Tuesday, August 11, 2015

ശുചി മുറി

സ്ത്രീ ശാക്തീകരണത്തിൻറെ ആവശ്യകതയെ  ക്കുറിച്ച് നിരന്തരം പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്ന  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും  സ്ത്രീകളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ഒരു സമീപനമാണ് കൈക്കൊള്ളുന്നത് എന്നത് ഖേദകരമാണ്. അടുക്കളയിൽ നിന്നും പുറത്തിറങ്ങി മുഖ്യ ധാരയിൽ ആയിക്കഴിഞ്ഞു ഇന്നത്തെ സ്ത്രീ സമൂഹം. അവർ ധാരാളം യാത്ര ചെയ്യുന്നു. ഈ യാത്രകളിൽ അവർക്ക് അത്യാവശ്യം വേണ്ട വിശ്രമ കേന്ദ്രങ്ങളോ എന്തിനു മിനിമം ആവശ്യമായ  ശുചി മുറികൾ ഒരുക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. റോഡ്‌ മാർഗം സഞ്ചരിക്കുന്നവർ  ആണ് ഏറെ കഷ്ട്ടപ്പെടുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകളിലെ വൃത്തി ഹീനമായ ശുചി മുറികളുടെ കാര്യം ഓർക്കുമ്പോൾ തന്നെ ഓക്കാനം വരും. സ്വകാര്യ വാഹനങ്ങളിൽ   സഞ്ചരിക്കുന്നവരുടെ ഗതി അതിലും കഷ്ട്ടം. ഒന്ന് മൂത്രമൊഴിക്കാൻ പോലും വഴി ഇല്ല.പുരുഷന്മാർ എന്തും വരട്ടെ എന്ന് വിചാരിച്ച് കണ്ണടച്ച് വഴിവക്കിൽ കാര്യം സാധിക്കുമ്പോൾ സ്ത്രീകൾ വിധിയെ ശപിച്ച് ദ്വേഷ്യവും  മൂത്രവും അടക്കിപ്പിടിക്കാൻ നിർബന്ധിതരായി    രക്ത സമ്മർദവും മൂത്രാശയ രോഗങ്ങളും സ്വീകരിക്കുന്നു.  ഏതെങ്കിലും ഹോട്ടലുകളിലെ  ദുർഗന്ധ പൂർണമായ  ടോയിലറ്റുകൾ തന്നെ ശരണം.  പോകാതിരുന്നാലും രോഗംവരും  പോയാലും രോഗം വരും. അതാണ്‌ സ്ഥിതി.   മേനം കുളത്ത്, ദേശീയ ഗെയിംസിനു വേണ്ടി ഉണ്ടാക്കിയ വീടുകൾ പൊളിച്ചു മാറ്റുന്നു എന്ന് കേട്ടു.   വീണ്ടും ഉപയോഗിക്കാവുന്നതാണ് ഈ വീടുകൾ. വഴിയോര വിശ്രമ കേന്ദ്രങ്ങൾ ആയി എന്ത് കൊണ്ട് ഇവയെ ഉപയോഗിച്ചു കൂടാ? 700  ചതുരശ്ര അടി വിസ്തീർണം ഉള്ളതാണ് ഓരോ വീടും. ഒരു ചെറിയ റെസ്റ്റാറന്റും കൂടി  ഈ വിശ്രമ കേന്ദ്രത്തിൽ  ഉൾപ്പെടുത്താവുന്നതാണ്.  ദേശീയ പാതയിലും സ്റേറ്റ് ഹൈ വേ യിലും ഓരോ 50 കിലോമീറ്ററിലും വിശ്രമ കേന്ദ്രങ്ങൾ ആയി ഇവ ഉപയോഗിക്കാം. ഉദ്ദേശം 30 വീടുകൾ കൊണ്ട് കേരളത്തിലെ  പ്രധാനപ്പെട്ട റോഡുകളുടെ വശത്ത് ഇത്തരത്തിൽ  വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാവുന്നതാണ്.    

