2014, മാർച്ച് 27, വ്യാഴാഴ്‌ച

കോണ്‍ഗ്രസ് മാനിഫെസ്റ്റൊ

തെരഞ്ഞെടുപ്പ് വരുമ്പോൾ  അനുഷ്ഠിക്കേണ്ട  ഒരു കർമം എന്ന ഒരു സ്ഥാനം മാത്രമേ  മാനിഫെസ്റ്റൊക്ക്കോണ്‍ഗ്രസ് നൽകിയിട്ടുള്ളൂ.  അതിനാൽ എന്തെങ്കിലും കാട്ടിക്കൂട്ടുക മാത്രമാണ് ഇവിടെ മാനിഫെസ്റ്റൊ എന്ന പേരിൽ ഇത്തവണയും കോണ്‍ഗ്രസ് ചെയ്തത്. ജനങ്ങളെ കബളിപ്പിക്കാൻ തട്ടിക്കൂട്ടിയ ഒരു പത്രിക എന്നല്ലാതെ പുതുതായി പറയാൻ അവർക്കിനി ഒന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളകളിൽ തങ്ങളുടെ പ്രകടന പത്രികകളിൽ  പറഞ്ഞതിൻറെ തനിയാവർത്തനം മാത്രമാണിത്. അതിനർത്ഥം അന്ന് പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ്. കഴിഞ്ഞ   10 വർഷത്തെ ഭരണത്തിൽ ചെയ്യാൻ കഴിയാത്തതാണ് വീണ്ടും മോഹന വാഗ്ദാനങ്ങളായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌.  

2009 ലെ പ്രകടന പത്രികയിലെ 33% സ്ത്രീ സംവരണം ഇത്രയും വർഷം ഭരിച്ചിട്ടും നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനുള്ള ആർജവം അവർ കാണിച്ചില്ല എന്നതാണ് വസ്തുത. ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ അവർ ആവർത്തിക്കുകയാണ് " ലോക സഭയിലും നിയമ സഭകളിലും അത് നടപ്പിലാക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാ ബദ്ധർ ആണ്" എന്ന്. വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ  സ്ത്രീ സംവരണം പുതിയ വാഗ്ദാനം ആക്കി നൽകുകയാണ് ഈ പ്രകടന പത്രികയിൽ.

കോണ്‍ഗ്രസ് യുവ രാജാവായ രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ (അങ്ങിനെ ഒന്നുണ്ടെങ്കിൽ) ഉദിച്ചതാണ്‌ ജനങ്ങൾക്ക്‌ അവകാശങ്ങൾ വാഗ്ദാനം ചെയ്യുക എന്നത്. തൊഴിൽ ചെയ്യാനുള്ള  അവകാശം, വിദ്യാഭ്യാസതിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം എന്നീ അവകാശങ്ങൾ   കഴിഞ്ഞ ഭരണത്തിൽ അവർ വാഗ്ദാനം ചെയ്തിരുന്നു. അവകാശങ്ങൾ പ്രഖ്യാപിക്കുനതിനപ്പുറം അത് നടപ്പിലാക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. ഭക്ഷണം അവകാശമാക്കുന്നതിന്  ചെലവ് എത്രയാണെന്ന് അറിയാമോ?  ഒന്നര ലക്ഷം കോടി രൂപ!  ഇതെവിടെന്നു കണ്ടെടുക്കാം എന്ന് പറയാതെ നിയമം പാസ്സാക്കി അഭിമാനം കൊള്ളുകയാണ് കോണ്‍ഗ്രസ്. വെറുതെ പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണവർ.  ആരോഗ്യം,വീട്,പെൻഷൻ, തുടങ്ങിയ  അവകാശങ്ങളാണ്      പ്രകടന പത്രികയിലെപുതിയ അവകാശ വാഗ്ദാനങ്ങൾ.   സർക്കാർ ജീവനക്കാരുടെ പെൻഷൻ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് ഊഹ കച്ചവടത്തിൽ  കമ്പനികൾക്ക് പണമുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കികൊടുത്തവരാണ് കഴിഞ്ഞ കോണ്‍ഗ്രസ്  സർക്കാർ. പുതിയ പെൻഷൻ പദ്ധതിയും ഈ ഉദ്ദേശത്തിൽ ആയിരിക്കും വിഭാവനം ചെയ്തിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

