Friday, March 21, 2014

വനം കത്തിക്കുന്നു

കാട് കത്തിയെരിയുമ്പോൾ റോമാ   ചക്രവർത്തിയെ പ്പോലെ വീണ വായിക്കുകയാണ് വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.  തൻറെ കൊട്ടാരം പണിയാൻ വേണ്ടി നീറോ തന്നെയാണ് റോമാ  നഗരം കത്തിച്ചതെന്നു റോമാക്കാർ വിശ്വസിക്കുന്നു. അങ്ങിനെയല്ല ഇവിടെയും എന്ന് തീർത്തു പറയാനാകില്ല. നാല് ദിവസമായി കാട്ടു തീ പടരുകയാണ്. ആരോ കാട് കത്തിക്കുകയാണ്. മുഖ്യ വന പാലകന്റെ നേതൃത്വത്തിൽ കത്തി ചാമ്പലായ വനം പരിശോധിക്കുമ്പോഴും തൊട്ടടുത്ത്‌  കാടിന്  തീ കൊളുത്തുകയായിരുന്നു.  ആസൂത്രിതമായുള്ള ആക്രമണം ആണിത്. ഇത്രയും പരസ്യമായി ഭരണ കൂടത്തെ വെല്ലു വിളിച്ചു കൊണ്ടാണ് വനത്തിനു തീയിടുന്നത് എന്നതിനാൽ ഭരണ കൂടത്തിന്റെ മൌനാനുവാദവും ഒത്താശയും ഇതിലുണ്ടെന്ന് ജനം ന്യായമായും സംശയിക്കും. വയനാട്ടിൽ  കാട്ടു തീ പടർന്ന് പിടിച്ച് അമൂല്യമായ വന സമ്പത്തും ജീവജാലങ്ങളും കരിഞ്ഞു തീരുമ്പോഴും കസ്തുരി രംഗന്റെ കരടു വിജ്ഞാപനം ഇറക്കാനുള്ള തിരക്കിൽ ആയിരുന്നു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. 3114.3 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശത്തിൽ നിന്നും ഒഴിവാക്കി എന്നും,  5 ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നും  പറഞ്ഞു അഭിമാനം കൊള്ളുകയാണ് അദ്ദേഹം. കാരണം ഈ ക്രെഡിറ്റ് വരുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് കൂടുതൽ സീറ്റ് ലഭ്യമാക്കും. വീണ്ടും കുറെ നാൾ അതിൻറെ കെയറോഫിൽ ഭരിക്കാം. തിരുവഞ്ചൂർ ആകട്ടെ സ്ഥിരം പല്ലവി പാടുകയാണ്. സാമൂഹ്യ വിരുദ്ധരാണിത് ചെയ്തതെന്നും "ഗൂഡാലോചന" യ്ക്ക് സാധ്യത ഉണ്ടെന്നും മറ്റും. ഗൂഡാലോചന വന്നത് കൊണ്ട് ടി.പി. വധ കേസ് പോലെ ഇതും സി.ബി.ഐ.ക്ക് വിടാൻ പുള്ളി ശുപാർശ ചെയ്തേക്കാം. 

വനം, മണൽ,പാറമട,ഘനന മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കേരള സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട്‌ തള്ളാനും കസ്തുരി രംഗൻ റിപ്പോർട്ടിൽ വെള്ളം ചേർക്കാനും തയ്യാറായത്. ഈ മാഫിയകൾ ആകട്ടെ ക്രൈസ്തവ സഭകളെയും, അജ്ഞരായ ജനങ്ങളെയും, അധികാര മോഹികളായ രാഷ്ട്രീയക്കാരെയും ഇതിനു കൂട്ടു പിടിച്ചു. മാഫിയകൾ ആകട്ടെ ഒരു പടി കൂടി കടന്ന് ശേഷിക്കുന്ന വനം കൂടി തീയിട്ട് പൂർണമായും നശിപ്പിക്കുകയാണ്.പ്രകൃതി നശീകരണത്തിന്റെ ഭായാനകമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടത് ഇന്നത്തെ തലമുറ മാത്രമല്ല. വരും തലമുറകൾകൂടിയാണ്. മന്ത്രി മന്ദിരങ്ങളിൽ ഇരിക്കുന്നു എന്നത് കൊണ്ട് പ്രത്യേക പരിരക്ഷ അവർക്ക് കിട്ടുന്നില്ല.  മന്ത്രിമാരും അവരുടെ മക്കളും എല്ലാം  ഇതിൻറെ പ്രത്യാഘാതങ്ങൾ അ നുഭവിക്കേണ്ടി വരും. പക്ഷെ താൽക്കാലികമായി ലഭ്യമാകുന്ന പണത്തിനും ഭൌതിക സുഖത്തിനും വേണ്ടി അവർ ജനങ്ങളെയും വരും തലമുറകളെയും നാശത്തിലേക്ക് തള്ളിയിടുകയാണ്.  

2 comments:

  1. കാട് കത്തിയാലും സ്വന്തം കീശ നിറയുമല്ലോ.

    ReplyDelete