കേരളത്തിലെ ഹൈവേ കളിൽ യാത്രക്കാർക്ക് അൽപ്പ നേരത്തേയ്ക്കുള്ള വിശ്രമത്തിനോ,ഒരു രാത്രി കഴിച്ചു കൂട്ടാനോ സൌകര്യങ്ങൾ ഒന്നും തന്നെ ഇല്ല. സാധാരണക്കാരന്റെ കഴിവിനും അപ്പുറം വലിയരീതിയിൽ പണം ചാർജ് ചെയ്യുന്ന  വലിയ ഹോട്ടലുകൾ മാത്രമാണ് അതിന് ഏക ആശ്രയം. അതും എല്ലാം സ്വകാര്യ സംരംഭങ്ങളും. സർക്കാരിനോ, ടൂറിസത്തിനോ ഈ രംഗത്ത്  ഹോട്ടലുകൾ തുടങ്ങാൻ സാമ്പത്തിക പരാധീനതകൾ തടസ്സമായി നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്  വീണു കിട്ടിയ ഒരു ഭാഗ്യമാണ് ഈ കോട്ടേജുകൾ.  ഹൈവേ കളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ യാത്രക്കാരുടെ   താമസത്തിന്, മോട്ടൽ ആയോ, സത്രം ആയോ,  ആഹാരം സ്വയം വച്ച് കഴിക്കാൻ  സൌകര്യമുള്ള വീടുകളായോ ഒക്കെ ഈ കോട്ടേജുകൾ സ്ഥാപിയ്ക്കാം. അതിനോടൊപ്പം റെസ്റ്റാറന്റ്  ആയും ഇവ    ഉപയോഗിയ്ക്കാവുന്നതാണ്. ഇത്തരം സൌകര്യങ്ങൾ സ്ഥാപിയ്ക്കുന്നതിന് കെ.ടി.ഡി.സി. താൽപ്പര്യം എടുക്കണം. ഇത് സ്ഥാപിയ്ക്കാൻ വളരെ കുറച്ചു സ്ഥലം മതി എന്നുള്ളതാണ് പ്രധാന ഗുണം.  തിരുവനന്തപുരം മുതൽ കാസർകോട്-പാലക്കാട് വരെ  ദേശീയ ഹൈ വെയിലും സ്റേറ്റ്  ഹൈ വെയിലും കെ.ടി.ഡി.സി ക്ക് ഇവ ഉപയോഗിച്ച് സ്വന്തമായി ഹോട്ടൽ/ മോട്ടൽ/ ഇൻ തുടങ്ങാം.  ഈ സുവർണാവസരം  പാഴാക്കി കളയാതെ ടൂറിസം വികസനവും സഞ്ചാരികളുടെ സൌകര്യവും ലക്ഷ്യമാക്കി കെ.ടി.ഡി.സി. ഇത് പ്രാവർത്തികം ആക്കണം.
18 comments:

 1. വളരെ എടുത്തുപറയേണ്ട എന്നാല്‍ അധികം ചര്‍ച്ചകള്‍ നടക്കാത്ത ഒരു വിഷയമാണിത്. മുണ്ടക്കയത്തെ പഴയ മൂത്രപ്പുരയാണ് ഇപ്പോള്‍ മനസ്സിലേക്കോടി എത്തിയത്. ഈ വിഷയത്തില്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതിയാവും സ്ത്രീകള്‍ പോലും പ്രതികരിക്കാത്തത്.

  ReplyDelete
 2. "പുരുഷന്മാർ എന്തും വരട്ടെ എന്ന് വിചാരിച്ച് കണ്ണടച്ച് വഴിവക്കിൽ കാര്യം സാധിക്കുമ്പോൾ സ്ത്രീകൾ വിധിയെ ശപിച്ച് ദ്വേഷ്യവും മൂത്രവും അടക്കിപ്പിടിക്കാൻ നിർബന്ധിതരായി രക്തസമ്മർദവും മൂത്രാശയ രോഗങ്ങളും സ്വീകരിക്കുന്നു."

  എന്നു വച്ച് സ്ത്രീകൾക്ക് വേണ്ടി വഴിനീളേ ശൗചാലയങ്ങൾ പണിയണമെന്നാണോ? അത് ഗുണത്തേക്കാൾ അധികം ദോഷമേ ചെയ്യൂ.

  സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ എന്തും വരട്ടെ എന്ന് വിചാരിച്ച് കണ്ണടച്ച് വഴിവക്കിൽ കാര്യം സാധിച്ചുകൂടേ? അപ്പോൾ അവിടെയുള്ളവരല്ലേ അതു കാണൂ?

  ശൗചാലയത്തിലാണെങ്കിൽ ഇന്റർനെറ്റ് ഘടിപ്പിച്ച കാമറ വഴി ലോകർ മുഴുവൻ അതു കാണും. അതു വേണോ? അതാണോ ഉദ്ദേശിച്ചത്? ഇതു കേരളമാണു സർ.....

  സ്ത്രീകൾക്ക് വേണ്ടി നല്ലതു മാത്രമല്ലേ ഈ സർക്കാറിനു ചെയ്യാനാവൂ? അതിനല്ലേ മന്ത്രിമുഖ്യൻ ഇടക്കിടെ ജനസമ്പർക്കം നടത്തുന്നത്!

  ReplyDelete
  Replies
  1. ആള്‍രൂപന്‍.... ടോയ്ലറ്റില്‍ ക്യാമറ വയ്ക്കുന്നവന്‍റെ കൂമ്പിടിച്ച് കലക്കി ചോര തുപ്പിക്കുന്നതിന് പകരം.... വഴിവക്കില്‍ സ്ത്രീകളോട് കണ്ണടച്ചിരുന്നു കാര്യം സാധിക്കാന്‍ പറയുന്ന നിങ്ങളുടെ ചിന്തദിശ മനസ്സിലാവുന്നില്ല..... നമുക്കു കാണുകയും ചെയ്യാം ..... അവര്‍ കണ്ണടച്ചിരിക്കുന്നതു കൊണ്ട് അവരത് കാണുകയും ഇല്ല എന്നുള്ളതാണോ......
   മലയാളിയുടെ മാനമില്ലാത്ത പെരുമാറ്റത്തിന്‍റെ കാരണം തിരക്കി ദൂരെയെവിടെയും പോകേണ്ടതില്ല ...
   സ്വന്തം മനസ്സിലേക്ക് നോക്കിയാല്‍ മതി.....
   ഞങ്ങളേക്കാള്‍ ജീവിതാനുഭവം കൈമുതലായുള്ള താങ്കള്‍ക്ക് ..... ഈ പോസ്റ്റിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ ...... ദിശബോധമില്ലാത്ത പ്രശ്നങ്ങളിൽ വ്യതിചലിച്ചുള്ള നിര്‍ദ്ദേശമാണ് നല്‍കുന്നത്.....

   Delete
  2. വിനോദേ, 'ഉപായത്തിൽ അപായം' എന്ന പഴയ കഥ കേട്ടിട്ടില്ലേ? മൂത്രപ്പുരകെട്ടുമ്പോൾ, അവിടെ കാമറ വച്ച്, മനസ്സമാധാനത്തോടെ കാര്യം സാധിക്കാൻ അവരെ അനുവദിക്കാത്തതാണ് നമ്മുടെ (ചിലരുടേയെങ്കിലും) സംസ്കാരമെന്ന് ഭംഗ്യന്തരേണ കാണിക്കാനാണ് ഞാനങ്ങനെ എഴുതിയത്. ക്ഷമിച്ചേക്കു. ഞാനെഴുതിയത് അസംബന്ധമാണെങ്കിൽ അത് ബിപിൻജി ഡിലീറ്റ് ചെയ്തു കൊള്ളും. മണലിലെഴുതുന്നതു പോലെയല്ലേയുള്ളൂ ഈ കമന്റുകൾ?

   Delete
  3. ഒരു മുട്ടന്‍ അടി നടന്ന ലക്ഷണമാണല്ലൊ//////////////   Delete
  4. പ്രിയ ആള്‍രൂപന്‍ ........
   കമന്‍റ് മണലിലെഴുതുന്നതു പോലെ ..... എന്ന കാര്യത്തില്‍ ഞാൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു ..... കാരണം ...... എനിക്കും എനിക്കറിയാവുന്ന ചിലര്‍ക്കും ..... കമന്‍റുകള്‍ ഒരു സൃഷ്ടി വായിച്ചു കഴിയുന്ന ഒരു വ്യക്തിക്ക് മനസ്സില്‍ തോന്നുന്ന വികാരമെന്താണോ അതെഴുതി വയ്ക്കുന്നതാണ്..... (ഓളങ്ങളുണ്ടാക്കുന്നത് ..... ഈ വകഭേദത്തില്‍ പെടില്ല......)അതുകൊണ്ട് തന്നെ ഒരു സൃഷ്ടി നടത്തുന്നവന് അത് പ്രോത്സാഹജനകവും.... സന്തോഷദായകവും....... മനസ്സില്‍ യാതോരു യാത്ഥാര്‍ത്യമില്ലാതെ കമന്‍റിടുന്ന ഒരാള്‍ക്ക് മാത്രമേ അതു മണലിലെഴുന്നതാണെന്നു തോന്നുകയുള്ളു.....
   പിന്നെ കമന്‍റ് മായ്ക്കുക .....സ്വന്തം കമന്‍റ് മായ്ക്കുക സ്വയം മായ്ക്കുക എന്നത് വിട്ട് ഒരാളും മറ്റുള്ളവരുടെ കമന്‍റ് മായ്ക്കില്ല .... അതെത്ര വിമര്‍ശനാത്മകമായിരുന്നാലും..... അവിടെ നിന്നായിരിക്കും പിന്നെ നല്ല സൃഷ്ടികളുണ്ടാവുക..... വിമര്‍ശനങ്ങളെ ഭയന്നാല്‍ പിന്നെ തീര്‍ന്നില്ലേ പണി.....
   ഹിഡന്‍ ക്യാമറ ടോയ്ലറ്റില്‍ വച്ച് .... സില്‍മ പിടിക്കുന്നവന്‍റെ സില്‍ബിത്രി നോക്കി നാലു ചാര്‍ത്തുന്നതിന്‍റെ ദൃശ്യം പത്തെണ്ണം പിന്നൊരുത്തനും സില്‍മാ പിടിക്കില്ല......

   Delete
 3. ബിപിൻ സാര്‍..... ആശംസകൾ ക്രിയാത്മകമായ നിര്‍ദ്ദേശം......

  ReplyDelete
 4. വളരെ നല്ല ചിന്തകള്‍......................

  ReplyDelete
 5. മാനം മര്യാദയുള്ള ഒരു സമൂഹം സ്ത്രീകള്‍ക്കുവേണ്ടി
  ത്തന്നെയാണ് ആദ്യം ടോയ്ലെറ്റുകള്‍ പണിയേണ്ടത്.
  വിനോദ് പറയുന്നതുപോലെ അവിടെ കാമറകൊണ്ടു
  വയ്ക്കുന്നവന്‍റെ അടാംബുഷിനെ അടിച്ചുപൊട്ടിക്കുന്ന
  കാര്യം ജനം ഏറ്റെടുത്തോളും.
  പുരുഷന് എവിടെ നിന്നും കാര്യം സാധിക്കാം...
  ബിപിന്‍ സര്‍ വളരെ ശ്രദ്ധേയമായ ചിന്തകള്‍...
  നന്ദി!!!

  ReplyDelete
 6. മൂന്നാലു ദിവസം ഇവിടില്ലാരുന്നു. അപ്പോഴേയ്ക്കും ഇവിടെ ഒരു കൊച്ച് അടി നടന്നു അല്ലേ.
  സ്ത്രീകളെ മനസമാധാനമായിട്ടു മൂത്രമൊഴിക്കാൻ പോലും ക്യാമറ സ്ഥാപിക്കുന്ന കശ്മലന്മാർ സമ്മതിക്കില്ല എന്ന് രോഷത്തോടെ പ്രതികരിച്ചതാണ് ആൾരൂപൻ. അത് അദ്ദേഹം തന്നെ പിന്നീട് പറഞ്ഞു. ഒരു നല്ല കാര്യം പറഞ്ഞപ്പോൾ അതിൽ ഇടങ്കോലിട്ട്, പരസ്യമായി മൂത്രമൊഴിക്കാൻ പറഞ്ഞപ്പോൾ വിനോദ് പെട്ടെന്ന് വികാര ഭരിതനായി. ശരിയാണ്. പ്രശ്നം അവസാനിച്ചല്ലോ.
  ഇപ്പോൾ കാറിൽ സഞ്ചരിക്കുമ്പോൾ ഏതെങ്കിലും ഹോട്ടൽ കണ്ടു പിടിച്ചാണ് പെണ്ണുങ്ങൾ കാര്യം സാധിക്കുന്നത്. എന്തൊരു കഷ്ട്ടം! പുതിയ ചെറിയ മൂത്രപ്പുരകൾ, ഒരു ATM കൌണ്ടർ വലിപ്പത്തിൽ, ഉണ്ട്. അതെങ്കിലും വഴി വക്കിൽ സ്ഥാപിച്ചു കൂടേ ഈ ഭരണാധികാരികൾക്ക്?
  ഏതായാലും മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ, KTDC യുടെ ഫെസ് ബുക്കിൽ ഇട്ടിട്ടുണ്ട്. KTDC യ്ക്ക് ഇ-മെയിൽ അയച്ചു. ടൂറിസം മന്ത്രി അനിൽ കുമാറിന് ഇ-മെയിൽ അയച്ചിട്ടുണ്ട്. ഒന്നും നടക്കാൻ പോകുന്നില്ല ഈ കേരളത്തിൽ. ഏതായാലും പ്രതികരിച്ച സുഹ്രുത്തുക്കൾ ആൾരൂപൻ, വിനോദ് ,സുധി,സജീവ്‌ എല്ലാവർക്കും നന്ദി.

