2014, ഫെബ്രുവരി 12, ബുധനാഴ്‌ച

റെയിൽവേ ബഡ്ജറ്റ്

 ഇതാ മറ്റൊരു റെയിൽവേ ബഡ്ജറ്റ് കൂടി വന്നിരിക്കുന്നു. യു.പി.എ. സർക്കാരിന്റെ അവസാന ബഡ്ജറ്റ്. ( വോട്ട് ഓണ്‍ അക്കൌണ്ട് 2014). എല്ലാ കാലത്തെ എന്ന പോലെ ഇത്തവണയും കേരളത്തിന്‌ കുമ്പിളിൽ തന്നെ കഞ്ഞി. കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ പുറത്തുള്ള ഏതോ സാമന്ത സംസ്ഥാനം എന്ന രീതിയിൽ ആണ് കേന്ദ്രം എന്നും കേരളത്തോട് പെരുമാറിയിട്ടുള്ളത്. അവഗണനയുടെ കാഠിന്യം ഓരോ ബഡ്ജറ്റ്കഴിയുമ്പോഴും കൂടി ക്കൂടി വരുന്നു എന്ന് കാണാം. ഇത്തവണത്തെ ബഡ്ജറ്റിലും കേരളത്തിൻറെ അടിസ്ഥാന പരമായ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കുകയോ റെയിൽവേ വികസനത്തിനായി പണം വകയിരുത്തുകയൊ ചെയ്തിട്ടില്ല. കേരളത്തിൻറെ ഏറ്റവും അത്യാവശ്യമായ പാത ഇരട്ടിപ്പിക്കലിനും. വൈദ്യുതീകാരണത്തിനും ഒരു രൂപ പോലും ഇല്ല. പാലക്കാട് കോച്ച് ഫാക്ടറിയെ പറ്റിയും, ചേർത്തല വാഗണ്‍ ഫാക്ടറിയെ പറ്റിയും ഒരക്ഷരം പറയുന്നില്ല. നേമം റെയിൽവേ യാർഡ്‌നെപ്പറ്റി ഒന്നും ഇല്ല. ആകെ രണ്ടു തീവണ്ടി വരും എന്ന് പറയുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒരു തീവണ്ടി ഇതേ വരെ ഓടി തുടങ്ങിയിട്ടില്ല. അഥവാ വന്നാൽ തന്നെ ഇതെല്ലാം കൂടി എവിടെ ഓടും?പാളങ്ങൾ ഇപ്പോൾ തന്നെ അതിൻറെ പരമാവധിയിലും വളരെ കൂടുതൽ ഉപയോഗിക്കുകയാണ്. ഇടയ്ക്കിടെ പാളത്തിൽ വിള്ളൽ കാണുന്നത് ഇതിനാലാണ്.

