2014, ഫെബ്രുവരി 16, ഞായറാഴ്‌ച

കേരള വികസനം

കേരളത്തിൻറെ വികസനം നരേന്ദ്ര മോഡിയെ കാണിക്കാനായി കേരള സർക്കാർ ഒരു പരസ്യം ഒരു ഗുജറാത്തി ദിന പത്രത്തിൽ നൽകിയിരിക്കുന്നു!കോഴിക്കോട് സൈബർ പാർക്കിൻറെ പരസ്യമാണ് കൊടുത്തിരിക്കുന്നത്‌. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ആയിരിക്കും  ഈ കുനഷ്ട്ട്ട് ബുദ്ധി ഉദിച്ചത് എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട. കാരണം എന്നൊക്കെ അധികാരത്തിൽ വന്നോ അന്നൊക്കെ വ്യവസായ വകുപ്പ് സ്ഥിരം കൈക്കലാക്കി വച്ചിരുന്ന അദ്ദേഹത്തിൻറെ കീഴിൽ കേരളത്തിലെ വ്യവസായം ആകെ മുരടിച്ചു പോയിരിക്കുകയാണ്. അപ്പോൾ പരസ്യത്തിൽ കൂടെയെങ്കിലും    വ്യവസായം ഒന്ന് വികസിപ്പിച്ചു കാണിക്കണ്ടേ? അതിനുള്ള എളുപ്പ വഴി ഇതാണല്ലോ. അല്ലെങ്കിൽ തന്നെ കേരളത്തിൻറെ വികസനം എല്ലാം ഇപ്പോൾ നടക്കുന്നത് പത്ര പരസ്യങ്ങളിലൂടെ മാതമാണ്.മുഖ്യ മന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വെളുക്കെ ചിരിക്കുന്ന പടങ്ങൾ അടങ്ങിയ പരസ്യങ്ങൾ ആണ് എല്ലാ ദിവസങ്ങളിലെയും പത്രങ്ങളിൽ. 1000 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെയും, കാരുണ്യ ഭാഗ്യക്കുറിയുടെയും, നിർഭയ കേരളത്തിന്റെയും തുടങ്ങി സർക്കാർ ഇന്ന് പത്ര  പരസ്യങ്ങളിൽ മാത്രമാണ് നില നിൽക്കുന്നത്. എത്രയെത്ര കോടി രൂപയാണ് ഇങ്ങിനെ അനാവശ്യമായി ഉമ്മൻ ചാണ്ടി സർക്കാർ സർക്കാർ ഖജനാവിൽ നിന്നും എടുത്തു നശിപ്പിക്കുന്നത്?

നരേന്ദ്ര മോഡി ഗുജറാത്ത്-കേരള വികസനങ്ങളെ തൻറെ പ്രസംഗത്തിൽ താരതമ്യം ചെയ്തിരുന്നു. 1998ൽ ആണ് എൽ.എൻ.ജി.ടെർമിനൽ ഗുജറാത്തും കേരളവും തുടങ്ങിയത്.ഗുജറാത്ത്  2004ൽ 2000 കോടി ചിലവിൽ അത് പൂർത്തീകരിച്ചു. കേരളമോ? 16 വർഷത്തിനു ശേഷം   2014 ൽ. രണ്ടു മൂന്നാഴ്ച മുൻപേ. അതും  4200 കോടി രൂപ ചിലവിൽ. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ കേരള വികസന മോഡൽ.  5 ദശ ലക്ഷം ടണ്‍   സ്ഥാപിത ശേഷിയുടെ 10 ശതമാനം കുറവാണ്  ഈ എൽ.എൻ.ജി.ടെർമിനൽ പ്രവർത്തിക്കുന്നത്. അതിനാൽ നഷ്ട്ടത്തിലുമാണ്. ഇങ്ങിനെ പോയാൽ ഇത് മൊത്തം നഷ്ടം ആയിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി പറയുകയുണ്ടായി.  1991-96 ൽ 5 വർഷം 2001-2006ൽ 5 വർഷം ഇപ്പോൾ 3 വർഷം, അങ്ങിനെ 13 വർഷം വ്യവസായ മന്ത്രി ആയതിന്റെ വികസനം ആണ് ഇന്ന് കേരളത്തിൽ കാണുന്നത്. ഗുജറാത്തിൽ ചെറുകിട വ്യവസായ വികസനത്തിന്‌ ഇൻഡസ്റ്റ്രിയൽ എസ്റ്റെറ്റ്കൾ വളരെ സഹായം ചെയ്തു. കേരളത്തിൽ തുടങ്ങിയവ യെല്ലാം ഇന്നെവിടെയാണ്‌? എല്ലാം നശിച്ച് അന്യാധീന പെട്ടു പോയി. സോപ്പ്,ചീപ്പ്,കണ്ണാടി,പൌഡർ, പേസ്റ്റ്, ഉടുതുണി,ചെരുപ്പ്‌, പേന,ബുക്ക്, പെയിന്റ്, എന്ന് വേണ്ട ഉപ്പ് തൊട്ട്‌ കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾ  എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരേണ്ടി ഇരിക്കുന്നു. ഇതാണ് കേരള മോഡൽ വികസനം. കൊച്ചി നഗരത്തിൻറെ ഹൃദയ ഭാഗത്തുള്ള സ്ഥലം സ്മാർട്ട് സിറ്റി എന്ന പേരിൽ വിദേശ വ്യവസായികൾക്ക്  തീറെഴുതി കൊടുത്തതല്ലേ ഐ.റ്റി. മേഖലയിലെ വികസനം? കേരളത്തിൻറെ വ്യവസായ വികസനം പ്രസംഗത്തിലും, പത്ര പരസ്യങ്ങളിലും റിയൽ എസ്റ്റെറ്റ് വ്യവസായത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നു. ഇപ്പോഴിതാ കേരള വികസനം ഗുജറാത്തിലും എത്തിച്ചിരിക്കുന്നു.

2 അഭിപ്രായങ്ങൾ: