2016, ഡിസംബർ 9, വെള്ളിയാഴ്‌ച

തിന്മയുടെ വിത്ത്

Image result for illegal construction in munnar




ഹരിത കേരളം എന്നൊരു മിഷനും കൊണ്ട് ഇതാ കേരള സർക്കാർ ഇറങ്ങിയിരിക്കുന്നു.കേരളത്തിലെ പ്രകൃതിയും ജലസ്രോതസ്സും സംരക്ഷിക്കാനും നമ്മുടെ നാട്ടിൽ കൃഷി പുനരുജ്ജീവിപ്പിക്കാനും ഒക്കെയാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. അങ്ങനെയൊക്കെയാണ് മുഖ്യമന്ത്രി എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഒരേ ലേഖനം എഴുതി എല്ലാ പത്രത്തിനും നൽകിയതായിരിക്കാം. പക്ഷേ ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തി മനോരമ ഇട്ടു. ചില വാചകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഏതാണ്ട് അത് പോലെ തന്നെ. അത്രയും വിധേയത്വം കാണിക്കാതെ മാതൃഭൂമിയാകട്ടെ അത് കുറെയേറെ എഡിറ്റ് ചെയ്തു കളഞ്ഞു. തിരുവനന്തപുരത്തു നിന്നും വടക്കോട്ടു പോകുംതോറും എഡിറ്റിങ് കൂടി കൂടി വന്നു.അതൊക്കെ പോകട്ടെ. അതല്ല വിഷയം.

എന്തെല്ലാം മോഹന വാഗ്‌ദാനങ്ങൾ ആണ് പിണറായി വിജയൻ ആ ലേഖനത്തിൽ കൂടി നൽകിയിരിക്കുന്നത്! കേരളത്തിലെ ''വായു,ജല ഖര മലിനീകരണം'' തടയുക, ''വന സമ്പത്തും ജല സമ്പത്തും സംരക്ഷിക്കലും വ്യാപ്തി വർധിപ്പിക്കലും'' ഒക്കെയാണ്  ഹരിത കേരളം പദ്ധതിയിലൂടെ നടപ്പാക്കണം എന്ന് മുഖ്യ മന്ത്രി ഉദ്‌ബോധനം നടത്തുന്നത്. ഇപ്പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥയുണ്ടോ മുഖ്യ മന്ത്രിയ്ക്ക്? അദ്ദേഹം എഴുതിയതല്ല ഈ ലേഖനം എന്ന് എല്ലാവർക്കും അറിയാം. അതിനൊക്കെയാണെല്ലോ ഗോസ്റ്റ് റൈറ്റേഴ്സിനെ നിയമിച്ചിരിക്കുന്നത്. പക്ഷെ എന്തൊക്കെ ആണ് എഴുതിയിരിക്കുന്നത്എന്നൊന്നു വായിച്ചു കേൾപ്പിക്കാൻ  എങ്കിലും ഈ ശമ്പള എഴുത്തുകാരോട് ഒന്ന് പറയുക എങ്കിലും ചെയ്തു  കൂടായിരുന്നോ? എല്ലാം ശുദ്ധ കള്ളം. എഴുത്തൊന്ന് പ്രവൃത്തി മറ്റൊന്ന്.

രണ്ടു ദിവസം മുന്നേയാണ് ക്വാറി മുതലാളിമാർ സുപ്രീം കോടതിയിൽ പോയത്. 5 ഏക്കറിൽ താഴെയുള്ള ക്വാറികൾക്കും പരിസ്ഥിതി അനുമതി വേണം എന്ന ഹൈക്കോടതിയുടെ വിധിയ്ക്കെതിരെയാണ് ഇവർ സുപ്രീം കോടതിയിൽ പോയത്.  ഹരിത കേരളം കൊണ്ടു വന്ന കേരള സർക്കാർ അവിടെ എന്ത് നിലപാടാണ് എടുത്തത് എന്നറിയാമോ? ക്വാറി മുതലാളിമാർക്ക് അനുകൂല നിലപാട്. അതായത് ക്വാറികൾക്ക് പരിസ്ഥിതി അനുമതി വേണ്ട എന്ന് കേരളം പറഞ്ഞു. സുപ്രീം കോടതി കേരള സർക്കാരിനെ ഇതിന്റെ പേരിൽ നിശിതമായി വിമർശിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറി മാഫിയയെ സഹായിരിക്കുന്ന ഈ സർക്കാരാണ് പരിസ്ഥിതി സംരക്ഷണം നടത്തും എന്ന് പ്രസ്താവന ഇറക്കുന്നത്.

അടുത്തിടെ ഇറങ്ങിയ മറ്റൊരു തീരുമാനവും ഇവരുടെ പ്രകൃതി സ്നേഹം വെളിവാക്കുന്നു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളെ എല്ലാം നിയമ വിധേയം ആക്കും എന്നത്. തീരദേശ പരിപാലന നിയമങ്ങളും,തണ്ണീർത്തട നികത്തൽ നിയമങ്ങളും,വന സംരക്ഷണ നിയമങ്ങളും,വയൽ നികത്തൽ നിയമങ്ങളും ഒക്കെ ലംഘിച്ചു കൊണ്ട് പരിസ്ഥിതി നാശം വരുത്തി വച്ച് കൊണ്ട്  ഭൂ മാഫിയയും വൻ കിട കെട്ടിട നിർമാണക്കാരും റിസോർട്ട് മാഫിയയും ഒക്കെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഫ്‌ളാറ്റ് സമുച്ചയങ്ങളും റിസോർട്ടുകളും ഒക്കെയാണ് നിയമ വിധേയം ആക്കാൻ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.മൂന്നാറിലുംവായനാടിലും വനം  കയ്യേറി നിർമിച്ച റിസോർട്ടുകൾ കോവളത്തും വർക്കലയിലും മാരാരിക്കുളത്തും കടൽത്തീരം കയ്യേറി നിർമിച്ച ഹോട്ടലുകൾ,പുഴയും കായലും കയ്യേറി നിർമിച്ച കെട്ടിടങ്ങൾ ഇവയൊക്കെയാണ്  വിധേയമാക്കുന്നത്. 

പിണറായി സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആത്മാർഥത ഇതിൽ നിന്നും മനസ്സിലാകുമല്ലോ,ഇങ്ങിനെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പിണറായി സർക്കാർ ആണ്  " ദീർഘ നാളുകളിലെ തെറ്റായതും അശാസ്ത്രീയവും  ആയ പ്രകൃതി ചൂഷണത്തിലൂടെ തകർന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണം "  എന്ന് പറഞ്ഞു ഹരിത കേരളവും ആയി വരുന്നത് .ഇത് വെറും തട്ടിപ്പു ആണ്, ജനങ്ങളുടെ പണം  കുറെ രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൂടി പങ്കിട്ടെടുക്കാനുള്ള ഒരു പദ്ധതി ആണ് ഹരിത കേരളം. പരിസ്ഥിതി നശിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങളും നിയമങ്ങളും ഈ സർക്കാർ ആദ്യം മാറ്റട്ടെ. അത് കഴിഞ്ഞു ആർജവത്തോടെ വരട്ടെ ''ഹരിത കേരളം' എന്ന ''നന്മയുടെ വിത്തിടാൻ''. അല്ലെങ്കിൽ ഈ സർക്കാർ വിതയ്ക്കുന്ന വിത്തെല്ലാം തിന്മയുടേതാകും. ആ വിത്തുകൾ പാറമടകളിലും,  വരണ്ട പുഴകളിലും,പാടത്തും കിടന്നു പ്രകൃതി നാശത്തിന്റെ മുളകളായി നാമ്പെടുക്കും. നാട് നശിക്കും.    

1 അഭിപ്രായം:

  1. രണ്ടര സഹസ്രം മുമ്പ് 70% കാടും,
    വർഷത്തിൽ എഴ് മാസം കിട്ടുന്ന മഴയാൽ
    നിറഞ്ഞൊഴുകുന്ന 45 പുഴകളും ,അതിലേറെ
    തോടുകളും നിറഞ്ഞ പ്രദേശങ്ങൾക്ക് , കുറുകെ
    കിടക്കുന്ന കൊച്ച് കൊച്ച് തുരുത്തുകളിലും , ചുറ്റുമുള്ള
    കായലുകളിലും - കുടി വെച്ച് , ഇര തേടി , അന്നമുണ്ടാക്കി
    ജീവിച്ച നമ്മുടെ പൂർവ്വികരുടെ ചരിത്രം ഇങ്ങിനെയുള്ള പ്രകൃതി
    സ്നേഹം മുന്നോട്ട് പോകുകയാണേൽ അടുത്ത മൂന്ന് തലമുറകൂടി
    കഴിഞ്ഞാൽ കേരള മരുഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് പഠിക്കാം

    മറുപടിഇല്ലാതാക്കൂ