളത് കൊണ്ട് മാത്രമാണ് എന്ന് കാണാം. ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടി. അല്ലെങ്കിൽ സാധാരണ ഗതിയിൽ ഒരു ഓഫീസ് മെമ്മോറാണ്ടം ഇറങ്ങാൻ തന്നെ പല ദിവസങ്ങൾ എടുക്കും. അത് ശരിയായി പരിശോധിച്ച് നിയമോപദേശം നൽകാൻ നിയമ മന്ത്രാലയം ആഴ്ചകൾ തന്നെ എടുക്കും. കരട് വിജ്ഞാപനം ഇറങ്ങാൻ പിന്നെയും ആഴ്ചകൾ. അങ്ങിനെയുള്ള കാര്യമാണ് രണ്ടു ദിവസം കൊണ്ട് സാധിച്ചെടുത്തത്. ഇവിടെ കേന്ദ്രം  ഭരിക്കുന്ന   കോണ്‍ഗ്രസ്  തങ്ങളുടെ അധികാരം ഉപയോഗിച്ച് അത് സാധിതമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ കരട് വിജ്ഞാപനം ഇറക്കാൻ     എന്തിനായിരുന്നു ഈ  ധൃധി? തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരായിരുന്നോ?  കേരളത്തിലെ    വോട്ടർ മാരെ സ്വാധീനിക്കുക, തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യിക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ഗൂഡ ലക്ഷ്യമാണ്‌ ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്ന് ഏവർക്കും അറിയാം. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ഇതൊരു വലിയ വാർത്ത ആക്കുകയും ചെയ്തു.   അങ്ങിനെ ഉണ്ടാക്കിയെടുത്ത  ഒരു തീരുമാനത്തിനാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകിയത്.

No comments:

Post a Comment