Sunday, December 4, 2016

ദേശീയ ഗാനം.

 സിനിമ തുടങ്ങുന്നതിനു മുൻപ് എല്ലാ സിനിമാ തിയേറ്ററുകളിലും ദേശീയ ഗാനം ഇടണം എന്ന് സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ആ സമയം ദേശീയ പതാക സ്‌ക്രീനിൽ കാണണമെന്നും എല്ലാവരും എഴുനേറ്റു നിൽക്കണമെന്നും ആണ് നിർദ്ദേശം.

'' അടുത്ത കാലത്തു ജനം പലതും വായിക്കുന്നുവെങ്കിലും ദേശീയതയെ കുറിച്ചുള്ള കാര്യങ്ങൾ പഠന വിധേയമാക്കാറില്ല. ആഗോളീകരണം ഒക്കെ ശരി  തന്നെ പക്ഷേ സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഒക്കെ ഉറവിടം ആണ് ഭാരതം. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ആദരവ് നൽകുന്ന ഒരു രാഷ്ട്രമാണ് ഭാരതം എന്ന് ജനങ്ങൾക്ക് അനുഭവവേദ്യമാകണം.'' -സുപ്രീം കോടതി പറഞ്ഞു. 

ഇതിനെതിരെ പലരും  രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുഎന്നും അതിലേക്കുള്ള ഒരു കടന്നു കയറ്റം ആണെന്നും ഒരു കൂട്ടം  പറയുന്നു. മറ്റൊരു കൂട്ടരാകട്ടെ രാജ്യ സ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നും.

പണ്ടും സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ഇടുന്ന പതിവ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ ഉടൻ ദേശീയ ഗാനം. അത് പോലെ വൈകുന്നേരം പള്ളിക്കൂടം വിടുന്നതിനു മുൻപ് ജനഗണ മന ആലപിക്കുന്ന പതിവ് ഉണ്ടായിരുന്നു. (ജനഗണ മന എന്നായിരുന്നു കുട്ടികൾ പറഞ്ഞിരുന്നത്). അത് പോലെ പൊതു ചടങ്ങുകളിൽ അവസാനം  ദേശീയ ഗാനം ആലപിക്കാറുണ്ടായിരുന്നു.   അങ്ങിനെ ദേശീയ ഗാനം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

കാല ക്രമേണ  ദേശീയ ഗാനം ആലപിക്കുന്നത് ഒഴിവാക്കിത്തുടങ്ങി. പൊതു ചടങ്ങുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ദേശീയ ഗാനത്തെ ഒഴിവാക്കിയത്  ബോധ പൂർവമായിരുന്നോ എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു. ദേശീയ ഗാനം ഒരു ദേശീയത ബോധം ഉണർത്തും എന്നൊരു ചിന്ത ആയിരിക്കാം അതിനെ ബുദ്ധിപൂർവം ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഈ വിധി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.സർവ സ്വതന്ത്ര സ്വാതന്ത്ര്യം അല്ലല്ലോ ലോകത്തു ഒരു രാജ്യത്തും. എല്ലായിടത്തും നിയന്ത്രണ വിധേയമായ സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ.നിരത്തിൽ വാഹനം ഓടിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിയമങ്ങൾക്കു അനുസരിച്ചു വേണം. അത് പോലെ സ്വന്തം മുറിയുടെ ഭിത്തികൾക്ക് അകത്ത്  നഗ്‌നത ആകാമെങ്കിലും സ്വാതന്ത്ര്യം എന്ന് പറഞ്ഞു പൊതു സ്ഥലത്തു നഗ്‌നത പാടില്ലല്ലോ. സ്വന്തം വീടിന്റെ ബാൽക്കണിയിൽ പോലും നഗ്‌നതാ പ്രദർശനം പാടില്ല. എല്ലാ സ്വാതന്ത്ര്യവും നിയമങ്ങൾക്കും അതിലൂടെയുള്ള നിയന്ത്രണങ്ങൾക്കും വിധേയമാണ് .അത് കൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന വാദഗതി തീർത്തും ബാലിശമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ വേണമെന്നുള്ളവർ എണീറ്റ് നിന്നാൽ മതി എന്ന് കേരളത്തിൽ മന്ത്രി ബാലൻ പറയുകയുണ്ടായി. അദ്ദേഹം വക്കീൽ പരീക്ഷ പാസായ ആളാണെന്നു തോന്നുന്നു. എന്നിട്ടു പോലും സുപ്രീം കോടതി വിധിയെ ഇങ്ങിനെ ധിക്കരിക്കാൻ  പ്രേരിപ്പിച്ചത് എന്താണെന്നു മനസ്സിലാകുമല്ലോ. നിയമ സഭയിൽ സ്പീക്കർ പ്രവേശിക്കുമ്പോൾ എല്ലാവരും എണീക്കുന്നു. അതെന്തിനാണ്? ആ  കൂട്ടത്തിൽ ശ്രീ ബാലൻ എണീക്കാറില്ലേ? അതോ വേണമെങ്കിൽ എണീറ്റാൽ മതി എന്ന നിലപാടാണോ അവിടെ അദ്ദേഹം എടുക്കുന്നത്?

