2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അഴിമതി- മതി പ്രതിരോധ മന്ത്രി

ഇൻഡ്യൻ  നേവിയുടെ മറ്റൊരു അന്തർവാഹിനിയിലും തീ പിടിത്തം ഉണ്ടായിരിക്കുന്നു. രണ്ടു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേവിയുടെ ചീഫ് ജോഷി രാജി സമർപ്പിച്ചു. ശരിയായി പറഞ്ഞാൽ രാജി വയ്ക്കേണ്ടത് പ്രതിരോധ മന്ത്രി ആണ്. കഴിഞ്ഞ ആഗസ്റ്റ്‌ 14 നു ഇതേ ക്ലാസിലുള്ള മറ്റൊരു അന്തർവാഹിനി പൊട്ടിത്തെറിയിൽ തകർന്നു പോവുകയും 18 നേവിക്കാർ മരിക്കുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ ചെറുതും വലുതും ആയി 12 അപകടങ്ങളാണ് നേവിയിൽ ഉണ്ടായിട്ടുള്ളത്. ഇതിനൊന്നും ഒരു അന്വേഷണവും നടന്നതായി കേട്ടിട്ടില്ല. പ്രതിരോധ മന്ത്രാലയത്തി നല്ലേ ഇതിൻറെ ഉത്തരവാദിത്വം? അതിനു പകരം ജോഷിയുടെ രാജി വേഗത്തിൽ സ്വീകരിച്ച് ഇതിൽ നിന്നും തലയൂരാനുള്ള വ്യഗ്രതയാണ് മൻമോഹൻ സർക്കാർ കാണിച്ചത്.  ജോഷിയെ ബലിയാടാക്കി തടി രക്ഷിക്കാൻ പ്രതിരോധ മന്ത്രിയും.

മറ്റൊരു വശം കൂടിയുണ്ട്. എല്ലാ ആയുധ ഇടപാടിലും അഴിമതിയും കൈക്കൂലിയും ഉണ്ട്. ബൊഫൊർസ് അഴിമതിയുടെ കണക്കുകൾ എത്രയൊക്കെ മൂടി വച്ചിട്ടും ഇന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത് കാണാമല്ലോ. ഈ ആയുധങ്ങളുടെ  വില താരതമ്യം ചെയ്യാൻ പറ്റില്ല എന്ന നിലപാടാണ്   അഴിമതിക്ക്  കാരണം. ഓരോ ആയുധവും പ്രത്യേക രീതിയിൽ നിർമിച്ചതാണ് എന്നുള്ള നിർമാണ കമ്പനികളുടെ വാദം അംഗീകരിച്ചു സർക്കാർ അഴിമതിക്ക് കളമൊരുക്കുകയാണ്.അടുത്തിടെ നടന്ന ഹെലികോപ്ടർ അഴിമതിയിൽ കോണ്‍ഗ്രസ് പാർട്ടിക്ക് വലിയ പങ്കുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ടല്ലോ. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും കൈക്കൂലി കൊടുത്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി ശ്രീ ആന്റണി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ.

ഈ അപകടങ്ങളെല്ലാം മോശം ഉപകരണങ്ങൾ കാരണം സംഭവിച്ചി ട്ടുള്ളതല്ല എന്ന് പറയാൻ കഴിയില്ലല്ലോ.  കൈക്കൂലി കൊടുക്കുമ്പോൾ സാധനങ്ങളുടെ ഗുണ നിലവാരം കുറക്കാനുള്ള സാധ്യതയും ഉണ്ടല്ലോ. അതിനാൽ ഈ രീതിയിലുള്ള ഒരു അന്വേഷണം ഉടൻ നടത്തണം. അതിനു ശേഷം ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു പ്രതിരോധ മന്ത്രി രാജി വയ്ക്കണം. ആദർശ ധീരൻ ആണല്ലോ അദ്ദേഹം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