2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

റെയിൽവേ വികസനം കേരളത്തിൽ






ഇന്നലെ തിരുവനന്തപുരം കൊച്ചു വേളിയിൽ ട്രെയിൻ ഷണ്ടിങ്ങ് നടത്തുമ്പോൾ ഒരു കോച്ച് തകർന്നു വീണു. എഞ്ചിനിൽ ഘടിപ്പിച്ച്‌ വലിച്ചു  നീക്കിയപ്പോൾ  പൊളിഞ്ഞു വീഴുകയായിരുന്നു.   ഷണ്ടിങ്ങിനിടെ ആയതു കൊണ്ട്    ഒരു വലിയ ദുരന്തം ഒഴിവായി. മലയാളി എന്നത്തേയും പോലെ ഭാഗ്യം കൊണ്ടാണ് ഇത്തവണയും രക്ഷപ്പെട്ടത്. യാത്രക്കിടെ ആയിരുന്നെങ്കിൽ പൊളിഞ്ഞു വീണ  കോച്ചിനോടോപ്പം മറ്റു കോച്ചുകളും മറിഞ്ഞേനെ.  കാലപ്പഴക്കം ചെന്ന കോച്ചു ആയിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്. നേരത്തെ ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഒരു തീവണ്ടിയുടെ കോച്ച് തകർന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിന്‌ എന്നും റെയിൽവേയുടെ അവഗണന മാത്രമാണുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് എടുത്ത് മാന്യമായി യാത്ര ചെയ്യുന്നവരാണ് കേരളത്തിൽ മലയാളികൾ. എന്നിരുന്നാലും റെയിൽവേ അധികൃതരുടെ അവഗണനയും ഉദ്യോഗസ്ഥരുടെ ഉപദ്രവവും ഏറ്റവും കൂടുതൽ കേരളത്തിൽ ആണുള്ളത്. ഡൽഹി റെയിൽ ഭവനിൽ ഇരിക്കുന്ന മാന്യ ദേഹങ്ങൾ ഇങ്ങ് തെക്കേ അറ്റത്ത്‌ കേരളം ( അത് പോലും നേരെ ഉച്ചരിക്കാൻ ഈ പൊട്ടന്മാർക്കു അറിയില്ല - "കേരൾ" എന്നാണവർ പറയുന്നത്. തിരുവനന്തപുരത്തിന്    "ത്രിവേന്ധ്രം" എന്നും) എന്നൊരു സംസ്ഥാനം ഉണ്ടെന്ന്  അംഗീകരിക്കുന്നില്ല. അതിനാൽ ഇവിടെ ഒരു റെയിൽവേ വികസനവും നടത്തുന്നുമില്ല. റിപ്പയറിനായി കോച്ചും മറ്റും ചെന്നയിൽ കൊണ്ട് പോകും. പകരം അവർ തരുന്നതോ അവിടെ ഉപയോഗിച്ച് പഴകിയ,കാലഹരണപ്പെട്ട കോച്ചുകളും.

 ഇതിൻറെയൊക്കെ പ്രധാന കാരണം ഇവിടെ കേരളത്തിൽ നട്ടെല്ലുള്ള ഭരണാധികാരികൾ ഇല്ലാത്തതാണ്. ഡൽഹിയിൽ ചെന്ന് അധികാരികളുടെയും മന്ത്രിമാരുടെയും മുന്നിൽ കവാത്ത് മറന്ന് പഞ്ച പുശ്ചം അടക്കി നിൽക്കുന്ന ഏറാൻ മൂളികൾ ആണവർ. തിണ്ണ മിടുക്ക് കാണിക്കാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ. ഇവിടെ കിടന്ന് വീമ്പിളക്കാൻ മാത്രം.  മറ്റൊരു കാര്യം ഇവരുടെ താൽപ്പര്യക്കുറവ്  ആണ്. എവിടെ പോകാനും വിമാനവും കൊടി വച്ച കാറും ഉള്ളപ്പോൾ ഇവർ എന്തിന് സാധാരണക്കാരെ പറ്റി ചിന്തിക്കണം?  ഈ സംഭവത്തിന്‌ ശേഷം നമ്മുടെ ആര്യാടൻ മന്ത്രി നിയമസഭയിൽ പറയുകയുണ്ടായി, കേരളത്തിൽ ഓടുന്ന 70% കോച്ചുകളും പഴയതും തുരുമ്പ് എടുത്തതും ആണെന്ന്! കൂടുതലും 25 വർഷത്തിൽ ഏറെ പഴക്കമുള്ളതാണെന്നും. ഒരു മന്ത്രി എന്ന നിലയിൽ വളരെ  നല്ല പ്രകടനം. അദ്ദേഹത്തിന് അഭിമാനിക്കാം. തിരുവനന്തപുരം -എറണാകുളം 216 കിലോമീറ്റർ ദൂരം ഡബിൾ ലൈൻ ആക്കാൻ 38 വർഷം കൊണ്ടും കഴിയാത്തവർ ആണ് നമ്മുടെ ഭരണാധികാരികൾ എന്നത് ലജ്ജ കൊണ്ട് നമ്മുടെ തല കുനിപ്പിക്കുന്നു. 

ഒ. രാജഗോപാൽ റെയിൽവേ സഹ മന്ത്രി ആയിരുന്നപ്പോൾ മാത്രമാണ് കേരളത്തിൽ എന്തെങ്കിലും വികസനം നടന്നത്. കേരള സർക്കാർ ചോദിക്കാതെ തന്നെ അർഹമായ സ്ഥാനം കേരളത്തിനു നൽകി. പുതിയ പാളങ്ങളും, തീവണ്ടികളും, സ്റ്റെഷനും,  വൈദ്യുതീകരണവും, തുടങ്ങി വൻ വികസനമാണ് ആ കാലഘട്ടത്തിൽ നടന്നത്. അതിനു മുന്നും പിന്നും എല്ലാം ശൂന്യം. ബി.ജെ.പി.സർക്കാരിന്റെ ഔദാര്യത്തിൽ ആണ് കേരളത്തിന്‌ മന്ത്രിയെ തന്നത്. മദ്ധ്യപ്രദേശിൽ നിന്നും രാജ്യ സഭയിൽ കൊണ്ട് വന്ന്‌ അദ്ദേഹത്തെ മന്ത്രി ആക്കിയത്. ഇന്നിതാ പറഞ്ഞു വച്ച പാലക്കാട് കൊച്ച് ഫാക്ടറി നഷ്ട്ടപ്പെടാൻ പോകുന്നു. ചേർത്തല വാഗണ്‍ ഫാക്ടറിയ്ക്കും അതെ ഗതി വരാൻ പോകുന്നു. അങ്ങിനെ വാഗ്ദാനങ്ങൾ പലതും നഷ്ട്ടപ്പെടും. യാത്രയിൽ പൊളിഞ്ഞ് തെറിച്ചു പോകുന്ന കോച്ചുകളുമായി ആജീവനാന്തം നമ്മൾ കഴിയേണ്ടി വരും. വരുന്ന കേന്ദ്ര മന്ത്രി സഭയിലും രാജഗോപാലിന് സാധ്യത ഉണ്ട്. തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങൾ തീരുമാനിക്കട്ടെ.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