  ReplyDelete
 7. രാത്രി സ്ത്രീകള്‍ യാത്ര ചെയ്യുന്നതു പാപമായ നാട്ടില്‍ സ്ത്രീകള്‍ക്ക് താമസ്സിക്കാന്‍ സ്ഥലം എന്തിനു..എന്നാ‍ണ് വിചാരം..പിന്നെ മാനം മര്യാദയായിട്ടുള്ള ഒരു നാട്ടില്‍ ആണിനും പെണ്ണിനും ടോയ്‌ലറ്റ് പണിയണം എന്നാണ് എന്റെ പക്ഷം, ആണുങ്ങള്‍ എവിടെം കാര്യം സാധിക്കുന്നതു നല്ല കാര്യമണെന്നു ഞാന്‍ കരുതുന്നില്ല, ഇതൊരു പൊതു പ്രശ്നമാണ്, ആണ്‍ പെണ്‍ വ്യത്യാസം വേണ്ടതില്ല

  ReplyDelete
  Replies
  1. അതാണ് വേണ്ടത് ഗൌരി നാഥൻ. ആണുങ്ങൾ വഴിയരുകിൽ കാര്യം കണ്ടു രക്ഷ പെടുന്നു എന്ന് മാത്രം.

   Delete
 8. വളരെ നല്ല നിര്‍ദ്ദേശങ്ങള്‍...!!!

  ReplyDelete
  Replies
  1. നടപ്പാക്കില്ല ഈ കള്ളന്മാർ എന്നതാണ് പ്രശ്നം.കല്ലോലിനി

   Delete
 9. ഇവിടെയൊക്കെ എല്ലാ ഹൈവേകളിലും എല്ല്ലാ സൌകര്യങ്ങളുമടങ്ങിയ ‘സെർവ്വീസ് സ്റ്റേയഷനുകളിൽ ‘ വാഹനങ്ങൾക്കും യാത്രക്കാർക്കും വേണ്ട എല്ലാ ഏർപ്പാടുകളുമായി സംവിധാണങ്ങൾ പ്രൈവറ്റായി തന്നെ നടത്തപ്പെടുന്നത് കൊണ്ട് യാതൊരു സഞ്ചാരത്തിനും ഒരു കോട്ടവുമില്ല...!

  ReplyDelete
  Replies
  1. ഇവിടെ ചെറിയ ഹോട്ടലുകൾ തന്നെ ശരണം. അതാകട്ടെ വൃത്തി ഹീനവും. മുരളീ

   Delete
 10. ഈ വൃത്തിയും വെടിപ്പും കൊണ്ടൊന്നും നാട് നന്നാകില്ല
  ie കുളിയിലും ജപത്തിലുമൊന്നും വലിയ കാര്യമില്ല
  മനുഷ്യന്‍റെ മനസ്സാണ് നന്നാകേണ്ടത്.....

  ReplyDelete
 11. നല്ല നിര്‍ദ്ദേശങ്ങള്‍......
  അധികാരികളുടെ ശ്രദ്ധ ഇതിലേക്കൊന്ന് പതിഞ്ഞിരുന്നുവെങ്കില്‍.........
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete