Tuesday, February 18, 2014

രാജീവ് ഗാന്ധി വധം

ചരിത്ര പ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി രാജീവ് ഗാന്ധി വധ  കേസിലെ 3 പ്രതികളുടെ വധ ശിക്ഷ ജീവ പര്യന്ത മാക്കി ഇളവു ചെയ്തു.  ഇവരുടെ ദയാഹർജി നീണ്ട 11 വർഷം ആണ് ദയക്ക് വേണ്ടി  രാഷ്ട്രപതിയുടെ മുൻപിൽ  കാത്തു കിടന്നത്. യാതൊരു കാരണവും കാണിക്കാതെ ഈ പതിനൊന്നു വർഷം തീർപ്പാക്കത്തതു  ആയിരുന്നു വധ ശിക്ഷ ഇളവു ചെയ്യാൻ സുപ്രീം കോടതി കാരണമായി പറഞ്ഞത്.ദയാ ഹർജി തീർ പ്പാക്കുന്നതിൽ  ന്യായമായ സമയ പരിധി രാഷ്ട്രപതിയെ ധരിപ്പിക്കുവാനുള്ള ധാർമിക ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും കോടതി പറഞ്ഞു. 23 വർഷമായി ജയിൽ വാസം അനുഭവിക്കുന്ന ഈ പ്രതികൾക്ക് മോചനം നൽകാൻ സംസ്ഥാന സർക്കാറിന് കഴിയും എന്ന് കൂടി കോടതി പറഞ്ഞു.

ദയാ ഹർജികൾ തീർപ്പാക്കാതെ ഇങ്ങിനെ നിർത്തുന്നത് കേന്ദ്ര സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണ്. പലപ്പോഴും രാഷ്ടീയ കാരണങ്ങൾ ആണ് ഇതിനു പുറകിൽ. തമിഴ് നാടിലെ വോട്ട് ബാങ്ക് നഷ്ട പ്പെടാതിരിക്കാനാണ് ഈ ക്രൂരത കാട്ടിയത്. മൊത്തം 23 വർഷത്തെ ജയിൽ വാസം. തലയ്ക്കു മുകളിൽ കൊലക്കയർ തൂങ്ങി കിടന്നു കൊണ്ടുള്ള കൊല മരത്തിന്റെ നിഴലിലെ  11 വർഷത്തെ ജയിൽ വാസം. എന്തിനാണീ കൊടും ക്രൂരത? തമിഴ് നാട്ടിലെ കോണ്‍ഗ്രസ്സുകാരെയും ദ്രാവിഡ കഴകങ്ങളെയും ഒരു പോലെ സന്തോഷിപ്പിക്കാൻ ഉള്ള കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അവരുടെ സർക്കാരിന്റെയും കള്ളക്കളി ആയിരുന്നു ഇതിനു പുറകിൽ.  രാജീവ് ഗാന്ധി വധ കേസ് അന്വേഷണം തന്നെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 

സുരക്ഷാ വീഴ്ചകളെ കണ്ടു പിടിക്കാൻ നിയോഗിച്ച ജസ്റ്റ്. ജെ.എസ്. വർമ കമ്മീഷൻ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സുരക്ഷാ ക്രമീകരണങ്ങൾ പലതും തകരാറിൽ ആക്കി എന്നുള്ള പ്രധാന കാര്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നരസിംഹ റാവു സർക്കാർ  ആദ്യം ഇതിനെ തള്ളുകയും പിന്നീട് വലിയ സമ്മർദത്തിൻറെ പേരിൽ ഇത് സ്വീകരിക്കുകയും ചെയ്തു. പക്ഷെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അട്ടി മറിയെ പറ്റി /  പങ്കിനെ പറ്റി  ഒരു നടപടിയും എടുക്കാതെ അത് പൂഴ്ത്തി വച്ചു. ഏറ്റവും അവസാനം വന്നത് അന്വേഷണ സംഘത്തിലെ എസ്.പി. വി.ത്യാഗ രാജൻ ഐ.പി.എസ്.പറഞ്ഞതായിരുന്നു. "എന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലായിരുന്നു" എന്നാണു പേരറിവാളൻ പറഞ്ഞത്. മൊഴി, പറയുന്നത് പോലെ ഓരോ വാക്കും  റിക്കോർഡ്‌ ചെയ്യണം എന്നാണ്  നിയമം അനുശാസിക്കുന്നതെങ്കിലും ഈ കുറ്റ സമ്മത മൊഴി ഇപ്പറഞ്ഞത്‌ ഇല്ലാതെയാണ് താൻ റിക്കോർഡ്‌ ചെയ്തത്‌ എന്ന് അടുത്ത കാലത്ത്  ത്യാഗ രാജൻ കുറ്റസമ്മതം നടത്തിയിരുന്നു. അങ്ങിനെ പലതും പുറത്തു വന്നു, പലതും പുറത്തു വരാതെ കിടക്കുന്നു. രാജീവ് ഗാന്ധിയുടെ വധം പൂർണമായും രാഷ്ട്രീയമായി മുതലെടുക്കണം എന്നുള്ള കോണ്‍ഗ്രസ് തന്ത്രം വിജയിച്ചു.  ഏതായാലും വധ ശിക്ഷയിൽ നിന്നും ഇവർ ഒഴിവായല്ലോ. അത്രയും നന്നായി.

No comments:

Post a Comment