സ്ത്രീകളുടെ എതിരെയുള്ള അക്രമങ്ങൾ വിചാരണ ചെയ്യാൻ അതിവേഗ കോടതികൾ തുടങ്ങുമെന്ന് ആണ് ഒരു വാഗ്ദാനം. ഡൽഹിയിലെ കൂട്ട ബലാൽസംഘത്തിന്റെ പശ്ചാത്തലത്തിൽ, അങ്ങിനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനായി നടപടികൾ എടുക്കുന്നതിന്   1000 കോടി രൂപയുടെ "നിർഭയ ഫണ്ട്" സർക്കാർ രൂപീകരിച്ചു. ഈ ആവശ്യത്തിനായി അതിൽ നിന്നും ഒരു രൂപ പോലും ഇന്ന് വരെ ഉപയോഗിച്ചിട്ടില്ല എന്നു കാണാം . ഈ കാര്യങ്ങൾ ഒന്നും അവർ  ഗൌരവമായി എടുക്കുന്നില്ല എന്നതിന്റെ തെളിവാണിത്.  വെറും പ്രഖ്യാപനങ്ങൾ നടത്തി മുതലെടുക്കുക  മാത്രമാണ് കോണ്‍ഗ്രസ്സിന്റെ  ഉദ്ദേശം എന്ന് മനസ്സിലാകുമല്ലോ.

ഭാരതത്തിലെ ഓരോ പൗരനും ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടാക്കും എന്നതാണ് അടുത്ത വാഗ്ദാനം. എന്തിന്? പട്ടിണിയിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌ ഒരു നേരത്തെ ആഹാരം ആണോ ബാങ്ക് അക്കൌണ്ടും എ.ടി.എം. കാർഡും ആണോ വേണ്ടത്? 

എല്ലാവർക്കും ആധാർ കാർഡ് നൽകും എന്നതാണ് മറ്റൊരു വാഗ്ദാനം. ഭരണഘടന പ്രകാരം നിലനിൽക്കാത്ത, വെറും ഒരു സർക്കാർ ഉത്തരവിൻറെ മറവിൽ ആണ് ആയിരക്കണക്കിനു കോടി രൂപ ദുർവിനിയോഗം ചെയ്ത് ആധാർ കാർഡ് ഉണ്ടാക്കിയത്. നന്ദൻ നിലക്കേനി എന്നൊരാളെ കാബിനെറ്റ്‌ പദവി കൊടുത്ത് അതിൻറെ ചെയർമാൻ ആക്കാൻ. ആ ദേഹം കോണ്ഗ്രസ് ടിക്കറ്റിൽ ബംഗാളുരുവിൽ മത്സരിക്കുന്നുണ്ട്. ആധാർ കാർഡ് ആവശ്യമില്ലാത്ത  ഒന്നാണെന്നും ഒരു കാര്യത്തിനും അത് നിർബന്ധം ആക്കരുതെന്നും   സുപ്രീം കോടതി അടുത്ത കാലത്ത് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.  ആ സാധനം ആണ് കൊണ്ടു വരും എന്നു  അവർ  വാഗ്ദാനം ചെയ്യുന്നത്.  

80 കോടി ജനങ്ങളെ മിഡിൽ ക്ലാസ്സിലേക്ക് ഉയർത്തും എന്നതാണ് മറ്റൊരു വാഗ്ദാനം.പണ്ട് റെയിൽവേയിൽ തേർഡ് ക്ലാസ് നിർത്തലാക്കിയത് പോലെ അത് എളുപ്പമാണ്.  തേർഡ് എന്നെഴുതിയ മൂന്ന് വരയിലെ ഒരു ഒന്ന്   (I ) മായ്ച്ചു കളഞ്ഞു. അത്ര മാത്രം. അത് സെക്കൻറ് ക്ലാസ് ആയി. 

അടുത്ത വാഗ്ദാനം ഭാരതത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 1 ട്രില്ല്യൻ ഡോളർ ചിലവഴിക്കും എന്നാണ്. അതെന്താണ് ഡോളറിൽ പറഞ്ഞത്? ട്രില്ല്യൻ എത്രയാണെന്ന് അറിയാമോ? ഒരു ലക്ഷം കോടി. അതായത് 60 ലക്ഷം കോടി രൂപ! ഇതെവിടന്നു കൊണ്ട് വരും? അത്  പറയാനുള്ള ഉത്തരവാദിത്വം  കോണ്‍ഗ്രസ്സിന് ഇല്ലേ? 

