Friday, March 7, 2014

തിരുവനന്തപുരത്തെ മാലിന്യം

തിരുവനന്തപുരം നഗരത്തിൽ മാലിന്യ പ്രശ്നം അതിഗുരുതരമാണെന്നും അത് സ്ഥല വാസികളുടെ  ആരോഗ്യത്തെ സാരമായിബാധിക്കുന്നു എന്നും എല്ലാവർക്കും അറിയാം.  വിഷം  പുകയുന്ന ഒരു അഗ്നി പർവ്വതത്തിനു മുകളിലാണ് നമ്മൾ താമസിക്കുന്നത്.  വിളപ്പിൽശാലയിൽ മാലിന്യം ഇടുന്നത് അവസാനിപ്പിച്ചതിന് ശേഷം  രണ്ട് വർഷത്തിലേറെ ആയി. അതിനു ശേഷം ദിവസേന 230 ടണ്‍   എന്ന കണക്കിൽ 1,70,000 ടണ്‍  മാലിന്യം ആണ് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായത്. ഇതിൽ പകുതിയോളം  നഗരത്തിൻറെ പല ഭാഗങ്ങളിലായി കൂടി കിടപ്പുണ്ട്. ഭൂരിഭാഗവും നിരത്തിലിട്ട്കത്തിക്കുകയാണല്ലോ. 1 ലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള  മാലിന്യം കത്തിച്ച പുക ശ്വസിച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി തിരുവനന്തപുരത്തെ  ജനങ്ങൾ കഴിയുന്നു എന്നുള്ളത് ഭരണകൂടത്തിന്റെ നിരുതരവാദിത്വപരമായ നിലപാടും,  കുറ്റകരമായ അനാസ്ഥയും   ജനങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതയും  ആണ്.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ക്യാൻസറിനു കാരണം ആകുന്നുവെന്നു വിദഗ്ദ്ധർ പറയുന്നു.

ഇവിടെ ഭരണത്തിന് ഒരു നഗരസഭയും കേരള സർക്കാരും ഉണ്ട്. നികുതി പിരിവും ഉഷാറായി നടക്കുന്നുണ്ട്. പക്ഷേ മാലിന്യ സംസ്കരണത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൻറെ ഉത്തരവാദിത്വം സർക്കാരിന് ആണെന്ന് നഗര സഭയും നഗരസഭയ്ക്ക് ആണെന്ന് സർക്കാരും പറഞ്ഞ് രണ്ടു പേരും കയ്യൊഴിഞ്ഞ മട്ടാണ്. സർക്കാർ കോണ്‍ഗ്രസ്സിന്റെയും നഗര സഭ മാർക്സിസ്റ്റ്ന്റെയും ഭരണത്തിൽ ആണല്ലോ. തമ്മിൽ ആരോപണങ്ങൾ ഉന്നയിക്കുകയും  പഴി പറയുകയും മാത്രമാണ് ഇവർ രണ്ടു കൂട്ടരും ചെയ്യുന്നത്. മാലിന്യ പ്രശ്നം ഹൈ ക്കോടതിയിൽ പോയപ്പോൾ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഹൈക്കോടതിയും പാവപ്പെട്ട ജനങ്ങളെ  കയ്യൊഴിഞ്ഞ മട്ടാണ്. തിരുവനന്തപുരത്തിന് ഒരു എം.പി. ഉണ്ട് കുറെ എം.എൽ.എ. മാരും ഉണ്ട്. അവരും  ഈ പ്രശ്നം തീർക്കാൻ നടപടി ഒന്നും എടുക്കുന്നില്ല. ശമ്പളവും അലവൻസുകളും വാങ്ങി സ്വർണക്കടകളും, തുണിക്കടകളും ഉത്‌ഘാടനം ചെയ്ത് ആർഭാടമായി അവർ കഴിയുന്നു. 

തിരുവനന്തപുരത്ത് എന്ത് നടന്നാലും  എട്ടുകാലി മമ്മൂഞ്ഞിനെ പോലെ  "അത് ഞമ്മളാണ്" എന്ന് പറയുന്ന എം.പി.ശശി തരൂർ തൻറെ 5 വർഷത്തെ നേട്ടങ്ങൾ 4 പേജ് പത്ര പരസ്യത്തിൽ പറയുമ്പോഴും 25 കോടി രൂപ ഖര മാലിന്യ സംസ്കരണത്തിന് തരപ്പെടുത്തി കൊടുത്തു എന്ന് ഒഴുക്കാൻ മട്ടിൽ പറഞ്ഞു പോകുന്നതല്ലാതെ എന്ത് ചെയ്തു എന്ന് പറയുന്നില്ല. നിയമ സഭ തെരെഞ്ഞെടുപ്പില്ലാത്തത് കൊണ്ട് എം.എൽ. മാർ ആരും അവകാശ വാദവുമായി രംഗത്ത് വന്നിട്ടുമില്ല. പ്രതിപക്ഷ നേതാവിനോ അവരുടെ പാർട്ടിക്കാർക്കും ഇതൊരു പ്രശ്നമല്ല.

കസ്തുരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ മാണിയും ജോസഫും കൈവിട്ടു പോകും, മലയോര പ്രദേശത്തെ വോട്ട് പോകും,തോറ്റു പോകും   എന്ന് വന്നപ്പോൾ മണിക്കൂറുകൾക്കകമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഡൽഹിയിൽ എത്തി സോണിയ ഗാന്ധിയെ കാണുകയും വീരപ്പ മൊയിലിയെ കൊണ്ട് 'കരട്' റിപ്പോർട്ടിൽ ഒപ്പിടുവിക്കുകയും ചെയ്തത്. ഇപ്പോഴും അതിനു വേണ്ടി ആഭ്യന്തര മന്ത്രി ചെന്നിത്തല അവിടെ കാത്തു കെട്ടി കിടക്കുകയാണ്. അപ്പോൾ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ വേണ്ടി  പ്രവർത്തിക്കാൻ ഇവർ ക്കറിയാം.  ക്ലിഫ് ഹൗസിലും കൻടോണ്‍ മെൻറ് ഹൗസിലും ശീതീകരിച്ച മുറികളിൽ  ഈ പുക എത്തില്ലെന്നാണ് ഇവരുടെ ധാരണ. എം.പി.മാരെയും,എം.എൽ.മാരെയും കൌണ്‍സിലർമാരെയും ഈ പുക ബാധിക്കില്ല എന്നും.  

2 വർഷമായി വിഷ ലിപ്തമായ ഈ പുക ശ്വസിക്കുന്ന തിരുവനന്തപുരം കാർക്ക്  വേണ്ടി തിരുവനന്തപുരത്ത് ഒരു ക്യാൻസർ ആശുപത്രി കൂടി തുടങ്ങാൻ ഉമ്മൻ ചാണ്ടിയും മേയർ ചന്ദ്രികയും  തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു. 

No comments:

Post a Comment