കേരളത്തിൻറെ ന്യായമായ  ആവശ്യങ്ങൾ പർലമെന്റിലും കേന്ദ്ര റെയിൽ മന്ത്രാലയത്തിലും അവതരിപ്പിക്കാനും അവ നേടിയെടുക്കാനും ആണ് നമ്മൾ കുറെ എം.പി. മാരെ തെരഞ്ഞെടുത്തു ഡൽഹിക്ക് അയക്കുന്നത്. ആകെ 29 എം.പി.മാരാണ് കേരളത്തിൽ നിന്ന് പോയിരിക്കുന്നത്. ( 9 രാജ്യ സഭ ക്കാർ). മന്ത്രിമാരോ? അത് 8 എണ്ണം. കാബിനറ്റിലെ രണ്ടാമൻ ആയ, സോണിയയുടെ വിശ്വസ്തൻ, സർവ ശക്തനായ പ്രതിരോധ മന്ത്രി ആന്റണി ഉൾപ്പടെ. കാബിനറ്റ്‌ റാങ്കിൽ ഒരാൾ കൂടി. വയലാർ രവി. (ഇവരുടെ നാട്ടിലാണ് വാഗണ്‍ ഫാക്ടറി വരും എന്ന് പണ്ട് പറഞ്ഞത്.)  ഇത്രയും പേർ അവിടെ ഉള്ളപ്പോഴാണ് നമുക്ക് ഒന്നും കിട്ടാതെ പോകുന്നത്. ഇതിൻറെ അർഥം എന്താണ്?  ഇവരാരും കേരളത്തിൻറെ പ്രശ്നം കേന്ദ്രത്തിൽ അവതരിപ്പിക്കുന്നില്ല എന്നത് തന്നെ. ബഡ്ജറ്റ് കഴിഞ്ഞ ഉടനെയുള്ള ചാനൽ ചർച്ചയിൽ പി.സി.ചാക്കോ പറയുകയാണ്‌ കേരളത്തിൻറെ ആവശ്യങ്ങൾ മുൻ ഗണനാ ക്രമത്തിൽ എം.പി.മാർ  കേന്ദ്രത്തിൽ അവതരിപ്പിക്കാത്തതാണ് പ്രശ്നം എന്നാണു. അതാരുടെ കുറ്റമാണ്? എന്ത് കൊണ്ടാണ് അങ്ങിനെ ചെയ്യാത്തത്. അത് എം.പി.മാരുടെ കഴിവ് കേടല്ലേ? പെട്ടെന്ന് പൊട്ടി മുളയ്ക്കുന്ന ഒന്നല്ല ബഡ്ജറ്റ്. അതിന് വളരെ നേരെത്തെ തയ്യാറെടുപ്പുകൾ നടത്തുന്നു. അതനുസരിച്ച് കേരളത്തിൻറെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞു, ചർച്ച ചെയ്ത് കൂട്ടായി അവ നടപ്പിലാക്കിക്കിട്ടാൻ ശ്രമിക്കുകയാണ് വേണ്ടത്.ഏതെങ്കിലും ഒരു  ബഡ്ജറ്റിന് മുൻപ് അവർ ഇത്തരം ഒരു കർമം ചെയ്തിട്ടുണ്ടോ? ഇല്ല. പാർലമെന്റ് കൂടാത്ത വേളയിൽ അവർ വിമാനത്തിൽ നാട്ടിലേക്ക് ടൂർ വരും.ഇടതു എം.പി. മാർ പിണറായിയുടെ കാൽ തൊട്ടു വന്ദിച്ചു ഇവിടെ കഴിയും. കോണ്‍ഗ്രസ് എം.പി. മാരാകട്ടെ സുധാകരനെ പോലെ ഗ്രൂപ്പ് വഴക്കിനു തിരി കൊളുത്തി തിരിച്ചു പോകും. ഇവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് അന്വേഷിക്കാൻ തങ്ങളുടെ നിയോജക മണ്ഡലത്തിൽ ഒരു മീറ്റിംഗ് പോലും ഒരു എം.പി. പോലും ഇന്ന് വരെ വിളിച്ചു കൂട്ടിയിട്ടില്ല എന്നുള്ളത് അതിശയമായി തോന്നുന്നില്ലേ?

ഈ എം.പി. മാർക്ക് ഇതൊന്നും അറിഞ്ഞു കൂടാ എന്നൊന്നും ധരിക്കരുത്. അവർ  ചെയ്യുന്നില്ല എന്ന് മാത്രം. ഡൽഹിയിലെ സുഖ ജീവിതത്തിനിടയിൽ എന്തിനു നാടിനു വേണ്ടി ബുദ്ധി മുട്ടണം?  അഞ്ചു വർഷത്തേക്ക് ആർക്കും ഒന്നും ചോദിക്കാൻ അവസരം ഇല്ലല്ലോ. അത് കഴിഞ്ഞും രാഷ്ട്രീയ,ഗ്രൂപ്പ് കളികളിൽ എങ്ങിനെയെങ്കിലും അടുത്ത അഞ്ചു വർഷം വീണ്ടും കയറിക്കൂടാം. പിന്നെ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ താൽപ്പര്യം എടുക്കേണ്ടത് കേരള സർക്കാർ ആണ്. നമ്മുടെ സർക്കാരിന് അതിനും സമയമില്ല. ഗ്രൂപ്പ് കളിയിൽ മുഴുകിയിരിക്കുക ആണവർ. ചെന്നിത്തല ആഭ്യന്തര മന്ത്രി ആയതിലും സുധീരൻ പ്രസിഡണ്ട്‌ ആയതിലും തുടർച്ചയായി രണ്ടു തവണ തോറ്റതിൽ ഉള്ള ക്ഷീണത്തിൽ ആണ് ഉമ്മൻ ചാണ്ടി. അവർക്കൊക്കെ നാടിൻറെ കാര്യം നോക്കാൻ എവിടെ സമയം?

ഏതായാലും ഇതിനൊരു മാറ്റം വന്നേ മതിയാകൂ. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൻറെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിവില്ലാത്ത നിലവിലുള്ള രാഷ്ട്രീയ പാർട്ടികളും എം.പി.മാർ ആരും വീണ്ടും പാർലമന്റ് കാണില്ല എന്ന് ജനങ്ങൾ തീരുമാനിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