Friday, August 7, 2015

വാഹന പരിശോധന

പോലീസിന്റെ ഹെൽമറ്റ് വേട്ട കൊണ്ട് രണ്ടു ജീവനുകൾ കൂടി പൊലിഞ്ഞു. തൃശൂർ മണ്ണുത്തിയിൽ ആണ് പോലീസ് വാഹന പരിശോധനക്കിടയിൽ എതിരെ വന്ന ബസ്സിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു പേരിൽ ഭാര്യയും മകളും മരിച്ചത്. തലച്ചോർ ചിതറി മരിച്ചു കിടക്കുന്ന അമ്മ. അരികിൽ മകൾ.

ഡി.ജി.പി. എന്തൊക്കെ പറഞ്ഞാലും എത്ര സർക്കുലർ ഇറക്കിയാലും ഒരു മാറ്റവും വരാൻ പോകുന്നില്ല. പണ്ട് ജേക്കബ് പുന്നൂസ് എന്ന ഡി.ജി.പി. ഇറക്കിയ, വാഹന പരിശോധന ക്യാമറയിൽ പകർത്തണം എന്ന  സർക്കുലറിനെ പറ്റി ഒരു പോലീസ്കാരൻ  പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. " അയാള് അതൊക്കെ പറയും. ഞങ്ങൾക്ക് ഇങ്ങിനെ യൊക്കെയോ  പറ്റൂ".  സെൻ കുമാറും അന്ന് അത്  കേട്ടതാണല്ലോ.

 ഹെൽമറ്റ് വേട്ട എന്നത്  തന്നെയാണ്  ശരിയായ പ്രയോഗം. ആളും അനക്കവും ഇല്ലാത്ത ഏതെങ്കിലും മൂലയിൽ നിന്നിട്ട് വേട്ടക്കാരെ പ്പോലെ  ഇരകളുടെ, ഡ്രൈവർ മാരുടെ, മേൽ  ചാടി വീഴുകയാണ് പോലീസുകാർ. ഇരു ചക്ര വാഹനങ്ങൾ ആണെങ്കിൽ ഉടൻ താക്കോൽ ഊരി എടുക്കും. കള്ളനെയും കൊലപാതകിയെയും പിടിക്കുന്ന അതെ ആവേശത്തോടും അതെ ക്രൌര്യത്തോടും  തരം താണ ഭാഷാ പ്രയോഗത്തോടും ആണ് ഡ്രൈവർമാരെ ഇവർ കൈകാര്യം ചെയ്യുന്നത്. ഒരു വലിയ കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഡ്രൈവർ മാരെ പിടിക്കുന്നത്‌. കൊലക്കുറ്റ ആരോപിതനായ നിഷാമിനെ പോഷ് ഹോട്ടലിൽ കയറ്റി വീട്ടുകാരുമൊപ്പം ഭക്ഷണം കഴിക്കാൻ കൂട്ട് നിന്ന പോലീസ് ആണ് ഇതെന്ന് ഓർക്കണം.

ഇല്ല എന്നൊക്കെ പറഞ്ഞാലും മുകളിലുള്ളവർ ഇവർക്ക് ഒരു ക്വോട്ട ഫിക്സ് ചെയ്യും. കേസ് കിട്ടാതിരുന്നാൽ വിരട്ടുകയും ചെയ്യും.അതിനു വേണ്ടിയാണ് ഇങ്ങിനെ ഒളിഞ്ഞിരുന്നു ഇവർ വാഹനങ്ങളെ ആക്രമിക്കുന്നത്.കേസ് തികയ്ക്കെണ്ടേ. പിന്നെ ഇവരുടെ സ്വത സിദ്ധമായ അധികാരത്തിന്റെ ധാർഷ്ട്യം. ഇവരെ കണ്ടാൽ ജനങ്ങൾ പഞ്ച പുശ്ചം അടക്കി ബുക്കും പേപ്പറും കൊടുത്ത്  തൊഴുതു വണങ്ങണം എന്ന് ഇവർ കരുതുന്നു.

ഇവരെ കണ്ടാൽ ജനം രക്ഷപ്പെടാൻ നോക്കുന്നത് പേടി കൊണ്ടാണ്. എല്ലാം ശരിയാണെങ്കിലും നിയമ ലംഘനം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒരു പെറ്റി അടിക്കും. ഒരു സംഭവം  പറയാം. പണ്ട് തിരുവനന്തപുരം ശംഖും മുഖത്ത് ഇത് പോലൊരു സംഘം ഒരു മരത്തിനു കീഴിൽ ഒളിച്ചു നിൽക്കും. ഒരു മൊബൈൽ കോടതിയും ഉണ്ട്. വളരെ അടുത്തെത്തിയാൽ മാത്രമേ ഇവരെ കാണാൻ കഴിയുള്ളൂ. അത് കൊണ്ട് ധാരാളം കേസും കിട്ടും. ഒരിക്കൽ ഇങ്ങിനെ പോകുമ്പോൾ അതാ ഒരു പോലീസ് ചാടി വീഴുന്നു. എല്ലാ രേഖകളും കാണിച്ചു. എല്ലാം ശരി. അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. കേസ് വേണ്ടേ? പോലീസ് ഒന്ന് കൂടി ചുറ്റും നടന്നു നോക്കി. യൂറെക്കാ! കിട്ടിപ്പോയി! "ഫാൻസി നമ്പർ ബോർഡ് ആണല്ലേ?"  സന്തോഷത്തോടെയുള്ള ചോദ്യം.  നമ്പർ പ്ലേറ്റിൽ പൊന്തി  നിൽക്കുന്ന എഴുത്ത്. എംബൊസ് എന്ന് പറയാം. അത് നിയമ വിരുദ്ധമാണത്രെ. പറഞ്ഞു നോക്കി. രക്ഷയില്ല. നേരെ വണ്ടിക്കോടതിയിൽ.   മജിസ്ട്രേറ്റ് പറഞ്ഞു. "നമ്പർ പെയിന്റ് കൊണ്ടെഴുതണം എന്നാണു നിയമം. (  1914 ൽ ഉണ്ടാക്കി 1939 ൽ ഭേദഗതി വരുത്തി 1988 ൽ വീണ്ടും ഭേദഗതി ചെയ്ത നിയമം ആണ്  പറയുന്നത്.  അന്ന് " to be painted" എന്ന് എഴുതിയ നിയമം ആണ് ലംഘിച്ചിരിക്കുന്നത്)  2000 രൂപ അടിക്കെണ്ടതാണ്. ഏതായാലും ഇരുനൂറെ അടിക്കുന്നുള്ളൂ". സന്തോഷം. എഴുതി തന്നു. അതിനകത്ത് തന്നെ അടച്ചു. ഒരാഴ്ച കഴിഞ്ഞ് അതെ വഴിയിൽ ഇതേ കോടതിയുടെ മുന്നിൽ പെട്ടു. വീണ്ടും അതെ  പരിശോധന. എല്ലാം ഭദ്രം. അങ്ങിനെ വിടാൻ പറ്റില്ലല്ലോ. വീണ്ടും വണ്ടിയെ ഒന്ന് വലം വച്ചു പോലീസുകാരൻ. വീണ്ടും  യൂറെക്കാ. "ഫാൻസി ആണ്" S I   യോട് വിളിച്ചു പറഞ്ഞു. എഴുതാൻ തുടങ്ങിയപ്പോൾ പറഞ്ഞു "കഴിഞ്ഞയാഴ്ചയും ഇതിനു പെനാൽറ്റി അടച്ചതാണ്. പുതിയ നമ്പർ എഴുതാൻ കൊടുത്തിട്ടുണ്ട്" . "ഓ ഹോ. അകത്തു പറഞ്ഞാൽ മതി"   "ഇനി  perpetual offender  എന്ന് പറഞ്ഞ്  കൂടുതൽ ഫൈൻ അടിക്കാനാണോ?"  SI ഒന്നു നോക്കി. നേരെ അകത്തു കയറി. ഇത്തവണ 300 രൂപ എഴുതി തന്നു.  അതടച്ചു. അടുത്ത ആഴ്ച, മൂന്നാമത്തെ തവണ അവരുടെ അടുത്ത് എത്തുന്നതിനു മുൻപ് സംഭവം ഓർമ വന്നു. കാർ വരും എന്ന പ്രതീക്ഷയിൽ അവർ കാത്തു നിന്നു. കാർ പതുക്കെ വശത്ത് ഒതുക്കി ഇട്ട് ഒരു ഓട്ടോയിൽ കയറി പോയി. ജോലി കഴിഞ്ഞു തിരിച്ചു വന്നു കാറും എടുത്തു പോയി. 

