Thursday, December 15, 2016

ഒരു സിനിമാ കഥ

6 മണി. നേരം വെളുത്തു വരുന്നതേയുള്ളൂ. മൂടൽ മഞ്ഞു മാറിയിട്ടില്ല. ഇരുട്ടും. ക്യൂ നീണ്ടു കഴിഞ്ഞിരുന്നു.വേഗം  ക്യൂ വിനു  പിന്നിൽ കയറി.ഡിസംബർ മാസത്തിലെ തണുപ്പ് സ്വെറ്ററിനുള്ളിലേയ്ക്കും അരിച്ചു  കയറുന്നു. കൈകൾ പോക്കറ്റിനുള്ളിൽ തിരുകി കാത്തു നിന്നു. അനന്തമായ കാത്തു നിൽപ്പ്. ................  

ഗോവയിൽ സ്ഥിരം വേദി ആക്കുന്നതിനു മുൻപ്  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യ (IFFI) ഡൽഹിയിൽ ആയിരുന്നു. കണാട്ട് പ്‌ളേസ്  മുതൽ ആർ.കെ.പുരം-വസന്തവിഹാർ വരെ നീണ്ടു കിടക്കുന്ന പത്തു പന്ത്രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കുറെ തിയേറ്ററുകളിൽ  നടത്തുന്ന മേള.  ഓരോ തിയേറ്ററിനും ഓരോ പാസ്സ് സംവിധാനം ആയിരുന്നു. ഒരാഴ്ചത്തെ പാസ്. ഈവനിംഗ് ഷോ ആണെങ്കിൽ ഒരാഴ്ചത്തെ ഈവനിംഗ് ഷോ പാസ്സ്. കുറച്ചു ടിക്കറ്റുകൾ ദിവസവും കൊടുക്കും. കാലം കുറെ മുൻപാണ്. നല്ല  വിദേശ ചിത്രങ്ങൾ കാണാനുള്ള അവസരം ആണ് മേള ഒരുക്കുന്നത്. അന്ന്  ഇന്റർനെറ്റും മറ്റും ഒന്നുമില്ല. അത് കൊണ്ട് നല്ല വിദേശ സിനിമയ്ക്ക് ചലച്ചിത്ര  മേള തന്നെ ശരണം.

തിരക്ക് അപാരം. മത്സര വിഭാഗം, ലോക സിനിമ, ലോക ക്ലാസ്സിക് എന്നൊക്കെയുള്ള വിഭാഗങ്ങൾ ഉണ്ട് . അവയ്ക്കു  പുറമെ മറ്റൊരു പ്രധാന വിഭാഗമുണ്ട്. അതിനാണ് ഏറ്റവും കൂടുതൽ തിരക്ക്. ടിക്കറ്റ് ബ്ളാക്കിൽ പോകും. ഉന്തും തള്ളും അടിയും ഒക്കെ നടക്കും ടിക്കറ്റ് കിട്ടാൻ.എല്ലാ വിഭാഗങ്ങളിലും ഉള്ള ചില പടങ്ങൾ ഉൾക്കൊള്ളുന്ന  ആ വിഭാഗമാണ് ബ്ലൂ. അന്ന് ഇന്റർനെറ്റ് ഒന്നും  ഇല്ലാത്തതു കൊണ്ട്സെ മേളയിലെ സെൻസർ ചെയ്യാത്ത  പടങ്ങൾ ആണ് പ്രധാന അട്രാക്ഷൻ.  എന്തെങ്കിലും ഒക്കെ കാണും. കൂടുതൽ കാണുന്നവ ആണ് പ്രധാനം. ''ഡയറി ഓഫ് എ ഷിഞ്ജിക്കു ബർഗ്ലർ''എന്ന പടത്തിനു റിവോളി തിയേറ്ററിൽ ടിക്കറ്റില്ലാതെ എങ്ങിനെയോ അകത്തു കയറി പത്തു പതിനഞ്ചു മിനിറ്റ് കണ്ടപ്പോൾ അധികാരികൾ ഇറക്കി വിട്ടു എങ്കിലും അത്രയും ആയല്ലോ എന്ന് പറഞ്ഞു ആത്മ സംതൃപ്തി അടഞ്ഞ ഒരു സിനിമാ പ്രേമിയെ അറിയാം. അത്തരം ഒരു കാത്തു നിൽപ്പായിരുന്നു ചാണക്യ പുരിയിലെത്. 'ബോഡി' എന്ന യു.കെ. സിനിമയുടെ  ടിക്കറ്റിനു വേണ്ടി.....................

കാത്തു നിൽപ്പിനു വിരാമമായി. ചാണക്യ തിയേറ്ററിന്റെ ഗേറ്റുകൾ തുറന്നു. അകത്തോട്ടൊരു ഒരു പ്രവാഹം. ഒരു മിനിട്ടു കൊണ്ട് അനൗൺസ്‌മെന്റ് വന്നു. 'ടിക്കറ്റ് തീർന്നു' . ഒപ്പം  കൗണ്ടർ അടപ്പും. ഇതൊരു സാമ്പിൾ.

ആർ. കെ.പുരത്തുള്ള 'സംഗം സിനിമ'യിൽ ഒരാഴ്ച പാസ് സംഘടിപ്പിച്ചു. രാത്രി 9 മണി ഷോ. നല്ല കുറെ സിനിമകൾ. രാവിലെ 11 മണിക്ക് ഐഫക്സ് ഓഡിറ്റോറിയത്തിൽ ഉള്ള ''ചാർളി ചാപ്ലിൻ റെട്രോസ്പെക്ടീവ്‌''  ന് തിരക്കില്ലാത്തത് കൊണ്ട് പാസ് ഒരാഴ്ച. മേളയിലെ ചില നല്ല പടങ്ങൾ ഡൽഹി മലയാളി ഫിലിം സൊസൈറ്റി ക്കാര് പ്രദർശിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര രംഗായനിൽ. അങ്ങിനെ ദിവസം മൂന്നു പടം കാണാൻ അവസരം.

രാവിലെ ഓഫീസ്. 11 മണിക്ക് അതിനടുത്തുള്ള 'ഐഫക്‌സിൽ'ചാർളി ചാപ്ലിൻ ചിത്രം. തിരിച്ചു ഓഫീസ്. വൈകുന്നേരം 2കിലോമീറ്റർ അകലെ പാഡ്ഗഞ്ചിൽ ഉള്ള മഹാരാഷ്ട്ര രംഗായനിൽ സിനിമ കാണും. ഡിഫൻസ് മിനിസ്ട്രയിലെ ഉണ്ണി എന്ന  സുഹൃത്തിന്റെ പാസിൽ. അത് കഴിഞ്ഞു നേരെ ബസ് പിടിക്കും ആ സുഹൃത്തിനോടൊപ്പം 15 കിലോമീറ്റർ അകലെയുള്ള സംഗം സിനിമയിൽ എത്താൻ. സമയമില്ല . അത് കൊണ്ട് രാത്രി ഭക്ഷണം ബസ് കാത്തു നിൽക്കുമ്പോൾ വല്ല ചോലെ -ബട്ടൂരെ പോലെ എന്തെങ്കിലും വഴിക്ക് നിന്ന് കൊണ്ട്  കഴിച്ചാൽ ആയി. സംഗം തീയേറ്ററിലെ  സെക്കൻഡ് ഷോ യും കഴിഞ്ഞു 2 കിലോമീറ്റർ നടത്തം. മോത്തി ബാഗിൽ സുഹൃത്തിന്റെ താമസ സ്ഥലത്തെയ്ക്ക്. രാത്രി ഉറക്കം അവിടെ . അങ്ങിനെ ഒരാഴ്ച. കുറെ സിനിമകൾ. നല്ല സിനിമകൾ.

ചാർളി ചാപ്ലിന്റെ കുറെ നല്ല സിനിമകൾ. ഫാസ്ബിൻഡറിന്റെ   സിനിമകൾ, പോളണ്ട് സിനിമകൾ അങ്ങിനെപല സിനിമകൾ.

4 comments:

 1. ഞങ്ങളുടെ നാട്ടിലും ഒരു ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു. ഇരുപതു വര്‍ഷക്കാലം ഞാന്‍ അതിന്‍റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. അവാര്‍ഡു സിനിമകള്‍ കാണാന്‍ ഒരിടമായിരുന്നു അത്. ആ ഓര്‍മ്മകള്‍ മനസിലെയ്ക്കെത്തി. ആശംസകള്‍.

  ReplyDelete
  Replies
  1. കുറെ നല്ല സിനിമകൾ കണ്ടു അല്ലേ അന്നൂസ്. ഇപ്പോൾ അത്തരം സിനിമകളുടെ വരവും കുറഞ്ഞു. നമുക്ക് അതിലുള്ള താൽപ്പര്യവും കുറഞ്ഞു.

   Delete
 2. ദില്ലിയിലുണ്ടായിരുന്ന
  കാലത്തുള്ള ഈ സിനിമ
  ഉത്സവമേളയെ കുറിച്ചും , സിനാമ
  ദർശനങ്ങളെ കുറിച്ചുമുള്ള ഗതകാല
  സ്മരണകൾ അയവിറക്കുന്ന നല്ല കുറിപ്പുകൾ..

  സിനിമ കാണാൻ പോയിരുന്ന കഥകൾ ...

  ReplyDelete
  Replies
  1. മുരളീ നമ്മുടെ ആവസ്വാദന രീതി മാറിയതാണോ അതോ സിനിമ ഉണ്ടാക്കുന്നവർ അത് മാറ്റിയതാണോ? അതോ എല്ലാ രംഗങ്ങളിലും ഉണ്ടായ മാറ്റം സിനിമയേയും ബാധിച്ചതാണോ?

   ഇപ്പോൾ കേരള ഫിലിം ഫെസ്റ്റിവൽ ഉണ്ടായിരുന്നു. പോരാ. സിനിമകൾ ഇല്ലാത്തതാണോ അതോ എടുക്കാത്തതാണോ എന്നൊന്നും അറിഞ്ഞു കൂടാ.

   Delete