ഏറ്റവും രസകരമായത് അടുത്ത വാഗ്ദാനം ആണ് .അഴിമതി നിർത്തലാക്കാൻ വേണ്ടിയുള്ള നടപടികൾ എടുക്കും എന്ന് പറയുന്നു. 1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി നടത്തിയത് ഈ സർക്കാരാണ്. 1,76000 കോടി രൂപയുടെ അഴിമതി നടത്തിയ 2-ജി കേസും ഇവരുടെ കാലത്താണ്. കോമണ്‍വെൽത്ത് ഗെയിംസ് അഴിമതി നടത്തിയതും ഇവരാണ്. 10 കോടി കൈക്കൂലി വാങ്ങിയ കേസിൽ രാജി വച്ച മന്ത്രി  ബൻസൽ   ഇവരുടെ മന്ത്രി സഭയിൽ ആയിരുന്നു.  റയിൽ മന്ത്രാലയത്തിൽ 17000 കോടി രൂപ ഇരുമ്പയിര്‌ അഴിമതി നടന്നെന്ന്   സി.എ.ജി.ചൂണ്ടി കാണിച്ചിരുന്നു.  പ്രതിരോധ മന്ത്രാലയം ആകെ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ടെട്ര  ട്രക്ക് വാങ്ങിയതിൽ അഴിമതി നടന്നു. അഴിമതി പുറത്തു വന്നതിനാൽ ഹെലികോപ്ടർ ഡീൽ പ്രതിരോധ മന്ത്രി റദ്ദാക്കുകയുണ്ടായി.  മന്ത്രിമാരും എം.പി. മാരും അഴിമതി കേസിൽ ജയിലിൽ കിടന്നത് ഇവരുടെ കാലത്താണ്. അങ്ങിനെ എത്രയെത്ര  അഴിമതികൾ.  മന്ത്രി സൽമാൻ ഖുർഷിദിന്റെ   അഴിമതി പുറത്തു വന്നപ്പോൾ, "71 ലക്ഷം രൂപയുടെ അഴിമതി  എന്ന് പറഞ്ഞാൽ ഒരു കേന്ദ്ര മന്ത്രിക്കു വളരെ കുറവാണ്, അത്  71 കോടി ആയിരിക്കും"  എന്ന്  മന്ത്രി ബേണി പ്രസാദ് പറഞ്ഞത് ഇവരുടെ അഴിമതിയുടെ നിലവാരം വെളിപ്പെടുത്തുന്നു. ഇവർ ഭരിച്ച ഓരോ ദിവസവും അഴിമതിയിൽ നിറഞ്ഞതാണ്‌.   അഴിമതിനടത്താൻ വേണ്ടിയാണ് ഇവർ അധികാരത്തിൽ ഇരുന്നതും ഇനി വരാൻ കൊതിക്കുന്നതും. ഇത്രയും അഴിമതി നടത്തിയ കോണ്‍ഗ്രസ് സർക്കാർ ഇനിയും ഒരവസരം കിട്ടിയാൽ ഇതിലും വലിയ അഴിമതി നടത്തും എന്നുള്ളത് തീർച്ചയല്ലേ?

കള്ളപ്പണം തടയാൻ നടപടിഎടുക്കും എന്നതാണ്   ചിരി ഉണർത്തുന്ന മറ്റൊരു വാഗ്ദാനം. കഴിഞ്ഞ ദിവസം മൻമോഹന്റെ ഈ കോണ്‍ഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത് എന്താണ്? പുറം രാജ്യങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു  കൊണ്ട് വരാനായി  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച  സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണം എന്നാണു. എന്ത് ആത്മാർഥത ആണ് കള്ളപ്പണം തടയാൻ ഇവർക്കുള്ളത്? ഇവരുടെ തന്നെ പണം ആയിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുന്നത്. എന്തായാലും ഇവരുടെ വാദത്തെ  തള്ളി  സുപ്രീം കോടതി കർശനമായി മുന്നോട്ടു പോവുകയാണ് എന്നുള്ളത് നമ്മുടെ ഭാഗ്യം.

നമ്മുടെ കറന്റ് അക്കൌണ്ട്  കമ്മി കുറയ്ക്കാൻ വിദേശ നിക്ഷേപം ഏതു രീതിയിൽ ആയാലും സംഭരിക്കണം  എന്ന, വിദേശ രാജ്യങ്ങൾക്ക് അടിയറവ് പറയുന്ന നയം ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനർത്ഥം  അന്യ രാജ്യങ്ങളുടെ സഹായമില്ലാതെ രാജ്യത്തെ നയിക്കാൻ  കോണ്‍ഗ്രസ്സ് പാർട്ടിക്ക് കഴിവില്ല എന്നല്ലേ?  ഇത്തരം ഒരു പാർട്ടിയുടെ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഭാരത ജനത ഒത്തൊരുമിക്കേണ്ട സമയമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