നിയമ ലംഘനം തടയുക എന്നതല്ല പോലീസിന്റെ ലക്ഷ്യം. നിയമ ലംഘകരെ കേസിൽ   പെടുത്തുക എന്നതാണ്. അതാണ്‌ പ്രശ്നം. ഒളിച്ചു നിന്ന് പിടിക്കാതെ  പരസ്യമായി പരിശോധനയ്ക്ക് നിന്നാൽ എന്താണ് കുഴപ്പം? ഇവരെ കാണുമ്പോൾ ഹെൽമറ്റ് എടുത്തു തലയിൽ വയ്ക്കും. അല്ലെങ്കിൽ ഇവർ നിൽക്കുന്നതറിഞ്ഞു മറ്റേതെങ്കിലും വഴിയെ പോകും. പോകട്ടെ. അപ്പോഴും നിയമ ലംഘനം നടത്തുന്നു എന്നൊരു അറിവ് അയാൾക്ക്‌ ഉണ്ടാകുന്നുണ്ടല്ലോ. പതിയെ അതിൽ നിന്നും പിന്തിരിയും. അത് പോരേ? പിന്നെ ഒരൽപ്പം കാശ് വീഴുന്ന ഏർപ്പാട് കൂടിയാണ് ഇത്. വല്ല ലോറിയോ മറ്റോ വന്നാൽ വിരട്ടി പേടിപ്പിച്ച്   പത്തു കാശ് ഉണ്ടാക്കാം. അതിനിടയിൽ സ്പിരിറ്റ്‌ ലോറികളും മറ്റും അറിഞ്ഞും അറിയാതെയും കടന്നു പോവുകയും ചെയ്യും. സ്ഥിരം പരിശോധന സ്ഥലങ്ങൾ ഏർപ്പെടുത്തുക.  ഇടയ്ക്കിടെ എല്ലാ റോഡുകളിലും surprise ചെക്കും നടത്തുക.

5 comments:

 1. ഈ ജന്മം നന്നാവാത്ത ഒരേയൊരു ഡിപ്പാര്‍ട്ട്മെന്‍റേയുള്ളു അത് പോലീസ്സാണ്..... കാക്കി ദേഹത്ത് കേറിയാ മനുഷ്യത്വം നഷ്ടപ്പെടുന്ന വര്‍ഗ്ഗം

  ReplyDelete
  Replies
  1. നന്നാവാൻ രാഷ്ട്രീയക്കാരും മേലുദ്യോഗസ്ഥരും സമ്മതിക്കില്ല എന്നതാണ് പ്രശ്നം.

   Delete
 2. ഹെല്‍മറ്റ് കോടതിവിധിയിലൂടെ നിര്‍ബന്ധമാക്കിയ കാലത്ത് പലതവണ ഒഴിഞ്ഞുമാറി. പെറ്റിയും കിട്ടി.
  പിന്നെ മനസ്സിലായി .പല വഴിക്കും മരണം വരാം!!!
  മുടി കൊഴിഞ്ഞാലും വേണ്ടില്ല അസുഖം വന്നാലും
  വേണ്ടില്ല വയ്ക്കാമെന്നു തീരുമാനിച്ചു.
  അല്ലാതെന്തു ചെയ്യും ?!!!

  ReplyDelete
 3. തല കഴുത്തിൽ ഇരിക്കട്ടെ അല്ലേ സജീവ്‌

  ReplyDelete
 4. ഇല്ല എന്നൊക്കെ പറഞ്ഞാലും മുകളിലുള്ളവർ ഇവർക്ക് ഒരു ക്വോട്ട ഫിക്സ് ചെയ്യും. കേസ് കിട്ടാതിരുന്നാൽ വിരട്ടുകയും ചെയ്യും.അതിനു വേണ്ടിയാണ് ഇങ്ങിനെ ഒളിഞ്ഞിരുന്നു ഇവർ വാഹനങ്ങളെ ആക്രമിക്കുന്നത്.കേസ് തികയ്ക്കെണ്ടേ. പിന്നെ ഇവരുടെ സ്വത സിദ്ധമായ അധികാരത്തിന്റെ ധാർഷ്ട്യം. ഇവരെ കണ്ടാൽ ജനങ്ങൾ പഞ്ച പുശ്ചം അടക്കി ബുക്കും പേപ്പറും കൊടുത്ത് തൊഴുതു വണങ്ങണം എന്ന് ഇവർ കരുതുന്നു.

  ReplyDelete