2014, ഫെബ്രുവരി 8, ശനിയാഴ്‌ച

നിലവാരമില്ലാത്ത വൈസ് ചാൻസലർമാർ

മാർക്ക്‌ തിരുത്തിയവനും, രണ്ടാം തവണ പാസ്സായവനും ഒക്കെയാണ് ഇന്ന് കേരളത്തിലെ സർവകലാശാല കളുടെ വൈസ് ചാൻസലർ മാർ ആയി വരുന്നത്. പണ്ഡിത വരേണ്യർ അലങ്കരിച്ചിരുന്ന ആ പദവിയിൽ ആണ് ഇന്ന് അണ്ടനും അടകോടനും കയറിയിരുന്നു നിരങ്ങുന്നത് എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിനു സംഭവിച്ച അപചയം ആണ് കാണിക്കുന്നത്. അധികാരം നിലനിർത്തുകയും   പണം സമ്പാദിക്കുകയും മാത്രം ലക്ഷ്യമാക്കിയിട്ടുള്ള രാഷ്ട്രീയ കോമരങ്ങൾ ആണ് വിദ്യാഭ്യാസ മേഖലയിലെ  ഈ ദുര്യോഗത്തിന് കാരണം. വിവരവും,വിദ്യാഭ്യാസവും, കഴിവും,പാണ്ഡിത്യവും ഉള്ള ആളുകൾ ഇല്ലാത്തതിനാൽ അല്ല ഈ എഭ്യന്മാരെ വൈസ് ചാൻസലർ പദവിയിൽ കുടിയിരുത്തുന്നത്. വൈസ് ചാൻസലർ പദവി രാഷ്ടീയ പാർട്ടികൾക്കും ജാതികൾക്കും വീതം വച്ച് നൽകുന്നത് കൊണ്ടാണിത്. കേരള സർവകലാശാല നായർക്കൊ,ഈഴവനോ, ഒരു ഹിന്ദുവിനൊ, മഹാത്മാ ഗാന്ധി ഒരു ക്രിസ്ത്യാനിക്ക് (കേരള കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിന്), കോഴിക്കോട് തീർച്ചയായും ഒരു മുസ്ലീമിന് (അത് മുസ്ലിം ലീഗിന് തീറെഴുതിയിരിക്കുകയാണ്). ഇങ്ങിനെയാണ്‌  വിഭജനം. ഇത്തരത്തിൽ ആകുമ്പോൾ നിലവാരമുള്ള ഒരാളെ കണ്ടെത്താൻ പലപ്പോഴും കഴിയില്ല.  മുസ്ലിം ലീഗിനോട് കൂറുള്ള മുസ്ലീമും കേരള കോണ്‍ഗ്രസ്സിനോട് കൂറുള്ള ക്രിസ്ത്യാനിയും വേണമല്ലോ.

 അടുത്തിടെ മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ എ.വി.ജോർജ് കള്ള  ബയോ ഡേറ്റ നൽകിയതിന് ചാൻസലർ ആയ ഗവർണർ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ  ശക്തമായ പിന്തുണ ജോർജിന്  ഉള്ളത് കൊണ്ട് ഉമ്മൻ ചാണ്ടി അനുകൂലമായ  അഭിപ്രായം ഗവർണർക്ക് നൽകുകയും   ഗവർണർ അത് അംഗീകരിക്കുകയും ആയിരിക്കും അന്തിമമായി സംഭവിക്കുന്നത്‌. ഈ ഗവർണറും പണ്ടത്തെ രാഷ്ടീയക്കാരൻ ആണല്ലോ. അന്ന് രാഷ്ട്രീയത്തിൽ കാണിച്ച കൂറിന് പ്രതിഫലമായൊ, രാഷ്ടീയത്തിൽ നിന്നും ഒഴിവാക്കാനോ ആണല്ലോ ഗവർണർ ആക്കുന്നത്. 1993ൽ  യു.ഡി.എഫ്.ൻറെ നോമിനി ആയ ജെ.വി.വിളനിലം അംഗീകാരം ഇല്ലാത്ത ഡോക്ടറേറ്റ് കൊണ്ടാണ്   വൈസ് ചാൻസലർ ആയത് എന്ന് ആരോപണം വന്നിരുന്നു. ഇപ്പോഴിതാ കേരള സർവകലാശാലയിൽ രണ്ടാം വട്ടം എം.എസ്.സി. പാസ്സായ ഒരാളെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ ആൾക്ക് 60 വയസ്സ് തികയാറായത് കൊണ്ട് കാര്യങ്ങൾ നിയമത്തെ മാറി കടന്ന് ധൃതി പിടിച്ച് നടത്തുകയാണ്.

സമൂഹത്തിൽ അംഗീകാരം കിട്ടാൻ വേണ്ടി പേരിന് മുന്നിൽ  "അഡ്വ." എന്ന് വയ്ക്കാൻ മാത്രം  കോളേജിന്റെ പടി വാതിൽ കയറിയ  രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വമോ, അന്തസ്സത്തയൊ, ഭാവി തലമുറയ്ക്ക് അത് നൽകുന്ന പ്രയോജനമോ മനസ്സിലാകില്ല. ഇത്തരക്കാരെ തെരഞ്ഞെടുത്ത ജനം തന്നെ വിഡ്ഢി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