Monday, March 24, 2014

ചുവന്ന ലൈറ്റ്

അധികാരത്തിൻറെ ധാർഷ്ട്യവും മുഷ്ക്കും അധികാരത്തിലേറ്റിയവരോടുള്ള അവജ്ഞയും പുച്ഛവും പ്രകടിപ്പിക്കാൻ  ജന പ്രതിനിധികളും ജനസേവകരായ ഉദ്യോഗസ്ഥരും അവരുടെ  സർക്കാർ  വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന ചുവപ്പ്,നീല ബീക്കണ്‍ ലൈറ്റുകൾക്ക് നിയന്ത്രണം വേണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ  അവസാനം കേരള സർക്കാർ തയ്യാറായിരിക്കുന്നു.  മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഇനിയും അതുപയോഗിക്കാം എന്നുള്ളതിനാലായിരിക്കാം മന്ത്രി സഭ അങ്ങിനെ തീരുമാനം  എടുക്കാൻ തയ്യാറായത്. അതനുസരിച്ച്‌ കറങ്ങുന്ന ചുവന്ന ലൈറ്റ്, കറങ്ങാത്ത ചുവന്ന ലൈറ്റ്, നീല ലൈറ്റ് തുടങ്ങിയവ ആരൊക്കെ ഉപയോഗിക്കണമെന്ന് വ്യക്തമായ മാർഗരേഖയാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതേ വരെ അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള  ഏത് ഒരുത്തനും ഒരു ലൈറ്റ് സംഘടിപ്പിക്കാൻ ഒരു പ്രയാസവും ഇല്ലായിരുന്നു. നിയമ സഭയിലെ ഒരു എം.എൽ.എ.,   പ്രത്യേക അധികാരം ഒന്നുമില്ലാത്ത  പദവി ആയ ചീഫ് വിപ്പ്  എന്ന് നാമകരണം ചെയ്യപ്പെട്ട തോട് കൂടി     കറങ്ങുന്ന ചുവന്ന ലൈറ്റ് വച്ച് ആണ് കറങ്ങി കൊണ്ടിരുന്നത്. അത് പോട്ടെ സർക്കാരിന്റെ ഒരു സാധാരണ കമ്പനി  മാത്രമായ നൊർക -റൂട്സ് ൻറെ 3  വൈസ് ചെയർമാൻ മാരിൽ ഒരാളായ യൂസഫ്‌ അലിയും ചുവന്ന ലൈറ്റ് വച്ച കാറിലായിരുന്നു യാത്ര. ജനങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനും,  ട്രാഫിക് നിയമങ്ങളെ ധിക്കരിക്കാനും, ചീറിപ്പായാനും , അതിനൊക്കെ ഉപരി   അൽപ്പം പൊങ്ങച്ചം കാണിക്കാനും, വേണ്ടിയാണീ ചുവന്ന ലൈറ്റിനു വേണ്ടി പോകുന്നത്. കറുത്ത വസ്ത്രമണിഞ്ഞ തോക്കുധാരികൾ ആയ ബ്ലാക്ക് ക്യാറ്റ് കമാൻഡോ കളുടെ അകമ്പടിയോട് കൂടി  പോകുന്നതു പോലെ വെറും ഒരു അൽപ്പത്തരം.

ചുവന്ന ലൈറ്റ് അധികാരത്തിന്റെ സിംബൽ എന്നുള്ള ധാരണ മാറ്റണം.   അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള ഒന്നാകണം അത്.  മന്ത്രി ഉച്ചയ്ക്ക് വീട്ടിൽ ചോറുണ്ണാൻ പോകുമ്പോഴും വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിൽ  പോകുമ്പോഴും  എന്തിനാണ് ചുവന്ന ലൈറ്റ്? കഴിഞ്ഞ ഒരു ദിവസം രാവിലെ ചുവന്ന ലൈറ്റ് കത്തിച്ച  8 കാറുകളാണ് ഗവർണർ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയപ്പോൾ ഉണ്ടായിരുന്നത്. ഇപ്പോൾ പുറപ്പെടുവിച്ച ലിസ്റ്റിലും ആവശ്യമില്ലാത്ത പലരും കടന്നു കൂടിയിട്ടുണ്ട്.   ഫ്ലാഷർ ഉള്ള ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ നിന്നും അധികം യാത്ര ഇല്ലാത്ത പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനെയും  ഹൈക്കോടതി ജഡ്ജിമാരെയും ഒഴിവാക്കേണ്ടതാണ്. ഇക്കഴിഞ്ഞ മാർച്ച്‌ 16   ഞായറാഴ്ച  ഹൈക്കോടതിയുടെ കുറെ ലൈറ്റ് വച്ച കാറുകൾ ഏറണാകുളത്ത് നിന്ന് ആലപ്പുഴയും കഴിഞ്ഞ് പോകുന്നത് കണ്ടു. ഏതെങ്കിലും കല്യാണത്തിന് ആയിരിക്കാം പോയത്. അതിനൊക്കെ എന്തിനാ ലൈറ്റ് എന്ന ന്യായമായ ചോദ്യം ആണ് ജനങ്ങൾക്ക് ചോദിക്കുവാനുള്ളത്.  അത് പോലെ ഫ്ലാഷർ ഇല്ലാത്ത  ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ അഡ്വകേറ്റ്  ജനറൽ,  പബ്ലിക് സർവീസ് കമ്മീഷൻ,ന്യൂന പക്ഷ കമ്മീഷൻ, പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ ചെയർമാന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. (മുന്നോക്ക കമ്മീഷൻറെ കാര്യം പറയുന്നില്ല)   ഇവർക്ക് എന്തിനാണ് ചുവന്ന ലൈറ്റ്? ഒരു ഷോയ്ക്ക് വേണ്ടിയാണോ? ഇവരെയും ഒഴിവാക്കണം. മറ്റൊരു കാര്യം . ഐ.പി.എസ്. കാര് കാറിൽ കൊടി  വച്ച്   പോകുന്നത് കണ്ട്ഫോറസ്റ്റ് സർവീസ്  കാരും പിന്നെ   ഐ.എ.എസ്  കാരും കൊടി വയ്ക്കാൻ തുടങ്ങി. ഇത് കണ്ട് കുറച്ചു നാൾ ഒരു സെൻട്രൽ എക്സ്സൈസ് കമ്മീഷണറും  കൊടി  വച്ച് നടന്നു.   ഇങ്ങിനെയുള്ള അനധികൃത  പ്രവൃത്തികൾ നിരോധിക്കുക വേണം.
ഗതാഗത വകുപ്പ് ആണ് ഉത്തരവ് പുറത്തിറക്കിയത്  അത് നടപ്പാക്കാനുള്ള കഴിവ് അവർക്കുണ്ടോ എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. അടുത്തിടെ ചുവന്ന ലൈറ്റ് മാറ്റില്ല എന്ന് പറഞ്ഞ് കൊല്ലം മേയർ പോലീസ് വാഹനത്തിനു മുൻപിൽ കുത്തിയിരുന്നത് നാം കണ്ടു. അതാണ്‌ കേരളത്തിലെ സ്ഥിതി.

No comments:

Post a Comment