രാജ്യ സ്നേഹം അടിച്ചേൽപ്പിക്കുന്നു എന്ന് പറയുന്നു ചിലർ. ഒരു രാജ്യത്തുള്ളവർ ആ രാജ്യത്തോട് കൂറ് പുലർത്താൻ ബാധ്യസ്ഥരാണ്.അത് ഭാരതത്തിൽ മാത്രമല്ല ലോക രാജ്യങ്ങളിൽ എല്ലായിടത്തും ഉള്ള നിയമം തന്നെയാണ്. കൂറ് പുലർത്താത്തവരെയാണ് രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത്. അപ്പോൾ രാജ്യ സ്നേഹം നിർബന്ധിതമാണ്. അത് അടിച്ചേൽപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അത് മനസ്സിലാക്കിക്കൊടുക്കുക ആണ് ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്.

ഇതൊന്നും അറിയാത്തവരല്ല ഈ വിധിക്കെതിരെ പറഞ്ഞു  നടക്കുന്നവർ. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നവർ ആണവർ. ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്നവർ. 

ദേശീയ ഗാനം തിയേറ്ററുകളിൽ ആലപിക്കുകയും അപ്പോൾ ബഹുമാന സൂചകമായി എണീറ്റ് നിൽക്കുകയും ചെയ്‌താൽ എന്താണ് ദോഷം വരുന്നത്? 
8 comments:

 1. സ്കൂളിൽ പഠിക്കുന്ന കാലത്ത് 'അഖിലാണ്ടമണ്ഡലം' തുടക്കത്തിലും വൈകീട്ട് 'ജനഗണമനയു.' സ്ഥിരമായി പാടിയിരുന്നു. പിന്നീടെപ്പോഴൊ എന്തോ കാരണത്താൽ അത് നിർത്തലാക്കി. വളരെ വർഷങ്ങൾക്ക് ശേഷം ഇന്നലെ തീയറ്ററിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയഗാനം ദേശീയ പതാകയുടെ സാന്നിദ്ധ്യത്തിൽ എഴുന്നേറ്റ് നിന്നത് കേട്ടപ്പോൾ വാസ്തവത്തിൽ അഭിമാനം തോന്നി.

  തീയറ്ററിൽ എല്ലാവരും അത് അനുസരിക്കുന്നുണ്ടായിരുന്നു, ഒരു ചെറുപുഞ്ചിരിയോടെ. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ ആത്മാവ് ഇതല്ലെ. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു ....

  ReplyDelete
  Replies
  1. അതെ വി.കെ. അഖിലാണ്ഡമണ്ഡലം ഗത കാല സ്മരണകൾ ഉണർത്തുന്നു

   Delete
  2. പിന്നെ
   അവനവന്റെ ദേശീയ ഗാനത്തോട്
   എന്നും ആദരവ് കാണിക്കുന്നത് കാണണമെങ്കിൽ
   പ്രവാസിയായി മറ്റു രാജ്യങ്ങളിൽ ചെന്നാൽ മാത്രം മതി

   Delete
  3. ഭരണാധികാരികളുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടാകാം.ആശയ പരമായും ( ആർക്കാണ് ആശയം ഉള്ളത് എന്നത് മറ്റൊരു ചോദ്യം) പക്ഷേ രാജ്യത്തോട് തന്നെ എതിർപ്പ്. അതാണിവിടെ സംഭവിക്കുന്നത്. അമിത സ്വാതന്ത്ര്യത്തിന്റെ ഫലം മുരളീ.

   Delete
 2. ഈ പോസ്റ്റ്‌ ചില പുതിയ കാഴ്ചപ്പാടുകള്‍ നല്‍കി. പല കാര്യങ്ങളോടും യോജിക്കുന്നു

  ReplyDelete
  Replies
  1. നമ്മൾ ആരെയാണ് എതിർക്കുന്നത്? നമ്മുടെ രാജ്യത്തെ തന്നെയോ? അതാണിവിടെ കാണുന്നത് അന്നൂസ്

   Delete
 3. ഏതു കര്യവും തുടങ്ങും മുന്‍ പ് പാര്‍ട്ടിസൂക്ത്ങ്ങള്‍ ഉരുവിടണമെന്ന് വന്നാല്‍.........ഇവനെല്ലാം തലേം കുത്തിനിന്ന് ഉച്ചത്തില്‍ പാടും 'അമ്മേ ചുമന്ന ഭൂവേ ചുമന്ന മണ്ണേ ..........'

  ReplyDelete
 4. ദേശീയഗാനം പാടണം എന്നുള്ള കാര്യത്തിൽ
  യോജിപ്പാണ് സർ..അത് സ്കൂളുകളിലും കോടതിയിലുമൊക്കെ നിർബന്ധമാക്കണം എന്റെ പക്ഷം

  ReplyDelete